അനുസരണയുള്ള എലികള്‍

ശ്രീ എന്‍ . ഗോപിനാഥന്‍നായരുടെ ‘രസകരങ്ങളായ സംഭവങ്ങള്‍’ എന്ന പുസ്തകത്തില്‍ നിന്ന്.

പരമഭട്ടാരക ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളെ നല്ലവണ്ണം നേരിട്ടറിഞ്ഞുള്ള ഒരു ധന്യാത്മാവാണ് ഭാഗ്യദോഷം കൊണ്ടുമാത്രം മലയാളസാഹിത്യരംഗത്ത് മഹാകവിപട്ടം നഷ്ടപ്പെട്ട വരിക്കോലില്‍ ശ്രീ.കേശവനുണ്ണിത്താന്‍. “ചട്ടമ്പിസ്വാമികള്‍” എന്ന അദ്ദേഹത്തിന്‍റെ ഒരു ലേഖനം ആധാരമാക്കി ഒരു സംഭവം മുമ്പുവിവരിച്ചിട്ടുണ്ട്. (ആ ഭാവപ്പകര്‍ച്ചയുടെ രഹസ്യം) ഇവിടെ എലികള്‍ പ്രതിക്കൂട്ടിലായി കല്പനയനുസരിക്കുന്ന മറ്റൊരു വൃത്താന്തമാണ് പ്രദിപാദിക്കാന്‍ പോകുന്നത്. ശ്രീ. ഉണ്ണിത്താന്‍റെ ലേഖനമാണ് ഇതിനു അടിസ്ഥാനം.

സ്ഥലം കണ്ടിയൂര്‍ ശിവക്ഷേത്രത്തിനു സമീപം ആണ്ടിപ്പിള്ള മജിസ്ട്രേറ്റിന്‍റെ വസതി. സമയം സന്ധ്യമയങ്ങി ഏഴരമണിയായി. ശ്രീ ഉണ്ണിത്താനും ചിത്രമെഴുത്ത് വര്‍ഗ്ഗീസും കൂടി ആ വസതിയില്‍ എത്തിച്ചേര്‍ന്നു. സ്വാമി തിരുവടികള്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ ജനദ്രോഹത്തില്‍നിന്നും രക്ഷിച്ച അത്യാശ്ചര്യമായ സംഭവംകണ്ട് കോരിത്തരിപ്പോടുകൂടിയാണ് അവര്‍ എത്തിയത്. തങ്ങള്‍ നേരിട്ടു സാക്ഷ്യം വഹിച്ച ആ സംഭവം ആണ്ടിപ്പിള്ളയെ അറിയിക്കുകയും ചെയ്തു. അപ്പോള്‍ ആണ്ടിപ്പിള്ള അന്നു കാലത്ത് ആ വസതിയില്‍ നടന്ന മറ്റൊരത്ഭുത സംഭവം അവരോട് പറയുകയുണ്ടായി. അതിലെ കഥാനായകന്‍ ആണ്ടിപ്പിള്ളയും കുറെ എലികളും സ്വാമിതിരുവടികളും മാത്രമാണ്.

ശ്രീ. ആണ്ടിപ്പിള്ളയുടെ ഗൃഹത്തില്‍ ആയിടയ്ക്ക് മൂഷികശല്യം കലശലായിരിക്കുകയാണ്. വിലപിടിച്ച രണ്ടുമൂന്നുടുപ്പുകളും മുണ്ടുമെല്ലാം മൂഷികന്മാര്‍ വെട്ടിക്കളഞ്ഞു. ഉപദ്രവം കുറയുന്നില്ലെന്നുമാത്രമല്ല കൂടിക്കൂടിവരികയും ചെയ്യുന്നു. രാവിലെ നോക്കിയപ്പോഴും പുതിയ ഒരുടുപ്പ് വെട്ടിയതായികണ്ടു. അസഹ്യമായിത്തീര്‍ന്ന ആ ശല്യം മാറ്റണമെന്ന് ആണ്ടിപ്പിള്ള ഉറച്ചു. എന്താണതിനുപോംവഴി? എലിപ്പാഷാണം കൊണ്ടുവന്നു വയ്ക്കുക, അത്രതന്നെ!

മജിസ്ട്രേറ്റായ അദ്ദേഹം അല്പം കോപത്തോടെ തന്‍റെ സേവകനോട് രാത്രിയാവുമ്പോഴേയ്ക്കും എലിപ്പാഷാണം കൊണ്ടുവരാന്‍ കല്പനയിട്ടു. അടുത്തൊരിടത്തു വിശ്രമിച്ചിരുന്ന സ്വാമി തിരുവടികള്‍ യദൃച്ഛയാ അത് കേള്‍ക്കുവാനിടയായി. അദ്ദേഹം ചോദിച്ചു.

“ആണ്ടിപ്പിള്ളേ, നിങ്ങളെന്താണു പറഞ്ഞത്? എലിപ്പാഷാണം വാങ്ങിക്കൊണ്ട് വരണമെന്നോ? കൊള്ളാം!”

“എന്‍റെ സ്വാമീ, ഇതു കണ്ടില്ലേ! എലി ശല്യം വളരെ മൂത്തു. ഇങ്ങനെ പതിവായി മുണ്ടും ഉടുപ്പുമെല്ലാം കീറികളയാണവറ്റ. അതൊന്നു നിര്‍ത്താന്‍ മറ്റെന്താണ് പോംവഴി!” എന്നായി ആണ്ടിപ്പിള്ള.

“ഓഹോ മഹാഭക്തന്‍, പണ്ഡിതന്‍, ആത്മജ്ഞാനി, നല്ല വിധികര്‍ത്താവ് ഈ നിലകളിലെല്ലാം ഔന്നത്യം പ്രാപിച്ച നിങ്ങള്‍ ഒരു പക്വമതിയെന്നല്ലേ ഇതേവരെ ഞാന്‍ കരുതിയിരുന്നത്. അതിനു കടകവിരുദ്ധമായ നടപടിയല്ലേ ഈ ഹിംസാവൃത്തി! ഈ നിലയ്ക്ക് മനസ്സിളകിയാല്‍ മഹാപ്രശ്നങ്ങള്‍ പലതും കൈകാര്യം ചെയ്യേണ്ട നിങ്ങള്‍ എങ്ങനെ അവയെ നേരിടും? മോശം മോശം! ഇരിക്കട്ടെ, ഈ ഉപദ്രവം ഞാന്‍ മാറ്റിത്തരാമോ എന്ന് നോക്കട്ടെ. ഇന്നു രാവിലത്തെ നിങ്ങളുടെ പൂജ കഴിഞ്ഞശേഷം ആ പൂജാദ്രവ്യങ്ങള്‍ എന്നെ ഏല്പിക്കണം. അതുമതി. ബുദ്ധിമുട്ടുണ്ടോ?”എന്നു തിരുവടികള്‍ അനുശാസിച്ചു. സ്വാമികളുടെ കല്പനയനുസരിച്ച് പൂജയ്ക്കുശേഷം പൂജാദ്രവ്യങ്ങള്‍ ഒരു തൂശനിലയില്‍ സ്വാമിയെ ഏല്പിച്ചു. എന്നതിനുശേഷം ഊണ് കഴിക്കാന്‍ കയറി.

ആണ്ടിപ്പിള്ള ഊണുകഴിച്ച് മടങ്ങിവന്നപ്പോള്‍ തിണ്ണയില്‍ നിറച്ച് എലികള്‍ ഇരിക്കുന്നതാണ് കണ്ടത്. കൈ രണ്ടും മുമ്പില്‍ കുത്തി വാല്‍ പിന്നിലേക്ക് നീട്ടി എല്ലാം ഒരേ തരത്തില്‍ അച്ചടക്കം പാലിച്ചുകൊണ്ട് അങ്ങനെ ഇരിക്കുന്നു. പിള്ളയെ കണ്ട ഉടനെ സ്വാമി തിരുവടികളുടെ ഒരു ലഘുപ്രസംഗം അവിടെയുണ്ടായി.

“ഞാന്‍ നിങ്ങളെ വിളിച്ചുവരുത്തിയത് ഒരു കാര്യം അറിയിക്കാനാണ്. ഇവിടെ പാര്‍ക്കുന്നത് ആരാണെന്ന് അറിയാമോ? നമ്മളെയെല്ലാം രക്ഷിക്കാനും ശിക്ഷിക്കാനും അധികാരമുള്ള തഹസീല്‍ മജിസ്ട്രേറ്റദ്ദേഹമാണ്. അദ്ദേഹത്തിന്‍റെ മുണ്ടും ഉടുപ്പും വെട്ടിനുറക്കി മുറയ്ക്ക് നിങ്ങളുണ്ടാക്കുന്ന ശല്യം പൊറുക്കാനാവാതെ നിങ്ങളെ നശിപ്പിക്കാനൊരുങ്ങിയതാണദ്ദേഹം. ഞാനതു വിലക്കി. നിങ്ങളുടെ ശല്യം മേലില്‍ ഉണ്ടാകാതിരിപ്പാന്‍ വേണ്ടത് ചെയ്യാമെന്ന് ഏറ്റിരിക്കയാണ്. അതിനാല്‍ ഇനി ഒരിക്കലും അത്തരം ഉപദ്രവം ഇവിടെ ഉണ്ടായിക്കൂടാ. കേട്ടല്ലോ എല്ലാരും? ശരി.

“ഇവിടെവരെ ഞാനല്ലേ വരുത്തിയത് ! ആ സ്ഥിതിക്ക് ഈ വച്ചിരിക്കുന്ന തീറ്റിസാധനങ്ങള്‍ സമാധാനമായി തിന്നുകൊണ്ട് നിങ്ങള്‍ക്ക് പോകാം.”

ഇത്രയും കേട്ട എലികള്‍ നല്ല അച്ചടക്കത്തോടുകൂടി മലര്, പഴം, അപ്പം മുതലായ നൈവേദ്യസാധനങ്ങള്‍ കൊത്തിപ്പറക്കി തിന്നു. എല്ലാം തീര്‍ന്നപ്പോള്‍ സ്വാമി തിരുവടികള്‍ അവയോട് പിരുഞ്ഞുപൊയ്ക്കോള്ളാന്‍ കല്പിച്ചു. അവ ഓരോന്നോരോന്നായി സാവകാശത്തില്‍ പിരിഞ്ഞുപോയി.

അനുസരണയുള്ള എലികള്‍!

ഇങ്ങനെ അനേകം എലികഥകളും അണ്ണാന്‍ കഥകളും സ്വാമിതിരുവടികളുടെ ജീവിതത്തില്‍ നടന്നിട്ടുണ്ട്. ക്ഷുദ്രജീവികളുടെ അന്തഃകരണത്തില്‍പോലും പ്രവേശിക്കാനും അവരുമായി ആശയവിനിമയം ചെയ്യുവാനും യോഗീശ്വരനും സിദ്ധനുമായിരുന്ന അദ്ദേഹത്തിന് ഒരു പ്രയാസവുമുണ്ടായില്ല. സര്‍വ്വഭൂതാത്മാവായി ഈശ്വരതത്ത്വം സര്‍വ്വത്ര വ്യാപിച്ചിരിക്കുന്നതായി സ്വയം അനുഭവിച്ചറിയുന്ന ജീവന്‍മുക്തന്മാര്‍ക്ക് ഇതൊന്നും അത്ര ദുഷ്കരമല്ല, സാധാരണക്കാരന് എല്ലാം അസാധ്യം തന്നെയെങ്കിലും.