മനോനാശം – ശുദ്ധാദ്വൈതഭാവന (7)

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘അദ്വൈതചിന്താപദ്ധതി’ (അദ്ധ്യാത്മികചിന്തകള്‍ ) യില്‍ നിന്ന്

അദ്ധ്യായം 7

മനസും സംസാരബന്ധവും

ശിഷ്യന്‍: പരമഗുരോ, സകലശാസ്ത്രങ്ങളിലും ആത്മജ്ഞാനമടഞ്ഞ മഹാന്മാരുടെ ചരിത്രങ്ങളിലും മനോനാശം കൂടാതെ മഹദുപശാന്തപദവിയായ അഭയബ്രഹ്മപ്രാപ്തി ലഭിക്കയില്ലെന്നും ആ മനോനാശത്തിനുവേണ്ടി വളരെ മഹാന്മാര്‍ അധികം പ്രയാസപ്പെട്ടിട്ടുണ്ടെന്നും ആ മനോനാശം അതികഠിനമെന്നും എന്നാല്‍ ചില സ്ഥലത്ത് അത് ലഘുവെന്നും കാണപ്പെടുന്നു. ആകയാല്‍ മനോനാശം പ്രാപിച്ച് ആനന്ദം സിദ്ധിക്കുന്നതിനുള്ള മാര്‍ഗ്ഗത്തെ അവിടുന്നരുളിച്ചെയ്യാന്‍ കനിവുണ്ടാകണം.

ആചാര്യന്‍: സൗമ്യാ, നീ ചോദിച്ചത് ഏറ്റവും രഹസ്യമായിട്ടുള്ളതുതന്നെയാണ്. ഈ മനസ്സാകട്ടെ ആത്മാവിന്റെ വിസ്തൃതമായിരിക്കുന്ന വ്യാപക (അധികദേശവൃത്തി) ത്തില്‍ നിന്നും ഉദിച്ചതാണ്. ഇതുചരാചരങ്ങളായ അനേകം കോടി ബ്രഹ്മാണ്ഡമണ്ഡലങ്ങളെ തന്റെ അണുമാത്രമായ ഒരംശത്തില്‍ ഉണ്ടോ, ഇല്ലയോ, എന്നുള്ള നിലയില്‍ അടക്കിവെച്ചുകൊണ്ട് രജ്ജുവില്‍ തോന്നിയ സര്‍പ്പമെന്നപോലെ ആത്മാവില്‍ തോന്നിച്ചും തോന്നിക്കാതെയും പ്രകാശിച്ചു നില്ക്കും. (സൃഷ്ടിയിലും, ജാഗ്രത് സ്വപ്നങ്ങളിലും ഉണ്ടെന്നു തോന്നിക്കും. സുഷുപ്തിയിലും പ്രളയത്തിലും, മൂര്‍ച്ഛ, മരണം മുതലായ അവസ്ഥകളിലും ഇല്ലെന്നു തോന്നിക്കും.) ഈ മനസ്സ് സംസാരമാകുന്ന ഒരു ചന്ദനവൃക്ഷത്തെ തന്റെ സങ്കല്പം കൊണ്ട് കല്പിച്ചിട്ടുണ്ട്; ആ വൃക്ഷത്തിന് സ്ഥൂലസൂക്ഷ്മകാരണശരീരങ്ങളാകുന്ന മൂന്നു സ്‌കന്ധ (കവരം)ങ്ങളും അവസ്ഥാത്രയമാകുന്ന ശാഖോപശാഖകളുമുണ്ട്. ശരീരത്രയത്തില്‍ അഹന്ത, മമത, (ഞാന്‍ – എന്റേത്) എന്ന അഭിമാനങ്ങളാകുന്ന തലകളുള്ളതും വിഷയങ്ങളാകുന്ന കഠിനവിഷങ്ങളെ ഉദ്വമിപ്പിക്കുന്നതുമായ അഹങ്കാരമെന്ന സര്‍പ്പത്തെ സ്വസങ്കല്പ്പംകൊണ്ട് ജനിപ്പിച്ച് അതിനെകൊണ്ട് ആ വൃക്ഷത്തെ ചുറ്റി, സര്‍വ്വാധാര ബ്രഹ്മ ചൈതന്യവും മഹാസമ്പത്തും ആനന്ദനിധിയുമായ ആത്മവസ്തുവിനെ സ്വാത്മമാത്ര (തന്റെ സ്വരൂപം മാത്രമായിട്ട്)മായി അനുഭവിക്കുന്നതിലേയ്ക്ക് തരം വരാതെ തടവു ചെയ്തുകൊണ്ടിരിക്കും. അല്ലാതെയും അതു മഹാമൂര്‍ഖനായ ഇരുതലമണിയന്‍ പാമ്പുകണക്ക് ആവരണവിക്ഷേപ (മയക്കവും ഇളക്കവും)ങ്ങളാകുന്ന ക്രൂരവിഷം തുളുമ്പിയിരിക്കുന്ന രണ്ടു ശക്തികളെ തന്റെ രണ്ടു കോടികളിലും രണ്ടുതലകളെപ്പോലെയുദിപ്പിച്ച് അതുകളെക്കൊണ്ടും ആ ആനന്ദനിധിയെ ആര്‍ക്കുമടുക്കുന്നതിലേയ്ക്കുപകാരപ്പെടാത്തവിധം വിജൃംഭിപ്പിച്ചുകൊണ്ടിരിക്കും. തന്നില്‍ വിക്ഷേപശക്തിപ്രഭാവത്താല്‍ ചരാചാരാത്മകങ്ങളായ അനേകകോടി ബ്രഹ്മാണ്ഡമണ്ഡലങ്ങളാകുന്ന പ്രപഞ്ചത്തെ കണ്ണാടിയില്‍ നഗരമെന്നപോലെ ക്ഷണമാത്രത്തിലുദിപ്പിച്ച് അതിലേയ്ക്കു പഞ്ചകൃത്യം (സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം.) നടത്തിവരുന്ന ബ്രഹ്മവിഷ്ണുരുദ്രമഹേശ്വരസദാശിവരെന്ന പഞ്ചകര്‍ത്താക്കളെ ആ കൃത്യങ്ങളിലഭിമാനിക്കുന്നതുപോലെയാക്കിച്ചെയ്ത് അതിനെ നീതിപോലെ നടത്തിച്ച് എല്ലാവരെയും ദൈ്വതപ്രപഞ്ചം (ആത്മാവില്‍ നിന്ന് ഭിന്നമായി, അറിയുന്നവന്‍, അറിയപ്പെടുന്ന വിഷയങ്ങള്‍ എന്ന് രണ്ടു വിധത്തില്‍ തോന്നുന്ന ഈ ലോകം) സത്യമായിട്ടുള്ളതെന്ന് വിശ്വസിപ്പിച്ചുകൊണ്ടിരിക്കും. കൂടാതെ തന്റെ സങ്കല്പ്പത്തിലുദിച്ച സ്ഥൂലസൂക്ഷ്മങ്ങളായ പഞ്ചഭൂതങ്ങളെ ഒരു ഭാഗം ശുദ്ധജഡം പോലെയും ഒരു ഭാഗം ചേതനം പോലെയും കാണിച്ച് ജഡാജഡങ്ങളായ ഇരുവകുപ്പിനും സാക്ഷിയായി ചിന്മാത്രമായി പ്രകാശിക്കുന്ന സര്‍വ്വാധിഷ്ഠാനചൈതന്യത്തെ ഇവകള്‍ക്കന്യമെന്ന് തിരിച്ചറിയുന്നതിനിടയാകാത്തവിധം നര്‍ത്തകിയെന്നപോലെ നടിച്ചുകൊണ്ട് നില്ക്കും. മേലും, ആകാശത്തു ചുഴന്നു വരുന്ന ഇടിത്തീ എന്ന വണ്ണം രണ്ടു കോടികളിലും (അറ്റം, അഗ്രം) പിടിച്ചു ജനനമരണമാകുന്ന തീവ്രാഗ്നിയില്‍ കിടക്കുന്ന ജീവന്മാരെ സംസാരമാകുന്ന മഹാകാശത്തില്‍ നിലയില്ലാത്ത വിധത്തിലിട്ടു ചുഴറ്റി അവര്‍ക്കതിനാലുണ്ടാകുന്ന ദു:ഖങ്ങളെ നിവര്‍ത്തിക്കുന്നതിലേയ്ക്കുള്ള മാര്‍ഗ്ഗം കാണാന്‍ പാടില്ലാത്ത പ്രകാരം പരിതപിപ്പിക്കും. ഒരു സന്ദര്‍ഭത്തില്‍ പ്രപഞ്ചങ്ങളെ ശൂന്യ (ഇല്ലാത്തതായി) മായിക്കാട്ടി, മറ്റൊരു സന്ദര്‍ഭത്തില്‍, ഒരു ശരീരത്തില്‍ നഖശിഖപര്യന്തം സൂചികുത്താനിടമില്ലാതെ പുറപ്പെട്ട മസൂരിയുപദ്രവത്തെപ്പോലെ എവിടെയും നാമരൂപങ്ങളായിട്ട് നിറയ്ക്കും. കാളകൂട വിഷത്തെക്കാള്‍ ഏറ്റവും കഠിനമായി സഹിക്കവയ്യാത്ത ജ്വാലാ) (വിഷവീര്യം= ഊഷ്മാവ്) മാലാകുലമായുള്ള കാലമെന്ന ഒരു തത്വത്തെ തനിക്ക് അഭേദമായ ശക്തിയാക്കികൊണ്ട് ദേവാതിര്‍യ്യക്ക്, പശു, പക്ഷി, മൃഗാദികളായ ചരവസ്തുക്കളാകട്ടെ, സ്ഥൂലപഞ്ചഭ്രൂതങ്ങളായ അചരവസ്തുക്കളാകട്ടെ, ഇതുകളെ മഹാകാളരാത്രി (മഹാന്ധകാരം) ദൃശ്യങ്ങളെ കാണാന്‍ കഴിയാത്തവിധത്തില്‍, വിഴുങ്ങുന്നതു (മൂടുന്നതു)പോലെ കബളീകരണം ചെയ്ക എന്നത് സഹജപ്രവൃത്തിയായിട്ട് ആരേയും മൂര്‍ച്ഛിപ്പിക്കും. (മയക്കും= ബോധം കെടുത്തും). അല്ലാതെയും തന്നാല്‍ കല്പ്പിക്കപ്പെട്ട ശ്രുതിസ്മൃതീതിഹാസപുരാണാഗമങ്ങളാകുന്ന ശാസ്ത്രങ്ങളില്‍ പറയപ്പെട്ട പുണ്യപാപങ്ങളാകുന്ന വജ്ര (ഇടിവീഴ്ച) പാതത്താല്‍ ആരേയും തല പൊക്കുന്നതിലേയ്ക്ക് വിടാതെയിട്ട് പരിതപിപ്പിക്കും. ഇപ്രകാരമുള്ള ഈ മനസ്സ് ആര്‍ക്കും തന്നെ അധീനപ്പെട്ട് നശിച്ചു എന്ന വ്യവഹാരം ദുര്‍ല്ലഭം തന്നെയാണ്, എന്നു വരികിലും അതിനെ ജയിച്ച് ആ ആനന്ദനിധിയെ നിരര്‍ഗ്ഗളമായി അനുഭവിക്കുമാറുളള ഉപായം പറയാം.

മനസ്സിനെ നശിപ്പിക്കുവാനുള്ള ഉപായം

അതിവിസ്താരമുള്ള ബ്രഹ്മാണ്ഡകോടികളെ തന്റെ അണുമാത്രപരിണാമമായ സങ്കല്പദേശത്തിലടക്കി, ഉള്ളതോ, ഇല്ലാത്തതോ എന്ന് ശങ്കിക്കത്തക്കവണ്ണം അനന്തമായ വ്യാപക മഹിമയോടുകൂടിയിരിക്കുന്ന ഒന്നു തന്നെയാണീമനസ്സ് എന്നു വരികിലും വേദാന്തശാസ്ത്രാനുഭൂതി സമ്പൂര്‍ണ്ണനും കരുണാനിധിയുമായ സദ്ഗുരുനാഥന്റെ ഉപദേശ ബലത്തോടുകൂടി അതിനെ ഉറ്റുനോക്കുന്ന (സുസൂക്ഷ്മം പരിശോധിക്കുക) പക്ഷം അതിന്റെ ശക്തിയ്ക്ക് അപ്രകാരം മോഹിപ്പിക്കാന്‍ കഴിയുകയില്ല. ഘടപടാദികളുടെ സത്ത, (കുടം, വസ്ത്രം മുതലായവയുടെ ഉണ്മ) മണ്ണ്ു, നൂല്‍ മുതലായവ കൂടാതെ സിദ്ധിക്കയില്ല. അതുപോലെ ഈ മനസ്സിന്റെ സങ്കല്പം കൂടാതെ മുന്‍പറഞ്ഞ പ്രപഞ്ചവും സിദ്ധിക്കയില്ല. ഘടത്തെ നേത്രം കണ്ടാലും ആ നേത്രത്തെ മനസ്സ് അറിഞ്ഞുകൊള്ളുന്നതുപ്രകാരം, ഈ പ്രപഞ്ചം, തദാധാരമായ ആ സങ്കല്പം, അതിന്റെ ഉദയസ്ഥാനമായ കേവലം മനസ്സെന്ന് പറയപ്പെട്ടതും നിര്‍വ്വികാരംപോലെ ഇരിക്കുന്നതും അളവുപെടാത്തതുമായ വ്യാപകവൃത്തി, (അഖണ്ഡമായി പരിണമിച്ച അന്തഃകരണവൃത്തി). ഇതുകള്‍ ഏതുപ്രകാരത്തിലുദിച്ചുപ്രകാശിക്കുന്നു എന്നുള്ളതിനെ വിവേകാനുഭൂതി സഹിതം ചിന്തിച്ചുനോക്കിയാല്‍ ഉള്ളങ്കയ്യിലിരിക്കുന്ന നെല്ലിക്കനിയെന്നപോലെ നിസ്സംശയമായി ദ്രഷ്ടാവിന്റെ ജ്ഞാനദൃഷ്ടിക്കു ദൃശ്യമായി കാണപ്പെട്ട് മുമ്പറഞ്ഞ ദൃഷ്ടാന്തപ്രകാരം ഈ ദ്രഷ്ടാവിന്റെ ജ്ഞാനദൃഷ്ടിയിലടങ്ങിയതായും ജഡമായും തന്റെ പ്രകാശത്താലുദിച്ചു പ്രകാശിക്കുന്നതായും ഘടത്തില്‍ മൃത്ത് വ്യാപിച്ച് ആഘടം ഒരു വസ്തു എന്ന പോലെ പ്രകാശിച്ചാലും അതു കാലത്രയത്തിലും ആ മണ്ണില്‍നിന്ന് അന്യമാകയില്ലാത്തതുപോലെ അ ദൃഷ്ടിയില്‍ അതുകള്‍ കാലത്രയത്തിലും ഇല്ലാത്തതായും അനുഭവം സിദ്ധിക്കും. അപ്പോള്‍ ആ അനുഭവബലംകൊണ്ട് അനവരതമനുസന്ധാനം ചെയ്ത് അവയെ ച്ഛേദിക്കില്‍ (വ്യാപകമായും ജഞാനദൃഷ്ടിമാത്രമായും) വ്യാപകജ്ഞാനദൃങ്മാത്രമായും,ഓരോരോ കാലത്ത് ഉദയാസ്തമയങ്ങളെ പ്രാപിച്ചാലും അതുകള്‍ക്ക് സാക്ഷിയായും, ഈ ആത്മജ്ഞാനാനുഭവം സുസ്ഫുരം പ്രകാശിക്കും. ഈ വിവേകാനുഭൂതികൊണ്ട് ആ മനസ്സിനെ ജയിക്കണം.

ഇനി മുമ്പില്‍ വര്‍ണ്ണിക്കപ്പെട്ടതായ സംസാരചന്ദനവൃക്ഷത്തെ ചുറ്റിക്കിടക്കുന്ന, മൂന്നു തലയുള്ള ആ അഹംകാരസര്‍പ്പം ആ വൃക്ഷത്തെവിട്ട് നീങ്ങുകയും വൃക്ഷം ച്ഛേദിക്കപ്പെടുകയും ചെയ്തിട്ട് ആ ആനന്ദനിധിയെ നിരങ്കുശമായനുഭവിക്കുന്നതിലേയ്ക്കുള്ള ഉപദേശമാരംഭിക്കുന്നു.

സ്ഥൂലശരീരാദ്ധ്യാസനിവൃത്തി

സ്ഥൂലശരീരമെന്നത്, രക്തം, മാംസം, അസ്ഥി, ഞരമ്പ്, ചര്‍മ്മം, ജലം, മലം, രോമം, ദന്തം, കഫം ഇതുകളുടെ സംയോഗമാകുന്നു. അതിനെ വിവേകദൃഷ്ടി കൊണ്ട് പിരിച്ച്, തനിക്ക് എതിരെ ഒരു കയറ് കെട്ടിയതായി ഭാവിച്ച് അതിന്മേല്‍ ഇവയെ വെവ്വേറെ തൂക്കിയിട്ടുകൊണ്ട് നോക്കിയാല്‍, താന്‍ അശരീരിയായ ജ്ഞാനസ്വരൂപദൃക്കായും ആദ്യം ശരീരം പോലെ തോന്നിയപിണ്ഡം, മുന്‍ഭാഗത്ത് കയറില്‍ തൂങ്ങിക്കിടക്കുന്ന രക്താദിവികാരങ്ങള്‍, സംയോഗം വിട്ട് പ്രത്യേകം പ്രത്യേകമായി അനുഭവിക്കപ്പെടുന്നതുകൊണ്ട് ശരീരമെന്നുള്ള നാമത്തിന്റെ അര്‍ത്ഥത്തോട് ചേരാതെയുമിരിക്കും. ഇപ്രകാരം ഇടവിടാതെ ദൃഢതരാഭ്യാസം ചെയ്കില്‍ ഒരുവനും ഒരിക്കലും ഒരു കുടത്തെ സംബന്ധിച്ച് ഞാനെന്നുള്ള അധ്യാസ (ഒന്നില്‍ മറ്റൊന്നിന്റെ ആരോപം – തെറ്റായ അറിവ്) മുണ്ടാകാത്തതുപോലെ ഈ ശരീരത്തെ സംബന്ധിച്ചും ഞാനെന്ന അധ്യാസം ഭവിക്കാതെ വിട്ടുപോകും. അപ്രകാരം തന്നെ ഈ ദ്രഷ്ടാവും (കാണുന്നവന്‍, സാക്ഷി) തന്നില്‍ ശരീരസംബന്ധം കാണപ്പെടാത്തതുകൊണ്ട് അശരീരിയായ ദ്രഷ്ടാവുമാത്രമായിത്തീരും. ഈ അഭ്യാസം ദൃഢതരമായിട്ടുതന്നെ സിദ്ധിക്കില്‍ അഹങ്കാരസര്‍പ്പത്തിന്റെ ക്രൂരതരമായ ഒരു തല വിവേകവാളുകൊണ്ടറ്റ് നിര്‍ജ്ജീവമായി ഭവിക്കും. ഇനി ഈ സര്‍പ്പത്തിന്റെ മറ്റുള്ള തലകളേയും അറക്കുന്നതിനുള്ള ഉപായത്തെപ്പറയാം.

സൂക്ഷ്മശരീരാദ്ധ്യാസനിവൃത്തി

സ്ഥൂല ശരീരസംബന്ധം നീക്കി അശരീരിയായ ഈ ആത്മാവ് ജ്ഞാനദൃഷ്ടിമാത്രനായിട്ട് പ്രകാശിക്കുമ്പോള്‍ കേള്‍വി, വല്ലഭം മുതലായ പതിനേഴു തത്ത്വങ്ങളടങ്ങിയ സൂക്ഷ്മശരീരം ആ ആത്മാവിനോട് അഭേദമായി കലര്‍ന്നു നില്ക്കും. ഭിന്നഭിന്നലക്ഷണങ്ങളോടുകൂടിയ ആ പതിനേഴു തത്ത്വങ്ങളേയും സ്ഫുരിപ്പിച്ച്, അവയെ, ആകാശത്തില്‍ ചിതറിയ (ഭിന്നലക്ഷണങ്ങളോടു കൂടിയ) നക്ഷത്രങ്ങളെപ്പോലെദൃശ്യങ്ങളാക്കി, സൂര്യനെ ദര്‍ശിക്കുന്ന ദിക്കിനും ആ സൂര്യനും തമ്മിലുള്ള ദൂരമെന്തു മാത്രമോ അത്രത്തോളം ഈ ആത്മദൃഷ്ടിക്കുള്ളില്‍ ആ പതിനേഴു തത്ത്വങ്ങളും ദൃശ്യമാകുമാറ് നോക്കുകില്‍ ആത്മസംബന്ധം വിട്ട് ഘടാദികള്‍ പോലെ. (അവ താനെന്നുള്ള അധ്യാസം ഇല്ലാത്ത ജഡവസ്തുക്കള്‍.) അനാത്മവസ്തുക്കളായി ഭവിക്കും. ഈ വിവേകാനുഭൂതിയാല്‍ അനവരതം അവയെ നോക്കുന്ന ജ്ഞാന ദൃഷ്ടിയാല്‍ ആത്മത്വേന, അനുസന്ധാനവും ഈ പതിനേഴു തത്വങ്ങളായ ദൃശ്യവസ്തുക്കളില്‍ അനാത്മബുദ്ധ്യനുഭവത്താല്‍ നേരിട്ട അഹമദ്ധ്യാസനിവൃത്തിയും ദൃഢതരമായാല്‍ അഹമദ്ധ്യാസമുദിക്കയില്ല. ഇപ്രകാരം സിദ്ധിച്ചാല്‍ ഈ വിവേകാനുഭൂതിയാകുന്ന വാള്‍കൊണ്ട് അറ്റ് നിര്‍ജ്ജീവമായി അഹങ്കാര സര്‍പ്പത്തിന്റെ രണ്ടാം തലയും നശിക്കും.

ഈ അഹങ്കാരസര്‍പ്പത്തിന്റെ മറ്റൊരു തല ഖണ്ഡിക്കപ്പെടുന്നതിലേയ്ക്കുള്ള മാര്‍ഗ്ഗത്തെ കാണിക്കുന്നു.

കാരണശരീരാദ്ധ്യാസനിവൃത്തി

ഈ പതിനേഴു തത്ത്വങ്ങളേയും വിട്ട് അശരീരിയായി ജ്ഞാനദൃങ്മാത്രമായി ഈ ആത്മാവ് പ്രകാശിച്ചാലും ഈ ലിംഗശരീരം ശുദ്ധമായി വിട്ടുപോയതുകൊണ്ട് ഒരു കാലത്തില്‍ ത്രിപുടി ശൂന്യമായും (അന്തഃകരണവൃത്തി ഇല്ലാതെ) വ്യത്ത്യഭാവമായും (സ്ഫൂര്‍ത്തിരഹിതമായും) ഇരിക്കുന്ന സുഷുപ്ത്യവസ്ഥ (ഉറക്കം) വന്നിട്ട് അപ്രകാരമുള്ള ജ്ഞാനദൃഷ്ടിയെ വിട്ടുപോയതുപോലെ ഇരിക്കും. അതും ഈഷദ്വികാസത്തോടുകൂടിയ ജ്ഞാന ദൃഷ്ടിയുടെ ഉന്മീലനത്തെ (ഉണര്‍വ്വിനെ) പുരസ്‌ക്കരിച്ചു (മുന്‍നിര്‍ത്തി) കൊണ്ട് തന്നെയാണ്. ഇതിനെ ശോധന ചെയ്യുന്നതിലേയ്ക്ക് പരിപക്വബുദ്ധിയും വിവേകിയുമായ മുഖ്യാധികാരിക്കു മാത്രമേ കഴിയൂ. ആകയാലതിനെ ഇവിടെ അറിയിക്കുന്നു.

യാതൊരറിവും (ഓര്‍മ്മയും) ഇല്ലാത്തതായും, അവിടെ ജ്ഞാനദൃഷ്ടിയിരിക്കുന്നു എന്നാകട്ടെ നിശ്ചയിക്കാന്‍ കഴിയാത്തതായും തന്നെ ആ അവസ്ഥയിരുന്നാലും, ‘ഞാന്‍ യാതൊന്നുമറിയാതെ സുഖമായുറങ്ങീ’ എന്ന്, അങ്ങനെ ഇങ്ങനെ എല്ലാവരും സാധാരണ പ്രതീതിയില്‍ (തോന്നല്‍,അറിവ്) വ്യവഹരിക്കയാല്‍ , ആ പ്രതീതിബലംകൊണ്ട് യാതൊരു ഉദയവും (ഉണര്‍വ്വും) ഇല്ലാത്ത പ്രകാരം തന്നെ ആ അനുഭൂതിയുടെ വാസ്ഥവസ്ഥിതിയെ ഇദ്ദശയില്‍ വിവേകത്താല്‍ വിഷയീകരിക്കുമ്പോള്‍ അപ്രകാരം തന്നെ ഒരനുഭവം ഉദിച്ചുകാണും. ആ അനുഭൂതിയെ അതിസൂക്ഷ്മമായ വിവേകവൃത്യനുഭവത്താല്‍ നോക്കി അവിടെത്തന്നെ സങ്കല്പ്പസത്താസംബന്ധം കൂടാതെ നോക്കിയ ആ ദൃഗനുഭവം കൊണ്ട് അതിനെ ദൃശ്യമാക്കിയാല്‍ അത് ദൃശ്യത്വത്തോടു ചേര്‍ന്ന് അനാത്മ വസ്തുവായി ഭവിച്ച് മുമ്പില്‍ സൂര്യമണ്ഡലദൃഷ്ടാന്തം പറഞ്ഞതുപോലെ ബഹുദൂരത്തില്‍ വിലങ്ങി അകന്നു നില്ക്കും. അപ്രകാരം ഈ ആത്മാവിന്റെ ദൃഗനുഭൂതിയും യാതൊരുണര്‍വ്വുമില്ലാതേയും ത്രിപുടിശൂന്യമായും ജ്ഞാനദൃഷ്ടിയിരിക്കുന്നില്ലെന്ന് നിശ്ചയിക്കാന്‍ പാടില്ലാതെയും ഇരിക്കുന്ന-ആ അവസ്ഥയെ-മുമ്പില്‍ രണ്ടവസ്ഥകളെ ദൃശ്യമാക്കി താന്‍ ജ്ഞാനദൃഷ്ടിമാത്രമായി നിന്നതുപോലെ മൂന്നാമത്തെ അവസ്ഥയും സൂക്ഷ്മമായി ത്രിപുടി ജ്ഞാനസ്വരൂപമാത്രമായി പ്രകാശിച്ചു നില്ക്കും; ഈ അനുഭവം അതി സൂക്ഷ്മമാകയാല്‍ അതിനെ സ്വാനുഭവത്താല്‍ അവലംബിച്ചു നില്ക്കുകയെന്നുള്ളത് ഏറ്റവും പ്രയാസം തന്നെ എന്നുവരികിലും, അതില്‍ അതിന്നഭിന്നമായി ഒരു സാക്ഷിധര്‍മ്മത്തെ, ആരോപിച്ച് മുന്‍പറഞ്ഞ അവസ്ഥാനുഭൂതി ദൃശ്യമായതുകൊണ്ടും, ഈ ജ്ഞാനദൃഗനുഭൂതി സാക്ഷിയായിരിക്കകൊണ്ടും, തന്നെ സാക്ഷിയായനുഭവിച്ച് സാക്ഷ്യമായ അനാത്മാവാകയാല്‍ അത് (മൂന്നാമത്തെ അവസ്ഥ) ഒരിക്കലും ‘അഹമര്‍ത്ഥ’മാകയില്ലെന്ന് കാണുമ്പോള്‍ അതില്‍ അടിക്കടി ആത്മാധ്യാസം നിവൃത്തമാകും. ആ അവസ്ഥാനുഭൂതിയും ഒന്നുമറിയായ്കയുമായ അജ്ഞാനം തന്നെ കാരണശരീരമാകയാല്‍ അത്ഈ ആത്മാവിന്റെ ജ്ഞാനദൃഷ്ടിയെ മറച്ചു എന്നു ള്ളതു വരികയില്ല (ഒക്കുകയില്ല). എന്തെന്നാല്‍ ഈ അജ്ഞാനം ഏതു വിധത്തിലുള്ളത്? ഏതിനെ കാരണമാക്കിക്കൊണ്ടിരിക്കുന്നത്? ഏതു വൈഭവം കൊണ്ടു മറച്ചത്.? എന്ന് വിവേകാനുഭൂതി സഹിതം (കൊണ്ട്) നോക്കിയാല്‍ അന്ധകാരത്തിനു സൂര്യന്‍ കാരണമാകാത്തതുപോലെ അതിനു ചിദാത്മാവ് കാരണമാകയില്ല. ആ അജ്ഞാനം തന്നെ, സകല ദൈ്വതപ്രപഞ്ചത്തിനും കാരണമായിരിക്കയാല്‍ തദന്യമായ (അജ്ഞാനാന്യമായ) യാതൊരു വസ്തുവും അതിനു കാരണമാകയില്ല. നിര്‍ഹേതുകമായി (കാരണം കൂടാതെ) ഒരു വസ്തു സിദ്ധിപ്പാനും പാടില്ല. അല്ല, സിദ്ധിച്ചുവെങ്കില്‍ അത് സ്വയം പ്രകാശവസ്തുവായിട്ടേ ഇരിക്കൂ. അങ്ങനെയാകുന്ന പക്ഷം സകലത്തേയും പ്രകാശിപ്പിക്കുന്ന സൂര്യങ്കല്‍ അന്ധകാരം സിദ്ധിക്കാത്തതുപോലെ, ആവരണരൂപമായുള്ള, മറയ്ക്കുന്ന, സ്വഭാവം നശിച്ച് സ്വനാമത്തിന്റെ അര്‍ത്ഥത്തോട് വേര്‍പെട്ടും, ആത്മജ്ഞാനദൃഷ്ടിയില്‍ നിന്നന്യമല്ലാതേയും അവസ്തുവായിപ്പോകും. എന്നാല്‍ അപ്രകാരമല്ല; അത് ഏതിനേയും മറയ്ക്കുന്ന ശക്തിയുള്ള ജഡവസ്തു തന്നെയാണ്. ജ്ഞാനപ്രകാശത്തിന്റെ സാന്നിദ്ധ്യം (സഹായം) കൊണ്ടു തന്നെ, തന്റെ ശക്തിയെ ചെലുത്തി നില്ക്കും, എന്നുവരികില്‍ ഘടാദികളെപ്പോലെയിരിക്കുന്ന ഈ അജ്ഞാനം, മറയ്ക്കുന്ന ശക്തിയോടുകൂടിയതായി ഭവിക്കുമ്പോള്‍ ആശക്തിയെ അറിയത്തക്കവണ്ണം പ്രകാശിപ്പിക്കുന്ന സാധനമായ ആ ജ്ഞാന പ്രകാശത്തെ മറയ്ക്കണമെന്നു വരികില്‍ തന്നെ പ്രകാശിപ്പിക്കുന്ന അതിന്റെ സഹായമിരിക്കുമ്പോഴെങ്ങും അതിനെ മറയ്ക്കുന്നതിലേയ്ക്ക് ഉപകാരപ്പെടുകയില്ല. ആ ഉപകാരം വിട്ടു നീങ്ങിയ കാലത്ത് മറയ്ക്കാമല്ലോ എന്നാണെങ്കില്‍, അവിടെ തനിക്കു സ്വതന്ത്രമായി പ്രകാശമില്ലായ്കയാല്‍ ഘടത്തെപ്പോലെതന്നെ ഇരിക്കുന്നു. ഇല്ലയെന്ന പ്രതീതിക്കുപോലും വിഷയമില്ലാതെ ശൂന്യം പോലെ ഭവിച്ചിരിക്കും. അല്ലാതെയും യാതൊരു ലക്ഷണംകൊണ്ടും ലക്ഷീകരിക്കാന്‍ (കുറിക്കാന്‍) കഴിയാത്ത സ്വഭാവത്തോടുകൂടിയതാകയാല്‍ യുക്തിക്ക് അനര്‍ഹമായതുകൊണ്ട് കര്‍ത്തും, (ചെയ്യാനും) അകര്‍ത്തും, (ചെയ്യാതിരിക്കാനും) അന്യഥാ കര്‍ത്തും(മറ്റു വിധത്തില്‍ ചെയ്യാനും) ക്ഷമമായശക്തി മുതലായ സകലതും അതിങ്കലായി ക്രീഡീച്ച് (വിളയാടി) നിലക്കും. അതിനെ ആര്‍ നിര്‍ണ്ണയിച്ചു പറയും? എന്നാല്‍ അപ്രകാരമിരുന്നാലും, പറഞ്ഞതിന്‍വണ്ണം ഒരു സത്ത അതിന് സിദ്ധിച്ചിട്ടില്ലെങ്കില്‍ അവസ്തുവായി ഭവിക്കും. പ്രകാശിക്കാതിരുന്നാലും അപ്രകാരം തന്നെയാകും. ഇപ്പറഞ്ഞ രണ്ടു സ്വഭാവവും (സത്തയും, പ്രകാശവും) അതിലിരിക്കുന്നതായി സമ്മതിക്കുന്ന പക്ഷം, ഘടമിരിക്കുന്നു, പടമിരിക്കുന്നു, പ്രപഞ്ചമിരിക്കുന്നു., അജ്ഞാനമിരിക്കുന്നു. അപ്രകാരം തന്നെ ഇതുകള്‍ ശോഭിക്കുന്നു എന്ന് വ്യവഹാരബലത്താല്‍ ശോഭിക്കുമ്പോള്‍ ഭിന്നഭിന്നവികാരങ്ങളോടു ചേര്‍ന്ന ഈ വസ്തുക്കള്‍ അതാതു നാമങ്ങളുടെ അര്‍ത്ഥങ്ങളാകും. അപ്രകാരം ഇതുകളോട് (ഘടപടപ്രപഞ്ചാദികള്‍) കടപ്പെട്ട് (കടപ്പെടുക=ബന്ധപ്പെടുക) ഇരിക്കുന്നു, ശോഭിക്കുന്നു എന്ന ചൊല്ലുകള്‍ വ്യത്യാസപ്പെടാതെ ഇരിക്കയാല്‍ (ഇരിക്കുന്നു, ശോഭിക്കുന്നു: അസ്തി, ഭാതി ഇവ) ഇതുകളുടെ അര്‍ത്ഥം (ഘടം പടം മുതലായ ഭിന്നപദാര്‍ത്ഥങ്ങള്‍) അതുകളില്‍ നിന്നു വേറെയായിരിക്കണം. അപ്രകാരമായിരികുമ്പോള്‍ അതുകളുടെ വിലക്ഷണത്വത്തോടുകൂടിയിരിക്കും (വ്യത്യാസപ്പെട്ടിരിക്ക). അതും, അവ (അസ്തി, ഭാതി) ഭിന്നഭിന്നങ്ങളായ വികാരങ്ങളോടു (ഘടപടാദികളോട്) ചേര്‍ന്നിരിക്കയാല്‍, ആ വികാരത്വത്തിന് വിലക്ഷണമായ നിര്‍വ്വികാരത്വത്തോടുകൂടിയിരിക്കും. ഇപ്രകാരം വിവേകാനുഭൂതികൊണ്ട് കണ്ട് (അറിഞ്ഞ്), ഒരു പര്‍വ്വതത്തില്‍ വിസ്താരമുള്ള ഗുഹയാകുന്ന ആകാശവെളിയില്‍ ശിലയുടെ കാഠിന്യം കാണപ്പെടാത്തതുപോലെ അരൂപമായും നിര്‍വ്വികാരമായുമുള്ള ആ രണ്ടു സ്വഭാവങ്ങളേയും (ഇരിക്കുന്നു, ശോഭിക്കുന്നു) അനുഭവത്താല്‍ നോക്കിക്കണ്ട് അതുകളുടെ ആ അജ്ഞാനം വരെയുള്ള മുന്‍പറഞ്ഞ വസ്തുക്കളില്‍ കോര്‍ത്തു നോക്കിയാല്‍ അതുകള്‍ (ഘടപടപ്രപഞ്ചാദികള്‍) തനതുവികാരങ്ങളോടും സ്വരൂപങ്ങളോടും വിട്ടുമാറി ഇല്ലാത്തവയായിപ്പോകും.(സ്ഥൂലവസ്തുക്കള്‍ മുതല്‍ അജ്ഞാനം വരെ ‘ഇരിക്കുന്നു’ ‘ശോഭിക്കുന്നു’ എന്ന അനുഭവം തുടര്‍ന്ന് എല്ലാറ്റിലുമിരിക്കുന്നതിനാല്‍ അതു രണ്ടും ആത്മാവിന്റെ സദ്ഭാവവും ചിദ്ഭാവവുമാണെന്നു കാണണം. ദൃശ്യങ്ങള്‍ക്കു സ്ഥി തിയും തിളക്കവും കൊടുക്കുന്നത് ആത്മാവാണ്.) ആ അനുഭവങ്ങളേയും ആ സ്ഥിതിയില്‍ (അരൂപമായും നിര്‍വ്വികാരമായും) തന്നെ വെച്ചു നോക്കിയാല്‍ ആത്മജ്ഞാനാനുഭൂതിക്ക് വേറായിട്ടല്ലാതെ അതു മാത്രമായി ശേഷിച്ചു നില്ക്കും. ഇപ്രകാരം അതുകള്‍ക്ക് സത്ത സിദ്ധിക്കാതിരുന്നാല്‍ അതു നിമിത്തം അവസ്തുക്കളായി ഭവിക്കും.

ഇങ്ങനെ കാരണശരീരമായ അജ്ഞാനത്തെ വിവേകാനുഭവത്തില്‍ അവസ്തുവായി നിരാകരിച്ചതായ ആ അനുസന്ധാന വിശേഷത്താല്‍, സുഷുപ്തിയും കാരണശരീരവും ദ്രൃശ്യപദാര്‍ത്ഥവുമായ അനാത്മവസ്തു ആത്മസംബന്ധം കൂടാതെ ബഹുദൂരത്തില്‍ പ്രത്യക്ഷപ്പെടും.അപ്പോള്‍ അതിലുള്ള അഹമധ്യാസത്തെ വിവേകാനുഭൂതിയാല്‍ ദൃഢതരമാക്കി നീക്കി ഒരിക്കലും അതില്‍ അഹമദ്ധ്യാസമുദിക്കാതിരിക്കുമാറാക്കിയാല്‍ ഈ മൂന്നു ശരീരങ്ങളേയും കടന്നു അസംഗോദാസീനനായി പ്രകാശിക്കുന്ന അദ്വിതീയ വസ്തുവായ അഹം പദത്തിന്റെ വാസ്തവമായുള്ള അര്‍ത്ഥമായും സാക്ഷിയായുമിരിക്കുന്ന ഈ ആത്മജ്ഞാനത്തില്‍ അഹമര്‍ത്ഥജ്ഞാനം ഏതു കാലത്തും വിട്ടുപോകാതെ ഇരിക്കുമാറ് വൃത്തിസംബന്ധം കൂടാതെ വിവേകാനുഭൂതി ബലം കൊണ്ട് ഇടവിടാതെയുള്ള അഭ്യാസദാര്‍ഢ്യത്താല്‍ പറഞ്ഞതിന്‍ വണ്ണമുള്ള സ്വനുഭവം സിദ്ധിക്കും. അപ്പോള്‍ ആ വിവേകാനുഭൂതിയാകുന്ന വാളാല്‍ അഹങ്കാര സര്‍പ്പത്തിന്റെ മൂന്നാമത്തെ തലയും ഖണ്ഡിതമായി നിര്‍ജ്ജീവമായി പുനരുത്ഥാനരഹിതമായി നശിച്ചു പോകും.

അപ്പോള്‍ ‘ഞാനൊന്നുമറിയാതെ ഉറങ്ങി’ എന്ന പ്രതീതിയോടുകൂടി സുഖമായുറങ്ങി എന്നൊരാനന്ദാനുഭവം കാണപ്പെടുന്നതിനാല്‍, ‘ആനന്ദം ബ്രഹ്മ’ എന്ന ശ്രുതിപ്രമാണത്താല്‍ ആനന്ദസ്വരൂപത്വം ആ ബ്രഹ്മത്തിനല്ലാതെ മറ്റു യാതൊരു വസ്തുവിനും സിദ്ധിക്കയില്ല. വിഷയാനന്ദമെന്നും സുഷുപ്ത്യാനന്ദമെന്നും പറയപ്പെടുന്ന ആനന്ദങ്ങള്‍ ആവരണവിക്ഷേപശക്തികളാല്‍ ബാധിക്കപ്പെടുക നിമിത്തം വിഷമിശ്രക്ഷീര (വിഷം ചേര്‍ന്ന പാല്) മെന്നപോലെ ആത്യന്തികദു:ഖ നിവൃത്തി (എന്നെന്നേയ്ക്കുമായുള്ള ദുഃഖപരിഹാരം) പ്രദമായ നിത്യാനന്ദമായി ഭവിക്കുന്നതല്ല. ഈ ആവരണവിക്ഷേപങ്ങള്‍ അഹങ്കാരസഹിതം നശിച്ച് നിഷ്പ്രപഞ്ചാദ്വിതീയാത്മചിന്മാത്രമായും (പ്രപഞ്ചത്തോട് കലരാതെയും ഭേദമില്ലാതെയും ജ്ഞാനമാത്രമായും) മഹോപശാന്തപദവി (എല്ലാം അടങ്ങിയ മഹത്തായ സ്ഥാനം (മോക്ഷം)യായും സിദ്ധിച്ചുകൊണ്ട് ത്രിവിധപരിച്ഛേദശൂന്യമായി ഏതു കാലത്തുമുള്ളതായ നിജാനന്ദമായി പ്രകാശിക്കും. ഇപ്രകാരം ശരീരത്രയാധ്യാസനിവൃത്തി പറയപ്പെട്ടു. ഇനി, വിക്ഷേപാവരണ നിവൃത്തിയെ പറയുന്നു.

വിക്ഷേപശക്തിയും ആവരണശക്തിയും

മുമ്പില്‍ ശരീരത്രയാഭിമാനമായ മൂന്നു തലകളോടു കൂടിയതായും ഇരുതലമണിയന്‍ എന്ന പോലെ വിക്ഷേപാവരണങ്ങളായ രണ്ടു തലകളോടു കൂടിയതായും, വര്‍ണ്ണിച്ചതില്‍ മുന്‍പറഞ്ഞ മൂന്നു തലകളെ ഖണ്ഡിക്കുന്നതിലേയ്ക്കുള്ള ഉപായം പറഞ്ഞതുപോലെ മറ്റുള്ള തലകളേയും ച്ഛേദിക്കുന്നതിലേയ്ക്കുള്ള ഉപായത്തെ പറയുന്നു.

ഇരുതലമണിയനോട് സമാനമായ വിക്ഷേപാവരണശക്തികള്‍ രണ്ടു കോടിയിലുളള തന്റെ ശക്തിയാല്‍ ആനന്ദനിധിയെ ആരും തന്നെ ചെന്നു തീണ്ടാത്ത പ്രകാരം തടവു ചെയ്യുന്നുണ്ടെന്നു വരികിലും അതിനേയും ജയിക്കുന്നതിലേയ്ക്കുള്ള ഉപായമിരിപ്പുണ്ട്.

ഇരുതലമണിയനെന്ന സര്‍പ്പമോ ബഹുദൂരദൃഷ്ടിയുള്ളതാകുന്നു. അതിന്റെ ദൃഷ്ടിയുടെ എതിരെ (ചൊവ്വിന്) അകപ്പെട്ടു പോയെന്നു വന്നാല്‍ ഏതു വസ്തുവായാലും ശരി, ദഹിച്ചുതന്നെ പോകും. വിക്ഷേപാവരണങ്ങളെന്ന ശക്തികളൊ! അതുകള്‍ ഇപ്പറഞ്ഞതിനേക്കാള്‍ എത്രയോ മടങ്ങധികപ്പെട്ടവയും കാളകൂടവിഷത്തേക്കാള്‍ കടുപ്പമുള്ളവയുമാകുന്നു. അതുകളില്‍ വിക്ഷേപ ശക്തിയാകട്ടെ, ദര്‍പ്പണനഗരം പോലുള്ളതും ഇത്രമാത്രമെന്ന് കണക്കിടുന്നതിന് കഴിയാത്തതുമായ അനേകംചരാചരബ്രഹ്മാണ്ഡ കോടികളെ സൃഷ്ടിക്കും. ഇന്ദ്രജാലവിദ്യയാല്‍ അനേകരഥഗജതുരഗപദാതികള്‍ കല്പിക്കപ്പെട്ടും ഏവരാലും പ്രത്യക്ഷമായനുഭവിക്കപ്പെട്ടും ഇരുന്നാലും ആ ഇന്ദ്രജാലക്കാരന്‍, അത് മിഥ്യയെന്നും ഇന്ദ്രജാലവിദ്യയാല്‍ കല്പിതമെന്നും അറിയുന്നതു നോക്കുക. അതുപോലെ ഈ വിക്ഷേപ ശക്തി തന്നാല്‍ കല്പിക്കപ്പെട്ട പ്രപഞ്ചം മിഥ്യയെന്നോ തന്നാല്‍ കല്പിതമെന്നോ ഉള്ള വിവേകം കൂടാതെ അതിനെ (പ്രപഞ്ചത്തെ) വൃദ്ധിയാക്കുന്നതിലേയ്ക്ക് തയാറായി നില്ക്കും. അതില്‍ ഉപഹിതജീവചൈതന്യ(ഉപാധിയോടുകൂടിയ ജീവചൈതന്യം)ങ്ങള്‍ക്ക് വൃത്തിസംബന്ധമായ (അന്തഃകരണവൃത്തിയോടുള്ള ചേര്‍ച്ച) വിവേകങ്ങളെ കൂടാതെ സ്വന്തമായിട്ട് വികാരങ്ങള്‍ സംഘടിക്കാത്തതിനാല്‍ ആ വിക്ഷേപശക്തിയില്‍ നിന്നുദിച്ച ദുഃഖസാഗരത്തില്‍ മുഴുകി മുഴുകി ആ ജീവചൈതന്യങ്ങള്‍ സ്വഭാവേന അവിനാശികളാകയാല്‍ മരിക്കുന്നതിനു കഴിയാതെയും സഹിക്കുന്നതിനു അശക്യമായും വിശ്രാന്തിക്ക് (തളര്‍ച്ചയാറുന്നതിന്) സ്ഥാനമില്ലാതെയും കിടന്നനുഭവിച്ചുഴലുന്നു.

വിക്ഷേപനിവൃത്തി

ഇപ്രകാരമിരുന്നാലും ഈ വിക്ഷേപശക്തി (ആകാശം തുടങ്ങി വിവിധങ്ങളായ കാര്യങ്ങള്‍ ഉണ്ടാകുന്നതിന് അനുകൂലമായ അജ്ഞാനത്തിന്റെ സമാര്‍ത്ഥ്യം എന്നും, വീണ്ടും വീണ്ടും നിരന്തരമുള്ള വിഷയചിന്ത എന്നും വിക്ഷേപശക്തിയ്ക്ക് അര്‍ത്ഥമുണ്ട്. ഒരു വസ്തുവില്‍ മറ്റൊരു വസ്തുവിന്റെ ധര്‍മ്മങ്ങളാരോപിക്കുന്നതും ഒന്നില്‍ പല വസ്തുക്കളുടെ ഭ്രമം ഉളവാക്കുന്നതും ഈ വിക്ഷേപശക്തിയാണ്.) അളവില്ലാത്ത പ്രപഞ്ചാകാരമായിത്തീരണമെന്നു വരികില്‍ നിര്‍നിമിത്തമായി ഭവിക്കയില്ല. ആ നിമിത്തത്തെ ചിന്തിച്ചാല്‍ ബാഹ്യേന്ദ്രിയങ്ങളുടെ (പുറക്കരണങ്ങളുടെ) പാഞ്ചഭൗതികപഞ്ചവിഷയങ്ങളോട് പ്രത്യക്ഷംകൊണ്ടുള്ള സംബന്ധത്തെ പുരസ്‌ക്കരിച്ച് ആ വിഷയാകാരങ്ങളായിത്തന്നെ പരിണമിച്ച് അതുകളെ അപ്പരിണാമത്തിന്‍ വഴിയായിട്ട് അതാതു നാമരൂപങ്ങളോടുകൂടി നിര്‍ണ്ണയപ്പെടുത്തി, തന്നില്‍ ഉപഹിതമായ പ്രത്യക്ക്‌ചൈതന്യത്തിന്റെ പ്രകാശബലത്താല്‍ പ്രകാശിപ്പിച്ചു നില്ക്കും. കേവല ബാഹ്യേന്ദ്രിയങ്ങള്‍ക്ക് വിഷയങ്ങള്‍ അതാതു നാമരൂപങ്ങളോടുകൂടി വിഷയപ്പെടുകയില്ല. അതുപോലെതന്നെ അന്തഃകരണമാകുന്ന വിക്ഷേപശക്തിക്കും തനിക്കുള്ളപ്രകാരം വ്യവഹാരത്തില്‍ സിദ്ധിച്ച ലക്ഷണത്താല്‍ ആ വിഷയങ്ങള്‍ വിഷയപ്പെടുകയില്ല. എന്നാല്‍ സാലജിനേത്രന്നു (വെള്ളഴുത്തുള്ളവന്ന്) പുസ്തകാവലോകനവിഷയത്തില്‍ ഉപനേത്രം (മൂക്കു കണ്ണാടി) ഉപകാരപ്പെടുന്നതുപോലെ ഈ ബാഹ്യകരണങ്ങളുടെ സഹായത്താല്‍ വിഷയപ്പെടാമെന്ന പക്ഷത്തില്‍ അന്ധനു (കുരുടന്) ഉപനേത്രമുപകാരപ്പെടുകയില്ലെന്നുള്ളതുപോലെ, ഈ രണ്ടു വക കരണങ്ങളും ജഡമാകയാല്‍ ഉപകാരപ്പെടുകയില്ല. ഇതുകള്‍ ജഡങ്ങളായിരുന്നാലും ചൈതന്യബലം കൊണ്ട് ഇതുകള്‍ക്ക് വിഷയങ്ങള്‍ വിഷയമാകാമെന്നാണെങ്കില്‍ ആ ചൈതന്യത്തില്‍ സമസ്തവും വിക്ഷേപശക്തിയോടുകൂടി പരമാര്‍ത്ഥത്തില്‍ കല്പിതമാകയാല്‍, രജ്ജുവിന്നു തന്നില്‍ കല്പിതമായ സര്‍പ്പത്തിന്റെ ഉല്പത്തിനാശങ്ങളെക്കുറിച്ചറിയാന്‍ പാടില്ലാത്തതുപോലെ, മുന്‍പറഞ്ഞ, ഉല്പത്തിനാശങ്ങള്‍ (ചൈതന്യത്തില്‍) ഇല്ലാത്തതാകയാല്‍ അത് ചേരുകയില്ല. അതുകൊണ്ടിപ്രകാരം ആലോചിച്ച്, ഉദിച്ച അനേക ബ്രഹ്മാണ്ഡത്തെയുദിപ്പിച്ച വിക്ഷേപശക്തിയേയും ഇന്ദ്രജാലദൃഷ്ടാന്തത്താല്‍ പറഞ്ഞ (അതിന്റെ) വിവേകത്തെയും (അതിന്റെ) ജഡത്വത്തേയും പുറക്കരണം, വിക്ഷേപശക്തി, പ്രത്യക്ക് ചൈതന്യം (എല്ലാറ്റിനും ഉള്ളില്‍ പ്രകാശിക്കുന്ന ആത്മാവ്.) ഇവകള്‍ക്ക് മുന്‍പറഞ്ഞപ്രകാരം കല്‍പിതപ്രപഞ്ചം വിഷയപ്പെടായ്കയേയും വിവേകാനുഭവംകൊണ്ട് ദര്‍ശിച്ച പ്രതീതിദശയില്‍ മുമ്പ് സൂക്ഷ്മ ശരീരത്തെ അനാത്മാവാകുമാറാക്കി അതില്‍നിന്നും അഹമധ്യാസ (ഞാന്‍ എന്ന തെറ്റിദ്ധാരണ) നിവൃത്തി ചെയ്യപ്പെട്ടിരിക്കുന്നതുപോലെ ഇതുകള്‍ വിവേകാനുഭൂതിയാല്‍ ഭിന്നലക്ഷണങ്ങളോടുകൂടിയ ദൃശ്യപദാര്‍ത്ഥമായും അനാത്മ വസ്തുവായും, ആത്മസംബന്ധം വിട്ട് വളരെ ദൂരത്തിരിക്കകൊണ്ട് അതുകളില്‍ അഹമധ്യാസത്തെ നിവൃത്തിച്ച് പ്രത്യക്ക് ചൈതന്യത്തില്‍ ദൃഢതരമായും വൃത്തിസംബന്ധം കൂടാതെയും അഹ (ആത്മാവില്‍ ഞാനെന്നഅനുഭവം) മനുഭവം സിദ്ധിക്കുമ്പോള്‍ ഈ ചൈതന്യത്തില്‍നിന്നന്യമായിട്ടല്ലാതെ താനും തന്റെ കാര്യമായ പ്രപഞ്ചവും ശേഷിച്ചു മഹോപശാന്തസ്ഥാനമാകുന്ന വിശ്രാന്തിഭൂമിയെ പ്രാപിച്ച് ഈ ജീവന്മാരും ഇന്ദ്രജാലത്തില്‍ കണ്ട വസ്തുക്കളെ മിഥ്യയെന്ന് ഇന്ദ്രജാലക്കാരന്‍ അറിഞ്ഞിരിക്കുന്നതുപോലെ തന്നില്‍ കാലത്രയത്തിലും മുന്‍പറയപ്പെട്ടവയില്ലെന്നു കണ്ട് അദ്വീതീയനിജാനന്ദ സുധാ സിന്ധുവായി പ്രകാശിക്കും.

ശിഷ്യന്‍: എന്നാല്‍ മുന്‍പറഞ്ഞ ലിംഗശരീരാദികളെപ്പോലെയല്ല; ഈ സപ്തസമുദ്രങ്ങളേയും ഒരു സാധനവും കൂടാതെയും ഒരു തുള്ളി വെള്ളം പോലും ശേഷിക്കാതെയും ചുഴറ്റി ആകാശത്തില്‍ വീശി എറികയും അഷ്ടകുലാചലങ്ങളും സപ്തമേഘങ്ങളും പഞ്ചഭൂതങ്ങളും ധൂളി ധൂളിയായി നിലയില്ലാതെ കണ്ട് ചുഴലുകയും ചന്ദ്രസൂര്യനക്ഷത്രാദികള്‍ സ്ഥാനങ്ങളില്‍നിന്നിളകി വേര്‍പെട്ട് അവ ശമപ്പെട്ട് ചക്രം തിരിഞ്ഞ് ചിതറുകയും ഇപ്രകാരമെല്ലാം ചെയ്യുന്ന മഹാപ്രളയപ്രചണ്ഡവാതമെന്നപോലെ ആര്‍ക്കും ഭയങ്കരമായി ചലിക്കുന്ന ഈ വിക്ഷേപശക്തിയെ ജയിക്കുകയും അതിന്റെ ചലനത്തെ നിറുത്തുകയും ചെയ്കയെന്നുള്ളത് എങ്ങനെ സാധ്യമാകും? എന്നൊരു വലുതായ ശങ്ക ഉണ്ട്.

ആചാര്യന്‍: നീ ഭയന്നതും ശങ്കിച്ചതും ശരി തന്നെ. എന്നാലും വിവേകപൂര്‍വ്വം പരിശ്രമിച്ചാല്‍ ആ ഭയം ഇല്ലാതാകുന്നതാണ്.

ദാസി (ക്ഷേത്രങ്ങളില്‍ നൃത്തം ചെയ്യുന്ന തൊഴിലുള്ള സ്ത്രീ)യായ ഒരുവള്‍ ഭരത ശാസ്ത്രപ്രകാരം രാഗബന്ധമുള്ള ചുവട് (അടവു)കളെ അഭ്യസിച്ച് താളം മുതലായവയോട് ചേര്‍ന്ന് സഭയില്‍ നര്‍ത്തനം ചെയ്യുമ്പോള്‍ അവളുടെ നേത്രം ഹസ്തം മുതലായ അവയവങ്ങള്‍ ഭാവസൂചന നിമിത്തം ക്ഷണനേരത്തിനിടയ്ക്ക് അനേക വക്രഗതികളെ പ്രാപിക്കുമ്പോള്‍ അതിനെ കണ്ട് രസിക്കുന്ന ദ്രഷ്ടാവിന്റെ ദൃഷ്ടി മന്ദമായാകട്ടെ അതിവേഗമായാകട്ടെ ചലിക്കുന്നതിലേയ്ക്ക് കാരണമില്ല. ഇപ്രകാരം ധീരനായി വിക്ഷേപശക്തിയുടെ സാമര്‍ത്ഥ്യത്തെ നോക്കികൊണ്ടിരിക്കുന്നു എന്നു വരികില്‍, ഈ ആത്മചൈതന്യത്തിന്നന്യങ്ങള്‍പോലെ ഉദിച്ചു പ്രകാശിക്കുന്ന ചരാചരങ്ങളായ പ്രപഞ്ചങ്ങളെല്ലാവറ്റെയും നശിപ്പിച്ചും ഉദിപ്പിച്ചും കൊണ്ടിരിക്കുന്ന അന്തഃക്കരണത്തിന്റെ വിക്ഷേപശക്തിയെ തന്നില്‍ നിന്നന്യമായറിഞ്ഞ് ക്ഷണത്തില്‍ താനും ചേഷ്ടയൊന്നും കൂടാതെ ഒഴിഞ്ഞുപോകും. വിവേകാനുഭൂതിയാല്‍ അവറ്റിന്‍ക്രമത്തേയും ഉല്പത്തിനാശങ്ങളേയും കണ്ട്, തന്നെ അവിനാശിയായും അതിന്റെ അതിക്രൂരങ്ങളായ ചലനശക്തിയാകട്ടെ ചരാചരങ്ങളായ ജഡവസ്തുക്കളുടെ ഗുണദോഷങ്ങളാകട്ടെ തന്നെ സംബന്ധിക്കാത്തതുകൊണ്ട് തന്നെ അസംഗോദാസീനനായും അപരോക്ഷമായിക്കണ്ട് ആനന്ദിച്ച്, പ്രേതസമാനമായി ജഡമായി, ദൃശ്യമായി, അനാത്മവസ്തുവായി, കല്പിതമായിരിക്കുന്ന വിക്ഷേപശക്തി മുതലായവയില്‍, പറഞ്ഞപ്രകാരം നിശ്ശേഷമായിട്ട് അധ്യാസം വിട്ടുപോയതുകൊണ്ട്, ഘടമഠാദികളെ മൃദ്ദൃഷ്ടികൊണ്ട് നോക്കിയാല്‍ അതുകള്‍ കാണപ്പെടാത്തതുപോലെ, ഈ ആത്മ ദൃക്കു കൊണ്ട്അതുകളെയെല്ലാം നോക്കിയാല്‍, അദ്വിതീയമായ ആ ദൃക്കില്‍ ലയിച്ച്, അസത്തായി, അദ്വിതീയനിജാനന്ദസ്വരൂപമയിട്ടുതന്നെഅപരോക്ഷമായി സിദ്ധിക്കും. അപ്പോള്‍ മനസ്സിന്റെ ഒരു കോടിയെ അവലംബിച്ചിരിക്കുന്ന വിക്ഷേപശക്തിയാകുന്ന ഒരു തല വെട്ടുപെട്ടു നശിക്കും.

ആവരണശക്തിയും അതിന്റെ നിവൃത്തിയും

മറ്റൊരു തലയായ ആവരണശക്തിയെന്നത് (ആത്മസ്വരൂപത്തെമറയ്ക്കുന്ന ശക്തി. ആത്മാവിനെ ആശ്രയിച്ച് ആ ആത്മാവിന്റെ ചിത്‌സുഖപൂര്‍ണ്ണഭാവത്തെ മറയ്ക്കുവാനുള്ള അജ്ഞാനത്തിന്റെ സാമര്‍ത്ഥ്യത്തിന് ആവരണശക്തിയെന്ന് വേദാന്തികള്‍ പറയുന്നു.) മുന്‍ പറഞ്ഞ വിക്ഷേപശക്തിയേയും അതിലുദിച്ച പ്രപഞ്ചത്തേയും തനിക്കന്യമായിട്ടല്ലാതെയാക്കിയും അന്ധകാരം പോലെയുള്ള തന്റെ ആവരണസ്വഭാവബലത്താല്‍ പ്രപഞ്ചസ്ഫൂര്‍ത്തിയെ കബളീകരിച്ച പ്രകാരം തന്നെ അധിഷ്ഠാനാത്മചൈതന്യത്തിന്റെ സ്ഫുരണത്തേയും കബളീകരിച്ചപ്രായമായും പ്രത്യക്കിനെ (അന്തരാത്മാവ്)ആരും ജഡമെന്ന് നിരൂപിക്കുമാറ് ചെയ്യിച്ചും നില്ക്കും. അപ്രകാരമുള്ള ആവരണശക്തി പറഞ്ഞപ്രകാരം സുഷുപ്തി, മൂര്‍ച്ച, പ്രളയം മുതലായ സന്ദര്‍ഭങ്ങളില്‍ അനുഭവിക്കപ്പെടും. അതിനെ ശോധിക്കയെന്നുള്ളത് ഏറ്റവും പ്രയാസമാണ്. സുഷുപ്തിയില്‍ നിന്നും ഉത്ഥാനാവസ്ഥയെ പ്രാപിക്കുമ്പോള്‍ (ഉണര്‍ന്ന് എഴുന്നേല്ക്കുമ്പോള്‍), ‘ഞാനൊന്നുമറിയാതെ സുഖമായുറങ്ങി’ എന്നു പറയുന്നു. മൂര്‍ച്ഛ (മോഹാലസ്യം) തെളിയുമ്പോള്‍ ഏതു ഭയാദികളെ പുരസ്‌കരിച്ചു മൂര്‍ച്ഛിച്ചോ ആ ഭയകമ്പരോദനാദിസഹിതമെഴുന്നേല്ക്കുന്നു. അപ്രകാരം തന്നെ മരണദശയിലും ജീവന്മാര്‍ ആ ആവരണശക്തിയിലടങ്ങി ക്ഷണമാത്രയില്‍ പരലോകയാതന, ജനനം, ഇതുകള്‍ക്കാധാരമായ കര്‍മ്മവാസന ഉത്ഥാനദശയോടൊന്നിച്ചുണ്ടായിട്ട് അതിലേയ്ക്ക് തക്കതായ സുഖദുഃഖാദികളെ ആ അന്തഃകരണോപാധിയില്‍ പ്രതിബിംബിച്ചിരിക്കുന്ന ചൈതന്യത്തില്‍ കല്പിക്കപ്പെട്ട്, ആ വാസനാപരമ്പരയാല്‍ അനേകകോടി ജനനമരണങ്ങളിലകപ്പെട്ടവനെന്നപോലെ ഭുജിക്കുന്നു (അനുഭവിക്കുന്നു). സമാധിയില്‍നിന്നും ഉത്ഥാനത്തെ പ്രാപിക്കുന്ന മഹാപുരുഷന്‍, സര്‍വ്വാധിഷ്ഠാനപ്രത്യഗഭിന്ന നിഷ്പ്രപഞ്ചാദ്വിതീയാത്മചൈതന്യത്തില്‍ (പ്രപഞ്ചകല്പനക്കെല്ലാം അവലംബമായും അന്തരാത്മാവിന്റെ സ്വരൂപമായും പ്രപഞ്ചത്തിന്റെ തോന്നല്‍ ഇല്ലാത്തതായും ഭേദരഹിതമായും ഇരിക്കുന്ന ബ്രഹ്മചൈതന്യം.) ആരോപിതമായ (അജ്ഞാനത്താല്‍ കല്പിക്കപ്പെട്ട.) സകലപ്രപഞ്ചങ്ങളേയും വിവേകാനുഭൂതികൊണ്ട് ഇല്ലാതെ നിരാകരിച്ച് സമാധിയില്‍ പ്രവേശിച്ച പ്രകാരം-അവിടെ ത്രിപുടിയില്ലെന്നു വരികിലും-ആ ആത്മാനുഭൂതിമാനായിട്ടുത്ഥാനം ചെയ്യുന്നു. ഇപ്രകാരം അതിവിരുദ്ധമായ ഭിന്നഭിന്ന വിചിത്രകാര്യങ്ങള്‍ക്ക് ആവരണശക്തി ഏകകാരണമായിരുന്നു, നടത്തിക്കുന്നു. ആ വക പ്രഭാവങ്ങളെ ശ്രുതിയുക്ത്യനുഭവങ്ങളോടുകൂടിയ സദ്ഗുരുവിന്റെ കൃപയാല്‍ വിവേകാനുഭൂതികൊണ്ട് നോക്കുന്ന പക്ഷം സൂര്യസന്നിധിയില്‍ ഹിമകണങ്ങളെന്നപോലെ നീങ്ങിപ്പോകും; (ഇതില്‍ അടിയില്‍ പറഞ്ഞ അവസ്ഥകളില്‍ ആവരണശക്തിയില്‍ ലയിച്ച് ഉദിച്ചതായിപ്പറഞ്ഞു. എങ്കിലും അതിനെ വിട്ടു നീങ്ങി കൂടസ്ഥപരമാത്മാവില്‍ ഐക്യപ്പെട്ട്അനന്തരം ആവരണശക്തി വഴിയായി ഉദിച്ചു എന്ന് ധരിച്ചുകൊള്‍ക). ഇതുകളെ ശോധിക്കുന്ന വിവരം എങ്ങനെയെന്നാല്‍ സുഷുപ്ത്യവസ്ഥയില്‍ കര്‍ത്താ, ഭോക്താ ഇതുകളായിപ്രകാശിച്ച വിജ്ഞാനമയനായ ആത്മാവ്, വിഷയഗ്രഹണസാമഗ്രികളായ കരണങ്ങളെ വിട്ട് തനതുപാധിയായ വിജ്ഞാനവൃത്തിയേയും വിട്ടുനീങ്ങുമ്പോള്‍ ജ്ഞേയം (അറിയപ്പെടേണ്ട വിഷയം), ജ്ഞാനം (അറിവ്) എന്ന ഉപാധികള്‍ അതിനില്ലായ്കയാല്‍ ജ്ഞാതൃധര്‍മ്മമാത്രോപാധികനായി (അറിയുകയെന്ന ധര്‍മ്മം മാത്രം ഉപാധിയായുള്ള) തനിച്ച് ആകുമ്പോള്‍ ജ്‌ഞേയജ്ഞാനങ്ങളായ ഉപാധിയില്ലാത്ത പ്രകാരം നിരുപകാരമായി (പ്രയോജനമില്ലാതെ) ഭവിച്ച് അതും (ജ്ഞാതൃ ധര്‍മ്മവും) നിരാലംബമായി (ആശ്രയമില്ലാതെ) വിട്ടുപോകും. ആ സന്ദര്‍ഭത്തില്‍ അതിലുപഹിതചൈതന്യം തന്റെ സ്വരൂപവും ബിംബവുമായിരിക്കുന്ന കൂടസ്ഥബ്രഹ്മചൈതന്യ(അവസ്ഥാത്രയത്തില്‍ ഒരു വികാരവുമില്ലാതെ സാക്ഷിയായിരിക്കുന്ന ബ്രഹ്മചൈതന്യം.) മാത്രമായി ശേഷിച്ചു നിന്ന് പ്രാരബ്ധകര്‍മ്മവശാല്‍ ജാഗ്രദവസ്ഥയോട് പൂര്‍വ്വം അടങ്ങിയ നീതിപോലെ ജ്ഞാതൃത്വോപാധിമുതല്‍ ക്രമമായി വിഷയസാമഗ്രികളായ കരണാന്തമുപാധികളെ പ്രാപിച്ചുനില്ക്കും. ഇതിന്റെ വിവേകാനുഭൂതികൊണ്ട് നോക്കിയാല്‍ കരണാദിജ്ഞാതൃത്വാന്തം (ഇന്ദ്രിയങ്ങള്‍, അന്തഃകരണം തുടങ്ങി എല്ലാത്തിനെയും അറിയുന്ന ജീവന്‍ വരെ) ഉപാധികളോടു സംബന്ധിക്കുമ്പോള്‍ ജാഗ്രത്ത് എന്നും സ്വപ്നം എന്നും അതുകളോട് വേര്‍പെടുമ്പോള്‍ സുഷുപ്തിയെന്നും വ്യവഹരിക്കും. എന്നാല്‍ ‘ഞാനൊന്നുമറിയാതെയുറങ്ങി’ എന്ന പ്രതീതി(തോന്നല്‍)കൊണ്ട് അവരണശക്തി അവിടെയുള്ളതായി കാണപ്പെടുന്നു എന്നാണെങ്കില്‍ ഈ ഉപാധികളോടുകൂടിയ ദശയില്‍ അനുഭവിക്കപ്പെട്ട വൃത്തിജ്ഞാനത്തെത്തന്നെ (അന്തഃകരണവൃത്തികൊണ്ടുണ്ടാകുന്നഘടപടാദി വിശേഷജ്ഞാനം) ജ്ഞാനമെന്നും വൃത്തിയില്ലാത്തിടത്ത്, സ്വരൂപജ്ഞാനം (ആത്മസ്വരൂപമാകുന്ന ജ്ഞാനം) എന്നും വ്യവഹരിക്കുന്നു. ജ്ഞാനം വൃത്തിജ്ഞാനമെന്നും സ്വരൂപജ്ഞാനമെന്നും രണ്ടു വിധത്തിലുണ്ട്. അന്തഃകരണവൃത്തിയില്ലാത്തപ്പോള്‍ പ്രകാശിക്കുന്ന ജ്ഞാനം സ്വരൂപജ്ഞാനമാണ്. സുഷുപ്തി, മൂര്‍ച്ഛ മുതലായ അവസ്ഥകളില്‍ വൃത്തിജ്ഞാനം ഇല്ല. സ്വരൂപജ്ഞാനമാണ് അവിടെ പ്രകാശിക്കുന്നത്. പക്ഷേ ആ അവസ്ഥ അറിഞ്ഞതുകൊണ്ട് അത് അജ്ഞാനമാണെന്ന് പറയപ്പെടുന്നു. ഒരു വിചാരവും, വികാരവും മനസ്സിലുദിക്കാതെ ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍ സ്വരൂപജ്ഞാനം പ്രകാശിക്കും) സ്വപ്രകാശമായിരുന്നിട്ടും ആ വിവേകമില്ലാത്തതിനാല്‍ അതിനെ അജ്ഞാനമെന്നും ഏറ്റുപിടിച്ച് വാസനയാല്‍ ആ ആവരണശക്തിയുദിച്ചു എന്നല്ലാതെ വേറൊന്നുമല്ല; അല്ലാതെയും ആ ആവരണാനുഭൂതിയോടുകൂടി സുഖമായുറങ്ങി എന്നൊരു പ്രതീതി കാണപ്പെടുകയാലും രണ്ടും ഒരു സമയത്തെപ്പറ്റിയിരിക്കയാലും ഇതു സുഖാനുഭൂതിയെ അല്ലാതെ വേറൊന്നിനേയും അറിഞ്ഞില്ല എന്ന് ഒന്നുമറിയായ്കയായ ആവരണശക്തിയ്ക്ക് അര്‍ത്ഥം കല്പിക്കേണ്ടി വരും. അങ്ങനെ പറയപ്പെട്ടാല്‍ ഈ ആവരണശക്തി തന്റെ പ്രഭാവത്തോടു വിട്ടു നീങ്ങി (ആവരണശക്തി) താനും സ്വരൂപം കെട്ട് അവസ്തുവായി (അസ്തിത്വം നശിച്ച്) ഭവിക്കും. പ്രപഞ്ചകല്പനക്കെല്ലാം അവലംബമായും അന്തരാത്മാവിന്റെ സ്വരൂപമായും പ്രപഞ്ചത്തിന്റെ തോന്നല്‍ ഇല്ലാത്തതായും ഭേദരഹിതമായും ഇരിക്കുന്ന ബ്രഹ്മചൈതന്യം അപ്രകാരം തന്നെ അജ്ഞാനാനുഭൂതിയെമാത്രം സ്ഥാപിച്ച് നിരൂപിക്കിലും ആ അജ്ഞാനമാകുന്ന ‘ഒന്നുമറിയായ്കയോട് ‘ഒരു ജ്ഞാനം കൂടി അതിനെ പ്രകാശിപ്പിച്ചുകൊണ്ട് അബാധ്യമാനമായി (നശിക്കപ്പെടാതെ) കാണപ്പെടുകയാല്‍ അതിനാലും ആ ആവരണശക്തി സ്വപ്രഭാവത്തെ വിട്ട് (ഒഴിഞ്ഞ്) അവസ്തുവാകണം. എന്നാല്‍ ഈ ആവരണശക്തി അവസ്തുവാണെന്നുവരികില്‍ സകലരാലും ഒന്നു പോലെ അനുഭവിക്കപ്പെടാന്‍ കാരണമെന്ത്? എന്നാണെങ്കില്‍, ഈ ആത്മചൈതന്യം (എന്നുമുള്ളതും വികാരമില്ലാത്തതും അറിവ്, അറിയുന്നവന്‍, അറിയപ്പെടുന്ന വിഷയം ഇങ്ങനെയുള്ള ത്രിപുടി ഇല്ലാത്തതും സ്ഥിരമായിരിക്കുന്നതുമായ അവസ്ഥാത്രയസാക്ഷിചൈതന്യം.) നിത്യനിര്‍വ്വികാരത്രിപുടിരഹിത കൂടസ്ഥചൈതന്യമാകുന്നു. അതുപോലെതന്നെ ദേഹത്ത്വാദികര്‍ത്തൃത്വാന്തം (ശരീരം മുതല്‍ കര്‍ത്തൃത്വം വരെയുള്ള ജീവോപാധി.) ഉപാധികള്‍ ത്രിപുടിശൂന്യജഡവസ്തുക്കളാകുന്നു. ഇതുകളില്‍ ആത്മചൈതന്യംപ്രതിബിംബിക്കുമ്പോള്‍, ഇതുകള്‍തന്നെ ചേതനവസ്തുക്കള്‍ പോലെ പ്രകാശിക്കും. കൂടസ്ഥന്റെ സ്വരൂപവിവേകമില്ലായ്കയാല്‍ ഇവറ്റില്‍ പ്രതിബിംബിച്ച (അന്തഃകരണത്തില്‍ പ്രിതിബിംബിക്കുന്ന ആത്മചൈതന്യം-ജീവന്‍-ചിദാഭാസന്‍–ഇതുകളോട് വിട്ടുനീങ്ങി കൂടസ്ഥമാത്രമായി ശേഷിച്ച അളവ് ത്രിപുടിയില്ലാത്തതിനാല്‍ ജഡം പോലെ ഉദിക്കുന്ന ആത്മസ്വരൂപവും-ജ്ഞാനം (വൃത്തിജ്ഞാനം) ഒഴിഞ്ഞതുകൊണ്ട് കരണാദികള്‍ക്കുസമാനമെന്നപോലെ തോന്നിയ്ക്കാം. ആകയാല്‍ ഉത്ഥാനദശയില്‍ വാസനാരഹിതനിരാകാരത്രിപുടിശൂന്യവൃത്തിയില്‍ (വാസനയും, ആകൃതിയും, ത്രിപുടിയും ഇല്ലാത്ത അന്തഃകരണവൃത്തി) ആത്മചൈതന്യം പ്രതിബിംബിച്ച് ആവൃത്തിയില്‍ അതില്‍നിന്ന് ഭിന്നപ്പെടാതെ അതി സൂക്ഷ്മമായി വാസനയുദിച്ച് ആ വാസനാവൃത്തിയില്‍ ചൈതന്യം പ്രതിബിംബിച്ച് അതിന്റെ ബലത്താല്‍ തനിക്ക് പൂര്‍വ്വമായ വൃത്തിയും ഉപഹിതചൈത്യാനുഭൂതിയും പ്രകാശിച്ചുകൊണ്ടിരുന്നിട്ടും അതിനേയും അതിന്നാധാരമായ നിര്‍വ്വിശേഷകൂടസ്ഥനേയും വിവേകരഹിതമായ ഈ വാസനാജ്ഞാനം-അവറ്റില്‍ തന്റെ വികൃതി (വികാരം) സംബന്ധമില്ലാത്തതുകൊണ്ട്-ജാഞാനാഭാവമാകുന്ന ആവരണശക്തിയെ ആരോപിച്ച് തന്റെ വികൃതിസംബന്ധത്താല്‍ തന്നെത്തന്നെ (ചിദാഭാസന്‍) പ്രജ്ഞാനരൂപമായഭിപ്രായപ്പെടുത്തി വിജൃംഭിച്ചു നില്ക്കും.

ഇതാകുന്നു ആവരണശക്തിയുടെ ആരോപബീജം. ഇത് അനാദിയായുള്ളതത്രെ (കാര്യകാരണബന്ധത്തില്‍ക്കൂടി ഉണ്ടായി എന്നു സമര്‍ത്ഥിക്കാന്‍ കഴിവില്ലാത്തത്) ഇത് സൂക്ഷ്മവാസനയാല്‍ ആരോപിക്കപ്പെട്ടതായാലും തന്റെ സ്ഥിതിയില്ലാത്ത പൂര്‍വ്വാവസ്ഥയെ ചേര്‍ന്നുവന്നതിനാല്‍ സ്വപ്നത്തിലുദിച്ചപുരുഷന്‍ സ്വപിതാവിനെ തന്റെ കാരണമായി സ്വീകരിക്കുന്നതുപോലെ ഈ ആവരണശക്തി എല്ലാത്തിനും കാരണമാകും. പിന്നെയും, വാസനയില്‍ പ്രതിബിംബിച്ചജ്ഞാനം വികൃതിയോടുകൂടിയിരിക്കിലും, അതിനു പൂര്‍വ്വവൃത്തിയിലുദിച്ച ജ്ഞാനം വികൃതിയെവിട്ട് നീങ്ങിയിരിക്കിലും, കൂടസ്ഥപരമാത്മസ്വരൂപജ്ഞാനം ശുദ്ധനിരുപാധികമായിരിക്കിലും ഇത്രയും സ്ഥലങ്ങളിലും ശ്രുതിയുക്ത്യനുഭവങ്ങളാല്‍ ജ്ഞാനസ്വരൂപം അലുപ്തമായിട്ടു(ഒന്നിനോടും ചേരാതെ, പറ്റാതെ)തന്നെ അനുഭവിക്കപ്പെടുകയാല്‍ അതിനെ ഖണ്ഡിക്കുന്നതിന് ആരും ശക്തരാകയില്ല.

ഏതു പ്രകാരത്തിലും വിചാരാസഹയായ (ചിന്തിച്ചുനോക്കുമ്പോള്‍ നിലില്പ്പില്ലാത്തത്.) ഈ ആവരണശക്തിവിചാരിക്കപ്പെടുകില്‍ അവസ്തുവായി മാറും. ഇപ്രകാരം വിവേകാനുഭൂതിയാല്‍ നിഷേധിച്ച വന്ധ്യാപുത്രനില്‍, എപ്രകാരം അന്യപുരുഷന്, ഞാനെന്ന അധ്യാസം വരുന്നതിന് പ്രസക്തിയില്ലയോ, അപ്രകാരം അവസ്തുവായ ഈ ആവരണശക്തിയിലും അദ്ധ്യാസം ഉണ്ടാകുന്നതിന് പ്രസക്തിയില്ല, എന്നു നിര്‍ണ്ണയിച്ച് അദ്ധ്യാസത്തെ നീക്കി അപ്രകാരം തന്നെ ഇതിനെ നിഷേധിക്കുന്നതിന് കാരണമായി സോപാധിക നിരൂപാധികസ്ഥലങ്ങളില്‍ പറഞ്ഞവണ്ണം ജ്ഞാനദൃഷ്ടിയെ ഉള്ളവിധം അനുഭവിച്ച് ഈ ആവരണവൃത്തി പോലും ഉദിക്കുന്നതിന് അവകാശമില്ലാതെ ക്ഷയിച്ച ആ അനുഭവബലത്താല്‍ നിരാവരണപരബ്രഹ്മചൈതന്യമാത്രമായി അഹമര്‍ത്ഥാനുഭവം വിട്ടുനീങ്ങാത്ത അനുഭൂതിയായി സിദ്ധിക്കില്‍ വിവേകാനുഭൂതിയാകുന്ന വാളുകൊണ്ട് ഖണ്ഡിക്കപ്പെട്ട് പുനരുത്ഥാനരഹിതമായി, മനസ്സാകുന്ന സര്‍പ്പത്തിന്റെ രണ്ടാമത്തെ ശിരസ്സും അറ്റു പോകും.

ശിഷ്യന്‍: മൂര്‍ച്ഛ, മരണം, പ്രളയം, സമാധി ഇവയിലും ആ ആവരണശക്തിയുടെ പ്രവേശമിരിക്കെ സുഷുപ്തിയാകുന്ന അവസ്ഥയുടെ അനുഭൂതി ബലത്താല്‍ അത് അന്തം പ്രാപിച്ചു എന്നത് എങ്ങനെ ശരിയാകും?

അചാര്യന്‍: മൂര്‍ച്ഛാവസ്ഥയിലും അതിഭയത്തോടു കൂടിയ മനോവാസന തന്റെ അക്കാലത്തെ സ്വഭാവത്തോട് യാതൊന്നിനേയും എതിരിടാതെ വാസനാ (വാസന അധികമുള്ള വൃത്തി ജ്ഞാനം) ധിക്യജ്ഞാനത്തോടുകൂടി മൂഢമായി ആവരണശക്തിയില്‍ ലയിച്ച ആ വൃത്തിയും നീങ്ങി ചിദാഭാസന്‍ കൂടസ്ഥമാത്രമായി ശേഷിച്ച്, ഉത്ഥാനദശയില്‍ ഭയകമ്പാദികളോടുകൂടിയവനായി പൂര്‍വ്വവാസനാവിശേഷത്താല്‍ കാണപ്പെട്ടാലും, മൂര്‍ച്ഛാവസ്ഥയില്‍ എങ്ങനെ ഇരുന്നു എന്നു ചോദിച്ചാല്‍ സുഷുപ്ത്യവസ്ഥയുടെ അനുഭൂതിപോലെ തന്നെപറയും. അപ്രകാരം തന്നെ പ്രളായവസ്ഥയും മരണാവസ്ഥയും ഭവിക്കും. സമാധ്യവസ്ഥയോ എന്നാണെങ്കില്‍ ആരോപിതമായ സകലദൈ്വതത്തേയും സര്‍വ്വാധിഷ്ഠാനമായ പ്രത്യഗഭിന്നപരമാത്മസ്വരൂപത്തില്‍ അതിനു വേറായിട്ടില്ലാതെ (മുമ്പ് തോന്നിയ ദൈ്വതപ്രപഞ്ചം സമാധിയില്‍ ആത്മാവിലില്ലെന്നുള്ള ദൃഡ നിശ്ചയം.) നിഷേധിച്ച്, (ആത്മസ്വരൂപമാത്രമായി) സ്വരൂപമാത്രമായി പ്രകാശിക്കുമ്പോള്‍ ആയവസ്ഥയില്‍ ദൃശ്യഭാവനയും വിക്ഷേപവും ഇല്ലാത്തതിനാലും ത്രിപുടി യില്ലാത്തതിനാലും ഈ രണ്ടു ഗുണങ്ങളും (സുഷുപ്തിയിലെ അജ്ഞാനം) ഈയാവരണശക്തിക്കും ആ സമാധിയനുഭവത്തിനും (സുഷുപ്തിയിലും സമാധിയിലും ദൃശ്യപ്രപഞ്ചത്തിന്റെ തോന്നലും വിക്ഷേപവും ത്രിപുടിയും ഇല്ല എന്നുള്ളതുകൊണ്ടാണ് അവയ്ക്കു തമ്മില്‍ സാദൃശ്യം പറഞ്ഞിരിക്കുന്നത്. എന്നാല്‍ സമാധിയില്‍ ആവരണമില്ലെന്നുള്ളത് ഒരു പ്രത്യേകതയാണ്.) സമാനമായിരിക്കയാലും അപ്രകാരം പറഞ്ഞു എന്നല്ലാതെ ആ ആവരണ വൃത്തിക്ക് അവിടെ പ്രവേശം സിദ്ധിക്കയില്ല.

ശിഷ്യന്‍: സുഷുപ്തി മുതല്‍ മുന്‍പറഞ്ഞ അവസ്ഥകളില്‍ ജീവാവധിയില്‍ (ജീവഭാവം നശിക്കുമ്പോള്‍) കൂടസ്ഥബ്രഹ്മത്തിന് വേറായിട്ടില്ലാതെ ലയിക്കപ്പെട്ടു എന്നതിനാല്‍ ആത്മപ്രാപ്തി സകലപേര്‍ക്കും ശരിയായിരിക്കെ ജ്ഞാനി ഒരുവന്‍ മാത്രം ബ്രഹ്മപ്രാപ്തി സിദ്ധിച്ചവനെന്നും അവന്‍ മാത്രം ജനിക്കയില്ലെന്നും മറ്റുള്ളവന്‍ ബ്രഹ്മപ്രാപ്തിയടയാതെ ജനിക്കുമെന്നും ഉള്ളത് എങ്ങനെ ഒക്കും?

ആചാര്യന്‍: ഈ അവസ്ഥകളില്‍ ജീവന്മാര്‍ ബ്രഹ്മപ്രാപ്തിയടഞ്ഞിരുന്നിട്ടും ബ്രഹ്മജ്ഞാനത്താല്‍ അവരുടെ കര്‍മ്മങ്ങള്‍ ദഗ്ദ്ധ(ദഹിപ്പിക്കപ്പെട്ടത്)മാകാത്തതുകൊണ്ട് വിചിത്രശക്തിയോടുകൂടിയ ആ കര്‍മ്മവാസനയാല്‍ ബ്രഹ്മവിലക്ഷണരായി (ബ്രഹ്മത്തില്‍നിന്നും വേര്‍പ്പെട്ടവന്‍) ആ ജീവന്മാര്‍ ഉത്ഥാനദശയിലുദിക്കുന്നു. എന്നാല്‍ മരണദശയെന്നത്; ഉത്ഥാനത്തിനു ഹേതുവില്ലാത്തതാകയാല്‍ അവര്‍ക്ക് എങ്ങനെ ജനനം വരാം എന്നാണെങ്കില്‍ വ്യവഹാരോപയോഗിയായ ഉത്ഥാനമില്ലായ്കയാല്‍ മരണം എന്നു പറയപ്പെട്ടു എന്നല്ലാതെ ലിംഗശരീരം, കാരണശരീരം ഇവ ബ്രഹ്മജ്ഞാനത്താല്‍ നശിക്കാത്തപ്പോള്‍ ഈ ഉപാധിയോടുകൂടിയ ജീവന്‍ – ദേശാന്തരം പോയ ഒരു പുരുഷന്‍ അവിടെ ജീവിച്ചിരിക്കവേ അവന്‍ ചിലരുടെ ദൃഷ്ടിയില്‍ കാണപ്പെടാതെയിരുന്നാല്‍ അതുകൊണ്ട് അവന്‍ മൃതനായി എന്നു വരികയില്ലല്ലോ, അതുപോലെ – മരിച്ചവനാകയില്ല. ഇങ്ങനെ ബ്രഹ്മജ്ഞാനി ഒരുവന്‍ മാത്രം മുക്തനാകും എന്നറിയണം

ശുദ്ധാദൈ്വതഭാവന

ഇനി സംശയം ഉദിക്കാതെ കാത്തുകൊള്ളുന്നതിനായി ചില രഹസ്യങ്ങള്‍കൂടി പറയാം. മനോനാശാര്‍ത്ഥം ബദ്ധകങ്കണനായിരിക്കുന്ന ശുദ്ധവീരാ! മുമ്പ് വിക്ഷേപശക്തി ബാധിക്കപ്പെട്ടതുപോലെ (മിഥ്യയാണെന്ന് പ്രത്യക്ഷമായി നിശ്ചയിക്കപ്പെടുക). ഇപ്പോള്‍ ആവരണശക്തിയും ബാധിക്കപ്പെടുകയാല്‍ ദൈ്വതപ്രപഞ്ചം, ദര്‍പ്പണനഗരമെന്നപോലെ ഉദിക്കല്‍, അതിനെ അഭിമാനിച്ച പഞ്ചകര്‍ത്താക്കള്‍ (ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, മഹേശ്വരന്‍, സദാശിവന്‍) പഞ്ചകൃത്യങ്ങളെ (സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം) നീതിയായി നടത്തുന്നതു പോലെ കാണിച്ച് ദൈ്വതത്തെ വിശ്വസിപ്പിക്കല്‍ ഇവയൊന്നും സിദ്ധിക്കയില്ല. എന്നാല്‍ നീതി (വ്യവസ്ഥ ചെയ്തു ന്യായവിരോധമില്ലാതിരിക്കുന്നത്)യായി മയക്കി നടത്തുന്ന സ്വഭാവത്തെപ്പറ്റി, സകലസന്ദേഹനിവൃത്തിക്കായിട്ട് ഇനിയും കുറച്ചാലോചിക്കാം.

അവസ്ഥാത്രയപരിശോധനയും ആത്മാവിന്റെ അസംഗത്വവും

ജാഗ്രത്ത് മാറി സ്വപ്നം അനുഭവിക്കപ്പെടുകയും ഈ രണ്ടും സുഷുപ്തിയില്‍ മറയുകയും അനന്തരം ഉണരുമ്പോള്‍ പ്രപഞ്ചം ഉദിച്ച് പ്രകാശിക്കുകയും ചെയ്തു കാണുന്നതില്‍ വ്യവസ്ഥയുണ്ടോ ഇല്ലയോ? ഈ മൂന്നവസ്ഥകള്‍ക്കും എന്തുഭേദം എന്നു നോക്കിയാല്‍ ജാഗ്രത്, സ്വപ്നം ഈ രണ്ടിലും അനുഭവിക്കപ്പെടുന്ന പദാര്‍ത്ഥങ്ങളില്‍ ഭേദം കാണപ്പെടുന്നില്ല. എന്നാല്‍ അനുഭവത്തില്‍ ഭേദം ഉണ്ട്. സ്വപ്നത്തില്‍ ഒരു ദേശത്ത് ചെന്ന് അവിടെ ചിലരാല്‍ സ്രക്ചന്ദനാദികള്‍കൊണ്ട് (മാല, ചന്ദനം, മുതലായവ) ഉപചരിക്കപ്പെട്ടാല്‍ ആ അടയാളം ഉണര്‍ന്നശേഷം അവന്റെ സ്ഥൂലദേഹത്തില്‍ കാണാത്തതിനാല്‍ ഈ രണ്ടവസ്ഥകള്‍ക്കും ഭേദം തോന്നാം. എന്നാല്‍ സ്വപ്നം വാസനാമയമാകയാലും വാസനയെന്നത് ജാഗ്രദനുഭൂതിയുടെ ദാര്‍ഢ്യമാകയാലും അത് സത്യമാകയില്ല. എന്തെന്നാല്‍, രഥഗജതുരഗപദാതികള്‍ മുതലായ വസ്തുക്കള്‍ (ന തത്ര രഥാ ന രഥയോഗാഃ (രഥഗജതുരഗാദികള്‍ സ്വപ്നത്തിലുണ്ടായി നശിക്കുന്നുയെന്നു ശ്രുതിയില്‍ പറയുന്നതിനാല്‍ സ്വപ്നം സ്വതന്ത്രയായ ഒരവസ്ഥയാണ് പക്ഷേ അവസ്ഥകള്‍ മൂന്നും പരസ്പരം ബാധിക്കപ്പെടുന്നതിനാല്‍ മിഥ്യയാണ്) എന്ന ശ്രുതിപ്രകാരം) അനുഭവിക്കപ്പെട്ട് ഉത്തരക്ഷണത്തില്‍ തിരോഭവിക്കുന്നു. നന്നായി ആലോചിക്കുമ്പോള്‍ കല്പന മാത്രമെന്നല്ലാതെ അതൊന്നും സത്യമാകയില്ല.അസത്യവസ്തുക്കളുടെ അനുഭവത്തെ ഒരവസ്ഥയായി പറയുന്നത് നീതിയാകയില്ല. ഈ സ്വപ്നാവസ്ഥ അസത്യവും ജാഗ്രദവസ്ഥസത്യവും ആയതുകൊണ്ട് ഈ രണ്ടവസ്ഥകള്‍ക്കും ഭേദമുണ്ടാകുന്നു എന്നു പറയാമെന്നുവരികിലും ജാഗ്രദവസ്ഥ വാസ്തവത്തില്‍ സത്യമായി സിദ്ധിക്കുന്ന പക്ഷം അതു ശരിതന്നെ; സിദ്ധിക്കാത്തപക്ഷം ഭേദവും സിദ്ധിക്കയില്ല. അതെങ്ങനെയെന്നാല്‍ ജാഗ്രദവസ്ഥയില്‍ അനുഭവിക്കപ്പെട്ട പദാര്‍ത്ഥങ്ങള്‍ സ്വപ്നാവസ്ഥയില്‍ കണ്ട പദാര്‍ത്ഥങ്ങളെക്കാളും ഭിന്നമല്ലാത്തതിനാല്‍ പദാര്‍ത്ഥഭേദം സിദ്ധിക്കയില്ല. അനുഭവഭേദം സിദ്ധിക്കാമെന്നാണെങ്കില്‍ അനുഭവമെന്നത് ഏതിന്റെ വ്യാപാരമാണെന്നു നോക്കുമ്പോള്‍ കേവലം ബഹിഷ്‌ക്കരണങ്ങളുടേതുമല്ല അന്തഃകരണങ്ങളുടേതുമല്ല (ബാഹ്യേന്ദ്രിയങ്ങള്‍:- കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി, അന്തഃകരണങ്ങള്‍:- ബുദ്ധി, ചിത്തം, അഹങ്കാരം) എന്നു കാണാം. ഇനിയും രണ്ടിന്റേയും സംബന്ധബലത്താല്‍ വരുന്നതാണെങ്കില്‍ ഇവ സകലതും ജഡമാകയാല്‍ ആത്മപ്രകാശത്തെ അപേക്ഷിച്ചുതന്നെ മുന്‍പറഞ്ഞ അനുഭൂതി സിദ്ധിക്കണം. അവനോ, ദ്രഷ്ടാവ്; മറ്റു സകലതും ദൃശ്യം. ദൃശ്യമെല്ലാം ഘടതുല്യം ജഡമാകയാല്‍ ഘടത്തിന് എങ്ങനെ ജാഗ്രദാദ്യവസ്ഥകള്‍ സിദ്ധിക്കയില്ലയോ അതുപോലെ ഇവയ്ക്കും സിദ്ധിക്കയില്ല. ദ്രഷ്ടാവിന് ഉള്ളതാകാമെന്നാല്‍ അവസ്ഥകളെ അതിക്രമിച്ച് സാക്ഷിയായി നിന്നവനെ എങ്ങനെ സംബന്ധിക്കും. മേലും ഈ അവസ്ഥകള്‍ സുഷുപ്തിയില്‍ കാണപ്പെടാത്തതിനാല്‍ ആത്മസംബന്ധം ഇല്ലാത്തവയാകും. ഈ ആത്മസംബന്ധത്തെ വിട്ട് ഏതു വസ്തുവും എവിടെയും ഇരിക്കുന്നതായി സിദ്ധിക്കായ്കയാല്‍ അവസ്തുവും (അസത്യവസ്തു) ആകും. അതോ, തോന്നിയും കാണാതെ മറഞ്ഞും വിവേകത്താല്‍ ബാധിക്കപ്പെട്ടും ഉള്ളതാണ്. അധിഷ്ഠാനത്തില്‍ നിന്ന് കാലത്രയത്തിലും വേര്‍പെടാതെ ആ അധിഷ്ഠാനമായിട്ടു തന്നെ സിദ്ധിക്കും. സ്വപ്നദ്രഷ്ടാവായ ആത്മാവിനെക്കൂടാതെ സ്വപ്‌നോത്ഥാനസമയത്തില്‍ സ്വപ്നപ്രപഞ്ചം മുഴുവനും എങ്ങനെ വേര്‍പെടാതെ അവന്‍ മാത്രമായി ശേഷിക്കുന്നോ അങ്ങനെതന്നെ അവസ്ഥാത്രയ സാക്ഷിയായ ദ്രഷ്ടാവിനെക്കൂടാതെ അവസ്ഥാത്രയം മുഴുവനും വേര്‍പെടാതെ ആ ദ്രഷ്ടാവിന്റെ ദൃഗ്ധര്‍മ്മമാത്രമായി ശേഷിച്ചിരിക്കും. പൂര്‍വ്വമീമാംസകമതത്തില്‍ പറഞ്ഞ സ്വര്‍ഗ്ഗാദി ഫലഹേതുവായ അപൂര്‍വ്വവും (കര്‍മ്മത്തില്‍നിന്നുണ്ടാകുന്നതും ഫലത്തെ പ്രദാനം ചെയ്യുന്നതുമായ സംസ്‌ക്കാരവിശേഷത്തിന് അപൂര്‍വ്വമെന്ന് മീമാംസകര്‍ പറയുന്നു.) ഈ ദൃഗ്ധര്‍മ്മത്തിലടങ്ങി ജാഗ്രത്സ്വപ്നാവസ്ഥകള്‍ക്ക് ഭേദത്തെ കല്പിക്കാന്‍ ശക്തിയില്ലാതെ നീങ്ങിപ്പോകും. ആകയാല്‍ വിവേചിക്കുന്നപക്ഷം ഈ ദൈ്വതപ്രപഞ്ചത്തേയും മനസ്സായതിനേയും മിഥ്യയെന്ന് വിശ്വസിപ്പിക്കും. അപ്രകാരം തന്നെ മൃത്തികയില്‍ ഭവിച്ച ലോഷ്ടം, രത്‌നം ഈ രണ്ടും ഒരു വിധത്തിലും സാമ്യമില്ലാതെ ഭിന്നപദാര്‍ത്ഥങ്ങള്‍ പോലെ തോന്നിയാലും അധികപ്രകാശം കൊണ്ട് രത്‌നം വിവേകബുദ്ധിയില്‍ പ്രതിവ്യവഹാരത്തിന് (മണ്‍കട്ടയും രത്‌നവും മൃത്തിന്റെ വികാരമാണെന്നു കാണുന്നതുപോലെ ദൈ്വതപ്രപഞ്ചവും മനസ്സും ദൃശ്യവും ജഡമാകയാല്‍ അനാത്മവസ്തുവാണെന്നു കാണാം). വേറെ ആകാത്തതുപോലെ മനസ്സിന്റെ അജഡമായ ഒരു ഭാഗവും ദൃശ്യാംശത്തില്‍ അടങ്ങി അനാത്മവസ്തുവായിരിക്കകൊണ്ട് വിവേകബുദ്ധിയില്‍ ആത്മാവ് ഇവകള്‍ക്ക് അന്യമെന്നറിയുമാറ് സ്ഫുരിച്ചു നില്ക്കും.

അപ്രകാരം ജീവന്മാര്‍ സദ്ഗുരുകൃപയാല്‍ സിദ്ധിച്ച വിവേകത്താല്‍ (ജീവന്മാര്‍ക്ക് മോക്ഷമാര്‍ഗ്ഗം വെളിപ്പെടും എന്നതിനോടന്വയിക്കുക) കര്‍മ്മകാണ്ഡത്തില്‍ പറഞ്ഞ പുണ്യപാപങ്ങളോടുകൂടിയ അനേകകോടി ജനനമരണങ്ങള്‍ ജീവനെ ചേര്‍ന്ന് ഇരുന്നതായി പറയുന്നതില്‍, അവസ്ഥകള്‍ പോലെ ജനനമരണങ്ങളും നിലയില്ലാതെ വന്നു പോയവയായിരിക്കയാല്‍ അവയെ ചേര്‍ന്നജീവന്‍ അവിനാശിയായും അവയുടെ സംബന്ധവിയോഗങ്ങളാല്‍ വികാരമില്ലാത്തവനായും അവയ്ക്ക് സാക്ഷിയായും ഇരിക്കുന്നില്ലെങ്കില്‍ ആ ജീവനും അവകളെപ്പോലെ ഒരു വസ്തുവായി നശിക്കും. അങ്ങനെയായാല്‍ അവയും ജീവനം സിദ്ധിക്കാതെ നീങ്ങിപ്പോകും. അതോ ശ്രുതിയുക്ത്യനുഭവങ്ങള്‍ മൂന്നിനും ഒക്കുകയില്ല. തന്നിമിത്തം ആ ജീവനെ മുന്‍പറഞ്ഞപ്രകാരം സ്വീകരിച്ചാല്‍തന്നെയും ആകാശത്തില്‍ പെയ്യുന്നവര്‍ഷത്താലും ദഹിക്കുന്ന സൂര്യകിരണത്താലും ആകാശത്തിനു ശീതോഷ്ണസംബന്ധം ഇല്ലാത്തതുപോലെ ഈ ആത്മാവിന് മുന്‍പറഞ്ഞ സംബന്ധം സിദ്ധിക്കയില്ല. തോന്നുന്നല്ലോ എന്നാണെങ്കില്‍ അതും ഇല്ലാത്ത പ്രവാഹം പോലെ കാണപ്പെട്ടാലും മരുമരീചികാപ്രവാഹത്താല്‍ ഭൂമി നനയുന്നില്ലെന്ന അനുഭവം പോലെ ഇവകളുടെ സംബന്ധം ആത്മാവിനില്ല എന്നറിക. ഇപ്രകാരം ആലോചിച്ചാല്‍ ജനനമരണങ്ങള്‍ നീങ്ങി ജീവന്മാര്‍ക്ക് മോക്ഷമാര്‍ഗ്ഗം വെളിപ്പെടും.

അപ്രകാരം തന്നെ കരയില്ലാതെ സമുദ്രം കാറ്റിന്റെ ചലനവിശേഷത്താല്‍ അല, നുര, കുമിള മുതലായവയാല്‍ വികാരത്തോടുകൂടിയതായും അതു വിട്ടു നീങ്ങിയ അവസ്ഥയില്‍ നിര്‍വ്വികാരമായും കാണപ്പെട്ടാലും ജലം ജലമായിട്ടുതന്നെ സിദ്ധിക്കുന്നതുപോലെ വിക്ഷേപം, ആ വിക്ഷേപത്തിന്റെ മാറ്റം, ഇവ സാക്ഷിചൈതന്യത്തിന് തീരെ സിദ്ധിക്കയില്ലെന്ന് ദൃഢമായി ആലോചിച്ചാല്‍ നീങ്ങിപ്പോകും.

കാലത്തിന്റെ മിഥ്യാത്വം

കാലതത്ത്വം തനിക്കന്യമായ സകല പ്രപഞ്ചത്തേയും അളവുപെടുത്തുന്നതുകൊണ്ട് പ്രപഞ്ചത്തിനന്യമായും സാക്ഷിയാല്‍തന്നെ പ്രകാശിക്കയാല്‍ ചിദ്വിലക്ഷണമായും ഭവിക്കുന്നു. അത് സര്‍വ്വസംഹാരമായിരിക്കകൊണ്ട് തന്റെ സംഹാരശക്തിയാല്‍ പ്രപഞ്ചത്തെ വ്യാപിക്കുമ്പോള്‍ സമസ്തവും (അതിന്റെ) പരിണാമത്തോടു വിട്ടു നീങ്ങി ഭാവാഭാവസ്ഫുര്‍ത്തിയില്ലാത്ത മഹാശൂന്യംപോലുള്ള മഹാകാലതത്ത്വത്തെ വിട്ട് വേറില്ലാതെ (അന്യമാകാതെ) നീങ്ങിപ്പോകും. അപ്രകാരം സര്‍വ്വസംഹാരകാലതത്വത്തിന്റെ അനുഭോഗവൃത്തി ഉദിക്കുമ്പോള്‍, തന്നിലുദിച്ച മഹാകാലത്തിന്റെ സംഹാരശക്തികൊണ്ട് പ്രവേശിക്കുമ്പോള്‍, കര്‍പ്പൂരമല തീപ്പെട്ടാലെന്നപോലെ സമസ്തവസ്തുക്കളും അങ്ങനെയങ്ങനെ അഴിയുന്നതോടുകൂടി ഇന്നപ്രകാരമെന്ന് പറയത്തക്കതല്ലാത്ത വ്യഥയേയും ഭയകമ്പാദിയേയും പ്രാപിച്ച് അപ്രകാരം തന്നെ നശിച്ച് കാലതത്ത്വമായ തന്റെ അനുഭൂതിയില്‍നിന്നും വേറെയല്ലാതെ വിട്ടുപോകും. സര്‍വ്വസംഹാരകാലതത്ത്വം ആ അനുഭൂതിയില്‍നിന്നും പ്രപഞ്ചവിലക്ഷണമായും ചൈതന്യത്തില്‍നിന്നന്യമായും സര്‍വ്വസംഹാരശക്തിയോടുകൂടിയതായും അനുഭൂതിയിലുദിച്ച പ്രകാരം നോക്കപ്പെട്ടാല്‍ അപ്രകാരമുദിച്ച അനുഭൂതിവൃത്തിയുടെ ഗുണത്തെ വിട്ട് വേറേ ഇല്ലാത്തതായും ജഡമായും ഭവിച്ച്, മുന്‍പറഞ്ഞപ്രകാരം ദൃഗ്ധര്‍മ്മത്തില്‍ അടങ്ങി അതില്‍നിന്നന്യമായിട്ടില്ലാതെ വിട്ടുനില്ക്കും. ആ ആത്മദൃഷ്ടിയാകട്ടെ കാലത്തെ കടന്ന് നില്ക്കയാല്‍ കാലകാലനായ പ്രത്യക്കിനെ കാലതത്ത്വം ഒരിക്കലും സംബന്ധിക്കയില്ല. ഇപ്രകാരം വിവേചിച്ചനുഭവിച്ചാല്‍ സകലദൈ്വതത്തേയും സംഹരിച്ച് ആത്മസ്വരൂപത്തില്‍ അതില്‍നിന്ന് വേറില്ലാതെ ആത്മദൃക്കാല്‍ ഭുജിക്കപ്പെട്ട് അതു മാത്രമായി ശേഷിച്ചു നില്ക്കും. അവിടെ ചോറ്റുരുള പോലെയുള്ള ദൈ്വതപ്രപഞ്ചവും ഉപകരണംപോലുള്ള കാലതത്ത്വവും ഭക്ഷിക്കപ്പെട്ടമാത്രയില്‍ പ്രത്യഗേകരസമായി (ആത്മാനന്ദം) പ്രകാശിക്കും.ആ അനുഭൂതിനിലയെ മതിയ്ക്കത്തക്കവരാര്? നോക്കാന്‍ ശക്തിയുള്ളവരാര്? ഇപ്രകാരം കാലതത്ത്വത്തെ ജയിച്ചാല്‍ അവിടെ ത്രിപുടിയില്ലാത്തതുകൊണ്ട് മനസ്സും നശിച്ചു പോകും. അതുനിമിത്തം മനോജന്യമായ ജനനമരണാദിസര്‍വ്വദുഃഖങ്ങളും നീങ്ങിപോകും. അപ്രകാരം തന്നെ സകല വിധിനിഷേധരൂപങ്ങളായ ശാസ്ത്രങ്ങളാല്‍ പറയപ്പെട്ട ബഹുവിധങ്ങളായ പുണ്യപാപങ്ങള്‍, സ്വര്‍ഗ്ഗനരകങ്ങള്‍, ഉച്ചനീചങ്ങളായ ജനനാദികള്‍, സമ്പത്ത്, ദാരിദ്ര്യം, രോഗം മുതലായ സകലവും കര്‍മ്മത്തിന്റെ ഫലമായി കര്‍ത്താവിനെ സംബന്ധിച്ചതായി പറയപ്പെട്ടതാണെന്നു വരികിലും അവ ജാതിവര്‍ണ്ണാശ്രമധര്‍മ്മ നീതികുലഗോത്രാദികള്‍ക്ക് ആശ്രയങ്ങളായി പ്രേതങ്ങളായിരിക്കുന്ന ശരീരങ്ങളുടെ അധ്യാസത്തെ പുരസ്‌ക്കരിച്ച്, സിദ്ധിച്ചിരിക്കയാല്‍ ശരീരാധ്യാസം നീങ്ങിയാല്‍ കര്‍മ്മബന്ധവും നീങ്ങിപ്പോകും. കര്‍മ്മബന്ധം നീങ്ങിയാല്‍ കര്‍മ്മബോധകമായ അതിഭയങ്കരശാസ്ത്രം നിമിത്തമായുണ്ടായ ഭയവും നീങ്ങിപ്പോകയാല്‍ കുംഭീപാകാദി നരകങ്ങളാകട്ടെ അസിപത്രാദിഘോരവനങ്ങളാകട്ടെ ബ്രഹ്മാദിസ്തബാന്തമുള്ള യോനികളില്‍ ജനനമാകട്ടെ ഈ സകലതും, ദേഹാധ്യാസത്തെ നീക്കി ദേഹസാക്ഷിയായ പ്രത്യഗഭിന്നപരമാത്മസ്വരൂപത്തെ അനന്യമായിട്ടനുഭവിക്കുമ്പോള്‍, ആ ആത്മസ്വരൂപം ജാതിഗുണക്രിയാശൂന്യമായി സജാതീയ വിജാതീയ സ്വഗതഭേദരഹിതമായി (സജാതീയമെന്നും, വിജാതീയമെന്നും, സ്വഗതമെന്നും ഭേദം മൂന്നു വിധത്തിലുണ്ട്. ഒരു ജാതിയില്‍പ്പെട്ട രണ്ടു വസ്തുക്കള്‍ തമ്മിലുള്ള ഭേദത്തിന് സജാതീയഭേദം എന്നു പറയുന്നു. രണ്ടു ജാതിയില്‍പ്പെട്ട വസ്തുക്കള്‍ തമ്മിലുള്ള ഭേദം വിജാതീയമാണ്. ഒരു വസ്തുവിലുള്ള അവയവങ്ങള്‍ തമ്മിലുള്ള ഭേദം സ്വഗതമാകുന്നു. ആത്മാവിന് ഈ മൂന്നു തരത്തിലുള്ള ഭേദവുമില്ല. ഏകമാകയാല്‍ വിജാതീയഭേദവും നിര്‍ഗുണവും നിരവയവവുമാകയാല്‍ സ്വഗതഭേദവും ഇല്ലെന്ന് സാരം). അദ്വൈതമായി ചിന്മാത്രമായി (ഖണ്ഡിക്കപ്പെടാത്ത പരമാനന്ദത്തിന്റെ പ്രത്യക്ഷാനുഭവം.) അഖൈണ്ഡകരസാപരോക്ഷസാക്ഷാത്ക്കാരമായി പ്രകാശിക്കയാല്‍ ആകാശത്തില്‍, മേട്, പള്ളം (കുന്നും കുഴിയും) ഇവപോലെ സ്വരൂപത്തില്‍ ഇപ്രപഞ്ചം, പ്രപഞ്ചകല്പകമായ മനസ്സ് സമസ്തവും കാലത്രയത്തിലും ഉദിപ്പാനിടയില്ല എന്ന ആത്മാനുഭൂതിയുണ്ടായിആ ക്ഷണത്തില്‍ തന്നെ മനോനാശവും സിദ്ധിക്കും. ഇതുതന്നെയാണ് മുഖ്യാധികാരികളുടെ മനോനാശ മാര്‍ഗ്ഗനിരൂപണം.

മധ്യാമാധികാരികള്‍ മനോനാശമാര്‍ഗ്ഗത്തെ പ്രാപിക്കുന്നതിന് ഹഠയോഗാദികള്‍ (ഹഠയോഗം, രാജയോഗം, ലയയോഗം, ഭക്തിയോഗം മുതലായവ) പരിശീലിക്കേണ്ടതാകുന്നു. ഈ രണ്ടു മാര്‍ഗ്ഗം കൊണ്ടല്ലാതെ മനോനാശ നിമിത്തമായി മാര്‍ഗ്ഗാന്തരമില്ല. ആത്മാവ് താനായിരിക്കനിമിത്തം മനോജയം സുലഭമായിട്ടും മുമുക്ഷുവാല്‍ ആത്മാവ് ശ്രവണാദി സാധനംകൊണ്ട് അറപ്പോടുകൂടി (ഉറപ്പില്ലാതെ)അന്വേഷിക്കയാല്‍ മനോജയം കഠിനമായും ഭവിക്കും. ഇപ്രകാരം തെളിഞ്ഞാലും.

ശിഷ്യാനുഭൂതി

ശിഷ്യനും അപ്രകാരം ആചാര്യരുടെ കരുണാകടാക്ഷമാകുന്ന വാളിനെ വിവേകമാകുന്ന കയ്യില്‍ ധരിച്ച് ജ്ഞാനശൂരനായി അന്തര്‍മുഖപ്പെട്ടപ്പോള്‍ ദേഹത്രയാധ്യാസമായ മൂന്നു ശിരസ്സുകളും ആവരണവിക്ഷേപങ്ങളെന്ന രണ്ടു ശിരസ്സുകളും അവയോടുകൂടിയ മനസ്സാകുന്ന മൂര്‍ഖസര്‍പ്പവും രജ്ജുസര്‍പ്പമെന്നപോലെ കാണാതൊഴിഞ്ഞപ്പോള്‍, ഓഹോ! നിനച്ചമാത്രയില്‍ കിടുങ്ങത്തക്ക മനസ്സെവിടെ? ലോകം എവിടെ? കാലം എവിടെ? മാതാവിന്റെ ഉദരം എവിടെ? ആശ്ചര്യം! ആശ്ചയ്യം! എന്ന് മകഴ്ന്ന് (ആനന്ദിച്ച്) മനോജയത്തെ പ്രാപിച്ച് നിഷ്ഠയില്‍ പ്രവേശിച്ച്, അനന്തരം ബഹിര്‍മുഖനായി (വ്യുത്ഥിതദശയെ പ്രാപിച്ച്) ആചാര്യരെ നമസ്‌ക്കരിച്ചു. ‘സച്ചിദാനന്ദാഖൈണ്ഡകരസമായ ഞാന്‍ എന്നില്‍ നിന്ന് വേറായി ഒന്നും കാണുന്നില്ല. രജ്ജുസര്‍പ്പമായ മനസ്സ് എന്നെ എങ്ങനെ തീണ്ടും? ഞാന്‍ തന്നെ സര്‍വ്വകാലത്തിലുമള്ളവന്‍’, എന്നിപ്രകാരം പറഞ്ഞ് ശിഷ്യന്‍ ആനന്ദപരവശനായി നില്ക്കുമ്പോള്‍ പ്രതിബന്ധധ്വംസാര്‍ത്ഥമായിട്ടോ ബ്രഹ്മാനന്ദലഹരിയാലോ കരുണാധിക്യവിശേഷത്താലോ ആചാര്യര്‍ മറുപടിയും മേലേ അരുളിച്ചെയ്ത് അവയുടെ സാരത്തേയും അതിരഹസ്യമായിട്ടരുളുന്നു.

ഉപദേശസാരം

എല്ലാറ്റിനേയും പരിശോധിച്ചുനോക്കുമ്പോള്‍ അവ ദൃശ്യമെന്നും ദൃക്ക് എന്നും രണ്ടു വസ്തുക്കളായിപ്പിരിയും. അതില്‍ ദൃശ്യം ജഡമെന്ന് പറയപ്പെടും. ദൃക്ക് ചിത്തെന്നും പറയപ്പെടും. ജഡമായ ദൃശ്യം ദൃക്കിന്റെ ഉപാധിയായിട്ടും, ദൃശ്യത്തിന്റെ ഉപാധിയായിട്ടും രണ്ടു പിരിവുള്ളതായി ഭവിച്ച് ആത്മാനാത്മവസ്തുക്കള്‍പോലെ തോന്നുമാറു നില്ക്കും (ജഡമായ ശരീരാദികള്‍ ചേതനസംബന്ധത്താല്‍ ആത്മാവിനേപ്പോലെയും ശരീരാദിഭിന്നമായ പ്രപഞ്ചം ആത്മസംബന്ധമില്ലാതെ അനാത്മാവായും തോന്നും.) ആ വിധ ദൃക്കിന്റെ ഉപാധിയോ കര്‍ത്താവ്, ഭോക്താവ്, ജ്ഞാതാവ്; സുഖി എന്ന ജീവോപാധികളായും അസംഗോദാസീനസാക്ഷികൂടസ്ഥ ബ്രഹ്മപരമാത്മാവെന്ന പ്രത്യഗ്ബ്രഹ്മോപാധികമായും ഭവിച്ചു നില്ക്കും.ഖണ്ഡാഖണ്ഡങ്ങളാകുന്ന പ്രപഞ്ചങ്ങളെ ബഹിര്‍മുഖമായാകട്ടെ വിഷയീകരിക്കുമ്പോള്‍ വിഷയാകാരങ്ങളായി പരിണമിച്ച് തോന്നിയ വൃത്തികള്‍, ഫലമെന്നു പറയപ്പെടും. അവയോടുകൂടി ഘടം, പടം, മഠം എന്ന കല്പനയോട് വിഷയങ്ങളെ ചൂണ്ടിയബുദ്ധി ചിദാഭാസവൃത്തിയെന്ന് പറയപ്പെടും. ഈ പല ചിദാഭാസവൃത്തികളുദിച്ചും അസ്തമിച്ചും അവയെ കുറിക്കാതെ പ്രകാശിക്കുന്നതിന് കാരണമായിരിക്കുന്നനിര്‍വ്വികാരവൃത്തി സാക്ഷിവൃത്തിയാകും. ഈ സാക്ഷിവൃത്തിയില്‍ പ്രകാശിക്കുകകൊണ്ട് പരമാത്മാവിനെ സാക്ഷിയെന്നും കല്പനാവൃത്തിയില്‍ പ്രതിഫലിച്ചതുകൊണ്ട് ചിദാഭാസനെന്നും, ഫലവൃത്തിയില്‍ പ്രതിഫലിച്ചതുകൊണ്ട് വിഷയമെന്നും ചിദാഭാസവൃത്തി ഉദിക്കുമ്പോഴും അതിന്നാധാരമായിരുന്ന നിരാകാരസാക്ഷിവൃത്തിയില്‍ പ്രതിഫലിച്ച ചൈതന്യത്തെ-തന്റെ സ്വരൂപമായികൊണ്ട് തനത് സാക്ഷിസ്വഭാവം മറഞ്ഞുപോയതു നിമിത്തം അന്തര്‍യ്യാമിയെന്നും തന്റെ മറവാല്‍ ആ ആത്മാവ് കാണപ്പെടായ്ക നിമിത്തം-ആ അന്തര്‍യ്യാമിയായ ഈശന്‍ പരോക്ഷനെന്നും വിവേകാനുഭൂതിയാല്‍ അവനെ താനായനുഭവിക്കുമ്പോള്‍ താനേ അപരോക്ഷമായ ബ്രഹ്മസ്വരൂപമെന്നും ശ്രുതിയുക്തികളെ വിടാതെഅനുഭവമായി പറയാറാകും.

വൃത്തിവിലയം

ഇപ്രകാരമറിഞ്ഞ് ബന്ധമോക്ഷവ്യവഹാരത്തിനാധാരമായ ദൈ്വതാദൈ്വവികാസഭേദമെല്ലാം മുന്‍പറഞ്ഞ വൃത്തിഭേദത്തെ കൂടാതെ പ്രത്യേകമായിട്ടില്ലായ്കയാലും ആ വൃത്തിഭേദങ്ങളും കല്പിതങ്ങളുംസ്വതന്ത്രസത്തയില്ലാത്തവയുമാകയാലും ഘടപടാദി ഇഹപരങ്ങളായി പരിണമിച്ച ഫലവൃത്തിയെ അതിനെ ചൂണ്ടുന്ന ചിദാഭാസവൃത്തിയിലും, അതിനെ അതില്‍നിന്നും മറഞ്ഞും അതിനെ അറിയുന്നതുമായ സാക്ഷിവൃത്തിയിലുമായി ലയിപ്പിച്ച്, സാക്ഷിവൃത്തിമാത്രമായിരിക്കുമ്പോള്‍, ദൃശ്യങ്ങള്‍ സമസ്തവും ദൃക്കായിട്ടുതന്നെ കാണുന്നു. ആ ദൃഗുപാധിയില്‍ ദൃശ്യം നീങ്ങിയിരുന്നാലും, അവിടെ ഉദിക്കുന്ന വിവേകത്താല്‍ ആ ദുഗുപാധി, ദൃശ്യമായി, നിരുപാധിക ദൃക്കുമാത്രമായി, ശേഷിച്ച് സ്വയം താനായി പ്രകാശിക്കും. ഇതത്രേ സകലവേദാന്തങ്ങളുടേയും ചുരുക്കം.

ദൃക്ദൃശ്യവിവേകം

ദ്വൈതം ദൃശ്യമാകുന്നു. ദൃക്ക് അദ്വൈതമാണ്. അതുതന്നെ സ്വയംവസ്തു. ആത്മാവിനെ അന്വേഷിച്ചാലും ജഗത്തെ അന്വേഷിച്ചാലും സ്വയംവസ്തുവായി അന്വേഷിച്ചാല്‍ (നോക്കിയാല്‍) പ്രത്യഗഭിന്നബ്രഹ്മമാകുന്ന കൂടസ്ഥനായ താനായിട്ടുതന്നെ സകലവും പ്രകാശിക്കും; അതെങ്ങനെയെന്നാല്‍ സ്വയം ഗോപുരമെന്നിടത്ത് അതില്‍ കാണുന്ന ചിത്രരൂപങ്ങളെ ഗോപുരമല്ലെന്ന് നിഷേധിക്കില്‍ അവ ആ ഉപാധിയെ വിട്ടു നീങ്ങും.

അദ്വൈതബ്രഹ്മാനുഭൂതി

അപ്രകാരം തന്നെ ഓരോ ഉപാധികളേയും നീക്കിക്കണ്ടാല്‍ നിരുപാധികമായി ദൃശ്യാദൃശ്യഭാവം കൂടാതെ ഭേദിക്കപ്പെടാതെ സ്വയം താനായിട്ടുതന്ന പ്രകാശിക്കും. അപ്രകാരം സ്വയം ജഗത്തായിട്ട് നോക്കിയാല്‍ ഈ ജഗത്തും തന്റെ ഉപാധികളെ വിട്ട് നീങ്ങി ദൃശ്യാദൃശ്യ തോന്നല്‍ കൂടാതെസ്വയം താനായി പ്രകാശിക്കും. ആകയാല്‍ നീ- ഞാന്‍ -അത്- ഇത്- ജഗത്ത് – ഈശ്വരന്‍ ജീവന്‍ -ഗുരു – ശിഷ്യന്‍- ബന്ധം – മോക്ഷം – മുതലായ ഭേദം, ഇവ നീങ്ങിയ അഭേദം, ഈ സമസ്തവും തന്നെ ആ ആത്മാവിനെ കൂടാതെ വേറില്ല. താന്‍ തന്നെ ത്രിവിധപരിച്ഛേദനരഹിതനായി അസഹായശൂരനായ സ്വയം പ്രകാശമായ-സ്വയം മഹത്തായ -സ്വയം പ്രഭുവാകയാല്‍ ഇപ്രകാരം പ്രകാശിക്കുന്ന നിനക്ക് ഇനി എന്താണ് ഉപദേശിക്കത്തക്കത്, എന്നരുളിച്ചെയ്ത് രണ്ടുപേരും (ഗുരുവും ശിഷ്യനും) താനായി സ്വയമായി പ്രകാശിച്ചു.

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ