പ്രസ്താവന – അദ്വൈതചിന്താപദ്ധതി

‘അദ്വൈതചിന്താപദ്ധതി’ക്ക്  വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികളുടെ പ്രസ്താവന.

ശ്രീനാരായണമുഖ്യാസ്‌തേ യതയോ വിശ്വവിശ്രുതാഃ
യത്പാദനൗകയാഽപാരസംസാരാബ്ധിമതാരിഷ്ഠഃ.
നമസ്തസ്‌മൈ തീര്‍ത്ഥപാദസമ്പ്രദായാദിഹേതവേ
ശ്രീമത്പരമഭട്ടാരദേവായ പരമാത്മനേ.

യഥാര്‍ത്ഥസ്വാതന്ത്ര്യം മോക്ഷമാണ്

ഇന്നു മാനവസമുദായത്തില്‍ എവിടെ നോക്കിയാലും അഭൂതപൂര്‍വ്വമായ ഒരു സ്വാതന്ത്ര്യബോധം പ്രകടമായി കാണ്മാനുണ്ട്. ആര്യനും ദ്രാവിഡനും, കാപ്പിരിയും നീഗ്രോയും, അടിമത്തത്തെ വലിച്ചെറിഞ്ഞു സ്വതന്ത്രരാകാന്‍ മുന്നോട്ടുകുതിക്കുന്നു. ജനതതിയില്‍ ഇതിനുമുമ്പൊരുകാലത്തും ഇതുപോലെ സ്വാതന്ത്ര്യസമരസന്നദ്ധത സാര്‍വ്വത്രികമായി വ്യാപിച്ചിട്ടില്ലെന്നു ലോകചരിത്രങ്ങളില്‍നിന്ന് നമുക്കറിയുവാന്‍ കഴിയും. ഇന്നു വിയജശ്രീലാളിതരായി പരിലസിക്കുന്ന മഹച്ഛക്തികള്‍ തന്നെ തങ്ങളുടെ സ്വാതന്ത്ര്യത്തെ നിലനിര്‍ത്താന്‍വേണ്ടി രഹസ്യായുധങ്ങള്‍ അന്വേഷിച്ചു ക്ലേശിക്കുമ്പോള്‍ അവരുടെ ആധിപത്യത്തില്‍ കഴിഞ്ഞുകൂടുന്ന ജനത പാരതന്ത്ര്യത്തെ നീക്കാന്‍ പടവെട്ടുകയാണ്. അനര്‍ത്ഥനിവൃത്തിയിലും, ആനന്ദപ്രാപ്തിയിലുമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം സുപ്രതിഷ്ഠിതമായിരിക്കുന്നത്. അതു നേടാന്‍ പ്രകൃതിവിഭവങ്ങള്‍ സ്വായത്തമാക്കിയാല്‍ മതിയെന്നാണ് ഇന്നത്തെ സാധാരണമനുഷ്യന്‍ വിശ്വസിക്കുക. ലോകത്തിന്റെ ഭാഗധേയത്തെ നാമാവശേഷമാക്കിത്തീര്‍ക്കുന്ന ഭയങ്കര യുദ്ധം കൂടെക്കൂടെയുണ്ടാകാനുള്ള പ്രധാനകാരണം മനുഷ്യന്റെ ഈ വിശ്വാസമല്ലാതെ മറ്റൊന്നുമല്ല. വിവേകിയായിരിക്കേണ്ട മനുഷ്യനെ മൃഗമാക്കിത്തീര്‍ക്കുന്ന സമരത്തില്‍ ആരു ജയിച്ചാലും അവര്‍ക്കു ശരിയായ സംതൃപ്തി ഉണ്ടാവുകയില്ല. ആ വിജയം വെറും ഭൗതികവും ക്ഷണികവുമാണെന്ന് ഇന്നത്തെ ജര്‍മ്മനിയും ജപ്പാനും സാക്ഷ്യം വഹിക്കുന്നുണ്ട്. മനുഷ്യന്‍ ഭൗതികവിഷയങ്ങളെ ഇഷ്ടംപോലെ അനുഭവിച്ചു സുഖിക്കാനൊരുങ്ങും തോറും അവന്‍ പ്രകൃതിക്ക് അത്രത്തോളം അടിമപ്പെടുകയാണ് ചെയ്യുന്നത്. മനുഷ്യന്, അനിതരജന്തുസാധാരണമായ ഒരു വൈശിഷ്ട്യമുണ്ടെങ്കില്‍ അത് പ്രകൃതിയെ ജയിക്കാനുള്ള അവന്റെ സമരസന്നദ്ധത ഒന്നുമാത്രമാണ്. സര്‍വ്വജന്തുക്കളും പ്രകൃതിക്കു വഴങ്ങിക്കൊടുക്കുമ്പോള്‍ മനുഷ്യന്‍ മാത്രം ആ പ്രകൃതിയെ ജയിച്ചു സ്വാതന്ത്ര്യം നേടാനൊരുങ്ങുന്നു. അവന്റെ യഥാര്‍ത്ഥമായ സ്വാതന്ത്ര്യസമരചരിത്രം അതാണ്. ആ സമരത്തില്‍ വിജയം കൈവരിച്ചവനാണ് ധീരനും സ്വതന്ത്രനും. മനുഷ്യര്‍ പരിശുദ്ധങ്ങളായി കരുതിപ്പോരുന്ന സകല സദ്ഗ്രന്ഥങ്ങളും അങ്ങനെയുള്ള ധീരന്മാരുടെ അപദാനങ്ങളെ പ്രകീര്‍ത്തിക്കുന്നവയാണ്. വേദങ്ങളില്‍ പുകഴ്ത്തിക്കാണുന്ന ജനകന്‍, യാജ്ഞവല്‍ക്യന്‍, പുരാണപ്രസിദ്ധന്മാരായ ശ്രീരാമചന്ദ്രന്‍, ശ്രീകൃഷ്ണന്‍, ശ്രീവ്യാസന്‍, ശ്രീശുകന്‍, ശ്രീശങ്കരഭഗവത്പാദര്‍, അധുനാതനന്മാരായ ശ്രീരാമകൃഷ്ണപരമഹംസദേവന്‍, പരമഭട്ടാരശ്രീചട്ടമ്പിസ്വാമിതിരുവടികള്‍ തുടങ്ങിയ മഹാപുരുഷന്മാര്‍ ആ സ്വാതന്ത്ര്യസമരത്തില്‍ വിജയം കൈവരിച്ച ധീരയോദ്ധാക്കളാണ്. അവര്‍ ഭയങ്കരമായ പീരങ്കികൊണ്ടോ വിശ്വനാശകമായ അണുബോംബുകൊണ്ടോ ഒന്നുമല്ല ഈ അപ്രതിരോധ്യയായ പ്രകൃതിയെ (മായയെ) കീഴടക്കിയത്. പിന്നെയോ ജ്ഞാനം ഒന്നുകൊണ്ട് മാത്രമാണ്.

ഈ ജ്ഞാനം സാത്ത്വികം, രാജസം, താമസം എന്നു മൂന്നുവിധമുണ്ട്. പരിച്ഛിന്നങ്ങളും നശ്വരങ്ങളുമായി കാണപ്പെടുന്ന നാനാവിധപദാര്‍ത്ഥങ്ങളില്‍ അപരിച്ഛിന്നവും അനശ്വരവും ഏകവുമായ സദ്ഭാവത്തെ വെളിപ്പെടുത്തുന്ന ജ്ഞാനത്തെ സാത്ത്വികമെന്നും, പ്രപഞ്ചപദാര്‍ത്ഥങ്ങളുടെ സദ്ഭാവത്തെ വിഭിന്നരീതിയില്‍ കാട്ടിത്തരുന്ന ജ്ഞാനത്തെ രാജസമെന്നും, ഒരു പദാര്‍ത്ഥത്തിന്റെ വാസ്തവസ്ഥിതി ബോധിക്കാതെ ഉപരിപ്ലവരീത്യാ അറിയുന്ന അയഥാര്‍ത്ഥജ്ഞാനത്തെ താമസമെന്നും ഗീതയില്‍ പറഞ്ഞുകാണുന്നു. ഏകത്വബോധത്തെ ജ്ഞാനമെന്നും നാനാത്വബോധത്തെ വിജ്ഞാനമെന്നും പറയാം. ജീവിതസമരരംഗത്തില്‍ മായാമയിയായ പ്രകൃതിയോടു മല്ലടിക്കുവാന്‍ അരയും തലയും മുറുക്കി പുറപ്പെട്ട മനുഷ്യന്‍ തന്റെ ധിഷണാതൂണീരത്തില്‍ സംഭരിച്ചിരുന്ന സംഖ്യാതീതങ്ങളായ വിജ്ഞാനശരങ്ങള്‍ ആ പ്രകൃതിയുടെമേല്‍ പ്രയോഗിച്ചുനോക്കി. പക്ഷേ അതുകൊണ്ടൊന്നും യാതൊരുപ്രയോജനവും ഉണ്ടായില്ല. പ്രകൃതി കീഴടങ്ങിയില്ലെന്നു മാത്രമല്ല തന്നെ പരാജയപ്പെടുത്താന്‍ വന്ന പ്രതിയോഗികളെ കീഴടക്കുകകൂടി ചെയ്തു. ശത്രുക്കള്‍ തന്റെ മേല്‍ വര്‍ഷിച്ച വിജ്ഞാനശരങ്ങള്‍ ആ പ്രകൃതിദേവിക്ക് ഒരു രക്ഷാകവചമായിട്ടാണു പരിണമിച്ചത്. പ്രകൃതിമഹേശ്വരി ഇങ്ങനെ അചിന്ത്യശക്തിയോടുകൂടി പുരോഗമിച്ചുകൊണ്ടിരിക്കവേ തന്നെ ആ ദുര്‍ദ്ധര്‍ഷയെ കീഴടക്കാനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റി അപൂര്‍വ്വം ചില മഹാമനീഷികള്‍ ചിന്തിക്കുന്നുണ്ടായിരുന്നു. പൊട്ടപ്പുല്ലുകള്‍കൊണ്ടും ശുഷ്‌കപത്രൗഘംകൊണ്ടും കെട്ടി മേഞ്ഞവയായ പാഴ്ക്കുടിലുകളില്‍ കഴിഞ്ഞുകൂടിയിരുന്ന ആ ഭാരതവര്‍ഷത്തിലെ ‘പൂര്‍വ്വരാംഋഷീന്ദ്രന്മാ’രുടെ വളരെ നാളത്തെ നിരീക്ഷണപരീക്ഷണങ്ങളുടെ – ഇന്ദ്രിയാതീതമായ അന്വേഷണങ്ങളുടെ – പരിണതഫലമായി കണ്ടുകിട്ടിയ ഒന്നാണ് പരമരഹസ്യമായ ‘ബ്രഹ്മാത്മൈക്യജ്ഞാനം’. അതിന്റെ പ്രാദുര്‍ഭാവത്തില്‍ തന്നെ ആപ്രകൃതി – മായാശക്തി – എവിടെയോ പോയി മറഞ്ഞു. ആ ജ്ഞാനം കൈവരിച്ച മനുഷ്യന്റെ ജീവിതസമരം എന്നെന്നേയ്ക്കുമായി അവസാനിച്ചു. അവന്‍ പരിപൂര്‍ണ്ണസ്വാതന്ത്ര്യത്തില്‍ വിശ്രമസുഖമനുഭവിച്ചു. അതത്രെ അനര്‍ത്ഥനിവൃത്തിസഹിതമായ ആനന്ദപ്രാപ്തിയെന്നറിയപ്പെടുന്ന മോക്ഷം.

ബന്ധവും മോക്ഷവും

ഈ മോക്ഷത്തെപ്പറ്റി വേണ്ടവണ്ണമറിയണമെങ്കില്‍ ബന്ധകാരണംകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. നിജസ്വരൂപമായ അദൈ്വതബ്രഹ്മവസ്തുവില്‍ ത്രിപുടിരൂപേണ (അറിയുന്നവന്‍, അറിയപ്പെടുന്നവസ്തു, അറിവ് ഈ രൂപത്തില്‍) തോന്നുന്ന പ്രപഞ്ചം, വാസ്തമാണെന്നുള്ള നിശ്ചയത്തിനാണ് വേദാന്തികള്‍ ബന്ധമെന്നു പറയുന്നത്. ഇതിന് കാരണം അജ്ഞാനമാകുന്നു. അജ്ഞാനമെന്നതിനു ജ്ഞാനാഭാവമെന്നല്ല അന്യഥാജ്ഞാനമെന്നാണ് ഇവിടുത്തെ അര്‍ത്ഥം. ഒരു വസ്തുവിനെ മറ്റൊന്നായി തെറ്റിദ്ധരിക്കുകയെന്നു സാരം. ഒരു പൊരുത്തവുമില്ലാത്ത വസ്തുക്കള്‍ക്ക് പരസ്പരം പൊരുത്തമുണ്ടെന്നു തോന്നിക്കുന്നതിനാല്‍ മായയെന്നും ഒന്നിനെ പലതാക്കിത്തീര്‍ക്കുന്നതിനാല്‍ പ്രകൃതിയെന്നുംകൂടി അജ്ഞാനത്തിനുപേരുണ്ട്. ഈ അജ്ഞാനത്തിന്റെ നാശത്തിനാണു മോക്ഷമെന്നു പറയുന്നത്.

ജ്ഞാനം മോക്ഷസാധനം

മോക്ഷപ്രാപ്തിക്കു ലോകത്തിലുള്ള അനേകമതങ്ങള്‍ വിവിധമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും അവയിലെല്ലാം പ്രാധാന്യമര്‍ഹിക്കുന്നത് ജ്ഞാനയോഗമാകുന്നു.

രജ്ജുസര്‍പ്പഭ്രാന്തി നീങ്ങണമെങ്കില്‍, തജ്ജന്യങ്ങളായ ഭയകമ്പാദികള്‍ നശിക്കണമെങ്കില്‍, തദധിഷ്ഠാനമായ രജ്ജുവിന്റെ യഥാര്‍ത്ഥബോധമുണ്ടാകണം, അല്ലാതെ മറ്റൊരു കര്‍മ്മകലാപംകൊണ്ടും ആ ഭ്രമം നീങ്ങുന്നതല്ല. അതുപോലെ അജ്ഞാനകല്പിതമായ ബന്ധം നശിക്കണമെങ്കില്‍, ബന്ധരൂപമായ പ്രപഞ്ചത്തില്‍നിന്നു ജീവനു നിത്യമുക്തി ലഭിക്കണമെങ്കില്‍, സര്‍വ്വാധിഷ്ഠാനമായ കൂടസ്ഥബ്രഹ്മചൈതന്യത്തിന്റെ സമ്യഗ്‌ബോധമുണ്ടാകണം. അല്ലാതെ ആ മുക്തി, യാഗാദികര്‍മ്മങ്ങള്‍കൊണ്ടോ, ചിത്തവൃത്തിനിരോധരൂപമായ രാജയോഗംകൊണ്ടുമാത്രമോ സിദ്ധിക്കുന്നതല്ല. അവ കര്‍ത്തൃതന്ത്രങ്ങളാണ്. കര്‍ത്താവുതന്നെ അജ്ഞാനകല്പിതനാകയാല്‍ ആ കര്‍ത്താവിന്റെ സര്‍വ്വപ്രവൃത്തികളും അജ്ഞാനജന്യങ്ങളാണെന്നു വിശേഷിച്ചു പറയേണ്ടിതല്ലല്ലൊ? ‘കാര്യത്തിനു കാരണത്തെ നശിപ്പിക്കാന്‍ കഴികയില്ലെ’ന്നുള്ള തത്ത്വം അനുസ്മരിക്കുന്നതായാല്‍ ഒരു കര്‍മ്മത്തിനും അജ്ഞാനനാശരൂപമായ മുക്തിയെ പ്രദാനംചെയ്യുവാന്‍ കഴികയില്ലെന്നു കാണാം. സര്‍വ്വോത്കൃഷ്ടമായ വേദംതന്നെ ജ്ഞാനയോഗത്തെ മാത്രമേ സാക്ഷാല്‍ മോക്ഷസാധനമായി ഉപദേശിച്ചിട്ടുള്ളൂ. ‘തരതി ശോകമാത്മവിത്’ (ആത്മാവിനെ അറിയുന്നവന്‍ ശോകരൂപമായ സംസാരത്തെക്കടക്കുന്നു) ‘തമേവവിദിത്വാ അതിമൃത്യുമേതി നാന്യഃപന്ഥാവിദ്യതേഽയനായ’. ആ ബ്രഹ്മത്തെ അറിഞ്ഞിട്ട് മുക്തിയെ പ്രാപിക്കുന്നു. ഈ ജ്ഞാനമല്ലാതെ വേറൊരു മാര്‍ഗ്ഗവും മുക്തിക്കില്ല. ‘ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി’ (ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മമായിട്ടുതന്നെ തീരുന്നു) ‘ന കര്‍മ്മണാ ന പ്രജയാധനേന ത്യാഗേനൈകേ അമൃതത്വമാനശുഃ’ (കര്‍മ്മങ്ങള്‍ കൊണ്ടോ, സന്താനലാഭം കൊണ്ടോ ധനം കൊണ്ടോ അമൃതത്വം – മുക്തി – ലഭിക്കുന്നതല്ല. പിന്നെയൊ, ത്യാഗരൂപമായ – നാനാത്വത്തെ ത്യജിച്ചതായ – ബ്രഹ്മാത്മൈക്യജ്ഞാനം കൊണ്ടുമാത്രമേ ചിലര്‍ അമൃതത്വത്തെ പ്രാപിച്ചിട്ടുള്ളൂ) എന്നിങ്ങനെയുള്ള ശ്രുതിവാക്യങ്ങളെ കൂടാതെ ഇതരശാസ്ത്രങ്ങളും ഈ അര്‍ത്ഥത്തെത്തന്നെയാണ് ബോധിപ്പിക്കുന്നത്.

‘അവിദ്യാസ്തമയോ മോക്ഷ
ഇതി താവത് സമര്‍ത്ഥിതം
തേന മോക്ഷാഭ്യുപായത്വം
വിദ്യയാ ന തു കര്‍മ്മണാ.’

മോക്ഷമെന്നതു അവിദ്യയുടെ നാശമാകുന്നു എന്നു സമര്‍ത്ഥിച്ചുകഴിഞ്ഞു. വിദ്യകൊണ്ടല്ലാതെ കര്‍മ്മംകൊണ്ട് അവിദ്യ നശിക്കുന്നതല്ല.

‘പഠന്തു ശാസ്ത്രാണി യജന്തു ദേവാന്‍
കുര്‍വ്വന്തു കര്‍മ്മാണി ഭജന്തു ദേവതാഃ
ആത്മൈക്യബോധേന വിനാ വിമുക്തി-
ര്‍ന്ന സിദ്ധ്യതി ബ്രഹ്മശതാന്തരേഽപി.’

(ശാസ്ത്രങ്ങള്‍ പഠിച്ചാലും, ദേവന്മാരെ ഉദ്ദേശിച്ചുയാഗങ്ങള്‍ ചെയ്താലും, നിത്യനൈമിത്തികാദികര്‍മ്മങ്ങള്‍ ചെയ്താലും, ദേവതകളെ ഉപാസിച്ചാലും, പരമാത്മജ്ഞാനം ഇല്ലാതെ വളരെ കല്പങ്ങള്‍ കഴിഞ്ഞാല്‍തന്നെയും മോക്ഷം സിദ്ധിക്കുന്നതല്ല.)

ഇതുകൊണ്ടു മോക്ഷസാധനം ജ്ഞാനയോഗമാണെന്നു സിദ്ധിച്ചല്ലൊ. എന്നാല്‍ യാഗാദികര്‍മ്മങ്ങളെത്തന്നെയോ, ദേവതോപാസനകളേയോ, യോഗമാര്‍ഗ്ഗങ്ങളെത്തന്നെയോ വേദം മോക്ഷസാധനങ്ങളാണെന്ന് അനുശാസിച്ചിട്ടുണ്ടെങ്കില്‍ അവയെ ജ്ഞാനസാധനങ്ങള്‍ എന്ന നിലയിലാണ് പരിഗണിക്കേണ്ടത്. എങ്ങനെയെന്നാല്‍ കര്‍മ്മാദികള്‍ കൊണ്ടു ശുദ്ധമായ അന്തഃകരണം ജ്ഞാനപ്രകാശത്തിന് അര്‍ഹമായിത്തീരുന്നു.

‘പ്രത്യക്പ്രവണതാം ബുദ്ധേഃ
കര്‍മ്മാണ്യുത്പാദ്യ ശുദ്ധിതഃ
കൃതാര്‍ത്ഥാന്യസ്തമായാന്തി
പ്രാവൃഡന്തേ ഘനാ ഇവ.’

‘മഴക്കാലം കഴിഞ്ഞ് മേഘങ്ങളെല്ലാം ഇല്ലാതാകുന്നതുപോലെ യാഗാദികര്‍മ്മങ്ങള്‍ ജീവന്റെ അന്തഃകരണത്തെ ജ്ഞാനയോഗാര്‍ഹമാകുംവണ്ണം പരിശുദ്ധമാക്കി സ്വയം നശിക്കുന്നു. എന്നാണ് കര്‍മ്മമാര്‍ഗ്ഗത്തില്‍ പരമാചാര്യനായിരുന്ന മണ്ഡനമിശ്രന്‍1, സന്ന്യാസാശ്രമം സ്വീകരിച്ച് മഹാജ്ഞാനിയായിത്തീര്‍ന്നതിനു ശേഷം തന്റെ ‘നൈഷ്‌കര്‍മ്മ്യസിദ്ധി’ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ളത്.

‘സര്‍വ്വം കര്‍മ്മാഖിലം പാര്‍ത്ഥ,
ജ്ഞാനേ പരിസമാപ്യതേ’
എന്ന ഭഗവദ് വാക്യത്തിന്റെയും അര്‍ത്ഥം മേല്‍പറഞ്ഞതു തന്നെയാണ്.

ഈ നിലയില്‍ നോക്കുമ്പോള്‍ വേദവേദാന്താദി സര്‍വ്വധര്‍മ്മശാസ്ത്രങ്ങളും ജ്ഞാനയോഗപരങ്ങളാണെന്നു കാണാവുന്നതാണ്.

ശ്രീശങ്കരഭഗവത്പാദരും അദൈ്വതമതവും

‘തത്തുസമന്വയാത്’ എന്ന ബ്രഹ്മസൂത്രംകൊണ്ട് ശ്രീ വേദവ്യാസമഹര്‍ഷിയും, ഈ വാസ്തവത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു കൂട്ടം പണ്ഡിതന്മാര്‍ വേദം കര്‍മ്മപ്രധാനമാണെന്നു ശഠിച്ചിരുന്നു. അവര്‍, യാഗാദികര്‍മ്മങ്ങള്‍ മാത്രമാണു മോക്ഷസാധനമെന്നു വാദിച്ച് അതിനുവേണ്ടി പശുഹിംസാദികള്‍ക്കുപോലും മടിച്ചില്ല. യജ്ഞം കൊണ്ടു സിദ്ധിക്കുന്ന ‘അപൂര്‍വ്വം’ ആ യജ്ഞകര്‍ത്താവിനെ നിത്യസ്വര്‍ഗ്ഗത്തിലേക്കു നയിക്കുമെന്ന് സിദ്ധാന്തിച്ച കര്‍മ്മംന്മാരാണ് പൂര്‍വ്വമീമാംസകന്മാര്‍. അവരുടെ യാഗാവസരങ്ങളില്‍ വധിക്കപ്പെടുന്ന യജ്ഞപശുക്കളുടെ ആക്രന്ദനംകൊണ്ട് ഈ ഭാരതഭൂമി മുഖരിതമായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ധര്‍മ്മസംസ്ഥാപകനായ ശ്രീശങ്കരഭഗവാന്‍ – സാക്ഷാല്‍ ശങ്കരഭഗവത്പാദരായിട്ട്, ഈ കേരളഭൂമിയില്‍ തിരുവവതാരം ചെയ്തത്. ചെറുപ്പകാലത്തുതന്നെ, ആചാര്യപാദരായ ശ്രീ ഗോവിന്ദയതീശ്വരന്റെ ദൃഷ്ടിവിക്ഷേപമാത്രത്താല്‍ സാക്ഷാത്കൃതപരമാത്മാവായിത്തീര്‍ന്ന ശ്രീശങ്കരഭഗവത്പാദര്‍ മോക്ഷമാര്‍ഗ്ഗപ്രതിബന്ധികളായ സകലദുര്‍മ്മതങ്ങളേയും ശ്രുത്യനുഗൃഹീതങ്ങളായ യുക്തിവാദങ്ങള്‍കൊണ്ട് ഭാരതഭൂമിയില്‍നിന്നും ആട്ടിപ്പായിച്ച് ഔപനിഷദമതമായ അദൈ്വതസിദ്ധാന്തത്തെ സ്ഥാപിച്ചു. പ്രാതഃസ്മരണീയനായ ആ അദൈ്വതമതാചാര്യന്റെ ജ്ഞാനപ്രകാശം, ആര്യാവര്‍ത്തത്തില്‍ മാത്രമല്ല, ദ്വീപദ്വീപാന്തരങ്ങളില്‍പ്പോലുമുള്ളവരുടെ ഹൃദയാന്ധകാരത്തെ നാമാവശേഷമാക്കുന്നതിന് പര്യാപ്തമായി. എന്നാല്‍ അവിടുത്തെ ജന്മഭൂമിയായ ഈ കേരളത്തിലുള്ളവര്‍ക്കാകട്ടെ അതിന്റെ മാഹാത്മ്യം വേണ്ടവണ്ണം അറിയുവാന്‍ കഴിഞ്ഞില്ലെന്നുള്ളത് പരിതാപകരമായ ഒരു പരമാര്‍ത്ഥം മാത്രമാണ്. കേരളത്തിനു നേരിട്ട ഈ ദൗര്‍ഭാഗ്യത്തെ പരിഹരിക്കാന്‍ വര്‍ഷശതങ്ങള്‍ വേണ്ടിവന്നു. അങ്ങനെ,

2’പൂതമാം വേദാന്തസത്തുരുക്കിയൊഴിച്ചിട്ടാ
ദൈ്വതത്തില്‍ വിടവടച്ചൊന്നാക്കി വിളക്കിയും
സ്വകൃതാനേകസ്‌ത്രോത്ര ‘സൗന്ദര്യലഹരി’യില്‍
പ്രകൃതിമഹേശിയെപ്പൊന്നോടം കളിപ്പിച്ചും
ശങ്കരാചാര്യരുടെ ജന്മഭൂമിയേ വീണ്ടും
ശങ്കരാചാര്യരുടെ ജന്മഭൂവാക്കി’ ത്തീര്‍ത്തത്.

ശ്രീചട്ടമ്പിസ്വാമികളെന്ന അപരാഭിധാനത്താല്‍ വിശ്വവിശ്രുതനായിത്തീര്‍ന്ന ‘ശ്രീവിദ്യാധിരാജ തീര്‍ത്ഥപാദപരമഭട്ടാരസ്വാമി പാദങ്ങളായിരുന്നു. അവിടത്തെ ജീവചരിത്രം കേരളചരിത്രത്തില്‍ ശോഭനമായ ഒരു അദ്ധ്യായത്തെയാണ് വിരചിച്ചത്. ഇന്നു കേരളത്തില്‍ വിശിഷ്യ തിരുവിതാംകൂറില്‍ കണ്ടുവരുന്ന ആദ്ധ്യാത്മിക പ്രബുദ്ധതയ്ക്ക് പ്രധാനകാരണഭൂതന്‍ ആ പരമഭട്ടാരഗുരുദേവന്‍ തന്നെയാണ്. പടയണിയും ഉത്സവവും ക്ഷേത്രാരാധനയുംകൊണ്ടു മാത്രം മതകാര്യങ്ങളില്‍ തൃപ്തിപ്പെട്ടുകൊണ്ടിരുന്നവരായിരുന്നു കേരളത്തിലെ അബ്രാഹ്മണരില്‍ ഭൂരിഭാഗവും. അന്നു ശൂദ്രരെന്നറിയപ്പെട്ടിരുന്ന മലയക്ഷത്രിയരായ നായന്മാര്‍പോലും ‘ശൂദ്രമക്ഷരസംയുക്തം ദൂരതഃ പരിവര്‍ജ്ജയേത്’ എന്ന നിയമത്തിനു വിധേയരായിരുന്ന സ്ഥിതിക്ക് അതിലും അധഃസ്ഥിതരെന്നു കരുതപ്പെട്ടിരുന്ന പിന്നോക്കസമുദായക്കാരുടെ കഥ പറയേണ്ടതില്ലല്ലൊ! ഇങ്ങനെ, ആദ്ധ്യാത്മികമണ്ഡലത്തിലേയ്ക്ക് ഉയരുവാന്‍ ഒരു അബ്രാഹ്മണന് യാതൊരു പരിതഃസ്ഥിതിയുമില്ലാതിരുന്ന ഒരു കാലത്തായിരുന്നു ശ്രീചട്ടമ്പിസ്വാമിതിരുവടികളുടെ തിരുവവതാരം.

ശ്രീചട്ടമ്പിസ്വാമിതിരുവടികള്‍

അവിടുന്നു തിരുവനന്തപുരത്തിനു സമീപമുള്ള കൊല്ലൂര്‍ എന്ന സ്ഥലത്ത് പുരാതനമായ ഒരു നായര്‍ കുടുംബത്തില്‍ 1029-ാമാണ്ട് ചിങ്ങമാസം 11-ാം തീയതി ഭരണി നാളിലാണ് ഭൂജാതനായത്. സ്വാമിതിരുവടികളുടെ ജനനകാലത്ത് ആ കുടുംബം ദാരിദ്ര്യദേവതയുടെ കേളീരംഗമായിരുന്നു. അദ്ദേഹത്തെ ബാല്യകാലത്തില്‍ വേണ്ടവണ്ണം വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് ആ കുടുംബത്തിനു കഴിവുണ്ടായിരുന്നില്ല. അതിനാല്‍ വിദ്യാരംഭം എന്ന ചടങ്ങുപോലും എട്ടുപത്തു വയസ്സോളം പ്രായമാകുന്നതുവരെ നടത്തിയിരുന്നുമില്ല. സമവയസ്‌കരായ കുട്ടികള്‍ അടുത്തുള്ള ഒരു കളരിയില്‍ പഠിക്കാന്‍ പോകുന്നത് അദ്ദേഹത്തിനു ദിവസവും കാണാമായിരുന്നു. തനിക്കും എഴുത്തു പഠിക്കണമെന്നുള്ള വിചാരത്തോടുകൂടി ഒരു ദിവസം ഒരു കുട്ടിയുടെ ഓല വാങ്ങിച്ചുനോക്കി. അവനോടു ചോദിച്ച് ചില അക്ഷരങ്ങള്‍ മനസ്സിലാക്കി. അചിരേണ അവര്‍ തമ്മിലുള്ള കളി അവിടത്തെ കൂട്ടിവായിക്കാന്‍ പ്രാപ്തനാക്കിത്തീര്‍ത്തു. അക്കാലത്തു പരപ്പന്‍കോട്ടുകാരനായ ഒരു പരദേശബ്രാഹ്മണന്‍ – ഒരു ശാസ്ത്രികള്‍ – അടുത്തുള്ള കൊല്ലൂര്‍മഠത്തില്‍ സംസ്‌കൃതം പഠിപ്പിച്ചിരുന്നു. ആ മഠവുമായി സ്വാമികളുടെ കുടുംബം വേഴ്ചയില്‍ കഴിഞ്ഞിരുന്നതിനാല്‍ ദിവസവും അവിടെ പോകുക അവിടുത്തെ പതിവായിരുന്നു. കൂടാതെ ആ മഠത്തിലെ അന്തര്‍ജ്ജനങ്ങളുടെ വാത്സല്യവും ഔദാര്യവും ദാരിദ്ര്യപീഡിതനായ ആ ബാലനെ അങ്ങോട്ട് ആകര്‍ഷിക്കാതെയുമിരുന്നില്ല. ഭക്ഷണം ശരിയായി ലഭിച്ചതുകൊണ്ടുമാത്രം അദ്ദേഹം തൃപ്തനായില്ല. ശാസ്ത്രികളുടെ അദ്ധ്യാപനരംഗത്തേക്കായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ പ്രധാനമായി പതിഞ്ഞത്. ചെറുപ്പത്തിലേ അനിതരസാധാരണമായ ബുദ്ധിവൈഭവമുണ്ടായിരുന്ന അവിടുന്നു ശാസ്ത്രികള്‍ ഇരിക്കുന്നതിനു സമീപമുള്ള ഒരു ഭിത്തിക്കു മറഞ്ഞുനിന്ന് അവിടെ പഠിപ്പിച്ചിരുന്ന കാവ്യങ്ങളെല്ലാം ഹൃദിസ്ഥമാക്കി. ഏതാണ്ട് ഒരു വര്‍ഷക്കാലം ഇങ്ങനെ കഴിഞ്ഞതിനുശേഷമേ ശാസ്ത്രികള്‍, തനിക്ക് ഈ വിധം അസാമാന്യനായ ഒരു ശിഷ്യനുണ്ടെന്നു മനസ്സിലാക്കിയുള്ളൂ. ഒരു പ്രാവശ്യം കേട്ടാല്‍ എന്തും അതേപടി വിട്ടുപോകാതെ ധരിക്കുവാന്‍ കഴിയുമായിരുന്ന ബുദ്ധിവികാസംകണ്ട് സന്തുഷ്ടനായ ശാസ്ത്രികള്‍ കുറച്ചുകാലം കൊണ്ട് ആ ബാലനെ സംസ്‌കൃതഭാഷയിലെ മിക്ക കാവ്യങ്ങളും പഠിപ്പിച്ചു.

യോഗവേദാന്താദിശാസ്ത്രപരിശീലനം

അക്കാലത്തൊരിക്കല്‍ കൊല്ലൂര്‍ ക്ഷേത്രസങ്കേതത്തില്‍ വെച്ച് അജ്ഞാതനാമാവായ ഒരു മഹാന്‍ ഇദ്ദേഹത്തിന് സുബ്രഹ്മണ്യമന്ത്രം ഉപദേശിച്ചുകൊടുത്തു. ആ മന്ത്രോപാസന വൈരാഗ്യപൂര്‍വ്വം അനുഷ്ഠിച്ച് സിദ്ധിവരുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തുടര്‍ന്നു പേട്ടയില്‍ രാമന്‍ പിള്ള ആശാന്‍ എന്ന മഹാനെ സമീപിച്ച് അദ്ദേഹത്തില്‍നിന്നും സംഗീതവും തമിഴിലെ പ്രാരംഭപാഠങ്ങളും പഠിച്ചു. എന്നാല്‍ സംസ്‌കൃതഭാഷയിലും മറ്റും സാമാന്യം വ്യുല്പത്തിയുണ്ടായിരുന്ന അദ്ദേഹത്തെ രാമന്‍ പിള്ള ആശാന്‍ അവര്‍കള്‍ കളരിയിലെ ചട്ടമ്പിയാക്കി നിശ്ചയിക്കകൂടി ചെയ്തു. ഈ സ്ഥാനപ്പേരിനാലാണ് അവിടുന്ന് ഇന്നും വിശ്രുതനായി പ്രകീര്‍ത്തിക്കപ്പെടുന്നത്. മാതാപിതാക്കന്മാര്‍ ആദ്യം നാമകരണം ചെയ്തത് അയ്യപ്പന്‍ എന്നായിരുന്നെങ്കിലും കുഞ്ഞന്‍ എന്ന ഓമനപ്പേരായിരുന്നു സാധാരണ വിളിച്ചുവന്നത്. അതാണു പില്‍ക്കാലത്തു കുഞ്ഞന്‍പിള്ളച്ചട്ടമ്പി എന്ന പ്രസിദ്ധനാമത്തിനു കാരണം. ജന്മനാ ഭക്തനായിരുന്ന അവിടുന്ന് രാമന്‍പിള്ള ആശാന്റെകൂടെ പഠിച്ചു താമസിച്ചിരുന്ന കാലത്ത് രാത്രിസമയങ്ങളില്‍ അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ചെന്നു ധ്യാനജപാദികളില്‍ മുഴുകി ഇരിക്കുന്നതു കണ്ടിട്ടുണ്ടെന്ന് ആശാന്‍തന്നെ പില്‍ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. അന്നു പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ ഉത്സാഹത്തില്‍ ‘ജ്ഞാനപ്രജാഗരം’ എന്നൊരു സഭ നടന്നിരുന്നു. ആ സഭയിലെ പ്രധാന പ്രസംഗങ്ങള്‍ മതപരങ്ങളായ വിഷയങ്ങളെപ്പറ്റി ആയിരുന്നു. അവിടെവച്ചു സ്വാമികള്‍ക്കു തൈക്കാട്ട് അയ്യാവ് എന്ന മാന്യനെ പരിചയമാകുവാനും അദ്ദേഹത്തില്‍നിന്ന് തമിഴുഭാഷയിലുള്ള ചില ‘പാടലുകള്‍’ പഠിക്കാനും ഇടവരുകയും ചെയ്തു. തൈക്കാട്ട് അയ്യാവ് അവര്‍കള്‍ ഒരു സുബ്രഹ്മണ്യഭക്തനും ഹഠയോഗിയും ആയിരുന്നു. അദ്ദേഹം റസിഡന്‍സി ബംഗ്ലാവില്‍ മാനേജരായിരുന്നു. ശ്രീചട്ടമ്പിസ്വാമികള്‍, അയ്യാവ് അവര്‍കളില്‍നിന്ന് ഹഠയോഗപരങ്ങളായ ചില അഭ്യാസങ്ങള്‍ പരിശീലിച്ചു. വെറും യോഗപക്ഷപാതിയായിരുന്ന അയ്യാവ് അവര്‍കള്‍ക്ക് സ്വാമികളുടെ തത്ത്വചിന്താപരങ്ങളായ ജിജ്ഞാസകള്‍ക്കു ശമനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ സ്വാമികള്‍ തിരുവനന്തപുരം കോട്ടയ്ക്കകത്ത് താമസിച്ചിരുന്ന സ്വാമിനാഥദേശികര്‍ എന്ന തമിഴുവിദ്വാനില്‍ നിന്ന് തമിഴുഭാഷയിലുള്ള വേദാന്തപ്രകരണഗ്രന്ഥങ്ങള്‍ പഠിക്കാന്‍ ആരംഭിച്ചു. ശ്രീ സ്വാമിനാഥദേശികര്‍ തമിഴില്‍ അഗാധവൈദുഷ്യം സമ്പാദിച്ചിരുന്ന ഒരു പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ അന്തേവാസിയായിരുന്ന കാലത്താണ് ഭക്തനായിരുന്ന സ്വാമികള്‍ ജ്ഞാനയോഗാരുരുക്ഷുവായിത്തീര്‍ന്നത്. അന്നു മിക്കവാറും കഴിച്ചുകൂട്ടിയിരുന്നതും കോട്ടയ്ക്കകത്തുതന്നെ ആയിരുന്നു.

ശ്രീസുബ്ബാജടാപാഠികളും വിദേശവാസവും

അങ്ങനെ ഇരിക്കെ, അന്നൊരിക്കല്‍ നവരാത്രി സംബന്ധിച്ചു നടക്കാറുള്ള വിദ്വത്‌സദസ്സില്‍ പങ്കുകൊള്ളാന്‍ സുബ്ബാജടാപാഠി എന്നൊരു മഹാപണ്ഡിതന്‍ തിരുവനന്തപുരത്തു വരികയുണ്ടായി. അക്കൊല്ലത്തെ വിദ്വത്‌സദസ്സില്‍ അഗ്രിമസ്ഥാനം അദ്ദേഹത്തിനുതന്നെ ആയിരുന്നു എന്നാണ് അറിവ്. സര്‍വ്വശാസ്ത്രപാരംഗതനും ബ്രഹ്മനിഷ്ഠനുമായിരുന്ന അദ്ദേഹവുമായി സ്വാമികള്‍ പരിചയപ്പെടാന്‍ ഇടയായി. സ്വാമികളുടെ ബുദ്ധിവൈഭവവും വിനയാദിസംസ്‌കാരസമ്പത്തിയും കണ്ട ശ്രീ സുബ്ബാജടാപാഠി അദ്ദേഹത്തെ സ്വദേശമായ കല്ലടക്കുറിശ്ശിയിലേയ്ക്കുകൊണ്ടുപോയി. സന്താനമില്ലാതിരുന്ന മഹര്‍ഷികല്പനായ ശ്രീ ജടാപാഠി അവര്‍കള്‍ അന്ന് ശ്രീ സ്വാമികളെ ആയിരുന്നു പുത്രനായി കരുതിയിരുന്നത്. ഗ്രഹണധാരണപടുവായ സ്വാമിപാദങ്ങള്‍ അവിടെ താമസിച്ചു. മൂന്നുനാലു വര്‍ഷങ്ങള്‍കൊണ്ട് സംസ്‌കൃതത്തിലും തമിഴിലുമുള്ള വേദവേദാന്താദി സകലശാസ്ത്രങ്ങളും പഠിച്ചു. ശ്രീ സുബ്ബാജടാപാഠി അവര്‍കളുടെ മഠം എന്നും വിദ്വാന്മാരുടെ ശാസ്ത്രവാദകോലാഹലംകൊണ്ടു മുഖരിതമായിരുന്നതായിട്ടാണ് കേള്‍വി. അന്നത്തെ പണ്ഡിതന്മാരുടെ ഇടയിലുണ്ടായിരുന്ന ഏതു സംശയവും തീര്‍ത്തു കൊടുത്തിരുന്നതും ശ്രീ ജടാപാഠിതന്നെ ആയിരുന്നു. അദ്ദേഹത്തിന് തന്റെ ശിഷ്യോത്തമനെപ്പറ്റി വളരെ മതിപ്പായിരുന്നു. അവിടത്തെ പണ്ഡിതസദസ്സിലെ ഒരംഗമായിക്കഴിയാന്‍ ഭാഗ്യമുണ്ടായിരുന്ന ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ക്ക് പില്ക്കാലത്ത് ഒരു പണ്ഡിതന്റേയും മുന്‍പില്‍ തലകുനിക്കേണ്ടിവന്നിരുന്നില്ലെന്നു തന്നെയല്ല, സകല പണ്ഡിതന്മാരേയും തല കുനിപ്പിക്കാന്‍കൂടി കഴിവുണ്ടായിരുന്നു എന്നതുകൊണ്ടുതന്നെ ശ്രീ സുബ്ബാജടാപാഠികളുടെ മാഹാത്മ്യത്തെപ്പറ്റി ഊഹിക്കാവുന്നതാണല്ലൊ. ശ്രീ ജടാപാഠികളുടെ ആശീര്‍വ്വാദങ്ങള്‍ വാങ്ങി, ആ ഗുരുകുലം വിട്ടതിനുശേഷം, ദക്ഷിണേന്ത്യയില്‍ മുഴുവന്‍ അവിടുന്ന് ഒരു പര്യടനം ചെയ്തു. അതിനിടയില്‍ പല മഹാന്മാരുമായി പരിചയപ്പെടാനും തമിഴിലും സംസ്‌കൃതത്തിലുമുള്ള അപൂര്‍വ്വങ്ങളായ പല ഗ്രന്ഥങ്ങളും സമ്പാദിക്കുവാനും അവിടുത്തേക്കു കഴിഞ്ഞു. ആ പര്യടനവേളയില്‍ സിദ്ധനും പണ്ഡിതനുമായിരുന്ന ഒരു ‘തങ്ങളില്‍’ നിന്ന്, മഹമ്മദുമതം പഠിക്കുവാന്‍ അവിടത്തേക്കു സാധിച്ചു. പരിപക്വമതിയും വയോവൃദ്ധനുമായിരുന്ന ‘തങ്ങള്‍’ അവര്‍കളുടെ അടുക്കല്‍ നിന്ന്, ‘പരിശുദ്ധ ഖുറാന്‍’ ഭാഷ്യസഹിതം അവിടന്നു പഠിച്ചുവെന്നാണ് കേട്ടിട്ടുള്ളത്. പില്‍ക്കാലങ്ങളില്‍ പല മഹമ്മദുമതപണ്ഡിതന്മാരും തങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ സമീപത്തില്‍നിന്ന് പരിഹരിച്ചു കൃതകൃത്യന്മാരായിത്തീരുന്നതില്‍നിന്നു അവിടത്തേയ്ക്കു മഹമ്മദുമതത്തില്‍ എത്രമാത്രം പാണ്ഡിത്യം ഉണ്ടായിരുന്നു എന്ന് ഊഹിക്കാവുന്നതാണല്ലൊ.

ശ്രീ ആത്മാനന്ദസ്വാമികള്‍

കൂടാതെ ആ സഞ്ചാര കാലത്തുതന്നെ ആത്മാനന്ദസ്വാമികള്‍ എന്ന പ്രസിദ്ധയോഗിയുമായി സഹവാസത്തിനു ഇടവരികയും അദ്ദേഹത്തില്‍നിന്ന് അഗസ്ത്യസമ്പ്രദായത്തിലുള്ള യോഗപരിശീലനങ്ങള്‍ സിദ്ധിക്കുകയും ചെയ്തു. ഈ ആത്മാനന്ദസ്വാമികള്‍, ചാന്നാന്‍വര്‍ഗ്ഗത്തില്‍ ‘കുമാരവേലു’ എന്ന് ആദ്യകാലത്തില്‍ അറിയപ്പെട്ടിരുന്ന ആള്‍ ആയിരുന്നു. മഹാസിദ്ധനായിരുന്ന അദ്ദേഹം മരുത്വാമലയില്‍ വളരെക്കാലം ഇരുന്നു തപസ്സു ചെയ്തതായി കേട്ടിട്ടുണ്ട്. സ്വാമിതിരുവടികളാകട്ടെ, താനൊരു ഉന്നതവംശജനാണെന്നുള്ള അഭിമാനം ലേശവുമില്ലാതെയാണ് തന്റെ ഗുരുനാഥനായ ആത്മാനന്ദ സ്വാമികളെ ശുശ്രൂഷിച്ചിരുന്നത്. ഈ സ്വഭാവവിശേഷമായിരുന്നു ആത്മാനന്ദസ്വാമികളില്‍നിന്നു സകല യോഗ രഹസ്യങ്ങളും ഗ്രഹിക്കാന്‍ അവിടുത്തേയ്ക്ക് കഴിവുണ്ടാക്കിയത്.

അവധൂതഗുരുവും അത്മാനുഭൂതിയും

ഇങ്ങനെ യോഗനിഷ്ഠ ലഭിച്ചതുകൊണ്ടും ശാസ്ത്രജ്ഞാനം സമ്പാദിച്ചതുകൊണ്ടും മാത്രം അവിടുന്ന് പരിപൂര്‍ണ്ണ സംതൃപ്തനായില്ല. തനിക്കു ഏതോ ഒന്നിന്റെ കുറവുണ്ടെന്നുള്ള വിചാരം അവിടുത്തെ അലട്ടിക്കൊണ്ടിരുന്നു. തത്പരിഹാരാര്‍ത്ഥം വളരെ ശ്രമം ചെയ്‌തെങ്കിലും ശരിയായ ഫലമുണ്ടായില്ല. ഈ വിധത്തില്‍ സ്വാമി തിരുവടികള്‍ നിരാശാവശനായി പരദേശത്തു കഴിച്ചുകൂട്ടുന്ന കാലത്ത് ബ്രഹ്മവിദ്വരീയനായ ഒരു അവധൂതശ്രേഷ്ടനെ യാദൃച്ഛികമായി കണ്ടുമുട്ടാനിടയാകുകയും അദ്ദേഹത്തില്‍ നിന്നു ബ്രഹ്മാത്മൈക്യബോധകമായ ജ്ഞാനോപദേശം സിദ്ധിച്ച് ജീവന്മുക്തനായിത്തീരുകയും ചെയ്തു.

ഈ വിഷയത്തെക്കുറിച്ച് 1084-ാമാണ്ട് പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ‘ബാലാഹ്വസ്വാമിചരണാഭര’ണമെന്ന സംസ്‌കൃതജീവചരിത്രത്തില്‍,

‘കാലേഽഥ തസ്മിന്‍ ദ്രമിഡേഷ്വഷ്മിന്‍
സ്ഥിതിം ദധത്യാഗമവാരിരാശൗ
കശ്ചിത് പരാനന്ദരസോഽസ്യ ‘കാക
താലിയ’ നിത്യാക്ഷിപഥം പ്രപേദേ.
മുനേരദൃഷ്ടശ്രുതപൂര്‍വ്വനാമ്‌ന-
സ്തസ്മാന്മഹാവാക്യമയോപദേശഃ
ലബ്‌ധോഽന്തരാവിശ്യ ഹൃദോ ബിഭേദ
ഗ്രന്ഥിം സ ഏഷോഽസ്യ മഹാശയസ്യ’.

എന്നും, പന്മന ബാലഭട്ടാരകേശ്വരം ക്ഷേത്രത്തില്‍നിന്നും 1104ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഭട്ടാരശതകമെന്ന ഗ്രന്ഥത്തില്‍,

‘ജ്ഞാനാര്‍ഹനിസ്സുധിയെ നേരിലനുഗ്രഹിപ്പാന്‍
താനേയെഴുന്നരുളിടും പരമേശനെപ്പോല്‍
ആ നാളൊരിക്കലൊരു നല്ലവധൂതനെത്തി
ജ്ഞാനോപദേശമരുളീട്ടുടനേ മറഞ്ഞൂ.’       എന്നും പറഞ്ഞു കാണുന്നു.

ഇങ്ങനെ ബ്രഹ്മസാക്ഷാത്കാരംകൊണ്ടു കൃതകൃത്യനായിത്തീര്‍ന്ന ശ്രീവിദ്യാധിരാജ സ്വാമിതിരുവടികള്‍ ഒരു അതിവര്‍ണ്ണാശ്രമിയായിട്ടാണ് തിരുവിതാംകൂറിലേയ്ക്കു മടങ്ങിയത്. അന്ന് അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സോളം പ്രായമുണ്ടായിരുന്നു.

‘യസ്ത്വാത്മരതിരേവ സ്യാ-
ദാത്മതൃപ്തശ്ച മാനവഃ
ആത്മന്യേവ ച സന്തുഷ്ട-
സ്തസ്യ കാര്യം ന വിദ്യതേ.’

എന്ന ഭഗവദ്‌വചനാനുസാരേണ നോക്കിയാല്‍ ആത്മാരാമനായ ആ മഹാത്മാവിന് കര്‍ത്തവ്യശേഷം ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെങ്കിലും ലോകസംഗ്രഹാര്‍ത്ഥം പല പ്രവൃത്തികളിലും അവിടുന്നു ഇടപെടേണ്ടിവന്നത് കേരളീയരുടെ ഒരു മഹാ ഭാഗ്യമെന്നേ പറയേണ്ടു. അവിടുത്തെ ജീവിതംകൊണ്ടു കേരളീയര്‍ക്കു ലഭിച്ച നേട്ടങ്ങളെപ്പറ്റി അല്പം ചിന്തിക്കാം.

അനാചാരദൂരീകരണവും ഹിന്ദുധര്‍മ്മ പ്രചാരണവും

അവിടുത്തെ ശ്രദ്ധ ആദ്യമായി പതിഞ്ഞത്, ഹിന്ദു സമുദായത്തിലെ ദുരാചാരങ്ങളെ നാമാവശേഷമാക്കുന്ന വിഷയത്തിലായിരുന്നു. കേരളം ബ്രാഹ്മണര്‍ക്ക് അട്ടിപ്പേറായി കിട്ടിയിട്ടുള്ളതാണെന്നും ബ്രാഹ്മണേതരരായ സകലരും ആ ബ്രാഹ്മണരുടെ സുഖസൗകര്യാദികള്‍ക്കുള്ള വെറും ഉപകരണങ്ങളായി കഴിഞ്ഞു കൂടണമെന്നുമായിരുന്നു അന്നത്തെ വിശ്വാസം. ആ വിശ്വാസത്തെ ബലപ്പെടുത്തുവാന്‍വേണ്ടി ‘ശാങ്കരസ്മൃതി’ എന്ന പേരിലും മറ്റും അനവധി കള്ളപ്രമാണങ്ങളും ബ്രാഹ്മണരില്‍ ആരോ എഴുതിയുണ്ടാക്കി പ്രചരിപ്പിച്ചിരുന്നു. ആവക വിശ്വാസങ്ങളുടെ വാസ്തവാവാസ്തവങ്ങള്‍ വേണ്ടവിധം അറിയുന്നതിനായി സ്വാമിതിരുവടികള്‍ കേരളത്തിലെ പഴയ പലേ ഗ്രന്ഥപ്പുരകളും പരിശോധിച്ചുനോക്കി.

ശൂദ്രരെന്നു ബ്രാഹ്മണരാല്‍ അഭിസംബോധനം ചെയ്യപ്പെട്ടിരുന്ന നായന്മാര്‍ കേരളത്തിലെ സംസ്‌കാരസമ്പന്നന്മാരായ ആദിമനിവാസികളായിരുന്നെന്നും ഈ കേരളം പരശുരാമന്‍ സൃഷ്ടിച്ച് ബ്രാഹ്മണര്‍ക്കു ദാനംചെയ്തതാണെന്നുമുള്ള കഥ വെറും കെട്ടുകഥയാണെന്നും കേരളത്തിന്റെ സര്‍വ്വവിധമായ ഭാഗധേയത്തിനും കാരണഭൂതന്മാര്‍ സാക്ഷാല്‍ നായകന്മാരായിരുന്ന നായന്മാര്‍തന്നെ ആയിരുന്നെന്നും, നമ്പൂതിരിമാര്‍തന്നെ ഒരു കാലത്തു നായര്‍ വംശജന്മാരായിരുന്നെന്നും പ്രാചീനഗ്രന്ഥപരമ്പരകളില്‍ നിന്ന് അവിടുത്തേയ്ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. താന്‍ ഗ്രഹിച്ച ആ വാസ്തവത്തെ വെളിപ്പെടുത്തുന്ന ഒരു ഗ്രന്ഥമാണ് സുപ്രസിദ്ധമായ ‘പ്രാചീനമലയാളം’. അതിലെ ആശയം കേരളമൊട്ടുക്കു പ്രചരിപ്പിക്കാനും അവിടുത്തേയ്ക്കു കഴിഞ്ഞു. വിപ്ലവകരമായ ആ ആശയവിശേഷം നായര്‍ സമുദായത്തെ പ്രബുദ്ധമാക്കിത്തീര്‍ത്തു. സര്‍ ശ്രീ. ശങ്കരന്‍ നായര്‍, ശ്രീ. സി. കൃഷ്ണപിള്ള മുതലായ അന്നത്തെ നായര്‍ പ്രമാണികള്‍ക്ക് ‘നായകന്മാര്‍ നായന്മാര്‍തന്നെ’ എന്ന് ഉച്ചൈസ്തരം ഉദ്‌ഘോഷിക്കാന്‍ ധൈര്യമുണ്ടാക്കിക്കൊടുത്തതും രജിസ്റ്റര്‍ പ്രമാണങ്ങളില്‍ നിന്നുപോലും ശൂദ്രശബ്ദത്തെ എടുത്തുകളഞ്ഞ് വീണ്ടും നായര്‍ശബ്ദത്തെ പ്രതിഷ്ഠിച്ചതും അവിടുത്തെ പരിശ്രമഫലമായിരുന്നു. ഇതില്‍ നിന്നും നായന്മാരുടെ ഇന്നത്തെ പുരോഗതിയ്ക്ക് കാരണഭൂതന്‍ സ്വാമിതിരുവടികളായിരുന്നു എന്നുകാണാം.

‘ദൈവാധീനം ജഗത്സര്‍വ്വം
മന്ത്രാധീനം തു ദൈവതം
തന്മന്ത്രം ബ്രാഹ്മണാധീനം
ബ്രാഹ്മണോ മമ ദൈവതം.’

എന്ന വിധിയനുസരിച്ച്, ‘നിഃശ്രേയസകരമായ വേദമന്ത്രങ്ങള്‍ ജാതിബ്രാഹ്മണനു (അവനെങ്ങനെ ജീവിക്കുന്നവനായാലും) മാത്രമേ പഠിക്കാവൂ; ആ ബ്രാഹ്മണന്‍ പ്രസാദിച്ചാല്‍ ഈശ്വരനും പ്രസാദിക്കും, അതിനാല്‍ ബ്രാഹമണരെ പ്രസാദിപ്പിക്കുന്നതുകൊണ്ടുമാത്രം ഇതരവര്‍ണ്ണങ്ങളില്‍പ്പെട്ടവര്‍ക്ക് ഈശ്വരാനുഗ്രഹമുണ്ടാകും’. എന്നിങ്ങനെയുള്ള വിശ്വാസത്തെ മാറ്റി വേദവേദാന്താദി സര്‍വ്വശാസ്ത്രങ്ങളും മന്ത്രങ്ങളും തന്ത്രങ്ങളും എന്നുവേണ്ട വിജ്ഞാനപ്രദങ്ങളായ എല്ലാ വിദ്യകളും വാസനാനുരൂപം പഠിക്കാന്‍ ഏതു മനുഷ്യനും അവകാശമുണ്ടെന്നു പ്രമാണയുക്ത്യനുസരണം സ്ഥാപിച്ച് അവിടുന്നു രചിച്ചിട്ടുള്ള ഒരു വിശിഷ്ടഗ്രന്ഥമാണ് ‘വേദാധികാരനിരൂപണം.’

അവിടുത്തെ ഈ ഗ്രന്ഥരത്‌നങ്ങള്‍ യാഥാസ്ഥിതികന്മാരായ ബ്രാഹ്മണരെ എത്രമാത്രം ക്ഷോഭിപ്പിച്ച് പരിഭ്രാന്തചിത്തരാക്കിയെന്നുള്ളതിന് അന്നത്തെ പത്രപംക്തികളും ഗവണ്‍മെന്റ് റിക്കാര്‍ഡുകളും സാക്ഷ്യം വഹിക്കുന്നുണ്ട്. എഡ്യുക്കേഷന്‍ ഡയറക്ടറായിരുന്ന മി. രങ്കസ്വാമി അയ്യങ്കാരുടെ വീട്ടില്‍വെച്ച് അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ സര്‍ പി.രാജഗോപാലാചാരി, പ്രൊഫസര്‍ രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍ എന്നിവര്‍ മറ്റു സംഭാഷണങ്ങളുടെ മദ്ധ്യേ ‘പ്രാചീനമലയാള’ത്തെ അധികരിച്ച് സ്വാമിതിരുവടികളോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. അപ്പോള്‍ അവിടുന്ന് കൊടുത്ത മറുപടി കേട്ട അവരെല്ലാം, കേരളസ്രഷ്ടാവ് ശ്രീ പരശുരാമനാണെന്നുള്ള അഭിപ്രായം കേവലം അന്ധവിശ്വാസമാണെന്നു സമ്മതിച്ചുപോയി. ഇതുകൊണ്ടുതന്നെ ആ ഗ്രന്ഥങ്ങളുടെ പ്രാമാണികത്വം ഊഹ്യമാണല്ലൊ.

കൂടാതെ ‘ക്രിസ്തുമത നിരൂപണം’ എന്ന ഒരു ഗ്രന്ഥംകൂടെ എഴുതുന്നതിന് അവിടുന്നു പ്രേരിതനായി. ഹിന്ദുക്കളെ വൈദേശികമതാവലംബികളാക്കിത്തീര്‍ക്കാന്‍ ബദ്ധകങ്കണന്മാരായി പുറപ്പെട്ട ഒരുകൂട്ടമാളുകളുടെ ‘മതാക്രമണം’ കേരളത്തേയും ബാധിച്ചിരുന്ന കാലത്തായിരുന്നു അവിടുന്ന് ആ ഗ്രന്ഥം വിരചിച്ചത്. ഹിന്ദുക്കളുടെ പരിപാവനമായ സംസ്‌കാരവിശേഷങ്ങളേയോ തത്ത്വശാസ്ത്രങ്ങളേയോ ആചാര്യമര്യാദകളേയോ കുറിച്ച് യാതൊരു ബോധവുമില്ലാതിരുന്ന ആ മതാന്ധന്മാര്‍ സകല കലകളുടേയും സംസ്‌കാരങ്ങളുടേയും കേളീരംഗമായി ശോഭിക്കുന്ന പുണ്യക്ഷേത്രങ്ങളുടെ പുരോഭാഗത്തില്‍ നിന്ന്, ‘പാപികളേ’ ! ‘വിഗ്രഹാരാധനക്കാരേ’ !! എന്ന് ഹിന്ദുക്കളെ അഭിസംബോധനം ചെയ്തുകൊണ്ട്, സുവിശേഷങ്ങള്‍ നടത്തുന്ന കാലമായിരുന്നു അത്. കൂടാതെ 3’ഹിന്ദുമതത്തേയും ഇശ്വരനേയും ശ്രുതി, സ്മൃതി മുതലായ ആപ്തവാക്യങ്ങളേയും ന്യായംകൂടാതെ ദുഷിച്ചും, അജ്ഞാനകുഠാരം, ത്രിമൂര്‍ത്തിലക്ഷണം, കുരുട്ടുവഴി, മറുജന്മം, സദ്ഗുരുലാഭം, സത്യജ്ഞാനോദയം, സമയപരീക്ഷാശാസ്ത്രം, പുല്ലേലിക്കുഞ്ചു മുതലായ ദൂഷണപ്പുസ്തകങ്ങളെ അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്തുകൊണ്ട് സാധുക്കളും അജ്ഞന്മാരുമായ പുലയര്‍, ചാന്നാര്‍, പറയര്‍ മുതലായ ഹിന്ദുക്കളുടെ മനസ്സിനെ തൊപ്പി, കുപ്പായം മുതലായവ കൊടുത്തു മയക്കി ഭേദിപ്പിച്ചു സ്വമതമാര്‍ഗ്ഗത്തിലേര്‍പ്പെടുത്തി നരകമനുഭവിക്കുന്നത്’ അവിടുത്തേയ്ക്കു സഹ്യമായിരുന്നില്ല. അന്നൊരിക്കല്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലേയ്ക്കു സ്വാമികള്‍ പോകുമ്പോള്‍ വഴിയില്‍വെച്ച് ഒരു പാതിരി അദ്ദേഹത്തെത്തടഞ്ഞു നിര്‍ത്തി. ‘കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുക! എങ്കിലേ രക്ഷയുള്ളൂ. ക്ഷേത്രത്തില്‍ പോകരുത്. അതു നരകക്കുഴിയാണ്.’ എന്നെല്ലാം അവിടുത്തോട് ഉപദേശിച്ചു. മതോന്മാദം പിടിച്ച ആ പാതിരിയുടെ ‘ഹാലിളക്കം’ കണ്ടു സര്‍വ്വമത രഹസ്യവേദിയായ ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ ഒന്നു പുഞ്ചിരിതൂകിയതേയുള്ളൂ. ഈ സംഭവവും അവിടത്തേയ്ക്കു ആ ഗ്രന്ഥരചനയ്ക്കു പ്രചോദനം നല്‍കി. അപ്രതിരോദ്ധ്യമായ യുക്തിവിലാസംകൊണ്ടും, ഹൃദയസ്പര്‍ശിയായ ആശയപ്രകാശനംകൊണ്ടും വിശിഷ്ടമായ ആ ഗ്രന്ഥം അവിടുത്തെ അന്തേവാസികളായിരുന്ന ശ്രീമാന്മാരായ കാളിയാങ്കല്‍ നീലകണ്ഠപ്പിള്ള, കരുവാ കൃഷ്ണനാശാന്‍ മുതലായ വിദ്വാന്മാരെ പഠിപ്പിച്ച് കേരളത്തിന്റെ നാനാഭാഗങ്ങളിലേയ്ക്കു പ്രസംഗങ്ങള്‍ നടത്താന്‍ അവിടുന്നു നിയോഗിച്ചു. അതൊരു പുണ്യകര്‍മ്മമായിട്ടാണവിടുന്നു കരുതിയതും. അതിന്റെ പീഠികയില്‍ ഇങ്ങനെ പറയുന്നു. ‘ഭോ! ഭോ! മഹാന്മാരെ, ഇതിനേക്കാള്‍ മഹത്തരമായി വേറെ ഒരു പുണ്യവുമില്ലെന്നാണെന്റെ ഉത്തമവിശ്വാസം. എന്തെന്നാല്‍, വ്രതം, ദാനം, ജപം, യജനം, അദ്ധ്യയനം മുതലായ പുണ്യങ്ങള്‍ താന്താങ്ങളുടെ സുഖത്തിനു മാത്രമെന്നല്ലാതെ അന്യന്മാര്‍ക്ക് അത്രതന്നെ ഫലപ്രദമാണെന്നു വിചാരിക്കുന്നുണ്ടോ? അങ്ങനെയല്ല ഈ പുണ്യം തനിക്കും തന്റെ സന്താനങ്ങള്‍ക്കും അന്യമതക്കാര്‍ക്കും സംബന്ധിക്കുന്നതാകുന്നത്.’

മേല്‍പറഞ്ഞ പ്രാസംഗികന്മാരും ഈ ക്രിസ്തുമത നിരൂപണഗ്രന്ഥവും ആയിരുന്നു അന്നത്തെ ഹിന്ദുമതദ്ധ്വംസകരെ തടുത്തുനിറുത്തിയതും കേരളത്തിലെ ഹിന്ദുസമുദായത്തിന് ഉത്തേജനം നല്‍കിയതും. പ്രാചീനമലയാളം തുടങ്ങിയ ഈ മൂന്നു പുസ്തകങ്ങളും മലയാളഭാഷയിലെ മാതൃകായോഗ്യങ്ങളായ ആദ്യത്തെ നിരൂപണഗ്രന്ഥങ്ങളാണെന്നുതന്നെ പറയാം. ആ ഗ്രന്ഥത്രയം കേരളത്തിലെ ഹിന്ദുക്കള്‍ക്കു എത്രമാത്രം പ്രയോജകീഭവിച്ചിട്ടുണ്ടെന്നു പറഞ്ഞറിയിക്കാവുന്നതല്ല.

ഇപ്പറഞ്ഞവ കൂടാതെ പരമാരാദ്ധ്യന്മാരായ ശ്രീനാരായണഗുരുസ്വാമികള്‍, ശ്രീനീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍, ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ മുതലായ ശിഷ്യപ്രധാനികളില്‍ക്കൂടി കേരളത്തില്‍ ആദ്യമായി ഒരു ബ്രഹ്മവിദ്യാസമ്പ്രദായം സ്ഥാപിച്ചു പ്രചരിപ്പിച്ചതും പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ തന്നെയായിരുന്നു. പ്രാചീനകാലത്ത് നായന്മാരുടെ കൂട്ടത്തില്‍ രാജയോഗികള്‍, സിദ്ധയോഗികള്‍, ഹംസയോഗികള്‍ തുടങ്ങിയ സമ്പ്രദായക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്യന്മാരുടെ വരവോടുകൂടി ആവക സമ്പ്രദായങ്ങള്‍ ലുപ്തപ്രചാരങ്ങളായിത്തീര്‍ന്നു.

ഈശ്വരാരാധനേ രക്താ ഭക്താ യത്ര സുസാധവഃ
ജനാ യത്ര ദാനശൂരാഃ സംഗ്രാമാങ്കണഭൈരവാഃ
യോഗിനോ യദ്ഗ്ഗുഹാന്തസ്തു പേടികാരത്‌നദീപികാഃ
നായകാഖ്യാ യത്ര ശൂദ്രരാജാനസ്സന്തി സര്‍വ്വദാ

എന്ന സഹ്യാദ്രിഖണ്ഡത്തിലെ പ്രസ്താവംകൊണ്ട് ഇക്കാര്യം വ്യക്തമാകുന്നുണ്ട്. കൂടാതെ പഴയ വട്ടെഴുത്തു ഗ്രന്ഥങ്ങളില്‍നിന്ന്, നായര്‍വംശജരായ പല സിദ്ധന്മാരുടെ പാട്ടുകള്‍ കിട്ടിയിട്ടുള്ളവയും ഇതിനെ തെളിയിക്കുന്നു. കോയിപ്പെരുംകയ്മള്‍, മാനാരിക്കോട്ടയില്‍ കോമ്പിത്താന്‍ ശിവാങ്കള്‍, മന്നാടിയച്ചന്‍ ശിവാങ്കള്‍ മുതലായ മഹാത്മാക്കളുടെ പേര് പ്രാചീനമലയാളത്തില്‍ നിന്നുതന്നെ നമുക്കു ഗ്രഹിക്കാവുന്നതാണ്. ‘നന്ദീശസംഹിത’യില്‍ തച്ചുടയക്കയ്മള്‍ മഹാജ്ഞാനിയായ രാജര്‍ഷിയായിരുന്നെന്നു കാണുന്നു. അദ്ദേഹത്തിന്റെ കാലത്താണ് ആര്യന്മാര്‍ ആദ്യമായി കേരളത്തില്‍ പ്രവേശിച്ചതെന്നു ആനന്ദീശസംഹിതിയില്‍ കാണുന്നു അതില്‍,

‘ഏതദ്വംശീയകോദ്ദണ്ഡശംകരക്രോഡനാഗപേ
രാജ്യം പ്രശാസത്യാര്യാണാമാഗതിര്‍മ്മലയാചലേ.’

എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിലെ ‘ശങ്കരക്രോഡനാഗപന്‍’ (ശങ്കരന്‍കോതക്കൈമള്‍) ആണ് തച്ചുടയത്തമ്പുരാന്‍. തല്‍പ്രതിനിധിയായ ഇന്നത്തെ തച്ചുടയത്തമ്പുരാന്‍ അവര്‍കളുടെ സ്ഥാനമാഹാത്മ്യംകൊണ്ടുതന്നെ ആദിമ പുരുഷന്റെ മഹത്വം ഊഹിക്കാവുന്നതാണല്ലൊ ഈ വിധത്തിലെല്ലാം അന്നുള്ള നായന്മാര്‍ ഉത്കൃഷ്ടസ്ഥിതിയിലായിരുന്നെങ്കിലും അതെല്ലാം നാമാവശേഷമായത് ആര്യന്മാരുടെ പ്രാബല്യം മൂലമാണ്. ആര്യസംസര്‍ഗ്ഗംകൊണ്ടു കേരളീയര്‍ക്ക് ചില ഗുണങ്ങള്‍ സിദ്ധിച്ചിട്ടുണ്ടെങ്കിലും മഹനീയങ്ങളായ സ്വന്തസംസ്‌കാരങ്ങള്‍ പലതും ഉപേക്ഷിക്കുവാന്‍ അവര്‍ നിര്‍ബ്ബന്ധിതരായിത്തീര്‍ന്നിട്ടുണ്ട്. ആര്യന്മാരുടെ ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍പ്പെടാത്ത സ്വതന്ത്രരും ദ്രാവിഡഗോത്രജന്മാരുമായ നായന്മാരെ ശൂദ്രരെന്നു വിഗണിച്ച്, ‘സാമന്താനാം ദ്വിജാതീനാം നായകഃ പരിചാരകഃ’ എന്ന നിയമപ്രകാരം പരിചാരകന്മാരാക്കിത്തീര്‍ക്കുവാന്‍ ആര്യന്മാര്‍ക്കു കഴിഞ്ഞു. തന്നിമിത്തം യോഗവേദാന്താദിമാര്‍ഗ്ഗങ്ങളില്‍ ഉണ്ടായിരുന്ന നായന്മാരുടെ പുരോഗതി തടയപ്പെട്ടു. കേരളബ്രാഹ്മണരാണെങ്കില്‍ ഭൂരിപക്ഷവും പൂര്‍വ്വമീമാംസകരാണ്. ശ്രീ ശങ്കരഭഗവദ്പാദരെപ്പോലും ദ്വേഷിച്ചതില്‍നിന്ന് ജ്ഞാനമാര്‍ഗ്ഗത്തോടുള്ള അവരുടെ വെറുപ്പ് അനുമിക്കാവുന്നതാണ്. പിന്നീട് അബ്രാഹ്മണര്‍ക്ക് അംഗീകരിക്കാവുന്ന ഒന്ന് ഭക്തിമാര്‍ഗ്ഗം മാത്രമായിരുന്നു. തുഞ്ചത്തു ഗുരുപാദരുടെ കാരുണ്യംകൊണ്ട് ആ മാര്‍ഗ്ഗത്തില്‍ അപൂര്‍വ്വം ചിലര്‍ പുരോഗമിച്ചു. പക്ഷെ ജ്ഞാനപൂര്‍വ്വകമല്ലാത്ത ഭക്തിയോഗം പലപ്പോഴും മൂഢതയിലേയ്ക്കാണ് ജനങ്ങളെ നയിക്കാറുള്ളത്. ഭാരത്തിലെ ഹിന്ദു മുസ്ലീം ലഹളകള്‍ക്കുതന്നെ കാരണം ഈ മൂഢഭക്തിയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ബ്രഹ്മവിദ്യാസമ്പ്രദായപ്രവര്‍ത്തനം

ഇങ്ങനെ പലവിധ പ്രതിബന്ധങ്ങളാലും കേരളീയര്‍ക്ക് അദൈ്വതബ്രഹ്മവിദ്യാസമ്പ്രദായം പരിചിതമല്ലാതിരുന്ന കാലത്തായിരുന്നു ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ ബ്രഹ്മവിദ്യാസമ്പ്രദായപ്രവര്‍ത്തനങ്ങള്‍. സംസ്‌കൃതം, തമിള്‍ എന്നീ ഭാഷകളിലുള്ള സകല ശാസ്ത്രങ്ങളിലും അഗാധജ്ഞാനം സമ്പാദിച്ചിരുന്ന അവിടുത്തെ വേദാന്തതത്ത്വചിന്താസരണി ആര്യദ്രാവിഡസംസ്‌കാരസമ്മിളിതമായിരുന്നു.

ശ്രീചട്ടമ്പിസ്വാമിതിരുവടികളും ശ്രീനാരായണഗുരുപാദരും

അവിടുത്തെ പ്രഥമശിഷ്യന്‍ ശ്രീനാരായണഗുരുസ്വാമികളായിരുന്നു. ശ്രീചട്ടമ്പിസ്വാമിതിരുവടികളെ നാരായണഗുരുസ്വാമികള്‍ ആദ്യമായി കാണുന്നത് 1058-ാമാണ്ടാണ്. 4തിരുവനന്തപുരത്ത് പരേതനായ കല്ലുവീട്ടില്‍ ശ്രീമാന്‍ കേശവപിള്ള ഓവര്‍സീയര്‍ (എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കല്ലുവീട്ടില്‍ മി.ഗോവിന്ദപിള്ളയുടെ അച്ഛന്‍) അവര്‍കളോടുകൂടി ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ അന്ന് വാമനപുരത്തു വിശ്രമിക്കുകയായിരുന്നു. ശ്രീ കേശവപിള്ള ഓവര്‍സീയര്‍ അവര്‍കള്‍ സ്വാമിപാദങ്ങളുടെ ഒരു വിസോദര്യസഹോദരനായിരുന്നതുകൊണ്ടും ബോംബെ, കല്‍ക്കട്ട മുതലായ സ്ഥലങ്ങളില്‍നിന്ന് അവിടുന്ന് ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ വരുത്തിക്കൊടുത്തും മറ്റും വേണ്ട സഹായങ്ങള്‍ നിരന്തരമായി ചെയ്തിരുന്നതുകൊണ്ടും അവരൊന്നിച്ചുള്ള താമസം കുറെക്കാലം തുടര്‍ന്നു കൊണ്ടേയിരുന്നു. അവിടെ അടുത്തുള്ള ‘അണിയൂര്‍’ ക്ഷേത്രത്തില്‍ പോയി മിക്കവാറും സമയങ്ങളില്‍ സ്വാമികള്‍ ഏകാന്തമായി കഴിച്ചൂകൂട്ടുന്ന പതിവുമുണ്ടായിരുന്നു.

അക്കാലത്തു നാരായണഗുരുസ്വാമികളാകട്ടെ തീവ്രവൈരാഗ്യത്തോടുകൂടി ഒരു മുമുക്ഷുവിന്റെ നിലയില്‍ മനസ്സിനുയാതൊരു സ്വസ്ഥതയുമില്ലാതെ അലഞ്ഞു തിരിയുകയായിരുന്നു. അന്നൊരിക്കല്‍ കഴക്കൂട്ടത്ത് ഒരു സഞ്ചാരിയായ പരദേശബ്രാഹ്മണന്‍ വന്നിരുന്നു. യോഗവേദാന്തശാസ്ത്രങ്ങളില്‍ വളരെ വിദ്വാനായിരുന്ന അദ്ദേഹത്തെക്കണ്ട് തന്റെ അദ്ധ്യാത്മജിജ്ഞാസയ്ക്കു ശമനം വരുത്താമെന്നു കരുതി നാരായണഗുരുസ്വാമികള്‍ അവിടെ എത്തുകയും തന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു. എന്നാല്‍ യാഥാസ്തിതികനായ ആ ബ്രാഹ്മണന്‍ ‘നീയാരാണെന്നു നിനക്കറിയാമോ? രാമനാമം ജപിക്കാനല്ലാതെ വേദവേദാന്താദിരഹസ്യങ്ങളറിയുവാന്‍ നിനക്കധികാരമുണ്ടോ? എന്നും മറ്റുമുള്ള അധിക്ഷേപവചനങ്ങള്‍കൊണ്ടു നാരായണഗുരുസ്വാമികളെ ഭഗ്നാശനാക്കി. ജന്മനാ സാത്ത്വികനും ഋജൂബുദ്ധിയുമായിരുന്ന നാരായണഗുരുസ്വാമികള്‍ക്ക് അതേറ്റവും സങ്കടകരമായിത്തീര്‍ന്നു. ഈ വിവരം തന്റെ അയല്‍പക്കക്കാരനും ഒരു ക്ലാസിഫയരുമായിരുന്ന ചെമ്പഴന്തി, പൊടിപ്പറമ്പില്‍ നാരായണപിള്ള എന്ന മാന്യനെ (റി: ആയുര്‍വ്വേദകാളേജു പ്രിന്‍സിപ്പാള്‍ ഡാ: കെ.ജി.ഗോപാലപിള്ള അവര്‍കളുടെ അച്ഛന്റെ അമ്മാവന്‍) നാരായണഗുരുസ്വാമികള്‍ അറിയിച്ചു. അദ്ദേഹത്തോടു വളരെ സ്‌നേഹമുണ്ടായിരുന്ന മി.നാരായണപിള്ള ഈ വിവരം കേട്ട്, ‘കൂട്ടാക്കേണ്ട. തക്കതായ ഒരു മഹാനെ ഞാന്‍ കാണിച്ചുതരാം’ എന്നുപറഞ്ഞ് അദ്ദേഹത്തെ കൂട്ടിക്കൊണ്ട് ശ്രീചട്ടമ്പിസ്വാമിതിരുവടികളെക്കാണാന്‍ അണിയൂര്‍ ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. മി: നാരായണപിള്ള മുമ്പുതന്നെ ചട്ടമ്പിസ്വാമിതിരുവടികളുടെ ഒരു ആശ്രിതനായിരുന്നു. ആ ക്ഷേത്രത്തിന്റെ തെക്കേ പുരയിടത്തില്‍ നാരായണഗുരുസ്വാമികളെ നിറുത്തിയിട്ട് മി. നാരായണപിള്ളക്ഷേത്രത്തില്‍ ചെന്ന് സ്വാമിതിരുവടികളെ വിവരമറിയിക്കയാല്‍ അവിടുന്ന് പുറത്തിറങ്ങിവന്നു നാരായണഗുരുസ്വാമികളെ കണ്ടു. അന്ന് പരമഭക്തനായിരുന്ന നാരായണഗുരുസ്വാമികളെക്കണ്ട മാത്രയില്‍ത്തന്നെ അദ്ദേഹം ഒരു ഉത്തമാധികാരിയാണെന്നു സ്വാമിതിരുവടികള്‍ തീരുമാനിച്ചു. കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം സ്വാമിതിരുവടികള്‍, അവരൊന്നിച്ച് മി: കേശവപിള്ള ഓവര്‍സീയര്‍ താമസിക്കുന്ന സ്ഥലത്തുപോയി കുറച്ചുദിവസം അവിടെ കഴിച്ചൂകൂട്ടി. അക്കാലത്ത് ശ്രീ ചട്ടമ്പിസ്വാമികളുടെ മാഹാത്മ്യം ഏതാണ്ടറിയുവാന്‍ കഴിഞ്ഞ ശ്രീ നാരായണഗുരുസ്വാമികള്‍ അദ്ദേഹത്തെ ഗുരുവായി വരിച്ചു. അതിനുശേഷം നാരായണഗുരുസ്വാമികള്‍ സ്വഭവനത്തിലേക്കു പോയിട്ട് ഒരു മാസം കഴിഞ്ഞാണ് വീണ്ടും സ്വാമിതിരുവടികളുടെ സന്നിധിയില്‍വന്നത്. അതു വീട്ടില്‍നിന്നു സന്ന്യാസത്തിനു വേണ്ടിയുള്ള യാത്രയായിരുന്നു. അതുമുതല്‍ അവര്‍ ഒരുമിച്ചു തന്നെ ആയിരുന്നു കഴിച്ചുകൂട്ടിയത്. അങ്ങനെ കഴിഞ്ഞുവരവെ ഒരു ദിവസം സന്ധ്യയോടുകൂടി സ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമിയുമൊന്നിച്ച് അണിയൂര്‍ ക്ഷേത്രനടയില്‍നിന്ന് ഒരു യാത്ര പുറപ്പെട്ടു. അഞ്ചാറു മൈല്‍ ദൂരം ചെന്നപ്പോള്‍ തിരിഞ്ഞുനിന്ന് ഇങ്ങനെ പറഞ്ഞു. ‘ഓ! എന്റെ ഒരു പൊതിക്കെട്ട് അവിടെ എവിടെയോവച്ച് മറന്നുപോയല്ലോ, അതത്യാവശ്യമായി കയ്യിലിരിക്കേണ്ടതായിരുന്നു. തിരിച്ചുപോയി എടുത്തുകൊണ്ടുവരാമെന്നുവച്ചാല്‍ വളരെ ദൂരവുമായിപ്പോയി. നടക്കുവാന്‍ മടിയും തോന്നുന്നു.’ ഇതുകേട്ട ഉടന്‍തന്നെ ‘അതു വച്ചിരിക്കുന്ന സ്ഥലം പറഞ്ഞുതന്നാല്‍ ഇപ്പോള്‍ത്തന്നെ പോയി എടുത്തുകൊണ്ടുവരാം. യാതൊരു വിഷമവുമില്ല. ഇവിടെയിരുന്നു വിശ്രമിച്ചുകൊണ്ടാല്‍ മതി.’ എന്നു നാരായണഗുരുസ്വാമികള്‍ പറഞ്ഞു. ‘വെളിച്ചവുമില്ല. കൂരിരുട്ടുമാണല്ലൊ’, എന്നായി സ്വാമിതിരുവടികള്‍. അതൊന്നും സാരമില്ല. ഇപ്പോള്‍തന്നെ കൊണ്ടുവരാം’ എന്നുപറഞ്ഞ് പൊതിക്കെട്ടുവച്ചിരുന്ന സ്ഥലം ഏതാണ്ടൊന്നു ചോദിച്ചുമനസ്സിലാക്കി നാരായണഗുരുസ്വാമികള്‍ യാത്രയായിക്കഴിഞ്ഞു. കുറച്ചുദൂരം ചെന്നപ്പോള്‍ അദ്ദേഹത്തെ സ്വാമിതിരുവടികള്‍ തിരികെ വിളിച്ച് ‘പോകേണ്ട, നാം ഉദ്ദേശിച്ച സ്ഥലത്തേക്കുതന്നെ പോകാം’ എന്നുപറഞ്ഞ് അവര്‍ ഒരുമിച്ച് മുന്നോട്ടുതന്നെ യാത്രയായി. ആയിടയ്ക്കു സ്വാമിതിരുവടികളുടെ അടുക്കല്‍ നാരായണഗുരുസ്വാമികള്‍ ഉപദേശത്തിനുവേണ്ടി നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശിഷ്യത്വം സ്വീകരിക്കാന്‍ ഒരുങ്ങുന്ന ആളിനെ ഒന്നു പരീക്ഷിക്കാനായിരുന്നു സ്വാമികള്‍ ആ പൊതിയുടെ കാര്യം പറഞ്ഞത്. നാരായണഗുരുസ്വാമികള്‍ ആ പരീക്ഷയില്‍ വിജയിയായി. അദ്ദേഹം ധീരനും ഉപദേശാര്‍ഹനുമാണെന്നു സ്വാമികള്‍ക്കു മനസ്സിലായി.

പിന്നേയും അവര്‍ ഒന്നിച്ചുതന്നെ കഴിഞ്ഞുവന്നു. അതിനിടയ്ക്ക് ഒരു വെളുത്ത ഷഷ്ഠിദിവസം സന്ധ്യ കഴിഞ്ഞ് വാമനപുരം ആറ്റുകരയിലുള്ള ഒരു മണല്‍തിട്ടയില്‍വച്ച് ബാലാസുബ്രഹ്മണ്യമെന്നു സുപ്രസിദ്ധമായിട്ടുള്ള ചതുര്‍ദ്ദശാക്ഷരിമന്ത്രം നാരായണഗുരുസ്വാമികള്‍ക്ക് സ്വാമിതിരുവടികള്‍ ഉപദേശിച്ചുകൊടുത്തു. അതിനുശേഷം നാരായണഗുരുസ്വാമികള്‍ തുടര്‍ച്ചയായി വളരെനാള്‍, സ്വാമിതിരുവടികളോടുകൂടി ശുശ്രൂഷാതല്പരനായി വാമനപുരം, തിരുവനന്തപുരം മുതലായ സ്ഥലങ്ങളില്‍ സഞ്ചരിച്ചിരുന്നു.

അക്കാലത്താണ് നാരായണഗുരുസ്വാമികളെ യോഗവേദാന്താദികള്‍, സ്വാമിതിരുവടികള്‍ പരിശീലിപ്പിച്ചത്. ഖേചരി മുതലായ യോഗമുദ്രകളും തമിഴിലും സംസ്‌കൃതത്തിലുമുള്ള വേദാന്തശാസ്ത്രങ്ങളും മഹാബുദ്ധിമാനായ നാരായണഗുരുസ്വാമികള്‍ വളരെ വേഗത്തില്‍ ഗ്രഹിച്ചു. സത്താസാമാന്യബോധത്തില്‍ ആ ഗുരുശിഷ്യന്മാര്‍ക്ക് അനുഭവസാമ്യം സിദ്ധിച്ചതോടുകൂടി സ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമികളെ തുല്യനിലയില്‍ തന്നെ കരുതിയിരുന്നു. പ്രായത്തിലും അവര്‍ക്ക് വലിയ അന്തരമുണ്ടായിരുന്നില്ല. അന്ന് അവര്‍ രണ്ടുപേരും ഒന്നിച്ച് പല ഗ്രന്ഥപ്പുരകളിലും പോയി പുതിയ പുതിയ ഗ്രന്ഥങ്ങള്‍ എടുത്തു പരിശോധിച്ചുകൊണ്ടിരുന്നു. കൂടാതെ സ്വാമി തിരുവടികള്‍ ഗീതം, വാദ്യം മുതലായ അന്യകലകളില്‍ക്കൂടി പ്രാവീണ്യം സമ്പാദിച്ചു. എന്നാല്‍ നാരായണഗുരുസ്വാമികള്‍ക്ക് അതുകളില്‍ രസബോധമുണ്ടായിരുന്നെങ്കിലും, പരിശീലനവാസനയോ പരിശ്രമമോ ഉണ്ടായിരുന്നില്ല. അക്കാലത്ത് അവര്‍ രാപകലൊഴിവില്ലാതെ മരുത്വാമല മുതലായ വനപ്രദേശങ്ങളിലും മറ്റും സഞ്ചരിക്കാറുണ്ടായിരുന്നു. ഒരു ദിവസം നെയ്യാറ്റിന്റെ തീരത്തെത്തി. നല്ല വേനല്‍ക്കാലമായിരുന്നതിനാലും ചന്ദ്രികയുള്ള രാത്രിയായിരുന്നതുകൊണ്ടും ആ മണല്‍പ്പുറംവഴി മേല്‌പോട്ട് ഒരു യാത്രചെയ്യാമെന്ന് അവര്‍ തീരുമാനിച്ച് ഇടയ്ക്കിടയ്ക്കു വിശ്രമിച്ചും നടന്നും കിടന്നും നേരം വെളുത്തപ്പോഴേയ്ക്ക് ഒരു അരുവിസ്ഥലത്ത് ചെന്നുചേര്‍ന്നു. അവിടെ സ്‌നാനാദികള്‍ കഴിച്ച് മലമുകളിലുള്ള ഒരു നല്ല ശിലാതലത്തില്‍ ഇരുന്നു വിശ്രമിച്ചു. തലേദിവസത്തെ നടപ്പും ഉറക്കമിളപ്പും അവരെ വളരെ ക്ഷീണിപ്പിച്ചിരുന്നു. അടുക്കലെങ്ങും ജനവാസമില്ലാതിരുന്നതിനാല്‍ ഭക്ഷണസാധനങ്ങള്‍ കിട്ടുവാനും സൗകര്യമുണ്ടായിരുന്നില്ല. രണ്ടുപേര്‍ക്കും നല്ലതുപോലെ വിശന്നു. ഏകദേശം പകല്‍ 11 മണി സമയമായതോടുകൂടെ സ്വാമിതിരുവടികളെ അവിടെയിരുത്തിയിട്ടു നാരായണഗുരുസ്വാമികള്‍ അവിടെനിന്നും പോയി അകലെ എവിടെയോനിന്നു കുറെ ഭക്ഷണപദാര്‍ത്ഥങ്ങളും കൊണ്ട് രണ്ടുമണിക്കുശേഷം തിരിയെവന്ന് ആ ഭക്ഷണസാധനങ്ങള്‍ മുഴുവന്‍ സ്വാമിതിരുവടികളുടെ സന്നിധിയില്‍ സമര്‍പ്പിച്ചു. അപ്പോള്‍ ധീരനായിരുന്ന നാരായണഗുരുസ്വാമികളുടെ നേത്രങ്ങളില്‍നിന്നു ധാരധാരയായി കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു. കരുണാശീതളസ്വാന്തനായ സ്വാമിതിരുവടികള്‍ ആ കണ്ണുനീരിനുള്ള കാരണം ചോദിച്ചപ്പോള്‍ ‘അവിടുന്ന് ഇത്രയും സമയം വിശന്നിരിക്കേണ്ടിവന്നല്ലോ, എന്നു വിചാരിച്ചാണ്’ എന്നു നാരായണഗുരുസ്വാമികള്‍ മറുപടി പറഞ്ഞു. ഈ സംഭവത്തെ അനുസ്മരിച്ചുകൊണ്ട്, വിനോദപ്രിയനായിരുന്ന പരമഗുരുപാദര്‍ നാരായണഗുരുസ്വാമികള്‍ ഇരിക്കുന്ന സദസ്സുകളില്‍ പല നേരമ്പോക്കുകളും പറയുമായിരുന്നു.

അന്ന് ആ ഭക്ഷണം അവര്‍ രണ്ടുപേരും തൃപ്തികരമായിക്കഴിച്ച് അവിടെത്തന്നെ വിശ്രമിച്ചു. അങ്ങിനെ ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആ സ്ഥലത്തിന്റെ നാതിദൂരപരിസരങ്ങളില്‍ പാര്‍ത്തിരുന്ന കുറെ ഈഴവരും മറ്റും അവിടെവന്ന് ആ മഹാത്മാക്കളെ സന്ദര്‍ശിച്ചു. ഇവര്‍ അമാനുഷപ്രഭാവരായ രണ്ടു യതീശ്വരന്മാരാണെന്നു മനസ്സിലാക്കിയ ആ ഭക്തന്മാര്‍ അവര്‍ക്കു വിശ്രമിക്കാന്‍ യോഗ്യമായ പര്‍ണ്ണശാലയും മറ്റു സൗകര്യങ്ങളും അവിടെ ഉണ്ടാക്കിക്കൊടുത്തു. അതിനെത്തുടര്‍ന്നു മൂന്നുമാസക്കാലത്തോളം അവര്‍ രണ്ടുപേരും ആ സ്ഥലത്തുതന്നെ കഴിച്ചൂകൂട്ടി. ഈ വിവരം നാടൊട്ടുക്കു പരക്കുകയാല്‍ നാട്ടിന്റെ നാനാഭാഗങ്ങളില്‍നിന്നും അനവധി ഭക്തന്മാര്‍വന്ന് ആ പരിപൂതചരണന്മാരുടെ അനുഗ്രഹം വാങ്ങിക്കൊണ്ടിരുന്നു. ബ്രഹ്മവിദ്വരന്മാരായ ആ പൂജ്യപാദന്മാരുടെ വിശ്രമസങ്കേതമായിരുന്ന ആ സ്ഥലമാണ് സുപ്രസിദ്ധമായ അരുവിപ്പുറം. അന്നായിരുന്നു സ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമികളെ ഈഴവസമുദായോന്നമനത്തിനൂകൂടി പ്രേരിപ്പിച്ചത്. ആ വിഷയത്തെപ്പറ്റി കരുവാ കൃഷ്ണനാശാന്‍ അവര്‍കള്‍ ഇങ്ങനെ പറയുന്നു. ‘ഈഴവരുടെ വംശത്തിനു എന്തെങ്കിലും ഉയര്‍ച്ച ഉണ്ടാക്കുവാനായി ശ്രമിക്കുന്നതിനു നാരായണഗുരുസ്വാമികളെ പ്രേരിപ്പിച്ച മഹാപുരുഷന്‍ ശ്രീ ചട്ടമ്പിസ്വാമിതിരുവടികളാണ്. അത് ഈഴവര്‍ മറക്കത്തക്കതല്ല, നാരായണഗുരുവിനെ ക്ഷേത്രപ്രതിഷ്ഠ നിര്‍വ്വഹിക്കാന്‍ പഠിപ്പിച്ചതു ചട്ടമ്പിസ്വാമികളാണ്. അരുവിപ്പുറത്ത് നാരായണഗുരു ആദ്യമുണ്ടാക്കിയ ക്ഷേത്രത്തില്‍ ശിവലിംഗപ്രതിഷ്ഠ നടത്തിയിരിക്കുന്നത് ചട്ടമ്പിസ്വാമികള്‍ കുറേക്കാലം വിശ്രമിച്ച സ്ഥലത്താണ്. അവിടെയൊരു അമ്പലമുണ്ടാക്കണമെന്നു പറഞ്ഞു പ്രതിഷ്ഠിക്കാനുള്ള സ്ഥാനം കാണിച്ചുകൊടുത്തതുപോലും ചട്ടമ്പിസ്വാമികളായിരുന്നു എന്ന് എനിക്കു നല്ലതുപോലെയറിയാം.’5 ഇതില്‍നിന്നും ഈഴവസമുദായോദ്ധാരണത്തിനു സ്വാമി തിരുവടികള്‍ക്ക് എത്രമാത്രം താല്പര്യമുണ്ടായിരുന്നു എന്ന് ഊഹിക്കാമല്ലൊ.

അങ്ങനെ അരുവിപ്പുറത്തു വിശ്രമിച്ചുവരവെ ഓവര്‍സീയര്‍ ശ്രീ കേശവപിള്ള അവര്‍കളുടെ ആളുകള്‍ അന്വേഷിച്ചുവന്നു സ്വാമിതിരുവടികളെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി. നാരായണഗുരുസ്വാമികളും അനുഗമിക്കാന്‍ തയ്യാറായി. എന്നാല്‍ അവരെ ഉപചരിച്ചുകൊണ്ടിരുന്ന ഭക്തന്മാര്‍ക്ക് അതു വളരെ സങ്കടകരമായി തോന്നുകയാല്‍ ‘നാരായണന്‍ ഇവിടെ താമസിക്കും. ഞാന്‍ ഒരു മാസം കഴിഞ്ഞു തിരിയെവരാം’ എന്നുപറഞ്ഞിട്ടായിരുന്നു സ്വാമിതിരുവടികള്‍ പിരിഞ്ഞത്. നാരായണഗുരുസ്വാമികള്‍ ബ്രഹ്മജ്ഞാനത്താല്‍ നിര്‍മ്മമനായിരുന്നെങ്കിലും തന്റെ ഗുരുനാഥന്റെ വേര്‍പാട് അദ്ദേഹത്തിനു വളരെ ക്ലേശകരമായിരുന്നു.

പരുമഗുരുപാദരാകട്ടെ തിരുവനന്തപുരത്തു ചെന്നപ്പോള്‍, കേശവപിള്ള ഓവര്‍സിയരവര്‍കള്‍ക്കു മൂവാറ്റുപുഴയ്ക്കു സ്ഥലംമാറ്റമാണെന്നും, അദ്ദേഹത്തോടൊന്നിച്ചു സ്വാമിതിരുവടികളും അങ്ങോട്ടു ചെല്ലണമെന്നു നിര്‍ബന്ധമായിരിക്കുന്നു എന്നും അവിടുത്തേക്കറിയാന്‍ കഴിഞ്ഞു. അങ്ങനെ അവരെല്ലാം ഒന്നിച്ച് തിരുവടികള്‍ മൂവാറ്റുപുഴയ്ക്കുതന്നെ പോയി. കുറച്ചുകഴിഞ്ഞു ശ്രീനാരായണഗുരുസ്വാമികള്‍ അരുവിപ്പുറത്തുനിന്ന് കാല്‍നടയായി മൂവാറ്റുപുഴവന്നു, സ്വാമിതിരുവടികളെ സന്ദര്‍ശിച്ചു. അവര്‍ ഒരുമിച്ചു മൂവാറ്റുപുഴ, ആലുവാ, പറവൂര്‍ മുതലായ സ്ഥലങ്ങളില്‍ കുറച്ചുനാള്‍ വിശ്രമിച്ചു. അന്നാണ് വടക്കന്‍ തിരുവിതാംകൂറിലെ ഈഴവപ്രമാണികള്‍ക്കു നാരായണഗുരുവിനെ പരിചയപ്പെടുവാന്‍ കഴിഞ്ഞത്. ശ്രീ ചട്ടമ്പിസ്വാമിപാദങ്ങള്‍ക്കു തെക്കന്‍ തിരുവിതാംകൂറിലും പല ശിഷ്യന്മാരും ഉണ്ടായിരുന്നു. ശ്രീ പെരുംനെല്ലി കൃഷ്ണന്‍വൈദ്യന്‍, ശ്രീ വെളുത്തേരി കേശവന്‍ വൈദ്യന്‍ മുതലായ പ്രസിദ്ധന്മാര്‍ അക്കൂട്ടത്തില്‍പ്പെട്ടവരാണ്. അന്നത്തെ കാലത്തു തീണ്ടലുള്ളവരെന്നു ഗണിക്കപ്പെട്ടിരുന്നവരുടെ ഗൃഹങ്ങളില്‍നിന്നു ഭക്ഷണം കഴിക്കുന്നതിനു സ്വാമിതിരുവടികള്‍ക്കു യാതൊരു മടിയുമില്ലായിരുന്നു എന്നുള്ളത് അവിടുത്തെ സമബുദ്ധിയെയാണ് പ്രഖ്യാപനം ചെയ്യുന്നത്.

ഇത്രയും പ്രസ്താവിച്ചതില്‍നിന്നു നാരായണഗുരുസ്വാമികളുടെ ആദ്ധ്യാത്മികമായ സകല ഉല്‍ക്കര്‍ഷത്തിനും കാരണഭൂതനായിരുന്നതു പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമിതിരുവടികളാണെന്നും, നാരായണഗുരുസ്വാമികളുടെ സന്ന്യാസപരമ്പര ചട്ടമ്പിസ്വാമി തിരുവടികളില്‍നിന്നുണ്ടായതാണെന്നും വ്യക്തമായല്ലൊ.

എന്നാല്‍ നാരായണഗുരുസ്വാമികളുടെ ഗുരു, ശ്രീ ചട്ടമ്പിസ്വാമിതിരുവടികളല്ലെന്നു സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിച്ചുവരുന്നതായിക്കാണുന്നു. അത് അടിസ്ഥാനരഹിതമായ ശ്രമമാണെന്നുള്ളതിന് ഗുരുശിഷ്യന്മാരായ അവര്‍രണ്ടുപേരുടെയും വാക്കുകള്‍തന്നെ പ്രമാണങ്ങളാണ്. ബ്രഹ്മശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍ എഴുതിയിട്ടുള്ള ‘ദേവാര്‍ച്ചപദ്ധതി’ എന്ന ഗ്രന്ഥത്തിനു 10.04.1092 ല്‍ ആലുവയില്‍വെച്ച് ശ്രീചട്ടമ്പിസ്വാമിതിരുവടികള്‍ ഒരു ഉപോദ്ഘാതം എഴുതിയിട്ടുണ്ട്. അതില്‍ യോഗജ്ഞാനപാരംഗതയ്ക്ക് യോഗജ്ഞാനപ്രമേയങ്ങളെ സമ്പ്രദായരീത്യാ ഗ്രഹിക്കയും പരിശീലിക്കയും ചെയ്ത് ആരൂഢപദത്തിലെത്തുന്നതിന് അനേകസംവത്സരക്കാലം എന്നോടുകൂടി വസിച്ചിട്ടുള്ള എന്റെ പ്രഥമശിഷ്യന്‍ നാരായണഗുരു എന്നുപറയുന്ന ആള്‍ ആ സമുദായത്തിന്റെ അഭ്യുത്ഥാനത്തിനായി അവരുടെ ഇടയില്‍ ദേവാര്‍ച്ചാദിയെ പുരസ്‌കരിച്ചു ബഹുവിധകാര്യങ്ങളില്‍ സ്വാതന്ത്ര്യമുണ്ടാക്കിയതുപോലെ മറ്റൊരു സമുദായത്തിനു സ്വയം കൃതാനര്‍ത്ഥനിലയില്‍ വന്നുകൂടിയ അന്യേച്ഛാധീനവൃത്തിയെ നിഷ്‌കാസനം ചെയ്യുവാന്‍ ദ്വിതീയശിഷ്യന്‍ (ശ്രീനീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍) ഇങ്ങനെ ഗ്രന്ഥകരണാദിയില്‍ പ്രവര്‍ത്തിക്കുന്നത് ഗൗണാത്മതാദ്ധ്യാസദൃഷ്ട്യാ ചാരിതാര്‍ത്ഥ്യജനകമായിരിക്കുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ, സ്വാമിതിരുവടികള്‍ ‘മോക്ഷപ്രദീപഖണ്ഡനം’ എഴുതാന്‍ തുടങ്ങിയപ്പോള്‍, ‘അവിടുന്ന് ആ ഗ്രന്ഥമെഴുതരുതേ!’ എന്നു കാണിച്ച് ആലത്തൂര്‍ ശിവയോഗിയുടെ ശിഷ്യന്മാരായ തെക്കേടത്തു രാമന്‍പിള്ള മുതലായ മാന്യന്മാര്‍ കടുത്തുരുത്തിയില്‍നിന്ന് 26.01.1090 ല്‍ ഒരു എഴുത്തയച്ചിരുന്നു. 6അതില്‍, ‘അവിടുത്തെ ശ്രമങ്ങള്‍ക്കൊന്നിനും മോക്ഷപ്രദീപമാകട്ടെ അതിന്റെ കര്‍ത്താവാകട്ടെ എതിരായി നില്‍ക്കുന്നില്ല. ഈ സ്ഥിതിക്ക് അവിടുന്ന് മോക്ഷപ്രദീപത്തെ എതിര്‍ക്കുന്നതിന് എന്തു ന്യായയുക്തതയാണുള്ളത്? നാരായണഗുരുസ്വാമിയുടെ ക്ഷേത്രസ്ഥാപനങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ ഉണ്ടാക്കുന്നതിനൊരുമ്പെട്ടിരുന്ന ചില ഈഴവര്‍ക്ക് മോക്ഷപ്രദീപം ഒരു സഹായമായി ഭവിച്ചിരിക്കാം. അതിനിടയ്ക്ക് അവിടുന്നെന്തിനു ചാടിവീഴുന്നു? നാരായണഗുരുസ്വാമിതന്നെ നേരിടട്ടെ! വാദിക്കട്ടെ! ജയിക്കട്ടെ! അഥവാ തോല്ക്കട്ടെ! നാരായണഗുരുസ്വാമി, അവിടുത്തെ ആശ്രിതനോ ശിഷ്യനോ സഹപാഠിയോ ആയിരിക്കാം. ആയിരിക്കട്ടെ! അവിടുത്തോടു വല്ലസംശയം ചോദിച്ചാല്‍ പറഞ്ഞുകൊടുക്കണം. അല്ലാതെ നാരായണഗുരുസ്വാമിയെ അവിടുന്നു മാറ്റിനിറുത്തിയിട്ട് അവിടുന്നു നേരിടണമോ?’ എന്നു ചോദിച്ചിട്ടുള്ളതിന് ശ്രീചട്ടമ്പിസ്വാമിതിരുവടികള്‍ അയച്ച മറുപടിയില്‍ ഇങ്ങനെ കാണുന്നു; 7ഞാനും, മുമ്പ് യോഗജ്ഞാനവിഷയങ്ങളില്‍ എന്റെ ശിഷ്യനായിരുന്നതുകൊണ്ടു നാരായണഗുരു സ്വാമിയെന്ന ആളും, ഈഴവരില്‍ ചിലരും തങ്ങളില്‍ പഴയ പരിചയക്കാരാണ്. അവര്‍ സ്വജനക്ഷേമാര്‍ത്ഥം ക്ഷേത്രപ്രതിഷ്ഠ മുതലായവ നടത്തുന്നതായി കേള്‍വി ഉണ്ട്. ടി ആളിന് (നാരായണഗുരു സ്വാമികള്‍ക്ക്) മതവാദത്തിനിറങ്ങേണമെന്നു തോന്നുന്ന കാലത്ത് അതിലേക്കായിട്ടു മറ്റൊരുത്തരുടെ സഹായമോ ഉപദേശമോ വേണ്ടതായി വരുമെന്നു തോന്നുന്നില്ല.’

നാരായണഗുരുസ്വാമികളുടെ ജീവിതകാലത്തുതന്നെ സ്വാമിതിരുവടികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ രണ്ടു പ്രസ്താവനകളില്‍നിന്നും അവിടുത്തെ സുസമ്മതനായ ഒരു ശിഷ്യപ്രധാനനാണ് നാരായണഗുരുസ്വാമികളെന്നു സിദ്ധിക്കുന്നു.

ഇതുപോലെ തന്നെ ശ്രീനാരായണഗുരുസ്വാമികള്‍ നവമഞ്ജരികാസ്‌തോത്രത്തില്‍ തന്റെ ഗുരുനാഥനായ ചട്ടമ്പിസ്വാമിതിരുവടികളെ സ്മരിച്ചുകാണുന്നു. അതിങ്ങനെയാണ്.

‘ശിശുനാമഗുരോരാജ്ഞാം
കരോമിശിരസാവഹന്‍
‘നവമഞ്ജരികാം’ ശുദ്ധീ-
കര്‍ത്തുമര്‍ഹന്തികോവിദാഃ’

ഇതിലെ ‘ശിശുനാമ’ പദം ‘കുഞ്ഞന്‍’ എന്ന പദത്തിന്റെ സംസ്‌കൃതരൂപമാണ്. ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികളുടെ ‘അദൈ്വതപാരിജാതം’ എന്ന സംസ്‌കൃത ഗ്രന്ഥത്തില്‍ ‘ശിശുനാമമുനേഃ പദാരണീം…….’ എന്നു തുടങ്ങിയ പദ്യവും അദ്ദേഹത്തിന്റെ ‘ശിശുഭഗവത്പഞ്ചകം’ എന്ന സ്‌തോത്രവും ഇതിനു തെളിവാണ്.

എന്നാല്‍ ഇക്കൊല്ലം വര്‍ക്കലനിന്ന് ‘ശ്രീനാരായണധര്‍മ്മപ്രചരണസഭ’ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ‘ഗുരുതിരുനാള്‍സോവനീര്‍’ എന്ന പുസ്തകത്തില്‍ ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ ശ്രീനാരായണഗുരുസ്വാമികളുടെ സതീര്‍ത്ഥ്യനാണെന്ന് ‘ശിശുനാമ’ ഗുരുപദംകൊണ്ടു സ്ഥാപിക്കാന്‍ വളരെ പണിപ്പെട്ടിട്ടുള്ളതായിക്കാണുന്നു. സോവനീറില്‍ പറയുന്ന ഭാഗം ഇങ്ങനെയാണ്. ‘കുറെക്കഴിഞ്ഞപ്പോള്‍ സ്വാമി (നാരായണഗുരുസ്വാമി) പുതുപ്പള്ളില്‍ ശ്രീമാന്‍ കുമ്മമ്പിള്ളി രാമന്‍പിള്ളയാശാന്റെ ശിഷ്യത്വം സ്വീകരിക്കയും ഉപരിഗ്രന്ഥങ്ങള്‍ വായിക്കയും ചെയ്തതായി ജീവചരിത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തു സ്വാമി രചിച്ചിട്ടുള്ള സംസ്‌കൃതകൃതികളുടെ ഒടുവില്‍ക്കാണുന്ന സംസ്‌കൃതക്കുറിപ്പില്‍നിന്ന് ഇക്കാര്യം വ്യക്തമാകുന്നുണ്ട്. ‘ബാലരാമാന്തേവാസിനാ നാരായണേന വിരചിതം’ ഇങ്ങനെയാണ് ആ കുറിപ്പു കാണുന്നത്. ഇക്കൂട്ടത്തില്‍ ‘നവമഞ്ജരി’യുടെ ആരംഭത്തില്‍ ‘ശിശുനാമഗുരോരാജ്ഞാം’ എന്നു തുടങ്ങിയ ഒരു ‘അനുഷ്ടുപ്പ്’ ഉണ്ട്. കുഞ്ഞന്‍പിള്ളച്ചട്ടമ്പി പറഞ്ഞിട്ടെഴുതിയതാണ് ആ മഞ്ജരിയെന്ന് മനസ്സിലാക്കാം. ‘ചട്ടമ്പി’ എന്ന വാക്ക് ഒരു ഗുരുവിന്റെ കീഴില്‍ പ്രധാനനായ ഒരു വിദ്യാര്‍ത്ഥിക്കുള്ള ‘ടൈറ്റില്‍’ ആണ്. പക്ഷെ അത് ആശാന്‍ (ഗുരു) എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിച്ചു കാണുന്നത്. ശ്രീചട്ടമ്പിസ്വാമികളുടെ ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ സ്വാമി സ്‌നേഹിച്ചു ബഹുമാനിച്ചിരുന്നു. പലേ മഹാന്മാരുമായി സ്വാമിയെ പരിചയപ്പെടുത്തിയിരുന്ന ചട്ടമ്പിസ്വാമികള്‍ തന്നെയാണ് തിരുവനന്തപുരം റസിഡന്‍സിയിലെ സൂപ്രണ്ടായിരുന്ന ശ്രീ തയ്ക്കാട്ടയ്യാവവര്‍കളേയും പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു രണ്ടുപേരും യോഗാഭ്യാസമാര്‍ഗ്ഗങ്ങള്‍ കുറേക്കാലം ശീലിച്ചിരുന്നു. പിന്നീടു രണ്ടുപേരും ഒന്നിച്ചു പല സ്ഥലങ്ങളിലും സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്.’

മേല്‍ കാണിച്ച പ്രസ്താവനയുടെ ആദ്യഭാഗംകൊണ്ട്, ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമികളുമൊന്നിച്ച് കുമ്മമ്പിള്ളി ആശാന്റെ കീഴില്‍ പഠിച്ചിരുന്നു എന്നും അന്നത്തെ ‘മോണിറ്റര്‍’ സ്ഥാനം സ്വാമിതിരുവടികള്‍ക്കായിരുന്നെന്നുമാണ് സോവനീര്‍കാര്‍ ഉദ്ദേശിച്ചിരിക്കുന്നത് എന്നു തോന്നുന്നു. പക്ഷേ ‘ബാലരാമാന്തേവാസിനാ നാരായണേന വിരചിതം’ എന്നുള്ളതുകൊണ്ട് ആ ഉദ്ദേശ്യം സഫലമായി എന്നു തോന്നുന്നില്ല.

സ്വാമിതിരുവടികള്‍ പഠിച്ചത് കുമ്മമ്പിള്ളിരാമന്‍ പിള്ളയാശാന്റെ കൂടെയല്ലെന്നും പേട്ടയില്‍ രാമന്‍പിള്ളയാശാന്റെ കൂടെയാണെന്നും മേല്പറഞ്ഞ ചരിത്രഭാഗങ്ങള്‍ കൊണ്ടറിയാവുന്നതാണ്. എന്നുമാത്രമല്ല, കുമ്മമ്പിള്ളിയാശാന്റെ കളരിയിലെ ‘ചട്ടമ്പി’ നാരായണഗുരുസ്വാമികളായിരുന്നെന്നു മി. മൂര്‍ക്കോത്തു കുമാരനെഴുതിയ നാരായണഗുരുസ്വാമികളുടെ ജീവചരിത്രം ഒന്നാംഭാഗം 94-ാം പേജില്‍ കാണുന്നുമുണ്ട്. വാദത്തിനുവേണ്ടി സോവനീര്‍കാരുടെ അഭിപ്രായം സ്വീകരിച്ചാല്‍തന്നെയും, തന്റെ ഗുരുനാഥനെന്നു പറയപ്പെടുന്ന കുമ്മമ്പിള്ളി രാമന്‍പിള്ളയാശാന്റെ കൂടെ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്താണ്, ആ ഗ്രന്ഥം രചിച്ചതെങ്കില്‍ അദ്ദേഹത്തെ സ്മരിക്കാതെ ക്ലാസ്സിലെ മോണിറ്ററെ ഗുരുവാക്കുന്ന ആളാണു ശ്രീ നാരായണഗുരുസ്വാമികളെന്ന് ബുദ്ധിയുള്ളവര്‍ക്കു വിചാരിക്കാന്‍ കഴിയുന്നതല്ല. ഇതില്‍നിന്നും ഗ്രഹിക്കേണ്ടത് നാരായണഗുരുസ്വാമികള്‍ കുമ്മമ്പിള്ളിയാശാന്റെകൂടെ സംസ്‌കൃതം പഠിച്ചിട്ടുണ്ടെങ്കിലും നവമഞ്ജരിക മുതലായവ എഴുതിയത് ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ശിഷ്യനായതിനുശേഷമാണെന്നാണ്.

നാരായണഗുരുസ്വാമികള്‍ കുമ്മമ്പിള്ളിയാശാന്റെ അടുക്കല്‍നിന്നു പഠിത്തം നിറുത്തിപ്പോന്നത് 1055-ാമാണ്ടാണെന്നും ശ്രീ ചട്ടമ്പിസ്വാമിതിരുവടികളെ കാണുന്നത് (1058ലാണ് അവര്‍ തമ്മില്‍ കണ്ടതെന്ന് ബ്രഹ്മശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികളില്‍ നിന്നറിയുന്നു.)8 1060-ാമാണ്ടാണെന്നും ‘നവമഞ്ജരിക’ യെഴുതിയത് 1084-ാമാണ്ടാണെന്നും ശ്രീ നാരായണഗുരുസ്വാമികളുടെ ജീവചരിത്രങ്ങളില്‍ പറഞ്ഞുകാണുന്നുണ്ട്.

‘ഗുരുതിരുനാള്‍ സോവനീറില്‍’ പറയുന്നപ്രകാരം ശ്രീചട്ടമ്പിസ്വാമികള്‍ക്ക് തൈക്കാട്ട് അയ്യാവ് അവര്‍കളില്‍നിന്ന് ഹഠയോഗവിഷയകമായി ചില പരിശീലനങ്ങള്‍ സിദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ശ്രീനാരായണഗുരുസ്വാമികളുടെ യോഗജ്ഞാനോപദേഷ്ടാവ് പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമികള്‍തന്നെയാണെന്ന് ആ മഹാത്മാക്കള്‍ രണ്ടുപേരും സമ്മതിച്ചിട്ടുള്ളതിനാല്‍ ശ്രീ നാരായണഗുരുസ്വാമികളുടെ ആദ്ധ്യാത്മികഗുരു തൈക്കാട്ട് അയ്യാവ് ആണെന്ന് സോവനീര്‍കാര്‍ പറയുന്നത് ശരിയല്ല. തൈക്കാട്ട് അയ്യാവ് അവര്‍കള്‍ ഒരു ഹഠയോഗി മാത്രമായിരുന്നു. അദ്ദേഹത്തിന് ജ്ഞാനയോഗം ഹിതവും വശവും അല്ലാതിരുന്ന കഥ അദ്ദേഹത്തെ പരിചയമുണ്ടായിരുന്ന പല പണ്ഡിതന്മാരില്‍നിന്നും എനിക്കറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്. ശ്രീ ചട്ടമ്പിസ്വാമികളോ ശ്രീനാരായണഗുരുസ്വാമികളോ ഹഠയോഗം മോക്ഷസാധനമായി കരുതിയിരുന്നില്ല. ഹഠയോഗമാര്‍ഗ്ഗത്തിലും രാജയോഗമാര്‍ഗ്ഗത്തിലും ഉള്ള പല അഭ്യാസങ്ങളും ആദ്യകാലങ്ങളില്‍ സിദ്ധവല്‍കരിച്ചിരുന്ന ആ മഹാത്മാക്കള്‍ സാക്ഷാല്‍ മോക്ഷസാധനമായിട്ടു കരുതിയിരുന്നത് അദൈ്വതജ്ഞാനത്തെ മാത്രമായിരുന്നുവെന്ന് ആത്മസാക്ഷാത്ക്കാരത്തിനുവേണ്ടി അവരെ സമീപിച്ചിട്ടുള്ളവര്‍ക്കെല്ലാം അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്. ശ്രീനാരായണഗുരുസ്വാമികള്‍ വിരചിച്ചിട്ടുള്ള, ‘ആത്മോപദേശശതകം’, ‘ദര്‍ശനമാല’ മുതലായ അദൈ്വതവേദാന്തശാസ്ത്രഗ്രന്ഥങ്ങള്‍ അദ്ദേഹം ഒരു ജ്ഞാനാചാര്യനായിരുന്നുവെന്ന വാസ്തവത്തെ പ്രഖ്യാപനം ചെയ്യുന്നു. ആ സമ്പ്രദായം അദ്ദേഹം എവിടെനിന്നെങ്കിലും പരിശീലിച്ചതായിരിക്കണം. ശ്രീ അയ്യാവ് അവര്‍കളില്‍നിന്ന് ആരും വേദാന്തം അഭ്യസിച്ചിതായിട്ടറിയുന്നില്ല. ശ്രീചട്ടമ്പിസ്വാമികള്‍, ചാടിയറ ശ്രീ മാധവന്‍പിള്ള, മണക്കാട് ശ്രീ കൃഷ്ണപിള്ളവൈദ്യന്‍, ഒരു ഗണകന്‍, ഇത്രയും പേര്‍ ഹഠയോഗവിഷയത്തില്‍ ശ്രീ തൈക്കാട്ട് അയ്യാവ് അവര്‍കളുടെ ശിഷ്യന്മാരാണ്. ഇവരില്‍ ശ്രീ ചട്ടമ്പിസ്വാമിപാദങ്ങളും പൂജപ്പുര ശ്രീ ചാടിയറ മാധവന്‍പിള്ള അവര്‍കളും മാത്രമേ വേദാന്തികളായിരുന്നുള്ളൂ. ശ്രീ ചട്ടമ്പിസ്വാമികളുടെ വേദാന്താഭ്യസനം ഈ ലേഖനത്തില്‍തന്നെ വെളിവാക്കീട്ടുണ്ടല്ലോ. സുപ്രസിദ്ധനായ രാമബ്രഹ്മസ്വാമികളില്‍നിന്നാണ് ചാടിയറ മാധവന്‍പിള്ള അവര്‍കള്‍ വേദാന്തം അഭ്യസിച്ചത്. ഇതില്‍നിന്ന് അയ്യാവ് അവര്‍കള്‍ക്ക് മഹാജ്ഞാനിയായ ഒരു ശിഷ്യനെ സമ്പാദിക്കാന്‍ ലേശവും കഴിവില്ലായിരുന്നുവെന്ന് വ്യക്തമായല്ലോ. ശ്രീനാരായണഗുരുസ്വാമികള്‍ക്ക് അയ്യാവിനെ പരിചയപ്പെടുത്തിക്കൊടുത്തത് ചട്ടമ്പിസ്വാമികളാണെന്നുള്ള കാര്യത്തില്‍ ആരും വിസമ്മതിക്കുന്നില്ല. നാരായണഗുരുസ്വാമികള്‍ സമീപിക്കുന്ന കാലത്തുതന്നെ ചട്ടമ്പിസ്വാമികള്‍ യോഗജ്ഞാനവിഷയങ്ങളില്‍ അപാരപാണ്ഡിത്യം സമ്പാദിച്ചിരുന്നതായി നാരായണഗുരുസ്വാമികളുടെ ജീവചരിത്രകാരന്മാര്‍പോലും രേഖപ്പെടുത്തിക്കാണുന്നു. ആ സ്ഥിതിക്ക് യോഗജ്ഞാന പരിശീലനത്തിനുവേണ്ടി ശ്രീ നാരായണഗുരു അയ്യാവിനെ ആശ്രയിച്ചുവെന്ന് പറയുന്നത് ശരിയല്ല. ‘വാഴവിളമറ്റത്ത്’ ജി. നാണു എന്ന മാന്യന്‍ എഴുതിയ ശ്രീനാരായണ പരമഹംസചരിതം വഞ്ചിപ്പാട്ടില്‍,

‘ഷണ്‍മുഖപാദം ഭജിച്ചനന്തപുരത്തമര്‍ന്നൊരു
ഷണ്‍മുഖദാസാഹ്വയനാം യോഗിയെക്കണ്ടു
സ്വാഗതോക്തികളും ചൊല്ലിയാഗമജ്ഞനോടുചേര്‍ന്നു
യോഗവിദ്യാഭ്യാസവും ചെയ്തമര്‍ന്നദ്ദേഹം.’

എന്നും കിഴക്കേകല്ലട ശീവേലിക്കര എം.സി.കുഞ്ഞുരാമന്‍ വൈദ്യന്‍ അവര്‍കളാല്‍ എഴുതപ്പെട്ട ശ്രീനാരായണഗുരുസ്വാമിചരിതം താരാട്ടില്‍,

‘ഷണ്‍മുഖദാസനെന്നുള്ള – മഹാ-
നിര്‍മ്മലനാം യോഗിയേകന്‍,
ചെമ്മേയനന്തപുരത്തു – സര്‍വ്വ-
സമ്മതനായന്നമര്‍ന്നാന്‍.
യോഗതന്ത്രത്തില്‍ സമര്‍ത്ഥനായ
യോഗിയാമദ്ദേഹത്തോട്
ലോകഗുരുസ്വാമിയക്കാലത്തു
യോഗാഭ്യാസാദി പഠിച്ചു.
ഊണുറക്കം ക്ലിപ്തമായിന്നിടം
വേണമെന്നുള്ളതില്ലാതെ
നാണുഗുരുസ്വാമി, യോഗിയോടും
വാണുകുറേക്കാലമുണ്ണി.’

എന്നും പ്രസ്താവിച്ചുകാണുന്നതില്‍നിന്നു ശ്രീനാരായണഗുരുസ്വാമികളുടെ യോഗാചാര്യന്‍ ഷണ്മുഖദാസനെന്ന അപരാഭിധാനത്താലറിയപ്പെടുന്ന ശ്രീ ചട്ടമ്പിസ്വാമികള്‍തന്നെയാണെന്നു സ്പഷ്ടമാകുന്നുണ്ട്. 1088-ാമാണ്ട് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ് ‘ശ്രീനാരായണ ഗുരുസ്വാമിചരിതം താരാട്ട്’ എന്ന പുസ്തകം. അതില്‍ അയ്യാവും നാരായണഗുരുസ്വാമികളും തമ്മിലുള്ള ബന്ധത്തെപ്പറ്റി,

ദിക്കില്‍ പുകള്‍ പൊങ്ങിടുന്ന – നല്ല
തൈയ്ക്കാട്ടയ്യാവെന്ന മാന്യന്‍
ഇഗ്ഗുരുനാഥനനുഗ്രഹങ്ങ-
ളക്കാലം നല്‍കിയിട്ടുണ്ട്.

എന്നു മാത്രമേ എഴുതിയിട്ടുള്ളൂ. ഈ താരാട്ടിലെ കഥാഭാഗത്തിന് പറയത്തക്ക യാതൊരു മാറ്റവും വരുത്താതെ തന്നെയാണു ശ്രീ.കെ.ദാമോദരന്‍ ബി.എ.യും ശ്രീ മൂര്‍ക്കോത്തു കുമാരനും നാരായണഗുരുസ്വാമികളുടെ ജീവചരിത്രം എഴുതിയത്. എന്നാല്‍ അവര്‍ എഴുതിയ ജീവചരിത്രത്തില്‍ ചട്ടമ്പിസ്വാമികളും നാരായണഗുരുസ്വാമികളും സതീര്‍ത്ഥ്യന്മാരാണെന്നുമാത്രം ഒരു ഭേദം ചെയ്തുകാണുന്നു. ശ്രീ മൂര്‍ക്കോത്തുകുമാരന്‍ എഴുതിയ ജീവചരിത്രത്തില്‍ ശ്രീ കരുവാ കൃഷ്ണനാശാന്‍, സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍ മുതലായ മാന്യന്മാര്‍ നാരായണഗുരുസ്വാമികളെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ള ഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാമാണ്യം കൊടുത്തിട്ടുണ്ട്. എന്നാല്‍ ശ്രീ കരുവാ കൃഷ്ണനാശാനും, മൂലൂര്‍ പത്മനാഭപണിക്കരും, ശ്രീനാരായണഗുരുവിന്റെ ഗുരു ചട്ടമ്പിസ്വാമികളാണെന്നു പ്രസ്താവിച്ചിട്ടുള്ള കാര്യം ശ്രീ മൂര്‍ക്കോത്തുകുമാരന്‍ താനെഴുതിയ പുസ്തകത്തില്‍ ചേര്‍ക്കാഞ്ഞതിന്റെ രഹസ്യം മനസ്സിലാകുന്നില്ല. ചട്ടമ്പിസ്വാമികളുടെ സമാധി സംബന്ധിച്ച് സരസകവി മൂലൂര്‍ പത്മനാഭപ്പണിക്കര്‍ എഴുതിയ കവിതയില്‍,

‘ശ്രീനാരായണഗുരുസ്വാമിയും ഗുരുവാക്കി
മാനിച്ച മഹാഭാഗ്യം തികഞ്ഞ ദിവ്യഗാത്രം.’

എന്നും ശ്രീ കൃഷ്ണനാശാന്‍ എഴുതിയ സ്മരണയില്‍, ‘ഇടക്കാലത്തു നാരായണഗുരുവിന്റെ ഗുരുസ്ഥാനം ചട്ടമ്പിസ്വാമിതിരുവടികളില്‍ നിന്നും ചോര്‍ത്തി എടുത്ത് അത് തൈക്കാട്ട് അയ്യാവിന്റെ തലയില്‍ കെട്ടിവെയ്പാന്‍ ശ്രമിച്ചതായി ഞാന്‍ അറിയുന്നു. ഇത്രമാത്രം ഗുരുദ്രോഹമായ ഒരു കര്‍മ്മം വേറെ, ഇല്ല’ എന്നും എഴുതിയിട്ടുണ്ട്.

ശ്രീ ചട്ടമ്പിസ്വാമികളോടും ശ്രീ നാരായണഗുരുസ്വാമികളോടും വളരെ അടുത്തു സഹവസിക്കുവാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ള രണ്ടു മഹത്തുക്കളായിരുന്നു വിദ്വല്‍കേസരികളായ കരുവാ കൃഷ്ണനാശാന്‍ അവര്‍കളും മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍ അവര്‍കളും. അവരുടെ രണ്ടുപേരുടേയും വാക്കുകള്‍ ഈ ഗുരുശിഷ്യവിഷയകമായ വാദങ്ങള്‍ക്കൊരു തീര്‍ച്ച വരുത്തിയതായിട്ടേ സുജനങ്ങള്‍ പരിഗണിക്കയുള്ളു. അതിനാല്‍ മഹാജ്ഞാനിയായിരുന്ന നാരായണഗുരുസ്വാമികളുടെ ആചാര്യസ്ഥാനത്തിന് ഏതുകൊണ്ടും അര്‍ഹന്‍ പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമികള്‍തന്നെയാണ് എന്നു തീരുമാനിക്കാം. അദ്ദേഹത്തിനു നാരായണഗുരുവിനെ കൂടാതെ ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍, ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍, ശ്രീ ബാലസുബ്രഹ്മണ്യശിവം, ഐക്കരനാട്ടു രാമന്‍പിള്ള മുതലായ യോഗജ്ഞാനപാരംഗതന്മാരെ ശിഷ്യത്വേന സമ്പാദിക്കുവാന്‍ കഴിഞ്ഞിരുന്നതില്‍നിന്നും ശ്രീ അയ്യാവിന് അതിനു കഴിവില്ലാതിരുന്നതില്‍നിന്നും നാരായണഗുരുസ്വാമികളുടെ ഗുരു ചട്ടമ്പിസ്വാമികള്‍തന്നെയാണെന്നു തീരുമാനിക്കാവുന്നതാണ്. എന്നാല്‍ 10.09.120 ല്‍ തൈക്കാട്ട് അയ്യാവ് അവര്‍കളുടെ മകനാണെന്നു പറഞ്ഞ് എസ്.ലോകനാഥപ്പണിക്കര്‍ എന്ന ഒരാള്‍ ശ്രീനാരായണഗുരുസ്വാമികളുടെ ഗുരു തന്റെ അച്ഛനായ തൈക്കാട്ട് അയ്യാവായിരുന്നു എന്നു കാണിച്ച് ശിവഗിരി മഠാധിപതി ശ്രീ ശങ്കരാനന്ദസ്വാമികളുടെ പേര്‍ക്ക് ഒരെഴുത്തയച്ചിരുന്നതായി ‘നവജീവനിലും’ ‘കേരളകൗമുദിയിലും’ കാണുകയുണ്ടായി. അതിന് ‘ഇതാണുവാസ്തവം’ എന്ന തലക്കെട്ടില്‍ ആയുര്‍വ്വേദാചാര്യന്‍ പണ്ഡിറ്റ് സി.രാമകൃഷ്ണന്‍ നായര്‍ (ചെറുവള്ളി) ‘ചക്രവാളത്തില്‍’ (120 കര്‍ക്കടകം 28-ാം തീയതിയിലെ 15-ാം ലക്കം) ശരിയായ ഒരു സമാധാനമെഴുതി, ശ്രീനാരായണഗുരുസ്വാമികള്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ ശിഷ്യന്‍തന്നെയാണെന്ന് ആ മഹാത്മാക്കളുടെ രണ്ടുപേരുടെയും വാക്യങ്ങള്‍ ഉദ്ധരിച്ചു സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ ശ്രീ ലോകനാഥപ്പണിക്കരുടെ വാക്കിനേക്കാള്‍ ഈ വിഷയത്തില്‍ ശ്രീ ചട്ടമ്പിസ്വാമികളുടേയും ശ്രീ നാരായണഗുരുസ്വാമികളുടേയും അഭിപ്രായത്തിനാണ് പ്രാമാണ്യമെന്നു മി.പണിക്കര്‍ തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഗുരുശിഷ്യബന്ധത്തെപ്പറ്റി ഗുരുവിനും ശിഷ്യനും അറിയാവുന്നതുപോലെ മറ്റാര്‍ക്കും അറിയുവാന്‍ കഴിയുന്നതല്ലല്ലൊ. മി.ലോകനാഥപ്പണിക്കര്‍ എഴുത്തില്‍ കാണിച്ചിരിക്കുന്ന ഉപദേശസമ്പ്രദായംതന്നെ ഉപാസനാ മാര്‍ഗ്ഗത്തിലേക്കുള്ള താന്ത്രികമായ പ്രാരംഭച്ചടങ്ങുമാത്രമാണ്. അത് നാരായണഗുരു അയ്യാവില്‍നിന്നു ഗ്രഹിച്ചുവെന്നു സമ്മതിച്ചാല്‍ തന്നെയും അദ്ദേഹത്തിന്റെ ജ്ഞാനോപദേഷ്ടാവ് അയ്യാവാണെന്നു മി. ലോകനാഥപ്പണിക്കരുടെ എഴുത്തില്‍ നിന്നു മനസ്സിലാക്കാവുന്നതല്ല. ചട്ടമ്പിസ്വാമികള്‍ക്കും ഗുരുസ്വാമികള്‍ക്കും യോഗമാര്‍ഗ്ഗത്തെ പലപ്പോഴും അതിനുശേഷം ഉപദേശിക്കയും അഭ്യാസമാര്‍ഗ്ഗം അനുഭവത്തില്‍ കാണിച്ചുകൊടുക്കുകയും പതിവുണ്ടായിരുന്നു,’ എന്നു ലോനാഥപ്പണിക്കര്‍ തന്റെ എഴുത്തില്‍ പ്രത്യേകം എടുത്തുകാണിച്ചിട്ടുള്ള ഭാഗം വായിക്കുമ്പോള്‍ യോഗജ്ഞാനവിഷയങ്ങളില്‍ അല്പമെങ്കിലും പുരോഗമിക്കാന്‍ കഴിഞ്ഞിട്ടുള്ള ആളുകള്‍ പൊട്ടിച്ചിരിച്ചു പോകതന്നെ ചെയ്യും.

‘ത്രിഭുവനസീമകടന്നുതിങ്ങിവിങ്ങും
ത്രിപുടിമുടിഞ്ഞുതെളിഞ്ഞിടുന്നദീപം
കപടയതിക്കുകരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോര്‍ത്തിടേണം.’

എന്നു പാടിയിട്ടുള്ള ബ്രഹ്മവിദ്വരനായ നാരായണഗുരുസ്വാമികള്‍ ‘സ്വരൂപസമാധി’യില്‍ വിശ്രമസുഖം അനുഭവിച്ചുകൊണ്ടിരുന്നത് മി.പണിക്കര്‍ കാണിച്ച അഭ്യാസമാര്‍ഗ്ഗം കൊണ്ടല്ലായിരുന്നുവെന്നും നേരേമറിച്ചു തനിക്കു തന്റെ ജ്ഞാനാചാര്യനില്‍നിന്ന് സിദ്ധിച്ച അനുഭവൈകവേദ്യമായ ജ്ഞാനോപദേശം കൊണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ അന്തേവാസികളില്‍ അപൂര്‍വ്വം ചിലര്‍ക്കെങ്കിലും അറിയുവാനിടയായിട്ടുണ്ട്. പക്ഷേ ശ്രീ ലോകനാഥപ്പണിക്കര്‍, ശ്രീ ചട്ടമ്പിസ്വാമികളും ശ്രീ നാരായണഗുരുസ്വാമികളും അവര്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റി പ്രസ്താവിച്ചിട്ടുള്ള ഭാഗം കണ്ടിരുന്നുവെങ്കില്‍ ഈ സാഹസത്തിനു മുതിരുകയില്ലായിരുന്നുവെന്നാണ് എന്റെ വിശ്വാസം.

ഈ വിഷയത്തെപ്പറ്റി പത്രപംക്തികളില്‍ വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരുന്നകാലത്ത് 99-ാമാണ്ട് മീനമാസം 13-ാം തീയതി പ്രാക്കുളത്തു ശ്രീ പരമേശ്വരന്‍പിള്ള അവര്‍കളുടെ വസതിയില്‍വെച്ചു പന്നിശ്ശേരി ശ്രീ നാണുപിള്ള അവര്‍കളും നാരായണഗുരുസ്വാമികളുമായി ഒരു സംഭാഷണം നടന്നു. 9അന്നു ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ ശരീരാസ്വാസ്ഥ്യം മൂലം അവിടെ വിശ്രമിക്കുകയായിരുന്നു. ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍, ശ്രീ കരുവാ കൃഷ്ണനാശാന്‍, കൊറ്റനാട്ടു ശ്രീ നാരായണപിള്ള, പ്രാക്കുളം ശ്രീ പരമേശ്വരന്‍ പിള്ള മുതലായ മറ്റുപല മാന്യന്മാരും അപ്പോള്‍ അവിടെയുണ്ടായിരുന്നു.

സംഭാഷണം

ശ്രീ പന്നിശ്ശേരി:- അവിടത്തെ ഗുരുവിഷയത്തില്‍ അഭിപ്രായവ്യത്യാസം പുറപ്പെട്ടുകാണുന്നു. ഗുരു ശ്രീ ചട്ടമ്പിസ്വാമി തിരുവടികളല്ലെ?

ശ്രീനാരായണഗുരു:- അതെ. അതിന് അഭിപ്രായവ്യത്യാസമെന്താണ്?

പന്നിശ്ശേരി:- കുമാരനാശാനും മറ്റും തയ്ക്കാട്ടയ്യാവെന്നെഴുതിക്കണ്ടു.

നാരായണഗുരു:- ആ അഭിപ്രായം അവര്‍ക്കല്ലേ? അതു സാരമില്ല.

പന്നിശ്ശേരി:- അവിടുത്തേയും ശ്രീ സ്വാമിതിരുവടികളേയും ആദ്യം കൂട്ടിമുട്ടിച്ചേര്‍ത്തതു ചെമ്പഴന്തി നാരായണപിള്ളയല്ലേ?

നാ: ഗുരു:- ഇതാരു പറഞ്ഞു?

പ:- സ്വാമിതിരുവടികള്‍തന്നെ പറഞ്ഞു.

നാ: ഗുരു:- ഓ! ഇതൊക്കെയിപ്പോള്‍ ഓര്‍ക്കുന്നോ? വലിയ മേധാബലമുള്ള ആളല്ലേ? അത്രയും ബുദ്ധിയും ഓര്‍മ്മയും ആര്‍ക്കുമില്ല.

പ:- ശിശുനാമഗുരോരാജ്ഞാം……..
ഭാവയേ ഭാവനാകാരം – എന്നു തുടങ്ങുന്ന ശ്രീ ചട്ടമ്പിസ്വാമികളെപ്പറ്റിയുള്ള രണ്ടു ശ്ലോകങ്ങള്‍ അവിടുന്നെഴുതിയതല്ലെ?

നാ: ഗുരു:- അതെ.

പ:- ഒരു ക്ഷേത്രത്തിന്റെ നടയില്‍ വെച്ചാണ് ആദ്യം തമ്മില്‍ കണ്ടതെന്നു കേട്ടു. ആ ക്ഷേത്രത്തിന്റെ പേരെന്താണോ?

നാ:ഗുരു:- അണിയൂര്‍ ക്ഷേത്രമെന്നാണ്.

പ:- യോഗം ഉപദേശിച്ചതും അഭ്യസിപ്പിച്ചതും നെയ്യാറ്റുങ്കരെ ഒരു പോറ്റിയുടെ ഗൃഹത്തില്‍വെച്ചല്ലെ?

നാ:ഗുരു:- അതെ.

പ:- ഖേചരിസിദ്ധിവരെ യോഗം ചെയ്തിട്ടുണ്ടല്ലൊ?

നാ:ഗുരു: ഓ! കുറെ കഫം പോരും. കുറെയൊക്കെ സാധിച്ചിട്ടുണ്ട്.

പ:- മോക്ഷത്തിനതു നേരേ സഹായിക്കുമോ?

നാ:ഗുരു- നമുക്കങ്ങനെ പക്ഷമില്ല. അതും പരമ്പരയാകാരണമായിരിക്കാം. മോക്ഷം തത്ത്വവിചാരംകൊണ്ടേ സാധിക്കൂ. പ്രപഞ്ചത്തിനു സത്തയുണ്ടെന്നുള്ള വിചാരമാണ് സാധാരണയായിരിക്കുന്നത്. അതാണു ബന്ധം. വിചാരംകൊണ്ടു കണ്ണാടിയിലെ ദീപംപോലെ ഇതിനു സത്തയില്ലെന്നും കേവലബോധത്തിനേ സത്തയുള്ളൂ എന്നും കാണാറാകും. അപ്പോള്‍ എല്ലാം പ്രാതിഭാസികം എന്നുവരും. ആ ബോധം ഉറയ്ക്കുമ്പോള്‍ ഇപ്പോഴത്തെ ജീവബോധം മാറും. പിന്നെ ബന്ധമില്ല. മുക്തിയായി.

ഈ സംഭാഷണവും മേല്പറഞ്ഞ വാസ്തവത്തെ തെളിയിക്കുന്നതാണല്ലൊ?

ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ മദ്ധ്യത്തിലും ശിഷ്യപ്രധാനികളായ ശ്രീനാരായണഗുരുസ്വാമികളും ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളും ഇരുഭാഗങ്ങളിലുമായി ഇരുന്നു ഒരു ഫോട്ടോയെടുത്തതും ഈ സംഭാഷണദിവസമായിരുന്നു. അതിനെപ്പറ്റി,

‘നേരേ നടുക്കു ഗുരുപാദരിടംവലംതന്‍-
പേരാര്‍ന്ന ശിഷ്യരിതുമട്ടിലിരുന്നു നന്നായ്
തോരാതെ ബാഷ്പനിരയോടു നമുക്കു കണ്ടി-
ങ്ങാരാന്‍ നമിപ്പതിനുടന്‍ പടമൊന്നെടുത്തു.’

എന്നു ശ്രീ ഭട്ടാരശതകത്തില്‍ ഒരു പദ്യവും കാണുന്നുണ്ട്. കൂടാതെ ചട്ടമ്പിസ്വാമിതിരുവടികളുടെ സമാധികാലത്തോടടുത്ത് നാരായണഗുരുസ്വാമികള്‍ അവിടുത്തെ അടുക്കല്‍വന്ന് വേണ്ട ഉപചാരങ്ങള്‍ ചെയ്തതും അദ്ദേഹത്തെ ശിവഗിരിയിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചതും അക്കാലങ്ങളിലെ വര്‍ത്തമാനപ്പത്രങ്ങളില്‍ നിന്നുപോലും അറിയാവുന്നതായിരുന്നു.

ശ്രീചട്ടമ്പിസ്വാമിതിരുവടികളുടെ സമാധി സംബന്ധിച്ച് നാരായണഗുരുസ്വാമികള്‍ രണ്ടു ശ്ലോകം എഴുതിയിട്ടുണ്ട്. അതിനെപ്പറ്റി ശ്രീ നാരായണഗുരുസ്വാമികളുടെ ശിഷ്യന്‍ സ്വാമി സുഗുണാനന്ദഗിരി ഇങ്ങനെ പറയുന്നു.

‘ഞാന്‍ നാരായണഗുരുസ്വാമികളുടെ സന്നിധിയിലിരിക്കുമ്പോഴാണ് ചട്ടമ്പിസ്വാമികളുടെ ചരമശ്ലോകം നാരായണഗുരുസ്വാമി എനിക്കു പറഞ്ഞുതന്ന് എന്നെക്കൊണ്ടെഴുതിച്ചത്. ആ ചരമപദ്യം വായിച്ചാല്‍ കുഞ്ഞന്‍പിള്ളച്ചട്ടമ്പിയില്‍ നാരായണഗുരുസ്വാമിക്കുണ്ടായിരുന്ന ബഹുമാനാതിരേകം നല്ലതുപോലെ അറിയാം.’ അതിതാണ്:

‘സര്‍വ്വജ്ഞ ഋഷിരുല്‍ക്രാന്തസ്സദ്ഗുരുശ്ശുകവര്‍ത്മനാ
ആഭാതി പരമവ്യോമ്‌നി പരിപൂര്‍ണ്ണകലാനിധിഃ
ലീലയാ കാലമധികം നീത്വാന്തേ സ മഹാപ്രഭുഃ
നിസ്സ്വംവപുഃ സമുത്സൃജ്യ സ്വംബ്രഹ്മവപുരാസ്ഥിതഃ.’10

ഈ രണ്ടു ശ്ലോകങ്ങളില്‍നിന്നും തന്റെ ഗുരുനാഥനായ ചട്ടമ്പിസ്വാമിതിരുവടികളില്‍ സര്‍വ്വജ്ഞത്വവും ഋഷിത്വവും മഹാപ്രഭുത്വവും പരിപൂര്‍ണ്ണകലാനിധിത്വവും കാണാന്‍ കഴിഞ്ഞ നാരായണഗുരുസ്വാമികള്‍ക്ക്, ശുകവര്‍ത്മാവില്‍ക്കൂടെ (ശുകബ്രഹ്മര്‍ഷി മുക്തിപ്രാപിച്ച സദ്യോമുക്തിദ്വാരാ) ഉയര്‍ന്നു പരമവ്യോമത്തില്‍ അവിടുന്ന് ആഭാനം ചെയ്യുന്നതും കാണാന്‍ കഴിഞ്ഞു.

കഷ്ടം! ഇത്രയൊക്കെയായിട്ടും മഹാത്മാവായ ശ്രീനാരായണഗുരുസ്വാമികളുടെ ‘ഗുരുത്വത്തെ’ ചോദ്യം ചെയ്യാന്‍ ചിലര്‍ സന്നദ്ധരാകുന്നത് ചട്ടമ്പിസ്വാമിതിരുവടികളുടെ ‘ലഘുത്വ’ത്തെ സ്ഥാപിക്കാനാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

പക്ഷേ ആ മഹാത്മാക്കള്‍ക്കു രണ്ടുപേര്‍ക്കും ഉഭയഥാ ‘ഗുരുത്വ’മുണ്ടായിരുന്നു എന്ന് അവരുടെ മാര്‍ഗ്ഗത്തെ പിന്‍തുടരാന്‍ കഴിഞ്ഞിട്ടുള്ള ആര്‍ക്കും കാണാവുന്നതാണ്. ആ നിലയ്ക്ക് അന്യന്മാരുടെ അദ്ധ്യാസം ഒരു വിധത്തിലും അധിഷ്ഠാനത്തെ സ്പര്‍ശിക്കുന്നതല്ലല്ലൊ, എന്നു സമാധാനിക്കാം.

ഈ ഗുരുശിഷ്യബന്ധത്തെപ്പറ്റിയുള്ള പ്രസ്താവന അല്പം ദീര്‍ഘിച്ചുപോയിട്ടുണ്ടെങ്കിലും, ഈ വിഷയത്തെക്കുറിച്ചു വളരെ നാളായി നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങള്‍ക്ക് ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ഒരു എളിയ പ്രശിഷ്യനെന്ന നിലയില്‍ ഒരു സമാധാനം പറയേണ്ട കടമ എനിക്കുള്ളതുകൊണ്ട് ഇത്രയും എഴുതിപ്പോയതാണ്.

ശ്രീ നീലകണ്ഠ തീര്‍ത്ഥപാദസ്വാമികള്‍

സ്വാമിതിരുവടികളുടെ മറ്റു രണ്ടു സന്ന്യാസിശിഷ്യന്മാര്‍ ബ്രഹ്മശ്രീമാന്മാരായ നീലകണ്ഠതീര്‍ത്ഥപാദസ്വാമികളും തീര്‍ത്ഥപാദ പരമഹംസസ്വാമികളുമാണെന്നുള്ളതില്‍ ആര്‍ക്കും പക്ഷാന്തരമില്ലല്ലോ?

ചട്ടമ്പിസ്വാമി തിരുവടികളുടെ ആദ്ധ്യാത്മികസമ്പ്രദായത്തെ ഗ്രന്ഥരൂപേണ പ്രചരിപ്പിക്കാനാണ് ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെപ്പറ്റി ഇന്‍ഡ്യയില്‍ മാത്രമല്ല ജര്‍മ്മനി, അമേരിക്ക, ഇംഗ്ലണ്ട് മുതലായ പാശ്ചാത്യരാജ്യങ്ങളില്‍ പോലുമുള്ള പണ്ഡിതന്മാര്‍ പ്രശംസിച്ചിട്ടുള്ള കഥകള്‍ അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചാലറിയാവുന്നതാണ്. അവിടുന്ന് അനേകഗ്രന്ഥങ്ങള്‍ വിരചിച്ചിട്ടുണ്ടെങ്കിലും അവയില്‍ പ്രധാനപ്പെട്ടവ ‘അദൈ്വതപാരിജാതം’ മുതലായ പത്തൊന്‍പതു സംസ്‌കൃത ഗ്രന്ഥങ്ങളും ‘ആചാരപദ്ധതി, ബ്രഹ്മസൂത്രഭാഷാപദ്യം’ മുതലായ എട്ടു മലയാളഗ്രന്ഥങ്ങളുമാകുന്നു. യോഗവേദാന്താദിവിഷയങ്ങളെ അധികരിച്ച് ഇത്രയും ഗ്രന്ഥം രചിച്ചിട്ടുള്ള മഹാന്മാര്‍ കേരളത്തില്‍ അധികംപേരില്ല. ഹനുമാന് ശ്രീരാമചന്ദ്രനോടെന്നപോലെയായിരുന്നു ഇദ്ദേഹത്തിനു തന്റെ ഗുരുനാഥനോടുള്ള ഭക്തി. ഇദ്ദേഹം തന്റെ ശിഷ്യപ്രധാനനായ ‘കവിദീപ’നെക്കൊണ്ടു ചട്ടമ്പിസ്വാമിതിരുവടികളുടെ ജീവചരിത്രം ലളിതകോമളമായ സംസ്‌കൃതപദ്യങ്ങളില്‍, നിബന്ധിപ്പിച്ചു നാനാസ്ഥലങ്ങളിലുമുള്ള പ്രധാന സംസ്‌കൃതവിദ്വാന്മാര്‍ക്കെല്ലാം അയച്ചുകൊടുത്തു. അതില്‍നിന്ന്, അദ്ദേഹത്തിന്റെ ഗുരുഭക്തിപാരവശ്യം വ്യക്തമാകുന്നുണ്ട്. അവിടുന്നു രചിച്ചിട്ടുള്ള യോഗരഹസ്യകൗമുദി എന്ന ഗ്രന്ഥരത്‌നം ഗുരുനാഥനില്‍നിന്നും തനിക്കു സിദ്ധിച്ച അഗസ്ത്യസമ്പ്രദായപ്രകാരമുള്ള യോഗമാര്‍ഗ്ഗങ്ങളേയും അദൈ്വതപാരിജാതം, ജ്ഞാനമാര്‍ഗ്ഗങ്ങളേയും വെളിപ്പെടുത്തുന്നവയാണെന്നുള്ള പരമാര്‍ത്ഥം പ്രത്യേകം സ്മരണീയമാണ്. യോഗവേദാന്തമാര്‍ഗ്ഗങ്ങളില്‍ അദ്ദേഹത്തിനു മഹാന്മാരായ അനേക ശിഷ്യപ്രധാനികള്‍ കേരളത്തിനു വെളിയില്‍പ്പോലുമുണ്ട്.

ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍

ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ സന്ന്യാസശിഷ്യന്മാരില്‍ തൃതീയന്‍, ശ്രീ തീര്‍ത്ഥപാദസ്വാമിതിരുവടികളാണ്. ബാല്യത്തിലെതന്നെ, ശ്രീ പരമഭട്ടാരസ്വാമികളുടെ ശിഷ്യത്വം സ്വീകരിച്ചു ബ്രഹ്മനിഷ്ഠനായിത്തീര്‍ന്ന ഇദ്ദേഹം തന്റെ ഗുരുനാഥന്റെ യോഗജ്ഞാനസമ്പ്രദായങ്ങളെ, സന്ന്യാസാശ്രമങ്ങളില്‍കൂടെ പ്രചരിപ്പിക്കുവാനും വേദാന്തപ്രഭാഷണങ്ങള്‍ ചെയ്ത് ഹിന്ദുസമുദായത്തെ പ്രബുദ്ധമാക്കി തീര്‍ക്കുവാനും ആണ് ശ്രമിച്ചത്. അവിടുന്നു ശ്രീ ചട്ടമ്പിസ്വാമികളുടെ ഷഷ്ഠിപൂര്‍ത്തിസ്മാരകമായി 1089 ചിങ്ങം 8-ാം തീയതി, തിരുവല്ലാ താലൂക്കില്‍ എഴുമറ്റൂര്‍ എന്ന ദേശത്ത് ‘വിദ്യാധിരാജതീര്‍ത്ഥപാദപരമഭട്ടാരാശ്രമം’ എന്ന പേരില്‍ ഒരു സന്ന്യാസാശ്രമം സ്ഥാപിച്ചിട്ടുണ്ട്. ആ പുണ്യാശ്രമത്തില്‍ പരമഗുരുപാദരും, ബ്രഹ്മശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍ മുതലായ ശിഷ്യന്മാരും കുറച്ചുനാള്‍ വിശ്രമിച്ചിരുന്നു. ആ ആശ്രമത്തില്‍ സ്ഥാപിച്ചിട്ടുള്ള ‘തീര്‍ത്ഥപാദസമ്പ്രദായം’ എന്നറിയപ്പെടുന്ന ഗുരുകുലത്തിലെ ആദ്യത്തെ കുലപതി ബ്രഹ്മശ്രീ വിദ്യാധിരാജതീര്‍ത്ഥപാദപരമഭട്ടാരസ്വാമിപാദങ്ങളും ആശ്രമാദ്ധ്യക്ഷന്‍ ശ്രീനീലകണ്ഠതീര്‍ത്ഥപാദസ്വാമികളും ആയിരുന്നു. ആ ഗുരുകുലം സ്ഥാപിക്കുവാന്‍ സകലശ്രമങ്ങളും ചെയ്തത് ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ ആയിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. കൂടാതെ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മുതലായ സ്ഥാപനങ്ങളും അവിടുന്നുതന്നെ സ്ഥാപിച്ചതാണ്. താന്‍ സ്ഥാപിച്ച ആശ്രമങ്ങള്‍ എല്ലാം തന്റെ സന്ന്യാസശിഷ്യപരമ്പരയുടെ അധികാരാവകാശങ്ങളില്‍ ഇരിക്കത്തക്കവിധം വേണ്ട വ്യവസ്ഥകള്‍ അവിടുന്നു ചെയ്തതനുസരിച്ച് ഇന്നും നടന്നുപോരുന്നു.

നാനാശാസ്ത്രങ്ങളിലും അനിതരസാധാരണമായ വൈദുഷ്യം സമ്പാദിച്ചിരുന്ന ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളെപ്പറ്റി കേള്‍ക്കാത്തവര്‍ കേരളക്കരയില്‍ അധികം ഉണ്ടെന്നു തോന്നുന്നില്ല. നായര്‍ സമുദായോല്‍ക്കര്‍ഷത്തിനുവേണ്ടി ഒരു വ്യാഴവട്ടക്കാലം പ്രസംഗാദികള്‍ ചെയ്തും സമുദായസംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചും അവിടുന്നു കേരളം ഒട്ടുക്കു സഞ്ചരിച്ചിരുന്നു. അവിടത്തേയ്ക്കു സന്ന്യാസികളായും ഗൃഹസ്ഥന്മാരായും അനവധി ശിഷ്യന്മാരുണ്ടായിട്ടുണ്ട്. ഇന്നു തീര്‍ത്ഥപാദപരമ്പരയില്‍ കാണുന്ന സന്യാസികളില്‍ ഭൂരിഭാഗവും അവിടത്തെ ശിഷ്യന്മാരാണ്. തിരുവനന്തപുരം ഹിന്ദുമഹിളാമന്ദിരത്തിന്റെ ജനയിത്രിയായ അദ്ധ്യാത്മഭാരതി ശ്രീ. കെ. ചിന്നമ്മ അവര്‍കള്‍ അവിടത്തെ സന്ദേശവാഹികയായ ഒരു പ്രധാന ശിഷ്യയായിരുന്നു. മഹിളാമന്ദിരസ്ഥാപനംതന്നെ ശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികളുടെ നിര്‍ദ്ദേശപ്രകാരം ഉണ്ടായിട്ടുള്ള ഒന്നാണെന്ന് ശ്രീമതി ചിന്നമ്മ അവര്‍കള്‍ തന്നെ പലപ്പോഴും പറയുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇങ്ങനെ ഈ മൂന്നു സന്ന്യാസിശിഷ്യന്മാരുടേയും ലോകാനുഗ്രഹപരങ്ങളായ പ്രവൃത്തികള്‍ക്കു താങ്ങും തണലുമായി നിന്നിട്ടുള്ളത് ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ തന്നെയാണ്.

കേരളീയരുടെ പരമാരാദ്ധ്യന്‍

ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ ഏതെങ്കിലും ഒരു സമുദായത്തിന്റെ നേതൃത്വം വഹിക്കുകയോ വലിയ ജനക്കൂട്ടത്തില്‍ പ്രസംഗിക്കുകയോ ചെയ്തിരുന്നില്ലെങ്കിലും അവിടത്തെ ദിവ്യസന്ദേശങ്ങള്‍ മുകളില്‍ വിവരിക്കപ്പെട്ട പ്രകാരം നേരിട്ടും ശിഷ്യന്മാരില്‍കൂടിയും കേരളത്തിന് ഒരു നവീനസംസ്‌കാരത്തെ ഉളവാക്കി: സര്‍വ്വസമുദായങ്ങളിലും അവിടുത്തേയ്ക്കു ശിഷ്യന്മാരുണ്ടായിരുന്നെങ്കിലും പ്രധാനികള്‍ നായര്‍വര്‍ഗ്ഗത്തിലും ഈഴവവര്‍ഗ്ഗത്തിലുമുള്ളവരായിരുന്നു. പണ്ഡിതവരേണ്യന്മാരായിരുന്ന ശ്രീമാന്മാര്‍ നന്ത്യാര്‍വീട്ടില്‍ പരേമേശ്വരന്‍പിള്ള, പന്നിശ്ശേരി നാണുപിള്ള ചക്കരക്കടവില്‍ അച്യുതന്‍വൈദ്യന്‍ മുതലായവരുടെ പേരുകള്‍ പ്രസ്താവയോഗ്യങ്ങളാകുന്നു. കേരളത്തിന്റെ ഏതൊരു മൂലയില്‍ ചെന്നാലും അവിടുത്തെ അപദാനങ്ങള്‍ അറിയാത്തവരെ കാണുകയില്ല. കൊട്ടാരത്തിലും കുടിലിലും ഒരുപോലെ കഴിച്ചുകൂട്ടിയിരുന്ന അവിടുന്ന് വെറും സാധാരണക്കാരനായിട്ടാണ് വര്‍ത്തിച്ചിരുന്നത്. അതോര്‍ക്കുമ്പോള്‍,

‘അവിദ്വദനുസാരേണ വൃത്തിര്‍ബുദ്ധസ്യ യൂജ്യതേ
സ്തനന്ധയാനുസാരേണ വര്‍ത്തതേ തല്‍പിതാ യഥാ.’

എന്ന ബ്രഹ്മനിഷ്ഠന്റെ സ്വഭാവം, ആ ദിവ്യാത്മാവില്‍ എത്രമാത്രം രൂഢമൂലമായിരുന്നു എന്നു മനസ്സിലാക്കാന്‍ വിഷമമില്ല. കേരളത്തില്‍ അവിടുത്തെ ശിഷ്യപരമ്പരയില്‍ മാത്രമേ യോഗവേദാന്തവിദ്യാസമ്പന്നകളായ തപസ്വിനികളെ കാണാന്‍ കഴിയുകയുള്ളൂ. തീര്‍ത്ഥപാദപരമ്പരയില്‍ ഇന്ന് എല്ലാംകൊണ്ടും പൂജ്യസ്ഥാനത്തു വര്‍ത്തിക്കുന്ന ബ്രഹ്മശ്രീ ആത്മയോഗിനി അമ്മാളുടേയും തിരുവനന്തപുരം പേരൂര്‍ക്കട സുവര്‍ണ്ണപുഷ്‌കരണീതടം ശ്രീമതി ചെല്ലമ്മ അവര്‍കളുടെയും പേരുകള്‍ മേല്പറഞ്ഞതിനു ഉദാഹരണങ്ങളാണ്.

തിരുവിതാംകൂര്‍ രാജ്യത്തിന്റെ സര്‍വ്വതോമുഖമായ പുരോഗതിക്കുവേണ്ട പ്രചോദനം നല്കിക്കൊണ്ടു വനിതാലോകത്തിന് അഭിമാനസ്തംഭമായി പരിലസിക്കുന്ന ശ്രീ സേതുപാര്‍വ്വതീഭായി അമ്മമഹാറാണി തിരുമനസ്സുകൊണ്ടുതന്നെ ശ്രീ ചട്ടമ്പിസ്വാമിതിരുവടികളെ വരുത്തി മതവിഷയകമായ ജ്ഞാനം സമ്പാദിച്ചിട്ടുള്ളതായി കേള്‍വിയുണ്ട്. 1100 കന്നിമാസത്തിലെ സദ്ഗുരുമാസിക 4-ാം പുസ്തകം 6-ാം ലക്കത്തില്‍ അതിനെപ്പറ്റി ഇങ്ങനെ കാണുന്നു. ‘സ്വാമികള്‍ തിരുവനന്തപുരത്തുള്ളപ്പോള്‍ ഇളയറാണി തിരുമനസ്സുകൊണ്ട് കൂടെക്കൂടെ ആളയച്ചുകൊണ്ടുപോയി മതസംബന്ധമായും മറ്റുമുള്ള ഉപദേശങ്ങള്‍ കേട്ട് അനുഗ്രഹം വാങ്ങുക സാധാരണമായിരുന്നു.’

ഇതുകൊണ്ടെല്ലാം തെളിയുന്നത്, സകലകലാവല്ലഭനായഅവിടുത്തെ എല്ലാവരും ഒരുപോലെ ബഹുമാനിച്ചിരുന്നു എന്നാണ്. ഏതു മതാവലംബികള്‍ സ്വാമിതിരുവടികളെ സമീപിച്ചാലും അവര്‍ക്കു അവരുടെ മതത്തിന്റെ പരമലക്ഷ്യമെന്തെന്നു മനസ്സിലാക്കിക്കൊടുക്കുവാന്‍ അവിടുത്തേയ്ക്കു കഴിഞ്ഞിരുന്നു. ഏതു ദുര്‍ഗ്രഹവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്കും സമാധാനം പറവാന്‍ സ്വാമിതിരുവടികള്‍ക്ക് യാതൊരു വിഷമവുമില്ലായിരുന്നു എന്ന് രാജശ്രീ പന്നിശ്ശേരി നാണുപിള്ള അവര്‍കള്‍ പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്.

വേദാന്തികളെ തോല്പിച്ച് വിശിഷ്ടാദൈ്വതം സ്ഥാപിക്കാന്‍ ഇന്‍ഡ്യ ഒട്ടുക്കു സഞ്ചരിച്ച് പ്രസംഗങ്ങളും വാദങ്ങളും നടത്തിയിരുന്ന സര്‍വ്വശാസ്ത്രപാരംഗതനും ‘പ്രതിവാദിഭയങ്കര’നെന്ന അന്വര്‍ത്ഥനാമാവുമായ ഒരു ആചാര്യനെ ഇരിങ്ങാലക്കുടവച്ച് 93-ാംമാണ്ട് നിഷ്പ്രയാസം തോല്പിച്ച്, ശ്രീശങ്കരഭഗവല്‍പാദരുടെ ജന്മഭൂമിയുടെ അഭിമാനം സംരക്ഷിച്ച ഒരു മഹാനായിരുന്നല്ലോ ‘അദൈ്വതവിദ്യാപണ’ബിരുദാങ്കിതനായ ശ്രീ പന്നിശ്ശേരി നാണുപിള്ള അവര്‍കള്‍. അദ്ദേഹം ഒരിക്കല്‍ എന്നോടു പറഞ്ഞതിങ്ങനെയാണ്: ‘മഹാബുദ്ധിമാന്മാരായ പണ്ഡിതകേസരികള്‍പോലും ദുര്‍ഗ്രഹമെന്നു വച്ചിരിക്കുന്ന ‘ഖണ്ഡനഖണ്ഡഖാദ്യം’ മുതലായ പ്രൗഢഗ്രന്ഥങ്ങളിലെ അപ്രതിഷേദ്ധ്യമായ യുക്തിവിലാസങ്ങളെ ചര്‍ച്ച ചെയ്യുന്ന ഘട്ടങ്ങളില്‍ അവയിലെ ചില യുക്തിഭംഗങ്ങള്‍ ആര്‍ക്കും സുഗ്രഹമായവിധം അവിടുന്ന് എനിക്കു പലപ്പോഴും കാണിച്ചുതന്നിട്ടുണ്ട്. പാശ്ചാത്യതത്വശാസ്ത്രജ്ഞന്മാരുടെ ചില ശാസ്ത്രസിദ്ധാന്തങ്ങള്‍കൊണ്ടെങ്കിലും അവിടുത്തോട് ‘അരക്കൈ നോക്കി’ക്കളയാമെന്നു വിചാരിച്ച് അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ഞാന്‍ അടുത്തപ്പോഴാണ് എന്റെ മൗഢ്യത്തെപ്പറ്റി എനിക്കു ബോധം വന്നത്. അവിടുത്തേപ്പോലെ സര്‍വ്വജ്ഞനായ ഒരു മഹാത്മാവുണ്ടായിട്ടുണ്ടോ എന്നുപോലും ഞാന്‍ പലപ്പോഴും സംശയിക്കാറുണ്ട്. ഇത്രയും പറഞ്ഞിട്ടു സ്വാമിതിരുവടികളുടെ ബുദ്ധിവൈഭവത്തെ വെളിപ്പെടുത്തുന്ന ഒരുദാഹരണം പറഞ്ഞതിവിടെ സംഗ്രഹിക്കാം.

‘Infinite (പൂര്‍ണ്ണതയി)ല്‍ നിന്ന് finite (അപൂര്‍ണ്ണത) എങ്ങനെയുണ്ടായി എന്ന ചോദ്യത്തിനു ശരിയായ ഉത്തരമില്ലെന്നു ശ്രീ വിവേകാനന്ദസ്വാമികള്‍ പറഞ്ഞു കാണുന്നു. ആ വിഷയത്തെപ്പറ്റി അവിടുത്തേയ്ക്കുള്ള അഭിപ്രായം എന്താണ്? എന്നിങ്ങനെയുള്ള ശ്രീ പന്നിശ്ശേരി നാണുപിള്ള അവര്‍കളുടെ ചോദ്യത്തിന് പരമഗുരുപാദര്‍ നല്കിയ മറുപടി – ‘ഈ ചോദ്യത്തില്‍ finite ഉണ്ടായി എന്നു സമ്മതിച്ചിട്ടുണ്ടല്ലോ? അതിനാരോടും തെളിവാവശ്യപ്പെട്ടിട്ടില്ല. ‘എങ്ങനെ’ എന്നുള്ളതിലെ അന്വേഷണമുള്ളു. ഉണ്ടായ സ്ഥിതിക്കു എങ്ങനെയും ഉണ്ടാകാം, പക്ഷേ ഉണ്ടായോ എന്നാണന്വേഷിക്കേണ്ടത്.’

ഇത് ആ മഹാത്മാവിന്റെ മഹാമനീഷിത്വത്തിനു തെളിവാണ്. എങ്ങനെയെന്നാല്‍ പരിപൂര്‍ണ്ണവസ്തു ബ്രഹ്മമൊന്നുമാത്രമേയുള്ളൂ. അപൂര്‍ണ്ണങ്ങളാണെന്നു തോന്നുന്നവ അതില്‍ കല്പിതങ്ങളാണ്. കല്പിതവസ്തുബോധമുള്ളപ്പോള്‍ തദധിഷ്ഠാനബോധമില്ല. അധിഷ്ഠാനബോധമുള്ളപ്പോള്‍ കല്പിതവസ്തുബോധവുമില്ല. അവ രണ്ടും ശാസ്ത്രദൃഷ്ടിയില്‍ വിഭിന്നാധികരണങ്ങളാണ്. ആ നിലയില്‍ പൂര്‍ണ്ണമായ ഒന്നിനെ സമ്മതിക്കുമ്പോള്‍ അപൂര്‍ണ്ണത എങ്ങനെ ഉണ്ടായി എന്നുള്ള ചോദ്യത്തിനേ അവസരമില്ല. അതിനാലാണ് ‘അപൂര്‍ണ്ണത ഉണ്ടായോ? എന്നാണന്വേഷിക്കേണ്ടതെന്ന് അവിടുന്നു പറഞ്ഞത്.

‘ഒരു ചോദ്യവും ശരിയല്ല. ശരിയാവുകയുമില്ല. അങ്ങനെയിരിക്കെ അബദ്ധമായ ചോദ്യത്തിന്റെ ഉത്തരവും അബദ്ധമായേ ഇരിക്കു’ എന്നവിടുന്നു പറയാറുണ്ടായിരുന്നു. അവിടുത്തെ സമീപിക്കുന്ന ജിജ്ഞാസുക്കളുടെ ചോദ്യങ്ങളെ നല്ലതുപോലെ വിമര്‍ശിച്ച് ചോദ്യമേ അബദ്ധമാണെന്നവര്‍ക്കു ബോദ്ധ്യം വരത്തക്കവിധത്തില്‍ വെളിപ്പെടുത്തിക്കൊടുക്കുന്നതോടെ ആ വിഷയത്തിലുള്ള സകല സംശയവും ആ ജിജ്ഞാസുകള്‍ക്കു തീരുകയായിരുന്നു പതിവ്. തന്നിമിത്തം അവിടത്തെ ശിഷ്യന്മാര്‍ക്ക് ഏതു ശാസ്ത്രവാദങ്ങളിലും നിര്‍ഭയം വിഹരിക്കുവാന്‍ കഴിയുമായിരുന്നു. സാധാരണവേദാന്തികള്‍ ‘ശ്ലോകത്തില്‍കഴിക്കാ’നാണ് ഒരുങ്ങുക. അവിടുത്തെ കളരിയില്‍ പരിശീലിച്ചവര്‍ക്ക് ആദ്യവസാനം ഏതു ഭാഗവും അഭിനയിക്കാന്‍ തന്നെ കഴിയുമായിരുന്നു. ഇങ്ങനെ, ശ്രീ വിവേകാനന്ദസ്വാമികള്‍ പറഞ്ഞതുപോലെ ഒരു ‘അത്ഭുതമനുഷ്യന്‍’ (I met a remarkable man എന്നാണു ചട്ടമ്പിസ്വാമിതിരുവടികളെ കണ്ടശേഷം ശ്രീ വിവേകാനന്ദസ്വാമികള്‍ പറഞ്ഞത്) ആയി ലോകാനുഗ്രഹാര്‍ത്ഥം എഴുപതുവര്‍ഷത്തോളം ‘ലീലയാ കാലം’ നയിച്ച ശ്രീ പരമഭട്ടാരഗുരുദേവന്‍ സുജനാവതംസമായ രാജശ്രീ കുമ്പളത്തു ശങ്കുപ്പിള്ള അവര്‍കളുടെ അതിഥിയായി പന്മന സി.പി.പി. സ്മാരക വായനശാലയില്‍ വിശ്രമിച്ചുവരവെ 99-ാമാണ്ട് മേടമാസം 23-ാം ന് പകല്‍ മൂന്നു മണി സമയത്ത് വിദേഹമുക്തനായി.

ആശ്രമങ്ങള്‍

കീര്‍ത്തിയെ തൃണവല്‍ഗണിച്ചിരുന്ന സാക്ഷാല്‍ യതീശ്വരനായ അവിടുത്തെസ്മരണയെ നിലനിറുത്താന്‍ ഒരു സമുദായക്കാരും സംഘടിതമായി യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ അവിടുത്തെ അനുഗ്രഹപാത്രവും ലോകക്ഷേമൈകനിരതനുമായ ശ്രീമാന്‍ കുമ്പളത്തു ശങ്കുപ്പിള്ള അവര്‍കളുടെ പരിശ്രമഫലമായി അവിടുത്തെ സമാധിസ്ഥലത്തു ‘ബാലഭട്ടാരകേശ്വരം’ എന്ന ഒരു പുണ്യക്ഷേത്രം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ അവിടെ നടത്തിവരുന്ന വിദ്യാലയാദികളും അവിടുത്തെ സ്മാരകങ്ങളാണ്. ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമിതിരുവടികളാല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള വാഴൂര്‍ തീര്‍ത്ഥപാദാശ്രമവും എഴുമറ്റൂര്‍ പരമഭട്ടാരാശ്രമവും, അവിടുത്തെ പരമ്പരയെ നിലനിര്‍ത്തിപ്പോരുന്ന പുണ്യാശ്രമങ്ങളാണ്. അതുപോലെതന്നെ സമ്പത്ശ്രീമാനും പരമഭക്തനുമായിരുന്ന താഴത്തോട്ടത്തു ശ്രീമാന്‍ വേലുപ്പിള്ളയവര്‍കള്‍ തന്റെ ഗുരുനാഥനായ ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികളുടെ സമാധിസ്ഥലത്ത് (കരുനാഗപ്പള്ളിയില്‍) സ്ഥാപിച്ചിട്ടുള്ള ക്ഷേത്രവും തത്സംബന്ധമായി നടത്തിവരുന്ന സംസ്‌കൃത സ്‌കൂള്‍ മുതലായ ധര്‍മ്മസ്ഥാപനങ്ങളും ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ ആദര്‍ശങ്ങളെ നിലനിര്‍ത്തിക്കൊണ്ടു പോരുന്നവയാകുന്നു.

ഗ്രന്ഥരചന

ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ ജീവിതത്തിലെ ഓരോ നിമിഷവും ലോകര്‍ക്ക് ഉപകാരപ്രദമായ വിധത്തിലാണ് അവിടുന്നു നയിച്ചിട്ടുള്ളത്. അനേകവിശിഷ്ടഗ്രന്ഥങ്ങള്‍ അവിടുന്നു രചിച്ചിട്ടുണ്ടെന്നു മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ? പക്ഷേ ഉപഭോക്താക്കളുടെ ഭാഗ്യവിപര്യയം കൊണ്ട് അവയില്‍ ഭൂരിഭാഗവും ഇന്നും അപ്രകാശിതങ്ങളായിട്ടാണിരിക്കുന്നത്. അവിടുത്തെ ഗ്രന്ഥരചനയെപ്പറ്റിയും മറ്റും 1096-ാമാണ്ടു ‘വേദാധികാരനിരൂപണ’ത്തിന്റെ ഭൂമികയില്‍ ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍ എഴുതിയിട്ടുള്ളതിങ്ങനെയാണ്. ‘അവിടുത്തെ പരിചയം എനിക്കു സിദ്ധിച്ചതായ കാലം മുതല്‍ ഈ മുപ്പത്തിനാലു സംവത്സരത്തിനിടയില്‍ ഞാന്‍ തൃപ്പാദം ദര്‍ശിക്കുമ്പോഴൊക്കെ അവിടുന്ന് ഏതാദൃശമഹാനിബന്ധരചനയില്‍ സമയം വ്യയം ചെയ്തിരുന്നതായി കണ്ടിരുന്നു. ഇങ്ങിനെയുള്ള ഗ്രന്ഥരചനകളുടെ പ്രസിദ്ധീകരണം ദ്രവ്യാപേക്ഷവും തദ്ദ്വാരാ, അന്യാപേക്ഷവും ആകയാലായിരിക്കാം രചനയിലെന്നപോലെ പ്രകടീകരണത്തില്‍ അവിടുത്തേയ്ക്കു നിര്‍ബ്ബന്ധമില്ലാത്തത്. ബ്രഹ്മവിദ്വരീയാനായ അവിടുത്തേയ്ക്ക് ഈ കാര്യത്തില്‍ വന്ന ‘ഉദാസീനവദാസീനത്വം’ എങ്ങനെ നോക്കിയാലും സമാധാനമുള്ളതാണ്. പെന്‍സില്‍ കോപ്പിയായി എഴുതി സംഗ്രഹിച്ചിരുന്ന അവിടുത്തെ കൃതിതല്ലജങ്ങളില്‍ മിക്കതും ഈ ദീര്‍ഘകാലങ്ങള്‍ക്കിടയില്‍ തേഞ്ഞുമാഞ്ഞുപോയിട്ടും അവലോകനോല്‍സുകരുടെ കൈവശം പെട്ടിട്ടും നഷ്ടമായിത്തീര്‍ന്നത് ജനതയുടെ ഭാഗ്യവിപര്യയം തന്നെയാണ്.’

അദ്വൈത ചിന്താപദ്ധതി

മേല്‍പറഞ്ഞ വിധത്തില്‍ അവിടുന്നു രചിച്ചിട്ടുള്ള സര്‍വ്വമതസാമരസ്യം, ജന്തൂല്പത്തി, ആദിഭാഷ, ജീവകാരുണ്യനിരൂപണം, മോക്ഷപ്രദീപഖണ്ഡനം മുതലായ അനവധി ഗ്രന്ഥരത്‌നങ്ങള്‍ തേഞ്ഞുമാഞ്ഞു പോയിട്ടുണ്ട്. അക്കൂട്ടത്തില്‍ പൊയ്‌പോകാന്‍ തുടങ്ങിയ ഒന്നാണ് ഈ അദൈ്വതചിന്താപദ്ധതി. ഇത് അവിടത്തെ ആശ്രിതനായ ഒരു ഭക്തന്റെ അപേക്ഷ അനുസരിച്ച് എഴുതിയതായിട്ടാണ് അറിയുന്നത്. ‘അടിയന് അധികം പുസ്തകം വായിച്ചറിയുവാന്‍ പ്രാപ്തിയില്ല; അതിനാല്‍ മനസ്സിലാകത്തക്കവിധം മോക്ഷോപയോഗിയായ ഒരു പുസ്തകം എഴുതിത്തന്നനുഗ്രഹിക്കണം.’ ഈ പ്രാര്‍ത്ഥനയനുസരിച്ചു പല ഗ്രന്ഥങ്ങളില്‍നിന്നും സംഗ്രഹിച്ചെടുത്ത് ‘അദൈ്വതചിന്താപദ്ധതി’യെന്ന പേരില്‍ ആ ഭക്തന് എഴുതിക്കൊടുത്ത നോട്ടുകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. അനേകമാളുകള്‍ പല പ്രാവശ്യം പകര്‍ത്തി അനവധി പാഠഭേദങ്ങളും വൈകല്യങ്ങളും നേരിട്ട കടലാസുതുണ്ടുകളാണ് എനിക്ക് പരിശോധിക്കേണ്ടിവന്നത്. അതിനാല്‍ ഇതിന്റെ പരിശോധനവേളയില്‍ ആശയഭേദം വരാതെ ഭാഷാപരമായ ചില സ്വാതന്ത്ര്യങ്ങള്‍ ചില ഭാഗത്ത് ചെലുത്തേണ്ടിവന്നിട്ടുമുണ്ട്. തന്നിമിത്തം ഈ പുസ്തകത്തില്‍ വല്ല സ്ഖാലിത്യങ്ങളും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള ഉത്തരവാദി ഞാന്‍ മാത്രമാണ്. മഹാജനങ്ങള്‍ ആ വക സ്ഖാലിത്യങ്ങള്‍ ചൂണ്ടിക്കാണിച്ചുതന്നാല്‍ അടുത്ത പതിപ്പില്‍ അതു പരിഹരിക്കാമെന്നു പ്രത്യേകം അറിയിച്ചു കൊള്ളുന്നു.

ഈ അദ്വൈത ചിന്താപദ്ധതിയില്‍ അദ്ധ്യാരോപാപവാദങ്ങള്‍, തത്വമസി, ചതുര്‍വ്വേദമഹാവാക്യങ്ങള്‍, ശ്രുതിസാരമഹാവാക്യങ്ങള്‍ ഇങ്ങനെ നാലു പ്രകരണങ്ങള്‍ ഉണ്ട്. ഇവയില്‍ അദ്ധ്യാരോപാപവാദങ്ങള്‍ വേദാന്തശാസ്ത്രമനുസരിച്ച് പ്രപഞ്ചത്തിന്റെ ഉല്പത്തിലയങ്ങളെ സവിസ്തരം പ്രതിപാദിക്കുകയാണു ചെയ്യുന്നത്.

ജഗത്കാരണവിചാരം

ഈ പ്രപഞ്ചം എവിടെനിന്നുണ്ടായി, എവിടെ നിലകൊള്ളുന്നു, എവിടേയ്ക്കു പോകുന്നു എന്നിങ്ങനെയുള്ള ചിന്തകള്‍ മനുഷ്യഹൃദയത്തെ അലട്ടിത്തുടങ്ങിയിട്ടു വര്‍ഷസഹസ്രങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

ഇയം വിസൃഷ്ടിര്‍യ്യത ആബഭൂവ
യദി വാ ദധേ യദി വാന
യോ അസ്യാദ്ധ്യക്ഷഃ പരമേ വ്യോമന്‍
സോ അംഗ വേദ യദി വാ ന വേദ.

(ഈ സൃഷ്ടി എവിടെനിന്നുണ്ടായി? അഥവാ ഇത് സൃഷ്ടിക്കപ്പെട്ടുവോ ഇല്ലയോ? എന്നുള്ളതിനെ പരമാകാശത്തിലുള്ള ജഗത്തിന്റെ അദ്ധ്യക്ഷന് ഒരുവനു മാത്രമേ അറിയാന്‍ കഴിയൂ; അഥവാ അവനും അറിയുവാന്‍ കഴിയുകയില്ല. ആരാണു പറയുവാന്‍ സമര്‍ത്ഥന്‍ എന്നു സാരം.) എന്ന ഋഗ്വേദത്തിലെ ‘നാസദീയസൂക്ത’ങ്ങളില്‍ത്തന്നെ ഈ ചിന്താഗതി കാണുന്നതുകൊണ്ട് അതിന്റെ പഴക്കം എത്രമാത്രമെന്നൂഹീക്കാവുന്നതാണല്ലോ. പ്രാചീനഭാരതീയരുടെ സകല ദര്‍ശനങ്ങളും ഈ ചിന്താഗതിയില്‍കൂടെയാണു പുരോഗമിച്ചിരിക്കുന്നത്. ‘പ്രകൃതമായ അദ്ധ്യാരോപാപവാദങ്ങളെപ്പറ്റി ശരിക്കു മനസ്സിലാക്കുന്നതിനു മറ്റു ചില ദര്‍ശനങ്ങളുടെ ഗതികൂടി ഗ്രഹിച്ചിരിക്കുന്നത് ഉപയോഗപ്രദമാകയാല്‍ ദിങ്മാത്രമായി അവയെപ്പറ്റി ചിന്തിച്ചിട്ടു മുന്നോട്ടു പോകാം. ‘ഈ പ്രപഞ്ചം എവിടെ നിന്നും വന്നതുമല്ല എങ്ങും പോകുന്നുമില്ല. ഇതിന്റെ സ്വഭാവം ഇതൊക്കെത്തന്നെയാണ്’, എന്നു സ്വഭാവവാദികളായ ചാര്‍വ്വാകന്മാരും, ‘പ്രപഞ്ചത്തിന് ഉപാദാനകാരണം പരമാണുക്കളും നിമിത്തകാരണം ഈശ്വരനുമാണെ’ന്ന് ഉല്പത്തിവാദികളായ നൈയ്യായികന്മാരും, ‘പ്രപഞ്ചത്തിനു കാരണം ശൂന്യമാണെന്നു’ ബൗദ്ധന്മാരും, ‘പുരുഷസംയോഗം നിമിത്തം പ്രകൃതി പ്രപഞ്ച രൂപേണ പരിണമിക്കുകയാണെ’ന്നു പരിണാമവാദികളായ സാംഖ്യന്മാരും യോഗികളും, ‘ഈശ്വരേച്ഛയാണെ’ന്നു പൗരാണികന്മാരും കര്‍മ്മമാണെന്നു മീമാംസകന്മാരും വാദിക്കുന്നു.

അദ്ധ്യാരോപം

എന്നാല്‍ വേദാന്തിയാകട്ടെ ആ പക്ഷങ്ങളെ എല്ലാം ഖണ്ഡിച്ച്, ‘ഈ പ്രപഞ്ചം ബ്രഹ്മത്തില്‍ കല്പിത (ആരോപിത)മാണെ’ന്നു സ്ഥാപിക്കുന്നു. എങ്ങനെയെന്നാല്‍ ഇന്ദ്രിയപ്രത്യക്ഷത്തെമാത്രം അവലംബിച്ചുനില്‍ക്കുന്ന ചാര്‍വ്വാകന്റെ അഭിപ്രായം ജിജ്ഞാസാശമനകാരിയല്ല. ജന്തുസാധാരണമായ ഒരനുഭവം മാത്രമേ പ്രപഞ്ചത്തെപ്പറ്റി ചാര്‍വ്വാകനുള്ളു. ആ അനുഭവംകൊണ്ടു തൃപ്തിയുണ്ടാകാതെയിരുന്നതിനാലാണ് പ്രപഞ്ചത്തിന്റെ ഉല്പത്തിയെപ്പറ്റി ചോദ്യമുണ്ടായത്. അതിന്, ‘ഇങ്ങനെയൊക്കെയുള്ളതാണു പ്രപഞ്ചം’ എന്ന ഉത്തരം യുക്തിയുക്തമല്ല. അങ്ങനെ ചാര്‍വ്വാകമതം വെറും പ്രാകൃതമാകയാല്‍ അംഗീകാര്യമല്ല. പ്രപഞ്ചത്തിന്റെ ഉപാദാനകാരണം നിരവയവങ്ങളായ പരമാണുക്കളാണെന്നു നൈയ്യായികന്മാര്‍തന്നെ സിദ്ധാന്തിക്കുന്ന സ്ഥിതിക്കു കാരണഗുണാനുസാരിയായിട്ടേ കാര്യമിരിക്കൂ’ എന്നുള്ള അവരുടെ സിദ്ധാന്തംകൊണ്ടു തന്നെ അതു ഖണ്ഡിക്കപ്പെടുന്നു. നിരവയവങ്ങളായ പരമാണുക്കളില്‍നിന്നു സാവയവമായ പ്രപഞ്ചത്തിന്റെ ഉല്പത്തി സംഗതമല്ല. കൂടാതെ ഈശ്വരനേയും അണുക്കളേയും വിഭിന്നങ്ങളായി സ്വീകരിച്ചതുകൊണ്ടു ദേശകാലവസ്തുകൃതങ്ങളായ പരിച്ഛേദം നേരിടുകയാല്‍ അനിത്യത്വവും തദ്ദ്വാരാശൂന്യത്വവും സംഭവിക്കും. ഈശ്വരനും പരമാണുവും നിത്യമാണെന്നു പറയുന്ന നൈയ്യായികന്മാര്‍ അതിനു സമാധാനം പറയുന്നില്ല. അതുകൊണ്ട് ആ പക്ഷവും സ്വീകരിക്കാവുന്നതല്ല. എല്ലാം ശൂന്യമാണെന്നു പറയുന്ന ബൗദ്ധന്മാര്‍ ശൂന്യഭാവത്തെ ഏതു ഭാവം കൊണ്ടാണോ അറിയുന്നത് അതിന്റെ സദ്ഭാവത്തെ നിഷേധിക്കാന്‍ കഴിയാത്തവരായാലും ‘കഥമസതസ്സജ്ജായേത’ എന്ന ശ്രുതിവാക്യമനുസരിച്ച് അസത്തില്‍നിന്ന് സദ്ഭാവം ഉണ്ടാകാത്തതിനാലും ആ സിദ്ധാന്തവും സമ്മതിക്കാവുന്നതല്ല. സചേതനനും നിര്‍ഗുണനുമായ പുരുഷന്‍, സഗുണയും ജഡയുമായ പ്രകൃതിയോട് എങ്ങനെ ചേരുമെന്നുള്ള ചോദ്യത്തിനു ശരിയായ സമാധാനം സാംഖ്യനും യോഗിയും പറയുന്നില്ല. എന്നുതന്നെയുമല്ല, പ്രകൃതിയേയും പുരുഷനേയും വിഭിന്നമായി അംഗീകരിച്ചിരിക്കുന്ന സ്ഥിതിയ്ക്ക് അതുരണ്ടും നിത്യമാണെന്നു പറയുന്നതും ശരിയല്ല. അതിനാല്‍ അവരുടെ അഭിപ്രായവും അസാധുവാകുന്നു. ആപ്തകാമനും പരിപൂര്‍ണ്ണനുമായ ഈശ്വരന് ഇച്ഛയുണ്ടാകുകയെന്നത് യുക്തിസഹമായ ഒരു വാദമല്ലായ്കയാല്‍ പൗരാണികമതവും ഹേയകോടിയില്‍പെടും. കര്‍മ്മം ജഡമാകയാലും കര്‍ത്തൃനിരപേക്ഷകമായ കര്‍മ്മത്തിനു സത്ത ഇല്ലാത്തതിനാലും അതു പ്രപഞ്ചകാരണമാകയില്ല. അതിനാല്‍ മീമാംസകമതവും പ്രകൃതത്തിനു യോജിച്ചതല്ല. ഈ ദൃഷ്ടിയില്‍ ശരിയായ കാരണമില്ലാത്തതിനാല്‍ പ്രപഞ്ചമുണ്ടായിട്ടേ ഇല്ലെന്നു പറയേണ്ടിവരും. എന്നാല്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും അനുഭവമുണ്ടല്ലൊ എന്ന് ആശങ്കിക്കുന്നു എങ്കില്‍ ആ അനുഭവം വെറും തോന്നലാണെന്നു വേദാന്തികള്‍ പറയും.

‘അവിചാരിതരമ്യാതഃ സൃഷ്ടിരാത്മനി കല്പിതാ.’
‘സൃഷ്ടിര്‍നാമ ബ്രഹ്മരൂപേ സച്ചിദാനന്ദവസ്തുനി
അബ്ധൗ ഫേനാദിവദ് സര്‍വ്വനാമരൂപപ്രസാരണാ.’
‘സമ്പൂര്‍ണ്ണകാരണാഭാവാദനുല്‍പന്നമിദം ജഗത്.’

(പ്രപഞ്ചത്തിന് ശരിയായ ഒരു കാരണമില്ലായ്കയാല്‍ അതുണ്ടായതേ അല്ല) എന്നാണ് വേദാന്തികള്‍ സിദ്ധാന്തിക്കുന്നത്. ഇത് അല്പമൊന്നു വിവരിക്കാം. ഒരു വസ്തുവിന്റെ സദ്ഭാവത്തെ തെളിയിക്കുന്നതു പ്രത്യക്ഷാദിപ്രമാണങ്ങളാണല്ലൊ. ഉദാഹരണത്തിന് ഒരു കുടത്തെ എടുക്കാം. നമ്മുടെ അടുത്ത് ഒരു കുടം കാണുമ്പോള്‍ അതുണ്ടെന്നു നാം വിശ്വസിക്കുന്നു. അതിനു കാരണം പ്രത്യക്ഷമാണെന്നാണ് നാം കരുതുന്നത്. അതു ശരിയാണോ എന്നു പരിശോധിക്കാം. ആ കുടത്തെ അഭിമുഖീകരിക്കുന്നത് അഞ്ച് ഇന്ദ്രിയങ്ങള്‍ മാത്രമാണ്. അവ, ശബ്ദസ്പര്‍ശരൂപരസഗന്ധങ്ങളാകുന്ന അഞ്ചു ഗുണങ്ങളുടെ ബോധമേ നമുക്കു തരുന്നുള്ളൂ. വിഭിന്നങ്ങളായി അറിയപ്പെടുന്ന ആ ഗുണങ്ങള്‍ മാത്രം കുടമെന്ന വ്യവഹാരത്തിന് അര്‍ഹമല്ലെന്നു നമുക്കറിയാം. അവയ്ക്ക് ആശ്രയമായിട്ട് ഒരു ഗുണി (ഗുണങ്ങളുള്ള വസ്തു) വേണമെന്നു നാം അനുമാനിക്കുന്നു. അതിനാല്‍ അനുമാനപ്രമാണം കൊണ്ടറിയപ്പെടുന്ന ഒരു വസ്തുവാണ് കുടമെന്നു കാണാം. ഇതുകൊണ്ട് കുടമെന്ന വസ്തുവിന്റെ സദ്ഭാവത്തെ തെളിയിച്ചതു പ്രത്യക്ഷപ്രമാണമല്ലെന്നും പ്രത്യുത അനുമാനപ്രമാണമാണെന്നും സിദ്ധിച്ചല്ലൊ? വേദാന്തികള്‍ ആ അനുമാനം തെറ്റാണെന്നു വാദിക്കുന്നു.

അനുമാനത്തിനു കാരണം, വ്യാപ്തി (രണ്ടു വസ്തുക്കള്‍ ഒരുമിച്ചേ ഇരിക്കൂ എന്ന് പ്രത്യക്ഷപ്രമാണം കൊണ്ടുകിട്ടുന്ന) ജ്ഞാനമാണ്. ഒരു സ്ഥലത്തു പുക കാണുമ്പോള്‍ അവിടെ തീയുണ്ടെന്നു നാം ഊഹിക്കുന്നു. ആ ഊഹത്തിനു കാരണം തീയും പുകയും ഒരുമിച്ചേ ഇരിക്കൂ എന്ന പ്രത്യക്ഷജ്ഞാനമാണ്. (തീയും പുകയും ഒരേ സ്ഥലത്തുവച്ചു മുമ്പുകണ്ട് അവയുടെ സാഹചര്യനിയമം മനസ്സിലാക്കിയിരിക്കണം) ഇതില്‍ നിന്ന് അനുമാനത്തിനു കാരണം പ്രത്യക്ഷമാണെന്നു കിട്ടിയല്ലോ. ആ സ്ഥിതിക്ക് ശബ്ദാദിഗുണങ്ങളെവച്ചുകൊണ്ട് ഗുണിയായ കുടത്തെ അനുമാനിക്കാന്‍ യാതൊരു കാരണവുമില്ലെന്നു മനസ്സിലാകും. എങ്ങനെയെന്നാല്‍ ഗുണഗുണികളുടെ സാഹചര്യനിയമം പ്രത്യക്ഷപ്രമാണംകൊണ്ട് സ്ഥാപിക്കപ്പെടുവാന്‍ കഴിയുന്നില്ല. അതായത് ശബ്ദസ്പര്‍ശാദികളേയും അവയില്‍ നിന്നു ഭിന്നമായിട്ട് ഗുണിയായ ഘടത്തേയും ഏതെങ്കിലും ഒരു കാലത്തു ഒന്നിച്ചുകണ്ടിരിക്കണം. എങ്കില്‍ മാത്രമേ ഗുണങ്ങളെ വച്ചുകൊണ്ട് ഗുണിയെ അനുമാനിക്കാന്‍ കഴിയൂ. അങ്ങനെ ഒരു അനുഭവമില്ലല്ലൊ ഇത്രയും കൊണ്ട് കുടമെന്നൊരു വസ്തുവേ ഇല്ലെന്നു തെളിഞ്ഞു.

ഈ നിലയില്‍ നിന്നു നോക്കുമ്പോള്‍ കുടമില്ലെന്നു സമ്മതിച്ചാല്‍ തന്നെയും, അതിനെ ആശ്രയിച്ചിരുന്നവയെന്നു വിശ്വസിക്കപ്പെട്ട ഗുണങ്ങളുടെ സദ്ഭാവത്തെ നിഷേധിക്കാനെങ്ങനെ കഴിയും?

അവ പ്രത്യക്ഷമാണല്ലൊ, എന്നാണെങ്കില്‍ പ്രത്യക്ഷമാണെന്നു തോന്നിയതുകൊണ്ടുമാത്രം ഒരു വസ്തു ഉള്ളതാണെന്നു പറയുവാന്‍ നിര്‍വ്വാഹമില്ല. ഇന്ദ്രിയങ്ങള്‍ ചിലപ്പോള്‍ രജ്ജുവില്‍ സര്‍പ്പപ്രതീതിയേയും മരുമരീചികയില്‍ ജലപ്രതീതിയേയും ഉളവാക്കുന്നുണ്ട്. അതുകൊണ്ട് ആ സര്‍പ്പവും ജലവും വാസ്തവമാണെന്ന് ആരും അംഗീകരിക്കാറില്ല. അതുപോലെതന്നെ സ്വപ്നാനുഭവങ്ങളും അനുഭവകാലത്തു പ്രത്യക്ഷമാണെന്നുതന്നെ തോന്നുന്നുണ്ടെങ്കിലും അത് വാസ്തവമാണെന്ന് ആരും സമ്മതിക്കുന്നില്ല. സൂക്ഷ്മനിരീക്ഷണത്തില്‍ അവയെല്ലാം വെറും ഭ്രാന്തിജ്ഞാനങ്ങളാണെന്നുകാണാം. അതേപ്രകാരം പ്രത്യക്ഷങ്ങളെന്നുതോന്നിയ ശബ്ദാദി ഗുണങ്ങളും ഭ്രാന്തിജ്ഞാനജന്യങ്ങള്‍തന്നെ. ഒരിക്കല്‍ വാസ്തവമെന്നുതോന്നി, പിന്നീട് അവാസ്തവമാണെന്നറിയപ്പെടുന്ന ഒന്നിനെയാണല്ലോ മിഥ്യ എന്നു പറയുന്നത്. ആ മിഥ്യാവസ്തുവിനു കാരണം അയഥാര്‍ത്ഥ (ഭ്രാന്തി)ജ്ഞാനമാണ്. ശബ്ദാദിഗുണങ്ങള്‍ക്ക് ആശ്രയമായി പ്രമാണസിദ്ധമായ ഒരു വസ്തുവില്ലെന്നു മുമ്പു പ്രസ്താവിച്ചതുകൊണ്ടു വ്യക്തമായിട്ടുണ്ടല്ലൊ? ആ നിലയില്‍ ആ ഗുണങ്ങള്‍ക്കാശ്രയം എന്താണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഗുണങ്ങള്‍ ജ്ഞാനവിഷയങ്ങളാണെന്നുള്ളതില്‍ സന്ദേഹമില്ല. അവയെ വിഭിന്നങ്ങളായിട്ടാണ് നാം അറിയുന്നത്. അവയില്‍ ഒന്നിന്റെ ബോധമുള്ളപ്പോള്‍ മറ്റു നാലിന്റെയും ബോധമില്ല. അതുകൊണ്ടു ബോധവിഷയങ്ങളായ ഗുണങ്ങള്‍ പരസ്പരം ബാധിക്കപ്പെടുന്നു. എന്നാല്‍ അഞ്ചു ഗുണങ്ങളിലും ബോധം അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. രൂപജ്ഞാനം, ഗന്ധജ്ഞാനം, ശബ്ദജ്ഞാനം, സ്പര്‍ശജ്ഞാനം, രസജ്ഞാനം; ഈ അനുഭവങ്ങളില്‍ രൂപാദിവിഷയങ്ങള്‍ മാറുന്നു (ബാധിക്കുന്നു)ണ്ടെങ്കിലും ജ്ഞാനം അവയിലെല്ലാം അനുസ്യൂതമായി നിലകൊള്ളുന്നു. അതിനാല്‍ ജ്ഞാനത്തില്‍നിന്നു ഭിന്നമായിട്ടു ശബ്ദാദിവിഷയങ്ങള്‍ക്ക് സത്ത (ഉണ്മ) ഇല്ലെന്നുള്ളതാണ് പരമാര്‍ത്ഥം. രജ്ജുസര്‍പ്പം, സ്വപ്നപ്രപഞ്ചം മുതലായ മിഥ്യാപദാര്‍ത്ഥങ്ങള്‍ വാസ്തവദൃഷ്ടിയില്‍ ബോധം മാത്രമായിരുന്നതുപോലെ ഈ ഗുണങ്ങളും പരമാര്‍ത്ഥദൃഷ്ടിയില്‍ ബോധം മാത്രമാണെന്ന് കാണാവുന്നതാണ്. ഇതുപോലെ ദൃശ്യപ്രപഞ്ചത്തെ എല്ലാം പരിശോധിച്ചുനോക്കിയാലും അവ ബോധംമാത്രമായി (അറിവായി) തീരുന്നതു കാണാം. ഇനി, പ്രപഞ്ചദ്രഷ്ടാവായ, ജീവനെ പരിശോധിച്ചാലും ഈ വസ്തുത വെളിപ്പെടും.

നാനാതരത്തില്‍ തോന്നുന്ന പ്രപഞ്ചത്തിന്റെ അല്പമായ ഒരു ഭാഗത്തു ദേഹാഭിമാനിയായി വര്‍ത്തിക്കുന്ന ഒന്നാണല്ലൊ ജീവന്‍. താനും തന്റെ മുമ്പില്‍കാണുന്ന സര്‍വ്വവസ്തുക്കളും വാസ്തവമാണെന്നാണു ജീവന്റെ വിശ്വാസം. തന്റെ അനുഭവത്തെ ശരിയായി പരിശോധിച്ചു നോക്കിയാല്‍ ആ വിശ്വാസം നിരര്‍ത്ഥകമാണെന്നു ജീവനു മനസ്സിലാകും. ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളാണല്ലോ ജീവനനുഭവമുള്ളത്. അവ ഓരോന്നും അനുഭവകാലത്ത് വാസ്തവമാണെന്നു തോന്നുന്നുമുണ്ട്. നല്ലതുപോലെ ചിന്തിച്ചുനോക്കിയാല്‍ ഈ അവസ്ഥാത്രയം മാറിമാറി വന്നുകൊണ്ടിരിക്കുന്നതു കാണാം. എന്നാല്‍ ഈ മാറുന്ന അവസ്ഥകളെ അറിഞ്ഞുകൊണ്ടിരിക്കുന്ന സാക്ഷിബോധത്തിനു മാറ്റമില്ല. ഈ സാക്ഷിബോധത്തില്‍നിന്നു പൃഥക്കായിട്ടു സാക്ഷ്യങ്ങളായ ജാഗ്രത്സ്വപ്ന സുഷുപ്ത്യവസ്ഥകള്‍ക്കു സത്തയില്ലായ്കയാല്‍ അവ സാക്ഷിബോധമാത്രങ്ങളാണ്. ഈ സാക്ഷിബോധത്തെ ഒന്നിനും മാറ്റാന്‍ കഴിയുന്നതല്ല. ഇങ്ങനെ ദ്രഷ്ടൃദൃശ്യരൂപേണ തോന്നിയ പ്രപഞ്ചത്തെ മുഴുവന്‍ പരിശോധിച്ചു നോക്കിയാല്‍ അവസാനത്തില്‍ അഖണ്ഡമായ ഒരു അറിവുമാത്രം അവശേഷിക്കുന്നതായി ബോധപ്പെടുന്നതാണ്. അത് ഒരിക്കലും മാറ്റമില്ലാത്തതിനാല്‍ സത്തെന്നും എപ്പോഴും അനുഭവരൂപേണ പ്രകാശിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ചിത്തെന്നും, ദുഃഖസ്പര്‍ശത്തിനുപോലും അവകാശമില്ലാത്തതിനാല്‍ ആനന്ദമെന്നും പറയപ്പെടുന്നു. ഇതാണ് വേദാന്തികളുടെ സച്ചിദാനന്ദസ്വരൂപമായ ആത്മാവ്. ഈ ആത്മാവ് എല്ലാറ്റിനും വലിയതാകയാല്‍ ബ്രഹ്മമെന്നും പറയപ്പെടുന്നു.

പരാമര്‍ശേ പ്രപഞ്ചസ്യ ചിന്മാത്രമവശിഷ്യതേ
തദേവാത്മേതി സമ്പ്രോക്തഃ സര്‍വ്വാഗമവിശാരദൈഃ.

എന്ന പ്രമാണം മേല്പറഞ്ഞ തത്വത്തെയാണ് വെളിപ്പെടുത്തുന്നത്.

‘ഓരോന്നതായവയവം മുഴുവന്‍ പിരിച്ചു
വേറാക്കിയാലുലകമില്ല വിചിത്രമത്രേ
വേറാകുമീയവയവങ്ങളുമേവമങ്ങോ-
ട്ടാരായ്കിലില്ലഖിലവും നിജബോധമാത്രം.’

‘വാസ്സസ്സു തന്തുവിതു പഞ്ഞിയിതാദിമൂല-
ഭൂതപ്രഘാതമിതുമോര്‍ക്കുകിലിപ്രകാരം
ബോധത്തില്‍നിന്നു വിലസുന്നു മരുസ്ഥലത്തു
പാഥസ്സുപോലെ പരമാവധിബോധമത്രേ.’

‘അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ-
ന്നറിയണമീയറിവൈകരൂപ്യമേകും.’

ഇത്യാദി ശ്രീനാരായണഗുരുസ്വാമികളുടെ വചനങ്ങളും മുകളില്‍ പറഞ്ഞ ആശയത്തെ അനുഗ്രഹിക്കുന്നുണ്ട്. ‘സത്യം ജ്ഞാനമനന്തം ബ്രഹ്മ’, ‘പ്രജ്ഞാനം ബ്രഹ്മ’ എന്നിങ്ങനെയുള്ള ഉപനിഷദ്വാക്യങ്ങളുടെ ശരിയായ അര്‍ത്ഥവും ഇതുതന്നെയാണ്. ഇത്രയുംകൊണ്ട് നാനാവിധത്തില്‍ തോന്നുന്ന പ്രപഞ്ചം ഉണ്ടായിട്ടേ ഇല്ലെന്നും അത് വാസ്തവദൃഷ്ടിയില്‍ ജ്ഞാനസ്വരൂപമായ ആത്മാവ് – ബ്രഹ്മം – മാത്രമാണെന്നും മനസ്സിലാക്കാവുന്നതാണ്.

സൃഷ്ടി പ്രക്രിയയുടെ ഉദ്ദേശ്യം

എന്നാല്‍ ഈ ബോധം ബുദ്ധിവികാസമുള്ള ഉത്തമാധികാരികള്‍ക്കു മാത്രമേ സംസിദ്ധമാകുകയുള്ളു എന്നു കണ്ട് ‘ശ്രോതൃഹിതൈഷിണി’ യായ ശ്രുതി വ്യവഹാരികദൃഷ്ട്യാ പ്രപഞ്ചത്തിന്റെ അസ്തിത്വത്തെ അംഗീകരിച്ച് കാര്യകാരണബന്ധത്തെ വെളിപ്പെടുത്തി, കാരണത്തില്‍നിന്നു കാര്യത്തിനു പൃഥഗ്ഭാവമില്ലെന്നു കാണിച്ച്, സര്‍വ്വകാരണമായ ബ്രഹ്മത്തെ മന്ദാധികാരികള്‍ക്കുകൂടി മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നു. ആ നിലയില്‍ പ്രപഞ്ചസൃഷ്ടിയെ അംഗീകരിക്കുന്നുണ്ട്. ക്രമസൃഷ്ടി എന്നും യുഗപല്‍സൃഷ്ടി എന്നും രണ്ടുവിധമാണ് സൃഷ്ടിക്രമം വേദത്തില്‍ കാണുന്നത്. ‘തസ്മാദ്വാ ഏതസ്മാദാത്മന ആകാശഃ സംഭൂതഃ ആകാശാദ്വായുഃ’ – ഇങ്ങനെ ക്രമപ്രകാരമായും ‘ഇദംസര്‍വ്വമസൃജത’ (കാര്യകാരണഭാവേന തോന്നുന്ന സര്‍വ്വപ്രപഞ്ചവും സ്വപ്നപ്രപഞ്ചം എന്നപോലെ ഒരേ സമയത്തുണ്ടായതാണ് എന്നര്‍ത്ഥം.) എന്ന് യുഗപത്തായിട്ടു(ഒരുമിച്ചു)മാണ് അവ വേര്‍തിരിച്ചിരിക്കുന്നത്. ആചാര്യന്മാര്‍ ഇവയില്‍ ക്രമസൃഷ്ടിക്ക് ‘സൃഷ്ടിദൃഷ്ടിവാദ’മെന്നും യുഗപല്‍സൃഷ്ടിക്ക് ‘ദൃഷ്ടിസൃഷ്ടിവാദ’മെന്നുംകൂടി പേരു പറയുന്നുണ്ട്. എങ്ങനെയുള്ള സൃഷ്ടിയായാലും അത് ആത്മാവില്‍ കല്പിതമാകയാല്‍ അതിനെ അദ്ധ്യാരോപമെന്നാണു പറയുന്നത്.

അപവാദം

കാര്യദൃഷ്ടിയില്‍ മണ്ണില്‍നിന്നു ഭിന്നമാണെന്നു തോന്നുന്ന കുടം കാരണദൃഷ്ടിയില്‍ മണ്ണു മാത്രമാണെന്നു ബോധിക്കുന്നതുപോലെ വ്യാവഹാരികദൃഷ്ട്യാ കാര്യമായ പ്രപഞ്ചം വിചാരദൃഷ്ടിയില്‍ തല്‍ക്കാരണരൂപമായ ബ്രഹ്മം മാത്രമാണെന്നു കാണിച്ച് പ്രപഞ്ചബോധത്തെ അപനയിക്കുന്നതിനു അപവാദമെന്നു പറയുന്നു. ‘ആഹ ച തന്മാത്രം’, ‘സര്‍വ്വം ഖല്വിദം ബ്രഹ്മ’, ‘ഈശ്വാവാസ്യമിദം സര്‍വ്വം’ മുതലായ വേദാന്തവാക്യങ്ങള്‍ ഈ അപവാദതന്ത്രത്തെ വെളിപ്പെടുത്തുന്നവയാണ്. ഇനിയും, അദ്ധ്യാരോപത്തിന്റേയും അപവാദത്തിന്റേയും മദ്ധ്യവര്‍ത്തിയായി ഒരു വ്യാമിശ്രഭാവം കൂടിയുണ്ടെന്നു ചില ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. അത്, ബ്രഹ്മവും പ്രപഞ്ചവും കാരണദൃഷ്ട്യാ ഒന്നാണെന്നെങ്കിലും – സമാധിദശയില്‍ (വേദാന്തവിചാരദശയില്‍) ഒന്നാണെന്നറിയുവാന്‍ കഴിയുമെങ്കിലും, – വ്യവഹാരദശയില്‍ സദസദ്വ്യതിരിക്തമായ (ഉണ്ടെന്നും ഇല്ലെന്നും പറയുവാന്‍ പാടില്ലാത്ത വിധം അനിര്‍വ്വചനീയ ലക്ഷണത്തോടുകൂടിയ) ഒരു സദ്ഭാവമുണ്ടെന്നുകൂടി വാദിക്കുന്നതാണ്. സൂക്ഷിച്ചുനോക്കിയാല്‍ ഈ മൂന്നു ദൃഷ്ടിയും ആത്മസാക്ഷാല്‍ക്കാരസൗധത്തിലേയ്ക്ക് ആരോഹണം ചെയ്യാന്‍ വേണ്ടി യഥാക്രമം നിബന്ധിച്ചിട്ടുള്ള മൂന്നു സോപാനങ്ങളാണെന്ന് അറിയുവാന്‍ കഴിയും. സാമാന്യമനുഷ്യനു പ്രപഞ്ചമുണ്ടെന്നു തോന്നുന്നത് ആരോപദൃഷ്ടിയും യൗക്തികബോധത്തില്‍ കാര്യകാരണങ്ങള്‍ ഒന്നാണെന്നനുമിക്കാമെങ്കിലും രണ്ടെന്നപോലെ അനുഭവമുളളതിനാല്‍ കാര്യത്തിന്റെ ആ അനിര്‍വചനീയസത്ത വ്യാമിശ്രദൃഷ്ടിയും, വേദാന്തവിചാരജന്യമായ അപരോക്ഷാനുഭൂതിയില്‍ ബ്രഹ്മം മാത്രമേ ഉള്ളൂ എന്നത് അപവാദദൃഷ്ടിയും ആകുന്നു. ഈ മൂന്നു ദൃഷ്ടികളേയുമാണ് ദൈ്വതം, വിശിഷ്ടാദൈ്വതം, അദൈ്വതം എന്നു മൂന്നായി പറഞ്ഞുവരുന്നത്. ഈ ദൃഷ്ടിഭേദത്തിന്റെ ഉദ്ദേശ്യത്തെപ്പറ്റി,

‘ആരോപദൃഷ്ടിരപവാദകദൃഷ്ടിരേവം
വ്യാമിശ്രദൃഷ്ടിരിതി ദൃഷ്ടിവിഭാഗമേനം
സംഗൃഹ്യ സൂത്രകൃദയം പുരുഷം മുമുക്ഷും
സമ്യക് പ്രബോധയിതുമുത്സഹതെ ക്രമേണ.’

(ബ്രഹ്മസൂത്രകാരനായ വ്യാസഭഗവാന്‍ മുകളില്‍ പറയപ്പെട്ട മൂന്നുവിധ ദൃഷ്ടികളെ പ്രദര്‍ശിപ്പിച്ചത് മുമുക്ഷുക്കള്‍ക്ക് അദൈ്വതബോധമുണ്ടാക്കുവാന്‍ മാത്രമാണെന്നു സാരം) എന്ന് സംക്ഷേപശാരീരകത്തിലും,

‘അദ്ധ്യരോപാപവാദാഭ്യാം നിഷ്പ്രപഞ്ചം പ്രപഞ്ച്യതേ.’

(പ്രപഞ്ചമില്ലാത്ത അവസ്ഥയെ – ബ്രഹ്മത്തെ- യാണ് അദ്ധ്യാരോപാപവാദങ്ങള്‍കൊണ്ട് വിസ്തരിച്ചുകാണിക്കുന്നത്) എന്നു ശ്രുതിയിലും,

‘ഖരകിരണസകാശേ വന്‍തമസ്സെന്നവണ്ണം
പരവെളിയിലിരിക്കാ വിഷ്ടപാലേഖ്യജാലം
പരമമതമിതത്രേ പാകമാകാതവര്‍ക്കായ്
മറകള്‍ ഭുവനസൃഷ്ടിപ്രക്രമംചൊന്നതാമേ’

എന്ന് ബ്രഹ്മാഞ്ജലിയിലും (ശ്രീ പരമാനന്ദനാഥപാദങ്ങള്‍) പറഞ്ഞിട്ടുണ്ട്.

ഇത്രമാത്രംകൊണ്ട് പ്രപഞ്ചം ആത്മാവില്‍ കല്പിതമാണെന്ന്, വേദാന്തശാസ്ത്രം സിദ്ധാന്തിക്കുന്നതിന്റെ ഉദ്ദേശ്യം സാമാന്യമായി വെളിപ്പെട്ടുകാണുമെന്നു വിശ്വസിക്കുന്നു. അദ്ധ്യാസമെന്നും, മായ എന്നും, വിവര്‍ത്തമെന്നും പറയുന്നത് ഈ അദ്ധ്യാരോപത്തെപ്പറ്റിയാണ്. ചാര്‍വ്വാകന്റെ സ്വഭാവവാദം മുതല്‍ മുന്‍കാണിക്കപ്പെട്ട പക്ഷങ്ങളെല്ലാം ഈ അദ്ധ്യാരോപത്തില്‍ അടങ്ങുന്നതായി സൂക്ഷിച്ചാലറിയാവുന്നതാണ്.

എല്ലാ മതങ്ങളും ഒരേ ലക്ഷ്യത്തിലേയ്ക്ക്

ആ ചിന്താഗതികളെല്ലാം പടിപടിയായി അദൈ്വതഭൂമികയിലേയ്ക്കുള്ള ആരോഹണക്രമം മാത്രമാണ്. എന്നാല്‍ ചാര്‍വ്വാകാദിമതങ്ങള്‍ ഖണ്ഡിക്കപ്പെട്ടുകാണുന്നത് പൂര്‍വ്വഭൂമികയില്‍നിന്ന് ഉത്തരഭൂമികയിലേക്കു കയറുവാനുള്ള പ്രചോദനത്തെ ഉദ്ദേശിച്ചുമാത്രമാകുന്നു. ഇതു മനസ്സിലാക്കിയാല്‍ അവ പരസ്പരവിഭിന്നങ്ങളല്ലെന്നും പ്രത്യുത ക്രമപ്രവൃദ്ധമായ ചിന്താഗതിയില്‍ക്കൂടി ജീവനെ പുരോഗമിപ്പിച്ച് ബ്രഹ്മസാക്ഷാല്‍ക്കാരത്തില്‍ എത്തിക്കുവാനുള്ള മാര്‍ഗ്ഗങ്ങളാണെന്നും അറിയുവാന്‍ കഴിയുന്നതാണ്.

ഈ സത്യാവസ്ഥ മനസ്സിലാക്കാതെ ഹിന്ദുമതം പരസ്പരവിരുദ്ധവും അന്ധതാജഡിലവുമായ വിചാരഗതികളെയാണ് വികിരണം ചെയ്യുന്നതെന്ന് ഒരു കൂട്ടര്‍ ഉദ്‌ഘോഷിക്കുന്നതു കേള്‍ക്കുമ്പോള്‍ പ്രചണ്ഡകിരണനായ സൂര്യന്‍ തമോമയനാണെന്നു പരിഗണിച്ചു പരിഹസിക്കുന്ന ഉലൂകവൃന്ദങ്ങളുടെ സ്മരണ മാത്രമേ അസ്മാദൃശന്മാര്‍ക്കുണ്ടാകുന്നുള്ളു.

അവിടം അങ്ങനെ നില്‍ക്കട്ടെ.

ഇനി നമുക്ക് അദൈ്വതചിന്താപദ്ധതിയിലേയ്ക്കു തന്നെ കടക്കാം. അതിലെ ആദ്യത്തെ പ്രകരണമായ അദ്ധ്യാരോപാപവാദതന്ത്രത്തിന്റെ ഉദ്ദേശ്യം മന്ദാധികാരികളെ ബ്രഹ്മാത്മൈക്യബോധത്തില്‍ എത്തിക്കുന്നതിനാണെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. ഈ ഗ്രന്ഥത്തിലെപ്പോലെ ക്രമസൃഷ്ടി അനുസരിച്ച് അദ്ധ്യാരോപാപവാദങ്ങളെ സവിസ്തരം പ്രതിപാദിച്ചിട്ടുള്ള ഒരു ഗ്രന്ഥം മലയാളഭാഷയില്‍ വേറെ ഇല്ലെന്നുതന്നെ പറയാം. അദ്ധ്യാരോപാപവാദപ്രക്രിയകള്‍ ഗ്രഹിക്കാതെ ഹിന്ദുമതതത്ത്വം മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയുന്നതല്ല. ലോകാനുഗ്രഹ ദീക്ഷാദക്ഷനായിരുന്ന ശ്രീ പരമഭട്ടാരദേവന്റെ ഈ അദ്ധ്യാരോപാപവാദയുക്തി കൈരളിക്ക് ഒരു അമൂല്യഭൂഷണം തന്നെയാണ്.

തത്ത്വമസി

അടുത്തത് ‘തത്ത്വമസി’ പ്രകരണമാണല്ലോ അതു ദ്രാവിഡാചാര്യന്മാരുടെ ചിന്താഗതിയില്‍ കൂടിയാണ് അവിടുന്നു പ്രതിപാദിച്ചിരിക്കുന്നത്. സംസ്‌കൃതാചാര്യന്മാര്‍ ‘ജഹദജഹല്ലക്ഷണ കൊണ്ട് തത്ത്വം’ പദങ്ങളെ പരിശോധിച്ച് ‘തത്’ പദലക്ഷ്യാര്‍ത്ഥമായ ബ്രഹ്മചൈതന്യവും ‘ത്വം’ പദലക്ഷ്യാര്‍ത്ഥമായ കൂടസ്ഥചൈതന്യവും ഒന്നാണെന്നു സ്ഥാപിക്കയാണ് പ്രായേണ ചെയ്തിട്ടുള്ളതും. എന്നാല്‍ ‘ഒഴിവിലൊടുക്കം’ മുതലായ തമിള്‍ഗ്രന്ഥങ്ങളില്‍ ‘തത്’ പദലക്ഷ്യാര്‍ത്ഥമായ ബ്രഹ്മത്തേയും ‘ത്വം’ പദലക്ഷ്യാര്‍ത്ഥമായ കൂടസ്ഥനെയും അതിക്രമിച്ച് സ്വാനുഭവാതീതമായി പ്രകാശിക്കുന്ന ശുദ്ധ’ശിവം’ തന്നെയാണ് പരമതത്ത്വമെന്നു പ്രദിപാദിച്ചിരിക്കുന്നു. അതനുസരിച്ച് സച്ചിദാനന്ദകല്പനയ്ക്കുപോലും അതീതമായ ആ ശിവത്തെയാണ് തത്ത്വമസിവാക്യലക്ഷ്യാര്‍ത്ഥമായി ശ്രീ സ്വാമിതിരുവടികള്‍ തത്ത്വമസിപ്രകരണത്തില്‍ കാണിച്ചിരിക്കുന്നത്.

നാലു വേദാന്ത മഹാവാക്യങ്ങള്‍

അടുത്തതു ചതുര്‍വ്വേദ മഹാവാക്യപ്രകരണമാകുന്നു. മഹാവാക്യങ്ങളുടെ അര്‍ത്ഥം മാത്രമേ പരമഗുരുപാദര്‍ എഴുതിയിരുന്നുള്ളു. വായനക്കാര്‍ക്കു വിഷയഗ്രഹണസൗകര്യത്തിനുവേണ്ടി ആ പ്രകരണത്തിന് ഒരു അവതരണികയും ഓരോ വാക്യത്തിന്റേയും സന്ദര്‍ഭവും കൂടുതലായി എഴുതിച്ചേര്‍ത്തതാണ്.

‘തത്ത്വമസ്യാദിവാക്യാര്‍ത്ഥസമ്യഗ്ധീജന്മമാത്രതഃ
അവിദ്യാ സഹകാര്യേണ നാസീദസ്തി ഭവിഷ്യതി.’

(തത്ത്വമസ്യാദി മഹാവാക്യങ്ങളുടെ അര്‍ത്ഥഗ്രഹണം കൊണ്ടുണ്ടാകുന്ന അഖണ്ഡാകാരവൃത്തിരൂപജ്ഞാനോദയത്തില്‍ തന്നെ അവിദ്യയും തല്‍കാര്യമായ പ്രപഞ്ചവും കാലത്രയത്തിലും ബാധിക്കപ്പെടും) എന്നു ബൃഹദ്വാര്‍ത്തികത്തിലും,

‘സ്വാദ്ധ്യായധര്‍മ്മപഠിതം നിജവേദശാഖാ-
വേദാന്തഭൂമിഗതമാദരപാലിതം ച
സന്ന്യാസിനാ പരദൃശാ ഗുരുണോപദിഷ്ടം
സാക്ഷാന്മഹാവചനമേവ വിമുക്തിഹേതുഃ.’

(അവരവരുടെ വേദശാഖകളില്‍പ്പെട്ട വേദാന്തമഹാവാക്യങ്ങള്‍ ആത്മജ്ഞാനിയും സന്ന്യാസിയുമായ ഗുരുവില്‍നിന്നും ശ്രവണംചെയ്ത് മനനനിദിദ്ധ്യാസനങ്ങള്‍ കൊണ്ടുറപ്പിച്ചാല്‍ അതുതന്നെയാണ് മോക്ഷകാരണം) എന്നു സംക്ഷേപശാരീരകത്തിലും സ്തുതിച്ചിരിക്കുന്ന ഈ മഹാവാക്യങ്ങളുടെ അര്‍ത്ഥത്തെ വേണ്ടവണ്ണം ചിന്തിച്ചുറപ്പിച്ചാല്‍ ബ്രഹ്മാത്മൈക്യജ്ഞാനംതന്നെ സിദ്ധിക്കുന്നതാണ്. ബ്രഹ്മാത്മൈക്യപ്രതിപാദങ്ങളായ ഈ മഹാവാക്യങ്ങളെ, ദൈ്വതികളും വിശിഷ്ടാദൈ്വതികളും അവരവരുടെ മതത്തിനനുരൂപമായ വിധത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുന്നത് അബദ്ധമാണെന്നു കാണിക്കാനാണ് ആ വാക്യങ്ങളുടെ സന്ദര്‍ഭം കൂടെക്കാണിച്ചത്. ‘സ ആത്മാ തത്ത്വമസി ശ്വേതകേതോ’ എന്ന വാക്യത്തെ ‘ആത്മാ അതത് ത്വമസി’ എന്നു പദം തിരിച്ച് ‘നീ അതല്ല’ (ആ ആത്മാവല്ല) എന്നും, ‘തത്ത്വം’ എന്നതിനെ സമസ്തപദമായി അംഗീകരിച്ച് ‘തസ്യ ത്വം അസി’ നീ അദ്ദേഹത്തിന്റെ (ഈശ്വരന്റെ) ദാസനാകുന്നു, എന്നും മറ്റും ചിലര്‍ വ്യാഖ്യാനിച്ചിരിക്കുന്നത് ഉപക്രമോപസംഹാര്‍ദിഷഡ്വിധലിംഗങ്ങളെക്കൊണ്ടു നോക്കുമ്പോള്‍ പ്രകൃതത്തിനു യോജിച്ചതല്ലെന്ന് ആര്‍ക്കും അറിയുവാന്‍ കഴിയും.

ശ്രുതിസാരമഹാവാക്യങ്ങള്‍

ശ്രുതിസാരമഹാവാക്യങ്ങളുടെ വ്യാഖ്യാനമാണ് അടുത്ത പ്രകരണം. അവിടെ നിശാതധിഷണശാലിയായിരുന്ന പരമഗുരുദേവന്റെ വേദാന്തശാസ്ത്രപാരംഗതത്വം നല്ലതുപോലെ കാണാന്‍ കഴിയുന്നതാകുന്നു. അതില്‍ അദൈ്വതശാസ്ത്രത്തിലെ ദുര്‍ഗ്രഹങ്ങളായ പല മര്‍മ്മങ്ങളും ലളിതമായി പ്രകാശിപ്പിച്ച് അനുഭവൈകവേദ്യമായ ബ്രഹ്മനിഷ്ഠാസ്വരൂപം നല്ലതുപോലെ വ്യക്തമാക്കീട്ടുണ്ട്. ഇങ്ങനെ നാലു പ്രകരണങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ഈ വിശിഷ്ടഗ്രന്ഥം ശ്രദ്ധാപൂര്‍വ്വം പഠിക്കുന്ന ഒരു മുമുക്ഷുവിന് പരമപുരുഷാര്‍ത്ഥമായ മോക്ഷം കൈവരുക തന്നെ ചെയ്യും.

ഉപസംഹാരം

പരമഭട്ടാരശ്രീ ചട്ടമ്പിസ്വാമിതിരുവടികളെ കാണുകയോ അവിടുത്തെ ആദര്‍ശങ്ങളെന്താണെന്ന് മനസ്സിലാക്കുകപോലുമോ ചെയ്യാതെ അവിടുത്തെ പ്രധാനശിഷ്യന്മാരാണെന്നു സാധുക്കളായ ഭക്തന്മാരെ തെറ്റിദ്ധരിപ്പിച്ച് ഒരുവക തിരുവാതിരകളിയുടെയും പടയണി തുള്ളലിന്റെയും രീതിയില്‍ മതപ്രചരണം നടത്തുന്ന ഒരുകൂട്ടം ആളുകള്‍ ഇപ്പോള്‍ തിരുവിതാംകൂറിന്റെ നാനാഭാഗത്തും ചുറ്റിത്തിരിയുന്നതായിട്ടറിയുന്നു. ‘യാതൊരു പുസ്തകവും വായിക്കരുത്, പുസ്തകം തിന്നാല്‍ മസ്തകം നീറും’ എന്നിങ്ങനെയുള്ള ഉപദേശങ്ങള്‍ കൊടുത്തും മാസ്മരവിദ്യ മുതലായതുകൊണ്ടു സാധുക്കളുടെ ഹൃദയം കവര്‍ന്നും നടക്കുന്ന ആ ആചാര്യമ്മന്യന്മാരില്‍നിന്നു ജനസാമാന്യത്തെ രക്ഷിക്കാന്‍ – ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ ഉപദേശസമ്പ്രദായം എങ്ങനെയുള്ളതായിരുന്നുവെന്നു ജിജ്ഞാസുക്കള്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുവാന്‍ – ഈ പ്രസിദ്ധീകരണം ഉപകാരപ്പെടണമെന്നുകൂടി വിചാരമില്ലാതില്ല.

ഈ പ്രസ്താവന അല്പം ദീര്‍ഘിച്ചുപോയെങ്കിലും ഇതിന്റെ പ്രസിദ്ധീകരണത്തെക്കുറിച്ചുകൂടി രണ്ടുവാക്കു പറയേണ്ടിയിരിക്കുന്നു. തീര്‍ത്ഥപാദസമ്പ്രദായപ്രതിഷ്ഠാപകനായിരുന്ന പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ ശിഷ്യപ്രധാനനും അവിടുത്തെ മഹാസമാധിക്കു ശേഷം ആ ഗുരുപരമ്പരയിലെ കുലപതിയുമായിരുന്ന അസ്മദ്ഗുരുപാദര്‍, ബ്രഹ്മശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമിപാദങ്ങളുടെ സ്മാരകമായി ‘ശ്രീ തീര്‍ത്ഥപാദീയ ധര്‍മ്മഗ്രന്ഥാവലി’ എന്നപേരില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ നിന്നു സനാതനധര്‍മ്മപ്രതിപാദകങ്ങളായ ഗ്രന്ഥങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കണമെന്നു ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അതിലേയ്ക്ക് സ്വാമികളുടെ ശിഷ്യപ്രശിഷ്യന്മാരായ സന്ന്യാസിമാരും ഗൃഹസ്ഥന്മാരുമുള്‍പ്പെട്ട ഒരു സമിതി ‘തീര്‍ത്ഥപാദധര്‍മ്മപ്രകാശിനി’ എന്ന നാമത്തില്‍ ഈ ആണ്ടത്തെ അവിടുത്തെ മഹാസമാധിദിനമായ ചിങ്ങം പത്താം തീയതി ഉത്രട്ടാതിനാളില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ചു. അതിലെ ഭരണസമിതി അംഗങ്ങള്‍ മേല്‍പറയപ്പെട്ട പ്രസിദ്ധീകരണത്തിനുവേണ്ടി സഭയുടെ അദ്ധ്യക്ഷനായ എന്നേയും കാര്യദര്‍ശിയായ പണ്ഡിറ്റ് സി.രാമകൃഷ്ണന്‍നായര്‍ (ആയുര്‍വേദാചാര്യന്‍, ചെറുവള്ളി) അവര്‍കളേയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. അതനുസരിച്ചു തീര്‍ത്ഥപാദീയധര്‍മ്മഗ്രന്ഥാവലിയിലെ പ്രഥമപുസ്തകമായിട്ട് ഞങ്ങള്‍ തിരഞ്ഞെടുത്തത് ഈ അദൈ്വതചിന്താപദ്ധതിതന്നെയാണ്.

പരബ്രഹ്മസ്വരൂപനായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആ പരമഭട്ടാര ഭഗവല്‍പാദരുടെ പരിപാവനസ്മരണയോടുകൂടി ഈ അദൈ്വതചിന്താപദ്ധതിയെ ധര്‍മ്മതല്പരരായ മഹാജനങ്ങളുടെ മുന്‍പില്‍ സാദരം സമര്‍പ്പിച്ചുകൊള്ളുന്നു.

ഈ ഗ്രന്ഥം പരിശോധിക്കുന്നതിന് വേണ്ടവിധം എന്നെ സഹായിക്കുകയും ചില സാങ്കേതികപദങ്ങള്‍ക്കു ടിപ്പണി എഴുതിച്ചേര്‍ത്തു പുസ്തകം ശരിയായി പകര്‍ത്തിത്തരികയും ചെയ്തത് എന്റെ സതീര്‍ത്ഥ്യനും ‘ആത്മവിദ്യാവിശാരദനു’മായ പണ്ഡിറ്റ് സി. രാമകൃഷ്ണന്‍നായര്‍ (ആയുര്‍വ്വേദാചാര്യന്‍) അവര്‍കള്‍ (ചെറുവള്ളി) ആണ്. അതുപോലെ ഈ പ്രസിദ്ധീകരണത്തിനു ധനപരമായ സഹായം ചെയ്തും മറ്റും വേണ്ടപ്രോത്സാഹനം നല്കിയത് ഗുരുപാദരുടെ ശിഷ്യപ്രധാനനും അദൈ്വതശാസ്ത്രമര്‍മ്മജ്ഞനുമായ ശ്രീമാന്‍ കെ.കെ.പിള്ള അവര്‍കള്‍ (കെ.വി.മന്ദിരം, ചുങ്കം, കോട്ടയം) ആകുന്നു. മേല്‍പറയപ്പെട്ട രണ്ടു മാന്യന്മാരും ഞങ്ങളുടെ ഉറ്റ ബന്ധുക്കളും തീര്‍ത്ഥപാദധര്‍മ്മപ്രകാശിനിയിലെ അംഗങ്ങളുമാണെങ്കിലും വാഴൂര്‍ തീര്‍ത്ഥപാദാശ്രമവാസികളുടെ പ്രതിനിധിയെന്ന നിലയില്‍ എനിക്ക് അവരോടുള്ള കൃതജ്ഞത ഇവിടെ പ്രത്യേകം രേഖപ്പെടുത്തിക്കൊള്ളുന്നു. ഈ പുസ്തകം ഭംഗിയായി അച്ചടിച്ചുതന്ന വി.വി.പ്രസ്സ് ഉടമസ്ഥരോടും പ്രൂഫ് വേണ്ടവിധം തിരുത്തിത്തന്ന പണ്ഡിതവരേണ്യനായ രാ. രാ. ശ്രീ ചേപ്പാട് അച്യുതവാര്യര്‍ അവര്‍കളോടും എനിക്കുള്ള കടപ്പാടിനെ ഇവിടെ വ്യക്തമാക്കിക്കൊള്ളട്ടെ. ഞങ്ങളുടെ ഈ പ്രസിദ്ധീകരണത്തിനു മഹാജനങ്ങളുടെ സഹായസഹകരണാദികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടുകൂടി ഈ പ്രസ്താവന ഇവിടെ അവസാനിപ്പിക്കുന്നു.

അദൈ്വതചിന്താപദ്ധത്യാ സ്വാരാജ്യം ഗന്തുമിച്ഛതാം
മാര്‍ഗ്ഗവിജ്ഞപ്തയേ ഭൂയാദിയം പ്രസ്താവനാ സദാ.

എന്ന് പ്രസാധകന്‍ ,
വിദ്യാനന്ദതീര്‍ത്ഥപാദസ്വാമി 
തീര്‍ത്ഥപാദാശ്രമം, വാഴൂര്‍
22.06.1121

അടിക്കുറിപ്പുകള്‍

1. ഇദ്ദേഹമാണ് ശ്രീ ശങ്കരരഭഗവത്പാദരുടെ പ്രധാന ശിഷ്യനായ സുരേശ്വരാചാര്യര്‍.

2. വള്ളത്തോള്‍, ചട്ടമ്പിസ്വാമിതിരുവടികളുടെ സമാധി സംബന്ധിച്ചെഴുതിയത്.

3. ഈ ഭാഗം ക്രിസ്തുമതനിരൂപണത്തിന്റെ പൂര്‍വ്വപീഠികയിലുള്ളതാണ്.

4. ഈ ചരിത്രഭാഗങ്ങള്‍ ബ്രഹ്മശ്രീമാന്മാരായ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍, പരമാനന്ദനാഥര്‍, ശ്രീ പന്നിശ്ശേരി നാണുപിള്ള എന്നീ മഹാന്മാരില്‍നിന്നാണ് അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്.

5. ശ്രീ. പറവൂര്‍ ഗോപാലപിള്ള എഴുതിയ ‘ശ്രീ ചട്ടമ്പിസ്വാമികള്‍’ 364-ാം പേജ്.

6. ഈ എഴുത്ത് ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമി ചരിത്രസമുച്ചയം എന്ന ഗ്രന്ഥത്തില്‍ 53-ാം പേജില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

7. ശ്രീ നീ. തീ. പാ. ചരിത്രസമുച്ചയം 60-ാം പേജ്.

8. 1058-ല്‍ ആണ് അവര്‍ തമ്മില്‍ കണ്ടതെന്നു ബ്രഹ്മശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളില്‍നിന്നറിയുന്നു.

9. പന്നിശ്ശേരി നാണുപിള്ള അവര്‍കളുടെ കുറിപ്പില്‍നിന്നെടുത്തത്.

10. ശ്രീ പറവൂര്‍ ഗോപാലപിള്ള എഴുതിയ ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം, 399-ാം പേജ്.