സിദ്ധപദവിയിലേയ്ക്ക്

ജസ്റ്റിസ് കെ.ഭാസ്കരപിള്ളയുടെ ‘ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം മൂന്ന്

വിദ്യാഭ്യാസാനന്തരം നാട്ടിലെത്തിയ ചട്ടമ്പിയില്‍ മൗലികമായ പരിവര്‍ത്തനം സംഭവിച്ചിരിക്കുന്നു. ലൗകിക സുഖാസക്തി അയാളുടെ ഹൃദയത്തില്‍ നിഴല്‍ വീശിയില്ല. തഴച്ച താരുണ്യത്തിലെത്തിയെങ്കിലും മാദകവും വികാരോഷ്മളവുമായ യൗവനത്തിന്റെ കോരിത്തരിപ്പിന് ആ യുവാവിനെ സ്പര്‍ശിക്കുവാന്‍പോലും കഴിഞ്ഞില്ല. ബ്രഹ്മചര്യത്തിന്റെ നൈഷ്ഠികമായ പ്രതിഷ്ഠയില്‍നിന്ന് ലഭിച്ച വീര്യസിദ്ധി അയാള്‍ക്ക് ഒരഭൗമമായ പൗരുഷവും തേജസ്സും പ്രദാനം ചെയ്തു. ധനാര്‍ജ്ജനോപായങ്ങളില്‍ അയാള്‍ക്കു ശ്രദ്ധ പോയതേയില്ല. സുഖഭോഗങ്ങളുടെ ക്ഷണപ്രഭാചാഞ്ചല്യവും നശ്വരതയും വേറൊരു പന്ഥാവിലേയ്ക്കാണു കുഞ്ഞന്‍പിള്ളയെ കൈചൂണ്ടിക്കാട്ടിയത്. മാനവ സംസ്‌ക്കാരത്തിന്റെ അന്തരാത്മാവു പ്രതിഫലിക്കുന്ന ഒരു പ്രകാശകേന്ദ്രത്തിലേയ്ക്കു ചട്ടമ്പിയുടെ ചിന്ത ചിറകുവിരിച്ചുയര്‍ന്നു.

ആത്മസംയമനംകൊണ്ടു സുന്ദരവും പ്രശാന്തവുമായ ഒരു യൗഗികജീവിതമാണു ചട്ടമ്പി ഉദ്ഭാവനം ചെയ്തത്. കിട്ടുന്നതു കഴിയ്ക്കുക, ഇടമുള്ള സ്ഥലത്തു തങ്ങുക, ഇങ്ങനെ നിഷ്‌കൃഷ്ടാര്‍ത്ഥത്തില്‍ ഒരു സന്ന്യാസജീവിതംതന്നെ അദ്ദേഹം നയിച്ചു. സ്വന്തം എന്നു പറയുവാന്‍ ഒന്നുമുണ്ടായിരുന്നില്ല. സാമൂഹ്യജീവിതം അതിര്‍ത്തി വരച്ചിട്ടുള്ള ചിട്ടകളിലൊന്നും ചട്ടമ്പി ഒതുങ്ങിയില്ല. അവ അര്‍ത്ഥശൂന്യവും അസ്വാഭാവികവുമായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. പരിവ്രാജകവൃത്തി സ്വീകരിച്ചപ്പോള്‍ കുടുംബവുമായുള്ള ബന്ധവും അദ്ദേഹം ഉപേക്ഷിച്ചു. പത്തുപേര്‍ കൂടേണ്ട കാര്യങ്ങള്‍ക്കൊന്നും ചട്ടമ്പിയെ ആരും കൂട്ടിയിരുന്നില്ലെങ്കിലും അദ്ദേഹത്തെ കാണുമ്പോള്‍ എണീക്കാത്തവരും സാധാരണക്കാരില്‍നിന്ന് മുന്തിയ ഒരു മേന്മ കല്പിക്കാത്തവരും ഉണ്ടായിരുന്നില്ല. വിപുലമായ വായനയും ഉറച്ച ധാരണയും തെളിഞ്ഞ ചിന്തയുമുള്ള ഒരു ഭാവനാധനികനെയാണു ചട്ടമ്പിയില്‍ പണ്ഡിതലോകം കണ്ടത്. പ്രാക്തനങ്ങളായ ഗ്രന്ഥങ്ങളെല്ലാംതന്നെ, പ്രകാശിതങ്ങളാകട്ടെ, അപ്രകാശിതങ്ങളാകട്ടെ ചട്ടമ്പി പാരായണവിധേയമാക്കിയതുമൂലം ഒരു ജംഗമമായ വിവിധ വിജ്ഞാനകോശം എന്ന നിലയില്‍ അദ്ദേഹം അഭിജ്ഞമണ്ഡലത്തിന്റെ അത്ഭുതാദരം കവര്‍ന്നു.

ഈ ഘട്ടത്തില്‍ ചട്ടമ്പിക്കു തലസ്ഥാനനഗരിയില്‍ ഒരു സ്ഥിരതാവളം ലഭിച്ചു. ആ അഭയകേന്ദ്രം വളരെക്കാലത്തേയ്ക്ക് അദ്ദേഹത്തിനു താങ്ങും തണലുമായിരുന്നു. ചട്ടമ്പിയുടെ അകന്ന വഴിയില്‍ ഒരു ജ്യേഷ്ഠന്‍ കേശവപിള്ള അന്നു മരാമത്തില്‍ ഓവര്‍സീയറായിരുന്നു. കേശവപിള്ളയുടെ ഭാര്യയ്ക്ക് (തമ്പാനൂര്‍ കല്ലുവീട്ടിലെ ഒരു സ്ത്രീ) ഒരു ഉദരരോഗവും അപസ്മാരബാധയും വന്നിട്ടു ചികിത്സകള്‍കൊണ്ടൊന്നും ശമനം ലഭിച്ചില്ല. ഭാര്യയുടെ ജീവിതനൈരാശ്യത്തില്‍ വിഷാദഗ്രസ്തനായി കേശവപിള്ള കഴിഞ്ഞുകൂടവേയാണു ചട്ടമ്പി വലിയ സിദ്ധനായി നാട്ടില്‍ എത്തിയിരിക്കുന്നു എന്ന വാര്‍ത്ത ചെവിയില്‍ പതിച്ചത്. ഉടന്‍തന്നെ കുഞ്ഞന്‍പിള്ളയേയും കൂട്ടിക്കൊണ്ടു കേശവപിള്ള കല്ലുവീട്ടിലെത്തി. മാന്ത്രികകര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ സ്വാഭാവികമായി ഒരു വെറുപ്പുണ്ടായിരുന്നു ചട്ടമ്പിക്ക്. പക്ഷേ, ഇവിടെ എന്തെങ്കിലും പ്രവര്‍ത്തിക്കാതെ നിവൃത്തിയില്ലെന്നായി. ഒരു ചെറിയ കര്‍മ്മംകൊണ്ട് ആ സ്ത്രീക്കുണ്ടായിരുന്ന ഉപദ്രവങ്ങളെല്ലാം ചട്ടമ്പി മാറ്റിയെന്നു പറഞ്ഞാല്‍ക്കഴിഞ്ഞല്ലോ. ഒരു രണ്ടാം ജന്മം കിട്ടിയതുപോലെയായി അവര്‍ക്ക്. കുഞ്ഞന്‍പിള്ള കാണപ്പെട്ട ദൈവവുമായി. കല്ലുവീട് അങ്ങനെ ചട്ടമ്പിയുടെ സ്വന്തഗൃഹമായി മാറി. തിരുവനന്തപുരത്തുള്ള പ്പോള്‍ അദ്ദേഹം കല്ലുവീട്ടില്‍ത്തന്നെ കാണും. പാട്ടും മേളവും വേദാന്തവുമായി ഒരു സംഘം ആരാധകന്മാര്‍ എപ്പോഴും ആ ഗൃഹപരിസരത്തില്‍ ചുറ്റിപ്പറ്റി നില്‍ക്കും. കല്ലുവീട് കേന്ദ്രമാക്കിക്കൊണ്ടു ചട്ടമ്പി ചില സര്‍ക്കീട്ടുകളും ചിലപ്പോള്‍ നടത്തും. ഉള്ളൂര്‍, മേലുഴിയാള്‍ത്തുറ, നേമം, തിരുവല്ലം മുതലായ സ്ഥലങ്ങളില്‍ ഒന്നു ചുറ്റിത്തിരിഞ്ഞു എന്നുവരും. വേറൊന്നിനുമല്ല; വല്ല അപൂര്‍വ്വഗ്രന്ഥങ്ങളും പഴയ കുടുംബങ്ങളിലെവിടെയെങ്കിലും ഉണ്ടെങ്കില്‍ ഒന്നു നോക്കുവാന്‍. പകല്‍ അങ്ങനെ യാത്രയില്ല. വെയിലാറുമ്പോള്‍ തിരിച്ചാല്‍ കിഴക്കു വെള്ള വീശുമ്പോള്‍ വീണ്ടും വീടു പറ്റും; അതായിരുന്നു സഞ്ചാരത്തിനുള്ള സമയം. എപ്പോള്‍ വരുമെന്നോ എവിടെ പോകുമെന്നോ ആര്‍ക്കും നിശ്ചയമൊട്ടുണ്ടായിരുന്നില്ലതാനും. ഇഴജന്തുക്കളെ അദ്ദേഹത്തിനു പേടിയില്ല. ക്ഷുദ്രദേവതകളേയും അങ്ങനെതന്നെ; വെയിലിനെ മാത്രമേയുണ്ടായിരുന്നുള്ളു ഭയം.

ഒഴിയാത്ത ബാധകളെ ഒഴിച്ചും, മാറാത്ത രോഗങ്ങളെ മാറ്റിയും, വെളിവില്ലാത്തവര്‍ക്കു വെളിവു വരുത്തിയും ഇങ്ങനെ വൈദ്യനായും മാന്ത്രികനായും സിദ്ധനായും ക്ഷണകാലംകൊണ്ടു സ്വാമികളുടെ പേരു പൊങ്ങി. അനുഭവസ്ഥന്മാര്‍ കൂടിയപ്പോള്‍ അത്ഭുതകഥകള്‍ നാടെങ്ങും പ്രചരിച്ചു. സ്വാമികളെ കടിച്ച പാമ്പു സ്വയം മൃതിയടയുകയാണു ചെയ്തതെന്നും മൃഗങ്ങള്‍ സ്വാമികളുടെ ചൊല്പടിക്കു നില്‍ക്കാറുണ്ടെന്നും മറ്റുമുള്ള കഥകള്‍ തലസ്ഥാന നഗരിയില്‍ പാട്ടായിത്തീര്‍ന്നു. സിദ്ധികളെ പ്രദര്‍ശിപ്പിക്കുന്നതില്‍ സ്വാമികള്‍ വിമുഖനായിരുന്നു. ജ്ഞാനസമ്പാദനത്തിലാണ് അദ്ദേഹം സദാ നിരതനായിരുന്നത്. ഈ സമയം തന്ത്രഗ്രന്ഥങ്ങള്‍ നോക്കുവാന്‍ അദ്ദേഹത്തിന് ഒരവസരം കിട്ടി. പ്രസിദ്ധ തന്ത്രികളായ കൂപക്കര പോറ്റിമാര്‍ അവരുടെ മഠത്തില്‍ വളരെയേറെ തന്ത്രഗ്രന്ഥങ്ങള്‍ ശേഖരിച്ചുവച്ചിരുന്നു. ഗ്രന്ഥപ്പുര വിചാരിപ്പുകാരന്റെ സഹായത്തോടുകൂടി സ്വാമികള്‍ ഗ്രന്ഥപ്പുരയില്‍ക്കടന്നു പല ദിവസങ്ങള്‍കൊണ്ടു ഗ്രന്ഥങ്ങളെല്ലാം പരിശോധിക്കുകയും വിവരങ്ങള്‍ കുറിച്ചെടുക്കുകയും ചെയ്തു. രഹസ്യമായി വച്ചിരുന്ന മന്ത്രാനുഷ്ഠാനവിധികളും ക്ഷേത്രപൂജ, ബിംബപ്രതിഷ്ഠ, ശ്രീഭൂതബലി മുതലായ ക്ഷേത്രാചാരതന്ത്രങ്ങളും അദ്ദേഹം അങ്ങനെയാണു ഗ്രഹിച്ചത്. അവ പില്‍ക്കാലത്തു സ്വാമികള്‍ക്കു പ്രയോജനപ്പെടുകയും ചെയ്തു.

സ്വാമികളുടെ രക്ഷിതാവായ ഓവര്‍സീയര്‍ക്ക് ഇക്കാലം സര്‍ക്കാര്‍ കെട്ടിടംപണി സംബന്ധിച്ചു വാമനപുരത്തു സ്ഥിരതാമസമാക്കേണ്ടിവന്നു. കേശവപിള്ളയും കുടുംബവും അങ്ങോട്ടു മാറിയപ്പോള്‍ സ്വാമികളുടേയും പ്രവര്‍ത്തനരംഗം ആ സ്ഥലമായി. ചട്ടമ്പിയുടെ ഏതഭിലാഷവും സാധിച്ചുകൊടുപ്പാന്‍ കേശവപിള്ള ഒരുക്കമായിരുന്നു. വിലപിടിപ്പുള്ള പല പുസ്തകങ്ങളും കല്‍ക്കട്ട, കാശി മുതലായ സ്ഥലങ്ങളില്‍നിന്ന് കേശവപിള്ള സ്വാമികളുടെ ആവശ്യപ്രകാരം വരുത്തിക്കൊടുത്തിരുന്നു. വാമനപുരത്തു വന്നതിനുശേഷവും ദേശസഞ്ചാരംതന്നെയായി സ്വാമികള്‍ക്ക്. വിദ്വാന്മാരുടെ കുടുംബങ്ങള്‍ തേടി ഗ്രന്ഥപരിശോധന ചെയ്യുകയായിരുന്നു പ്രധാന ജോലി. നാടോടിപ്പാട്ടുകള്‍, ഐതിഹ്യങ്ങള്‍, ഭൂമിശാസ്ത്ര വിവരങ്ങള്‍ മുതലായവ ഗവേഷണപൂര്‍വ്വം അദ്ദേഹം അന്വേഷിച്ചു ഗ്രഹിച്ചുവന്നു. കിളിമാനൂര്‍, ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, നെടുമങ്ങാട് മുതലായ സ്ഥലങ്ങളിലും അദ്ദേഹം ഇക്കാര്യത്തിനു പോയിരുന്നു. ദമയന്തിനാരായണപിള്ള എന്ന പ്രസിദ്ധ കഥകളിനടനും അവിടത്തെ അനുഗമിച്ച് അന്നു നെടുമങ്ങാട്ടു പല സ്ഥലത്തും സഞ്ചരിച്ചിട്ടുണ്ട്. കിളിമാനൂരില്‍ സ്വാമികള്‍ക്കു മന്ത്രവാദം, വൈദ്യം, ജ്യോത്സ്യം എന്നീ വിഷയങ്ങളില്‍ ഉപരിപഠനത്തിനു സൗകര്യം ലഭിച്ചു. പ്രസിദ്ധ പണ്ഡിതനായ അമ്പുങ്കല്‍ കേശവനാശാന്റെയടുത്താണു സ്വാമികള്‍ പ്രസ്തുത ശാസ്ത്രങ്ങളില്‍ സംശയനിവാരണം വരുത്തിയത്. കേശവനാശാന്റെ ഗൃഹത്തില്‍ വിദ്യാഭ്യാസാര്‍ത്ഥം കൂടിയിരുന്ന ചിറയിന്‍കീഴ് ഗോവിന്ദപ്പിള്ളച്ചട്ടമ്പി, കാവുങ്ങല്‍ കൊച്ചുരാമന്‍ വൈദ്യന്‍ എന്നിവരുമായി വിദ്യാവിനിമയംചെയ്തു സ്വാമികള്‍ അക്കാലം ഉല്ലാസകരമായി ദിവസങ്ങള്‍ നയിച്ചു.

മരുത്വാമലയില്‍വച്ചു കഥാപുരുഷന്‍ കല്പസേവ തുടങ്ങിയെങ്കിലും അതു പൂര്‍ത്തിയാക്കിയതു വാമനപുരത്തു വച്ചായിരുന്നു. സ്വാമികള്‍ രുചിച്ചുനോക്കാത്ത പച്ചില ഇല്ലാതായി. ഈ പ്രവണത കണ്ടു ഗ്രാമീണസ്ത്രീകള്‍ ‘ആടുകുഞ്ഞന്‍പിള്ള’ എന്ന അഭിധാനംകൊണ്ടു സ്വാമികളെ വിശേഷിപ്പിച്ചുവന്നു. വാമനപുരത്തെ വാസം മറ്റൊരു സംഗതിയാലും സ്മരണീയമാണ്. ശ്രീനാരായണഗുരുസ്വാമികളുമായുള്ള സമാഗമം ഇവിടെ വച്ചാണുണ്ടായത്. അത് ആയിരത്തിയന്‍പത്തിയെട്ടാമാണ്ടായിരുന്നു.

നാണുവാശാന്‍ എന്ന ഒരീഴവയുവാവ് സംസ്‌കൃതപഠനം കഴിഞ്ഞു സ്വദേശമായ ചെമ്പഴന്തിയില്‍ തിരിച്ചെത്തിയതു ലൗകികനിവൃത്തനായ ഒരു മുമുക്ഷുവിന്റെ നിലയിലായിരുന്നു. ആശാന്റെ തീവ്രവൈരാഗ്യം കണ്ടപ്പോള്‍ അയാളെ വഴിതിരിച്ചു വിവാഹബന്ധത്തില്‍ കുടുക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചു. പേരിനുവേണ്ടി അങ്ങനെയൊരു ചടങ്ങു നിര്‍വ്വഹിക്കേണ്ടിവന്നെങ്കിലും ആ യുവാവിനെ മാനസാന്തരപ്പെടുത്താന്‍ കാമിനീകാഞ്ചനാദികള്‍ അസമര്‍ത്ഥങ്ങളായി ഭവിച്ചു. യോഗശാസ്ത്രവും വേദാന്തവും അഭ്യസിക്കണമെന്ന ആശയാണ് ആശാനില്‍ ബലമായി വേരുറച്ചത്. ഈ സംഗതി തന്റെ ഗുണകാംക്ഷിയായ ചെമ്പഴന്തി പൊടിപ്പറമ്പില്‍ നാരായണപിള്ളയെ ഗുരുസ്വാമികള്‍ അറിയിച്ചു. നാണുവാശാനു മാര്‍ഗ്ഗോപദേശം ചെയ്‌വാന്‍ സ്വാമികളെയാണു നാരായണപിള്ള നിശ്ചയിച്ചത്.ഈ ഘട്ടത്തില്‍ അണിയൂര്‍ ക്ഷേത്രത്തില്‍ വച്ചു സ്വാമികള്‍ യാദൃശ്ചികമായി നാണുവാശാനെ കാണുവാനിടയായി. മേധാവിയായ ആ യുവാവിനെ ദര്‍ശനമാത്രയില്‍ത്തന്നെ ആത്മവിദ്യയ്ക്ക് അധികാരിയാണെന്നു കണ്ട സ്വാമികള്‍ വാമനപുരത്തേയ്ക്കു ക്ഷണിച്ചു.

വാമനപുരത്തെത്തിയ നാണുവാശാന്‍ സ്വാമികളുടെ ഒരു സന്തതസഹചാരിയായിത്തീര്‍ന്നു. ചട്ടമ്പിയുടെ വേദാന്തജ്ഞാനവും വിദ്യാകുശലതയും ആശാന്റെ ബഹുമാനം കവര്‍ന്നു. ഗുരുനിര്‍വ്വിശേഷമായ ആദരം സ്വാമികളില്‍ ആശാനുണ്ടായി. ആത്മസാക്ഷാല്‍ക്കാരത്തിലെത്താന്‍ താന്‍ ചവിട്ടിക്കയറിയ പടികള്‍ നാണുവാശാനു സ്വാമികള്‍ വിശദീകരിച്ച് ബാലാസുബ്രഹ്മണ്യമന്ത്രം ഉപദേശിച്ചു. ഉപാസനാദേവതയുടെ പ്രത്യക്ഷസിദ്ധി വന്നപ്പോള്‍ യോഗാഭ്യാസംവഴി ആ സിദ്ധി ഉള്‍ക്കൊള്ളുവാനുള്ള ഒരു തയ്യാറെടുക്കലേ നാണുഗുരുവിന്നാവശ്യമായിരുന്നുള്ളൂ. യോഗസംബന്ധമായ പ്രാഥമിക പാഠങ്ങള്‍ മനസ്സിലാക്കുവാനും ദൃഢപ്പെടുത്തുവാനും നാണുവാശാന് അധികശ്രമം വേണ്ടിവന്നില്ല. ചില സമയം ആശാനും സ്വാമികളും തൈക്കാട്ട് അയ്യാവിനേയും സന്ദര്‍ശിച്ചുവന്നു. ഗുരുസ്വാമികളും അയ്യാവിന്റെ ശിഷ്യത്വം സ്വീകരിച്ചു. എന്നാല്‍ അക്കാലം അയ്യാവില്‍ ചില നൂതനപ്രവണതകളുടെ കാറ്റ് വീശിയിരുന്നു. രസപാകംവഴി സ്വര്‍ണ്ണമുണ്ടാക്കുവാനുള്ള മാര്‍ഗ്ഗാന്വേഷണമായിരുന്നു അദ്ദേഹത്തിന്. വേദാന്തവിഹായസ്സില്‍ ഉയര്‍ന്നുപറന്ന ഗരുഡന്റെ ദൃഷ്ടി ഭൂമിയിലുള്ള കാഞ്ചനമാകുന്ന ചീഞ്ഞ ശവത്തില്‍ പതിഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ രണ്ടുപേരും എന്നെന്നേയ്ക്കുമായി അവിടംവിട്ടു.

സ്വാമികളും നാണുവാശാനും അനന്തരം തെക്കന്‍ദിക്കുകളില്‍ ഒരു പദയാത്ര ആരംഭിച്ചു. സിദ്ധന്മാരെ പൂജിച്ചും വിജനസ്ഥലങ്ങളില്‍ ഏകാന്തധ്യാനം ചെയ്തും മരുത്വാമല മുതലായ സ്ഥലങ്ങളില്‍ അവര്‍ സഞ്ചരിച്ചു. ജനബഹുലങ്ങളായ നഗരങ്ങളോ വ്യാപാരസ്ഥലങ്ങളോ ഈ യുവയോഗികളെ ആകര്‍ഷിച്ചതേയില്ല. പ്രകൃതിരമണീയങ്ങളും തരുനിബിഡങ്ങളുമായ ഗിരിതടങ്ങളിലായിരുന്നു അവര്‍ ഈശ്വരചൈതന്യത്തിന്റെ വിലാസം വികസ്വരമായി കണ്ടത്. ഫലമൂലങ്ങള്‍ ഭക്ഷിച്ചും നീരുറവകളില്‍ നിന്ന് വെള്ളം കോരി കുടിച്ചും ഹിംസ്രജന്തുക്കളുമായി സഹവാസം ചെയ്തും കാലം കടത്തിയ ആ ബ്രഹ്മവിത്തുകള്‍ ആത്മസത്തയുടെ ഉച്ചകോടിയെ അനാവരണം ചെയ്തു സൂക്ഷ്മഭാവം ദര്‍ശിക്കുകതന്നെ ചെയ്തു. അഗാധമായ ജീവിതാവബോധം അവര്‍ക്കു സമ്പാദിക്കുവാന്‍ കഴിഞ്ഞത് ബാഹ്യലോകവുമായി സ്പര്‍ശമില്ലാതെ ഗുഹാന്തരങ്ങളില്‍ തപോവൃത്തി ആചരിച്ച ഈ കാലങ്ങളിലാണ്. അവധൂതന്മാര്‍, സിദ്ധന്മാര്‍ എന്നിവരുമായുള്ള നിരന്തര സമ്പര്‍ക്കംമൂലം ഉദാത്തങ്ങളും വിമലങ്ങളുമായ വിചാരങ്ങളെ പരിലാളിക്കുവാനും യോഗരഹസ്യങ്ങളെ കരതലാമലകം പോലെ മനസ്സിലാക്കുവാനും അവര്‍ക്കു സാധിച്ചു. ദക്ഷിണപ്രദേശങ്ങളില്‍ ഈ മഹാത്മാക്കളുടെ പാദസ്പര്‍ശമേല്‍ക്കാത്ത സ്ഥലമുണ്ടെന്നു തോന്നുന്നില്ല. നാനാമുഖങ്ങളായ അറിവുകള്‍ സമ്പാദിക്കുവാനും മനുഷ്യനെ മനുഷ്യനായി കാണുവാനും മഹനീയങ്ങളായ ആദര്‍ശങ്ങളെ പ്രബലപ്പെടുത്തുവാനും സ്വാമികള്‍ക്കും ഗുരുസ്വാമികള്‍ക്കും ഈ തീര്‍ത്ഥാടനം ഒരു സുവര്‍ണ്ണാവസരം പ്രദാനം ചെയ്തു.

പര്യടനം കഴിഞ്ഞു തിരിച്ചുള്ള യാത്രയില്‍ ഒരു ദിവസം അവര്‍ നെയ്യാറ്റിന്റെ പതനസ്ഥാനത്ത് എത്തിയപ്പോള്‍ ജലദൗര്‍ല്ലഭ്യംമൂലം വരണ്ടുകിടന്ന ആ നദീതടത്തിലൂടെ ഒരു കൗതുകസഞ്ചാരം ചെയ്യാന്‍ നിശ്ചയിച്ചു. അങ്ങനെ കുറച്ചുദൂരം മേല്‌പോട്ടു ചെന്നപ്പോള്‍ അരുവിപ്പുറം എന്ന സ്ഥലത്ത് അവര്‍ എത്തി. മനോഹരമായ ആ സ്ഥലം ആ മഹാത്മാക്കളെ അത്യന്തം ആകര്‍ഷിച്ചു. ഏതു സാധനയ്ക്കും പറ്റിയ ഒരു സ്ഥാനമാണതെന്ന് അവര്‍ക്കു തോന്നി. അവ്യക്തമധുരമായ നിര്‍ഝരീനിര്‍ഘോഷം ആ യോഗിവര്യന്മാര്‍ക്ക് ആനന്ദവും വിശ്രമവുമരുളി. ഗുരുസ്വാമികളാകട്ടെ ആ സ്ഥാനം ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ആസ്ഥാനമാക്കുവാന്‍ മനസ്സില്‍ വിഭാവനചെയ്തു. അവിടന്നു കൂടുതല്‍ കാലം അരുവിപ്പുറത്ത് തപോനിരതനായികഴിഞ്ഞു. എന്നാല്‍ സ്വാമികള്‍ ഇടയ്ക്കിടയ്ക്കു തിരുവനന്തപുരത്തും നെടുമങ്ങാട്ടും സഞ്ചരിച്ചുകൊണ്ടിരുന്നു.

കഥാനായകനു തിരുവനന്തപുരത്ത് ഇതിനകം വേറെ ചില ശിഷ്യന്മാര്‍ ഉണ്ടായി. നാരായണഗുരുവിന്റെ സഹപാഠികളായ പെരുന്നെല്ലി കൃഷ്ണന്‍വൈദ്യന്‍, വെളുത്തേരി കേശവന്‍ വൈദ്യന്‍ എന്നീ രണ്ട് ഈഴവയുവാക്കന്മാര്‍ സ്വാമികളുടെ സൗഹൃദം സമ്പാദിച്ചു. പൗരുഷശാലിയായ കേശവന്‍വൈദ്യന്‍ ഗുസ്തിമുറകള്‍ സ്വാമികളില്‍ നിന്നും വശപ്പെടുത്തിയപ്പോള്‍ വരകവിയായ കൃഷ്ണന്‍വൈദ്യന്‍ സംസ്‌കൃതകാവ്യങ്ങളും വ്യാകരണവും അഭ്യസിക്കുകയാണു ചെയ്തത്. വിദ്യാവിനയസമ്പന്നരായ ആ യുവാക്കന്മാര്‍ ചട്ടമ്പിസ്വാമികളെ ആകര്‍ഷിച്ചതില്‍ അത്ഭുതമില്ല. സ്വാമികളെ ഒരു ഗുരുവായി അവര്‍ വരിക്കയും സ്വഗൃഹങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി മാനിക്കയും ചെയ്തു. അങ്ങനെ കഥാപുരുഷന്‍ തിരുവനന്തപുരത്തുള്ളപ്പോള്‍ വെളുത്തേരിയിലോ പെരുന്നെല്ലിയിലോ ആക്കി താമസം. ചില സമയം നാരായണഗുരുവും വന്നുകൂടും. കവിതാരചന, വേദാന്തഭാഷണം, കായികാഭ്യാസം ഇവയായിരുന്നു ആ സുഹൃദ്‌സമാജത്തിലെ സജീവപരിപാടികള്‍. ആ സംഘത്തില്‍ പ്രായം, വിദ്വത്വം എന്നിവകൊണ്ടു വരിഷ്ഠസ്ഥാനം ചട്ടമ്പിസ്വാമികള്‍ക്കുതന്നെ ആയിരുന്നു. ശിഷ്യന്മാരെ സ്‌നേഹശൃംഘലയാല്‍ ബന്ധിക്കുകനിമിത്തം അവര്‍ അനന്യശരണന്മാരും അവിടത്തെ ആജ്ഞാനുവര്‍ത്തികളുമായി ഭവിച്ചു. ശ്രീ. വി. കുഞ്ഞുകൃഷ്ണന്‍ ആ സുഹൃത്ബന്ധത്തെ പ്രകീര്‍ത്തിക്കുന്നതു നോക്കുക:*

‘ഷണ്മുഖദാസ ശ്രീ. കുഞ്ഞന്‍പിള്ള ചട്ടമ്പിസ്വാമി തിരുവടികളുടെ സാഹചര്യവും സഹായഹസ്തവും ഇവരിരുവര്‍ക്കും (വെളുത്തേരിക്കും പെരുന്നെല്ലിക്കും) ഇക്കാലങ്ങളില്‍ ഒരു സിദ്ധവസ്തുവായിരുന്നിട്ടുണ്ട്. ശാസ്ത്രങ്ങളിലും കലകളിലും തീവ്രവ്യായാമന്മാരായ ഈ യുവാക്കളുടെ കഴിവുകള്‍ അമൂല്യങ്ങളാണെന്നും ജാതിവിചാരത്താല്‍ അധഃപതനോന്മുഖമായ കേരളീയ സമുദായങ്ങളുടെ മോചനത്തിനായി അവയെ സമര്‍ത്ഥമായി പ്രയോജനപ്പെടുത്താമെന്നും സ്വാമികള്‍ കണ്ടിരുന്നതായി വിചാരിക്കാം. ‘കിട്ടനെ കവിയാക്കാനായിരുന്നു ഞാന്‍ കവിവേഷം കെട്ടിയത്. കിട്ടനും കേശവനും എന്റെ രണ്ടു ചിറകുകളായിരുന്നു. അവര്‍ രണ്ടുപേരും പോയതില്‍പ്പിന്നെ ഞാന്‍ കവിവേഷംകെട്ടി പറക്കാറില്ല’ എന്നു പെരുന്നെല്ലിയേയും വെളുത്തേരിയേയുംപറ്റി സ്വാമികള്‍ ഒരവസരത്തില്‍ പ്രസ്താവിച്ചിട്ടുള്ളതായി അറിയുന്നു. മാതൃനിര്‍വ്വിശേഷമായ കാരുണ്യം സ്വാമികള്‍ ഇവരുടെമേല്‍ ചൊരിഞ്ഞു’

വെളുത്തേരിയും പെരുന്നെല്ലിയുമായി സ്വാമികള്‍ക്കുണ്ടായിരുന്ന സൗഹൃദം സുന്ദരവും അകന്മഷകവുമായിരുന്നു. ഈ രണ്ടു വിദ്വത്കവികളിലും മൊട്ടിട്ടുനിന്ന കവിതാവാസന വികസിപ്പിച്ചു പുഷ്പഫലാഢ്യമാക്കിത്തീര്‍ത്തതില്‍ സ്വാമികള്‍ക്കായിരുന്നു മുഖ്യപങ്ക്. വെളുത്തേരി അവിടുത്തെ ആരാധിക്കുന്നതു ഇപ്രകാരമാണ്:

‘അദൈ്വതാനന്ദപീയൂഷ-
ലഹരീമഗ്നമാനസം
ഭാവയേ ഭാവനാദൂരം
ശ്രീഗുരും ശിശുനാമകം.’

സ്വാമികളുടെ താല്‍ക്കാലിക വിയോഗത്തില്‍ പെരുന്നെല്ലി വിരഹതപ്തനാകുന്നതു കാണുക:

‘കുത്തിപ്പിടിച്ചു കുതുകക്കുളിര്‍മുത്തു നല്‍കും
മുത്താരമേ, മധുരമേ, ബത മാം വെടിഞ്ഞോ?
തത്തിക്കളിച്ചു വളരും തഴമാന്‍കിശോര-
നത്തള്ള കൈവിടുകിലുള്ളഴലോതിടാമോ?’

‘ഉണ്ണാതെകണ്ടിരിക്കാമുഡുനിരപരിചോ-
ടെണ്ണിവയ്ക്കാമൊരിക്കല്‍
കണ്ണുംപൂട്ടാതിരിക്കാമിരവുപകലു ഞാ-
നുണ്ണിമാരെ ത്യജിക്കാം

കുന്നോരോന്നായശേഷം ചുറുതിയൊടൊരു ചു-
മ്മാടുമില്ലാതെടുക്കാം
കണ്ണാണേ കാല്‍മണിക്കൂറപി തിരുകഥ കേള്‍-
ക്കാതിരിപ്പാന്‍ വഹിക്കാ.’

പെരുന്നെല്ലിക്കു മറുപടിയായി സ്വാമികള്‍ അയച്ച സ്‌നേഹശീതളങ്ങളായ സൂക്തങ്ങളില്‍ ചിലവയാണ് താഴെ ചേര്‍ക്കുന്നത്:

‘മാണിക്യമാമലയില്‍ മഞ്ജുജലക്കുളത്തില്‍
കോണില്‍ കുരുത്തു വളരുന്നൊരു താഴതന്മേല്‍
കാണക്കൊതിക്കെ വിലസുന്ന സുമത്തെ വെല്ലും
കായത്തെയൊന്നു കണികാണ്മതിനെന്നുകിട്ടും.’

‘ലോലക്കണ്ണാംസുമത്തിന്‍ ചെറുമുനയണുവോ-
ളം ചുളിച്ചൊന്നു നോക്കും
കാലത്തെല്ലാപ്രപഞ്ചങ്ങളുമരനൊടിയില്‍
തോന്നി നിന്നങ്ങുമായും

കൂലം കിട്ടാത്ത ശക്തിക്കുടയവളവളെന്‍
ചിത്തരംഗത്തിലാടും
ബാലപ്പെണ്‍കല്പകപ്പൂങ്കൊടി തവ മനമാം
ദാരുവില്‍ ചുറ്റിടട്ടെ!’

പെരുന്നെല്ലിയിലും വെളുത്തേരിയിലും തിളങ്ങിയിരുന്ന കവിതാവാസനയെ തെളിക്കുന്നതിനുള്ള ശ്രമത്തില്‍ സ്വാമികള്‍ക്കും സ്വയം കവിവേഷം കെട്ടി പാടേണ്ടിവന്നിട്ടുണ്ട്. ‘ഹ’ പ്രാസത്തില്‍ ഒരു ശതകവും കാമിനീഗര്‍ഹണം എന്ന പേരില്‍ ഒരു കൂട്ടുകവിതയും സ്വാമികളും പെരുന്നെല്ലിയും ചേര്‍ന്ന് ഈ കാലഘട്ടത്തില്‍ രചിച്ചിട്ടുള്ളതായി കാണുന്നു. പക്ഷേ, അവയില്‍ സാഹിത്യഗുണം വിരളമാണ്. എന്നാല്‍ അവിടന്ന് ഉണ്ടാക്കിയിട്ടുള്ള ഒറ്റശ്ലോകങ്ങളും ഭജനഗാനങ്ങളും സ്വാമികളുടെ കവനകലാവിലാസത്തിനു നിദര്‍ശനമെന്നുതന്നെ പറയണം. അവിടത്തെ പ്രതിഭയില്‍ വിടര്‍ന്ന ഒരു മുക്തകത്തിന്റെ മനോഹാരിത നോക്കുക:

‘മേലേ മേലേ പയോധൗ തിരനിരയതുപോല്‍
ഗദ്യപദ്യങ്ങളോര്‍ക്കും
കാലേ കാലേ ഭവിപ്പാന്‍ ജഗമതിലൊളിവായ്
ചിന്നിടും തേന്‍കുഴമ്പേ!

ബാലേ ബാലേ മനോജ്ഞേ! പരിമൃദുലതനോ
യോഗിമാര്‍ നിത്യമുണ്ണും
പാലേ! ലീലേ! വസിക്കെന്‍മനസി സുകൃതസ-
ന്താനവല്ലീ സുചില്ലീ.’

ആത്മജ്ഞാനോപദേശരൂപേണയുള്ള ഒരു ദ്രുതകവിതയാണ് താഴെ ചേര്‍ക്കുന്നത്:

‘ചാലേ നാലഞ്ചുലോലപ്രസവശരമെടു-
ത്തംഗജന്മാവടുത്താല്‍
പാലഞ്ചും വാണിമാര്‍ തന്‍ തടമുലമലയില്‍
ചെന്നൊളിക്കാം, കളിക്കാം;

കാലന്‍ കാളുന്ന കാളായസമുസലവുമാ-
യന്തികം പാഞ്ഞടുക്കും-
കാലം ചൂലിന്റെ കൊങ്കത്തടവുമധരവും
കണ്ടിരിക്കാം, മരിക്കാം.’

സംഗീതഗുണമിളിതമായ ഭജനഗാനത്തിനുകൂടി ഒരുദാഹരണം ഉദ്ധരിക്കുന്നു.

‘മലരണികൊണ്ടപ്പെരുക്കിലും
കമലമുകുളകൊങ്കക്കുലുക്കിലും
മധുവിലുപരിയന്‍പുറ്റുരപ്പിലും
മനമിളകാതെ…’

ശ്രോത്രമാര്‍ഗ്ഗമായി പ്രചരിച്ച സ്വാമികളുടെ ഒറ്റശ്ലോകങ്ങളും ഭജനഗാനങ്ങളും ഇപ്പോള്‍ വിസ്മൃതമായിപ്പോയി. ബുദ്ധിക്കു വ്യായാമം പ്രദാനം ചെയ്യുന്ന പരിപാടികളില്‍ മാത്രമായിരുന്നില്ലാ അവിടന്ന് ഇക്കാലം വ്യാപരിച്ചത്; ശിഷ്യന്മാരെ ഗുസ്തിമുറകള്‍ അഭ്യസിപ്പിക്കുന്നതായിട്ടും കാണുന്നുണ്ട്. ശ്രീ. കരുവാ കൃഷ്ണനാശാന്‍ ഇപ്രകാരം സ്മരിക്കുന്നു:

‘സ്വാമികള്‍ എവിടെനിന്നോ സമ്പാദിച്ച ഒരു മര്‍മ്മശാസ്ത്രഗ്രന്ഥം നോക്കി ഗുസ്തിമുറകളെല്ലാം നേരത്തെ അഭ്യസിച്ചിരുന്നു. താന്‍ പഠിച്ചതെല്ലാം വെളുത്തേരി കേശവന്‍ വൈദ്യനേയും പഠിപ്പിച്ചിട്ടുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ വിനോദത്തിനായി ഗുസ്തിപിടിച്ചു ചിലപ്പോള്‍ കളിക്കും. കേശവന്‍ വൈദ്യന്റെ ദേഹം ഇരുമ്പിനു തുല്യമായിരുന്നു. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ അന്നു വ്യായാമം ചെയ്യുമ്പോള്‍ എടുത്തു പൊക്കാറുണ്ടായിരുന്ന ഗുണ്ട് (ഇരുമ്പുണ്ട) കേശവന്‍വൈദ്യനും സ്വാമിയും മാത്രമേ എടുത്തുപൊക്കുമായിരുന്നുള്ളൂ.’

ഇക്കാലം സ്വാമികളുടെ ഊണും കിടപ്പും മിക്കവാറും ഈഴവസുഹൃത്തുക്കളുടെ ഗൃഹങ്ങളിലായിരുന്നു. ചിലപ്പോള്‍ കല്ലുവീട്ടിലോ നന്ത്യാര്‍വീട്ടിലോ കൂടിയെന്നുവരും. ഈഴവരുമായുള്ള സഹവാസം യാഥാസ്ഥിതികരായ നായന്മാര്‍ക്കു രസിച്ചില്ല. പക്ഷേ, സ്വാമികളെ ആരെതിര്‍ക്കാനാണ്. യുക്തിയുടെയും ശക്തിയുടേയും കലവറയായ സ്വാമിയെ നേരിട്ടാല്‍ തൊട്ടകൈയ്ക്കു മലര്‍ത്തിക്കളയുമെന്ന ഭീതിയായിരുന്നു പലര്‍ക്കും. അവിടുത്തേയ്ക്കാണെങ്കില്‍ ജാതിയെന്നൊന്നുണ്ടായിരുന്നില്ല; നായന്മാരും ഈഴവരും തമ്മില്‍ ഭേദമില്ലായിരുന്നുതാനും. കല്ലുവീട്ടില്‍ അടുക്കളയില്‍ പാചകത്തിനു കയറുന്ന സ്വാമികള്‍ പെരുന്നെല്ലിയിലും പെണ്ണുങ്ങള്‍ക്കു നിര്‍ദ്ദേശം കൊടുത്തു നല്ല ഉപദംശങ്ങള്‍ ഉണ്ടാക്കുന്നതില്‍ വ്യാപൃതനായിരുന്നു.

സ്വാമികളുടെ നേതൃത്വത്തിലും പെരുന്നെല്ലി, വെളുത്തേരി മുതലായവരുടെ ഉത്സാഹത്തിലും രൂപമെടുത്ത സഹൃദയസമാജം പാണ്ഡിത്യപ്രകടനത്തിനുള്ള ഒരു മല്ലരംഗം മാത്രമായിരുന്നില്ല; ഒരു സാംസ്‌ക്കാരികവിപ്ലവത്തിന്റെ പശ്ചാത്ഭൂമിയായിരുന്നു എന്നു പറയുകയാണു സത്യം. മതഖണ്ഡനശാസ്ത്രികള്‍ എന്ന അപരനാമത്താല്‍ വിശ്രുതനായ വെങ്കിടഗിരിശാസ്ത്രികള്‍ തുടങ്ങിയ പല താര്‍ക്കികന്മാരും ആ അനുഗൃഹീതവാഗ്മികളുടെ വാദകല്ലോലമാലയിലകപ്പെട്ടു പരാജിതപൗരുഷരായിത്തീര്‍ന്നവരാണ്. മലയാളക്കരയില്‍ ഒരു നവ്യപ്രഭാതം സൃഷ്ടിക്കുവാനായിരുന്നു ആ സംഘത്തിന്റെ ഉദ്യമം. വൈജ്ഞാനികമേഖലയുടെ അധീശത്വം ബലപ്രയോഗംകൂടാതെ അനര്‍ഹരെന്നു വിധികല്പിച്ചിരുന്ന ആളുകളിലേയ്ക്കു കൈമാറ്റുവാനുള്ള ഒരു ധീരയത്‌നമാണ് അണിയറയില്‍ അന്നു നടന്നത്. ബുദ്ധി, ഹൃദയശുദ്ധി, കര്‍മ്മകുശലത, ആത്മത്യാഗം എന്നിവയായിരുന്നു ആ നവോത്ഥാനത്തിന് അടിത്തറയിട്ട വിശിഷ്‌ടോപാധികള്‍. പ്രത്യേകം ഒരു സമുദായത്തിനും മേന്മയ്ക്കവകാശമില്ലെന്നു സ്വാമികള്‍ സമര്‍ത്ഥിച്ചത് എല്ലാ ജാതികള്‍ക്കുമുള്ള സമത്വസന്ദര്‍ഭങ്ങളെ പൊക്കിക്കാട്ടി ഒരു ഏകജാതിബോധത്തിന്റെ വിത്ത് വിതച്ചുകൊണ്ടായിരുന്നു. അങ്ങനെ സംഘട്ടനാത്മകമായ ഒരു നവീനപ്രസ്ഥാനത്തെ ഉല്‍ഘാടനം ചെയ്‌വാനും കാലത്തിന്റെ കഠിനപരീക്ഷയെ നിര്‍ഭയം നേരിടാനും മേധാവിയായ ഒരു ധീരപുരുഷനേ സാദ്ധ്യമായിരുന്നുള്ളു. അല്ലെങ്കില്‍ യാഥാസ്ഥിതികലോകത്തിന്റെ മുമ്പില്‍ സിദ്ധാന്തവുമായി നെട്ടോട്ടം ഓടുക തന്നെ വേണ്ടിവരും. ആ നിലയില്‍ നോക്കുമ്പോഴാണ് സ്വാമികളുടെ ഉദാരമായ വിചാരരീതി സമുദായത്തിന്റെ ഇരുണ്ട മൂലകളില്‍ പ്രകാശംവീശിയ വസ്തുത നമുക്കു മനസ്സിലാകുക. അബ്രാഹ്മണര്‍ക്കു പ്രവേശം നിരോധിച്ചിരുന്ന വേദം, വ്യാകരണം തുടങ്ങിയ സ്ഥാനങ്ങളിലേയ്ക്കു നടപ്പാതകള്‍ തുറന്നുകൊടുക്കുകയും അവയിലൂടെ സധൈര്യം കടന്നുപോകുവാന്‍ മറ്റുള്ളവര്‍ക്കു പ്രചോദനം നല്‍കുകയുമാണു സ്വാമികള്‍ ചെയ്തത്.