ദേശസഞ്ചാരം

ജസ്റ്റിസ് കെ.ഭാസ്കരപിള്ളയുടെ ‘ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം നാല്

സാധാരണക്കാരില്‍നിന്നും ഭിന്നമായ ആചാരവും ആദര്‍ശവും പാലിക്കുന്നവര്‍ക്കു സമ്മിശ്രമായ ഒരു സ്വീകരണമാണു ജനസമുദായത്തില്‍നിന്ന് പ്രായേണ ലഭിക്കാറുള്ളത്; ആദരത്തിനും അവജ്ഞയ്ക്കും അവര്‍ പാത്രമാകും. എന്നാല്‍ ചട്ടമ്പിസ്വാമികളെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ അവസ്ഥ അനുഭവപ്പെട്ടില്ല. അധൃഷ്യനായ താര്‍ക്കികന്‍, ബ്രഹ്മസാക്ഷാല്‍ക്കാരം സിദ്ധിച്ച യോഗി, സംഗീതസാഹിത്യാദിശാസ്ത്രങ്ങളില്‍ കൃതഹസ്തനായ പ്രതിഭാശാലി എന്നീ നിലകളില്‍ അവിടത്തെ പേര് ദിക്കെങ്ങും വ്യാപിച്ചു. സ്വാമികളുടെ പ്രശസ്തിയുടെ പ്രചാരത്തിനു നിദാനമായ ഒരു സംഭവം ഇതിനിടെ വന്നുചേര്‍ന്നു. പ്രസിദ്ധമായ പട്ടിസദ്യയെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. സകല ചരാചരങ്ങളിലും പ്രസരിക്കുന്ന ശക്തിവിശേഷത്തെ സ്വാനുഭവങ്ങളിലൂടെ മനസ്സിലാക്കിയ സ്വാമികള്‍ അഹിംസാത്മകമായ മനോവ്യാപാരംകൊണ്ട് ഏതു ജന്തുവിനേയും പാട്ടിലാക്കുന്നതിനുള്ള തന്റെ സിദ്ധിയെ ഒന്നു പ്രദര്‍ശിപ്പിക്കുവാന്‍ ഉറച്ചു. അതിനുതക്ക അവസരവും ലഭിച്ചു.

ഒരുദ്യോഗസ്ഥസ്‌നേഹിതന്‍ സ്വാമികളെ വിരുന്നിനു ക്ഷണിച്ചു. ക്ഷണം സ്വാമികള്‍ സ്വീകരിച്ചുവെങ്കിലും അതു നിരുപാധികമായിരുന്നില്ല. തന്റെ ശിഷ്യന്മാരില്‍ ചിലര്‍ സദ്യയ്ക്കുണ്ടാകുമെന്നും അവര്‍ക്കുംകൂടി വിഭവങ്ങള്‍ സജ്ജമായിരിക്കണമെന്നും സ്വാമികള്‍ ആതിഥേയനെ അറിയിച്ചു. സ്വപ്രൗഢിയെ കാണിപ്പാന്‍ ഒരു സന്ദര്‍ഭം ലഭിച്ചതില്‍ ഉദ്യോഗസ്ഥന്‍ സന്തുഷ്ടനായി, ഒരു നല്ല സദ്യയ്ക്കുള്ള ഒരുക്കവും ചെയ്തു. അഹങ്കാരത്തിന്റെയും അഴിമതിയുടെയും കൊടുമുടിയില്‍ വിഹരിച്ചുവന്ന ആ ഉദ്യോഗസ്ഥനെ നിലത്തിറക്കി അയാളുടെ അന്തസ്സാരശൂന്യതയെ ബോദ്ധ്യപ്പെടുത്തണമെന്ന ഒരുദ്ദേശ്യവും സ്വാമികള്‍ക്കുണ്ടായിരുന്നു.

സദ്യയ്ക്കു സമയമായി. സ്വാമികളോടുകൂടി ശിഷ്യന്മാരെ ആരേയും കണ്ടില്ല. ഗൃഹനാഥന്റെ അന്വേഷണത്തിന്, ശിഷ്യന്മാര്‍ പുറത്തുനില്‍ക്കുന്നു എന്നും ഇലവച്ചു വിളമ്പിക്കൊള്ളാമെന്നും സ്വാമികള്‍ നിര്‍ദ്ദേശം നല്‍കി. ഊണിനു കാലമായപ്പോള്‍ എന്തൊരത്ഭുതം! നഗരവീഥിയില്‍ അലഞ്ഞു നടക്കുന്ന കുറേ പട്ടികള്‍ സ്വാമികളുടെ ആജ്ഞാനുസാരികളായി കയറിവന്ന് ഇലയുടെ പിമ്പില്‍ ഇരിപ്പുറപ്പിച്ചു; മുറയ്ക്കു ഭക്ഷണവും കഴിച്ചുതുടങ്ങി. ജന്മനാ കലഹപ്രിയരായ പട്ടികള്‍ പൂര്‍ണ്ണമായും അച്ചടക്കം പാലിച്ചിരുന്നു. ഈ രംഗം സവിസ്മയം നോക്കിനിന്ന ആതിഥേയനോടു സ്വാമികള്‍ പറഞ്ഞു:

‘പൂര്‍വ്വജന്മത്തില്‍ ഇവര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരായിരുന്നു. കൈക്കൂലി, ജനദ്രോഹം, കൊള്ള മുതലായ ദുരാചാരങ്ങള്‍ക്കു വശപ്പെട്ടു പല പാപകര്‍മ്മങ്ങളും ചെയ്യുക ഹേതുവായി ഇവര്‍ ഈ ജന്മം പട്ടികളായി ജനിച്ചു. ദുഷ്‌കൃത്യങ്ങളുടെ ഫലം അടുത്ത ജന്മത്തിലെങ്കിലും മനുഷ്യന്‍ അനുഭവിക്കതന്നെ ചെയ്യും.’

ആ ഉദ്യോഗസ്ഥനു ബോധം വരുത്താന്‍ അവിടന്നു സ്വീകരിച്ച മാര്‍ഗ്ഗം അന്യാദൃശംതന്നെ.

ഈ സംഭവം സ്വാമികളുടെ മഹിമയെ അതിശീഘ്രം പ്രചരിപ്പിച്ചു. യക്ഷിക്കഥകളിലെന്നിയെ മറ്റെങ്ങും കേട്ടുകേള്‍വിപോലുമില്ലാത്ത ഈ അത്ഭുതസിദ്ധിയെ പ്രശംസിക്കുന്നതിനോടൊപ്പം മെസ്മരിസത്തിന്റെ നേട്ടമായി വ്യാഖ്യാനിക്കുന്നതിനും ചിലര്‍ യത്‌നിക്കാതിരുന്നില്ല. മാനസികശക്തിയുടെ സംഭരണവും സമീചീനമായ പ്രവര്‍ത്തനവുമാണല്ലോ മെസ്മരിസത്തിന്റെ മൗലികമായ തത്ത്വം. യോഗാഭ്യാസത്തില്‍ ലബ്ധപ്രതിഷ്ഠനായ സ്വാമികള്‍ക്കു വിസ്മയകരങ്ങളായ കാര്യങ്ങള്‍ സാധിക്കുവാന്‍ മെസ്മരിസത്തെ അപേക്ഷിക്കേണ്ട ആവശ്യമേയുണ്ടായിരുന്നില്ല. ആ ശാസ്ത്രം സൂക്ഷ്മാവസ്ഥയില്‍ യോഗവിദ്യയില്‍ത്തന്നെ അന്തര്‍ലീനമാണ്. കൂടാതെ സ്വാമികളുടെ പരമോദാരവും അഹിംസാത്മകവുമായ സ്‌നേഹവ്യാപാരം ജന്തുക്കളില്‍ വൈരത്യാഗം ജനിപ്പിച്ചതാവാം, അവ അവിടത്തെ അനുസരിച്ചുനില്‍ക്കുവാനുള്ള ഒരു കാരണം.

ഓവര്‍സീയര്‍ കേശവപിള്ളയുടെ അനുഭാവാത്മകമായ സഹായം സ്വാമികള്‍ക്കുണ്ടായിരുന്നുവെന്ന് ഇതിനു മുമ്പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. ആ സൗഹൃദംമൂലം ഇപ്പോള്‍ സ്വാമികള്‍ക്കു വടക്കന്‍ദിക്കുകളില്‍ പര്യടനത്തിനു സൗകര്യം ലഭിച്ചു. കേശവപിള്ള മൂവാറ്റുപുഴയ്ക്കു സ്ഥലം മാറ്റപ്പെട്ടതുമുതല്‍ സ്വാമികളും അങ്ങോട്ടു മാറി. പാടിപ്പാടി നടക്കുന്ന പറവകള്‍ക്കും ഒരു ചേക്ക വേണമല്ലോ. മൂവാറ്റുപുഴ കേന്ദ്രമാക്കിക്കൊണ്ട് ഏറ്റുമാനൂര്‍, മീനച്ചല്‍, വൈക്കം, പെരുമ്പാവൂര്‍, ഇടപ്പള്ളി, എറണാകുളം മുതലായ സ്ഥലങ്ങളിലേയ്ക്കും സ്വാമികള്‍ തന്റെ സഞ്ചാരപരിധി വിപുലപ്പെടുത്തി. ഏറ്റുമാനൂരില്‍ ക്ഷേത്രപരിസരം അദ്ദേഹത്തിനു ഹൃദ്യവും ആകര്‍ഷകവുമായിരുന്നു. പടിഞ്ഞാറെ നടയില്‍ ഒരു ഭജനമഠം സ്വാമികളുടെ ഉത്സാഹത്തില്‍ തീര്‍ത്തപ്പോള്‍ പാട്ടും മേളവും ഭജനയും വേദാന്തവിചാരവുമായി രാവും പകലും. ശിഷ്യവര്‍ഗ്ഗത്തിലുള്ള ആരെങ്കിലും കൂടിയാല്‍ ഇടയ്ക്കു സമീപസ്ഥലങ്ങളില്‍ സഞ്ചാരത്തിനു അവിടന്നു വട്ടംകൂട്ടും. നാണുവാശാനും ചില സമയം ഏറ്റുമാനൂരെത്തും. രണ്ടുപേരുമായുള്ള യാത്രയില്‍ മീനച്ചല്‍ ഇടപ്പാടിയില്‍ നോക്കിവച്ച സ്ഥലത്താണ് പില്‍ക്കാലത്ത് ഗുരുസ്വാമികള്‍ ഒരു മയില്‍വാഹനപ്രതിഷ്ഠ നടത്തിയത്. ആ ക്ഷേത്രത്തില്‍ ഇന്നും ഉത്സവപരിപാടികള്‍ നാട്ടുകാരാഘോഷിക്കുന്നുണ്ട്.

മീനച്ചിലാറ്റിലെ കുളി സ്വാമികള്‍ക്ക് ഉല്ലാസപ്രദമായിരുന്നു. പേരൂര്‍ക്കടവില്‍ പ്രഭാതസ്‌നാനത്തിനെത്തിയാല്‍ വെയിലുറയ്ക്കുന്നതിനുമുമ്പ് തിരിച്ചുപോരും. അന്നു സ്വാമിയെ പതിവായി അനുഗമിച്ചിരുന്ന വടക്കേടത്ത് കുട്ടന്‍പിള്ള പ്രസ്താവിക്കുന്ന ഒരു വിവരം ഇവിടെ വക്തവ്യമാണ്. സ്വാമികള്‍ക്കു കുടല്‍ ശുദ്ധി ചെയ്യുന്ന ഒരേര്‍പ്പാടുണ്ട്. പാദം മൂടത്തക്ക വെള്ളത്തില്‍ ഇരുന്നിട്ടു പ്രാണായാമംകൊണ്ടു ജലം കുടലിനകത്തേയ്ക്കു വലിച്ചുകേറ്റി അര മണിക്കൂറോളം സമയം കഴിഞ്ഞു വിസര്‍ജ്ജിക്കുന്നു. ഇങ്ങനെ ഒരു ‘ഇനിമാ’ പ്രയോഗം കൂടെക്കൂടെ അവിടന്നു ചെയ്യാറുണ്ടായിരുന്നത്രേ. അതൊരു പരസ്യമായ പ്രകടനമായിരുന്നില്ല; ആരോഗ്യത്തിന് ആവശ്യമായ ഒരു പരിപാടിയായിട്ടാണ് അദ്ദേഹം ആ കാര്യം അനുഷ്ഠിച്ചിരുന്നത്.

ഏറ്റുമാനൂര്‍ വച്ച് ഒരു ചെണ്ടക്കാരനെ ചെണ്ടകൊട്ടിച്ച കഥ പ്രസിദ്ധമാണ്. ക്ഷേത്രത്തില്‍ ഉത്സവമേളങ്ങള്‍ തകൃതിയായി നടക്കുന്നു. മുണ്ടേംപിള്ളിമാരാരുടെ ഉരുട്ടുചെണ്ടപ്രയോഗം അന്നത്തെ ഉത്സവത്തിന്റെ ഒരു സവിശേഷതയായിരുന്നു. മേളത്തിനു ചെണ്ട മുറുക്കിത്തുടങ്ങി. ശ്രീമാന്‍ പറവൂര്‍ ഗോപാലപിള്ള ആ രംഗം ഇപ്രകാരം വര്‍ണ്ണിക്കുന്നു:

‘പ്രായാധിക്യം ചെന്ന ഒരു മാരാര്‍ ചെണ്ടയും തോളത്തിട്ട്, ഒരു തേഞ്ഞ കോലും കൈയില്‍ പിടിച്ച്, ‘വീക്കസ്ഥാനത്തു ചെന്നുനിന്നു താളത്തിന് ഒപ്പിച്ചു കൈ പൊക്കുകയും താഴ്ത്തുകയും ചെയ്യാനല്ലാതെ എനിക്കു കെല്പില്ല’ എന്നു സ്വഗതംചെയ്തു ക്ഷേത്രാധികാരികളെ പറ്റിക്കാനായി പോകുന്നതു ചട്ടമ്പിയുടെ ദൃഷ്ടിയില്‍പ്പെട്ടു. കിട്ടുന്ന കാശു മുഴുവന്‍ കൊടുക്കാമെന്നു പറഞ്ഞു കിഴവന്‍മാരാരെ സമ്മതിപ്പിച്ച് ചെണ്ടയും കോലും അദ്ദേഹം കയ്ക്കലാക്കി. ആരെ ചെണ്ടകൊട്ടിക്കാനാണ് ഈ ഉത്സാഹമെന്ന് ആര്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. ഉരുട്ടുചെണ്ടക്കാരുടെ കൂട്ടത്തില്‍ ചട്ടമ്പി ഒന്നാമത്തെ അണിയില്‍ ത്തന്നെ നിന്നു. ചെണ്ടയുടെ മൂപ്പ് പരീക്ഷിക്കുന്ന ഭാവത്തില്‍ ട്ടി-ട്ടിട്ടി എന്ന ശബ്ദം ഉരുട്ടന്മാരുടെ ഓരോ ചെണ്ടയില്‍നിന്നും പുറപ്പെട്ടു. താളത്തിനു ആജ്ഞയരുളുന്ന ഒന്നാമത്തെ കതിനാവെടി മുഴങ്ങി. ചെണ്ടക്കോലുകള്‍ പൊങ്ങി, കുറുകുഴല്‍, കൊമ്പ്, എലത്താളം ഇവയെല്ലാം ഒരുമിച്ചു കഠിന പോരാട്ടവും തുടങ്ങി. മേളം മുറുകിമുറുകി വരുന്നു. നിലകള്‍ ഒന്നും രണ്ടും കഴിഞ്ഞു. കൊട്ടുകാര്‍ എല്ലാവരും പാണ്ടിമേളാഹവത്തില്‍പ്പെട്ടു വിയര്‍ത്തുകുളിച്ചതുപോലെയായി. മുണ്ടേംപിള്ളി തന്നെ അളക്കുവാന്‍ വന്നിരിക്കുന്ന ചട്ടമ്പിയെ അവതാളത്തിലാക്കാന്‍ ചെണ്ട ഇടഞ്ഞു കൊട്ടിക്കേറി. ചട്ടമ്പി അയാളെ അനുഗമിച്ചു എന്നുതന്നെയല്ല, കുറേ മനോധര്‍മ്മവുംകൂടെ വച്ചു താങ്ങിക്കൊടുത്തു. മുണ്ടേംപിള്ളിയുടെ വലിച്ചുപിടിയും ചട്ടമ്പിയുടെ തെളിഞ്ഞയെണ്ണങ്ങളും അന്യോന്യം കുറേനേരം കൊണ്ടുപിടിച്ചു. ആളുകള്‍ ബലേ! ബലേ! എന്നാര്‍ത്തു. മേളം കലാശിച്ചപ്പോള്‍ മുണ്ടേംപിള്ളി ചട്ടമ്പിയെ സമീപിച്ച് ബഹുമാനസൂചകമായി ‘എവിടെയാണ് അഭ്യസിച്ചത്’ എന്നു ചോദിച്ചു. അതിനു ‘ഞാനെങ്ങും അഭ്യസിച്ചതും മറ്റുമല്ല. ഗുരുകടാക്ഷം കൊണ്ട് ഇങ്ങനെ ചിലതു വശമായി. അപ്പോള്‍ ഒന്നു പരീക്ഷിക്കാമെന്നുവച്ചു. അത്രയേ ഉള്ളു’ എന്നു സമാധാനം പറഞ്ഞു.’

കൈത്തണ്ടില്‍ കുന്നിക്കുരുവച്ച് അതു താഴെവീഴാതെ ചെണ്ടകൊട്ടി പരിശീലിച്ചിരുന്ന കഥ സ്വാമികള്‍ പറയാറുണ്ടായിരുന്നു. മേളസാമഗ്രികളില്‍ അനിതരസാധാരണമായ പ്രയോഗസാമര്‍ത്ഥ്യം അദ്ദേഹത്തിനുണ്ടായിരുന്ന സംഗതി പ്രസിദ്ധമാണ്. ഏറ്റുമാനൂര്‍വച്ചു പിന്നീടൊരിക്കല്‍ തിമില കൊട്ടി അദ്ദേഹം കാണികളെ അത്ഭുതപ്പെടുത്തി. ശ്രീഭൂതബലിക്ക് താഴമണ്‍തന്ത്രി ബലിതൂകുകയായിരുന്നു. ബലിക്രിയയ്ക്കനുസരിച്ചു തിമിലകൊട്ടു ശരിപ്പെട്ടുകണ്ടില്ല. ആ സമയം മാരാരുടെ സമീപം നിന്ന സ്വാമികള്‍ തിമില കൈയില്‍ വാങ്ങി കൊട്ടിത്തുടങ്ങി. തന്ത്രിക്ക് ഉത്സാഹം വര്‍ദ്ധിച്ചു. വിധിപ്രകാരവും ക്ലേശലേശമില്ലാതെയും തിമിലപ്രയോഗം വന്നപ്പോള്‍ അന്നത്തെ ശ്രീഭൂതബലി തന്ത്രശാസനയ്ക്കനുസരണമായിത്തന്നെ നടന്നു. തന്ത്രിക്കും സമീപവാസികള്‍ക്കും ചട്ടമ്പിയുടെ ഈ തിമിലവായന അവിസ്മരണീയമായിരുന്നു.

ഏറ്റുമാനൂര്‍ താമസിക്കുമ്പോഴായിരുന്നു സ്വാമികളുടെ മാതാവിന്റെ നിര്യാണം. പിതാവ് അതിനുമുമ്പു തന്നെ പരഗതിയെ പ്രാപിച്ചു. അമ്മയുടെ സുഖക്കേടു നേരത്തെ ഗ്രഹിച്ച സ്വാമികള്‍ സ്വദേശത്തുപോയി ചരമാവസരം മാതാവിനുവേണ്ട ശുശ്രൂഷാദികള്‍ ചെയ്തു ഗൃഹംവിട്ടു. അതിനുശേഷം അദ്ദേഹം സ്വന്തം ഭവനത്തില്‍ കാലു കുത്തിയിട്ടില്ല.

‘ക്രിസ്തുമതനിരൂപണം’ എന്ന ഗ്രന്ഥം സ്വാമികള്‍ രചിച്ചത് ഈ കാലഘട്ടത്തിലാണ്. പുസ്തരൂപത്തിലുള്ള അവിടത്തെ ആദ്യത്തെ നിബന്ധനമാണ് പ്രസ്തുത ഗ്രന്ഥം. ക്രിസ്തീയമതപ്രവാചകന്മാരുടെ പൊതുനിരത്തുകളിലെ പ്രസംഗങ്ങളും മതപരിവര്‍ത്തനവും ഹിന്ദുമതപ്രാസംഗികന്മാരെ ക്ഷോഭിപ്പിച്ചു. തന്മൂലം ആ സംരംഭങ്ങള്‍ക്ക് ഒരു പ്രതിവിധി കണ്ടുപിടിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായി. സ്വാമികളുടെ ശിഷ്യവര്‍ഗ്ഗത്തില്‍പ്പെട്ട ഏറത്ത് കൃഷ്ണനാശാന്‍ അന്ന് ഓച്ചിറ തുടങ്ങിയ ദിക്കുകളിലും, കാളിയാങ്കന്‍ നീലകണ്ഠപ്പിള്ള ഏറ്റുമാനൂര്‍ മുതലായ സ്ഥലങ്ങളിലും മതപ്രഭാഷണങ്ങള്‍ നടത്തിവരികയായിരുന്നു. പ്രസംഗങ്ങളില്‍ ഉപദേശികളെ എതിര്‍ക്കേണ്ട ആവശ്യം നേരിട്ട അവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനു സ്വാമികളെയാണ് അഭയംപ്രാപിച്ചത്. ആ ആവശ്യത്തിലേയ്ക്കുവേണ്ടി സത്യവേദപുസ്തകം വീണ്ടും വീണ്ടും പഠിച്ച് ബൈബിളിലെ മതസാരവും അതിനെ മൂടിക്കിടന്ന കഥാഭാഗങ്ങളും അനാവരണം ചെയ്ത് സ്വാമികള്‍ പറഞ്ഞുകൊടുത്തതിനെ ശിഷ്യന്മാര്‍ പ്രസംഗത്തില്‍ പ്രയോഗിച്ചെങ്കിലും പുസ്തകരൂപത്തില്‍ പ്രകാശിപ്പിക്കാന്‍ ചില സ്‌നേഹിതന്മാര്‍ മുതിര്‍ന്നതു നിമിത്തമാണ് ‘ക്രിസ്തുമതനിരൂപണം’ എന്ന ഗ്രന്ഥം നമുക്കു ലഭിച്ചത്. മതപരമായ നിരൂപണം ആയതുകൊണ്ട് ക്രിസ്ത്യാനികളില്‍ ഒരു ഭാഗക്കാരുടെ സ്വാഭാവികമായ എതിര്‍പ്പ് പുസ്തകം സമ്പാദിച്ചു.

ക്രിസ്തുമതത്തില്‍ സ്വാമികള്‍ക്കുള്ള പരിജ്ഞാനത്തിന് ഈ ഗ്രന്ഥംതന്നെ നിദര്‍ശനം. പുസ്തകം ഒന്നു മറിച്ചുനോക്കിയാല്‍ കാണാം സത്യവേദപുസ്തകത്തെ അവിടന്ന് എത്രകണ്ടു സൂക്ഷ്മമായി പഠിച്ചിട്ടുണ്ടെന്നും ആ മതത്തെ സംബന്ധിച്ചുള്ള എത്ര അധികം പുസ്തകങ്ങളിലെ ആശയങ്ങള്‍ ഗ്രഹിച്ചുവച്ചിട്ടുണ്ടെന്നും. ആംഗലഭാഷാനഭിജ്ഞനായ സ്വാമികള്‍ക്ക് ആ ഭാഷയിലുള്ള ഗ്രന്ഥങ്ങള്‍ മനസ്സിലാക്കാന്‍ സഹായഹസ്തം നല്‍കിയത് അവിടത്തെ സ്‌നേഹിതനും പ്രസിദ്ധ ഫിലോസഫി പ്രഫസറുമായ സുന്ദരംപിള്ള എം. എ. ആയിരുന്നു. അങ്ങനെ ലഭിച്ച വിവരങ്ങളെ അടുക്കും ചിട്ടയും തെറ്റാതെ വാദമാര്‍ഗ്ഗത്തില്‍ നിരത്തിവച്ച് സ്വാമികള്‍ വില തിട്ടപ്പെടുത്തിയിട്ടുണ്ട്. ഗ്രന്ഥനിര്‍മ്മിതിയില്‍ ദ്വേഷബുദ്ധി ദര്‍ശിച്ച ഒരു സംശയാലുവിന് അവിടന്നു നല്‍കിയ മറുപടി ഇതാണ്:

‘ക്രിസ്തുമതാദര്‍ശം അനുസരിച്ചു മാത്രമാണു ഞാന്‍ അതിനെ ഛേദിച്ചിട്ടുള്ളത്. എല്ലാത്തിനേയും പരിശോധിക്കണമെന്നും നല്ലതിനെ മുറുകെ പിടിക്കണമെന്നും ഉള്ളത് അവരുടെ പ്രമാണമാണ്. അതുപോലെ ഞാനും പരിശോധിച്ചു. ഒരു വസ്തുവിന്റെ അന്തര്‍ഭാഗത്തു കിടക്കുന്നവയെ പരിശോധിക്കണമെങ്കില്‍ ഛേദിക്കാതെ എന്താ നിവൃത്തി. ബീജം കണ്ടെത്തണമെങ്കില്‍ ഫലം പൊട്ടിച്ചു തൊണ്ടു മാറ്റി നോക്കണം. അതുകൊണ്ടു ഞാന്‍ അങ്ങനെ ചെയ്തു. എന്റെ ഛേദനം അധികം ഉപകാരമായി ഭവിച്ചത് അവര്‍ക്കാണ്. തന്നത്താനെ അറിയാന്‍ അതു പലര്‍ക്കും ഉപകാരപ്പെട്ടു എന്നു ചില ക്രിസ്ത്യന്‍ സ്‌നേഹിതന്മാര്‍ എന്നോടു പറഞ്ഞിട്ടുണ്ട്.’

ക്രിസ്തുമതനിരൂപണത്തില്‍ ക്രിസ്തുമതസാരവും ക്രിസ്തുമതഛേദനവും ഉള്‍പ്പെടുന്നു. ക്രിസ്തുമത തത്ത്വങ്ങളെ പ്രാധാന്യമനുസരിച്ചു വരമ്പിട്ടു തിരിച്ച് കേവലം 21 പുറങ്ങളില്‍ ഒതുക്കിനിര്‍ത്തിയിരിക്കുന്ന ക്രിസ്തുമതസാരം ആ മതത്തിന്റെ രത്‌നച്ചുരുക്കമാണ്. ആ ഭാഗത്തെ ക്രിസ്തീയപുരോഹിതന്മാരും മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. സ്വാമികള്‍തന്നെ ഗ്രന്ഥാരംഭത്തില്‍ പറയുന്നു:

‘എന്റെ ഈ ഉപക്രമം ക്രിസ്തുമതത്തിന്റെ തത്ത്വത്തെ ഏഴകളായിരിക്കുന്ന ജനങ്ങളുടെ ഹൃദയത്തില്‍ ധരിപ്പിക്കുന്നതിനാകുന്നു.’

ദൈവത്തിന്റെ രൂപം, ജീവലക്ഷണം, പാശനിരൂപണം, ജീവകൃത്യം, ജീവഭോഗം, മുക്തിസാധനം, നീതിവിധി, പവിത്രാത്മകൃത്യം, നിഗ്രഹാനുഗ്രഹം, മുക്തി എന്നിവയാണ് ക്രിസ്തുമതസാരത്തിലെ പ്രമേയങ്ങള്‍. ജീവഭോഗവിവരണത്തില്‍ ഒരു നീണ്ട വാചകം കൊണ്ട് ആനയെ അളുക്കിലടയ്ക്കുന്നതുപോലെ യേശുചരിതം മുഴുവനും അടക്കിനിര്‍ത്തിയിരിക്കുന്നതു നോക്കുക:

‘സൃഷ്ടിക്കു പിന്‍പ് 4005 വത്സരശേഷം, പിതാവ്, പുത്രന്‍, പവിത്രാത്മാവ് എന്നിവരില്‍ പുത്രനായ ക്രിസ്തു ഭൂമിയില്‍ ഏഷ്യാഖണ്ഡത്തെ തുലുക്കദേശത്തെ ‘കനാനെന്ന’ നാട്ടില്‍ ‘യോസപ്പ്’ എന്നവനു ഭാര്യയായിട്ടു നിയമിക്കപ്പെട്ട ‘മര്യാള്‍’ എന്നവളുടെ വയറ്റില്‍ പവിത്രാത്മാവിനാല്‍ ഉണ്ടാക്കപ്പെട്ട ഗര്‍ഭപിണ്ഡത്തില്‍ വന്നകപ്പെട്ടു. മനുഷ്യത്വവും ദേവത്വവും ഉള്ളവനായി ജനിച്ചുവളര്‍ന്നു പണ്ഡിതന്മാരോടു പ്രസംഗിച്ചുനടന്നു 30 വയസ്സില്‍ യോവാനോടു സ്‌നാനമേറ്റ് പവിത്രാത്മാവിന്റെ ആവേശവും സിദ്ധിച്ച് 40 ദിവസംവരെയും കാട്ടില്‍ ഭക്ഷണം കൂടാതെ ഇരുന്നു പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട്, മനുഷ്യരെ വഞ്ചിച്ച പിശാചിനെ താന്‍ ജയിച്ച് അത്ഭുതങ്ങളെ ചെയ്തു മനുഷ്യര്‍ ലംഘിച്ച കല്പനകളെ താന്‍ അനുഷ്ഠിച്ചുകാണിച്ചു മതബോധകന്മാരായ അപ്പോസ്തലന്മാരെ ആജ്ഞാപിച്ച് ഏര്‍പ്പെടുത്തി ജ്ഞാനജ്ഞാപക സംസ്‌ക്കാരങ്ങളെ നിയമിച്ചു മനുഷ്യരുടെ സകല പാപങ്ങളേയും താന്‍ ഏറ്റുകൊണ്ട് അവരനുഭവിക്കേണ്ടതായ വേദനകളെ താന്‍തന്നെ അനുഭവിച്ചുകൊണ്ടു കുരിശില്‍ തറയ്ക്കപ്പെട്ടു സര്‍വ്വ പാപബലിയായി മരിച്ച് മൂന്നാംദിവസം ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗമണ്ഡപത്തില്‍ കയറി പിതാവായ യഹോവയുടെ വലത്തുവശത്തിരിക്കുന്നു.’

പവിത്രാത്മകൃത്യത്തെപ്പറ്റി പ്രതിപാദിച്ചിട്ട് ക്രിസ്തുമതസാരം ഇങ്ങനെ ഉപസംഹരിക്കുന്നു:

‘ക്രിസ്തുമതത്തിനെ അറിഞ്ഞു സകല മനുഷ്യരും തന്റെ പാപത്തെക്കുറിച്ച് ഉണര്‍ന്നു പശ്ചാത്താപപ്പെട്ടു ബൈബിള്‍വിധിപ്രകാരം യേശുക്രിസ്തുവില്‍ വിശ്വാസമുണ്ടായി ക്രിസ്തുഭക്തിസമൂഹമായ ശ്രീസഭയില്‍ ചേര്‍ന്നു സ്‌നാനം, നല്‍ക്കരുണ എന്ന സംസ്‌ക്കാരങ്ങളെച്ചെയ്തു ദേവനെ പ്രാര്‍ത്ഥിച്ച്, ദൃഢവിശ്വാസത്തോടുകൂടി ദൈവപുണ്യം സമ്പാദിച്ചുകൊണ്ടു ബൈബിളിനെ ഓതി ഉണര്‍ന്ന് എല്ലാവരോടും പ്രസംഗിച്ചുകൊണ്ടു നിലയില്‍നിന്നും തെറ്റാതെ ഇരിക്കേണ്ടതാകുന്നു.

മേല്‍പ്രകാരം പ്രബോധനം നല്‍കുന്ന സ്വാമികള്‍ തന്നെയാണു ക്രിസ്തുമതഛേദനവും എഴുതിയത്. പ്രസ്തുതഭാഗം ഒരു ദീര്‍ഘനിരൂപണമാണ്. ‘വയ്‌ക്കോല്‍ കെട്ടാന്‍ വള്ളി വയ്‌ക്കോലില്‍ത്തന്നെ’ എന്നു പറഞ്ഞപോലെ ബൈബിളിലെ വാക്യങ്ങളെ പരസ്പരം തട്ടിച്ചുകൊണ്ടാണു സ്വാമികള്‍ ഖണ്ഡനം നിര്‍വ്വഹിക്കുന്നത്. അതും അനുമാനങ്ങളെ ആധാരമാക്കിക്കൊണ്ടല്ല; പ്രമാണവചനങ്ങളെ പ്രധാനമാക്കിക്കൊണ്ടാണ്. ക്രിസ്തുമതഖണ്ഡനത്തിനു തുനിയുമ്പോള്‍ നിരൂപകനു രണ്ടുപാധികളെ ആശ്രയിക്കാം. ക്രിസ്തുമതത്തിലെ പ്രമേയങ്ങളെ വിശ്വവ്യാപ്തിയുള്ള ഇതര മതങ്ങളിലെ അടിസ്ഥാന തത്ത്വങ്ങളുമായി താരതമ്യവിവേചനം ചെയ്തു മൂല്യനിര്‍ണ്ണയം ചെയ്യുകയാവാം ഒന്ന്. മറ്റേത്, പ്രസ്തുതമതത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പും പിമ്പുമുള്ള ചരിത്രവസ്തുതകളുടെ പശ്ചാത്തലത്തില്‍ ബൈബിള്‍കഥകളെ പരിശോധിച്ചു സത്യാന്വേഷണപരീക്ഷണം ചെയ്യുകയാകുന്നു. ഇവ രണ്ടുമല്ല, സ്വാമികള്‍ക്കു സമീചീനമായി തോന്നിയ മാര്‍ഗ്ഗം. സത്യവേദപുസ്തകത്തില്‍ പരസ്പരവിരുദ്ധമായി മുഴച്ചുകണ്ട അംശങ്ങളെ എടുത്തുകാട്ടി അവയുടെ നിരര്‍ത്ഥകതയെ വ്യവസ്ഥാപനംചെയ്യുവാനാണ് അദ്ദേഹം മുതിര്‍ന്നത്. മറ്റു കാര്യങ്ങള്‍ക്ക് അത്ര പ്രാധാന്യം അദ്ദേഹം നല്‍കിക്കാണുന്നില്ല. വേദഗ്രന്ഥത്തിന്റെ ഉള്ളറയിലേയ്ക്കു കടന്ന് ഒരു ഗാഢപരിശോധന നടത്തി അവിടെ കണ്ടവസ്തുതകളെ നിര്‍ഭയം അദ്ദേഹം പ്രസ്താവിച്ചു എന്നുമാത്രം. ക്രിസ്തുമതത്തെ ആക്ഷേപിക്കാന്‍ കരുതിക്കൂട്ടി തൊടുത്തുവിട്ട ആക്ഷേപശരങ്ങളല്ല ഈ പുസ്തകത്തിലെ സിദ്ധാന്തങ്ങള്‍.

ക്രിസ്തുമതഛേദനത്തില്‍ കൃത്യനിമിത്തം, ഉപാദാനം, ആദ്യസൃഷ്ടി, ദുര്‍ഗുണം, ക്രിസ്തുചരിതം, നിഗ്രഹാനുഗ്രഹം, പവിത്രാത്മചരിതം, ത്രേ്യകത്വം, പശുപ്രകരണം, ജന്മപാപം, ഗതിപ്രകരണം, മുക്തിസാധനം എന്നിങ്ങനെ പല ശീര്‍ഷകങ്ങളിലായിട്ടാണ് യുക്ത്യനുമാനങ്ങള്‍ ചെയ്തിരിക്കുന്നത്. സ്വാമികളുടെ സമീപനരീതിയെ കാണിക്കാന്‍ ഒരുദാഹരണം മതിയാകും. യഹോവയുടെ സ്വരൂപത്തെപ്പറ്റി നിരൂപിക്കുന്നതു നോക്കുക:

‘ഇനി ആദ്യപുസ്തകം (1-അ 26. 27-വാ) ദൈവം തന്റെ രൂപമായിട്ടു മനുഷ്യനെ സൃഷ്ടിച്ചു എന്നു കാണുന്നു. അപ്പോള്‍ യഹോവ അരൂപിയോ സ്വരൂപിയോ? ഒരിക്കലും സ്വരൂപിയല്ല. അരൂപിതന്നെയാണ് എങ്കില്‍ അരൂപമായ രൂപത്തിലല്ലയോ സൃഷ്ടിച്ചിരിക്കൂ. ഇപ്പോള്‍ മനുഷ്യരെന്നു പറയപ്പെട്ടുവരുന്ന മനുഷ്യരെത്തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നുവരികില്‍ സൃഷ്ടിച്ച ദൈവം അരൂപിയല്ല; സ്വരൂപിയത്രേ.

‘ഹെ! അങ്ങനെയല്ല, തന്റെ സ്വരൂപമെന്നു പറഞ്ഞതിനര്‍ത്ഥം ശരീരമല്ല, ആത്മാവ് എന്നാണെങ്കില്‍ യഹോവ സൃഷ്ടിച്ചതു ശരീരത്തെയോ ആത്മാവിനെയോ രണ്ടിനേയുംകൂടിയോ? (ആദിപുസ്തകം 2. അ. 7 വാ) യഹോവാ മനുഷ്യനെ മണ്ണുകൊണ്ടു സൃഷ്ടിച്ച് ജീവശ്വാസത്തെ മൂക്കില്‍ക്കൂടി ഊതി മനുഷ്യനെ ജീവാത്മാവാക്കി എന്നു കാണുകയാല്‍ സൃഷ്ടിച്ചതു ശരീരത്തെ മാത്രമെന്നു തെളിവാകുന്നു. സൃഷ്ടിച്ചത് തന്റെ രൂപത്തിലെന്നിരിക്കകൊണ്ടും ആത്മാവ് ദൈവത്തിന്റെ ജീവശ്വാസമാകയാല്‍ അതു സൃഷ്ടിക്കപ്പെട്ടതല്ലെന്ന് ഇരിക്കയാലും ആത്മാവിനെയല്ല ശരീരത്തെയാണു സൃഷ്ടിച്ചത്.’

‘ജ്ഞാനത്തിന്റെ വടിവില്‍ സൃഷ്ടിച്ചു എന്നു പറയുന്നതില്‍ ഇനിയും വലിയ ദോഷമിരിക്കുന്നു. അതായത് ആദിമ മനുഷ്യനെ ജ്ഞാനത്തിന്റെ രൂപമായിട്ടാണു സൃഷ്ടിച്ചതെങ്കില്‍ അവനു സ്വാഭാവികമായിട്ടു ജ്ഞാനം പ്രകാശിക്കാതെയിരിക്കുമോ? പ്രകാശിച്ചിരുന്നുയെങ്കില്‍ ഗുണദോഷങ്ങളെ തിരിച്ചറിയാതെയിരിക്കുമോ? അറിഞ്ഞിരുന്നുയെങ്കില്‍ തന്റെ സ്ത്രീ പിശാചായ സര്‍പ്പത്തിന്റെ കൈവശപ്പെട്ടുപോകുമോ? അവള്‍ വശപ്പെട്ടുപോയാലും അവളുടെ വാക്കിനെ ഇവന്‍ കേള്‍ക്കുമായിരുന്നോ? ഇല്ലല്ലോ. അതുകൊണ്ടു സ്വരൂപമെന്നത് അറിവല്ലാ ശരീരംതന്നെയാണ്.’

‘ഇനിയും സ്വരൂപം എന്നുള്ളതിന് അര്‍ത്ഥം, അറിവ് എന്നാണെങ്കില്‍ മനുഷ്യന്‍ കനി തിന്നുന്നതിനു മുമ്പിലുണ്ടായിരുന്ന ജ്ഞാനമേ ദൈവത്തിനുള്ളു എന്നും അപ്പോള്‍ കനി തിന്നതിന്റെ ശേഷമുണ്ടായ ഗുണദോഷജ്ഞാനംപോലും ദൈവത്തിനില്ലെന്നും ഒരുവേള ഉണ്ടെന്നു പറയുന്നപക്ഷം യഹോവായും ഈ കനിയെ എപ്പോഴോ ഒരിക്കല്‍ തിന്നിട്ടാണു ഗുണദോഷജ്ഞാനം വന്നിട്ടുള്ളതെന്നും സ്വാഭാവികമായിട്ട് ഈ ജ്ഞാനം ഇല്ലെന്നും തീര്‍ച്ചയാകും എന്നാകുന്നു.’

‘പിന്നേയും മണ്ണുകൊണ്ടുണ്ടാക്കിയതെന്നും മൂക്കില്‍ ഊതിയെന്നും കല്പനകൊടുത്തുയെന്നും കാണുന്നല്ലോ. ഇതിലേയ്ക്കു കൈയ്, വായ്, മൂക്ക് ഇവകളും, ദൈവംവരുന്ന ശബ്ദത്തെ കേട്ടുയെന്നു കാണുകയാല്‍ ശബ്ദം കേള്‍ക്കുമാറ് നടക്കുന്നതിലേയ്ക്കു കാലുകളും, കായന്‍, നൊവാ മുതലായവര്‍ക്കു കാണപ്പെട്ടു എന്നിരിക്കയാല്‍ രൂപവും കൂടാതെ എങ്ങനെയാണ്?’

‘ഇനിയും ആദം നഗ്നനാകകൊണ്ടു ലജ്ജിച്ച് ഒളിച്ചിരുന്നു എന്നു കാണുന്നു. അപ്പോള്‍ അരൂപിയെ കാണുന്നതിനോ കാണാതെ ലജ്ജിക്കുന്നതിനോ ആര്‍ക്കെങ്കിലും ഇടവരുമോ? – ഇല്ലല്ലോ. ഇതെല്ലാംകൊണ്ടു നോക്കുമ്പോള്‍ യഹോവാ സ്വരൂപിയെന്നുതന്നെ നിശ്ചയിക്കപ്പെടുന്നു.’