തത്ത്വമസി മഹാവാക്യോപദേശം (4)

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘അദ്വൈതചിന്താപദ്ധതി’ (അദ്ധ്യാത്മികചിന്തകള്‍ ) യില്‍ നിന്ന്

അദ്ധ്യായം 4

ഈ പ്രകരണം ഉത്തമാധികാരിയായ മുമുക്ഷുവിന് 1 (സമാധി, ബാധ എന്നും ലയം എന്നും രണ്ടുവിധമുണ്ട്, രജ്ജുവില്‍ സര്‍പ്പമെന്നപോലെ നിജസ്വരൂപമായ ബ്രഹ്മചൈതന്യത്തില്‍ കാലത്രയത്തിലും പ്രപഞ്ചമില്ലെന്നുള്ള ദൃഢനിശ്ചയമാണ് ബാധസമാധി. ആ നിശ്ചയരൂപേണയുള്ള അന്തഃകരണവൃത്തിക്ക് ബാധിതാനുവൃത്തി എന്നു പറയുന്നു.) ബാധിതാനുവൃത്തികൊണ്ട് ലബ്ധമാകുന്ന ജീവന്മുക്തിക്കുള്ള മാര്‍ഗ്ഗത്തെ കാണിക്കുന്നു. അതിനു ബ്രഹ്മാത്മൈക്യപ്രതിപാദകങ്ങളായ വേദാന്തമഹാവാക്യങ്ങളുടെ അര്‍ത്ഥത്തെ ഗുരുമുഖത്തില്‍നിന്നും ശ്രവണം ചെയ്യേണ്ടതാകുന്നു.

അതിനാല്‍ സാമവേദാന്തര്‍ഗ്ഗതമായ ഛാന്ദോഗ്യോപനിഷത്തിലുള്ള ‘തത്വമസി’ എന്ന മാഹാ വാക്യത്തെ സാമ്പ്രദായരീത്യാ പ്രതിപാദിക്കുന്നു.

തത്ത്വമസി:- ഈ മഹാവാക്യത്തില്‍ തത്,ത്വം, അസി, എന്നീ മൂന്നു പദങ്ങളുണ്ട്. അവയുടെ അര്‍ത്ഥം: -തത്=അത്. ത്വം=നീ. അസി=ആകുന്നു. ഇങ്ങനെയാണ്. ഇവയില്‍ ‘അത്’എന്നത് ഈശ്വരനേയും ‘നീ’ എന്നത് ജീവനേയും ‘ആകുന്നു’ എന്നത് രണ്ടിനും കൂടിയുള്ള (ജീവനും ഈശ്വരനും തമ്മിലുള്ള) ഐക്യത്തേയും (ശിവത്തേയും) കുറിക്കുന്നു. ഇത്രയും കൊണ്ടു ‘നീ ഈശ്വരനാകുന്നു’ എന്ന അര്‍ത്ഥം സിദ്ധിക്കുന്നു.

ശക്തിവൃത്തി

ഈ അര്‍ത്ഥം പ്രകൃതത്തിനു യോജിക്കുമോ എന്ന് ഒരു ആശങ്കയുണ്ടാകാം. എന്തെന്നാല്‍ ഒരു ശബ്ദം കേള്‍ക്കുമ്പോള്‍ അതിനുള്ള അര്‍ത്ഥം ഓര്‍മ്മയില്‍ വരുന്നതിന് കാരണമായ പദവും പദാര്‍ത്ഥവും തമ്മിലുള്ള സംബന്ധത്തിനു ‘ശക്തിവൃത്തി’ എന്നു പറയുന്നു ഈ ശക്തിവൃത്തികൊണ്ട് ബോധിക്കുന്ന പദാര്‍ത്ഥത്തിനു ശക്യാര്‍ത്ഥം എന്നാണു പറയുക. ഉദാ: കുടം എന്ന ശബ്ദം കേള്‍ക്കുമ്പോള്‍ വായ് ഒതുങ്ങി ഉരുണ്ട ആകൃതിയോടുകൂടി, വെള്ളം കോരുന്നതിനും മറ്റും ഇപയോഗിക്കാവുന്ന ഒരു പാത്രത്തിന്റെ പ്രതീതി നമുക്കുണ്ടാകുന്നു. അത് കുടമെന്ന ശബ്ദത്തിന്റെ (പദത്തിന്റെ) ശക്യാര്‍ത്ഥമാണ്. ഇതിനു വാച്യാര്‍ത്ഥമെന്നുകൂടി പേരുണ്ട്. അതുപോലെ നീ എന്നതിന്റെ വാച്യാര്‍ത്ഥം ദേഹാഭിമാനിയായ ജീവന്‍ എന്നും, അത് എന്നതിന്റെ വാച്യാര്‍ത്ഥം പ്രപഞ്ചകാരണമായ ഈശ്വരന്‍ എന്നുമാണല്ലൊ.

പരിച്ഛിന്നനും സുഖദുഃഖാദികള്‍ക്ക് വിധേയനും കിഞ്ചിജ്ഞനും അപരോക്ഷവിഷയത്വേന പ്രകാശിക്കുന്നവനുമായ ജീവന് അപരിഛിന്നനും സുഖദു:ഖാദ്യതീതനും സര്‍വ്വജ്ഞനും പരോക്ഷത്വേന ഭാസിക്കുന്നവനുമായ ഈശ്വരനോടുള്ള ഐക്യം ഒരിക്കലും യുക്തമല്ല.

ലക്ഷണാവൃത്തി

ഈ ആശങ്കയ്ക്ക് സമാധാനം പറയുന്നു;പദത്തിനും (ശബ്ദത്തിനും) അര്‍ത്ഥത്തിനും തമ്മിലുള്ള സംബന്ധം ശക്തി വൃത്തിയില്‍ മാത്രം പര്യവസാനിക്കുന്നില്ല. അങ്ങനെ പര്യവസാനിക്കുമായിരുന്നുവെങ്കില്‍ മേല്‍പ്പറഞ്ഞ ആശങ്ക ശരിയായേനെ. എന്നാല്‍ അങ്ങനെ അല്ല, പദപദാര്‍ത്ഥസംബന്ധം ശക്തിവൃത്തിയില്‍ മാത്രമല്ല ലക്ഷണാവൃത്തിയിലും കൂടി വ്യാപിക്കുന്നുണ്ട്. ഒരു പദാര്‍ത്ഥത്തെ ശക്തിവൃത്തിയാല്‍ അറിയാന്‍ കഴിയാതെ വന്നാല്‍ ലക്ഷണാവൃത്തി കൊണ്ട് അറിയണമെന്ന് ആചാര്യന്മാര്‍ അനുശാസിച്ചിരിക്കുന്നു. ആ നിലയില്‍ ശക്തിഎന്നും ലക്ഷണ എന്നും വൃത്തി രണ്ടു വിധമുണ്ട്. അര്‍ത്ഥബോധത്തിനു മുഖ്യാര്‍ത്ഥം (വാച്യാര്‍ത്ഥം) പര്യാപ്തമാകാതെ വന്നാല്‍ – മറ്റേതെങ്കിലും പ്രമാണം കൊണ്ട് ആ മുഖ്യാര്‍ത്ഥത്തെ ഗ്രഹിക്കുന്നതിനു വിരോധം നേരിട്ടാല്‍ – ആ മുഖ്യാര്‍ത്ഥത്തെ വിട്ടിട്ടു തത് സംബന്ധിയായ ഒന്നിനെ സ്വീകരിക്കുന്നതിന് (ഒന്നിന്റെ പ്രതീതി ഉളവാകുന്നതിന്) ലക്ഷണാവൃത്തി എന്നു പറയുന്നു.

ജഹല്ലക്ഷണ

ഈ ലക്ഷണാവൃത്തി ജഹല്ലക്ഷണ, (വിട്ട ലക്ഷണ) അജഹല്ലക്ഷണ (വിടാത്ത ലക്ഷണ), ജഹദജഹല്ലക്ഷണ, (വിട്ടുവിടാത്ത ലക്ഷണ) ഇങ്ങനെ മൂന്നു വിധമുണ്ട്. അവയില്‍ ജഹല്ലക്ഷണ എന്നാല്‍ വാച്യാര്‍ത്ഥത്തെ മുഴുവന്‍ തള്ളി അതിനോടു സംബന്ധിക്കപ്പെട്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രതീതി ഉളവാക്കുന്ന വൃത്തി എന്നര്‍ത്ഥമാകുന്നു. ഉദാ: ഗംഗായാം ഘോഷഃ (ഗംഗയില്‍ ഗോപന്മാരുടെ ഗ്രാമം ഇരിക്കുന്നു.) ഇവിടെ ഗംഗ എന്നതിനു ജലപ്രവാഹം എന്നാണല്ലൊ വാച്യാര്‍ത്ഥം. അവിടെ ഗ്രാമം ഇരിക്കുകയില്ല. അതുകൊണ്ട് പ്രവാഹരൂപേണ വര്‍ത്തിക്കുന്ന ഗംഗയെന്ന വാച്യാര്‍ത്ഥത്തെ വിട്ട് അതിന്റെ കരയില്‍ ഗ്രാമം ഇരിക്കുന്നു എന്ന ലക്ഷ്യാര്‍ത്ഥം ജഹല്ലക്ഷണകൊണ്ട് ധരിക്കേണ്ടതാകുന്നു.

അജഹല്ലക്ഷണ

ഇനിയും അജഹല്ലക്ഷണയെ വിവരിക്കാം. വാച്യാര്‍ത്ഥത്തോടുകൂടിത്തന്നെ തത് സംബന്ധിയായ ഒരു വസ്തുവിന്റെ ബോധം ഉളവാക്കുന്ന വൃത്തിയ്ക്ക് അജഹല്ലക്ഷണഎന്നു പറയുന്നു. ഉദാഃ ശോണോ ധാവതി (ചുവപ്പ് ഓടുന്നു). ഈ വാചകത്തിലെ ചുവപ്പ് എന്നത് ഒരു ഗുണമാകുന്നു. അതിനു ഓടുവാന്‍ കഴിവില്ല അതിനാല്‍ ആ ചുവപ്പു നിറത്തിന് ആശ്രയമായ ഒരു ജന്തുവിന്റെ പ്രതീതി ഉണ്ടാകുന്നു അതുകൊണ്ടു ചുവപ്പുനിറമുള്ള അശ്വത്തിലോ മറ്റോ ലക്ഷണ സിദ്ധിക്കുന്നു.

ജഹദജഹല്ലക്ഷണ

അടുത്തതു ജഹദജഹല്ലക്ഷണയാണ്. വാച്യാര്‍ത്ഥത്തിന്റെ ഒരംശത്തെ വിട്ട് മറ്റൊരംശത്തെ ഗ്രഹിക്കുമ്പോള്‍ ജഹദജഹല്ലക്ഷണയായി. ഇതിനു ഭാഗത്യാഗ ലക്ഷണ എന്നുകൂടി പേരുണ്ട്. ഉദാഃ സോയം ദേവദത്ത ഃ (ആ ദേവദത്തനാണ് ഇവന്‍). ഇവിടെ മുന്‍പ് ഒരു കാലത്ത് ഒരു ദേശത്തുവെച്ച് അറിയപ്പെട്ട ദേവദത്തന്‍ തന്നെയാണ് ഈ കാലത്ത് ഈ ദേശത്തുവച്ച് അറിയപ്പെടുന്നവന്‍ എന്നാണ് വാച്യാര്‍ത്ഥം. കഴിഞ്ഞുപോയ ആ കാലത്തോടും ആ ദേശത്തോടും ചേര്‍ന്നു നില്ക്കുക എന്ന വിശേഷണത്തിനും ഈ കാലത്തോടും ഈ ദേശത്തോടും ചേര്‍ന്നു നില്ക്കുക എന്ന വിശേഷണത്തിനും തമ്മില്‍ പൊരുത്തമില്ലായ്കയാല്‍ ആ വിശേഷങ്ങളെയെല്ലാം തള്ളിയിട്ടു ദേവദത്തനെ മാത്രം ഗ്രഹിക്കുന്നതിന് ജഹദജഹല്ലക്ഷണ എന്നാണ് പറയുക.

വാച്യാര്‍ത്ഥവും ലക്ഷ്യാര്‍ത്ഥവും

ഈ മൂന്നു ലക്ഷണാവൃത്തികള്‍കൊണ്ടു തത്ത്വമസി മഹാവാക്യത്തിന്റെ ലക്ഷ്യാര്‍ത്ഥം മനസ്സിലാക്കേണ്ടതാകുന്നു. ജഹല്ലക്ഷണകൊണ്ടു ത്വം പദത്തിന്റെയും അജഹല്ലക്ഷണകൊണ്ടു തത്പദത്തിന്റെയും ജഹദജഹല്ലക്ഷണകൊണ്ട് അസി പദത്തിന്റേയും ലക്ഷ്യാര്‍ത്ഥം ബോധിക്കണമെന്നു താല്പര്യം. എന്നാല്‍ ലക്ഷ്യാര്‍ത്ഥബോധത്തിനു വാച്യാര്‍ത്ഥജ്ഞാനം അത്യാവശ്യമാകയാല്‍ ആദ്യം ആ വാച്യാര്‍ ത്ഥത്തെ തന്നെ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. ത്വം (ജീവന്‍) തത് (ഈശ്വരന്‍) അസി – ആകുന്നു (ശിവം) എന്നാകുന്നു തത്ത്വമസി വാക്യത്തിന്റെ അന്വയം. ഈ വാക്യത്തില്‍ ത്വം പദം ആദ്യമായി അന്വയിക്കാനുള്ള കാരണം, ‘നീ’ എന്ന ജീവന്‍, താന്‍ നിര്‍വ്വികാരനായി ചിദ്രൂപനായിരുന്നിട്ടും ആ നില അറിയാതെ ജഡങ്ങളായ ദേഹേന്ദ്രിയാദികളെ താനെന്ന് അഭിമാനിച്ചിരിക്കുന്നതിനാല്‍ ‘അത് ‘ എന്ന ഈശ്വരന്‍ താനല്ലെന്ന് ആദ്യം തന്നെ സ്പഷ്ടമാക്കുന്നതിനാണ്.

‘ത്വം’ പദശ്രവണക്രമം

ത്വം പദാര്‍ത്ഥമായ ജീവന്‍ യഥാര്‍ത്ഥത്തില്‍ പരിശുദ്ധമായ ബ്രഹ്മചൈതന്യമാണെങ്കിലും ദേഹം, ഇന്ദ്രിയം, മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം, പ്രാണന്‍ എന്നിങ്ങനെയുള്ള ഏഴു കാര്യോപാധികളെ താനെന്നഭിമാനിക്കുക നിമിത്തം അശുദ്ധനായിത്തീര്‍ന്നിരിക്കുകയാണ്. ഇത് ‘ത്വം’ പദത്തിന്റെ വാച്യാര്‍ത്ഥമാകുന്നു. മേല്‍പ്പറയപ്പെട്ട ഏഴു കാര്യോപാധികളെയും താനല്ലെന്നു ബോധിച്ചു തള്ളുമ്പോള്‍ അവയ്‌െക്കല്ലാം സാക്ഷിയായിരുന്നു പ്രകാശിക്കുന്ന ജ്ഞാനസ്വരൂപമായ കുടസ്ഥചൈതന്യമാണ് ത്വംപദലക്ഷ്യാര്‍ത്ഥം. ത്വം പദത്തിന്റെ വച്യാര്‍ത്ഥം അശുദ്ധരൂപവും ലക്ഷ്യാര്‍ത്ഥം ശുദ്ധരൂപവുമാണെന്നു സാരം. അതുകൊണ്ട് അശുദ്ധരൂപങ്ങളായ ഏഴു കാര്യോപാധികളെ മുഴുവനും നീക്കേണ്ടതാകുന്നു. അതെങ്ങനെയെന്നാല്‍; ദേഹാഭിമാനം നിമിത്തം ദേഹോഽഹം (ഞാന്‍ ദേഹമാകുന്നു) എന്നാണല്ലോ നീ വിചാരിക്കുന്നത്. ആലോചിച്ചു നോക്കിയാല്‍ അതു ശരിയല്ലെന്നു കാണാവുന്നതാണ്. എങ്ങിനെയെന്നാല്‍ നീ തന്നെ ‘എന്റെ ദേഹം’ എന്നു പറയാറുണ്ട്. കരചരണാദ്യവയവ സംഘാതമാണല്ലോ ദേഹം. അവയില്‍ ഓരോന്നിനേയും എടുത്തു പരിശോധിക്കുമ്പോള്‍ എന്റെ കണ്ണ്, എന്റെ കയ്യ് എന്നല്ലാതെ ഞാന്‍ കണ്ണ്, ഞാന്‍ കൈയ് എന്നു പറയാറില്ല. അവയവസംഘാതത്തെ ഒരുമിച്ചും ഞാന്‍ എന്ന് അഭിമാനിക്കാറില്ല. എന്റെ ദേഹമെന്നല്ലാതെ ‘ഞാന്‍ദേഹം’ എന്ന് ആരും പറയുകയില്ല. അതുകൊണ്ട് എന്റെ ദേഹമെന്നിടത്ത് ‘ഞാന്‍’ വേറെ ‘ദേഹം’ വേറെ എന്നു സിദ്ധിക്കുന്നു. ഇതുപോലെ എന്റെ മനസ്സ്, എന്റെ ബുദ്ധി, എന്റെ ചിത്തം, എന്റെ അഹങ്കാരം, എന്റെ പ്രാണന്‍ എന്ന വ്യവഹാരത്തിലും ഞാന്‍ ഉപാധികളില്‍നിന്ന് വേറിട്ടാണ് നില്ക്കുന്നത്. എന്തുകൊണ്ടെന്നാല്‍ മേല്‍പ്പറയപ്പെട്ട ദേഹാദിപ്രാണപര്യന്തം ഏഴു കാര്യോപാധികളോടും ചേര്‍ന്ന്, എന്റെ എന്റെ, എന്നിങ്ങനെ അഭിമാനിക്കുന്ന ഞാന്‍ ആ ഉപാധികളല്ലെന്നും എന്നാല്‍ അവയ്‌െക്കല്ലാം ഉള്ളിലായി സാക്ഷിരൂപേണ വര്‍ത്തിക്കുന്ന ഒന്നാണെന്നും വിചാരിച്ചറിയേണ്ടതാണ്, ആ വിചാരക്രമം;ഗംഗായാം ഘോഷഃ എന്ന വാചകത്തിലെ വാച്യാര്‍ത്ഥമായ ജലപ്രവാഹത്തെ തള്ളി ലക്ഷണാവൃത്തികൊണ്ട് ഗംഗയുടെ കരയില്‍ ഇടയന്മാരുടെ ഗ്രാമമിരിക്കുന്നു എന്നു ഗ്രഹിച്ചതുപോലെ ത്വംപദവാച്യാര്‍ത്ഥമായ ഏഴു കാര്യോപാധികളേയും തള്ളി ജഹല്ലക്ഷണാ വൃത്തികൊണ്ട് ആ ഉപാധികളുടെ അധിഷ്ഠാനവും സാക്ഷിയുമായ കൂടസ്ഥചൈതന്യത്തെ അറിയേണ്ടതാകുന്നു. ഇതാണ് ത്വംപദശ്രവണക്രമം.

‘ത്വം’ പദമനനക്രമം

ഇനി ത്വം പദമനനം എങ്ങനെ എന്നു പറയാംഃ – ശ്രവണത്തില്‍ പറയപ്പെട്ട ഏഴുപാധികളും സ്ഥൂലസൂക്ഷ്മകാരണങ്ങളാകുന്ന മൂന്ന് ശരീരങ്ങളായും ജാഗ്രത്‌സ്വപ്നസുഷുപ്തികളാകുന്ന മൂന്ന് അവസ്ഥകളായും അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നിങ്ങനെ അഞ്ചു കോശങ്ങളായും കൂടി അറിയപ്പെടുന്നു.

ജീവന്‍ ഏഴു കാര്യോപാധികളോടുകൂടിയിരിക്കുന്ന അവസ്ഥ ജാഗ്രത്താകുന്നു. ആ അവസ്ഥയില്‍ ജീവന്‍ അന്നമയകോശമെന്നുകൂടി പറയപ്പെടുന്ന സ്ഥൂലശരീരത്തെയാണ് ഞാനെന്നഭിമാനിക്കുന്നത്. അവിടെ ജീവന് വിശ്വന്‍, വ്യാവഹാരികന്‍, ചിദാഭാസന്‍ എന്ന മൂന്ന് അഭിമാനനാമങ്ങള്‍ കൂടിയുണ്ട്. ജാഗ്രദവസ്ഥയില്‍ എല്ലാതത്ത്വങ്ങളിലും വ്യാപിച്ചിരിക്കയാല്‍ ‘വിശ്വന്‍’ എന്നും, ആ തത്ത്വങ്ങളോടുചേര്‍ന്നു വ്യവഹരിക്കുക നിമിത്തം വ്യാവഹാരികനെന്നും, ചിത്തുപോലെ ചില്ലക്ഷണമില്ലാതിരിക്കുകയാല്‍ ‘ചിദാഭാസ’നെന്നും ഉള്ള പേരുകള്‍ ജീവന് അന്വര്‍ത്ഥങ്ങളാകുന്നു.

ഏഴുപാധികളില്‍വെച്ച് ദേഹം, ഇന്ദ്രിയം എന്നീ രണ്ട് ഉപാധികളെ വിട്ട്, മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം, പ്രാണന്‍ എന്ന് അഞ്ച് ഉപാധികളോടു ചേര്‍ന്നിരിക്കുന്ന സ്ഥാനം, പ്രാണമയം, മനോമയം, വിജ്ഞാനമയം എന്ന മൂന്നു കോശങ്ങളോടുകൂടിയ സൂക്ഷ്മശരീരത്തെ ഞാനെന്നഭിമാനിക്കുന്ന സ്വപ്നാവസ്ഥയാകുന്നു. അവിടെ ജീവന് തൈജസന്‍, പ്രാതിഭാസികന്‍, സ്വപ്നകല്പിതന്‍ എന്നു മൂന്ന് അഭിമാനനാമങ്ങള്‍ കൂടിയുണ്ട്. സ്വപ്നാവസ്ഥയില്‍, തേജോമയമായ അന്തഃകരണവൃത്തിയോടു ചേര്‍ന്നിരിക്കയാല്‍ തൈജസനെന്നും, ഉണ്ടെന്നു തോന്നുന്ന (പ്രതിഭാസിക്കുന്ന) സമയത്തുമാത്രം ഇരിക്കയാല്‍ ‘പ്രാതിഭാസിക’നെന്നും അജ്ഞാനകാര്യമായ നിദ്രാശക്തിയാല്‍ കല്പിക്കപ്പെട്ട സ്വപ്നത്തെ അഭിമാനിക്കുക നിമിത്തം സ്വപ്നകല്പിതനെന്നും പേരുണ്ടായി.

മേല്‍പറഞ്ഞ അഞ്ച് ഉപാധികളില്‍വെച്ച് മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം ഈ നാലു ഉപാധികളെ വിട്ട് പ്രാണനാകുന്ന ഒരു ഉപാധിയോടു ചേര്‍ന്നിരിക്കുന്ന സ്ഥാനം, ആനന്ദമയകോശാത്മകമായ കാരണശരീരത്തെ ഞാനെന്നഭിമാനിക്കുന്ന ജീവന്റെ സുഷുപ്ത്യവസ്ഥയാകുന്നു. അവിടെ ജീവനു പ്രാജ്ഞന്‍, പാരമാര്‍ത്ഥികന്‍, അവിച്ഛിന്നന്‍ എന്നിങ്ങനെ മൂന്ന് അഭിമാനനാമങ്ങള്‍ കൂടി ഉണ്ട്. സുഷുപ്ത്യവസ്ഥയില്‍ ജീവന്‍ സ്വപ്രകാശസ്വരൂപനാകയാല്‍ ‘പ്രാജ്ഞന്‍’ എന്നും വൃത്തിസംബന്ധത്തെ വിട്ടിരിക്കുക നിമിത്തം ‘പാരമാര്‍ത്ഥിക’നെന്നും കാരണ വടിവായിരിക്കയാല്‍ (കാര്യോപാധികൃതമായ വിച്ഛേദം സംഭവിക്കായ്കയാല്‍) ‘അവിച്ഛിന്ന’ നെന്നും പറയപ്പെടുന്നു.

ആകയാല്‍ ഈ ഏഴു കാര്യോപാധികളായ സ്ഥൂലസൂക്ഷ്മകാരണദേഹങ്ങളും അവയില്‍ അന്തര്‍ഭൂതങ്ങളായ പഞ്ചകോശങ്ങളും ജാഗ്രത് സ്വപ്നസുഷുപ്തികളും നീയല്ല.

അല്ലയോ പ്രിയശിഷ്യ!സ്ഥൂലശരീരമായ ജാഗ്രദവസ്ഥ ഞാനല്ലെന്നു നീ ദൃഢമായി ബോധിക്കേണ്ടതെങ്ങനെയെന്നാല്‍: ഏഴു കാര്യോപാധികളും കലര്‍ന്നിരിക്കുന്ന സ്ഥൂലശരീരം ജാഗ്രദവസ്ഥ (ഉണര്‍ന്നിരിക്കുന്ന അവസ്ഥ) ആണല്ലോ. അതു സത്യമായിരുന്നെങ്കില്‍ അതിന് ഒരിക്കലും മാറ്റം വരാതെ എപ്പോഴും നിലനില്‌ക്കേണ്ടതായിരുന്നു എന്നാല്‍ അതു സ്വപ്നാവസ്ഥയില്‍ നശിച്ചു പോകുന്നുവെന്നു നിനക്കറിയാമല്ലൊ. അതുകൊണ്ടു ജാഗ്രത്തായ സ്ഥൂലശരീരവും അതിലെ വിശ്വാദികളായ അഭിമാനനാമങ്ങളും നീയല്ലെന്നറിയേണ്ടതാകുന്നു. ഇനിയും സൂക്ഷ്മശരീരമായ സ്വപ്നാവസ്ഥ ഞാനല്ലെന്ന് നീയറിയേണ്ടതെങ്ങനെയെന്നു പറയാം. അഞ്ച് ഉപാധികളോടു ചേര്‍ന്നിരിക്കുന്ന സൂക്ഷ്മശരീരത്തെയാണെല്ലൊ സ്വപ്നമെന്ന് പറയുന്നത്. അതും സത്യമായിരുന്നെങ്കില്‍ യാതൊരു മാറ്റവുമില്ലാതെ എന്നും നിലനില്ക്കണമായിരുന്നു. എന്നാല്‍ അതു സുഷുപ്തിയില്‍ നശിക്കുന്നതായി അറിയുന്നുണ്ട്. അതുകൊണ്ട് സ്വപ്നമായ സൂക്ഷ്മശരീരവും അതിലെ തൈജസാദ്യഭിമാനനാമങ്ങളും നീയല്ലെന്നറിയണം.

ഇനി കാരണശരീരമായ സുഷുപ്ത്യവസ്ഥ ‘ഞാന’ല്ലെന്നുള്ളത് എങ്ങനെയെന്നു പറയാം. പ്രാണനായ ഒരു ഉപാധിയോടുകൂടിയിരിക്കുന്ന കാരണശരീരത്തെയാണ്‌സുഷുപ്തി എന്നു പറയുന്നത്. ഒന്നുമറിയാതെ അന്ധകാരമയമായിരിക്കുന്ന സുഷുപ്തി, തുരീയത്തില്‍ (ജാഗ്രത് സ്വപ്നസുഷുപ്ത്യവസ്ഥകളില്‍നിന്നു ഭിന്നമായ നാലാമത്തെ അവസ്ഥ- സമാധി-യില്‍) നശിക്കുമെന്നു നിനക്ക് അനുഭവപ്പെടുകയാല്‍ ആ സുഷുപ്തിയും അതിലെ പ്രാജ്ഞാദ്യഭിമാനനാമങ്ങളും നീയല്ലെന്നു നല്ലതുപോലെ ഉറപ്പിച്ചുകൊള്ളേണ്ടതാണ്.

ഇങ്ങനെ മൂന്നു ശരീരങ്ങളും മൂന്നവസ്ഥകളും ഞാനല്ലെന്നാകുമ്പോള്‍ ‘ഞാന്‍’ ആരാണെന്നുള്ള ആകാംക്ഷ നിനക്ക് ഉണ്ടെങ്കില്‍ പറയാം: സ്ഥൂലസൂക്ഷ്മകാരണശരീരാന്തര്‍ഭൂതമായ അവസ്ഥാത്രയത്തില്‍ നിന്നു വിലക്ഷണ (വ്യത്യസ്ത) മായി സാക്ഷിയായി പ്രകാശിക്കുന്ന ത്വംപദാര്‍ത്ഥതുരീയ രൂപജ്ഞാനമാണ് ‘നീ’ യെന്നറിഞ്ഞുകൊള്ളണം. ഇങ്ങനെ ത്വംപദമനനക്രമം ഉപദേശിക്കപ്പെട്ടു.

‘ത്വം’ പദനിദിദ്ധ്യാസനം

ഇനിയും ത്വംപദനിദിദ്ധ്യാസനമാണു പറയുന്നത്.

ത്വംപദശ്രവണമനനങ്ങളില്‍ പറഞ്ഞുവന്ന അര്‍ത്ഥത്തെ വഴിപോലെ ചിന്തിച്ച് അതില്‍നിന്ന് സിദ്ധിച്ച ‘ഞാന്‍ അവസ്ഥാത്രയസാക്ഷിയായ ജ്ഞാനസ്വരൂപമാകുന്നു’. എന്ന അനുഭവത്തിനു നിദിദ്ധ്യാസനമെന്നു പറയുന്നു. അതെങ്ങനെയെന്നാല്‍ – ഏഴു കാര്യോപാധികളോടു ചേര്‍ന്നിരിക്കുന്ന സ്ഥൂലശരീരവും അതിനെ അഭിമാനിക്കുന്ന വിശ്വാദിനാമങ്ങളും, ജീവജാഗ്രത്താകുന്നു. അത് അഞ്ചു ഉപാധികളോടു ചേര്‍ന്നിരിക്കുന്ന സൂക്ഷ്മശരീരവും അതിനെ അഭിമാനിക്കുന്ന തൈജസാദിനാമങ്ങളും കലര്‍ന്ന ജീവസ്വപ്നത്തില്‍ നശിക്കുന്നു. ആ ജീവസ്വപ്നമാകട്ടെ, പ്രാണോപാധികമായ കാരണശരീരവും അതിനെ അഭിമാനിക്കുന്ന പ്രാജ്ഞാദിനാമങ്ങളും കലര്‍ന്ന ജീവസുഷുപ്തിയില്‍ വിലയിക്കുന്നു. ആ ജീവസുഷുപ്തിപോലും ഉപാധിരഹിതമായ ജീവതുരീയത്തില്‍ നശിക്കുന്നു. ഇങ്ങനെ സ്ഥൂലസൂക്ഷ്മ കാരണശരീരാത്മകമായ അവസ്ഥാത്രയവും തത്തദഭിമാനനാമങ്ങളും നശിച്ചാല്‍ തന്നെയും, നാശമില്ലാത്ത ഒരു അവസ്ഥ അവശേഷിക്കുന്നു. അതാണ് തുരീയം- ജാഗ്രത് സ്വപ്നസുഷുപ്ത്യവസ്ഥകള്‍ക്ക് സത്താസ്ഫൂര്‍ത്തി (സ്ഥിതിയും തിളക്കവും) കൊടുത്തുകൊണ്ട് ഈ തുരീയത്തില്‍ പ്രകാശിക്കുന്ന ജ്ഞാനസ്വരൂപമാണ് ‘നീ.’

സഗുണോപാസനകൊണ്ടു (സഗുണോപാസനയും യോഗവും ശ്രവണമനനാദികള്‍ക്ക് സാധനങ്ങളാണ്) ദേവതാപ്രസാദം നേടി രാജയോഗം കൊണ്ട് മനോമാലിന്യം (മനസ്സിന്റെ വിക്ഷേപം) നീങ്ങിയിട്ടുള്ള അല്ലയോ വത്സ! നീ, മുകളില്‍ പറയപ്പെട്ട ത്വംപദാര്‍ത്ഥത്തെ, ശ്രവണമനനനിദിദ്ധ്യാസനങ്ങള്‍ കൊണ്ട് അന്തര്‍മ്മുഖനായി സ്വരൂപസമാധിയില്‍ പ്രവേശിച്ച് അനുഭവപ്പെടുത്തേണ്ടതാകുന്നു.

തത് പദശ്രവണകമ്രം

ഇനി, തത്ത്വമസിമഹാവാക്യത്തിലെ തത് പദാര്‍ത്ഥമാണ് ചിന്തനീയമായിട്ടുള്ളത്. അതിനേയും വാച്യാര്‍ത്ഥമെന്നും ലക്ഷ്യാര്‍ത്ഥമെന്നും രണ്ടായി വിഭജിക്കാം. തത് പദവാച്യാര്‍ത്ഥം സോപാധികനായ ഈശ്വരന്‍ എന്നും ലക്ഷ്യാര്‍ത്ഥം നിരുപാധികമായ ബ്രഹ്മചൈതന്യമെന്നും ആകുന്നു. ഈശ്വരന്റെ സോപാധികാവസ്ഥയ്ക്ക് അശുദ്ധമെന്നും നിരുപാധികാവസ്ഥയ്ക്ക് ശുദ്ധമെന്നും കൂടി പറയുന്നു. സര്‍വ്വജ്ഞന്‍, സര്‍വ്വകാരണന്‍, സര്‍വ്വാന്തര്‍യ്യാമി, സര്‍വ്വേശ്വരന്‍, സര്‍വ്വസ്രഷ്ടാവ്, സര്‍വ്വസ്ഥിതി കര്‍ത്താവ്, സര്‍വ്വസംഹാരകന്‍ എന്നിങ്ങനെ ഏഴു കാരണോപാധികളെയും താനെന്ന് അഭിമാനിക്കുക എന്നത് ഈശ്വരന്റെ അശുദ്ധാവസ്ഥയാകുന്നു. ആ അവസ്ഥയില്‍ ഈശ്വരന് സര്‍വ്വജ്ഞന്‍ മുതല്‍ സര്‍വ്വസംഹാരകന്‍ വരെയുള്ള ഏഴു ഉപാധിനാമങ്ങള്‍ കൂടി സിദ്ധിക്കുന്നു. എങ്ങിനെയെന്നാല്‍, സര്‍വ്വകാര്യോപാധികളേയും അറിയുന്നതിനാല്‍ സര്‍വ്വജ്ഞനെന്നും, സര്‍വ്വകാര്യങ്ങള്‍ക്കും കാരണമായി അവ നശിച്ചാലും കാരണരൂപേണ നാശമില്ലാത്തവനായിരിക്കയാല്‍ സര്‍വ്വകാരണനെന്നും, സകലകാര്യവസ്തുക്കള്‍ക്കും ഉള്‍ക്കാതലായിരിക്കുകയാല്‍ സര്‍വ്വാന്തര്യാമി എന്നും, എല്ലാറ്റിന്റെയും നാഥനായിരുന്നു പ്രകാശിക്കുകയാല്‍ സര്‍വ്വേശ്വരനെന്നും, എല്ലാറ്റിനെയും, സങ്കല്പമാത്രം കൊണ്ട് സ്വാന്തര്‍ഭാഗത്തില്‍ സൃഷ്ടിക്കുകയാല്‍ സര്‍വസ്രഷ്ടാവെന്നും, അവയെയെല്ലാം വേണ്ടതുപോലെ നിലനിര്‍ത്തുകയാല്‍ സര്‍വ്വസ്ഥിതി കര്‍ത്താവെന്നും, പ്രളയകാലത്തില്‍ അവയെ (സൃഷ്ടിക്കപ്പെട്ട വസ്തുക്കളെ) തന്നിലടക്കുകയാല്‍ സര്‍വ്വസംഹാരകനെന്നും അഭിമാനനാമങ്ങള്‍ ഈശ്വരന് ഉപപന്നങ്ങളാകുന്നു.

മേല്പ്പറഞ്ഞ ഏഴു കാരണോപാധികളെയും മിഥ്യയെന്നു ബോധിച്ച് തള്ളുമ്പോള്‍ അവയ്ക്കു സാക്ഷിയായി പ്രകാശിക്കുന്ന ബ്രഹ്മചൈതന്യമാണ് തത്പദലക്ഷ്യാര്‍ത്ഥമായ ഈശ്വരന്റെ ശുദ്ധാവസ്ഥ. ഇവിടെ ഒരു ആശങ്കയുണ്ടാകാം. എങ്ങിനെയെന്നാല്‍ ‘ബ്രഹ്മ’മെന്നത് സത്യത്വ ലക്ഷണത്തോടുകൂടിയ ഒരു പരമാര്‍ത്ഥവസ്തുവാണെന്നത്രെ ശാസ്ത്രങ്ങള്‍ ഘോഷിക്കുന്നത്. ദേശകാലവസ്തുകൃതങ്ങളായ ബാധകള്‍ക്ക് ഇടം കൊടുക്കാത്ത ഒന്നിനെ മാത്രമേ സത്യമെന്നു പറയാവൂ. അതു ഏകവും പരിപൂര്‍ണ്ണവുമായിരിക്കണം. എന്നാല്‍, മുമ്പ് ത്വംപദാര്‍ത്ഥത്തെ ശോധനചെയ്തപ്പോള്‍ ഏഴു കാര്യോപാധികള്‍ക്കും സാക്ഷിയായി ജീവതുര്‍യ്യത്തില്‍ പ്രകാശിക്കുന്ന ജ്ഞാനത്തെ വാസ്തവത്വേന അംഗീകരിച്ചിട്ടുണ്ട്. ഇവിടെ തത്പദാര്‍ത്ഥശോധനയില്‍ കാരണോപാധികള്‍ക്ക് സാക്ഷിയായി ഈശ്വരതുര്യത്തില്‍ സദ്രൂപമായി പ്രകാശിക്കുന്ന ബ്രഹ്മചൈതന്യത്തെയും അങ്ങനെ തന്നെ വാസ്തവത്വേന അംഗീകരിക്കുന്നതാകയാല്‍ അവ രണ്ടും (ജ്ഞാനവും ബ്രഹ്മവും) രണ്ടായതുകൊണ്ട് പരസ്പരം പരിച്ഛേദവും തന്നിമിത്തം സത്യത്വഹാനിയും നേരിടുന്നതാണ്. അങ്ങിനെ വിഭിന്നമായിരിക്കുന്ന അവയ്ക്ക് ഐക്യമുണ്ടെന്നു പറയാനും പാടില്ല. ഈ ശങ്കയ്ക്കു സമാധാനം പറയുന്നു.

ജ്ഞാനമെന്നും ബ്രഹ്മമെന്നും രണ്ടായി പ്രകാശിക്കുമ്പോള്‍ ഒന്നെന്നറിയുന്നത് ലക്ഷണാവൃത്തികൊണ്ടാണ്. മുന്‍പറയപ്പെട്ട ലക്ഷണാത്രയത്തില്‍ ഇവിടെ അജഹല്ലക്ഷണയാണ് അംഗീകാര്യമായിരിക്കുന്നത്. എങ്ങിനെയെന്നാല്‍ ‘ചുവപ്പ് ഓടുന്നു’ എന്നു പറഞ്ഞിടത്ത് ആ വര്‍ണ്ണം, തന്നോട് അനിര്‍വ്വചനീയതാദാത്മ്യസംബന്ധമുള്ള ഒരു വസ്തുവിനോടു ചേര്‍ന്നേ ഇരിക്കുകയുള്ളൂ! അതിനാല്‍ വാച്യത്തില്‍ നിന്നു ഭിന്നമായ ഒന്നിനേക്കൂടി ലക്ഷ്യമാക്കുന്നു. അതുപോലെ ഇവിടെ ബ്രഹ്മമെന്നു പറയുമ്പോള്‍ ജ്ഞാനത്തേക്കൂടി ഗ്രഹിച്ചുകൊള്ളണം. ബ്രഹ്മം ജ്ഞാനസ്വരൂപമായിട്ടേ ഇരിക്കൂ. അതിനാല്‍ ജ്ഞാനവും ബ്രഹ്മവും പരസ്പരം പരിച്ഛേദിക്കപ്പെടുന്നില്ല. അവരണ്ടും സത്ത് (സത്യത്വ ലക്ഷണത്തോടുകൂടിയത്) ആകയാല്‍ അവയുടെ നാമങ്ങള്‍ക്കു ഭേദമുണ്ടെന്നല്ലാതെ ലക്ഷ്യാര്‍ത്ഥത്തില്‍ യാതൊരു ഭേദവുമില്ല. കൂടാതെ കാരണോപാധിസാക്ഷിയായ ജ്ഞാനം കൂടി അന്തര്‍ഭവിക്കും. അതുകൊണ്ട് ജ്ഞാനവും ബ്രഹ്മവും സത്താകയാല്‍ ഏകചൈതന്യമായിട്ടേ ഇരിക്കൂ എന്നുള്ളതു പാരിശേഷികമായ ഒരു സിദ്ധാന്തമാകുന്നു.

‘ഇടമാനപിരമ്മം ചാച്ചി’
ഇരണ്ടുമെപ്പോതുമേകും’ (ഇടമാന – പരിപൂര്‍ണ്ണബ്രഹ്മവും, സാക്ഷിയും (ഇവ) രണ്ടും എപ്പോഴും ഒന്നായിട്ടേ ഇരിക്കൂ. (കൈവല്യ നവനീതം)

ആകയാല്‍ സാക്ഷിരൂപേണയുള്ള ജ്ഞാനം തന്നെ ബ്രഹ്മം, ബ്രഹ്മം തന്നെ ജ്ഞാനം എന്നു സിദ്ധിക്കുന്നു. ഇങ്ങനെ പൂര്‍വ്വപക്ഷസിദ്ധാന്തരൂപേണ തത് പദാര്‍ത്ഥശ്രവണം പ്രതിപാദിക്കപ്പെട്ടു.

തദ്പദമനനക്രമം

ഇനി തത്പദമനനത്തെപ്പറയാം.

ശ്രവണത്തില്‍ വിവരിക്കപ്പെട്ട ഏഴു കാരണോപാധികള്‍ ഈശ്വരന്റെ സ്ഥൂലസൂക്ഷ്മ കാരണശരീരങ്ങളും ജാഗ്രത് സ്വപ്നസുഷുപ്ത്യവസ്ഥകളുമാകുന്നു. അതെങ്ങിനെയെന്നാല്‍, ഏഴു കാരണോപാധികളോടു ചേര്‍ന്നിരിക്കുന്ന സ്ഥാനം ഈശ്വരന്റെ സ്ഥൂലശരീരവും ജാഗ്രദവസ്ഥയുമത്രേ. ആ സ്ഥൂലശരീരത്തെ അഭിമാനിക്കുന്ന ഈശ്വരന് വിരാട്, വൈശ്വാനരന്‍, വൈരാജകന്‍ എന്നു മൂന്നു നാമങ്ങള്‍ ഉണ്ട്. നാനാവിധമായ പ്രപഞ്ചമായി തോന്നിച്ചു പ്രകാശിക്കുകയാല്‍ വിരാട് എന്നും, സമസ്തപ്രാണികളിലും വിശ്വനരന്മാരിലും അഹം, അഹം എന്നഭിമാനിക്കുകയാല്‍ വൈശ്വാനരനെന്നും വിശേഷമായി സൃഷ്ടിക്കുന്നതിനാല്‍ വൈരാജകനെന്നും പറയുന്നു.

മുകളില്‍ പറയപ്പെട്ട ഏഴു കാരണോപാധികളില്‍ ആദ്യത്തെ നാലുപാധികളെ വിട്ട്, സര്‍വ്വസ്രഷ്ടാവ് സര്‍വ്വ സ്ഥിതി കര്‍ത്താവ്, സര്‍വ്വസംഹാരകന്‍ ഇങ്ങനെ മൂന്ന് ഉപാധികളോടു ചേര്‍ന്നിരിക്കുന്ന സ്ഥാനം ഈശ്വരന്റെ സൂക്ഷ്മശരീരവും സ്വപ്നാവസ്ഥയുമാകുന്നു. അവിടെ ഞാനെന്ന് അഭിമാനിക്കുന്ന ഈശ്വരന് ഹിരണ്യഗര്‍ഭന്‍, സൂത്രാത്മാവ്, മഹാപ്രാണന്‍ എന്ന് മൂന്നു നാമങ്ങള്‍ ഉണ്ട്. വികസിതമായി പ്രകാശിക്കുന്ന സകലത്തേയും തന്റെ ഉദരത്തില്‍ അടക്കിക്കൊണ്ടിരിക്കുകയാല്‍ ഹിരണ്യഗര്‍ഭനെന്നും സൂത്രധാരിയായിരുന്ന് സകലത്തേയും ചലിപ്പിക്കുകയാല്‍ സൂത്രാത്മാവെന്നും, മാരുതന്‍തന്നെ ശ്വാസ(പ്രാണനായി)മായിരിക്കുകയാല്‍ മഹാപ്രാണനെന്നും പറയുന്നു.

മുകളില്‍ പറയപ്പെട്ട, ഈശ്വരന്റെ സൂക്ഷ്മശരീരത്തില്‍ കലര്‍ന്നിരിക്കുന്ന സര്‍വ്വസ്രഷ്ടാവ്, സര്‍വ്വസ്ഥിതി കര്‍ത്താവ്, സര്‍വ്വസംഹാരകന്‍ എന്ന മൂന്നുപാധികളില്‍ വച്ച് ആദ്യത്തെ രണ്ടുപാധികളെ വിട്ട് സര്‍വ്വസംഹാരകനെന്ന ഒരുപാധിയോടു മാത്രം ചേര്‍ന്നിരിക്കുന്ന സ്ഥാനം ഈശ്വരന്റെ കാരണശരീരവും സുഷുപ്ത്യവസ്ഥയുമാണ്. അവിടെ ഈശ്വരന്, അന്തര്യാമി, അവ്യാകൃതന്‍, ഈശ്വരന്‍ എന്നിങ്ങനെ മൂന്ന് അഭിമാനനാമങ്ങള്‍ കൂടിയുണ്ട്

സര്‍വ്വപ്രാണികളുടേയും ഹൃദയത്തിലിരുന്ന് അവയെ നിയന്ത്രിക്കുന്നതിനാല്‍ അന്തര്യാമി എന്നും നാമരൂപരഹിതനായിരിക്കയാല്‍ അവ്യാകൃതനെന്നും എല്ലാവറ്റേയും പരിപാലിക്കയാല്‍ ഈശ്വരനെന്നുമുള്ള നാമധേയങ്ങളുണ്ടായി. ഈ കാരണോപാധികളേഴും അവയില്‍ അന്തര്‍ഭൂതങ്ങളായ സ്ഥൂലസൂക്ഷ്മകാരണശരീരങ്ങളും ജാഗ്രത് സ്വപ്നസുഷുപ്ത്യവസ്ഥകളും തത്തദഭിമാനനാമങ്ങളും ബ്രഹ്മസ്വരൂപമല്ല. അവയില്‍ ഈശ്വരന്റെ സ്ഥൂലശരീരാദ്യഭിമാനത്തോടു ചേര്‍ന്ന ജാഗ്രദാദ്യവസ്ഥാദികള്‍ ബ്രഹ്മസ്വരൂപമല്ലെന്നുള്ളതെങ്ങനെയെന്നു പറയുന്നു. മുന്‍പു വെളിപ്പെടുത്തിയ ഏഴു കാരണോപാധികള്‍ ചേര്‍ന്ന അവസ്ഥയാണല്ലൊ ഈശ്വരന്റെ ജാഗ്രദവസ്ഥ. അതു ബ്രഹ്മസ്വരൂപമായിരുന്നെങ്കില്‍ എപ്പോഴും നാശരഹിതമായിട്ടുതന്നെ പ്രകാശിക്കണമായിരുന്നു. എന്നാല്‍ മൂന്നുപാധി മാത്രമുള്ള ഈശ്വരന്റെ സ്വപ്നാവസ്ഥയില്‍ ആ ജാഗ്രദവസ്ഥ നശിക്കുന്നതിനാല്‍ അതു ബ്രഹ്മസ്വരൂപമല്ലെന്നു സിദ്ധിക്കുന്നു. അതുപോലെതന്നെ ആ ഈശ്വരസ്വപ്നാവസ്ഥയും ഒരു കാരണോപാധിമാത്രമുള്ള ഈശ്വരസുഷുപ്തിയില്‍ നശിച്ചുപോകുന്നതിനാല്‍ ആ സ്വപ്നവും ബ്രഹ്മസ്വരൂപമല്ല. അപ്രകാരം തന്നെ ഈശ്വരസുഷുപ്തിയും, ഈശ്വരതുരീയത്തില്‍ നാമാവശേഷമായിത്തീരും. അതിനാല്‍ ഈശ്വരസുഷുപ്തിയും ബ്രഹ്മസ്വരൂപമല്ല. ഇങ്ങിനെ ഈശ്വരന്റെ മൂന്നു ശരീരങ്ങളും തത്തദഭിമാനനാമങ്ങളും മൂന്നവസ്ഥകളും ബ്രഹ്മസ്വരൂപമല്ലെങ്കില്‍ പിന്നെ ബ്രഹ്മസ്വരൂപം ഏതാണെന്നുള്ള ജിജ്ഞാസയ്ക്ക് സമാധാനം പറയാം.

ഈശ്വരന്റെ സ്ഥൂലസൂക്ഷ്മകാരണശരീരങ്ങളും അഭിമാനനാമങ്ങളും അവസ്ഥാത്രയവും വിലയം പ്രാപിക്കുന്നത് യാതൊന്നിലാണോ ആ തുരീയവസ്ഥയില്‍ അവസ്ഥാത്രയവിലക്ഷണമായി സാക്ഷിയായി പ്രകാശിക്കുന്ന ശുദ്ധചൈതന്യംതന്നെ ബ്രഹ്മമെന്നുറയ്ക്കുന്നതാണ് തത്പദാര്‍ത്ഥമനനം.

തത്പദനിദിദ്ധ്യാസനക്രമം

തത് പദശ്രവണമനനങ്ങളില്‍ പ്രതിപാദിക്കപ്പെട്ട അര്‍ത്ഥത്തെ ചിന്തിച്ച്, അതില്‍ നിന്ന് സിദ്ധിക്കുന്ന ശുദ്ധബ്രഹ്മാനുഭവത്തെ നിദിദ്ധ്യാസനമെന്നു പറയുന്നു. ഏഴുകാരണോപാധികളോടു ചേര്‍ന്നിരിക്കുന്ന ഈശ്വരന്റെ സ്ഥൂലശരീരവും അതിനെ അഭിമാനിക്കുന്ന വിരാഡാദ്യഭിമാനനാമങ്ങളും ഈശ്വരജാഗ്രത്താകുന്നു.. അത് മൂന്നുപാധികളോടു ചേര്‍ന്നിരിക്കുന്ന ഈശ്വരന്റെ സൂക്ഷ്മശരീരവും അതിനെ അഭിമാനിക്കുന്ന ഹിരണ്യഗര്‍ഭാദ്യഭിമാനനാമങ്ങളും കലര്‍ന്ന ഈശ്വരസ്വപ്നത്തില്‍ നശിക്കുന്നു. ആ ഈശ്വരസ്വപ്നമാകട്ടെ, ‘സര്‍വ്വസംഹാരകോ’പാധിയായ ഈശ്വരന്റെ കാരണശരീരവും, അതിനെ അഭിമാനിക്കുന്ന അന്തര്യാമ്യാദ്യഭിമാനനാമങ്ങളും കലര്‍ന്ന ഈശ്വരസുഷുപ്തിയില്‍ വിലയിക്കുന്നു. ആ ഈശ്വരസുഷുപ്തിപോലും ഉപാധിരഹിതമായ ഈശ്വരതുരീയത്തില്‍ നശിക്കും. ഇങ്ങനെ പ്രശാന്തഘനമായിരിക്കുന്ന തുരീയത്തില്‍ സത്താമാത്രമായി പ്രശോഭിക്കുന്ന ബ്രഹ്മം തന്നെ ജീവതുരീയത്തില്‍ പ്രകാശിച്ച ജ്ഞാനസ്വരൂപമാണെന്ന് അറിയുന്നതാകുന്നു തത്പദനിദിദ്ധ്യാസനം.

അസി പദശ്രവണം

ഇനിയും തത്ത്വം പദങ്ങളെപ്പോലെ തന്നെ ‘അസി’ പദത്തേയും പരിശോധിച്ചുനോക്കാം.

അസി പദാര്‍ത്ഥം ശിവമെന്നാണെന്നു നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലൊ. ആ ശിവസ്വരൂപത്തിനും അശുദ്ധമായ വാച്യാര്‍ത്ഥവും ശുദ്ധമായ ലക്ഷ്യാര്‍ത്ഥവുമുണ്ട്. വാച്യാര്‍ത്ഥംഃ; സദ്രൂപശക്തി, ചിദ്രൂപശക്തി, ആനന്ദരൂപശക്തി ഇങ്ങിനെയുള്ള മൂന്നുപാധികളിലും താനെന്നുള്ള അഭിമാനമാകുന്നു.

ദ്രഷ്ടാവ്, ദൃശ്യമായ ചരാചരപ്രപഞ്ചം, ഇവയുടെ അന്തര്‍ബ്ബഹിര്‍ഭാഗങ്ങളില്‍ സ്വയം സദ്രൂപേണ പ്രകാശിക്കുന്നതിനെ സദ്രൂപശക്തിയെന്നും ചിദ്രൂപേണ പ്രകാശിക്കുന്നതിനെ ചിദ്രൂപശക്തിയെന്നും ആനന്ദസ്വരൂപമായി പ്രകാശിക്കുന്നതിനെ ആനന്ദരൂപശക്തിയെന്നും പറയുന്നു.

ഈ മൂന്നുപാധികളും തള്ളി അവയ്ക്ക് സാക്ഷിയായിപ്രകാശിക്കുന്ന ചൈതന്യമാണ് ശിവപദലക്ഷ്യാര്‍ത്ഥമായശുദ്ധാവസ്ഥ.

തത്ത്വമസി മഹാവാക്യത്തിന്റെ ലക്ഷ്യാര്‍ത്ഥമായ ജ്ഞാനം, ബ്രഹ്മം, ശിവം ഇവ മൂന്നിനും ശബ്ദഭേദമല്ലാതെ അര്‍ത്ഥഭേദം ലേശവുമില്ല. ആ വാസ്തവം മുന്‍പറയപ്പെട്ട ലക്ഷണാത്രയത്തില്‍ ജഹദജഹല്ലക്ഷണകൊണ്ടറിയേണ്ടതാണ് അതെങ്ങനെയെന്നാല്‍ ‘സോഽയം ദേവദത്തഃ’ ‘ആ ദേവദത്തന്‍ തന്നെയാണ് ഈ ദേവദത്തന്‍’ എന്ന വാചകത്തില്‍ വിശേഷണാംശം വ്യത്യസ്തമായിരുന്നാലും വിശേഷ്യമായ ലക്ഷ്യാര്‍ത്ഥം ഒന്നായിത്തന്നെയിരിക്കുന്നു. അതുപോലെ ജ്ഞാനം (ചിത്) ബ്രഹ്മം (സത്), ശിവം (ആനന്ദം) എന്നു പ്രത്യേകം പറഞ്ഞാലും ചൈതന്യം സച്ചിദാനന്ദസ്വരൂപമായി അഭേദമായിത്തന്നെ പ്രകാശിക്കുമെന്ന് ജഹദജഹല്ലക്ഷണാവൃത്തികൊണ്ട് അറിയേണ്ടതാകുന്നു. ഇത് അസിപദശ്രവണമാണ്.

അസിപദമനനം

ശ്രവണത്തില്‍ പറഞ്ഞ മൂന്നുപാധികളും,(സദ്രൂപശക്തി, ചിദ്രൂപശക്തി, ആനന്ദരൂപശക്തി) ശിവസ്വരൂപത്തിന്റെ സ്ഥൂലസൂക്ഷ്മകാരണശരീരങ്ങളാണ്. ആ മൂന്നു ഉപാധികളെത്തന്നെയാണ് ശിവസ്വരൂപത്തിന്റെ ജാഗ്രദാദ്യവസ്ഥകളെന്നു ഗണിക്കപ്പെടുന്നത്. അതെങ്ങനെയെന്നാല്‍: സദ്രൂപശക്ത്യാദി മൂന്നുപാധികളോടുകൂടിയിരുന്ന സ്ഥാനം ശിവസ്വരൂപത്തിന്റെ സ്ഥൂലശരീരവും ജാഗ്രദവസ്ഥയുമാണല്ലൊ. അവിടെ ഞാനെന്നഭിമാനിച്ച ശിവ(ചൈതന്യ)ത്തിന് പരന്‍, ചിജ്ജ്വലിതന്‍, സദ്രൂപന്‍ എന്നിങ്ങനെ മൂന്നു നാമങ്ങള്‍ പറഞ്ഞു വരുന്നു. മൂന്നുപാധികളില്‍വച്ച് സദ്രൂപോപാധി നീങ്ങി ബാക്കി രണ്ടുപാധിയോടു ചേര്‍ന്നിരിക്കുന്ന സ്ഥാനം സൂക്ഷ്മശരീരവും സ്വപ്നാവസ്ഥയുമാണല്ലൊ? അവിടെ അഭിമാനിക്കുന്ന ശിവസ്വരൂപത്തിന് പരിപൂര്‍ണ്ണന്‍, പ്രാജാപത്യന്‍, ചിദ്രൂപന്‍ എന്നു മൂന്നു നാമങ്ങളുണ്ട്.

രണ്ടുപാധികളില്‍വെച്ച് ഒരുപാധി നീങ്ങി ആനന്ദരൂപശക്തിയായ ഒരുപാധിയോടുമാത്രം ചേര്‍ന്നിരിക്കുന്ന സ്ഥാനം കാരണശരീരവും സുഷുപത്യവസ്ഥയുമാകുന്നു. അവിടെ ഞാനെന്നഭിമാനിക്കുന്ന ശിവസ്വരൂപത്തിന് പരമാനന്ദന്‍, ഹിരണ്യപ്രശാന്തന്‍, ആനന്ദരൂപന്‍, എന്നു മൂന്നുപേരുകളുണ്ട്. ഈ മൂന്നുപാധികളായ സ്ഥൂലസൂക്ഷ്മകാരണശരീരങ്ങളും തദന്തര്‍ഭൂതങ്ങളായ ജാഗ്രത്സ്വപ്നസുഷുപത്യവസ്ഥകളും അഭിമാനനാമങ്ങളും ശിവസ്വരൂപമല്ല.

എങ്ങിനെയെന്നാല്‍: മേല്പ്പറയപ്പെട്ട മൂന്നുപാധികളോടു കൂടിയിരുന്ന സ്ഥൂലശരീരവും ജാഗ്രത്തും അതിലെ അഭിമാനനാമങ്ങളും സ്വപ്നത്തില്‍ നശിക്കുന്നു. അതുകൊണ്ട് അവയൊന്നും ശിവസ്വരൂപമല്ല. അതുപോലെ രണ്ടുപാധികളോടു ചേര്‍ന്നിരുന്ന സൂക്ഷ്മശരീരവും സ്വപ്നാവസ്ഥയും അതിലെ അഭിമാനനാമങ്ങളും സുഷുപ്തിയില്‍ നശിക്കുമെന്നറിയപ്പെടുകയാല്‍ അവയും ശിവസ്വരൂപമല്ല. അതുപോലെ തന്നെ ഒരു ഉപാധിയോടു ചേര്‍ന്നിരുന്ന കാരണശരീരവും സുഷുപത്യവസ്ഥയും അഭിമാനനാമങ്ങളും തുരീയത്തില്‍ നശിക്കുമെന്നു ബോധിക്കുകയാല്‍ അവയും ശിവസ്വരൂപമല്ല. ഇങ്ങനെ മൂന്നവസ്ഥകളും മൂന്നു ശരീരങ്ങളും അഭിമാനനാമങ്ങളും ശിവസ്വരൂപമല്ലെങ്കില്‍ പിന്നെ ഏതാണ് എന്നാണെങ്കില്‍ പറയാം. സ്ഥൂലസൂക്ഷ്മകാരണശരീരങ്ങള്‍ക്കും തദന്തര്‍ഭൂതങ്ങളായ ജാഗ്രത്സ്വപ്നസുഷുപത്യവസ്ഥകള്‍ക്കും വിലക്ഷണമായി സാക്ഷിയായി പ്രകാശിക്കുന്ന ചൈതന്യമാണ് അസിപദാര്‍ത്ഥമനനതുര്യരൂപമായ ശിവം.

അസിപദനിദിദ്ധ്യാസനം

അസിപദശ്രവണമനനങ്ങളില്‍ പറഞ്ഞ അര്‍ത്ഥചിന്തകൊണ്ട് സിദ്ധിച്ചശിവാനുഭവമാണ് നിദിദ്ധ്യാസനം. അതെങ്ങിനെയെന്നു പറയുന്നു.

അന്തര്‍മ്മുഖമായി സ്വരൂപസമാധിയില്‍ പ്രവേശിക്കുമ്പോള്‍, മൂന്നുപാധികളോടു ചേര്‍ന്നിരുന്ന സ്ഥൂലശരീരത്തെ അഭിമാനിച്ചത് പരാദ്യഭിമാനികളായിരുന്നു എന്നും, അതു ശിവജാഗ്രത്തായിരുന്നു എന്നും, അതുപോലെതന്നെ ആ മൂന്നുപാധികളില്‍വെച്ച് ഒരുപാധി നീങ്ങി രണ്ട് ഉപാധികളോടു ചേര്‍ന്നു നിന്ന സൂക്ഷ്മശരീരത്തെ അഭിമാനിച്ചത് പരിപൂര്‍ണ്ണാദ്യഭിമാനികളായിരുന്നു എന്നും, അതു ശിവസ്വപ്നമായിരുന്നു എന്നും, അപ്രകാരം തന്നെ ആ രണ്ട് ഉപാധികളില്‍വെച്ച് ഒരുപാധിനീങ്ങി ഒരുപാധിയോടു ചേര്‍ന്നിരുന്ന കാരണശരീരത്തെ അഭിമാനിച്ചത് പരമാനന്ദാദ്യഭിമാനികളായിരുന്നു എന്നും, അതു ശിവസുഷുപ്ത്യവസ്ഥയായിരുന്നു എന്നും അനുഭവപ്പെടുന്നതാണ്. ഇങ്ങനെയുള്ള ഈ മൂന്നുപാധികളേയും വിട്ട് ജീവസാക്ഷി ഈശ്വരസാക്ഷി എന്നുള്ളഭേദം കൂടാതെ ശിവതുരീയത്തില്‍ പ്രകാശിക്കുന്ന ശിവം- ശുദ്ധബ്രഹ്മം – തന്നെയാകുന്നു ‘ഞാന്‍’ എന്നും നീ അറിഞ്ഞുണരണം.

ഇങ്ങനെ മൂന്നു ശക്തികളും(ഉപാധികളും) താനല്ലെന്നും, അവയ്ക്കു വിലക്ഷണമായി സാക്ഷിയായി പ്രകാശിക്കുന്ന ശിവം തന്നെയാണ് താന്‍ എന്നും അറിയുന്നത് അസിപദനിദിദ്ധ്യാസനമാകുന്നു.

അല്ലയോ പ്രിയവത്സ, ഇങ്ങനെ തത്ത്വമസി മഹാവാക്യത്താല്‍ ലക്ഷീകരിക്കപ്പെട്ട അവാങ്മനോഗോചരവും അഖണ്ഡപരിപൂര്‍ണ്ണസത്താമാത്രസ്വരൂപവുമായ ശുദ്ധശിവം തന്നെയാണ് നിന്റെ സ്വരൂപമെന്നറിഞ്ഞുണര്‍ന്ന് ജീവമുക്തനായി പ്രശോഭിച്ചാലും ഇതാകുന്നു ജീവന്റെ പരമലക്ഷ്യം.