(ശിഷ്യന് മറുപടിയും മേലായ ശ്രദ്ധയോടെ ആചാര്യചരണദ്വയങ്ങളെ വണങ്ങിയിട്ട് ഉള്ളപ്രകാരം പരമാത്മാവിന്റെ സ്വസ്വരൂപത്തെക്കുറിച്ച് വിചാരിക്കുമ്പോള്‍, സമസ്തവും സ്വസ്വരൂപമായിത്തന്നെ സിദ്ധിച്ച് സന്മാത്രാനുഭൂതിയെ പ്രാപിച്ചിരുന്നാലും ചിദനുഭവത്തെയും അരുളി ച്ചെയ്യേണമെന്ന് പ്രാര്‍ത്ഥിച്ചു.)
ആചാര്യന് : പ്രത്യക്ഷമായനുഭവിക്കപ്പെട്ട പ്രപഞ്ചത്തിനും പഞ്ചഭൂതത്തെ ഒഴിച്ചു പ്രത്യക്ഷപ്രമാണപ്രകാരം വേറാദരവു കാണുന്നില്ല. ഇങ്ങനെയിരിക്കുന്ന പഞ്ചഭൂതങ്ങള്‍ക്കും ശാസ്ത്രങ്ങളാല്‍ ലക്ഷണം പറയപ്പെടുമ്പോള്‍, പൃഥ്വി, അപ്, തേജസ്സ്, വായു, ആകാശം എന്നിവകള്‍ ക്രമമായി ഗന്ധം, രസം, രൂപം, സ്പര്‍ശം, ശബ്ദം എന്നീ ഗുണങ്ങളോടുകൂടിയവയാകുന്നു. അവയില്‍ പൃഥ്വി തനിക്കുള്ള ഒരു ഗുണത്തോടു കൂടി മറ്റേ നാലു കാരണങ്ങളോടുകൂടിയതെന്നും, മറ്റുള്ള ഭൂതങ്ങളും അപ്രകാരം തന്നെയാകുന്നുവെന്നും നിരൂപിക്കപ്പെടും. ഇവറ്റെ ശോധിക്കില്‍ ഈ പൃഥ്വി ഗന്ധഗുണത്തോടുകൂടിയത് എന്നതില്‍ ഗന്ധഗുണം ലക്ഷണമായും അതോടുകൂടിയ പൃഥ്വി ലക്ഷ്യമായും ഇരിക്കും (ഭവിച്ചു). ‘ഈ പൃഥ്വി’ എന്നതിനാല്‍ ഇതു തന്നെ പൃഥ്വിയെന്നാകും. ഇതെന്നാലോ പ്രത്യക്ഷാനുഭൂതിവിഷയമാകും. ഇങ്ങനെയാകുമ്പോള്‍ അപരോക്ഷമായുള്ള പൃഥ്വിയെന്നു കാണപ്പെടുകയാല്‍ അതിനെയും ശോധന ചെയ്താല്‍ മുന്‍പറഞ്ഞപ്രകാരം അഞ്ചു ഗുണങ്ങളോടുകൂടിയ പൃഥ്വിയായത്, ഇതു ഗന്ധഗുണത്തോടുകൂടിയ പൃഥ്വിയെന്ന അനുഭവത്തില്‍ പ്രത്യക്ഷമോ അപ്രത്യക്ഷമോ? ഗന്ധഗുണം ഘ്രാണേന്ദ്രിയത്താലും രൂപഗുണം നയനേന്ദ്രിയത്താലും രസഗുണം രസനേന്ദ്രിയത്താലും സ്പര്‍ശഗുണം ത്വഗിന്ദ്രിയത്താലും ശബ്ദഗുണം ശ്രവണേന്ദ്രിയത്താലും ഗ്രഹിക്കപ്പെടും. ഇവറ്റെ ഒഴിച്ച് പ്രത്യക്ഷാനുഭൂതിസാമഗ്രി വേറേയില്ലാത്തതിനാല് പൃഥ്വി ബഹിരിന്ദ്രിയങ്ങളാല്‍ കാണപ്പെടാതെ നിര്വിഷയപ്പെടും. ആകയാല്‍ പ്രത്യക്ഷവിഷയമാകയില്ല. ആ അവസ്ഥയില്‍ ഇതു പൃഥ്വിയെന്ന വ്യവഹാരബലം കൊണ്ട് പൃഥീതത്ത്വം ബാധിക്കപ്പെട്ടാലും ഇതെന്ന ഭാനം ബാധിക്കപ്പെടുകയില്ല. അപ്രകാരം പൃഥ്വീതത്ത്വം പ്രത്യക്ഷത്തിലില്ലാതെ ആകുമ്പോള്‍, എല്ലായിടത്തും ഗുണി ആധാരമായും ഗുണം ആധേയമായും, ആധാരം കൂടാതെ ആധേയം ഇരിക്കത്തക്കതല്ലാത്തതായും, സകല പ്രമാണങ്ങളാലും കാണപ്പെടുകയാല്‍ പൃഥ്വീതത്ത്വമാകുന്ന ഗുണി എന്ന ആധാരം പ്രത്യക്ഷത്തില്‍ സിദ്ധിക്കായ്ക കൊണ്ട് ആ ഗുണങ്ങളും സിദ്ധിക്കത്തക്ക തല്ലാത്തവ തന്നെയാണ്. മേലും പൃഥ്വി പ്രത്യക്ഷമായി പ്രകാശിക്കില്‍ ആ ഗുണങ്ങളും പ്രകാശിക്കും. പൃഥ്വി മുന്‍പറഞ്ഞ പ്രകാരം ഇല്ലാത്തതുകൊണ്ട് വിഷയപ്പെടാതെ മറഞ്ഞുപോയാല്‍ ആ ഗുണങ്ങളും മറകതന്നെ ചെയ്യും.
എന്നാല്‍ ഗുണി അപ്രത്യക്ഷമായാലും ഗുണം പ്രത്യക്ഷമായിരിക്കകൊണ്ട് ഗുണിയും ഇരിക്കാമല്ലോ എങ്കില്‍, ഇതു പ്രത്യക്ഷമോ അനുമാനമോ? പ്രത്യക്ഷമെങ്കില്‍ അനുമാനം ചേരുകയില്ല എന്ന പ്രമാണത്താല്‍, ഇതു പൃഥ്വി എന്ന പ്രയോഗം നിഷേധിക്കപ്പെടും. അനുമാനമെന്നു വരുകില്‍ പ്രത്യക്ഷാനുഭൂതിയെ ഇട്ട് (വിധിച്ച) പഞ്ചേന്ദ്രിയങ്ങളായ അഞ്ചു സാക്ഷികളില്‍ ഓരോരോ സാക്ഷിയാല്‍ നിര്ണ്ണയിക്കപ്പെട്ടാലും നന്നാലു സാക്ഷികളാല്‍ ഗുണമശേഷവും ബാധിക്കപ്പെടുകകൊണ്ട് ഗുണങ്ങളും സ്വയം സിദ്ധിക്കല്‍ കൂടാതെ ഗുണിയായും സാധിക്കാന്‍ ശക്തിയില്ലാത്തവയായിപ്പോകും.
എന്നാല്‍ ഗുണിയായ പൃഥ്വിയായും അതിന് ഗുണമായ ഗന്ധാദിയായും പ്രകാശിച്ചു ഭാനം അനുഭവിക്കപ്പെടുന്നല്ലോ? ആ വിധ ഭാനം ഏതു വസ്തുവിന്റേതായിരിക്കാം? അതും പൃഥ്വി അതിന് ഗുണം, ഇവ രണ്ടും ബാധിക്കപ്പെട്ടതുപോലെ ബാധിക്കപ്പെടുമോ എന്നു നോക്കിയാല്‍, ഈ പൃഥ്വി ഗന്ധമുള്ളതായി പ്രകാശിക്കുന്നു എന്നുള്ള പ്രത്യക്ഷാനുഭൂതിയില്‍ പ്രകാശബലം കൊണ്ടു ഒരു വസ്തു പ്രകാശിക്കയും പ്രകാശിക്കാതിരിക്കയും ചെയ്യേണ്ടതായിരിക്കയാല്‍ പൃഥ്വിയും തദ്ഗുണവും ബാധിക്കപ്പെട്ടതിനാല്‍ അവകളായി പ്രകാശിച്ച പ്രകാശം ബാധിക്കപ്പെടുകയില്ല. എങ്ങിനെയെന്നാല് സര്‍പ്പമായി പ്രകാശിച്ച രജ്ജുവില്‍ ഇതു സര്പ്പമെന്ന വ്യവഹാരം കൊണ്ടു സര്‍പ്പം പ്രകാശിച്ചുവെങ്കിലും വിവേകബലത്താല്‍ ഇതു സര്‍പ്പമല്ലെന്നു സര്‍പ്പം നിഷേധിക്കപ്പെട്ടാലും ‘ഇതെ’ന്ന ഭാനം രജ്ജുവെ സംബന്ധിച്ചു നിഷേധിക്കപ്പെടാതെ പ്രകാശിച്ചതുപോലെ, ഇവിടെയും ‘ഇതെ’ന്ന പ്രകാശം ബാധിക്കപ്പെടാതെ പ്രകാശിച്ചിരിക്കും. ഇതെന്നതു ജ്ഞാനരൂപമാകയാലും, ‘പൃഥ്വി’ എന്നതും അതിന് ഗുണമെന്നതും ജഡമാകയാലും, സര്‍പ്പമായി പ്രകാശിച്ച സര്‍പ്പഭാനം ആ ആരോപിതസര്‍പ്പത്തെ ഇടവിടാതെ വ്യാപിച്ച്, അത് ബാധിക്കപ്പെടുമ്പോള്‍ ഇതു സര്‍പ്പമല്ലെന്നുള്ള വ്യവഹാരത്താല്‍ ഭവിച്ച സര്‍പ്പാഭാവത്തെയും ഇടവിടാതെ വ്യാപിച്ചു പ്രകാശിപ്പിക്കും പ്രതീതിയിനാല്‍ അവകളെ എതിരിടാതിരിക്കില്‍ ഇതെന്ന പ്രകാശമാത്രമായി പ്രകാശിപ്പതുപോലെ, ഇവിടെയും ‘ഇതെ’ന്ന ചിത്പ്രകാശം മാത്രമായി പ്രകാശിച്ചിരിക്കും.
എന്നാല്‍ രജ്ജുസര്‍പ്പമെന്നപോലെ, ഗുണിയായ പൃഥ്വിയും അതിന് ഗുണമായ ഗന്ധാദിയും പ്രത്യക്ഷാനുഭൂതിയില്‍ ആരോപിതമായി പറയുന്നത് നീതിയാകുമോ എന്നാല്‍, പ്രത്യക്ഷത്തില്‍ ബാധിക്കപ്പെട്ടും പ്രതീതിയില്‍ കാണപ്പെട്ടും ഉള്ള വസ്തു ആരോപിതമായിട്ടുള്ളതാകുന്നു എന്നതു പ്രബലന്യായമായിരിക്കയാല്‍ ആ വിധ ന്യായം എവിടെയിരിക്കുന്നോ അവയെല്ലാം ആരോപിതമാകുന്നു എന്നതില്‍ ദോഷം സിദ്ധിക്കയില്ല. ആകയാല്‍ പ്രതീതി മാത്രമായി തോന്നിയ ഭാവാഭാവങ്ങളായ വിഷയങ്ങള്‍ പ്രകാശിക്കുമ്പോഴും നിഷേധിക്കപ്പെടുമ്പോഴും ആരോപിതമായ ജഡാംശം തോന്നി മറയും എന്നല്ലാതെ അപ്രകാരം പ്രകാശിച്ച പ്രകാശം ഇതെന്ന ജ്ഞാനരൂപമായിരിക്കയാല്‍ ബാധിക്കപ്പെടുകയില്ല. ഇങ്ങനെയാകുമ്പോള്‍ പൃഥ്വിയായി പ്രകാശിക്കണമെങ്കിലും, നിഷേധിക്കപ്പെടുമ്പോള്‍ തദഭാവമായി പ്രകാശിക്കണമെന്നു വരുകിലും പൃഥ്വിതത്ത്വമായത് തനിക്കനന്യമായ പ്രകാശത്തിന് ബലം കൊണ്ടു തന്നെ പ്രകാശിക്കണം. ആ പ്രകാശവും നീക്കമില്ലാതെ തന്നെ വ്യാപിച്ചിരിക്കണം. ഇപ്രകാരമേ മറ്റുള്ള ഭൂതങ്ങളും പ്രകാശിക്കണമെങ്കില്‍ അന്യോന്യം വിരുദ്ധങ്ങളായ വികാരങ്ങളോടുകൂടിയതായിരിക്കയാല് അവകള്‍ വികാരികളായ ഭേദത്തോടുകൂടിയവയായും അവയോടു കലര്‍ന്നു നിന്നു പ്രകാശിപ്പിച്ച നിര്‍വികാരമായ ഭാനം ഏകമായും ഇരിക്കണം.
അപ്രകാരമാകയാല്‍, ഭാനം ഏകമായും നിരാകാരമായുമിരിക്കുന്നു. ഭൂതങ്ങള്‍ വികാരികളായും ഭിന്നങ്ങളായും ഇരിക്കുന്നു. അവകള്‍ എവിടെയും അണുമാത്രമെങ്കിലും താങ്കളിന്‍ പ്രകാശവ്യാപകം ഇല്ലാതെ പോയാല്‍ അവിടം പ്രകാശിക്കയില്ല. അഗ്നിയുടെ വ്യാപകത്തില്‍ അതിന്നു വിരുദ്ധമായ തമോവ്യാപകം സിദ്ധിക്കാത്തതുപോലെ, ജഡത്തില്‍ നിന്നും വേറായതുകൊണ്ട് സദ്രൂപമായ ചിത്പ്രകാശം ജഡമായ പൃഥ്വിയെ നിരന്തരമായി വ്യാപിച്ചിരിക്കുമ്പോള്‍ സ്വവികാരമായ ജഡത്വമാകുന്ന അന്ധകാരം ഉദിപ്പാനിടമില്ലാതെ വിട്ടു പോകും. ജഡത്വം വിട്ടാല്‍ ആ ജഡത്വത്തെ ഒഴിച്ചു തനിക്കു വേറെ രൂപമില്ലാത്തതിനാല്‍ പൃഥ്വിയും സ്വരൂപം കൂടാതെ ഭാനമാത്രമായി നിശ്ശേഷമായി വിട്ടുപോകും. തദഭാവവും അപ്രകാരം തന്നെ നീങ്ങിപ്പോകും. തദ്ഗുണവും അപ്രകാരമേ ആകും. ഇങ്ങനെ പൃഥ്വീതത്ത്വം ഭാനമായി അനുഭവിക്കപ്പെട്ടാല്‍ അങ്ങിനെതന്നെ മറ്റുള്ള ഭൂതങ്ങളും ആയിപ്പോകും. അവിടെയും ഇത് പഞ്ചഭൂതം എന്ന വ്യവഹാരപ്രകാശബലത്താല്‍ ഇതെന്ന ജ്ഞാനപ്രകാശമാത്രം പഞ്ചഭൂതങ്ങളായി ഭവിച്ച വ്യാപകത്തെയും, അവ ബാധിക്കപ്പെടുമ്പോള്‍ അവയുടെ അഭാവമായി ഭവിച്ച വ്യാപകത്തെയും, തതനു വ്യാപകത്തിനു വേറില്ലാതെ സ്വവ്യാപകമാത്രമായി പ്രകാശിച്ച്, ഇതെന്ന ജ്ഞാനപ്രകാശമാത്രം അഖണ്ഡവ്യാപകമായി അനുഭവത്തില്‍ വരും.
ഈ വിധം ഇതെന്ന അഖണ്ഡ ചിത്പ്രകാശാനുഭൂതിയില്‍ നിന്നും മുന്‍ പ്രതീതി മാത്രമായി തോന്നിയ ദൃശ്യമായ പഞ്ചഭൂതങ്ങളെയും അവറ്റിന് ഗുണങ്ങളെയും കല്പനയാല് എതിരിടുമ്പോള്‍ അവകളും ഇതെന്ന പൂര്‍ണ്ണചിത്പ്രകാശത്തില്‍ ഭവിച്ചിരിക്കും. ആ വിധം പ്രതീതിയെ സങ്കല്പത്താല് അഭിമുഖപ്പെടാതിരിക്കില്‍ അവ തോന്നാതെ പ്രകാശമാത്രമായി സ്വരൂപം കൂടാതെ നീങ്ങിപ്പോകും. ഭവിച്ച അംശം ഭ്രാന്തിയെ സംബന്ധിച്ചതായും പ്രകാശിച്ച അംശം ഭാനത്തെ സംബന്ധിച്ചതായും ശോഭിക്കും. ഭാനം നിര്‍വികാര ചിദ്രൂപമാകയാല് ആ വക ചിദ്രൂപഭാനത്തെക്കൂടാതെ മറ്റു ആരോപിതമായ ഏതു വസ്തുവും രൂപീകരിച്ചു പ്രകാശിപ്പാന് കാരണമില്ലായ്കയാല്‍ സകലത്തിനും ചിദ്രൂപഭാനം തന്നെയാണ് വാസ്തവമായ സ്വരൂപമാകുന്നത്. ഇങ്ങനെ പ്രകാശിക്കുന്ന രൂപം ഏതു വസ്തുവിനില്ലയോ, അതു വന്ധ്യാപുത്രനെന്ന പോലെ, അവസ്തുവെന്നായിപ്പോകും.
ഇപ്രകാരം ഇതെന്ന അഖണ്ഡ ചിദ്രൂപഭാനത്തിന് അന്യമായ ഏതും അവസ്തുവായി ഭവിക്കില്‍ അവസ്തുവെ വസ്തുവെന്നപോലെ ഭവിപ്പിക്കാന്‍ കാരണമായി നിന്ന ഭ്രാന്തിയെ ശോധിക്കേണ്ടതായി വരും. ഭ്രാന്തിയെന്നതു ഒന്നിനെ മറ്റൊന്നായി കാണിക്കുന്ന ശക്തിയോടുകൂടിയ മനസ്സെന്ന കല്പനാവൃത്തിയാകും. ആ വിധ മനസ്സു ഇതെന്ന അഖണ്ഡ ചിദ്ഭാനത്തെ ഒഴിച്ച് അന്യമോ അതുതന്നെ താനോ? അതു എവിടെനിന്നു ഏതുവിധം പ്രകാശിക്കുന്നു? ഈ ഭാനത്തെക്കൂടാതെ അതിന്നു വേറെ ആശ്രയമില്ലാത്തതിനാല്‍ ഇതില്‍ നിന്നും തന്നെ പ്രകാശിക്കണം. അപ്രകാരം പ്രകാശിക്കിലും ഭാനത്തിനു അന്യമെന്നു വരുകില്‍ ജഡമായി മുന്‍പറഞ്ഞ പ്രകാരം അവസ്തുവാകും. ഭാനം തന്നെ രൂപമെങ്കില്‍ ഭാനം നിര്‍വികാരമാകയാല്‍ കല്പനയ്ക്കു ഇടയാകില്ല. അതിനെ കല്പനാവൃത്തിയാകുന്ന മനസ്സെന്നും പറഞ്ഞുകൂടാ.
മേലും അഖണ്ഡ ചിദ്ഭാനത്തില്‍, ഊഹിച്ചു നോക്കുമ്പോള്‍, ഇതെന്നു ഒരു ഉപാധി കാണപ്പെടുന്നു. അതു ഭാനത്തെചേര്ന്നതോ മനസ്സിനെ സംബന്ധിച്ചതോ? ഭാനത്തെ സംബന്ധിച്ചിരിക്കില്‍ അതിനെയും പരിശോധിക്കേണ്ടതാണ്. ഇതെന്നു പ്രകാശിപ്പതില്‍ ഇതെന്നു ചൂണ്ടപ്പെടുകയാല്‍ ചൂണ്ടപ്പെടുന്ന സ്വഭാവം ദൃശ്യമായ ജഡത്തിനല്ലാതെ ചിദ്ഭാനത്തിനു സിദ്ധിക്കയില്ല. എന്നാല്‍ ചിദ്ഭാനസംബന്ധത്താല് പ്രകാശിക്കുന്നതാണെന്നു വരികില്‍ നിര്‍വികാരമായ ചിദ്ഭാനം അസംഗിയാകയാല്‍ തത്സംബന്ധവും ഇതിന്നു സിദ്ധിക്കയില്ല. ഇങ്ങനെയായാല്‍ അഖണ്ഡമായി പ്രകാശിക്കുന്ന ചിദ്ഭാനത്തില്‍ ഇതെന്നു ചൂണ്ടപ്പെടുന്നതായ കുറിപ്പ് അഖണ്ഡമായിരിക്കയാല്‍ ആ അഖണ്ഡക്കുറിപ്പു തന്നെ ഇതെന്ന ഉപാധിയായി കാണപ്പെടുകയാല്‍, അതിനെയും സ്വയം ചിത്പ്രകാശത്താല്‍ വ്യാപിച്ചു നോക്കുകില് ഇദംവൃത്തിയില്ലാതെ ചിദ്ഭാനമാത്രമായി ശേഷിക്കും. അങ്ങിനെ നീങ്ങുകില്‍ സ്വയം ഭാനമായ ചിത്ത് അഖണ്ഡമായിട്ടെങ്കിലും കുറിക്കപ്പെടാതെ മഹാമൗനമായി പ്രകാശിക്കും. വ്യവഹാരത്താല്‍ മുന്‍പറഞ്ഞ ഇതെന്ന വൃത്തി പ്രതീതിമാത്രമായി ഉദിക്കുന്നതെന്നു വരുകില്‍ സ്വരൂപത്തില്‍ ഇതെന്ന വൃത്തിയില്ലായ്കയാല്‍ ഇതിന്റെ അഭാവത്തെത്തന്നെ സ്വപ്രകാശത്തിന്റെ അഭാവമായിട്ടു കാണിക്കും. അതിന്റെ അഭാവം സ്വപ്രകാശത്തിന്റെ അഭാവമായി കുറിക്ക (നിര്‍ണ്ണയിക്ക)പ്പെടുകില്‍ അവിടെ അഹമെന്ന ഒരു വൃത്തിയെ ഭവിപ്പിക്കും (ഉണ്ടാക്കും). അപ്രകാരം ഉദിച്ച് അഹന്താസംബന്ധത്താല്‍ ഞാന്‍, എന്റേതു എന്നുള്ള രണ്ടു വിധമാകും. ഞാന്‍, എന്റേതു എന്നുള്ള കല്പന വരണമെന്നു വരികില്‍ അതു മനസ്സിനെത്തന്നേ സംബന്ധിക്കൂ. ആകയാല്‍ നിര്‍ണ്ണയിപ്പാന്‍ കഴിയാതെ ശൂന്യംപോലുള്ള മനസ്സിന്റെ ഒരു ഭാഗമായ വൃത്തി അഹംകാരമെന്നും ബഹിര്‍മുഖമായി കുറിക്കപ്പെടുന്ന ഒരു വൃത്തി ഇതെന്നും ആകുന്നു. മുമ്പ് ഇതെന്ന വൃത്തി ചിദ്ഭാനമാത്രമായി നിഷേധിക്കപ്പെട്ടതുപോലെ ശൂന്യം പോലുള്ള ഇദംവൃത്തിയുടെ അഭാവമായ അഹംവൃത്തിയേയും ജഡമായിക്കണ്ട് ആ വിധ ജഡത്വം സ്വപ്രകാശത്തില്‍ ഉദിക്കാന്‍ അവസരമില്ലായ്കയാല്‍ അതിനെ കാലത്രയത്തിലും അവസ്തുവായി നിഷേധിക്കില്‍ ഇദം വൃത്തിയായി ഭവിപ്പും ലയമെന്ന അഹംവൃത്തിയായിട്ടുള്ള ഒടുക്കവും ആയി കാണപ്പെട്ട മനസ്സ് സ്വരൂപമറ്റ്. ഉത്പത്തിനാശത്തിനു അവസരമില്ലാതെ കാലത്രയത്തിലും അവസ്തുവായി ഭവിച്ച്, സ്വപ്രകാശത്തിനന്യമായില്ലാതെ നീങ്ങിപ്പോകും. ഇപ്രകാരം അനുഭവിച്ചാലും.
(ഇപ്രകാരം ആചാര്യന് അരുളിച്ചെയ്തപ്പോള്‍ ശിഷ്യന് അപ്രകാരമേ പഞ്ചഭൂതങ്ങളെയും സ്വരൂപമില്ലാതെയാക്കിക്കണ്ട്, അതില്‍ ഉള്ളും വെളിയും വ്യാപിച്ചിരുന്ന സ്വപ്രകാശഭാനത്തെ പ്രത്യഗ്രൂപനായ താനായി കണ്ട്, തന്നില്‍ ഇദമെന്നും അഹമെന്നും ഉള്ള ഉദയത്തിനു കാരണമായിരുന്ന അഖണ്ഡവൃത്തിയാകുന്ന മനസ്സിനെ ലയരൂപമായും സ്ഫൂര്‍ത്തിരൂപമായും ഉള്ളുതായിട്ടു നോക്കി, അതിനേയും സ്വസ്വരൂപത്താല്‍ നിഷേധിച്ച്, സ്വയം പ്രത്യഗ്ബ്രഹ്മപ്രകാശമായി പ്രകാശിച്ച്, കാലത്രയത്തിലും ഖണ്ഡാഖണ്ഡവിനിര്‍മുക്തമായ ചിദ്ജ്യോതിയാകുന്ന തന്നെയൊഴിച്ച് രണ്ടാം വസ്തുവില്ലെന്നു ചിദാനന്ദസുധാസിന്ധുവില് മുങ്ങിയവനായി ഭവിച്ചു.)