കടുവാപ്പട്ടി

ശ്രീ എന്‍ . ഗോപിനാഥന്‍നായരുടെ ‘രസകരങ്ങളായ സംഭവങ്ങള്‍ ‘ എന്ന പുസ്തകത്തില്‍ നിന്ന്.

ജനങ്ങള്‍ നിറഞ്ഞ പട്ടണങ്ങളേക്കാള്‍ സ്വാമികള്‍ ഇഷ്ടപ്പെട്ടിരുന്നത് വിജനങ്ങളായ മലമ്പ്രദേശങ്ങളോ ജനസാന്ദ്രതകുറഞ്ഞ ഗ്രാമപ്രദേശങ്ങളോ ആണ്. ഈ അഭിരുചിക്കനുസരിച്ച് അദ്ദേഹം മലയാറ്റൂരിനടുത്തുള്ള കോടനാട് എന്ന മലമ്പ്രദേശത്തു താമസിക്കുന്നകാലം.

ഒരു ദിവസം രാവിലെ എഴുന്നേറ്റ് സ്വാമി തിരുവടികള്‍ ആരണ്യഭൂവിഭാഗ ഭംഗികള്‍ കണ്ടുരസിക്കുകയായിരുന്നു.

ആ സമയത്ത് സ്വാമിയുടെ അന്തേവാസിയും  ചില അനുചരന്മാരുംകൂടി ആ കാടുകളിലേക്ക് കടന്നുവന്നു. കുറച്ചുദിവസം മുമ്പ് കാണാതായ പശുവിനെ അന്വഷിച്ചുകൊണ്ട്. ആ ദിക്കുകളില്‍ കടുവായുടെ ശല്യം ധാരാളമുണ്ടായിരുന്നു. ആകയാല്‍ പശുഗവേഷകന്മാര്‍ നിറതോക്കുമായിട്ടാണു വന്നിട്ടുള്ളത്. നടന്നു നടന്നു് അവര്‍ ചോലയൊഴുക്ക് താഴ്വരയിലെത്തി. അവരുടെ പശു അവിടെ ചത്തുകിടക്കുന്നതായി കണ്ടു. പശുവിന്‍റെ ദേഹത്തുള്ള വൃണങ്ങള്‍ കണ്ടാല്‍ കടുവയുടെ പ്രക്രിയയുടെ ഫലമാണ് അവയെന്നു മനസ്സിലാക്കാം. അത്ര ദാരുണങ്ങളായിരുന്നു ആവ്രണങ്ങള്‍.

ചെറുപ്പക്കാരായ തോക്കുധാരികള്‍ ഉറച്ചു, കടുവയെ വെടിവച്ചു കൊല്ലുക തന്നെവേണമെന്ന്. കൊന്ന പശുവിന്‍റെ മാംസം തിന്നാന്‍ ആ ക്രൂരജന്തു വീണ്ടും വരും. അപ്പോള്‍ അതിന്‍റെ കഥ കഴിക്കാം. എന്നു വിചാരിച്ച് അവര്‍ അടുത്തുള്ള ഒരു മരത്തിന്മേല്‍ കയറിയിരിപ്പായി- ലാക്കുനോക്കിക്കൊണ്ട്. അവിടെ ഇരുന്നുകൊണ്ട് ചുറ്റും കണ്ണോടിച്ചു അപ്പോള്‍ അവര്‍ കണ്ട കാഴ്ചയെന്തായിരുന്നു?

അകലെ ഒരു പാറയുടെ അരികിലായി സ്വാമികള്‍ ആരെയോ കാത്തുനില്‍ക്കുന്നു. അല്ല കാത്തുനില്‍ക്കുന്നതുപോലെ കാണപ്പെട്ടു. ആരെയാണാവോ?

അതാ അധികം താമസിയാതെ കാട്ടിനകത്തുനിന്നും ഒരു തെങ്ങോലവരയന്‍ കടുവ! നീണ്ടവാല്‍ നിലത്തുമുട്ടുന്നുണ്ട്. അവന്‍ അതിനെ ഇടയ്ക്കിടയ്ക്ക് ചലിപ്പിക്കുന്നു.  ഭീകരമായ മുഖം. നാവിന്‍റെ അഗ്രംകൊണ്ട് ചിറികളെ കൂടെക്കൂടെ നക്കി നനയ്ക്കുന്നു. സ്വാമികളുടെ അടുത്തേയ്ക്ക് തന്നെയാണ് അവന്‍റെ വരവ്!

കടുവായ്ക്ക് നല്ല ഒരു പ്രാതല്‍ കിട്ടിയിരിക്കുന്നു.- താടിക്കാരനായ നമ്മുടെ സ്വാമി. മരത്തിന്മേല്‍ കയറിയിരിക്കുന്ന തോക്കുധാരികള്‍ അതോര്‍ത്ത് അമ്പരന്നുപോയി. എല്ലാം ദൈവനിശ്ചയം അല്ലാതെന്തു പറയട്ടെ? തങ്ങള്‍ക്കൊന്നും ആ പരിസ്ഥിതിയില്‍ പ്രവര്‍ത്തിക്കാനാവില്ല.

‘കടുവാ പിന്നോട്ടമര്‍ന്ന് മുന്നോട്ടൊരു ചാട്ടം. ഒരു അടി ഒരു കടി. ഇനി അത്രമാത്രമേ    സംഭവിക്കാനുള്ളൂ. സ്വാമികളുടെ ദേഹം ഒരിടത്ത് ദേഹി മറ്റൊരിടത്ത്.” അങ്ങനെ ആലോചിച്ചപ്പോള്‍ മരക്കൊമ്പത്താന്മാര്‍കിടുകിട വിറച്ചുപോയി.

ഓഹോ തുടര്‍ന്നുകണ്ടതെന്താണ്?

കടുവ സ്വാമികളുടെ അടുത്തെത്തുന്നു. വാലാട്ടി മുമ്പില്‍ നില്‍ക്കുന്നു. മുരളുന്നു. പാദങ്ങള്‍ മണക്കുന്നു. പാദത്തില്‍ തലവച്ചുകിടക്കുന്നു. എഴുന്നേറ്റ് സ്വാമികളെ വട്ടം ചുറ്റുന്നു. എല്ലാം യജമാനനെ കണ്ട പട്ടിക്കു തുല്യം എന്നു പറഞ്ഞാല്‍ മതിയല്ലെ

“കടുവാപ്പട്ടി” തന്നെ.

തന്റെ അടുത്തുവന്നു സ്നേഹപ്രകടനം നടത്തുന്ന തൊങ്ങോലവരിയന്‍ കടുവായുടെ തലയില്‍ സ്വാമികള്‍ കൈവച്ചു തടവികൊണ്ട് ലാളിച്ചു- അച്ഛന്‍ ഒരു ശിശുവിനെ എന്നപോലെ!

അങ്ങനെ പറഞ്ഞാല്‍ മതിയോ? തന്‍റെ അരുമ സന്താനങ്ങളില്‍ പോലും അച്ഛനമ്മമാര്‍ കാണിക്കാത്തവിധം സ്നേഹപ്രകടനമാണ് സ്വാമികള്‍ ആ തെങ്ങോലവരിയനില്‍ കാണിച്ചത്. ഇങ്ങനെയുണ്ടോ ഒരു സൗഹാര്‍ദ്ദം!

ഒരു കോട്ടുവായിട്ടുകൊണ്ട് കടുവ വന്നവഴിക്ക് തിരിച്ചുപോയി.

തോക്കുധാരികള്‍ ധൈര്യസമേതം താഴത്തിറങ്ങി. താവളത്തിലേയ്ക്ക് തിരിച്ചുപോയി. അവിടെ സ്വാമികള്‍ സുസ്മേര വദനനായി നില്ക്കുന്നു.

“ കടുവായെക്കണ്ടോ?… നിങ്ങളുടെ പശുവിനെ പിടിച്ച കടുവ. ഇന്നുകാലത്തു എന്‍റെ അടുക്കല്‍ വന്ന് ക്ഷമായാചനം ചെയ്ത് പോയിട്ടുണ്ട്… കേവലം ആഹാരസമ്പാദനത്തിനായി അവര്‍ പശുക്കളെ പിടിച്ചുതിന്നു. അല്ലതെ ഇതിലെന്തു മനപൂര്‍വ്വമാണ് അവര്‍ക്കുള്ളത്?

മനുഷ്യര്‍ മനുഷ്യരെ ഹിംസിക്കുക എന്നത് ഇപ്പോള്‍ ഒരു ലോകനീതിയായിരിക്കേ വിശേഷബുദ്ധിയില്ലാത്ത ഇവറ്റയുടെ പ്രവര്‍ത്തികളെക്കുറിച്ച് നമുക്ക് കോപം ഉണ്ടാകാന്‍ പാടില്ലത്തതാണ്”

ഇതായിരുന്നു സ്വാമി തിരുവടികളുടെ അതിശ്രദ്ധേയമായ അമൃതവാണി.

നിസ്വാര്‍ത്ഥമായ സമസൃഷ്ടി സ്നേഹമുള്ള ആളുകള്‍ കുറെയൊക്കെകണ്ടേക്കും. സ്വാമിതിരുവടികള്‍ വിഷമസൃഷ്ടി സ്നേഹത്തിന്‍റെ കാര്യത്തിലും അദ്വിതിയനായിരുന്നു.

അഥവാ പൂര്‍ണ്ണ ബ്രഹ്മജ്ഞാനമുണ്ടോ സമ-വിഷമ-വ്യത്യാസങ്ങള്‍.