ഒരു വ്യക്തിയുടെ ജീവിതത്തില്‍ പാരമ്പര്യത്തിന് വല്ല പ്രാബല്യവുമുണ്ടെങ്കില് ശ്രീ ചട്ടമ്പിസ്വാമികള്‍ ആ അംശത്തിലും പരമധന്യനായിരുന്നുവെന്ന് പറയാം അവിടുത്തെ പൂര്‍വ്വികരില്‍ പലരും യോഗവിദ്യയിലും ആധ്യാത്മികപദവിയിലും ലബ്ദപ്രതിഷ്ഠരായിരുന്നെന്നുള്ളതിന് ലക്ഷ്യങ്ങളുണ്ട്.”ഈശ്വരപിള്ള” എന്നൊരു പൂര്വ്വികന് നേരത്തെ നിശ്ചയിച്ചിരുന്ന ദിവസം നിത്യകര്മാനുഷ്ഠാനെങ്ങളെല്ലാം കഴിഞ്ഞുവന്ന് ധ്യാനനിഷ്ഠനായിരുന്ന് ദേഹത്യാഗം ചെയ്ത ഒരു യോഗീവര്യനായിരുന്നു. “നാരായണ മൗനി’ എന്നപേരിലറിയപ്പെടുന്ന മറ്റൊരു കാരണവരും സിദ്ധനായ ഒരു സന്യാസിയായിരുന്നു. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ സമകാലീകനായി ഉമ്മിണിപ്പിള്ള എന്ന പേരില്‍ വേറൊരുയതീശ്വരനും സ്വാമികളുടെ കുടുംബത്തില്‍ ജീവിച്ചിരുന്നു.
അതിലെ ഒരു ശാഖ പിന്നീട് തിരുവനന്തപുരത്ത് കൊല്ലൂര്‍ എന്നസ്ഥലത്തേക്ക് മാറിതാമസമായതോടുകൂടി ഉള്ളൂര്‍ക്കോട് എന്ന വീടുമായി. അവിടെയാണ് അദ്ദേഹത്തിന്റെ കുടുംബം. പ്രസ്തുത ഗൃഹത്തിലെ തിരുനങ്ക എന്ന സ്ത്രീയുടേയും സമീപസ്ഥനായിരുന്ന വാസുദേവശര്‍മ്മ എന്ന മലയാളബ്രാഹ്മണന്റേയും സീമന്തസന്താനമായി 1029-ാം മാണ്ട് ചിങ്ങമാസത്തിലെ ഭരണി നാളില്‍ ചട്ടമ്പിസ്വാമികള്‍ ഭൂജാതനായി. ഒരു സഹോദരിയും ഒരു സഹോദരനും പിന്നീട് ജനിച്ചെങ്കിലും സഹോദരന് ശൈശവത്തില്‍ തന്നെ മരിച്ചുപോയി. ദാരിദ്ര്യപീഡിതമായ ഒരു കുടുംബമായിരുന്നു ഉള്ളൂര്‍ക്കോട്. അതിനാല്‍ ബാലന്റെ വിദ്യാഭ്യാസകാര്യത്തില്‍ കാരണവന്മാര്ക്കോ അമ്മയ്ക്കോ യാതൊരു ശ്രദ്ധയും ചെലുത്താന്‍ കഴിഞ്ഞില്ല. എട്ടുപത്തു വയസാകുന്നതുവരെ വിദ്യാരംഭമെന്ന പ്രഥമ ചടങ്ങുപോലും നിര്വ്വഹിക്കുകയുണ്ടായില്ല.
എങ്കിലും കുഞ്ഞന്‍ (മാതാപിതാക്കന്മാര് അദ്ദേഹത്തെ നാമകരണം ചെയ്തത് അയ്യപ്പന് എന്നായിരുന്നു. എന്നാല്‍ കുഞ്ഞന്‍ എന്ന ഓമനപ്പേരാണ് പിന്നീട് പതിഞ്ഞത്.) പഠിത്തത്തില്‍ ജന്മായത്തമെന്നപോലെ ഒരാസക്തിയുണ്ടായിരുന്നു. വയസ്യരായ കുട്ടികള്‍ വീടിന്റെ പടിക്കലൂടെ അടുത്തുള്ള നാട്ടുപള്ളിക്കൂടത്തിലേക്ക് പോകുന്ന കാഴ്ച ആ കുട്ടിയെ ആകര്‍ഷിച്ചു. അവരില്‍ ഒരുവന് അടുത്തവീട്ടിലുള്ളതായിരുന്നതിനാല് അവന്റെ ഓല കൂടെക്കൂടെ വാങ്ങി, അവന് പഠിച്ച അക്ഷരങ്ങള്‍ കുഞ്ഞനും മനസ്സിലാക്കി വന്നു. ക്രമേണ മറ്റുകുട്ടികളോടൊപ്പം കൂട്ടിവായന പഠിക്കാന്‍ ആവിധം കുഞ്ഞനുസാധിച്ചു.