ഉത്തരദിക്കുകളില്‍

ജസ്റ്റിസ് കെ.ഭാസ്കരപിള്ളയുടെ ‘ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം അഞ്ച്

സ്വസ്ഥജീവിതത്തില്‍ വിമുഖനായ സ്വാമികള്‍ക്കു ദേശസഞ്ചാരത്തില്‍ സഹജമായ സന്തോഷമുണ്ടായിരുന്നു. ഏറ്റുമാനൂര്‍ നിന്ന് വടക്കോട്ട് ആലുവാവരേയും, തെക്ക് തിരുവനന്തപുരംവരേയും ചിലപ്പോള്‍ യാത്രചെയ്യും. ഓവര്‍സിയരുടെ സ്ഥിരതാമസം മൂവാറ്റുപുഴ ആയിരുന്നതിനാല്‍ കഥാനായകന്‍ ഏറിയകാലം ആ സ്ഥലത്തു താമസിച്ചിട്ടുണ്ട്. സ്വാമികളുടെ പ്രശസ്തി ഉത്തരദിക്കുകളില്‍ വ്യാപിച്ചുതുടങ്ങിയതോടുകൂടി ഇതരദേശങ്ങളില്‍നിന്നും വേദാന്തചിന്താശീലരായ പണ്ഡിതന്മാരേയും മുമുക്ഷുക്കളേയും അവിടന്ന് ആകര്‍ഷിച്ചു. ചില നാട്ടുഗൃഹസ്ഥന്മാരും ഉദ്യോഗസ്ഥന്മാരും സ്വാമികളെ സഹായിക്കാന്‍ സന്നദ്ധരായെങ്കിലും ഒരു പരഭാഗ്യോപജീവിയായി കാലം നയിക്കുവാന്‍ അവിടത്തേക്കു താല്പര്യമുണ്ടായിരുന്നില്ല. എവിടെയെങ്കിലും കഴിഞ്ഞുകൂടണമെന്നല്ലാതെ സുഖസൗകര്യങ്ങളില്‍ സ്വാമികള്‍ പരാങ്മുഖനായിരുന്നു.

മൂവാറ്റുപുഴയിലെ വാസം ഒരു പ്രത്യേക സംഭവംകൊണ്ടു സ്വാമികളുടെ ജീവിതത്തില്‍ സവിശേഷതയാര്‍ജ്ജിക്കുന്നു. പില്‍ക്കാലത്തു പ്രിയശിഷ്യനായിത്തീര്‍ന്ന നീലകണ്ഠതീര്‍ത്ഥപാദസ്വാമികളുമായുള്ള പ്രഥമ സമാഗമം ഇവിടെവച്ചായിരുന്നു. മൂവാറ്റുപുഴയിലെ മാരവാടി എന്ന ഗ്രാമത്തിലെ ഒരുല്‍കൃഷ്ടനായര്‍ കുടുംബത്തിലാണു നീലകണ്ഠതീര്‍ത്ഥപാദരുടെ ജനനം. പരിശുദ്ധരായ മാതാപിതാക്കളുടെ വത്സലസന്താനമായ തീര്‍ത്ഥപാദര്‍ സുഖപ്രൗഢിയിലാണു വളര്‍ന്നുവന്നത്. ഈശ്വരഭക്തി, കൃത്യനിഷ്ഠ, നിശ്ചയദാര്‍ഢ്യം, ആര്‍ജ്ജവശീലം മുതലായവ ബാലനില്‍ അക്കാലംതന്നെ തിളങ്ങിയിരുന്നു. മലയാളത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തീര്‍ത്ഥപാദര്‍ ഇംഗ്ലീഷ് പഠിക്കുവാന്‍ നിയുക്തനായി. എറണാകുളം ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ ചേര്‍ന്നു പഠിച്ചുവരവേ കുടുംബത്തില്‍ പാരമ്പര്യമായി വേണ്ട വിഷചികിത്സയിലും മന്ത്രപ്രയോഗങ്ങളിലും മനസ്സു പ്രവേശിക്കുകയും ചില സിദ്ധികള്‍ സമ്പാദിക്കുകയും ചെയ്തു. പഠനവിഷയത്തെ അപേക്ഷിച്ചു കൂടുതല്‍ ശ്രദ്ധ ജപതപാദികളിലും വേദാന്തശ്രവണത്തിലും ആയിത്തീര്‍ന്നപ്പോള്‍ അദ്ധ്യാത്മവാസനാസുരഭിലമായ ഒരു നൂതനസരണിയിലേക്കാണ് ബാലന്റെ പോക്കെന്നു ബന്ധുജനങ്ങള്‍ക്കനുഭവപ്പെട്ടു. ആര്‍ഷസംസ്‌കാരത്തില്‍ അഭിമാനംപൂണ്ട മാതാപിതാക്കള്‍ മകന്റെ സദുദ്യമത്തെ പ്രോത്സാഹിപ്പിക്കുവാനും സന്നദ്ധരായി. ഇതിനിടെ സംസ്‌കൃതത്തിലും തര്‍ക്കവ്യാകരണാദിശാസ്ത്രങ്ങളിലും അസാമാന്യമായ അവഗാഹം തീര്‍ത്ഥപാദര്‍ നേടി. നൈസര്‍ഗ്ഗികമായി സ്ഫുരിച്ച കവിതാവാസനയെ പോഷിപ്പിക്കുവാനും ബാലന്‍ യത്‌നങ്ങള്‍ ചെയ്തുതുടങ്ങി.

തീര്‍ത്ഥപാദരുടെ കുടുംബംവക ഒരു ഗൃഹത്തിലാണ് അക്കാലം സ്വാമികള്‍ സന്നിധാനം ചെയ്തത്. അവിടത്തെ സിദ്ധികള്‍ പരസ്യമായതോടെ സ്വാമിദര്‍ശനത്തിനായി ജനങ്ങള്‍ തടിച്ചുകൂടി. സ്വാമികളുടെ വേദാന്തപ്രഭാഷണങ്ങളെപ്പറ്റിയുള്ള പ്രശംസ സമീപപ്രദേശങ്ങളില്‍ അലയടിച്ചു. പാമ്പിനെ വരുത്തുവാനും തന്റെ അന്തര്‍ഗ്ഗതം അതിനെ മനസ്സിലാക്കിക്കുവാനും അവിടത്തേക്കുള്ള വൈഭവം നാട്ടില്‍ സംസാരവിഷയമായതിനെ തുടര്‍ന്ന് വിഷവൈദ്യസംബന്ധമായ ചില കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ തീര്‍ത്ഥപാദരും സ്വാമികളെ സമീപിച്ചു. ജിജ്ഞാസുവായ ബാലന്റെ ആര്‍ജ്ജവശീലം കണ്ടു സ്വാമികള്‍ സന്തോഷിക്കുകയും ശരിയായ മാര്‍ഗ്ഗോപദേശത്തിന് ആ ബാലന്‍ അര്‍ഹനാണെന്ന് അന്തരാ കാണുകയും ചെയ്തു. അല്പനേരത്തെ അവിടത്തെ മധുരമായ സംഭാഷണം ശ്രവിച്ചപ്പോള്‍ സ്വാമികളില്‍ അളവറ്റ ഭക്തിയുദിച്ച തീര്‍ത്ഥപാദര്‍ക്കു സര്‍വ്വജ്ഞനായ ആ മഹാത്മാവിന്റെ ശിഷ്യത്വം സമ്പാദിക്കുവാന്‍ ഉല്‍ക്കടമായ ആശയുണ്ടായി. വിഷവൈദ്യം അറിഞ്ഞതുകൊണ്ടു കാര്യമായില്ലെന്നും അവനവന്റെ ഉള്ളിലുള്ള വിഷം എടുത്തു കളയാനാണു പഠിക്കേണ്ടതെന്നും സ്വാമികള്‍ ഫലിതരൂപത്തില്‍ പ്രസ്താവിച്ചപ്പോള്‍ ആ ഉപദേശത്തിന്റെ പൊരുള്‍ തീര്‍ത്ഥപാദരുടെ പ്രബലമായ പ്രതിഭയില്‍ പ്രകാശം വീശി. തുടര്‍ന്ന്, സ്വാമികളുടെ നിര്‍ദ്ദേശമനുസരിച്ചു വേദാന്തപരമായ ഗ്രന്ഥങ്ങള്‍ തീര്‍ത്ഥപാദര്‍ അഭ്യസിക്കുവാന്‍ തുടങ്ങി. ഈ വ്യതിചലനംനിമിത്തം ഇംഗ്ലീഷ് പഠനത്തില്‍നിന്ന് വിരമിച്ചു പുരാണപാരായണം, വ്രതാചരണം തുടങ്ങിയ പരിപാടികളോടുകൂടിയ ഒരു നവീനജീവിതം ആ യുവാവ് ആരംഭിച്ചു. നിരന്തരമായ അഭ്യാസംകൊണ്ടു വേദാന്തത്തിലെ ഗഹനങ്ങളായ ഭാഗങ്ങള്‍ ശിഷ്യന്‍ ഹൃദിസ്ഥമാക്കിയതില്‍ സന്തുഷ്ടനായ സ്വാമികള്‍ ഉപരിപാഠങ്ങളും യോഗാഭ്യാസമുറകളും അയാള്‍ക്ക് ഉപദേശിച്ചു. യോഗജ്ഞാനമാര്‍ഗ്ഗങ്ങളില്‍ തീര്‍ത്ഥപാദര്‍ അചിരേണ ആരൂഢനിലയെ പ്രാപിച്ചപ്പോള്‍ ‘ത്വമേവാഹം; അഹമേവത്വം’, എന്നു ഹൃദയംഗമമായി ശ്ലാഘിക്കത്തക്കവണ്ണം ശിഷ്യനോടുള്ള അവിടത്തെ സ്‌നേഹബഹുമാനം വളര്‍ന്നു.

നൂതനമായ ശിഷ്യലാഭം ഉണ്ടായിയെങ്കിലും മൂവാറ്റുപുഴ സ്വാമികള്‍ സ്ഥിരവാസമാക്കിയില്ല; പരിവ്രാജകവൃത്തിതന്നെ അവിടന്നു കൈകൊണ്ടു. വൈക്കം, പെരുമ്പാവൂര്‍, ആലുവാ, ഇടപ്പള്ളി, എറണാകുളം മുതലായ സ്ഥലങ്ങളില്‍ സ്വാമികള്‍ സഞ്ചാരംചെയ്തുവന്നു. ആലുവായില്‍ ഇക്കാലം അവിടത്തേക്കു ഭദ്രമായ ഒരഭയസങ്കേതം ലഭിച്ചു. പൂര്‍വ്വപരിചിതനായ പോലീസ് സൂപ്രണ്ട് പപ്പുപിള്ള (ശ്രീ.നന്ത്യാര്‍ വീട്ടില്‍ പരമേശ്വരന്‍പിള്ളയുടെ പിതാവ്) അന്ന് ആലുവായില്‍ താമസമായിരുന്നു. അദ്ദേഹത്തോടൊന്നിച്ചു സ്വാമികള്‍ കുറച്ചുകാലം കഴിച്ചുകൂട്ടി. ഇവിടെയും ചിന്താശീലരായ യുവാക്കന്മാര്‍ കഥാനായകനെ പിന്തുടര്‍ന്നു. തന്മൂലം രാത്രികാലങ്ങളില്‍ പലപ്പോഴും അവിടന്ന് ആലുവാമണല്‍പ്പുറത്തുകൂടി വേദാന്തവ്യവഹാരങ്ങള്‍ നടത്തുവാന്‍ നിര്‍ബന്ധിതനായി. അന്നത്തെ ശ്രോതാക്കളിലൊരുവനായ കലൂര്‍ കണ്ടന്‍ വൈദ്യന്‍ അവിടത്തെ ആരാധകനായിത്തീര്‍ന്നതുമുതല്‍ ചില സമയം വൈദ്യന്റെ സ്‌നേഹോദാരമായ പരിചരണമേറ്റു സ്വാമികള്‍ കലൂരും വസിച്ചിട്ടുണ്ട്. സ്വാമി ഭക്തന്മാരില്‍വച്ച് അദ്വിതീയനായ വൈദ്യന് അവിടത്തെ മഹിമാപ്രചരണമായിരുന്നു ജോലി. എറണാകുളത്തും അഭ്യസ്തവിദ്യരില്‍ത്തന്നെ ഒരു സുഹൃത്സംഘം സ്വാമികളെ ആദരിക്കുവാന്‍ സന്നദ്ധമായി. ഔദ്യോഗികനിലയില്‍ ഉയര്‍ന്ന ആ സംഘാംഗങ്ങള്‍ അവിടത്തെ ആദര്‍ത്താക്കളായി പരിണമിച്ചതു സൗഹൃദവിനിമയത്തിനും വേദാന്തവിചാരത്തിനും സ്വാമികള്‍ക്ക് അവസരം നല്‍കി.

എറണാകുളത്തു ദിവാന്‍ സെക്രട്ടറി രാമയ്യന്‍, പോലീസ് സൂപ്രണ്ട് ചന്തുലാല്‍ എന്നിവര്‍ ഒരേ വഞ്ചിയില്‍ സഞ്ചരിച്ചവരാണ്; ലക്ഷ്യവും ഒന്നുതന്നെയായിരുന്നു, ആദ്ധ്യാത്മിക ജ്ഞാനപ്രാപ്തി. ഗൗരവമേറിയ ഔദ്യോഗികഭാരം താഴത്തിറക്കി ഉദ്യോഗസ്ഥന്മാര്‍ രണ്ടുപേരും വിശ്രമസുഖം തേടുന്നതു സായാഹ്നസമ്മേളനങ്ങളിലായിരുന്നു. സംസ്‌കാരവിരളമായ വിനോദവിഹാരങ്ങളില്‍ അവര്‍ക്കു ശ്രദ്ധ പോയില്ല; ആര്‍ഷജ്ഞാനത്തെപ്പറ്റിയുള്ള അന്വേഷണങ്ങള്‍, മതങ്ങളുടെ മൗലികതത്ത്വങ്ങള്‍ എന്നിവയായിരുന്നു അവരുടെ ചര്‍ച്ചാവിഷയങ്ങള്‍. കൂട്ടത്തില്‍ ആത്മവിദ്യാപ്രവര്‍ത്തകനായ പത്മനാഭാചാരിയും കൂടും. ചന്തുലാല്‍ ഒരു ദിവസം ഒരു കൂട്ടുകാരനെ ആ സുഹൃത്തുക്കള്‍ക്കു പരിചയപ്പെടുത്തിയതു പിന്നീടവര്‍ക്കു പലപ്പോഴും ബുദ്ധിവ്യായാമത്തിനും മാനസികശാന്തിക്കും വക നല്‍കി. നമ്മുടെ കഥാനായകനായിരുന്നു ആ നവാഥിതി. സ്വാമികളുടെ ജീവിതശുദ്ധി, ബുദ്ധിപരത, വിചാരരീതി എന്നിവ എറണാകുളത്തെ അഭിജ്ഞമണ്ഡലത്തെ ആകര്‍ഷിച്ചതില്‍ അത്ഭുതമില്ല. അവിടത്തെ സംഗീതാനുഭൂതികള്‍ താളനിബദ്ധമായ മധുരഗീതങ്ങള്‍വഴി ബഹിര്‍ഗമിച്ചപ്പോള്‍ ആ വിദേശീയസ്‌നേഹിതന്മാര്‍ ആ കലാകോവിദന്റെ മുമ്പില്‍ കൈകൂപ്പിനിന്നു; ക്ഷണകാലംകൊണ്ടു അവര്‍ സ്വാമികളുടെ സ്തുതിപാഠകരായി പരിണമിക്കുകയും ചെയ്തു.

ചന്തുലാല്‍ ഒരുറച്ച ഹിന്ദുവും വേദാന്തചിന്തകനുമായിരുന്നു. ജ്ഞാനാന്വേഷകനായ ആ പോലീസുദ്യോഗസ്ഥന്‍ ചട്ടമ്പിസ്വാമികളുടെ മഹിമ മനസ്സിലാക്കിയമാത്രയില്‍ അവിടത്തെ ഗുരുവായി വരിച്ചു സ്വഗൃഹത്തില്‍ കൂട്ടിക്കൊണ്ടുവന്നു സല്‍ക്കരിച്ചു. സൂപ്രണ്ടിന്റെ ഭാര്യയും കുട്ടികളും സ്വാമികളെ ബഹുമാനപൂര്‍വ്വം നമിച്ച് കുടുംബത്തിലെ ആരാധ്യനായ കാരണവരായി അദ്ദേഹത്തെ അംഗീകരിച്ചു. സൗഹാര്‍ദ്ദകലിതമായ പരിചരണമാണ് ആ രജപുത്രകുടുംബം സ്വാമികള്‍ക്കു നല്‍കിയത്. ഈ ഘട്ടത്തില്‍ ഒരപൂര്‍വ്വഭാഗ്യം കഥാനായകനു ലഭിച്ചു; സ്വാമി വിവേകാനന്ദനുമായുള്ള കൂടിക്കാഴ്ചയായിരുന്നു അത്.

ആയിരത്തി അറുപത്തിയെട്ടാമാണ്ടു വൃശ്ചികമാസാവസാനം വിവേകാനന്ദസ്വാമികള്‍ മൈസൂറില്‍നിന്നും തൃശ്ശൂര്‍വഴി എറണാകുളത്തെത്തി. ദിവാന്‍ സെക്രട്ടറി രാമയ്യായുടെ വസതിയിലാണ് അദ്ദേഹം വിശ്രമിച്ചത്. വംഗദേശത്തുനിന്ന് വന്ന സുമുഖനും ഗംഭീരാശയനുമായ ആ യുവസന്യാസിയെ ജിജ്ഞാസോപശമനാര്‍ത്ഥം ഒന്നു പരീക്ഷിക്കുവാന്‍ ആ സുഹൃത്‌സംഘം വട്ടംകൂട്ടി. ചട്ടമ്പിസ്വാമികളെയായിരുന്നു അക്കാര്യത്തിനു ചന്തുലാല്‍ തുടങ്ങിയ മിത്രവര്‍ഗ്ഗം തെരഞ്ഞെടുത്തത്. സ്വാമികള്‍ക്ക് വിവേകാനന്ദസ്വാമികളെ തിരിച്ചറിയുവാന്‍ ഒട്ടുംതന്നെ താമസം വേണ്ടിവന്നില്ല. ആദ്ധ്യാത്മിക ചൈതന്യത്തിന്റെ പ്രതീകവും ആര്‍ഷസംസ്‌കാരത്തിന്റെ വിജയവൈജയന്തിയുമായ വിവേകാനന്ദന്റെ കോമളമുഖവും കിന്നരകണ്ഠത്തില്‍ നിന്ന് ബഹിര്‍ഗമിച്ച വചോധാരയും ചട്ടമ്പിസ്വാമികളുടെ ഉള്ളില്‍ ആ സന്യാസിയെപ്പറ്റി ബഹുമാനാദരം അങ്കുരിപ്പിച്ചു. കഥാനായകന്‍ സംസ്‌കൃതത്തിലും മറ്റുള്ളവര്‍ ഇംഗ്ലീഷിലും സംഭാഷണം തുടര്‍ന്നു: ‘കീദൃശീചിന്മുദ്ര?’ എന്ന ചോദ്യം ചട്ടമ്പിസ്വാമികളുടെ നേര്‍ക്ക് എറിഞ്ഞിട്ട് കൗതുകത്തോടെ നിന്ന സ്വാമി വിവേകാനന്ദനു ലഭിച്ച മറുപടി അതിനുമുമ്പ് കേട്ടിട്ടില്ലാത്തവിധം പുതുമയേറിയതായിരുന്നു. ചിന്മുദ്രയുടെ കായികമായ പ്രവര്‍ത്തനം മൂലം കുണ്ഡലിനീശക്തി ഉണര്‍ന്നു ഷഡാധാരചക്രങ്ങള്‍ കടന്നു ബ്രഹ്മാനന്ദൈക്യം കൈവരുത്തുന്നു എന്ന് ഉപനിഷദ്‌ശ്ലോകങ്ങള്‍ ഉദ്ധരിച്ച് ചരിത്രനായകന്‍ വിശദീകരിച്ചപ്പോള്‍ പ്രമേയത്തെ സമീപിച്ച രീതിയും, പ്രമാണത്തെ ആധാരമാക്കി നടത്തിയ ചിന്തനയിലുടനീളം വിളങ്ങിയ മനോധര്‍മ്മവിലാസവും ചട്ടമ്പിസ്വാമികളിലൂടെ കേരളപ്രതിഭയെ കാണുവാന്‍ വിവേകാനന്ദ സ്വാമികള്‍ക്ക് അവസരം നല്‍കി. ഗീര്‍വ്വാണഭാരതിയില്‍ (‘Here I met remarkable man’ എന്നു വിവേകാനന്ദ സ്വാമികള്‍ ചട്ടമ്പിസ്വാമികളെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളതായി പ്രസ്താവമുണ്ട്) രണ്ടുപേരും അനുസ്യൂതമായി നടത്തിയ പ്രഭാഷണങ്ങള്‍ ആ അമാനുഷപ്രഭാവന്മാരെപ്പറ്റി ശ്രോതാക്കളില്‍ അത്യധികം ബഹുമാനം ചേര്‍ത്തു. വീണ്ടും അടുത്തദിവസം അവര്‍ അവിടെ കൂടി ആത്മീയവിഷയങ്ങളെപ്പറ്റി ആശയവിനിമയം ചെയ്തതായും പറഞ്ഞുകാണുന്നു.

ഒരു സ്ഥലത്തും അധികനാള്‍ തങ്ങുന്ന സ്വഭാവം സ്വാമികള്‍ക്കില്ല. അതുകൊണ്ട് എറണാകുളം അവിടന്നു വിട്ടു; വൈക്കം, ചേര്‍ത്തല മുതലായ സ്ഥലങ്ങളിലായി സഞ്ചാരം. വൈക്കത്ത് പതാരി വൈദ്യന്‍, അങ്കന്‍ വൈദ്യന്‍ എന്നീ സഹോദരന്മാരുടെ അതിഥിയായി കുലശേഖരമംഗലത്ത് ‘പുറ്റനാല്‍’ എന്ന ഈഴവഗൃഹത്തില്‍ കുറെക്കാലം സ്വാമികള്‍ താമസിക്കുകയുണ്ടായിട്ടുണ്ട്. സ്വാമികളുടെ ശിഷ്യത്വം സ്വീകരിച്ച് അവിടത്തെ പൂജിക്കുന്നതില്‍ വൈദ്യന്മാര്‍ സ്വയം അഭിമാനിച്ചു വന്നു. ശ്രീനാരായണ ഗുരുവിന്റെ പ്രശസ്തിയും സമാന്തരമായി ഉയര്‍ന്നുവന്നതോടെ ഗുരുസ്വാമികളുടെ ഗുരുവെന്ന നിലയില്‍ ചട്ടമ്പിസ്വാമികളെ കൂടുതല്‍ ബഹുമാനിക്കുവാന്‍ ഉത്തരതിരുവിതാംകൂറിലെ ഈഴവഗൃഹങ്ങള്‍ സന്നദ്ധമായി. ‘പുറ്റനാല്‍’ ഗൃഹത്തില്‍ ഗുരുസ്വാമികളും ചിലപ്പോള്‍ സന്നിഹിതനായിട്ടുണ്ട്. വൈക്കത്ത് അഷ്ടമിദിവസം കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ജനങ്ങള്‍ സമ്മേളിക്കുക സാധാരണമാണല്ലോ. അന്ന് ‘പുറ്റനാല്‍’, വിദ്വാന്മാരുടേയും ഭിഷഗ്വരന്മാരുടേയും വിഹാരരംഗമായി തീരാറുണ്ട്. അവിടെ നടക്കുന്ന പ്രബോധജനകങ്ങളായ പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നതിന് അന്യസ്ഥലങ്ങളില്‍നിന്ന് പണ്ഡിതന്മാര്‍ വന്നുചേരുക പതിവായിരുന്നു. പരവൂര്‍ കേശവനാശാന്‍, ഊരാളത്ത് അച്യുതന്‍ വൈദ്യര്‍, മുളകുകാട്ട് ശങ്കുവൈദ്യര്‍, കൊളവേലി കൃഷ്ണന്‍ വൈദ്യര്‍ എന്നിവര്‍ അവരില്‍ പ്രമുഖരാണ്. ആ സാംസ്‌കാരിക സദസ്സില്‍ ചട്ടമ്പിസ്വാമികള്‍ക്കു തന്നെയായിരുന്നു ബഹുമാന്യസ്ഥാനം. അവിടന്നു ‘പുറ്റനാല്‍’ വസിക്കുമ്പോള്‍ നടന്ന ഒരു സംഭവം ഈ ഘട്ടത്തില്‍ സ്മരണീയമാണ്. വിദ്വാന്‍ ചെമ്പില്‍ എന്‍. പി. പണിക്കര്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു.

‘ഒരിക്കല്‍ അവരുടെ സമീപത്തു താമസിച്ചിരുന്ന ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പട്ടാണിയുടെ ഭയങ്കരനായ ഒരു ചെങ്കോട്ടപ്പട്ടി തുടല്‍പൊട്ടിച്ച് അവിടെയെല്ലാം ഓടിനടന്ന് അനവധി ആളുകളെ കടിച്ചു പരുക്കേല്പിക്കയുണ്ടായി. ഒരുവിധത്തിലും ബന്ധിക്കാന്‍ നിവൃത്തിയില്ലാത്തവണ്ണം അത്ര അപ്രതിരോദ്ധ്യനായിത്തീര്‍ന്ന ആ വീരസാരമേയനെ ഇനി വെടിവയ്ക്കയേ നിവൃത്തിയുള്ളൂ എന്നു നിശ്ചയിച്ച് ഇന്‍സ്‌പെക്ടര്‍ തോക്കു നിറച്ചു കൈയിലെടുത്ത് ഒരു വലിയ വടവൃക്ഷത്തിന്റെ മുകളില്‍ കയറി ലാക്കു നോക്കിത്തുടങ്ങി. അപ്പോള്‍ പട്ടി ഒരു മുട്ടനാടിനെ കടിച്ചുകീറി, അതില്‍ ഏതാനും ഭാഗം ആഹാരമാക്കിക്കൊണ്ടു ഭീകരമായ മുഖഭാവത്തോടെ ചുറ്റും നോക്കിക്കൊണ്ടു നില്ക്കയായിരുന്നു. ഈ സംഭവം നടന്നത് സ്വാമികള്‍ താമസിച്ചിരുന്ന പുറ്റനാല്‍ ഗൃഹത്തിന്റെ ഒരു ഫര്‍ലോങ്ങോളം കിഴക്കുമാറിയുള്ള ഒരുയര്‍ന്ന പ്രദേശത്തുവച്ചാണ്. വെടിവെക്കാന്‍ തയ്യാറായി നില്‍ക്കുന്നു എന്നു കേട്ടമാത്രയില്‍ സ്വാമികള്‍ പെട്ടെന്നെഴുന്നേറ്റ് ‘നിങ്ങളും വരുവിന്‍, നമുക്ക് ആ പട്ടിയെ ഒന്നു കാണാം. ഒരു പട്ടിയേക്കാള്‍ മനോബലം ഒരു മനുഷ്യന് ഇല്ലെന്നുവരുമോ?’ എന്നു പറഞ്ഞുകൊണ്ട് ആ വൈദ്യന്മാരോടുകൂടി ആ പുരയിടത്തിലേക്കു പോയി. അപ്പോള്‍ അതിനു ചുറ്റുപാടും അനേകം ആളുകള്‍ നിന്ന് ഓരോ വശം പറഞ്ഞുകൊണ്ടിരുന്നു; ഇന്‍സ്‌പെക്ടര്‍ തോക്കും ചൂണ്ടിക്കൊണ്ടു മരത്തിന്റെ മുകളിലും. വൈദ്യന്മാരെ ഒരു സ്ഥലത്തു നിറുത്തിയുംവച്ചു സ്വാമികള്‍ നേരെ പട്ടിയുടെ സമീപത്തില്‍ ചെന്ന് ഏകദേശം ഒരു നൂറടി അകലത്തില്‍ നിന്നുകൊണ്ടു കൈകൊണ്ടു നൊടിച്ചപ്പോള്‍, പട്ടി അതിഭയങ്കരമായി ഒരു ചാട്ടം ചാടി. സ്വാമികളുടെ കഴുത്തുംകൂടി കടിച്ചുമുറിച്ചുകൊണ്ടുപോയി എന്നുകണ്ടു ജനങ്ങള്‍ അയ്യോ! എന്നുറക്കെ നിലവിളിച്ചു. അടുത്തനിമിഷത്തില്‍ ആ പട്ടിയുടെ ചെവിക്കു പിടിച്ചുകൊണ്ട് സ്വാമികള്‍ മന്ദഹാസത്തോടെ ഒരു മൂളിപ്പാട്ടും പാടി അവിടെ തെക്കോട്ടും വടക്കോട്ടും ലാത്തിക്കൊണ്ടിരിക്കുന്നത് അത്ഭുതത്തോടുകൂടി ജനങ്ങള്‍ കണ്ട് ആര്‍ത്തുവിളിച്ചു.’

സ്വാമികളെ സംബന്ധിച്ച് ഇതു കേവലം നിസ്സാരമായ ഒരു സംഭവമാണെങ്കിലും അവിടത്തെ പ്രശസ്തി പ്രചരിക്കുവാന്‍ ഇത്തരം പ്രകടനങ്ങള്‍ കൂടുതല്‍ സഹായകമായിട്ടുണ്ടെന്നുള്ളതു നിസ്സംശയമാണ്. സിദ്ധികളെ പ്രദര്‍ശിപ്പിക്കുന്നതില്‍ അവിടത്തേക്കു സ്വാഭാവികമായി വൈമുഖ്യമാണുണ്ടായിരുന്നത്. എന്നാല്‍ സന്ദര്‍ഭത്തിന്റെ നിര്‍ബന്ധംകൊണ്ടു ചില പൊടിക്കൈകള്‍ പ്രയോഗിക്കാന്‍ സ്വാമികള്‍ പ്രേരിതനായിത്തീര്‍ന്നിട്ടുള്ളതാണ്.

വൈക്കം വിട്ട് ചേര്‍ത്തല, തുറവൂര്‍ മുതലായ സ്ഥലങ്ങളിലും സ്വാമികള്‍ സ്‌നേഹിതന്മാരുടെ ക്ഷണം സ്വീകരിച്ചു കഴിഞ്ഞുകൂടിയിട്ടുണ്ട്. ഈ പര്യടനത്തില്‍ അവിടത്തേക്കു ലഭിച്ച ഒരു ബാലപരിചാരകനാണ് പില്‍ക്കാലത്ത് സ്വാമികളെ നിഴല്‍പോലെ പിന്തുടര്‍ന്നു വിനീത ഭൃത്യനായും വിശ്വസ്തസേവകനായും ശുശ്രൂഷാപരിചരണംകൊണ്ട് അവസാനകാലംവരെ അവിടത്തോടുകൂടി സഹവസിച്ച പത്മനാഭപ്പണിക്കര്‍. ഒരു കുലീനകുടുംബത്തില്‍ ജാതനായ പണിക്കര്‍ ചെറുപ്പത്തില്‍ത്തന്നെ ഈശ്വരസേവാനിരതനായിത്തീരുകയും നിഷ്‌കളങ്കനും ആജ്ഞാനുവര്‍ത്തിയുമായി സ്വാമികളുടെ ദൃഷ്ടിയില്‍പ്പെടുകയും ചെയ്തു. വടക്കോട്ട് എറണാകുളം, ആലുവാ, മൂവാറ്റുപുഴ എന്നീ സ്ഥലങ്ങളില്‍ക്കൂടി ചുറ്റിത്തിരിഞ്ഞ് വൃത്താകാരത്തിലുള്ള ഒരു സഞ്ചാരവീഥിയെ ആശ്രയിച്ച് അവിടന്നു കുറേക്കൊല്ലം കഴിച്ചു. ഈ യാത്രയില്‍ വടക്കന്‍പറവൂരും സ്വാമികള്‍ ദീര്‍ഘകാലം വിശ്രമിച്ചിട്ടുണ്ട്.

വൈക്കത്തുവച്ച് സ്വാമികളുടെ പ്രബോധനത്താല്‍ ആകൃഷ്ടനായ കൊളവേലി കൃഷ്ണന്‍വൈദ്യന്‍ ആയിരുന്നു സ്വാമികളെ വടക്കന്‍പറവൂരേക്കു കൂട്ടിക്കൊണ്ടുപോയത്. സ്വന്തം ഗൃഹത്തില്‍ സ്വാമികള്‍ക്കു പ്രത്യേകം വാസസൗകര്യം സജ്ജമാക്കി ഒരാത്മീയഗുരുവായി അവിടത്തെ വൈദ്യന്‍ ആരാധിച്ചു. അഹിംസ, ജീവകാരുണ്യം മുതലായ വിഷയങ്ങളില്‍ പ്രയോഗക്ഷമങ്ങളും ആദര്‍ശപ്രധാനങ്ങളുമായ ഉപദേശങ്ങളാണ് അക്കാലത്ത് സ്വാമികളെ സമീപിച്ച ഗൃഹസ്ഥസ്‌നേഹിതന്മാര്‍ക്കു ലഭിച്ചത്. കൊച്ചീവേലുപ്പിള്ള എന്ന വക്കീലിന്റെ ഗൃഹത്തിലും പയ്യപ്പിള്ളിവീട്ടിലും അവിടന്ന് ഇക്കാലം താമസിച്ചിട്ടുണ്ട്.

കൊച്ചീവേലുപ്പിള്ളയുടെ അതിഥിയായി വിശ്രമിക്കുന്ന അവസരത്തിലാണ് ഒരു ശിഷ്യപ്രധാനനായ തീര്‍ത്ഥപാദ പരമഹംസസ്വാമികള്‍ അവിടത്തെ പരിചയം സമ്പാദിച്ചത്. പരമഹംസസ്വാമികള്‍ പറവൂര്‍ വടക്കേക്കര മഠത്തില്‍ എന്ന നായര്‍ പ്രഭുകുടുംബത്തിലെ ഒരംഗമായിരുന്നു. നാണുക്കുറുപ്പ് എന്നറിയപ്പെട്ട ആ ബാലന്‍ അമ്മയുടെ ഏകസന്താനമായിരുന്നതുകൊണ്ടു വളരെ ലാളനയില്‍ വളര്‍ന്നുവന്നു. ബാല്യത്തില്‍ത്തന്നെ സംസ്‌കൃതഭാഷയില്‍ സാമാന്യവ്യുല്പത്തി സമ്പാദിച്ച ബാലനില്‍ അലൗകികമായ ഒരു ആദ്ധ്യാത്മിക പ്രവണത മൊട്ടിട്ടുനിന്നു. അനല്പമായ കവിതാവാസനയും നാണുക്കുറുപ്പില്‍ തിളങ്ങിക്കണ്ടു. 1075 ല്‍ മേടത്തിലാണ് ചട്ടമ്പിസ്വാമികളെ പരമഹംസര്‍ക്കു ദര്‍ശിപ്പാന്‍ ഇടവന്നത്. അവിടന്നു മന്ത്രോപദേശം നല്‍കി തീര്‍ത്ഥപാദപരമഹംസരെ തന്റെ ശിഷ്യനായി അംഗീകരിക്കയും യോഗവേദാന്തവിഷയങ്ങളില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി പടികള്‍പിടിച്ചുകയറ്റുകയും ചെയ്തു. തീര്‍ത്ഥപാദപരമഹംസര്‍ ഒരു ജ്യോതിശ്ശാസ്ത്രജ്ഞനും വൈദ്യനും മാന്ത്രികനും കൂടി ആയിരുന്നെങ്കിലും ഒരു വാഗ്മിയും വേദാന്തിയും എന്ന നിലകളിലാണ്അവിടന്നു സുവിദിതനായിത്തീര്‍ന്നത്. ലോകവ്യവഹാരവിചക്ഷണനായ പരമഹംസര്‍ക്കു നല്ല സാമാന്യപ്രജ്ഞയും ഒരു വിശേഷതരമായ വശ്യശക്തിയും ഉണ്ടായിരുന്നു. സ്വാമികളുമായി തുടര്‍ന്നു കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുവാന്‍ ഈ നൂതനശിഷ്യന് അവസരം ലഭിച്ചു. വേദാന്തവിഷയങ്ങളില്‍ ഉപസ്ഥിതി നേടിക്കൊണ്ട് സ്വാമികളുടെ ധര്‍മ്മാനുവര്‍ത്തിയായി തീര്‍ത്ഥപാദരും നാടെങ്ങും സഞ്ചരിച്ചു മതപ്രഭാഷണങ്ങള്‍ നടത്തിത്തുടങ്ങി. സ്വസമുദായത്തെ മതപരമായ അടിസ്ഥാനത്തില്‍ സുസ്ഥിരമായി കെട്ടിയുയര്‍ത്തുന്നതിനു തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ ചെയ്ത ശ്രമങ്ങള്‍ക്കു ഗുരുവിന്റെ അംഗീകാരവും ആശിസ്സും ഉണ്ടായിരുന്നു.

ചെറായി അച്യുതന്‍വൈദ്യരുടെ വാസഗൃഹത്തിലും സ്വാമികള്‍ക്ക് ഒരാശ്രമത്തിലെ വിശ്രമസൗഖ്യം അനുഭവപ്പെട്ടിരുന്നു. പറവൂരുള്ളപ്പോഴെല്ലാം ചക്കരക്കടവുകടന്ന് അച്യുതന്‍വൈദ്യരുടെ വീട്ടില്‍ അവിടന്ന് എത്താതിരിക്കില്ല. സുചരിതനും പണ്ഡിതനുമായ വൈദ്യര്‍ക്ക് സ്വാമികളിലുണ്ടായിരുന്ന ഭക്ത്യാതിരേകം വാക്കുകള്‍കൊണ്ടു പരിച്ഛേദ്യമല്ല. വര്‍ഷാഗമം കര്‍ഷകനെന്നപോലെ, സ്വാമികള്‍ എത്തിച്ചേര്‍ന്നാല്‍ അച്യുതന്‍ വൈദ്യര്‍ ശുശ്രൂഷാനിരതനായി ഹര്‍ഷസമുദ്രത്തില്‍ ആറാടുകയായി. ഗുരുഭൂതനു തന്റെ കൈകള്‍കൊണ്ട് ആഹാരം പാകംചെയ്തു സജ്ജമാക്കുന്നതില്‍ വൈദ്യര്‍ പ്രത്യേകം നിരതനായിരുന്നു. സ്വാമികള്‍ക്കാണെങ്കില്‍ അച്യുതന്‍ വൈദ്യരോടുണ്ടായിരുന്ന സ്‌നേഹം അന്യാദൃശമെന്നേ പറഞ്ഞുകൂടൂ. വൈദ്യരുടെ കാര്യം പറയുമ്പോള്‍ അവിടത്തെ ഹൃദയം പ്രേമപ്രവൃദ്ധമായി കരകവിയും. ‘എന്റെ അച്യുതന്‍ സാക്ഷാല്‍ അച്യുതനാണ്,’ എന്ന് അവിടന്നു പ്രശംസ ചൊരിയുക പതിവായിരുന്നു.