പ്രാചീനമലയാളം

ജസ്റ്റിസ് കെ.ഭാസ്കരപിള്ളയുടെ ‘ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം ആറ്

സ്വാമികളുടെ വടക്കന്‍സഞ്ചാരത്തിനിടയില്‍ തെക്കന്‍ദിക്കിലെ സാമൂഹ്യചക്രവാളത്തില്‍ ഒരു നവോത്ഥാനത്തിന്റെ പ്രകാശം തിളങ്ങിക്കണ്ടു. വളരുവാനും വികസിക്കുവാനുമുള്ള വാസന നായരീഴവസമുദായമണ്ഡലങ്ങളില്‍ ഓളംവെട്ടി നായന്മാരെ സമുദ്ധരിക്കുവാന്‍ സമുദായോത്തേജകന്‍ സി. കൃഷ്ണപിള്ള തീവ്രമായ ശ്രമങ്ങള്‍ ചെയ്തുതുടങ്ങിയ കാലമായിരുന്നു അന്ന്. എന്നാല്‍ ബഹുനായകത്വംമൂലം ഭിന്നകോണുകളെ ആശ്രയിച്ചവരെ ഒരു കുടയ്ക്കു കീഴില്‍ കൊണ്ടുവരുവാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. അതുകൊണ്ട് നായര്‍സമുദായ പരിഷ്‌കരണം അത്ര സുകരമായിരുന്നില്ല. ഈ അവസരത്തിലാണ് ഈഴവസമുദായം ശ്രീനാരായണധര്‍മ്മപരിപാലനയോഗം സ്ഥാപിച്ച് ഗുരുസ്വാമികളെ മതാദ്ധ്യക്ഷനായി അവരോധിക്കുവാന്‍ തയ്യാറായത്. ജീവിതശുദ്ധി, ത്യാഗസന്നദ്ധത, കര്‍മ്മകുശലത എന്നീ ഗുണങ്ങള്‍ ഗുരുസ്വാമികളെ അനുസരിക്കുവാന്‍ ഈഴവര്‍ക്കു പ്രചോദനം നല്‍കി. ഔദ്യോഗികരംഗത്തില്‍ തീരെ പ്രാതിനിദ്ധ്യം ഇല്ലാതിരുന്ന ഈഴവസമുദായത്തെ അഭിവൃദ്ധ്യുന്മുഖമാക്കാന്‍ ഗുരുസ്വാമികള്‍ ചില ആചാരപദ്ധതികള്‍ ആവിഷ്‌കരിച്ചു. അവയെ ആ സമുദായാംഗങ്ങള്‍ ഭക്തിവിശ്വാസപൂര്‍വ്വം അംഗീകരിക്കുകയും ആ ജനവിഭാഗം ബലമേറിയ അടിസ്ഥാനത്തില്‍ ഉയര്‍ന്നുപൊങ്ങുകയും ചെയ്തു.

ഈ അവസരത്തില്‍, തങ്ങളുടെ നിലയെ പുനരവലോകനം ചെയ്യുവാന്‍ നായന്മാര്‍ മുതിര്‍ന്നു. ആ ശ്രമത്തിന്റെ പരിണതഫലമാണ് സദാനന്ദസ്വാമികളുടെ ബ്രഹ്മനിഷ്ഠാമഠസ്ഥാപനങ്ങളിലും ചട്ടമ്പിസ്വാമികളെ സാമുദായികരംഗത്തു കൊണ്ടുവരുവാനുള്ള യത്‌നങ്ങളിലും നാം കാണുന്നത്. അപാരമായ വൈദുഷ്യം, വശ്യമായ വാഗ്‌വൈഭവം, മുന്തിയ സംഘടനാപാടനം എന്നീ ഗുണങ്ങളുടെ സങ്കേതസ്ഥാനമായ സ്വാമി സദാനന്ദന് തലസ്ഥാനനഗരിയില്‍ ഒരു നവോന്മേഷം ജനിപ്പിക്കുവാന്‍ സാധിച്ചു. ജനസമുദായത്തിന്റെ ക്ഷേമൈശ്വര്യാര്‍ത്ഥം ബ്രഹ്മനിഷ്ഠാമഠങ്ങള്‍ പല സ്ഥലത്തും ഉദയംചെയ്തു. അധികാരസമ്പന്നന്മാരെ സ്വാധീനമാക്കിയതുകാരണം സദാനന്ദസ്വാമികള്‍ക്ക് മതപ്രചരണം സുഗമമായിരുന്നു. എന്നാല്‍ ചില വിപരീതശക്തികളെ പിന്നീടു നേരിടേണ്ടിവരികയാല്‍ അദ്ദേഹത്തിന്റെ ഉത്സാഹതീക്ഷ്ണത മന്ദീഭവിക്കുയാണ് ചെയ്തത്. സ്വാമി സദാനന്ദനെപ്പറ്റി അത്ഭുതാദരത്തോടുകൂടിയേ നമുക്കു സ്മരിക്കാനാകൂ. അദ്ദേഹം തികച്ചും ഒരു സമുദായപരിഷ്‌ക്കര്‍ത്താവായിരുന്നു. തന്റെ സമുദായത്തിന്റെ ഉല്‍ക്കര്‍ഷം ഉള്ളില്‍ ഒതുക്കിക്കൊണ്ടാണ് അദ്ദേഹം ജനസേവനം നടത്തിയത്. അദ്ദേഹത്തിന്റെ പ്രഭാഷണചാതുരിയേക്കാളും സംഘടനാവൈഭവമാണു പ്രശംസനീയം. സദാനന്ദസ്വാമികളെ എതിര്‍ത്തവര്‍ അന്ന് അദ്ദേഹത്തിനു ശക്തിയായ പിന്തുണ നല്‍കിയിരുന്നുവെങ്കില്‍ ഇന്നു ബലിഷ്ഠവും സുന്ദരവുമായ ഒരു ഹൈന്ദവസംഘടന തലയുയര്‍ത്തി നില്‍ക്കുമായിരുന്നു.

ചട്ടമ്പിസ്വാമികളെ സമുദായാചാര്യനായി പ്രതിഷ്ഠിക്കുവാന്‍ നായന്മാരില്‍ ചിലര്‍ ചെയ്ത ശ്രമത്തിനു അവിടത്തെ പ്രതികരണം അനുകൂലമായിരുന്നില്ല. ‘നാരായവേരില്ലാതെ നില്‍ക്കുന്ന ഒരു സമുദായത്തെ’ ഉദ്ധരിക്കുവാനുള്ള യത്‌നം വിജയപ്രദമാകുമോ എന്ന കാര്യത്തില്‍ അവിടന്നു സംശയിച്ചു. തന്മൂലം നേതൃസ്ഥാനം സ്വാമികള്‍ നിരാകരിക്കുകയാണു ചെയ്തത്. എന്നാല്‍ ശ്രീനീലകണ്ഠതീര്‍ത്ഥപാദരുടെ സേവനങ്ങളെ ആവഴിക്കു തിരിച്ചുവിടുവാന്‍ അവിടത്തേയ്ക്കു സാധിച്ചു. ജ്ഞാനസമ്പന്നനും യോഗനിഷ്ഠനുമായ തീര്‍ത്ഥപാദര്‍ നായന്മാരുടെ പഴകിയ ആചാരനീതികളെ പിഴുതെറിഞ്ഞ് ഒരു നൂതനവ്യവസ്ഥിതിയുടെ വിത്തുപാകുവാന്‍ ബദ്ധപരികരനായി കണ്ടപ്പോള്‍ സമുദായാഭിമാനികള്‍ സന്തോഷിച്ചു. ഈ ശ്രമത്തില്‍, ശിഷ്യന്റെ പ്രവൃത്തിയെ ലഘൂകരിക്കുന്നതിനു ചില സംഗതികള്‍ സ്വാമികള്‍ക്കും ചെയ്യേണ്ടിവന്നു. വിപുലമായ ഗ്രന്ഥപരിചയവും പ്രബലമായ പ്രജ്ഞയും അവിടത്തെപ്പോലെ മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല. അനുഭവങ്ങള്‍കൊണ്ടും അനുമാനംകൊണ്ടും അവിടന്നു കണ്ടെത്തിയ ഗവേഷണഫലങ്ങളെ പരോപകാരപ്രദമാക്കിത്തീര്‍ക്കണമെന്നുള്ള ആശ്രിതന്മാരുടെ നിര്‍ബ്ബന്ധത്തെ പുരസ്‌ക്കരിച്ചാണ് ‘പ്രാചീനമലയാളം’ എന്ന ഗ്രന്ഥനിര്‍മ്മിതിക്കു കഥാനായകന്‍ തുനിഞ്ഞത്. അനേകവര്‍ഷങ്ങളിലെ ശ്രമത്തിന്റെ ഫലമായി മൂന്നു ഭാഗങ്ങളില്‍ പ്രസ്തുത ഗ്രന്ഥത്തിന് ഒരു സാമാന്യരൂപം കൊടുക്കുവാന്‍ അവിടത്തേയ്ക്കു കഴിഞ്ഞു. സഞ്ചാരവേളകളില്‍ സൗകര്യമുള്ള സ്ഥാനത്തിരുന്നു കുറേ ഭാഗങ്ങള്‍ എഴുതും; അവ അവിടെയുള്ള ശിഷ്യന്മാരെ ആരെയെങ്കിലും പകര്‍ത്തി സൂക്ഷിക്കുവാന്‍ ഏല്പിക്കും; ഇതായിരുന്നു ഗ്രന്ഥരചനാപ്രണാളിയുടെ ഗതി.

പ്രാചീനമലയാളത്തിന്റെ എഴുത്തുപ്രതികള്‍ പലരുടേയും കൈയില്‍ അകപ്പെട്ടുപോയതുനിമിത്തവും ഗ്രന്ഥകാരന്‍ സ്വന്തമായി ഒരസല്‍പ്രതി സൂക്ഷിക്കാത്തതുകാരണവും ആ ഗ്രന്ഥപരമ്പര പൂര്‍ത്തിയായി പ്രസിദ്ധീകരിക്കുവാന്‍ നിവൃത്തിയില്ലാതെ വന്നുകൂടി. പ്രസ്തുത പുസ്തകത്തിന്റെ ഒന്നാം ഭാഗം മാത്രമേ അച്ചടിച്ചു കണ്ടിട്ടുള്ളൂ. കേരളത്തിന്റെ പൂര്‍വ്വചരിത്രം പരിശോധിച്ചു നായന്മാരുടെ സ്ഥാനോന്നതിയെ സ്ഥാപിക്കുകയാണ് ഒന്നാംഭാഗം കൊണ്ടു സാധിക്കുന്നത്. രണ്ടാം പുസ്തകത്തില്‍, നമ്പൂരി, എമ്പ്രാന്‍, പോറ്റി എന്നിവര്‍ നായന്മാര്‍ ആണെന്നു ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. പഴയ ഗ്രന്ഥങ്ങളുടെ കിട്ടിയിടത്തോളമുള്ള ഭാഗങ്ങളെ ചേര്‍ത്തു മൂന്നാംഭാഗം പ്രസിദ്ധം ചെയ്യണമെന്നായിരുന്നു ഉദ്ദേശ്യം. പഴയ പാട്ടുകളിലേയും സംസ്‌കൃതഗ്രന്ഥങ്ങളിലേയും പ്രസക്തഭാഗങ്ങളുടെ സമഞ്ജസമായ സന്നിവേശം പ്രാചീനമലയാളത്തിന്റെ ഏതുപുറത്തും കാണാം. പൂര്‍വ്വപക്ഷങ്ങളെ ഖണ്ഡിക്കുന്നത് പ്രമാണവചനങ്ങളെ പൂര്‍ണ്ണമായും ആധാരമാക്കിക്കൊണ്ടാണ്. ഒരു വിദഗ്ദ്ധതാര്‍ക്കികന്റെ യുക്തിന്യായങ്ങളിലൂടെയുള്ള ഞാണിന്മേല്‍ക്കളി കാണുമ്പോള്‍ നൈസര്‍ഗ്ഗികമായ ബുദ്ധിയും അഭ്യാസലബ്ധമായ വിരുതുംകൂടി കലര്‍ന്നു സുവര്‍ണ്ണത്തിനു സൗരഭ്യം വന്നാലുള്ള അവസ്ഥയാണ് അനുവാചകന് അനുഭവപ്പെടുക.

ആകെ പത്ത് അദ്ധ്യായങ്ങളില്‍ പ്രാചീനകേരളത്തിന്റെ ഒരു രൂപരേഖ വരച്ച് മലയാളബ്രാഹ്മണരെ പരശുരാമന്‍ കൊണ്ടുവരികയോ മലയാളഭൂമി ദാനംചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ബ്രാഹ്മണപരങ്ങളായ സഹ്യാദ്രിഖണ്ഡം, കേരളമാഹാത്മ്യം, കേരളോല്പത്തി മുതലായ ഗ്രന്ഥങ്ങളില്‍നിന്ന് ഉദ്ധരിച്ച് സ്ഥാപിച്ചും, മലയാള ഭൂമിക്കുള്ള ഉടമസ്ഥാവകാശം നായന്മാര്‍ക്കാണെന്നു പഴയപ്രമാണങ്ങള്‍, പാരമ്പര്യങ്ങള്‍, നടവടികള്‍ എന്നിവയില്‍നിന്ന് സര്‍വ്വസമ്മതമായ യുക്തിവാദങ്ങള്‍ ഉന്നയിച്ചു വ്യവസ്ഥാപിച്ചും ഒരു മേധാശാലിയുടെ വിശദമായ വിശകലനസാമര്‍ത്ഥ്യത്തോടുകൂടിയുള്ള ഗവേഷണാനുമാനങ്ങള്‍ ഈ ഗ്രന്ഥപാരായണത്തില്‍ വായനക്കാരനെ ആദ്യന്തം അഭിമുഖീകരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കേരളബ്രാഹ്മണര്‍ക്ക് മലയാളഭൂമിയിന്മേലുള്ള ആധിപത്യാവകാശത്തെ ധ്വംസിക്കുകയും നായന്മാരുടെ ഔല്‍കൃഷ്ട്യത്തെ ബലപ്പെടുത്തുകയുമാണ് സ്വാമികള്‍ ചെയ്യുന്നത്. പ്രാക്തനങ്ങളായ ഗ്രന്ഥങ്ങളിലെ പൂര്‍വ്വാപരവിരുദ്ധങ്ങളായ പ്രസ്താവങ്ങളെ വെളിപ്പെടുത്തി മലയാളബ്രാഹ്മണര്‍ക്ക് കേരളത്തിന്മേല്‍ ജന്മാവകാശമില്ലെന്നു സാമാന്യഖണ്ഡനവും, യുക്തിക്കും ന്യായത്തിനും അവ വിപരീതമാണെന്നു കാണിക്കുന്ന വിശേഷഖണ്ഡനവും ആണ് ഗ്രന്ഥത്തിലെ ആദ്യഭാഗം. പീഠികയായി ഗ്രന്ഥകാരന്‍ ഇപ്രകാരം പ്രസ്താവിക്കുന്നു:

‘ഈ ഭൂമി വാസ്തവത്തില്‍ മലയാളിനായന്മാരുടെ വകയാണെന്നും, നായന്മാര്‍ ഉല്‍കൃഷ്ടകുലജാതന്മാരും, നാടുവാഴികളുമായ ദ്രാവിഡന്മാരുമാണെന്നും അവര്‍ തങ്ങളുടെ ആര്‍ജ്ജവശീലവും ധര്‍മ്മതല്‍പരതയുംകൊണ്ടു സ്വദേശബഹിഷ്‌കൃതന്മാരും പാഷണ്ഡമതഗാമികളുമായ ഒരുകൂട്ടം ആര്യബ്രാഹ്മണരുടെ വലയില്‍ അകപ്പെട്ട് കാലാന്തരത്തില്‍ കക്ഷിപിരിഞ്ഞ് ഇങ്ങനെ അകത്തും പുറത്തുമായി താഴ്മയില്‍ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകം സ്ഥാപിക്കാന്‍ ഉദ്യമിക്കുന്നത്.’

പരശുരാമന്‍ സമുദ്രനിഷ്‌ക്കാസനംകൊണ്ടു കേരളഭൂമിയെ ഉണ്ടാക്കി തന്റെ പാപശാന്തിക്കായി ആ ഭൂമിയെ ബ്രാഹ്മണരെ വരുത്തി അവര്‍ക്കു ദാനംചെയ്തു എന്ന പ്രമേയത്തെ പരിശോധിച്ചു ജാതിവിഭാഗത്തില്‍ ഒന്നാമത്തെ സ്ഥാനത്തേയും ഹിന്ദുമതാനുസാരികളായ മറ്റുള്ളവരുടെ ഗുരുസ്ഥാനത്തേയും കേരളബ്രാഹ്മണര്‍ അര്‍ഹിക്കുന്നു എന്ന വാദം നിരാധാരമാകുന്നു എന്നു സ്വാമികള്‍ പ്രഖ്യാപിക്കുന്നു. തന്റെ മതസ്ഥാപനയ്ക്കു ഗ്രന്ഥകാരന്‍ ആദ്യമായി സഹ്യാദ്രിഖണ്ഡഗതമായ രേഖകളുടെ മൂല്യനിര്‍ണ്ണയം ചെയ്യുന്നതായി കാണാം. ക്ഷത്രിയവധം നിമിത്തമുണ്ടായ വീരഹത്യദോഷത്തെയാണു മലയാളഭൂമിദാനത്തിനു കാരണമായി പൂര്‍വ്വഗ്രന്ഥങ്ങള്‍ ഘോഷിക്കുന്നത്. എന്നാല്‍ ബ്രഹ്മതത്ത്വോപദേശം സിദ്ധിച്ച ജ്ഞാനിയാകയാല്‍ ഭാര്‍ഗ്ഗവനു പാപപ്പറ്റില്ലെന്നും അതിനാല്‍ തല്‍പരിഹാരാര്‍ത്ഥം മലയാളഭൂമിയെ ദാനം ചെയ്‌വാന്‍ കാരണമില്ലെന്നുമാണ് സ്വാമികളുടെ അഭിപ്രായം. മലയാളബ്രാഹ്മണര്‍ക്കു ദാനം വാങ്ങിയതുകൊണ്ടു പതിത്വം വന്നതായി പറയുന്നതിനാല്‍ ദാനത്തിന് അര്‍ഹതയില്ലാത്തവരെ പരശുരാമന്‍ കേരളത്തില്‍ കൊണ്ടുവന്നിട്ടില്ലെന്നും ഗ്രന്ഥകാരന്‍ സിദ്ധാന്തിക്കുന്നു. അറുപത്തിനാലു ഗ്രാമക്കാര്‍ക്കായി കേരളഭൂമി മുഴുവനും ഭാര്‍ഗ്ഗവന്‍ ദാനംചെയ്തു എന്ന കേരളമാഹാത്മ്യത്തിലെ പ്രസ്താവത്തെ ഖണ്ഡിക്കുന്ന സ്വാമികള്‍ ഓരോ തീര്‍പ്പും, നിഷേധവും സമാധാനവുംകൊണ്ടാണ് വ്യവസ്ഥാപനം ചെയ്യുക.

നായന്മാര്‍ മലയാളത്തിന്റെ ഉടമസ്ഥര്‍ ആകുന്നു എന്ന പ്രമേയമാണ് പ്രാചീനമലയാളത്തിലെ പ്രധാന പ്രതിപാദ്യം. കേരളചരിത്രത്തിന്റെ ഇരുണ്ട മൂലകളില്‍ കിടന്ന തിളക്കമേറിയ രത്‌നങ്ങളെ തെരഞ്ഞെടുത്ത് നിരത്തിവച്ചുകൊണ്ടാണ് നായന്മാരുടെ പൂര്‍വ്വകാലമാഹാത്മ്യത്തെ മതിക്കുവാന്‍ സ്വാമികളുടെ പുറപ്പാട്. പ്രാചീനകൃതികളില്‍ നാകന്മാര്‍, നാകത്താന്മാര്‍, നാഗവന്മാര്‍, നായകന്മാര്‍ എന്നിങ്ങനെ പലപേരിലും നായന്മാരെ നിര്‍ദ്ദേശിച്ചുകാണുന്നുണ്ട്. നാഗാരാധനകൊണ്ടു നാഗന്മാരായതാവാം; അല്ലെങ്കില്‍ നഗം (പര്‍വ്വതം) എന്ന ശബ്ദത്തില്‍നിന്നും നിഷ്പദിച്ച് പര്‍വ്വതവാസി എന്ന അര്‍ത്ഥത്തില്‍ വ്യവഹരിച്ചതുമാകാം. ഭാരതത്തിന്റെ പല ഭാഗങ്ങളിലും പര്‍വ്വതപ്രാന്തങ്ങളില്‍ സ്ഥിരവാസം ചെയ്യുന്ന നാഗന്മാരുണ്ട്. അങ്ങനെയുള്ള ചില ആദിമവാസികള്‍ മലയാളത്തിന്റെ മലയോരങ്ങളിലും താമസിച്ചിരുന്നിരിക്കണം. വിദേശീയ ദേശസഞ്ചാരികളുടെ കുറിപ്പുകളിലും നാടോടി പാട്ടുകളിലും ആ നാകന്മാര്‍ വര്‍ണ്ണനാവിഷയമായിട്ടുണ്ട്. ദേശാധിപതികളായ ആ നാകന്മാരുടെ പരമ്പരയായ നായന്മാര്‍ മലയാളത്തിന്റെ ഉടമസ്ഥരാണെന്നു ചരിത്രസത്യങ്ങളെ മാനിച്ചു സ്വാമികള്‍ ഉല്‍ഘോഷിക്കുന്നു. കേരളീയരുടെ പൗരാണികാചാരങ്ങള്‍ക്കാധാരമായ മൗലികവസ്തുക്കളെ അനാവരണം ചെയ്തു നിജാവസ്ഥയെ കാണിക്കുകയാണ് അവിടുന്ന് ചെയ്യുന്നത്. ഉറച്ച വിശ്വാസങ്ങളില്‍ പൊതിഞ്ഞു ഭദ്രമായി വച്ചിരുന്ന വിശിഷ്ടവിഭവങ്ങളെ മൗഢ്യമാകുന്ന മൂടുപടം മാറ്റി നിരത്തിവച്ചപ്പോഴാണ് പൂര്‍വ്വകാലസംസ്‌ക്കാരമഹിമയുടെ പ്രഭാപ്രസരം നമ്മുടെ അക്ഷികള്‍ക്കു ലക്ഷീഭവിക്കുക.

‘മലയാളഭൂമി ഭാര്‍ഗ്ഗവനുള്ളതല്ല; ആധാരങ്ങള്‍ കണക്കുകള്‍ മുതലായ പ്രമാണങ്ങള്‍ പരിശോധിച്ചതില്‍ കുടികള്‍, സര്‍ക്കാര്‍, സാമന്തന്മാര്‍, രാജാക്കന്മാര്‍, ദേവസ്വങ്ങള്‍, ധര്‍മ്മമഠങ്ങള്‍ ഇവയില്‍ യാതൊന്നിന്റേയും മുന്നിനങ്ങള്‍ ഭാര്‍ഗ്ഗവന്റേതോ ബ്രാഹ്മണരുടേതോ ആയിട്ടു കാണുന്നില്ല. സമസ്തവും മലയാളി നായര്‍പ്രഭുക്കളുടെ വകയായിട്ടു മാത്രമേ കാണുന്നുള്ളൂ.’ ഈ വാദമുഖം അവതരിപ്പിച്ചിട്ട് അതിനുള്ള സമാധാനവും നിഷേധവുമാണ് ഉപരിചിന്തിക്കുന്നത്. നായന്മാരുടെ സ്ഥാനമാനദാതാക്കള്‍ ഭാര്‍ഗ്ഗവനോ ബ്രാഹ്മണരോ അല്ലെന്ന് അവിടന്ന് ആദ്യമായി ഉറപ്പിക്കുന്നു. ക്ഷേത്രങ്ങളിലെ ഉത്സവാദികളിലും മറ്റുനാട്ടാചാരങ്ങളിലും നായര്‍പ്രഭുക്കന്മാരെ കേരളബ്രാഹ്മണര്‍ പൂജനീയമായ സ്ഥാനം നല്‍കി ബഹുമാനിച്ചിരുന്നതിനെ ആ വാദത്തിന്നാധാരമായി അവിടന്നു സ്മരിക്കുന്നു. തുടര്‍ന്നു, പ്രമാണങ്ങളും യുക്ത്യനുഭവങ്ങളുംകൊണ്ടു നായന്മാരുടെ മേന്മയും മലയാളഭൂമിയിന്മേലുള്ള അവരുടെ ആധിപത്യാവകാശവും ബലപ്പെടുത്തുകയാണ് സ്വാമികള്‍ ചെയ്യുന്നത്. ഈ ഘട്ടത്തില്‍ മലയാളബ്രാഹ്മണരുടെ ആഗമനത്തെപ്പറ്റി അവിടന്ന് ഇപ്രകാരം പ്രസ്താവിക്കുന്നു.

‘ബ്രാഹ്മണര്‍ ഇവിടെ വന്നുചേരുന്നതിനു മുമ്പുതന്നെ ഇവിടെ (മലയാളത്തില്‍) സ്വന്തമായിട്ട് ഒരുവക ആളുകള്‍ ഉണ്ടായിരുന്നു എന്നും ആയവര്‍ വളരെ ബലവാന്മാരും സാമര്‍ത്ഥ്യശാലികളും സദാചാരധര്‍മ്മതല്പരന്മാരും സല്‍ഗുണസമ്പന്നരും ധൈര്യശാലികളും ആയിരുന്നു എന്നും അവര്‍തന്നെ ഈ ഭൂമിയെ പരിപാലിച്ചുവന്നു എന്നും അങ്ങനെയിരിക്കവെ ബ്രാഹ്മണര്‍ ദാരിദ്ര്യനിവൃത്തിയെ കരുതി പലപ്പോഴും കൂട്ടംകൂട്ടമായിട്ടു ഇവിടെ വന്നുചേരുകയും അവരുടെ നടവടികളും സ്വഭാവങ്ങളും പിടിക്കായ്കയാല്‍ അപ്പോഴപ്പോള്‍ സ്വദേശികള്‍ (നായകന്മാര്‍) അവരെ തുരത്തി ഓടിക്കുകയും എന്തായിട്ടും വേറെ ഗതിയില്ലായ്കയാല്‍ അവര്‍ പലരും പല സമ്പ്രദായങ്ങളും കൊണ്ടു സൂത്രത്തില്‍ വന്നു പലരേയും പല പ്രകാരത്തില്‍ പ്രീതിപ്പെടുത്തുകയും ഇങ്ങനെ ക്രമേണ ഇവിടത്തെ താമസത്തിനു തരം സമ്പാദിക്കയും ചെയ്തു എന്നും സംസ്‌കൃതം, ഇംഗ്ലീഷ് മുതലായ ഭാഷകളിലെ നല്ല കവികളെക്കുറിച്ച് അഭിനവകാളിദാസനെന്നും ഇന്‍ഡ്യന്‍ ഷേക്‌സ്പിയറെന്നും മറ്റും പറയുന്നതുപോലെ ആ കാലത്ത് ഈ മലയാളത്തുണ്ടായിരുന്നവരുടെ അവസ്ഥ അവിടത്തെ (ആര്യാവര്‍ത്തത്തിലെ) സല്‍ബ്രാഹ്മണരുടെ അവസ്ഥയോടു തുല്യമായിട്ടോ അതിനേക്കാള്‍ ഉപരിയായിട്ടോ ഇരിക്കുന്നതിനെ കണ്ടും എങ്ങനെയും മേല്‍ക്കുമേല്‍ പ്രീതിയെ സമ്പാദിക്കുന്നതിനു വേണ്ടിയും ബഹുമാനസൂചകമായിട്ട് ആ (വന്നിരുന്ന) ബ്രാഹ്മണര്‍തന്നെ ഇപ്രകാരം ‘മലയാളബ്രാഹ്മണര്‍’ എന്നു വിളിച്ചുതുടങ്ങുകയും ഇവര്‍ അതിനെ സ്വീകരിച്ചുപോരികയും ചെയ്തിട്ടുള്ളതാകുന്നു എന്നുമാണ് ഇതിന്റെ വാസ്തവം.’

മലയാളഭൂമി സമുദ്രം കിടന്നിരുന്ന സ്ഥലം നീങ്ങി കടല്‍വൈപ്പ് ആയതാണെന്നും ഈ കടല്‍വൈപ്പ് ഉണ്ടാകുന്നതിനു മുമ്പ് സമുദ്രത്തോടു തൊട്ടുകിടന്നിരുന്ന മലമ്പ്രദേശത്തിലെ പ്രഭുക്കളും അവിടെ പാര്‍പ്പുകാരുമായിരുന്ന നാകന്മാര്‍ കടല്‍വൈപ്പായ ഈ ഭൂമിയുടെ ആദ്യത്തെ ഉടയക്കാരും കൈവശക്കാരുമാണെന്നും കേരളോല്‍പത്തിവാക്യങ്ങള്‍കൊണ്ടുതന്നെ സ്വാമികള്‍ സമര്‍ത്ഥിക്കുന്നു. നാകന്മാരുടെ രണശൂരത, ധര്‍മ്മപരത, ദാനശീലത, യോഗാഭ്യാസനില എന്നിവയെ താഴെ പറയുന്ന ചില പ്രാമാണികവചനങ്ങള്‍ ഉദ്ധരിച്ച് അവിടന്നു സ്ഥാപിക്കുകയും ചെയ്യുന്നു.

‘പാളത്താറും പടൈവാളും മീതിലുടുപ്പും മെതിയടിയും
മീശക്കൊമ്പും വിരികുഴലും വീരച്ചൊല്ലും വിളയാട്ടും
നീറണിനെറ്റിത്തടവഴകും നേരിശൈയോങ്കും നെറിനിലയും
നാകര്‍ക്കിരിയര്‍ തൂടിലിതേ നാടിക്കുടിയര്‍ വണങ്കുവതെ’

(ഒരു പഴയ വട്ടെഴുത്തുഗ്രന്ഥം)

‘ഉള്‍ത്തിടമേയുരുവാന നാകത്താരേ
കൈത്തിടമേ കരുവാന നാകത്താരേ
വെത്തിടമേ വിലവിരുക്കും നാകത്താരേ
മെയിത്തിടമേ മേനിയാന നാകത്താരേ
പൊയിത്തിടരെ പൊടിയാക്കും നാകത്താരേ
കത്തിവാള്‍ കൈഏന്തും നാകത്താരേ
എത്തിശയും പുകള്‍കൊണ്ട നാകത്താരേ
ചിത്തിമുത്തി കൈകണ്ട നാകത്താരേ
വില്ലാളിവീരനാന നാകത്താരേ
വിരുതുകെട്ടിപ്പടവെല്ലും നാകത്താരേ
പുനിതരടിവണങ്കിവീഴും നാകത്താരേ
അറന്താനെ യുരുവാന നാകത്താരേ
അറന്താനേ കരുവിയാന നാകത്താരേ
അറന്താനേയുള്ളമാന നാകത്താരേ
അറന്താനേ ഉയിരാന നാകത്താരേ
അറന്താനേ കടവുളാന നാകത്താരേ
അറന്താനേ കല്‍വിയാന നാകത്താരേ
അറന്താനേ യുലകമാന നാകത്താരേ
അറന്താനേ യെവയുവാന നാകത്താരേ.’

(ഒരു വട്ടെഴുത്തുഗ്രന്ഥം)

ഗ്രന്ഥഗതങ്ങളും പ്രചാരംകൊണ്ടുസമ്മതി ലഭിച്ചിട്ടുള്ളവയുമായ അനേകം തെളിവുകള്‍ ഈ വിഷയത്തില്‍ അവിടന്നു വായനക്കാരന്റെ മുമ്പില്‍ നിരത്തിവയ്ക്കുന്നുണ്ട്. തന്റെ വാദം ഇങ്ങനെ അദ്ദേഹം വ്യവസ്ഥാപനം ചെയ്യുന്നു:

‘മേല്‍ക്കാണിച്ച സംഗതികളെക്കൊണ്ടു നാകന്മാര്‍ ഏറ്റവും ശരീരബലമുള്ളവരും വിശിഷ്ടയോദ്ധാക്കളും ദുര്‍ജ്ജനങ്ങളെ ഉപേക്ഷിക്കുന്നവരും ശത്രുക്കള്‍ക്ക് അതിഭയങ്കരന്മാരും വില്ലഭ്യാസം, വാളഭ്യാസം, കല്ലേറഭ്യാസം, ഉണ്ടതട്ടുക, അമ്പുതട്ടുക, കുതിരവെട്ടുക, ആനയോട്ടുക, വിശേഷമായ ചാട്ടം, മറിച്ചില്‍, മര്‍മ്മവിദ്യ മുതലായവയില്‍ മഹാസമര്‍ത്ഥന്മാരും എന്തൊക്കെയായാലും അസത്യം പറയാത്തവരും, ദാനശൗണ്ഡന്മാരും ഈശ്വരാരാധനത്തിലും മഹത്തുക്കളെക്കുറിച്ചും ഭക്തിയും കൈങ്കര്യവും ഉള്ളവരും അതിധര്‍മ്മിഷ്ഠന്മാരും മദ്യപാനം, മത്സ്യംതീറ്റി, മാംസഭക്ഷണം ഇവയൊന്നും ഇല്ലാത്തവരും പരസ്ത്രീഗമനത്തിലുള്ള വാഞ്ഛ ചിന്തയില്‍പ്പോലും അങ്കുരിക്കാതെ സൂക്ഷിച്ചുകൊള്ളുന്നവരും രാജയോഗികള്‍ മുതലായ യോഗീശ്വരന്മാര്‍, ബ്രഹ്മസാക്ഷാല്‍ക്കാരമടഞ്ഞ ജ്ഞാനികള്‍ മുതലായ സമുദായാംഗങ്ങളോടുകൂടിയവരും ആവക സംഗതികളെക്കുറിച്ച് സാധാരണമായി നല്ലപോലെ അറിവും വിശ്വാസവും ഉള്ളവരും ആയിരുന്നെന്നു സിദ്ധിക്കുന്നു.’

നായന്മാരെപ്പറ്റി ‘ഷൈക്ക് സിനുഡിന്‍’, ‘എച്ച്. ഏ. സ്റ്റിവര്‍ട്ട്’, ‘സര്‍ ഹെക്ടര്‍ മണ്‍റോ’, ‘ഹാമില്‍ട്ടന്‍’, ‘ബുക്കാനന്‍’, ‘ലോഗന്‍’ എന്നീ വിദേശീയ സഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുള്ള അഭിപ്രായങ്ങളെ ഉദ്ധരിച്ച് തന്റെ വാദം സ്ഥാപിക്കുകയാണ് സ്വാമികളുടെ അനന്തരയത്‌നം. ശൂദ്രശബ്ദവും ഇക്കൂട്ടത്തില്‍ അദ്ദേഹത്തിന്റെ അവലോകനത്തിനു വിഷയമാകുന്നു. ശൂദ്രശബ്ദത്തിന്റെ ആഗമനത്തെപ്പറ്റിയുള്ള ഗ്രന്ഥകാരന്റെ നിഗമനം ഇങ്ങനെ സംഗ്രഹിക്കാം – മലയാളദേശത്തുള്ള എഴുത്തുകുത്തുകളിലും, ആധാരപ്രമാണങ്ങളിലും ശൂദ്രസംജ്ഞയ്ക്കുപകരം നായര്‍ശബ്ദമാണ് മുമ്പിനാലേ പ്രയോഗം. എന്നാല്‍ ഈ സമീപകാലത്തുള്ള ചില രജിസ്റ്റര്‍ പ്രമാണങ്ങളില്‍ ഈ പദം എങ്ങനെയോ പ്രവേശിച്ചുകാണുന്നു. ആരോ ഒരാള്‍ എഴുതിയത് ‘ഗഡ്ഡരിക പ്രവാഹ’ന്യായേന എഴുതിയതാവാനേ തരമുള്ളൂ. ശൂദ്രശബ്ദം ദ്രാവിഡമല്ല; സംസ്‌കൃതമാണ്. അതും ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയില്‍ നാലാമത്തെ വര്‍ണ്ണത്തിന്റെ സംജ്ഞയാകുന്നു. ബ്രാഹ്മണാദി നാലുശബ്ദങ്ങള്‍ക്കും ഒന്നായിട്ടുള്ള പേരായ ചാതുര്‍വര്‍ണ്ണ്യമാകട്ടെ ഗുണകര്‍മ്മങ്ങളെ അടിസ്ഥാനമാക്കി ഒരു ഭാഗമായും, കുക്ഷിപൂരണമതത്തെ അവലംബിച്ചു മറ്റൊരു ഭാഗമായും തിരിക്കാം. ജാതിനിര്‍ണ്ണയത്തിനു പ്രവൃത്തിയും ഗുണവുംതന്നെ മുഖ്യകാരണം – പദവിഷയകവും പ്രമാണനിഷ്ഠവുമായ പല ഭാഗങ്ങളും എടുത്തുകാട്ടി ചാതുര്‍വര്‍ണ്ണ്യം എന്ന അദ്ധ്യായം സ്വാമികള്‍ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്:

‘ഇപ്രകാരം ചാതുര്‍വര്‍ണ്ണ്യത്തിന്റെ നിലനില്പിന് അതിന്റെ അടിസ്ഥാനമായ ഗുണകര്‍മ്മവിഭാഗം കാരണമാകയാല്‍ അതിലിരിക്കുന്നതിന് അതാതുവര്‍ണ്ണങ്ങളിലേക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള ഗുണകര്‍മ്മങ്ങളുള്ളവന്‍ മാത്രമേ യോഗ്യനാവൂ എന്നും അല്ലാത്തവന്‍ വര്‍ണ്ണത്തിലെ പിതൃമാതൃക്കളില്‍നിന്നു ജനിച്ചവനായാലും ആ വര്‍ണ്ണങ്ങളിലിരിക്കാന്‍ യോഗ്യനാകയില്ലെന്നും ഏതെങ്കിലും ഒരു വര്‍ണ്ണത്തില്‍ ജനിച്ചവനില്‍ ആ വര്‍ണ്ണത്തിലേക്കുവേണ്ടതായ ഗുണകര്‍മ്മങ്ങളില്ലാതിരിക്കയും മറ്റു വര്‍ണ്ണത്തിലേക്കു തക്കതായ ഗുണകര്‍മ്മങ്ങളുണ്ടായിരിക്കയും ചെയ്താല്‍ യഥായോഗ്യം മാറ്റിവെയ്ക്കാമെന്നും, അപ്രകാരം ഇന്നുവരേയും ചെയ്തുവരുന്നുണ്ടെന്നും ഇങ്ങനെ ഗുണകര്‍മ്മങ്ങളെ ആശ്രയിച്ചല്ലാതെ മറ്റേതുവിധമായാലും ഈ നിയമത്തിന് അടിസ്ഥാനമില്ലാതായിപ്പോകുന്നതുകൊണ്ട് കാലാന്തരത്തില്‍ മുന്‍പറഞ്ഞ സകല ഏര്‍പ്പാടുകളും നശിച്ച് വര്‍ണ്ണസാങ്കര്യം സംഭവിച്ചുപോകുമെന്നും ചാതുര്‍വര്‍ണ്ണ്യനിയമത്തിനുമുമ്പ് എങ്ങനെയിരുന്നുവോ അപ്രകാരംതന്നെ (കാലഭേദമൊഴിച്ച്) ആയിത്തീരുമെന്നും സിദ്ധിക്കുന്നു.’

ഇപ്പോഴത്തെ നടപ്പുമുറയായ ബ്രാഹ്മണമതം ചാതുര്‍വര്‍ണ്ണ്യാഭാസവും കേവലം കുക്ഷിപൂരണമതവുമാണെന്ന് അവസാന അദ്ധ്യായത്തില്‍ സ്വാമികള്‍ സോദാഹരണം സമര്‍ത്ഥിച്ചിരിക്കുന്നു. ജാതിക്കു കാരണം കര്‍മ്മമല്ലാതെ ജന്മമല്ലെന്നാണു സ്വാമികളുടെ നിഗമനം. വെറുതെ പറയുകയല്ല അവിടന്നു ചെയ്യുക; ആര്‍ഷജ്ഞാനഭണ്ഡാഗാരത്തില്‍ നിന്നും തിളക്കവും പ്രകാശവുമേറിയ തത്ത്വരത്‌നങ്ങളുടെ വെളിച്ചത്തിലാണ് അവിടന്നു നമ്മെ യുക്ത്യാനുമാനങ്ങള്‍കൊണ്ട് ബോദ്ധ്യപ്പെടുത്തുന്നത്. കൗഷീതകബ്രാഹ്മണത്തിലെ കവഷന്റെ കഥയും, ജാബാലനായ സത്യകാമന്റെ കഥയും ശൂദ്രനു വേദാധ്യയനത്തിനും വിദ്യയ്ക്കും അധികാരമുണ്ടെന്നു കാണിക്കുവാനായി ഗ്രന്ഥകാരന്‍ അവലംബിക്കുന്നു. ഒന്നാം ഭാഗം അങ്ങനെ ഉപസംഹരിക്കുന്നു. രണ്ടുംമൂന്നും ഭാഗങ്ങള്‍ അച്ചടിയില്‍ വരാതെപോയത് മലയാളികളുടെ ഭാഗ്യദോഷമെന്നുതന്നെ പറയണം.

പഴയചിട്ടയില്‍ ഒരു നവീനചിന്താരീതിയാണ് ഈ ഗ്രന്ഥത്തില്‍ ഉടനീളം കാണുക. കേരളം കടല്‍നീങ്ങി ഉണ്ടായതാണ് – ഈ പ്രമേയം ശരിയാണെന്നു പലരും സമ്മതിക്കും. കേരളത്തിലെ ആദിമവാസികള്‍ നാകന്മാരായ നായന്മാരാണെന്നും മലയാളഭൂമിയുടെ ജന്മികള്‍ അവരാണെന്നും പ്രസ്താവിക്കുമ്പോള്‍ ആ അഭിപ്രായത്തെ ചോദ്യംചെയ്യുവാന്‍ ചിലരുണ്ടാകും. മലയാളബ്രാഹ്മണരായ നമ്പൂതിരിമാര്‍ നായന്മാരല്ലാതെ മറ്റാരുമല്ല എന്ന സിദ്ധാന്തവും എതിരഭിപ്രായത്തിനു വക നല്‍കുന്നതാണ്. ഈ വിഷമപ്രശ്‌നങ്ങളെ സ്വാമികള്‍ ധീരമായി കൈകാര്യം ചെയ്തിരിക്കുന്ന രീതി അനുവാചകന്റെ അത്ഭുതാദരം കവരുന്നു. പുരാവൃത്തങ്ങളെ തേടിപ്പിടിച്ച് അവയെ കൂട്ടിയിണക്കി ‘സൂത്രേമണിഗണാ ഇവ’ എന്നവിധം യുക്തിയില്‍ കോര്‍ത്തു തൂക്കിയിരിക്കുന്നതിലാണ് ഗ്രന്ഥകാരന്റെ വിജയം സ്ഥിതിചെയ്യുന്നത്.

തനിക്കു ശരിയെന്നു തോന്നിയ തത്ത്വങ്ങളില്‍ സ്വാമികള്‍ വിശ്വസിച്ചു. ആ വിശ്വാസത്തെ തെളിവുകള്‍കൊണ്ട് ഉറപ്പിച്ച് ഊര്‍ജ്ജസ്വലമായ ഗദ്യത്തില്‍ യുക്തിയുക്തമായും ശക്തിയായും പ്രതിപാദിച്ചു കേരളീയരുടെ ആത്മാഭിമാനത്തെ ഉത്തേജിപ്പിക്കുവാന്‍ ഈ ഗ്രന്ഥംവഴി സ്വാമികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. മലയാളബ്രാഹ്മണരെ കടന്നാക്രമിച്ചപ്പോള്‍ അവര്‍ക്കു പൊതുവെ രസമായില്ല. നായന്മാരുടെ പ്രഭാവത്തെ ഈ ഗ്രന്ഥത്തിലൂടെ ഉറപ്പിക്കുവാന്‍ ശ്രമിച്ചപ്പോള്‍ സഹോദരസമുദായങ്ങള്‍ സ്വാമിയെ ഒരു തനി നായര്‍ എന്ന നിലയില്‍ത്തന്നെ വീക്ഷിച്ചു. വിശ്വാസംകൊണ്ടും ആചാരംകൊണ്ടും പ്രാബല്യം സിദ്ധിച്ച ചില മൗലികവിചാരങ്ങളെ കടപിഴുതുകാണിച്ച് അവ കേവലം സ്വാര്‍ത്ഥപരന്മാരായ ചിലര്‍ വച്ചുപിടിപ്പിച്ചതാണെന്നും അവ സാമൂഹ്യമണ്ഡലത്തെ മലീമസമാക്കുന്നുവെന്നും സാധാരണക്കാരെ ബോദ്ധ്യപ്പെടുത്തുവാനായിരുന്നു സ്വാമികളുടെ ഉദ്യമം. മറിച്ചുള്ള അപവാദാരോപണം സ്വാമിയെ സംബന്ധിച്ചിടത്തോളം നിരാസ്പദമാകുന്നു.

യുക്തിക്കു നിരക്കാത്ത അനുമാനങ്ങളില്‍ സ്വാമികള്‍ എത്തിച്ചേരാറില്ല; പക്ഷേ, ശാസ്ത്രസങ്കേതത്തിന്റെ ഭിത്തികള്‍ക്കുള്ളില്‍ അവ ഒതുങ്ങി എന്നു വരില്ല ചിലപ്പോള്‍. ചിന്തയെ ചിന്തേരിട്ടു മിനുക്കി മസൃണമാക്കുന്നതിലൂടെ സര്‍ഗ്ഗാത്മകമായ ഓരോ അഭിപ്രായവും പ്രമാണമാകുന്ന ബലമേറിയ കുറ്റിയിലാണു ബന്ധിക്കുക. അതുകൊണ്ടു കുറ്റി ഊരിയതിനുശേഷമേ അഭിപ്രായത്തിന് ഊനം തട്ടിക്കുവാന്‍ സാദ്ധ്യമാകയുള്ളൂ. അറിവിലും അഭ്യാസത്തിലും മുറ്റിയ കഴിവുള്ളവന്‍ മാത്രമേ ആ പ്രക്രിയയ്ക്കു കരുത്തനായി ഭവിക്കൂ. നിരുപമമായ ആ നിരൂപണരീതിയെ നോക്കിനില്‍ക്കാമെന്നല്ലാതെ ആ വാദനിരയില്‍ ഒരു നേരിയ വിടവുണ്ടാക്കാന്‍പോലും അത്ര ശക്യമല്ല. ആത്മാര്‍ത്ഥതയുടെ ആഴത്തിലേക്കു വേരുറച്ച അവിടത്തെ അഭിപ്രായങ്ങള്‍ വിശ്വാസദാര്‍ഢ്യത്തിന്റേയും മേധാശക്തിയുടേയും ഗുണധോരണിയിലൂടെ വളര്‍ന്നു സ്വാനുഭവസമ്പന്നമായ അനുഭൂതിമണ്ഡലത്തില്‍ ലതാവിശേഷങ്ങള്‍ വളര്‍ത്തി ചാഞ്ചാടി മോഹനമായ ചിന്താഫലത്തെ പ്രദാനം ചെയ്യുന്നു.