ബാല്യകാലസാഹചര്യങ്ങള്‍

ശ്രീ പി.കെ.പരമേശ്വരന്‍നായരുടെ ‘പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികള്‍ ‘ എന്ന ജീവചരിത്ര സംഗ്രഹത്തില്‍ നിന്ന്

ഉള്ളൂര്‍ക്കോട് വീടിന് അടുത്താണ് കൊല്ലൂര്‍ മഠം അവിടം പഴയകാലംമുതല്‍ക്കേ ഒരു വിദ്യാസങ്കേതമാണ്. പരദേശ ബ്രാഹ്മണനായ ഒരു ശാസ്ത്രികള്‍ അവിടെ ചില കുട്ടികളെ സംസ്കൃതം പഠിപ്പിക്കുന്നുണ്ടായിരുന്നു. കുഞ്ഞന്‍ ആ മഠത്തിലെ അന്തര്‍ജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്നതിനാല്‍ പകല്‍ മിക്കസമയവും അവിടെത്തന്നെ കഴിഞ്ഞുവന്നു. അതിനിടയ്ക്ക് പ്രഭാതത്തില്‍ ശാസ്ത്രികളുടെ സംസ്കൃതാധ്യാപനത്തിന്‍റെ തരംഗങ്ങള്‍ ബാലനെ ആകര്‍ഷിച്ചു. ശാസ്ത്രികള്‍ മറ്റുകുട്ടികളെ പഠിപ്പിക്കുന്ന ഭാഷയിലും വിഷയങ്ങളിലും  ബാലന് എന്തോ പൂര്‍വ്വ ജന്മവാസനകൊണ്ടെന്നപോലെ അതിയായ താത്പര്യം തോന്നി. അവന്‍ ദൂരെ മാറിയിരുന്ന് അതൊക്കെകേട്ടു വന്നു. ക്രമേണ നേരിട്ടു പഠിച്ചിരുന്ന കുട്ടികളോടൊപ്പമോ അതില്‍കൂടുതലോ കുഞ്ഞന്‍ മനസ്സിലാക്കി. ഏകദേശം ഒരു സംവത്സരം ഇങ്ങനെ കഴി‍ഞ്ഞതിനുശേഷം മാത്രമേ ശാസ്ത്രികള്‍ തനിക്ക് ഇപ്രകാരമൊരു പരമശിഷ്യന്‍ ഉണ്ടെന്നു മനസ്സിലാക്കിയുള്ളൂ.  ബാലനെ പരീക്ഷിച്ചപ്പോള്‍ താന്‍ മുഖദാവില്‍ പഠിപ്പിച്ചിരുന്ന ശിഷ്യന്മാരില്‍ തെളിഞ്ഞതിനേക്കാള്‍ കൂടുതല്‍വിദ്യ ഈ അജ്‍ഞാത ശിഷ്യനില്‍ പ്രകാശിച്ചതായിക്കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു. പിന്നെ അദ്ദേഹം സസന്തോഷം ആ ബാലനെക്കൂടി തന്‍റെ ശിഷ്യഗണത്തില്‍ ഉള്‍പ്പെടുത്തി. സംസ്കൃതഭാഷയിലെ മിക്ക കാവ്യങ്ങളും കുഞ്ഞന്‍ അല്പകാലത്തിനുള്ളില്‍ അനായാസേന പഠിച്ചു. പില്‍ക്കാലത്തു കുഞ്ഞന്‍പിള്ള ചട്ടമ്പിസ്വാമികളില്‍ മിക്കവാറും പരാപേക്ഷകൂടാതെ തന്നെ ഉദിച്ചുയര്‍ന്നു പ്രകാശിച്ച വിവിധ കലാവല്ലഭത്വത്തിന്‍റേയും വിദ്യാധിനായകത്വത്തിന്‍റേയും  അടിസ്ഥാനം അന്വേഷിക്കുന്നവര്‍ അദ്ദേഹത്തിന്‍റെ ബാല്യകാലം  മുതല്‍ക്കേ തെളിഞ്ഞുകണ്ട ഈ വാസനാവൈഭവത്തെ മനസ്സിലാക്കേണ്ടതാണ്. പാര്‍വ്വതിയുടെ വിദ്യാഭ്യാസകാലത്തെപ്പറ്റി പറയുമ്പോള്‍

“സ്ഥിരോപദേശാമുപദേശകാലേ
പ്രപേദിരേ പ്രാക്തനജന്മവിദ്യാഃ”

എന്നു കാളിദാസന്‍ പറഞ്ഞിട്ടുള്ളതു ചട്ടമ്പിസ്വാമികളെ സംബന്ധിച്ചും പരമാര്‍ത്ഥമാണ്. ബാല്യത്തില്‍ അദ്ദേഹം പഠി ക്കുകയല്ല ചെയ്തത്. ജനനാല്‍ത്തന്നെ സിദ്ധമായ വാസനകളെ സാഹചര്യങ്ങള്‍കൊണ്ടു ഉത്തേജിപ്പിക്കുകയായിരുന്നു എന്നാണ്, ഏതോ ഒരുകാര്യം നിമിഷത്തിനുള്ളില്‍  ഹൃദിസ്ഥമാക്കിയതില്‍ അത്ഭുതപരതന്ത്രനായി നിന്ന ശിഷ്യനോട് സ്വാമികള്‍ പറഞ്ഞത്.

സംസ്കൃതപഠനം കൊണ്ടുമാത്രം കുഞ്ഞന്‍ തൃപ്തിപ്പെട്ടില്ല. അടുത്തുതന്നെയുള്ള പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ ഒരു പള്ളിക്കൂടം നടത്തിവന്നു. അവിടെ യുവാക്കന്മാര്‍ക്കു ആവശ്യമുള്ള കണക്ക്, തമിഴ്, സംഗീതം എന്നിങ്ങനെ പലതും അന്നത്തെ രീതിക്ക് അഭ്യസിപ്പിച്ചിരുന്നു. പഠനശാലയിലെ പഠിത്തവും കുഞ്ഞന്‍ അനായാസം നിര്‍വ്വഹിച്ചു. തന്‍റെ പ്രായത്തില്‍‍കവിഞ്ഞ വിദ്യാര്‍ത്ഥികളേയും ഉല്ലംഘിക്കുമാറുള്ള പാടവം ഓരോ വിഷയത്തിലും അയാള്‍ പ്രദര്‍ശിപ്പിച്ചു. ശിഷ്യന്‍ ഗുരുവിന്‍റെ എന്നപോലെ പൊതുവേ തന്നെ എല്ലാവരുടേയും ശ്രദ്ധയില്‍പ്പെട്ടു. രാമന്‍പിള്ള ആശാന്‍ കുഞ്ഞന്‍പിള്ളയെ തന്‍റെ പാഠശാലയിലെ ചട്ടമ്പി (മോണിറ്റര്‍) ആക്കി. അന്നുമുതല്ക്കാണ് കുഞ്ഞന്‍, കുഞ്ഞന്‍പിള്ള ചട്ടമ്പി ആയത്. സംന്യാസത്തില്‍ ഉയര്‍ന്ന പദവുയില്‍ എത്തിയിട്ടും ഈ പേര് നിലനിന്നു.

ബാല്യം മുതല്‍ക്കേ കുഞ്ഞന്‍പിള്ള ഉത്സാഹശീലനും സരസസംഭാഷകനും ആയിരുന്നു. സംഗീതത്തില്‍ അന്നേ അസാധാരണ വാസന ഉണ്ടായിരുന്നു. ശ്ലോകങ്ങളും കിളിപ്പാട്ടുകളും കുഞ്ഞന്‍റെ മധുര കണ്ഠത്തില്‍നിന്നും ആസ്വദിക്കാന്‍ ആ പാഠശാലയിലെ അന്തേവാസികള്‍ മാത്രമല്ല പരിസരവാസികള്‍പോലും ആകാംഷപൂണ്ടിരുന്നുവത്രേ. എങ്കിലും ആ വക സാരസ്യങ്ങളുടെ അകമേ എന്തോ ഒരു ഘനഭാവം – ചിന്താപരത- അയാളെ മറ്റുള്ളവരില്‍ നിന്നു കുറേയൊക്കെ അകറ്റി വന്നിരുന്നു. കുളിയിലും ദേഹശുദ്ധിയിലുമുള്ള നിഷ്ഠ, ക്ഷേത്രസന്നിധിയിലെ പ്രാര്‍ത്ഥന, കൂടെക്കൂടെയുള്ള ധ്യാനം, മത്സ്യമാസങ്ങള്‍ കഴിക്കാതിരിക്കുക എന്നിവ കുഞ്ഞന്‍പിള്ളയുടെ പ്രത്യേകതകളായിരുന്നു. കൊല്ലൂര്‍ ക്ഷേത്രത്തിന്‍റേയും മഠത്തിന്‍റേയും പരിസരങ്ങള്‍ ആ വക പ്രവണതകളെ പോഷിപ്പിക്കാന്‍ പര്യാപ്തവുമായിരുന്നു.

അങ്ങനെയിരിക്കേ ഒരുദിവസം ആ ക്ഷേത്രസന്നിധിയില്‍ ഒരു സംന്യാസിയുടെ ആഗമനം ഉണ്ടായത് കുഞ്ഞന്‍പിള്ളയുടെ ശ്രദ്ധയെ ഝടിതി ആകര്‍ഷിച്ചു. സമാതിസ്ഥനായിരുന്ന സംന്യാസി ഒരവസരത്തില്‍ കണ്ണുതുറന്നപ്പോള്‍ തന്നില്‍ ദത്തശ്രദ്ധനായിനിന്ന കുഞ്ഞന്‍പിള്ളയെയാണ്  കണ്ടത്. അന്നുമുതല്‍ ഏതാനും ദിവസങ്ങള്‍ അവര്‍ ഒന്നിച്ചു കഴിഞ്ഞു. സന്യാസി പിരിയുമ്പോള്‍ കുഞ്ഞന്‍പിള്ളയ്ക്ക് ഒരുപദേശം നല്കി. “ഇതുകൊണ്ട് നിനക്കു എല്ലാ സിദ്ധികളും ഉണ്ടാകും” എന്നു അനുഗ്രഹിക്കുകയും ചെയ്തു. ഈ ഉപദേശമാണു  സ്വാമിയെ വലിയ സുബ്രമഹ്ണ്യ ഭക്തനും സകലകലാ വല്ലഭനുമാക്കിതീര്‍ത്ത സുബ്രമഹ്ണ്യമന്ത്രം. അതിന്‍റെ ശക്തിയാണു തനിക്ക്  വല്ല സിദ്ധികളുമുണ്ടെങ്കില്‍ അതിനൊക്കെ നിദാനമെന്ന് സ്വാമികള്‍ പിന്നീട് പലരോടും പ്രസ്താവിച്ചിട്ടുണ്ട്. പക്ഷേ ഭക്തിയും ചിന്തയും കൊണ്ടുമാത്രം കുഞ്ഞന്‍പിള്ള തൃപ്തിപ്പെട്ടില്ല. അതിനിടയ്ക്കു സംഗീതം, ചിത്രമെഴുത്ത്, കായികാഭ്യാസം മുതലായവയിലും, താത്പര്യം പ്രദര്‍ശിപ്പിച്ചു. ഏതുകാര്യവും ശ്രദ്ധവച്ചാല്‍ ഉടനെ പഠിക്കാനുള്ള ഒരു പ്രത്യേക പാഠവം കുഞ്ഞന്‍പിള്ളയ്ക്കുണ്ടായിരുന്നു.