ശരീരതത്ത്വസംഗ്രഹം (2)

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘അദ്വൈതചിന്താപദ്ധതി’ (അദ്ധ്യാത്മികചിന്തകള്‍ ) യില്‍ നിന്ന്

അദ്ധ്യായം 2

ബ്രഹ്മചൈതന്യൈകദേശസ്ഥമായി സ്ഥിതിചെയ്യുന്ന മൂലപ്രകൃതിയെന്ന മായാശക്തിയുടെ ചേഷ്ടനിമിത്തം ശബ്ദസ്പര്‍ശ രൂപരസഗന്ധങ്ങളെന്ന അഞ്ചുവിഷയങ്ങള്‍ അഞ്ചു ഭ്രൂതങ്ങളായും ആ ഭ്രൂതങ്ങള്‍ അനേകഭേദഭിന്നചരാചര (സ്ഥാവരജംഗമ) രൂപ പ്രപഞ്ചമായുംഭവിച്ചു. ഈ പ്രപഞ്ചകല്പനയ്ക്ക് കാരണം പഞ്ചഭ്രൂത സമ്മിശ്രമായും പിണ്ഡാകാരമായുമിരിക്കുന്ന ശരീരം തന്നെയാണ് . അങ്ങനെയിരിക്കുന്ന ശരീരത്തിലുള്ള അത്ഭുതങ്ങള്‍ സകലരും ഗൗനിക്കത്തക്കവയാകയാല്‍ അവയെ ഇവിടെ കുറിക്കുന്നു. ഈ ശരീരത്തില്‍ സ്വഭാവതഃ സ്ഥിതിചെയ്യുന്ന ശ്വാസവായു ശരീരത്തെ രക്ഷിക്കുന്നതിന് ഉപയോഗമുള്ളതായി ത്തന്നെയിരിക്കുന്നു. ശ്വാസമാകട്ടെ മൂലാധാരത്തില്‍ നിന്നും ഉല്‍ഗമിച്ച് അതിന്റെ ഒരു ഭാഗം കപാലത്തില്‍ ചെല്ലുന്നതു കൂടാതെ മറ്റൊരു ഭാഗം നാസിക അല്ലെങ്കില്‍ വക്ത്രം മാര്‍ഗ്ഗമായി വെളിപ്പെട്ട് അതില്‍ ചില അംഗുല പ്രമാണം ചേതപ്പെട്ടുപോകുന്നു. ശേഷിച്ചതിനെ, മേല്‍പറഞ്ഞ കപാലത്തില്‍ ചെന്ന അംശം ഗ്രഹിച്ചുകൊണ്ടു മൂലാധാരത്തില്‍ തന്നെ പോയിച്ചേരുന്നു. ഇപ്രകാരം നിമിഷം തെറ്റാതെ ഊര്‍ധ്വമുഖമായും, അധോമുഖമായും പോയിവരുന്ന ഈ ശ്വാസം സുഷുപ്ത്യവസ്ഥയില്‍ ഉഗ്രമായി നടക്കുന്നത് സ്വഭാവമാകുന്നു. അതുകൊണ്ട് ശരീരത്തിന് ഏറ്റവും ആരോഗ്യം ഭവിക്കുന്നു. ജാഗ്രല്‍കാലത്തില്‍ ശ്വാസനടപ്പ് എത്രയും ലേശമായിരിക്കണം. അങ്ങനെയല്ലാതെ ഉഗ്രമായി നടക്കുമെങ്കില്‍ ദേഹത്തില്‍ ബലക്ഷയം നേരിട്ട്ശ്വാസവായുവിന്റെ മൂലാധാരവേരിന് അയവുണ്ടായിരിക്കുന്നുയെന്നും അത് അവസാനകാലസൂചനയെന്നും അറിയേണ്ടതാണ്. അപ്രകാരം ആപത്ത് നേരിടാതിരിക്കുന്നതിലേയ്ക്ക് ചെയ്യേണ്ടതായ ജാഗ്രത എന്തെന്നാല്‍ ജാഗ്രദവസ്ഥയില്‍ ശ്വാസനട, നയമായിരിക്കുന്നതിന് ശരീരദാര്‍ഢ്യം കാരണമാകയാല്‍ ശരീരത്തെ ശ്രമപ്പെടുത്താതെ രക്ഷിക്കണം,ശക്തി, ക്രമം, പരിമിതി ഇവയെ അതിക്രമിച്ച് യാതൊന്നും പ്രവര്‍ത്തിപ്പാന്‍ തുനിയരുത്. വിഷയാനന്ദാനുഭവത്തില്‍ വെളിപ്പെടുന്ന ശുക്രശോണിതങ്ങള്‍ ശരീരത്തിന്റെ യാവല്‍സാരാംശങ്ങളേയും പിഴിഞ്ഞ് ഒരു വഴിയൂടെയിറങ്ങുന്നവയാകയാലും ഇതിനാല്‍ ശരീരത്തിന് ഏറ്റവും ബലക്ഷയം സംഭവിക്കുന്നതിനാലും ഈ സംഗതിയില്‍ വളരെ വൈരാഗ്യത്തോടും മിതമായും ഇരിക്കേണ്ടതാണ്. പ്രജ്ഞ വിട്ടിരിക്കുമ്പോള്‍ ശ്വാസം ഏറ്റവും മൃദുവായി നടക്കുമെങ്കില്‍ അപായം തന്നെയാണ്.

ഇതല്ലാതെ നിഷ്‌ക്കര്‍ഷമായിരിക്കുന്ന അനേക ചില്ലറ (അന്തഃകരണവൃത്തികളെ വായുക്കളാക്കി പറഞ്ഞത്. ‘പ്രാണ ഏവ മനഃ, മന ഏവ പ്രാണഃ’ എന്ന നിയമമനുസരിച്ചാണ്. ശക്തിഭേദത്താലത്രേ ഇവയെ രണ്ടായി വ്യഹരിക്കുന്നത്) വായുക്കള്‍ ശ്വാസഗതാഗതസഹായത്താല്‍ പ്രകാശിച്ചുകൊണ്ട് ശരീരത്തില്‍ പല സ്ഥാനത്തിലും ഉണ്ട്. അവ. 1.മനസ്സ് 2. ബുദ്ധി 3. ചിത്തം 4. അഹങ്കാരം എന്ന ഈ നാലു സ്വഭാവങ്ങളോടുകൂടിയ അന്തഃകരണമാകയാല്‍ അതു സുഷുപ്തികാലത്തില്‍ പ്രകാശം കൂടാതെ അടങ്ങി കിടപ്പതും സ്വപ്നത്തിലേക്കാള്‍ ജാഗ്രദവസ്ഥയില്‍ അതിനു വിശേഷശക്തിയുണ്ടാകുന്നതും സ്വഭാവം തന്നെ. എന്തെന്നാല്‍ ശ്വാസം ബലപ്പെട്ടാല്‍ അന്തഃകരണം മലിനീഭവിക്കും. നയപ്പെട്ടാല്‍ പ്രകാശസമ്പന്നമാകും. ഈ അന്തഃകരണത്തിലടങ്ങിയിരിക്കുന്ന നാലു സ്വഭാവങ്ങളില്‍ മനസ്സായത്, ഭാവികാലസ്ഥിതിയെ ഗൗനിക്കാതെ അതിന്റെ പ്രത്യക്ഷത്തില്‍ കാണുന്ന വിഷയത്തില്‍ സൂചിക്കാത്ത ന്യായത്തില്‍ ഉടനെ വ്യാപരിക്കും.

ചിത്തമെന്നാല്‍ അപ്രകാരം മനസ്സു വ്യാപരിച്ച ഉടനെ ഏതെങ്കിലും അനുമാനത്തെ കൊടുക്കുന്നതു തന്നെയാണ്. ബുദ്ധിയെന്നാല്‍ അപ്രകാരം അനുമാനമുണ്ടായ ഉടനെ വിഹിതാവിഹിതങ്ങളെ വിചാരിച്ച് ഉചിതമായ കൃത്യം ഇന്നതെന്ന് നിര്‍ണ്ണയിക്കുന്നതാണ്. അഹങ്കാരമാകട്ടെ യാതൊരു കാര്യത്തെയെങ്കിലും ചെയ്‌വാന്‍ തുനിയുന്നതാണ്. ഒരു വിഷയത്തില്‍ മനസ്സു വ്യാപരിച്ച് ചിത്തം അനുമാനിച്ച ഉടനെ ആ വിഷയത്തെ ബുദ്ധിയുടെ വിചാരണയ്ക് കൊണ്ടുവന്ന് അഹങ്കാരം ചേര്‍ന്ന് നടത്തുന്ന നടപടി വൃഥാവിലല്ലാതേയും അംഗീകരിക്കത്തക്കതും ആയിരിക്കും. ഈ ക്രമം വിട്ട് (തെറ്റി) ഏതു വിഷയത്തിലെങ്കിലും മനസ്സ് വ്യാപിച്ച അല്ലെങ്കില്‍ അനുമാനം ജനിച്ച ഉടനെ ബുദ്ധിമയവിചാരണ കൂടാതെ അഹങ്കാരം കേറി വര്‍ദ്ധിച്ചു ക്രമോല്ലംഘിയായ നടപടിക്കിടയാകുമെങ്കില്‍ അതിനാലാപത്തും ശരീരവ്യഥയും അപകീര്‍ത്തിയും ധനനഷ്ടവും സംഭവിക്കുമെന്നുള്ളത് ലോകാനുഭവത്താല്‍ ദൃഢപ്പെട്ടിരിക്കുന്നതാകുന്നു. അതിനെ നിഗ്രഹിക്കുന്നതിലേയ്ക്ക് ആര്‍ക്കും കഴികയില്ല. ആകയാല്‍ ഗുണദോഷവിചാരം കൂടാതെ പ്രവൃത്തി പാടില്ല. ദുഷ്പ്രവൃത്തി ഹേതുവായി ആപത്തു സംഭവിച്ച് കറങ്ങുന്ന സമയത്തു മാത്രം എങ്ങാനും വിചാരണ ചെയ്വാന്‍ തുടങ്ങുന്ന മൂഢജനങ്ങള്‍ക്കുവേണ്ടി പശ്ചാത്താപം കൊണ്ടാടുന്നതു കൊണ്ടു മാത്രം പ്രയോജനം വല്ലതുമുണ്ടോ? അപ്രകാരം വിചാരം കൂടാതെ പ്രവര്‍ത്തിച്ചതിലേയ്ക്ക് അവരെകൊണ്ട് പ്രായശ്ചിത്തം ചെയ്യിക്കണം, എങ്കിലേ ശരിയാകൂ. ഇവിടെ പ്രായശ്ചിത്തമെന്നു പറഞ്ഞതിന്റെ അര്‍ത്ഥം സാധാരണ ധരിച്ചും നടന്നും നടത്തിച്ചും വരുന്ന പ്രകാരം ധനം മുതലായവയെകൊണ്ട് പെരുമാറുകയെന്നുള്ളതാണെന്നു ധരിക്കരുത്.പിന്നയോ, ‘പ്രായോ നാമ തപഃപ്രോക്തം ചിത്തം നിശ്ചയ ഉച്യതേ, താപോ നിശ്ചയ സംയുക്തം പ്രായശ്ചിത്തം തദുച്യതേ’, അതായതു പ്രായഃ എന്നതിന് തപസ്സെന്നും ‘തപ -ഉപതാപേ’ എന്ന ധാത്വര്‍ത്ഥപ്രകാരം തപസ്സെന്നതിന് താപ( വ്യസന) മെന്നും ചിത്തമെന്നതിന് നിശ്ചയമെന്നും ഇങ്ങനെ തപസ്സും നിശ്ചയവും കൂടിച്ചേര്‍ന്നത് പ്രായശ്ചിത്തം എന്നും അര്‍ത്ഥം ആകുന്നു. ഏതെങ്കിലും ഒരു കടും കൈ ചെയ്തുപോയാല്‍, ‘അയ്യോ! ഞാനിങ്ങനെ ചെയ്തുപോയല്ലൊ,’ എന്ന് പശ്ചാത്താപപ്പെടുകയും, തരം പോലെ പിന്നേയും പിന്നേയും ചെയ്കയും പശ്ചാത്താപിക്കയും, ചെയ്താല്‍ അതു പ്രായശ്ചിത്തമാകയില്ല. പാപം പ്രഭ്രൂതമായി വര്‍ദ്ധിച്ച് നരകാനുഭവത്തിനേ തരമാകുകയുള്ളൂ. അതിനാല്‍, ‘അയ്യയ്യോ ഞാനിങ്ങനെ ചെയ്തുപോയല്ലൊ,’ എന്നുള്ള പശ്ചാത്താപത്തോടുകൂടി ‘ഇനി ഞാനിങ്ങനെ ചെയ്യുകയില്ല’. എന്നൊരു നിശ്ചയവും കൂടെ ചേര്‍ത്തുകൊണ്ട് അപ്രകാരം നടക്കുന്നുവെങ്കില്‍ മാത്രം അപ്പോള്‍ പ്രായശ്ചിത്തശബ്ദത്തിന്റെ അര്‍ത്ഥവും തല്‍ഫലവും ശരിയായി സിദ്ധിക്കും.

പഞ്ചഭൂതങ്ങളാകുന്ന അഞ്ചുവിഷയങ്ങളേയും അറിഞ്ഞുകൊണ്ട് സുഖദുഃഖാവസ്ഥകളെ അനുഭവിക്കുമാറ് അന്തഃകരണങ്ങള്‍ക്ക് സഹായം ചെയ്യാനായി ജ്ഞാനേന്ദ്രിയങ്ങളെന്ന അഞ്ചു വായുക്കള്‍, അവയ്ക്കായി നിഷ്‌കര്‍ഷിക്കപ്പെട്ട സ്ഥാനങ്ങളില്‍, ദര്‍പ്പണങ്ങള്‍ എന്നതുപോലെ ശരീരത്തില്‍ ശോഭിക്കുന്നു. ഈ ഇന്ദ്രിയങ്ങളില്‍ ഓരോന്നും ഓരോരോ ഭ്രൂതസംബന്ധമായുള്ള വിഷയത്തെ ഗ്രഹിക്കുവാന്‍ സാധനമായിരിക്കുന്നു., ഈ ഇന്ദ്രിയങ്ങളില്‍ ഏതിലെങ്കിലുമാകട്ടെ അന്തഃകരണപ്രവേശമുണ്ടായാലല്ലാതെ വിഷയഗ്രഹണം പറ്റുകയില്ല. ‘അന്യത്രമനാ അഭൂവംനാഽശ്രൗഷം’ (എന്റെ മനസ്സ് വേറൊന്നിലായിരുന്നതുകൊണ്ട് ഞാന്‍കേട്ടില്ല) എന്നു തുടങ്ങിയ ശ്രുതി അതിനു തെളിവാകുന്നു ഈ ഇന്ദ്രിയങ്ങള്‍ വര്‍ത്തമാനകാലത്തിനു ചേര്‍ന്നതല്ലാതെ ഭൂതഭാവികാലങ്ങള്‍ക്ക് പറ്റുകയില്ല. ഒരിന്ദ്രിയവിഷയത്തില്‍ അന്തഃകരണപ്രവേശം ഉണ്ടായിരിക്കേ മറ്റുള്ള ഇന്ദ്രിയങ്ങളുടെ വിഷയങ്ങള്‍ മിഥ്യാഭൂതങ്ങളായിരിക്കുന്നു. സുഷുപ്തിസമയത്തില്‍ അന്തഃകരണം ലയിച്ചിരിക്കയാല്‍ അപ്പോള്‍ സകല ഇന്ദ്രിയങ്ങളും നിഷ്പ്രയോജനങ്ങളാണ്. അന്തകരണം ദൃഢമായിരിക്കുമ്പോള്‍ അത് പഞ്ചേന്ദ്രിയങ്ങളില്‍ ഏതിലെങ്കിലും ഒന്നില്‍ പ്രവേശിച്ചുകൊണ്ടല്ലാതിരിക്കയില്ല. അന്തഃകരണമാകട്ടെ ഇന്ദ്രിയമാര്‍ഗ്ഗത്തൂടെ വിഷയാദികളില്‍ വിശ്വാസം വൈപ്പതും തല്‍സംബന്ധമായി പെരുമാറ്റത്തിനു തുനിയുന്നതുമത്രേ പ്രപഞ്ചാനുഭവം. ഈയനുഭവം അതു ലഭിച്ച നിമിഷം മാറിയാല്‍ മിഥ്യയായും വ്യസനസാഗരത്തില്‍ മുക്കുന്നതായും ഇരിക്കയാല്‍ ഈ ഇന്ദ്രിയാനുഭവത്തെ വിശ്വസിച്ചുകൂടെന്നുള്ളത് നിശ്ചയം തന്നെ.

ഏതൊരുത്തനും വസ്തുപ്രത്യഭിജ്ഞാനാര്‍ത്ഥമായും മറ്റും ഒന്നിനെ ഊന്നി ആലോചിക്കുന്ന സമയത്തില്‍ ശ്വാസത്തെ തന്റെ നിലയില്‍ സ്തബ്ധമാക്കി നിര്‍ത്തുന്നത് സ്വാധീനമായും ആ അലോചനാ സമയത്തില്‍ നിദ്രയില്‍ എങ്ങനെയോ അപ്രകാരം അന്തഃകരണം അടങ്ങി ഇന്ദ്രിയങ്ങള്‍ നിഷ്പ്രയോജനമായിരിക്കുന്നത് സഹജമായും ഇരിക്കയാല്‍ ആ വിധം അന്തഃകരണം കൈവശപ്പെടുന്ന സ്വല്പകാലത്തില്‍ അതിനെ വിഷയാദികളില്‍ പ്രവേശിക്കാത്തവിധം അടക്കി തന്റെ മധ്യനില ഏതെന്ന് അറിവുകൊണ്ട് നിര്‍ണ്ണയിക്കുന്നത് ആത്മനിഷ്ഠയാകുന്നു. ഈ നിഷ്ഠയില്‍ സാക്ഷിമാത്രമായിരിക്കുന്ന അറിവുതന്നെ (ജ്ഞാനമേ) താന്‍ എന്ന ദൃഢപ്രത്യയമുണ്ടായി ശാശ്വതമായ സച്ചിദാനന്ദാനുഭവം സിദ്ധിക്കുന്നു. ഇത്രത്തോളം സൂക്ഷ്മമായ ഈ നിഷ്ഠയില്‍ അത്യാഗ്രഹമില്ലാത്ത അജ്ഞാനികള്‍ സല്‍ഗതിയെ പ്രാപിക്കുന്നതിന് വേറേ മാര്‍ഗ്ഗമുണ്ടെന്ന് വിശ്വസിക്കുന്നതില്‍ ഒരു പ്രയോജനവുമില്ല.

പിന്നേയും പ്രബലമായ മൂന്നു വായുക്കള്‍ ജലം, അഗ്നി, വായു ഈ മൂന്നു ഭ്രൂതങ്ങളുടെ സ്വഭാവങ്ങളോടുകൂടി ശ്ലേഷ്മപിത്ത വാതങ്ങളെന്ന മൂന്നു ധാതുരൂപങ്ങളായി ഈ ശരീരത്തില്‍ പ്രകാശിക്കുന്നു. ഈ ധാതുക്കളില്‍ വായുവിന്റെ സ്വഭാവത്തോടുകൂടിയ വാതം സൃഷ്ടികര്‍ത്താവായും അഗ്നിയുടെ സ്വഭാവത്തോടുകൂടിയ പിത്തം രക്ഷകര്‍ത്താവായും ജലത്തിന്റെ സ്വഭാവത്തോടുകൂടിയ ശ്ലേഷ്മം സംഹാരകകര്‍ത്താവായും അധികാരങ്ങളെ സ്വീകരിച്ച് നടത്തി വരുന്നു. ശ്ലേഷ്മധാതു പിത്തധാതുവിനും പിത്തംവാതധാതുവിനും അടങ്ങി നടക്കേണ്ടതാണ്. ശ്ലേഷ്മധാതു അതിക്രമിച്ചാല്‍ അപായം തന്നെ. പിത്തധാതു പ്രകൃതിവിട്ടാല്‍ ഉടനെ അതു കാരണമായി നിന്ന് ശ്ലേഷ്മധാതുവിനെ അധികപ്പെടുത്തി അപായസ്ഥിതിയിലാക്കും. ശരീരസ്ഥിതിയെ അറിഞ്ഞുകൊള്ളുന്നതില്‍ ഈ ധാതുക്കള്‍ തക്ക സാധനങ്ങളായിരിക്കുന്നു. ഇവ കൂടാതെ വേറെ ഓരോരോ ചില്ലറ വായുക്കളും അതാതിനു തക്കപോലെ ദേഹസംബന്ധമായുള്ള കാര്യങ്ങളെ നടത്തുന്നതില്‍ ഏര്‍പ്പെട്ടിരിക്കയാല്‍ അവയില്‍ ചിലത് ദേഹസംരക്ഷണാര്‍ത്ഥം ഉള്‍കൊള്ളുന്ന ആഹാരങ്ങളില്‍ ജലത്തേയും മറ്റുള്ള ഭക്ഷണസാധനങ്ങയളേയും ക്രമമായി കൊണ്ടുചെന്ന് നിയതസ്ഥാനങ്ങളില്‍ പ്രത്യേകം പ്രത്യേകമായി ചേര്‍ക്കുന്നു. അപ്രകാരം ചേര്‍ക്കപ്പെടുന്ന ആഹാരങ്ങളെ ചില വായുക്കള്‍ ജീര്‍ണ്ണപ്പെടുത്തുന്നു. അങ്ങനെ ജീര്‍ണ്ണമായതിനുശേഷം ആ ആഹാരങ്ങളുടെ സാരാംശങ്ങളെ ചില വായുക്കള്‍ ശരീരത്തിലുള്ള അനേകവായ്ചാലുകളില്‍ കൊണ്ടു ചെന്നു യാവദ്ദേഹാദ്യന്തം കലര്‍ത്തി മാംസം, രക്തം, അസ്ഥികള്‍, ഞരമ്പുകള്‍, കുടലുകള്‍, നഖങ്ങള്‍, രോമങ്ങള്‍ മുതലായവയെ വൃദ്ധിയാക്കുന്നു. ആ വിധ വര്‍ദ്ധനയ്ക്കായിട്ട് ഉപയോഗപ്പെടുത്തുന്നതു നീക്കി ശേഷമുള്ള അംശം ഓരോ രോമക്കാല്‍ വഴിയിലൂടെ വിയര്‍പ്പായിട്ട് പുറപ്പെട്ട് ത്വക്കിന്മേല്‍ അഴുക്കായി ചേരുന്നു. ഈ അഴുക്കിനെ മാറ്റുന്നതിന് പ്രതിദിനം സ്‌നാനം ചെയ്തില്ലെങ്കില്‍ ആയത് രോമദ്വാരങ്ങളെ അടച്ചുകളയുമെന്നതും അതിനാല്‍ ശരീരത്തില്‍ ദുര്‍ന്നീര് തങ്ങിനിന്ന് വ്യാധിയുണ്ടാക്കുമെന്നതും എല്ലാവര്‍ക്കും അനുഭവമാണെല്ലോ. ഇപ്രകാരം ആഹാരങ്ങളുടെ സാരാംശങ്ങള്‍ ഉപയോഗപ്പെട്ടതിനുശേഷം കട്ടിയായുള്ള അംശങ്ങള്‍ അതുകള്‍ക്കായി ഏര്‍പ്പെട്ടിരിക്കുന്ന മലജലമാര്‍ഗ്ഗങ്ങളില്‍ ചെന്ന് പുറത്തു പോകുമാറ് ചില വായുക്കള്‍ പ്രവര്‍ത്തിക്കുന്നു. ദേഹത്തിലെ മറ്റുള്ള ദ്വാരങ്ങളിന്‍ മാര്‍ഗ്ഗങ്ങളിലൂടെ ചില മലിനജലങ്ങളും അഴുക്കുകളും കൂടി പുറപ്പെടുന്നുണ്ട്. ഈ സര്‍വ്വവായുക്കളും അഹോരാത്രം നിമിഷമെങ്കിലും ഇടവിടാതെ അതതിന്റെ കാര്യങ്ങളെ എത്രയും ഭദ്രമായി നടത്തിവരുന്നതിനാല്‍ ഉപാധിക്കാസ്പദമായുള്ള ആഹാരങ്ങളെ വിലക്കിപ്പരിചരിച്ചിട്ടുള്ള (ഉത്തമമായിട്ടുള്ള)വയെ മാത്രം അളവും സമയവും തെറ്റാതെ സാധിച്ചു പോന്നില്ലെങ്കില്‍ ദേഹത്തിലുള്ള രക്തമാംസാദിയെ മുന്നിട്ട് കുടലുകളെ ബാധിക്കും. ആകയാല്‍ ഈ വിഷയത്തില്‍ എത്രയും ജാഗ്രതയായിരിക്കണം. ഉള്‍കൊള്ളുന്ന ആഹാരങ്ങളെ ജീര്‍ണ്ണപ്പെടുത്തുന്നതിന് ഉതകുന്ന വായുക്കള്‍ക്ക് നിദ്രാവസ്ഥയുടെ സഹായം മുഖ്യമാകയാല്‍ ഈ അവസ്ഥയെ നിര്‍ബന്ധിക്കുക പാടില്ല. ശരീരത്തിന്റെ ഏതു സ്ഥാനത്തില്‍ രക്തസഞ്ചാരം ഇല്ലാതിരിക്കുന്നവോ അവിടെ ഉണര്‍വ്വില്ല. അതിനാല്‍ പ്രാണവായു രക്തരൂപമായുള്ളതാണെന്ന് വിശ്വസിച്ച് രക്തപുഷ്ടിവിഷയത്തില്‍ ഗൗനിക്കേണ്ടതാണ്. കര്‍മ്മേന്ദ്രിയങ്ങള്‍ എന്നു നാമം സിദ്ധിച്ച് പ്രവൃത്തികള്‍ നടത്തുന്നതിന് സാധനങ്ങളായിരിക്കുന്ന അഞ്ചു വായുക്കളും ചേഷ്ടിക്കുന്നതിന് അഹങ്കാരം കാരണമായിരിക്കയാല്‍ ആ അഹങ്കാരം മേലിട്ടാലല്ലാതെ ഈ വായുക്കള്‍ക്ക് ശക്തിയില്ല.ദേഹസ്ഥിതിയെ വിചാരിച്ചാല്‍ ഇത് അപായകരമായും ബഹുജാഗ്രതയോടുകൂടി രക്ഷിക്കേണ്ടതായും ഇതു നിമിത്തം വിളയുന്ന ആപത്തുകള്‍ അപാരമായും ഇരിക്കുന്നു. ഇശ്ശരീരത്തിന്റെ അനുഭവം നരകാനുഭവം തന്നെ. ഇതിലടങ്ങിയിരിക്കുന്ന ദുര്‍ഗ്ഗന്ധങ്ങള്‍ക്ക് സദൃശമായി പറയുന്നതിലേയ്ക്ക് ഒന്നുമില്ല. ആകയാല്‍ ഈ ശരീരത്തിലും ഇതു സംബന്ധമായ വിഷയത്തിലും അഭിമാനം വെയ്ക്കാതെ തത്ത്വജ്ഞാന വിചാരണയില്‍ കാലത്തെക്കഴിച്ചു ഗതിയെ പ്രാപിക്കുന്നതാണ് ഈ മനുഷ്യജന്മത്തിനനുയോജ്യം.