വിശാഖം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂര്‍ രാജ്യം ഭരിക്കുന്നകാലം. വടക്കേ ഇന്ത്യയില്‍ നിന്നും ചില ഗുസ്തിക്കാര്‍ പല സ്ഥലങ്ങളും സഞ്ചരിച്ച് തിരുവിതാംകൂറില്‍ വന്നെത്തി. പഞ്ചാബികളായ അവര്‍ നാട്ടുനടപ്പനുസരിച്ച് മഹാരാജാവിനെ മുഖം കാണിച്ചു. നാട്ടുരാജാക്കന്മാര്‍ പ്രായേണ അവരുടെ രാജധാനിയുടെ പരിസരങ്ങളില്‍ മല്ലന്‍മാരെ തീറ്റിപ്പോറ്റി വളര്‍ത്തുന്ന ഒരു സമ്പ്രദായം പണ്ടുമുതലേ ഉണ്ടായിരുന്നു. മഥുരയിലെ ചാണൂരമുഷ്ടികാദികളെ ഓര്‍ക്കുക – അതുപോലെ. സഞ്ചാരികളായ പഞ്ചാബി മല്ലന്‍മാര്‍ ഇവിടെയും അങ്ങനെയൊരു പദ്ധതിയുണ്ടായിരിക്കും എന്ന ധാരണയോടെ തങ്ങളോടു മത്സരിക്കാന്‍ എതൃജോടികളെ തരണമെന്ന് ആവശ്യപ്പെട്ടു. തങ്ങളുടെ മല്ലത്തത്തിന്‍റെ മാറ്റുരച്ചു നോക്കുക എന്നത് ഏതു ഭൗതിക വിദ്യാധുരന്ധരന്‍റെയും ആഗ്രഹമായിരിക്കുമല്ലോ.
തിരുവനന്തപുരം രാജധാനിയിലോ പരിസരത്തോ അന്ന് പ്രസിദ്ധരായ ഗുസ്തിക്കാര്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ ചട്ടമ്പി എന്നു പേരുളള ഒരു ഗുസ്തിക്കാരന്‍ പേട്ടയില്‍ പാര്‍പ്പുണ്ടെന്ന് ആരോ മഹാരാജാവിനെ പറഞ്ഞു ധരിപ്പിച്ചു. പഞ്ചാബിമല്ലന്മാരുമായി ഒരു കൈ നോക്കുവാനുള്ള മഹാരാജാവിന്‍റെ ആഗ്രഹം സ്വാമിതിരുവടികളെ അറിയിച്ചു.
താന്‍ ഇപ്പോള്‍ ഗുസ്തിയില്‍ ഏര്‍പ്പെടാറില്ലെന്നും തന്‍റെ ശിഷ്യന്‍ ഒരാള്‍ നല്ല ഗുസ്തിക്കാരനുണ്ടെന്നും അയാളെ നിയോഗിക്കാമെന്നും സ്വാമികള്‍ പ്രസ്താവിച്ചു. വെളുത്തേരി കേശവന്‍ വൈദ്യരെയായിരുന്നു സ്വാമികള്‍ നിര്‍ദ്ദേശിച്ചത്. ഉടനെ വൈദ്യര്‍ സമാനയിക്കപ്പെട്ടു.
പഞ്ചാബി മല്ലന്‍മാരുമായി അന്നു നടന്ന മത്സരത്തില്‍ അവര്‍ പരാജിതരായി മഹാരാജാവ് മത്സരജേതാവായ വെളുത്തേരി കേശവന്‍ വൈദ്യര്‍ക്ക് സമുചിതമായ പാരിതോഷികം നല്കി. മാത്രമല്ല പരാജയം അനുഭവിച്ച് രംഗം വിടേണ്ടിവന്ന പഞ്ചാബികള്‍ക്കും സമ്മാനം നല്കി അദ്ദേഹം തന്‍റെ മഹാമനസ്കത പ്രകാശിപ്പിച്ചു.