വൈദ്യകലാനിധി

ശ്രീ എന്‍ . ഗോപിനാഥന്‍നായരുടെ ‘രസകരങ്ങളായ സംഭവങ്ങള്‍ ‘ എന്ന പുസ്തകത്തില്‍ നിന്ന്.

ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളുടെ ഒരു കുറിപ്പിനെ ആധാരമാക്കിയാണ് ഇവിടെ ഒരു സംഭംവം വിവരിക്കുവാന്‍ പോകുന്നത്. സ്വാമി തിരുവടികള്‍ക്ക് ഏതെല്ലാം വിഷയങ്ങളിലും ശാസ്തരങ്ങളിലും പരിചയമുണ്ടായിരുന്നു എന്നു ചോദിക്കുന്നതിനേക്കാള്‍ നല്ലത് ഏതെല്ലാം വിഷയങ്ങളിലും ശാസ്ത്രങ്ങളിലും പരിചയമുണ്ടായിരുന്നില്ലാ എന്ന് ചോദിക്കലാണ്. ഏതു മഹാനായ ശാസ്ത്ര പണ്ഡിതനും സ്വാമികളുടെ മുമ്പില്‍, മധ്യാഹ്നസൂര്യന്‍റെ മുമ്പില്‍ മിന്നാമിനുങ്ങുപോലെയാണ്. വൈദ്യശാസ്ത്രസിദ്ധാന്തത്തിലായാലും അങ്ങനെതന്നെ.

ക്രിസ്ത്വബ്ദം 1887 മുതല്‍ സ്വാമി തിരുവടികള്‍ കുറെക്കാലം മൂവാറ്റുപുഴ വന്ന് വിശ്രമിച്ചിരുന്നു. തന്തിരുവടികളുടെ മാഹാത്മ്യം കേട്ടറിഞ്ഞ് അനേകം ഉദ്ദ്യോഗസ്ഥന്‍മാരും  അനുദ്ധ്യോഗസ്ഥന്മാരും പ്രമാണികളും അപ്രമാണികളും അദ്ദേഹത്തെ അവിടെവന്ന് സന്ദര്‍ശിക്കുകയും ആദരിക്കുകയും ശിഷ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അവരില്‍ ഒരാളാണ് പറവൂര്‍ വടക്കേക്കര മടപ്ലാന്തുരത്തിയില്‍ തൈലോത്ത് ശ്രീ.നാരായണപിള്ള.  ഈദ്ദേഹം സ്വാമി തിരുവടികളെ തന്‍റെ വീട്ടിലേയ്ക്ക് ക്ഷണിച്ചുകൊണ്ടുപോയി പരിചരിക്കുക പതിവായിരുന്നു.

ഒരിക്കല്‍ ശ്രീ.പിള്ളയുടെ ഭാര്യക്ക് ഏതോ രോഗം പിടിപെട്ടു. ചികില്‍സയ്ക്ക് വേണ്ടി കുളവേലില്‍ ശ്രീ കൃഷ്ണന്‍ വൈദ്യരെയാണ്  വരുത്തിയത്. ഉത്തരതിരുവിതാംകൂറിലെ അതിപ്രസിദ്ധനായ ഒരു ഭിഷഗ്വരനും സമുദായപ്രമാണിയുമായിരുന്നു അദ്ദേഹം. കൃഷ്ണന്‍ വൈദ്യന്‍ രോഗിയുടെ ചികില്‍സയ്ക്കായി കുറച്ചുദിവസം തൈലോത്ത്‍വീട്ടില്‍ താമസിക്കാനിടയായി. ആ കാലത്ത് യാദൃശ്ചികമായി സ്വാമി തിരുവടികളും ആ ഗൃഹത്തില്‍ വന്നുചേര്‍ന്നു.

നാരായണപിള്ള സ്വാമിതിരുവടികളെ ഭക്ത്യാദരപുരസരം സ്വീകരിച്ച് സത്കരിച്ചശേഷം ശ്രീ.കൃഷ്ണന്‍വൈദ്യരുമായി പരിചയപ്പെടുത്തി. വൈദ്യരും സ്വാമിതിരുവടികളും തമ്മില്‍ സംഭാഷണം കുറച്ചുനേരമുണ്ടായി. അതിനിടയില്‍ സ്വാമികള്‍ അവിടെ വൈദ്യര്‍ നടത്തിയിരുന്ന ചികിത്സാക്രമത്തെപ്പറ്റി ചോദിക്കയുണ്ടായി. നാരായണപിള്ളയുടെ ഭാര്യയുടെ രോഗം ക്ഷയമാണ്. അതിന് അജമാംസരസായനചികിത്സ നിശ്ചയിച്ചിട്ടുണ്ട്. എന്ന് വൈദ്യരില്‍നിന്നും സ്വാമികള്‍ക്ക് മനസ്സിലായി.

“മാംസാദികള്‍ കൂടാതെയുള്ള മരുന്നുകള്‍കൊണ്ട് ഈ രോഗം മാറിക്കൂടെ?” സ്വാമികള്‍ ചോദിച്ചു.

“സാധിക്കുകയില്ല”

എന്നായി വൈദ്യരുടെ മറുപടി. സ്വാമി തിരുവടികളുടെ മാഹാത്മ്യം അന്ന് ശ്രീ.കൃഷ്ണന്‍വൈദ്യന്‍ വേണ്ടപോലെ ധരിച്ചിട്ടില്ലായിരുന്നു. തന്‍റെ പാണ്ഡ്യത്യവും തര്‍ക്കപടുത്വവും സ്വാമികളുടെ മുന്നിലൊന്ന് അവതരിപ്പിച്ചുകളയാം എന്നുറച്ച് ശ്രീ.കൃഷ്ണന്‍വൈദ്യന്‍ സ്വാമികളുമായി ഒരു വാദത്തിലേര്‍പ്പെടുവാന്‍ തീരുമാനിച്ചു. കിംബഹുനാ? കുറച്ചുനേരം ആ വാദം അങ്ങനെ തുടര്‍ന്നു.

സ്വാമി തിരുവടികളുടെ പാണ്ഡ്യത്യവും പ്രതിഭയും സര്‍വ്വതോന്മുഖവും അത്ഭുതകരവുമാണല്ലോ. വാദം കുറെ കഴിഞ്ഞതോടെ വൈദ്യര്‍ക്ക് കാര്യം മനസ്സിലായി. സ്വാമികളുടെ മുമ്പില്‍ താന്‍ ബാലിശനും നിഷ്പ്രഭനുമാണെന്ന് അദ്ദേഹം അറിഞ്ഞു. അദ്ഭുതപരതന്ത്രനായിത്തീരുകയും ചെയ്തു.

തര്‍ക്കകര്‍ക്കശമതിയായ വൈദ്യര്‍ പരാജയത്തിന്‍റെ കയ്പ് അങ്ങനെ ആദ്യമായി അനുഭവിച്ചത് അന്നാണ്. എങ്കിലും അദ്ദേഹം അതിലൊരു സമാധാനം   കണ്ടെത്താതിരുന്നില്ല. “ ഇത്ര വലിയ ഒരു മഹാനുഭാവനില്‍ നിന്നാണല്ലോ തനിക്ക് തോല്‍വി പറ്റിയത്” എന്നോര്‍ത്തായിരുന്നു അദ്ദേഹം  സമാധാനിച്ചത്.

പിന്നീട് സ്വാമി തിരുവടികളുടെ ഉപദേശമനുസരിച്ച് ഹിംസാബന്ധം കൂടാതെയുള്ള ചികിത്സകൊണ്ട് നാരായണപിള്ളയുടെ ഭാര്യയെ രോഗവിമുക്തയാക്കി. മാത്രമല്ല ശ്രീ.കൃഷ്ണന്‍വൈദ്യന്‍ തന്‍റെ ജീവിതത്തില്‍ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുകയും ചെയ്തു. അതായത് അദ്ദേഹം ശ്രീ.ചട്ടമ്പിസ്വാമി തിരുവടികളെ തന്‍റെ ആദ്ധ്യാത്മിക ഗുരുവായി സ്വീകരിച്ച് ധന്യനായി എന്ന് സാരം.

വൈദ്യശാസ്ത്രവിഷയത്തില്‍ സ്വാമിതിരുവടികള്‍ക്ക് അന്യാദൃശമായ പ്രഗത്ഭപാണ്ഡ്യത്യമണ്ടായിരുന്നു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം അതെടുത്ത് പ്രയോഗിച്ച് പലര്‍ക്കും സ്വാസ്ഥ്യം നല്‍കിയിട്ടുണ്ട്. ഒട്ടുവളരെ ഒറ്റമൂലികള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. മരുത്വാമലയിലും അരുവിപ്പുറത്തും മറ്റും സഞ്ചരിക്കുന്നതിനിടയില്‍ സ്വാമിതിരുവടികള്‍ കഴിച്ച് രുചിച്ചുനോക്കാത്ത ഇലകളുണ്ടായിരുന്നില്ല. തന്‍മൂലം “ആടുകുഞ്ഞന്‍”എന്നൊരുപേരും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്.

ആടും കുഞ്ഞനും കഴിച്ചുനോക്കാത്ത ഇലകള്‍ ഇല്ല.