ശൂദ്രന് വേദാഭ്യാസം ചെയ്തുകൂടാ എന്നുള്ള സങ്കേതം യുക്തിക്കെങ്കിലും ചേര്‍ന്നിരിക്കുന്നുണ്ടോ? ഏതു മതഗ്രന്ഥത്തെ എടുത്താലും പരമപദപ്രാപ്തിക്കു ജീവാത്മപരമാത്മസ്വരൂപജ്ഞാനവും, ധര്‍മ്മാനുഷ്ഠാനവും തന്നെയാണ് ഹേതുവെന്നു പറഞ്ഞിരിക്കുന്നതായിക്കാണാം. ഉദാഹരണത്തിന്-
‘ബഹൂനാം ജന്മനാമന്തേ
ജ്ഞാനവാന്‍ മാം പ്രപദ്യതേ’
ബഹുജന്മങ്ങളെടുത്തിട്ട് അവസാനത്തില്‍ ജ്ഞാനവാന്‍ മാത്രം എന്നെ പ്രാപിക്കുന്നു – എന്ന ഗീതാവചനം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ.
‘തമേവ വിദിത്വാഽതിമൃത്യുമേതി
നാന്യഃ പന്ഥാ വിദ്യതേഽയനായ’
(ഈ വിധമായി ബ്രഹ്മത്തെ അറിഞ്ഞുകൊണ്ടവന്‍ മാത്രം മൃത്യുവിനെ അതിവര്‍ത്തിക്കുന്നു. മോക്ഷപ്രാപ്തിക്കു വേറെ മാര്‍ഗ്ഗമില്ല.)
‘തമാത്മസ്ഥം യേഽനുപശ്യന്തിധീരാഃ
തേഷാം സുഖം ശാശ്വതം നേതരേഷാം’
അന്തര്യാമിയെ താനായറിയുന്നവര്‍ക്കുമാത്രം നിത്യസുഖമുണ്ടാകും; മറ്റാര്‍ക്കുമില്ലാ-എന്നും മറ്റും അനേകവിധം വേദം ഘോഷിക്കുന്നു. മോക്ഷസാധനമായ ജ്ഞാനത്തെ ശൂദ്രന്‍ അഭ്യസിച്ചുകൂടാ എന്നു പറയുന്നതിനു ശൂദ്രന്‍ മോക്ഷത്തെ പ്രാപിച്ചൂകൂടാ എന്നല്ലയോ അര്‍ത്ഥം. അല്ലാതെയും ആദിമുതല്‍ ഈ സങ്കേതം ഭഗവന്നിയമമായി നടന്നുവന്നതാണെങ്കില്‍ ഇതുവരെയും ഒരു ശൂദ്രന്‍പോലും മോക്ഷം പ്രാപിച്ചിട്ടില്ല എന്നല്ലയോ പറയേണ്ടത്? ഇതിനെ ആരെങ്കിലും സമ്മതിക്കുമോ? ബ്രാഹ്മണരില്‍തന്നെ തങ്ങള്‍ക്കു സമാനം ഒരുത്തരും ഇല്ലെന്ന് ദിവ്യജ്ഞാനബലത്താല്‍ ആകാശം കൂടെ സ്വന്തം അരവിരല്‍ക്കു ശരിയായി മറിക്കുന്ന വൈഷ്ണവരല്ലയോ ‘തിരുക്കച്ചിനമ്പി’ ‘തിരുപ്പാണാഴുവാര്‍’ മുതലായ ചെട്ടി, പറയരായ പലവകക്കാര്‍ മോക്ഷത്തെ പ്രാപിച്ചതായി സമ്മതിക്കുന്നു! ഇതെങ്ങനെ സാധ്യമാകുമെന്നു ചോദിക്കപ്പെട്ട വൈഷ്ണവര്‍ വേദത്തെ ധിക്കരിപ്പാന്‍ ശക്തിയില്ലാതെയും ആഴുവരാദികള്‍ക്കു മോക്ഷമില്ലാ എന്നു പറയാന്‍ മനസ്സില്ലാതെയും ബഹുസങ്കടത്തോടുകൂടി അതിലേക്ക് ഒരു സമാധാനം പറയുന്നു, അത് എത്രത്തോളം തൃപ്തികരമായിരിക്കുമോ എന്നു മറ്റുള്ളവര്‍ ആലോചിച്ചുകൊള്ളട്ടെ. ആയതെങ്ങനെയെന്നാല്‍ ശൂദ്രന്‍ വേദത്തെമാത്രം പഠിച്ചൂകൂടാ എന്നല്ലാതെ വേദത്തിന്റെ അര്‍ത്ഥത്തെ അറിഞ്ഞുകൊള്ളുന്നതില്‍ ബാധകമില്ലെന്നു പറയുന്നു. ഇവരുടെ വാദം ശരിയാണെന്നുവരികില്‍ വേദത്തിന്റെ അര്‍ത്ഥത്തെക്കാള്‍ ശബ്ദമാണ് മുഖ്യമെന്നു വരുന്നു. നവരത്‌നങ്ങളെക്കാളും അവ വച്ചിരിക്കുന്ന പെട്ടിയാണ് മുഖ്യമായിട്ടുള്ളതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ നാം എത്രത്തോളം ഗൗനിക്കാം. പെട്ടിക്കും തദന്തര്‍ഗ്ഗതപദാര്‍ത്ഥങ്ങള്‍ക്കും ഉള്ള സംബന്ധം തന്നെ ശബ്ദങ്ങള്‍ക്കും അര്‍ത്ഥങ്ങള്‍ക്കും ഇരിക്കും എന്നതില്‍ സന്ദേഹം ഉണ്ടോ? ഈ രണ്ടിനും ഭേദമില്ലെന്നുവരികില്‍, നിനക്കു പെട്ടി വേണമോ ഇരിക്കുന്ന രത്‌നങ്ങള്‍ വേണമോ എന്നു ചോദിക്കുമ്പോള്‍ എനിക്ക് രത്‌നങ്ങള്‍ വേണ്ട, പെട്ടി മതി എന്നു പറയുന്നവന്‍ ഭ്രാന്തന്മാരിലുമുണ്ടോ എന്നു സംശയം. വേദത്തിലെ ശബ്ദത്തിനും അര്‍ത്ഥത്തിനും ഉള്ള താരതമ്യം വേദവാക്യംകൊണ്ടുതന്നെ സ്പഷ്ടമാകുന്നതിനാല്‍ അതിനെ ഇവിടെ ഉദാഹരിക്കാം.
‘സ്ഥാണുരയം ഭാരവാഹഃ കിലാഭൂദ്-
അധീത്യ വേദം ന വിജാനാതി യോഽര്‍ത്ഥം’-
വേദത്തെ അഭ്യസിച്ചിട്ടും അതിന്റെ അര്‍ത്ഥത്തെ നല്ല പോലെ അറിയാത്തവന്‍ ഉത്തരത്തിനെ ചുമക്കുന്ന തൂണാകുന്നു-എന്ന് ഋഗ്വേദത്തില്‍ പറഞ്ഞിരിക്കുന്നു. ഈ വാക്യത്തെ അറിഞ്ഞാല്‍ അര്‍ത്ഥമറിയാതെ വേദാഭ്യാസം ചെയ്തുകൊണ്ടിരിക്കുന്നവരുടെ മഹിമ ഇത്രത്തോളമെന്നു ഗ്രഹിക്കാമല്ലോ. പല വാക്യങ്ങളെ ഇവിടെ എടുത്തുപറയുന്നതനാവശ്യം. അരിയെക്കാളും അതിനെ മൂടിക്കൊണ്ടിരിക്കുന്ന ഉമിയാണ് വിശേഷമെന്നുവെച്ചുകൊണ്ടാലും ഈ അഭിപ്രായം ആദ്യം മുതല്‍ക്കു നടന്നുവന്നതാണോ എന്ന് ആലോചിക്കണം. വേദാഭ്യാസത്തിനു ശൂദ്രന്‍ അനര്‍ഹനെന്നു ബ്രാഹ്മണന്‍ വെച്ചുകൊണ്ടിരുന്നാലും, പുരാണങ്ങളെ പഠിക്കയും കേള്‍ക്കയും ചെയ്യുന്നതിനുപോലും അവന്ന് അധികാരമില്ലെന്നു പറകയില്ലെന്നു വിശ്വസിക്കുന്നു. ഈ പുരാണങ്ങളില്‍തന്നെ വേദവാക്യങ്ങള്‍ വരുന്നു എന്നുള്ളതില്‍ സന്ദേഹമില്ല. സന്ദേഹമുള്ളവരുണ്ടെങ്കില്‍ അവര്‍ക്കായിട്ട് ഒന്നുരണ്ടു ദൃഷ്ടാന്തങ്ങള്‍ പറയാം. ഭാരതം ആദിപര്‍വ്വം മൂന്നാമധ്യായത്തില്‍ ‘ദേവാവശ്വിനൌ വാഗ്ഭിഃ ഋഗ്ഭിഃ’ എന്ന വാക്യവും, ശകുന്തളോപാഖ്യാനം എഴുപത്തിനാലാമധ്യായത്തില്‍
‘അംഗാദംഗാതി സംഭവസി
ഹൃദയാദഭിജായസേ;
ആത്മാ വൈ പുത്രനാമാസി
സ ജീവ ശരദശ്ശതം.’
എന്ന വാക്യവും വരുന്നു. ശൂദ്രന്‍ പുരാണങ്ങളെ പഠിക്കാമെങ്കില്‍ അവയില്‍ വരുന്ന ശ്രുതിവാക്യങ്ങളെ കൂടി പഠിച്ചുപോകും. അപ്പോള്‍ ഈ സങ്കേതത്തിനു ഗതിയെന്ത്? ഈ പുരാണങ്ങളെ പഠിയ്ക്കുന്നതിനും ശൂദ്രന് അധികാരമില്ലാ എന്നു നിര്‍ബന്ധിക്കയാണെങ്കില്‍ പുരാണങ്ങളെഴുതിയവരില്‍ പലരും ശൂദ്രരാകുന്നു എന്നുള്ളതിനെ കൂടി ഗൗനിക്കേണ്ടിവരുന്നു. ‘സൂതസംഹിത’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ശൂദ്രന്‍ ആകുന്നു എന്നുള്ളത് മിക്കവര്‍ക്കും അറിയാമല്ലോ. അതിനാല്‍ ആ ഗ്രന്ഥത്തിന്റെ മഹിമയ്ക്ക് ഏതെങ്കിലും കുറവുള്ളതായി കരുതുന്നുണ്ടോ? അതില്‍ വരുന്ന അനന്തശ്രുതിവാക്യങ്ങളെ സൂതന്‍ ഉച്ചരിച്ചതായി വരുന്നില്ലയോ? അവരെപ്പോലുള്ളവര്‍ക്കു മാത്രം ഈ സ്വാതന്ത്ര്യം എങ്ങനെ സിദ്ധിച്ചെന്നാല്‍ അവര്‍ മഹാന്മാരാകയാല്‍ ആ വിഷയത്തില്‍ യാതൊരു നിഷേധവുമില്ലെന്നു പറയുന്നു. അവരുടെ മഹത്വത്തിനു പഠിപ്പല്ലയോ കാരണം. ജ്ഞാനത്തിനു രാജചുങ്കമോ മറ്റൊ ഉണ്ടോ? അതിനെ പ്രാപിക്കാന്‍ എല്ലാവര്‍ക്കും ഒരേ മാര്‍ഗ്ഗമല്ലയോ? ആ മാര്‍ഗ്ഗത്തെ അനുസരിച്ചു പഠിച്ചതുകൊണ്ടല്ലയോ ‘ആഴുവാരാ’ ദികള്‍ക്കും, നായന്മാര്‍ക്കും മഹിമ സിദ്ധിച്ചത്? ഇപ്പോഴും ആ മാര്‍ഗ്ഗത്തെ അനുസരിച്ചാല്‍ പ്രകൃതത്തിലുള്ള ശൂദ്രരിലും പലരും മഹത്വം പ്രാപിച്ചു പ്രശോഭിക്കും എന്നതില്‍ സന്ദേഹമുണ്ടോ? ഓടക്കാരിയുടെ മകനായ പരാശരനും, മുക്കുവത്തിയുടെ മകനായ വ്യാസനും വേദങ്ങളെ ഓതിയല്ലോ: അവരും ബ്രാഹ്മണര്‍തന്നെ. എന്നാല്‍ ഋഷിമൂലം, നദി മൂലം ഇവ വിചാരിക്കണ്ടാ എന്നു പറയുന്നു. സമാധാനം പറയാന്‍ കഴിയാത്ത സംഗതികള്‍ക്കെല്ലാം ആണല്ലൊ ഇങ്ങനെയുള്ള ഉത്തരം. അപ്പോള്‍ വിധി കൂടാതെയുള്ള ഋഷികളുടെ ഈ ഉത്പത്തിക്ഷേത്രം നിന്ദ്യമെന്നുവരികിലും ബീജം ബ്രാഹ്മസംഭൂതമാകയാല്‍ അവരും ബ്രാഹ്മണന്‍ തന്നെയെന്നു പറയുന്നു. ഇതെങ്കിലും ശരിയായി നിലനില്‍ക്കുമോ എന്നു നോക്കാം. പാണ്ഡു, ധൃതരാഷ്ട്രന്‍, വിദുരന്‍ ഈ മൂന്നുപേരും വ്യാസരുടെ പുത്രന്മാരെന്നല്ലയോ പറയുന്നത്. വ്യാസരും ബ്രാഹ്മണന്‍ തന്നെയല്ലൊ. ബ്രാഹ്മണബീജത്തില്‍ ജനിച്ചവരും ബ്രാഹ്മണന്‍തന്നെയെന്നു പറയുന്ന പക്ഷത്തില്‍ ആവ്യാസപുത്രന്മാരായ പാണ്ഡു, ധൃതരാഷ്ട്രന്‍, വിദുരന്‍ ഇവരും ബ്രാഹ്മണരായിട്ടല്ലയോ ഇരിക്കേണ്ടത്? അപ്രകാരമല്ലാതെ ക്ഷേത്രത്തെ ആശ്രയിച്ചു പാണ്ഡുവും ധൃതരാഷ്ട്രനും ക്ഷത്രിയരായിട്ടും വിദുരര്‍ മാത്രം ശൂദ്രനായും ഇരിക്കുന്നതിലേക്ക് കാരണം എന്തെന്നു പറയും? ക്ഷേത്രം (അമ്മ) തന്നെ പ്രധാനമെങ്കില്‍ വ്യാസപരാശരാദികളും അബ്രാഹ്മണരായിരിക്കേണ്ടതാണ്. വിവാഹം ചെയ്തുകൊണ്ടു പിതാക്കള്‍ക്കു ജനിച്ച വ്യാസപരാശരാദികള്‍ക്കും, സ്വപതിയെവിട്ട് അന്യനു ജനിച്ച പാണ്ഡുപ്രഭൃതികള്‍ക്കും ഭേദമുണ്ടെന്ന് ആരെങ്കിലും പറയുന്ന പക്ഷത്തില്‍ മാതാക്കളുടെ വ്യഭിചാരദോഷത്താല്‍ ബ്രാഹ്ണ്യം വിട്ടുപോയവര്‍ വേദാധ്യയനാധികാരത്തെയും വിട്ടുപോയിരിക്കേണ്ടതല്ലയോ? അപ്രകാരമല്ലാതെ അവര്‍ വേദാധ്യയനം ചെയ്തതായി സ്പഷ്ടമേ പറഞ്ഞിരിക്കുന്നല്ലൊ. അല്ലാതെയും ബീജംതന്നെ പ്രധാനം എന്ന പക്ഷത്തില്‍ പ്രകൃതത്തിലുള്ള ദാസീപുത്രന്മാര്‍, ബ്രാഹ്മണബീജത്തില്‍ ജനിച്ചവരെല്ലാം, ബ്രാഹ്മണരായി വേദാധ്യയനം ചെയ്യാമെന്നല്ലയോ വരുന്നത്? അപ്പോള്‍ സംസാരികളുടെ പുത്രന്മാര്‍ വേദാധ്യയനം ചെയ്തുകൂടാ; വ്യഭിചാരിപുത്രന്മാര്‍ അധ്യയനം ചെയ്യാം എന്നു പറയേണ്ടിയിരിക്കുന്നു. ഇതിരിക്കട്ടെ, വേദാദ്ധ്യയനാദ്ധ്യാപനവിഷയങ്ങളില്‍ അധികാരത്തെക്കൊടുക്കുന്ന ബ്രാഹ്മണ്യമാകട്ടെ കേവലം ജന്മത്താലോ, കര്‍മ്മത്താലോ ബ്രഹ്മജ്ഞാനത്താലോ അതോ ഇക്കാരണങ്ങളെല്ലാം ഒന്നായി ചേര്‍ന്നിരുന്നാലോ ഉണ്ടാകുന്നത് എന്നു നോക്കാം. ജന്മത്താലാണെങ്കില്‍ പിതാവുമാത്രം ബ്രാഹ്മണനായിരുന്നാല്‍ മതിയോ? മാതാവുമാത്രം ബ്രാഹ്മണസ്ത്രീയായിരുന്നാല്‍ മതിയോ? രണ്ടുപേരും ബ്രാഹ്മണരായിത്തന്നെ ഇരിക്കണമോ? ആദ്യപക്ഷമാണെങ്കില്‍ കുംഭകോണത്ത് സുബ്രഹ്മണ്യയ്യരുടെ വയ്പ്പാട്ടിപുത്രനു ചൗളോപനയനാദികള്‍ ചെയ്യിച്ചതിന് ദൂഷണം പറയരുത്. നായര്‍സ്ത്രീകളില്‍ ജനിച്ച ബ്രാഹ്മണപുത്രന്മാര്‍ക്കും ചൗളാദി ആകാമെന്നു പറയേണ്ടിയും വരും. രണ്ടാംപക്ഷമാണെങ്കില്‍ വ്യഭിചാരിപുത്രന്മാരെന്നു ചിലരെ ജാതിയിലും വര്‍ഗ്ഗത്തിലും നിന്നു തള്ളുന്നതു തെറ്റാണെന്നുവരും, മൂന്നാമത്തെ പക്ഷമെങ്കില്‍ വ്യാസപരാശരാദികളും ബ്രാഹ്മണരല്ലെന്നാകും. അല്ലാതേയും ബ്രാഹ്മണപിതൃമാതൃക്കളോടു കൂടിയവന്‍ പിന്നീടു ഭ്രഷ്ടനായാലും ബ്രാഹ്മണനായിത്തന്നെ ഇരിക്കേണ്ടതാകയാല്‍ അന്യമതപ്രവേശനവും മാംസഭോജനവും ചെയ്തുകൊണ്ടു നീചസ്ത്രീകളോടു സംഘടിച്ച്, ശിഖായജ്ഞോപവീതാദികളെ ത്യജിച്ചു വര്‍ത്തിക്കുന്നവരും ബ്രാഹ്മണര്‍തന്നെയെന്നു സമ്മതിക്കണം. കര്‍മ്മലോപം വന്നുപോയതിനാല്‍ ബ്രാഹ്മണ്യം പൊയ്‌പോകുമെന്നാണെങ്കില്‍ അപ്പോള്‍ ജന്മംകൊണ്ട് ഒന്നുമില്ല; കര്‍മ്മംകൊണ്ടുതന്നെ ബ്രാഹ്മണ്യം സിദ്ധിക്കുന്നു എന്നാകും. ഇതനുസരിച്ചാണ്
‘ജന്മനാജായതേ ശൂദ്രഃ
കര്‍മ്മണാ ജായതേ ദ്വിജഃ’
എന്നു ധര്‍മ്മശാസ്ത്രവചനം ‘പ്രവര്‍ത്തി’ച്ചത്. ഇതിന്റെ അര്‍ത്ഥം, ജനനാല്‍ എല്ലാവരും ശൂദ്രര്‍തന്നെ; പിന്നീട് അവരവര്‍ അവലംബിച്ച കര്‍മ്മങ്ങള്‍ക്കു തക്കവണ്ണം ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരുമാകുന്നു. ബ്രാഹ്മണന്, കര്‍മ്മസ്വരൂപത്തെ വിചാരിപ്പാന്‍ പുറപ്പെടുമ്പോള്‍ ജാതകര്‍മ്മനാമകരണാദി സങ്കേതകര്‍മ്മങ്ങളോ സുകൃതദുഷ്‌കൃതങ്ങളാകുന്ന സാമാന്യധര്‍മ്മങ്ങളോ എന്ന ശങ്ക ജനിക്കുന്നു. സങ്കേതകര്‍മ്മങ്ങള്‍തന്നെയെങ്കില്‍ ശൂദ്രരില്‍ ഇഷ്ടമുള്ളവരെല്ലാം ശിഖായജ്ഞോപവീതം ധരിച്ച് ഉപനയനാദികര്‍മ്മങ്ങളെ ചെയ്തുകൊണ്ടാല്‍ ബ്രാഹ്മണരായിത്തീരേണ്ടതാണ്. ഇങ്ങനെയല്ലാതെ സാമാന്യധര്‍മ്മാനുഷ്ഠാനംകൊണ്ടാണെങ്കില്‍ ഈവിധ ധര്‍മ്മാനുഷ്ഠാനമില്ലാതെ ബ്രാഹ്മണവേഷം ചമഞ്ഞവരെല്ലാവരും ബ്രാഹ്മണരാകയില്ലെന്നും വേഷത്തില്‍ ശൂദ്രരെന്നുവരികിലും ധര്‍മ്മാനുഷ്ഠാനം മാത്രമിരിക്കുമെങ്കില്‍ അവരെല്ലാം ബ്രാഹ്മണര്‍തന്നെ എന്നും സമ്മതിക്കേണ്ടതാണ്. അസത്യം, കൊലപാതകം, അസൂയ മുതലായ പാപങ്ങളെ ഭയന്ന് സത്യം, ധര്‍മ്മം, ദയ മുതലായ സുകൃതങ്ങളെ നല്ലതുപോലെ അനുഷ്ഠിക്കുന്നതില്‍ പ്രകൃതത്തിലുള്ള ബ്രാഹ്മണരുടെ അടുക്കല്‍ എന്തെങ്കിലും വിശേഷമുള്ളതായാകട്ടെ, ശൂദ്രരില്‍ ന്യൂനതയുള്ളതായിട്ടാകട്ടെ നമ്മുടെ അനുഭവത്തില്‍ പെടുന്നില്ല. ഇങ്ങനെയിരിക്കയാല്‍ ബ്രാഹ്മണര്‍ക്കു ഒരാധിക്യവും, ശൂദ്രര്‍ക്ക് ഒരു ന്യൂനതയും ഉണ്ടാകുന്നതിനു യാതൊരു കാരണവും കാണുന്നില്ല. കര്‍മ്മം മാത്രമിരുന്നാല്‍ ഫലമില്ല; അതു ജന്മത്തോടുകൂടിയിരിക്കണം, എന്നാണെങ്കില്‍ ജന്മത്താല്‍ ക്ഷത്രിയനായ വിശ്വാമിത്രമഹര്‍ഷി കേവലം കര്‍മ്മത്താലല്ലയോ ബ്രാഹ്മണനായത്? മുമ്പില്‍ പറയപ്പെട്ട ‘കവഷന്‍’ ജന്മനാ ശൂദ്രനെന്നുവരികിലും അവന്റെ കര്‍മ്മവിശേഷത്താല്‍ കേവലം ബ്രാഹ്മണനായെന്നു മാത്രമല്ല, ഋഷിയായിട്ടും ഭവിച്ചതായി പറഞ്ഞിരിക്കുന്നു. ഇതുമല്ലാതെ ഐതരേയബ്രാഹ്മണം ഏഴാമതു പഞ്ചിക നാലാമദ്ധ്യായത്തില്‍ ക്ഷത്രിയന്‍ തന്റെ ധര്‍മ്മത്തിനടുത്ത ഉപകരണങ്ങളെ ത്യജിച്ചു ബ്രാഹ്മണനടുത്ത ഉപകരണങ്ങളെ വഹിച്ചുകൊള്ളുന്നതിനാല്‍ ബ്രാഹ്മണനായിപ്പോകാമെന്നും അപ്രകാരം ഒരുത്തന്‍ ആയിപ്പോയെന്നും പറഞ്ഞിരിക്കുന്നു.
‘…. തത്ക്ഷത്രം നിധായ സ്വാദ്യായുധാനിബ്രഹ്മണ ഏവായുധൈര്‍ബ്രഹ്മണോ രൂപേണ ബ്രാഹ്മണോ ഭുത്വാ യജ്ഞമുപാവര്‍ത്തത. തസ്മാദ്ധാപ്യേതര്‍ഹി ക്ഷത്രിയോ യജമാനോ നിധായൈവ സ്വാദ്യായുധാനി ബ്രഹ്മണ ഏവായുധൈബ്രഹ്മണോ രൂപേണ ബ്രഹ്മഭൂത്വാ യജ്ഞമുപാവര്‍ത്തതേ’ (ഐത-7.4.19) അതുകൊണ്ടു ക്ഷത്രിയനായാലും ഇന്നും ആയുധങ്ങളും ധരിച്ച് ബ്രാഹ്മണവേഷവും യജ്ഞായുധങ്ങളും ധരിച്ച് ബ്രാഹ്മണനായി യജ്ഞശാലയില്‍ പ്രവേശിക്കുമ്പോള്‍ യാഗത്തില്‍ പങ്കുകൊള്ളുവാനര്‍ഹനാകുന്നു.
‘സ ഹ ദീക്ഷമാണ ഏവ ബ്രാഹ്മണതാമഭ്യുപൈതി യത്കൃഷ്ണാജിനമധ്യൂഹതി, യദ്ദീക്ഷിതവ്രതം ചരതി യദേനം ബ്രാഹ്മണാ അഭിസംഗച്ഛന്തേ… ബ്രഹ്മ വാ അയം ഭവതി ബ്രഹ്മ വാ അയമുപാര്‍ത്തത ഇതി വദന്തഃ’ (ഐത 7.4.23) കൃഷ്ണമൃഗചര്‍മ്മം ധരിക്ക, ദീക്ഷിതവ്രതം ചരിക്കുക, ബ്രാഹ്മണരാല്‍ പരിവാരിതനായിത്തീരുക മുതലായ കാരണങ്ങളാല്‍ യജ്ഞദീക്ഷ കൈക്കൊണ്ട ക്ഷത്രിയന്‍ ബ്രാഹ്മണനായി ഭവിക്കുന്നു. ബ്രഹ്മത്വം പ്രാപിക്കുന്നു.
ഇപ്രകാരം പ്രകൃതത്തില്‍ ശൂദ്രനും ബ്രാഹ്മണനടുത്ത ഉപകരണങ്ങളെ വഹിച്ചുകൊള്ളുന്നതിനാല്‍ ബ്രാഹ്മണനാകേണ്ടതാണ്. അപ്രകാരമില്ലെങ്കില്‍ ബ്രാഹ്മണ്യം ജന്മത്താലും സാങ്കേതികകര്‍മ്മത്താലും ഉണ്ടാകുന്നില്ല എന്നു നിശ്ചയം. ബ്രഹ്മജ്ഞാനത്താല്‍ തന്നെ ബ്രാഹ്മണ്യം ഉണ്ടാകുന്നത് എന്നാണെങ്കില്‍ അതിനെ ആക്ഷേപിക്കുന്നവര്‍ ആരുംതന്നെയില്ല. എങ്കിലും ജ്ഞാനം മാത്രം ഇരിക്കയും കര്‍മ്മാനുഷ്ഠാനമില്ലാതെ പോകയും ചെയ്യുന്നെങ്കില്‍ ഫലമില്ല.
‘അധീത്യ വേദാംശ്ചതുരോ
വിദുരോ ജ്ഞാനസംപദാ;
ദ്വിജോഽപിയഃ കര്‍മ്മഹീനഃ
സ വൈ ബ്രാഹ്മണഗര്‍ദ്ദഭഃ’
വേദങ്ങളെ പഠിച്ചു സമര്‍ത്ഥനായി തെളിഞ്ഞവന്‍ ജ്ഞാനസംപത്താല്‍ ബ്രഹ്മണനായിരുന്നാലും ധര്‍മ്മാനുഷ്ഠാനം മാത്രം അവനില്ലാതെയിരുന്നാല്‍ അവന്‍ തന്നെ ബ്രാഹ്മണക്കഴുത-എന്ന വാക്യം പൂര്‍ണ്ണദൃഷ്ടാന്തം ആകും. ബ്രഹ്മജ്ഞാനവും ധര്‍മ്മാനുഷ്ഠാനവും ജന്മത്തോടുചേര്‍ന്നതായല്ലാതെ കേവലം ആര്‍ജ്ജനീയമായിരിക്കയാല്‍ ഇവയെല്ലാവരാലും സാധ്യംതന്നെ. ഇവ പരിപൂര്‍ണ്ണമായി സിദ്ധിച്ചിട്ടുള്ള ഇരിപ്പു മനുഷ്യന് എത്താത്തതെങ്കിലും സാധാരണമായി പ്രകൃതത്തിലുള്ള ബ്രാഹ്മണര്‍ക്ക് എത്രത്തോളം സാധ്യമോ അത്രത്തോളം ശൂദ്രാദികള്‍ക്കും സാധ്യംതന്നെ എന്നതിനു സംശയമില്ല. ആകയാല്‍ ബ്രാഹ്മണര്‍ക്കു സമമായ ശൂദ്രരുമെല്ലാം വേദത്തെ അഭ്യസിക്കാമല്ലൊ. ജന്മവും, ബ്രഹ്മജ്ഞാനവും, കര്‍മ്മവും ചേര്‍ന്നാലല്ലാതെ ബ്രാഹ്മണ്യം സിദ്ധിക്കയില്ല എന്നാണെങ്കില്‍ ജന്മനാ ന്യൂനതയുള്ള ആഴുവാര്‍കള്‍ക്കും ബ്രാഹ്മണ്യമില്ല. സാങ്കേതിക കര്‍മ്മങ്ങളെ മുഴുവനും ത്യജിച്ച സ്മാര്‍ത്തമാദ്ധ്വസന്ന്യാസികള്‍ക്കും, ഏകദേശം ത്യജിച്ച വൈഷ്ണവര്‍ക്കും ബ്രാഹ്മണ്യമില്ല. ബ്രഹ്മജ്ഞാനം കൂടാതെ പ്രകൃതത്തില്‍ ബ്രാഹ്മണവേഷം പൂണ്ടിരിക്കുന്നവര്‍ക്കും ബ്രാഹ്മണ്യമില്ലെന്നു പറയണം. ഇപ്രകാരം ഒരുത്തര്‍ക്കും ബ്രാഹ്മണ്യമില്ലെങ്കില്‍ വേദാധ്യയനം ചെയ്യുന്നതിനു യാതൊരുത്തര്‍ക്കും അധികാരമില്ലെന്നും വരും. ഇങ്ങനെ അധികാരമില്ലാത്തവരില്‍ ചിലര്‍ വ്യാജമായി വേഷമിട്ടുകൊണ്ട് അധ്യയനം ചെയ്യുന്നതായാല്‍ ഭക്തിയെക്കാരണമാക്കിക്കൊണ്ടു മറ്റുള്ളവര്‍ അധ്യയനം ചെയ്യുന്നതില്‍ എന്താണാക്ഷേപമുള്ളത്? എന്നാല്‍ പ്രകൃതത്തില്‍ അധ്യയനം ചെയ്യുന്നതിനു എല്ലാവര്‍ക്കും അധികാരമുണ്ടെന്നോ ഒരുത്തര്‍ക്കും ഇല്ലെന്നോ സിദ്ധാന്തിക്കാമെന്നല്ലാതെ ചിലര്‍ക്കുണ്ട് ചിലര്‍ക്കില്ല എന്നുള്ളതു ശരിയല്ല. ഒരുവേള സാങ്കേതിക ബ്രാഹ്മണ്യത്താല്‍ അധ്യയനാധികാരം ഉണ്ടാകുന്നു എങ്കില്‍ അതിനെ അല്പം പരിശോധിച്ചുനോക്കാം. കലിയുഗത്തില്‍ ക്ഷത്രിയരും വൈശ്യരുമില്ല.
‘ത്രേതാദൗ വിപ്രവിസൃതാ-
ശ്ചതുര്‍ദ്ധാവസ്ഥിതാ അപി;
വര്‍ണ്ണാസ്തിഷ്യേ സമായാതേ
വിട്ക്ഷത്രൗ ലുപ്തതാം ഗതൗ’
ത്രേതായുഗാരംഭത്തില്‍ വര്‍ണ്ണങ്ങള്‍ നാലായിത്തീര്‍ന്നുവെങ്കിലും കലികാലമായപ്പോള്‍ ക്ഷത്രിയ വൈശ്യജാതികള്‍ ഇല്ലാതെ ആയിരിക്കുന്നു – (ജമദഗ്നി. സം:) എന്നു ബ്രാഹ്മണര്‍ സങ്കേതമേര്‍പ്പെടിത്തിയിരിക്കയാലും ‘കേരളാവകാശക്രമ’മനുസരിച്ചുള്ള 64 ജാതിയില്‍ ക്ഷത്രിയരും വൈശ്യരും ഉള്‍പ്പെടാത്തത് ഇതിനനുഗുണമാകയാലും ശേഷിച്ച ബ്രാഹ്മണരേയും ശൂദ്രരേയുംകുറിച്ചുമാത്രം വിചാരിച്ചാല്‍ മതിയാകും. സാങ്കേതിക ബ്രാഹ്മണനു മന്വാദിധര്‍മ്മശാസ്ത്രജ്ഞന്മാര്‍ വിധിച്ചിരിക്കുന്ന അനന്തനിത്യനൈമിത്തിക കര്‍മ്മങ്ങളില്‍ ഏകദേശമെങ്കിലും ശരിയായി അനുഷ്ഠിക്കുന്നവര്‍ പ്രകൃതത്തില്‍ ഒരുത്തരും ഉണ്ടായിരിക്കയില്ല. ആകയാലും, എവിടെയെങ്കിലും ഒരാളിരിപ്പുണ്ടെന്നു വന്നാല്‍കൂടി ഭൂരിപക്ഷവും അപ്രകാരം അനുഷ്ഠിക്കുന്നവരല്ലായ്കയാലും അവര്‍ക്കെല്ലാം അബ്രാഹ്മണ്യം സിദ്ധിച്ചു എന്നതില്‍ സന്ദേഹമില്ല. അബ്രാഹ്മണ്യം കര്‍മ്മഭ്രംശത്താല്‍ സംഭവിച്ചാലും അനധികാരിത്വത്താല്‍ ഉണ്ടായാലും അവയില്‍ താരതമ്യമില്ലല്ലോ. ഇക്കാരണത്താല്‍ ബ്രാഹ്മണരും ഇക്കാലത്തില്ല എന്നല്ലയോ വരുന്നത്? ഇപ്രകാരം ഇല്ലെന്നു വരികിലും (പേരെന്തെങ്കിലുമാകട്ടെ) കാര്യാംശത്തില്‍ ഒരു ജാതിയുള്ളതായി സിദ്ധാന്തിച്ചാല്‍ അതു വെറുതെ ആകയില്ല. അങ്ങനെയെങ്കില്‍ മുന്‍പറഞ്ഞ വിധം വേദാഭ്യാസത്തിന് എല്ലാവര്‍ക്കും അധികാരം ഉണ്ടെന്നോ ഒരുത്തര്‍ക്കുമില്ലെന്നോ സിദ്ധാന്തം ഏര്‍പ്പെടുന്നു. അധികാരമില്ലാത്ത ഒരു വകക്കാര്‍മാത്രം അധ്യയനം ചെയ്യുന്നതു സാധുവാകുമെങ്കില്‍ മറ്റുള്ളവര്‍ ചെയ്യുന്നത് എങ്ങനെ ദൂഷ്യമാകും? ദുരഭിമാനങ്ങളെല്ലാം വിട്ട് വേദാര്‍ത്ഥസ്വരൂപവിചാരം ചെയ്യുന്നവര്‍ക്ക് ഈ സങ്കേതം കേവലം ഹാസ്യമായതെന്നു തോന്നിപ്പോകും.
കടശിയില്‍ ശൂദ്രന്‍ ഉണ്ണാന്‍ പാടില്ലാ എന്നു നിഷേധിക്കുമ്പോള്‍ അതിനെ ആരെങ്കിലും വകവെക്കുമോ? ഈ ലോകത്തില്‍ ജീവിക്കാന്‍ ഭക്ഷണം ആവശ്യമെങ്കില്‍ ഈ ലോകത്തു മാത്രമല്ല, ഏതു ലോകത്തും ജീവിക്കുന്നതിന് ജ്ഞാനമത്യാവശ്യമായിരിക്കയാല്‍ ആ ജ്ഞാനത്തെ ശൂദ്രന്‍ പ്രാപിച്ചുകൂടാ എന്നു നിഷേധിക്കുന്നതിനെ മാത്രം ഗൗനിക്കുന്നതിന് ആവശ്യം എന്താണുള്ളത്. തങ്ങളെപ്പോലെ ശൂദ്രനും പഠിച്ചുപോയാല്‍ തങ്ങള്‍ക്കു മഹിമ കുറഞ്ഞുപോകുമല്ലോ എന്ന അസൂയയാലും, തങ്ങള്‍ മൂലമായിട്ടേ എല്ലാവരും ജ്ഞാനം സമ്പാദിക്കാവൂ എന്നായാല്‍ തങ്ങള്‍ക്കു ലാഭപ്രദമായിരിക്കുമെന്ന ദുരാശയാലും തങ്ങള്‍ വലിക്കുന്ന വഴിക്കെല്ലാം എല്ലാവരും വരണമെന്ന ഉദ്ദേശ്യത്താലും ഇങ്ങനെയുള്ള സങ്കേതത്തെ ആരുതന്നെ ഏതുകാലത്തേര്‍പ്പെടുത്തിയതായാലും അതിനെ ആദരിക്കേണ്ടതില്ല. കൃസ്ത്യമഹമ്മദീയാദി സകലരും അവരവരുടെ പ്രമാണങ്ങളെ എല്ലാവര്‍ക്കും പഠിക്കാമെന്നു വെച്ചിരിക്കുന്നു. നമ്മുടെ വേദത്തെ മാത്രം ശൂദ്രര്‍ പഠിച്ചാല്‍ അതിന്റെ മഹിമ കുറഞ്ഞുപോകുമെന്ന് എന്തിനായിട്ടു കരുതണം? എല്ലാവരുടെ സ്വഭാവത്തെയും പരിശുദ്ധമാക്കേണ്ടതായ വേദത്തിനുപോലും ശൂദ്രരുടെ അദ്ധ്യയനത്താല്‍ മഹിമ കുറഞ്ഞുപോകുമെങ്കില്‍ ആ മഹിമ എത്രത്തോളം നിലനില്‍ക്കും? ജനങ്ങളെ എങ്ങനെ പരിശുദ്ധമാക്കും? അഗ്നിയെ പരിശുദ്ധമാക്കത്തക്ക വസ്തു ലോകത്തിലുണ്ടോ? ആകയാല്‍ ആരഭ്യസിച്ചാലും വേദത്തിന്റെ മഹിമയ്ക്ക് യാതൊരു കുറവും ഉണ്ടാകയില്ല. അല്ലാതെയും ശൂദ്രാദികളുടെ സ്ഥിതി ഒരു കാലത്ത് താഴ്ന്ന നിലയില്‍ ഇരുന്നാലും മറ്റൊരു കാലത്ത് നന്നായി വന്നുകൂടെന്നില്ല. ആകയാല്‍ ഇഷ്ടവും സദാചാരവും ഉള്ളവരെല്ലാവരും ജ്ഞാനസമ്പാദനത്തിന് പാത്രങ്ങള്‍തന്നെ. വിശക്കുന്നവന് അന്നം കൊടുക്കാത്തവനെ ദയയില്ലാത്തവനെന്നു നിന്ദിക്കുമെങ്കില്‍ അന്നത്തെക്കാളും ആവശ്യമായ ജ്ഞാനം ആഗ്രഹിക്കുന്നവരില്‍ ‘മനസ്സിരങ്ങായ്ക’ എന്തെന്നു പറയാം? അഭ്യാസത്താല്‍ കഠോരകൃത്യങ്ങളും സാത്മ്യമായിവരും എന്നതിനു കശാപ്പുകാരന്റെ ഹൃദയവും നയവും ദൃഷ്ടാന്തമല്ലയോ? മര്‍ക്കടമുഷ്ടി പിടിക്കാതെ ഇച്ഛിക്കുന്ന എല്ലാവര്‍ക്കും ജ്ഞാനത്തെ പ്രദാനംചെയ്യുന്നതുതന്നെ പരമധര്‍മ്മമെന്നും, പരമകരുണയെന്നും ഉറച്ച് അപ്രകാരം അനുഷ്ഠിക്കേണ്ടതാണ്.
ശുഭം. ശാന്തി