വര്‍ണശബളവും അര്‍ത്ഥസമ്പുഷ്ടവുമായ ഒരു സങ്കരദേശീയതയാണു ഭാരതത്തിന്റേത്. അതില്‍ എല്ലാ ദേശീയ ജനവിഭാഗങ്ങള്‍ക്കും പങ്കുണ്ട്. ഭാരതീയ പൈതൃകത്തിന്റെ നിജസ്ഥിതിയും ഇതുതന്നെ. കഴിഞ്ഞകാലചരിത്രം കിളച്ചിളക്കി അതില്‍ പൊരുത്തപ്പെടാത്ത അംശങ്ങള്‍ മാത്രം പെറുക്കിയെടുത്തു പൊക്കിപ്പിടിക്കുന്നതു രാജ്യത്തിനു ഗുണം ചെയ്യുകയില്ല. ഭാരതീയ സംസ്കാരത്തിലെ ആര്യദ്രാവിഡാംശങ്ങള് ഇഴപിരിച്ചെടുത്തുകാണിച്ച് ഇതു ശുദ്ധദ്രാവിഡം, ഇതു ശുദ്ധമായ ആര്യം എന്നു പറയുക സാധ്യമല്ല. എന്നാല്‍ അതിന്റെ അര്‍ത്ഥം കഴിഞ്ഞകാലചരിത്രം അപ്പാടെ അടഞ്ഞ അധ്യായമാക്കി വെച്ചുകൊള്ളണം എന്നുമല്ല.
ആര്യദ്രാവിഡസങ്കലനം ഭാരതീയപൈതൃകത്തിന്റെ മാറ്റു വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും, അധിനിവേശം കഴിഞ്ഞകാലത്തു മറ്റു ദേശീയതകളുടെ അസ്തിത്വത്തെത്തന്നെ അപകടപ്പെടുത്തിയ സന്ദര്‍ഭങ്ങള്‍ ആഹ്ലാദം കെടുത്തുന്നവയാണ്. ഇപ്പോഴും ആര്യമായ സകലതിനും അടിപ്പെടുത്തിക്കൊണ്ടു ഭാരതീയപൈതൃകത്തെ വ്യാഖ്യാനിക്കുന്ന സമീപനമുണ്ട്. അത് ഒരുവിധത്തിലും ആശാസ്യമല്ല. അത്തരം വ്യാഖ്യാതാക്കള്‍ക്കു മറുപടി കൊടുക്കുക ചിലപ്പോഴെങ്കിലും വേണ്ടിവരുകയും ചെയ്യും.
അതിഥിമര്യാദയും വിശാലമനസ്കതയും ഒരു ജനതയുടെ കഴിവുകേടായി കണ്ട് അവരുടെ മേല്‍ അധീശത്വം സ്ഥാപിക്കുകയും അവരുടെ സ്വത്വംതന്നെ നശിപ്പിക്കുകയും ചെയ്ത ചരിത്രസംഭവത്തിനു കേരളം സാക്ഷ്യം വഹിക്കുന്നു. അതുകൊണ്ടുതന്നെയാണു സ്വാതന്ത്ര്യസമരകാലത്തുണ്ടായ സ്വത്വം തേടിയുള്ള വിവിധഭാരതീയദേശീയതകളുടെ മുന്നേറ്റം കേരളത്തിലും അലയടിച്ചത്. അതിന്റെ മുന്നോടിയായി കേരളത്തില്‍ ചട്ടമ്പിസ്വാമികളെപ്പോലെയുള്ള മഹാന്മാര് ഉയര്‍ത്തിവിട്ട ചിന്ത വളരെ പ്രധാനമാണ്. ചട്ടമ്പിസ്വാമികളുടെ ചിന്തകള്‍ കേരളീയനവോത്ഥാനത്തിന് വമ്പിച്ച പ്രചോദനം നല്കി.
കേരളക്കരയുടെയും മലയാളഭാഷയുടെയും മലയാളികളുടെയും സ്വത്വം വകതിരിച്ചെടുത്തു പ്രദര്‍ശിപ്പിക്കുന്നതിനുവേണ്ടി ചട്ടമ്പിസ്വാമികള്‍ നടത്തിയ ശ്രമം ആധുനികഗവേഷകന്മാര്ക്കുകൂടി മാര്‍ഗദര്‍ശകമായ വിധത്തിലായിരുന്നു. ചട്ടമ്പിസ്വാമികളുടെ കൃതികള്‍ അതിനു നിദര്‍ശനങ്ങളാണ്. അദ്ദേഹത്തിന്റെ ‘പ്രാചീനമലയാളം’ എന്ന കൃതി അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനമാകുന്നു. അനവധി ഭാഗങ്ങളായി അദ്ദേഹം എഴുതാന്‍ ഉദ്ദേശിച്ച ഒരു കൃതിയത്രേ പ്രാചീനമലയാളം. എന്നാല്‍ അതിന്റെ ഒന്നാം ഭാഗം മാത്രമേ നമുക്കു കിട്ടിയിട്ടുള്ളൂ.
കേരളചരിത്രപ്രശ്നങ്ങളാണു ചട്ടമ്പിസ്വാമികള്‍ പ്രാചീനമലയാളത്തില്‍ പ്രതിപാദിക്കുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഫലമായുണ്ടായ മാറ്റങ്ങളുടെ ഭാഗമായിട്ടാണ് ഭാരതത്തിലും കേരളത്തിലും ശരിയായ ചരിത്രരചന ആരംഭിച്ചത്. അതിനുമുമ്പ് കേവലം ഐതിഹ്യങ്ങളെയും കെട്ടുകഥകളെയും ആശ്രയിച്ചാണു കേരളചരിത്രം വിവരിക്കപ്പെട്ടത്. ബ്രിട്ടീഷ് ആധിപത്യത്തിനുശേഷമുള്ള ചരിത്രഗ്രന്ഥങ്ങളിലും ആ പതിവ് ഒട്ടുമുക്കാലും തുടര്‍ന്നു.
പരശുരാമന് മഴുവെറിഞ്ഞു നേടിയതാണു കേരളമെന്ന ഐതിഹ്യമാണ് ഏറ്റവും പ്രചാരത്തിലുണ്ടായിരുന്നത്. മഴുവെറിഞ്ഞ് കടല്നീക്കി കേരളം ഉണ്ടാക്കുക മാത്രമല്ല വിദേശത്തുനിന്നും ബ്രാഹ്മണരെ വരുത്തി കേരളത്തെ അവര്‍ക്കു ദാനം ചെയ്യുകകൂടി ചെയ്തുവത്രേ പരശുരാമന്. ഈ ഐതിഹ്യത്തെ അടിച്ചുപൊളിക്കാന്‍ ആദ്യം മുതിര്‍ന്നതു ചട്ടമ്പിസ്വാമികളാണ്. ലഭ്യമായിട്ടുള്ള പ്രാചീനമലയാളം എന്ന കൃതിയില്‍ അദ്ദേഹം ചെയ്യുന്നതതാണ്. അതുവഴി പില്ക്കാലത്തെ ശാസ്ത്രീയമായ ചരിത്രരചനാരീതികള്ക്കു പാതയൊരുക്കുകയാണ് സ്വാമികള്‍ ചെയ്തത്.
ആദിഭാഷ
പ്രാചീനമലയാളത്തിന്റെ സഹോദരിയാണ് ആദിഭാഷ എന്നു പറയാം. ഈ കൃതി എഴുതപ്പെട്ട കാലത്തുതന്നെ പ്രസിദ്ധപ്പെടുത്താതെ പോയതു മലയാളഭാഷയുടെ ദുര്യോഗം എന്നേ പറയേണ്ടൂ.
ഈ കൃതിയുടെ രചനാകാലത്തെപ്പറ്റി കൃത്യമായി ഒന്നും അറിഞ്ഞുകൂടാ. ചട്ടമ്പിസ്വാമികള്‍ 1924-ല്‍ അന്തരിച്ചതുകൊണ്ട് അതിനു മുമ്പ് എഴുതപ്പെട്ടു എന്നു തീരുമാനിക്കാം എന്നു മാത്രം. മലയാളം സംസ്കൃതജന്യമാണോ അല്ലയോ എന്നത് ഇന്ന് മലയാളഭാഷാ ചരിത്രപഠനത്തില്‍ അത്ര പ്രസക്തമായ ഒരു പ്രശ്നമല്ല. എന്നാല്‍ ഒരു കാലത്തെ സ്ഥിതി അതായിരുന്നില്ല. മലയാളം മാത്രമല്ല എല്ലാ ഭാരതീയഭാഷകളും സംസ്കൃതത്തില്‍നിന്നു ജനിച്ചവയാണെന്നാണു പൂര്വ്വാചാര്യന്മാര് സ്ഥാപിച്ചിരുന്നത്.
പതിനാലാം ശതകത്തില്‍ ഉണ്ടായ ‘ലീലാതിലകം’ എന്ന സംസ്കൃതത്തിലെഴുതിയ മലയാളവ്യാകരണഗ്രന്ഥത്തില് മലയാളം സംസ്കൃതത്തില്‍ നിന്നുണ്ടായതാകാമെന്നു പറഞ്ഞിട്ടുണ്ട്. കോവുണ്ണി നെടുങ്ങാടിയുടെ 1857-ലുണ്ടായ ‘കേരളകൗമുദി’ എന്ന മലയാളവ്യാകരണഗ്രന്ഥത്തിലും അതേ അഭിപ്രായമാണു പറഞ്ഞിരിക്കുന്നതെന്നു
സംസ്കൃതഹിമഗിരിഗളിതാ
ദ്രാവിഡവാണീകളിന്ദജാമിളിതാ
കേരളഭാഷാഗംഗാ
വിഹരതുമേ ഹൃത്സരസ്വദാസംഗാ
എന്ന പദ്യത്തില്‍ നിന്ന് ഊഹിക്കാം.
മലയാളം സംസ്കൃതജന്യമാണെന്ന വാദത്തെ കാള്‍ഡ്വെല്‍ മുതലുള്ള (1875) പണ്ഡിതന്മാര് വിമര്‍ശിച്ചു തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ ചട്ടമ്പിസ്വാമികള്‍ ആദിഭാഷയില്‍ ചെയ്യുന്നമാതിരി വിശദവും അത്യന്തം യുക്തിയുക്തവും പണ്ഡിതോചിതവുമായ ഒരു പ്രത്യാഖ്യാനം വേറെ ഉണ്ടായിട്ടില്ല.
ഈ കൃതി എഴുതിയ കാലത്തുതന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നെങ്കില്‍ പിന്നീടുണ്ടായ വ്യാകരണഗ്രന്ഥങ്ങളിലും സാഹിത്യചരിത്രഗ്രന്ഥങ്ങളിലും സംസ്കൃതജന്യമല്ല മലയാളം എന്നു സ്ഥാപിക്കുവാനായി വിനിയോഗിച്ച എത്രയോ പുറങ്ങള്‍ ലാഭിക്കാമായിരുന്നു. മാത്രമല്ല, ഭാഷാചരിത്രഗ്രന്ഥങ്ങളുടെ കാര്യത്തില്‍ താരതമ്യേന ദരിദ്രമായ മലയാളത്തിനു ആദിഭാഷ വലിയ ഒരു സംഭാവനയായി അന്നു മുതല്‍ തന്നെ എണ്ണപ്പെടുകയും ചെയ്യുമായിരുന്നു.
മലയാളം സംസ്കൃതജന്യമല്ലെന്നു സ്ഥാപിക്കാന്‍ മാത്രമല്ല രണ്ടും ഭിന്നഗോത്രങ്ങളില്‍പ്പെട്ട ഭാഷകളാണെന്നു സ്ഥാപിക്കാനും ആദിഭാഷപോലെ ഉപയോഗപ്രദമായ ഒരു കൃതി വേറെയില്ല.
മലയാളവും സംസ്കൃതവും ഭിന്നഗോത്രങ്ങളില്‍പ്പെട്ട ഭാഷകളാണെന്ന് ഇന്നിപ്പോള്‍ പരക്കെ അറിവുള്ള സംഗതിയാണ്. എന്നാല്‍ ചട്ടമ്പിസ്വാമികള്‍ ഈ പുസ്തകം എഴുതിയ കാലത്തെ സ്ഥിതി അതായിരുന്നില്ല. ഏ.ആര്.രാജരാജവര്മ്മതന്നെ സംസ്കൃതവും മലയാളവും ഭിന്നഗോത്രങ്ങളില്‍പ്പെട്ട ഭാഷകളാണെന്ന് സ്ഥാപിക്കുവാന്‍ ‘കേരളപാണിനീയ’ത്തിന്റെ ഏതാനും പുറങ്ങള്‍ ചെലവാക്കിയിട്ടുണ്ട്.1
മലയാളത്തിന്റെ ഉത്പത്തിയെപ്പറ്റിയുള്ള വാദപ്രതിവാദങ്ങള്‍ക്ക് ഇനിയും അറുതി വന്നിട്ടില്ല. മൂന്നു പ്രബലപക്ഷങ്ങളാണു ഇക്കാര്യത്തിലുള്ളത്. മലയാളം സംസ്കൃത്തില്നിന്നുണ്ടായതാണെന്നു ഒരു പക്ഷം. തമിഴില്‍ നിന്നുണ്ടായതാണെന്നു രണ്ടാമത്തെ പക്ഷം. സ്വതന്ത്രഭാഷയാണു മലയാളമെന്നു മൂന്നാമത്തെ പക്ഷം. തമിഴിന്റേയും അമ്മയായി മലയാളത്തെ കാണുന്ന ഒരു പക്ഷവും ഇല്ലാതില്ല. ചട്ടമ്പിസ്വാമികള്‍ ‘ആദിഭാഷ’യില്‍ സ്ഥാപിക്കുന്നതു മലയാളം സംസ്കൃതത്തില്‍ നിന്നുണ്ടായതല്ലെന്നു മാത്രമല്ല, മലയാളത്തിന്റെ പെറ്റമ്മയായ തമിഴാണ് സംസ്കൃതത്തിന്റെയും ആദിഭാഷ എന്നുകൂടിയത്രേ.
പ്രസക്തി
‘ആദിഭാഷാസിദ്ധാന്തം’ ഭാഷാവിജ്ഞാനീയത്തിലെ ആദരണീയമായ ഒരു സിദ്ധാന്തമായി ഇന്നു പരിഗണിക്കപ്പെടുന്നില്ല. ലോകത്തെ എല്ലാ ഭാഷകളുടേയും മൂലം ആദിദ്രാവിഡമാണെന്ന ചട്ടമ്പിസ്വാമികളുടെ സിദ്ധാന്തം സ്വീകാര്യമല്ല. ഒരു പക്ഷേ ചട്ടമ്പിസ്വാമികള്‍ ഇങ്ങനെയൊരു നിലപാടെടുത്തത് സംസ്കൃതം സകലഭാഷകളുടെയും മൂലമാണെന്ന വാദഗതിക്കു മറുപുറം എന്ന മട്ടിലാകാം. എന്തായാലും സംസ്കൃതം-തമിഴ് ഭാഷകളില്‍ ഏതാണ് ആദിഭാഷ എന്ന പ്രശ്നത്തിനു ചട്ടമ്പിസ്വാമികള്‍ നല്കുന്ന ഉത്തരം തികച്ചും ശാസ്ത്രീയമായിരിക്കുന്നു. തന്മൂലം സ്വീകാര്യമായിരിക്കുന്നു. മാത്രമല്ല, അദ്ദേഹം അവതരിപ്പിക്കുന്ന മൂലദ്രാവിഡഭാഷയെയും ദേശത്തെയും കുറിച്ചുള്ള പല ധാരണകളും ഉപരിഗവേഷണം അര്‍ഹിക്കുന്നവയാണ്.
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എത്തിനില്‍ക്കുന്ന ഈ അവസരത്തില്‍പോലും നിരന്തരമായി പ്രചരിക്കപ്പെടുന്ന ധാരണ എന്താണെന്നോ? നമ്മുടെ നാടിന്റെ സംസ്കാരമാകെ സംസ്കൃതത്തില്‍ അധിഷ്ഠിതമാണെന്ന്. ആലുവയിലെ വിശ്വസംസ്കൃതപ്രതിഷ്ഠാനം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു ചെറുപുസ്തകമുണ്ട്. ‘സംസ്കൃതം വദ ആധുനികോ ഭവ’ എന്നത്രേ പുസ്തകത്തിന്റെ പേര്.2 അതിന്റെ അവതാരികയില്‍ പറഞ്ഞിരിക്കുന്നതിങ്ങനെയാണ്.’
‘നമ്മുടെ നാടിന്റെ സംസ്കാരം സംസ്കൃതത്തിലധിഷ്ഠിതമാണല്ലോ. വേദങ്ങളിലൂടെയും രാമായണമഹാഭാരതങ്ങളിലൂടെയും നമുക്കു പകര്‍ന്നു കിട്ടിയിട്ടുള്ള ആ സനാതനസംസ്കാരം നിലനില്ക്കണമെങ്കില് സംസ്കൃതവും ആവശ്യമാണ്. ഭാഷയ്ക്കൊത്തു സംസ്കാരവും ഉണ്ടാവും. നാം സാധാരണ ഇംഗ്ലീഷ് സംസ്കാരം എന്നു പറയാറുണ്ടല്ലോ. നമ്മുടെ നാടിന്റെ സ്വന്തമായുള്ളതെല്ലാം സംസ്കൃതഭാഷയിലാണുള്ളത്. ആദ്ധ്യാത്മികം, ആയുര്‍വേദം, കണക്ക്, ജ്യോതിഷം… തുടങ്ങി ജീവിതസംബന്ധിയായ എല്ലാ അറിവും ഈ ഭാഷയിലാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഇതൊക്കെ മനസ്സിലാക്കി നല്ല നാട്ടുകാരായി വളരാന്‍ സംസ്കൃതഭാഷ ആവശ്യമാണ്. എല്ലാ ഭാരതീയഭാഷകളും സംസ്കൃതവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ സംസ്കാരങ്ങളുടേയും മൂലം ഭാരത സംസ്കാരമെന്നതുപോലെ എല്ലാ ഭാഷകളുടേയും മൂലം സംസ്കൃതമാണ്.3
ഈ വാക്കുകളില്‍ പ്രകടമാകുന്ന പൊള്ളയായ ഊറ്റമുണ്ടല്ലോ. അതാണ് നാനാത്വത്തിന്റെ നാടായ ഭാരതത്തില്‍ സാംസ്കാരികകാലുഷ്യത്തിനു കാരണമാകുന്നത്. പുസ്തകത്തിന്റെ പേരുതന്നെ ശ്രദ്ധേയമാണ്. ‘സംസ്കൃതം വദ ആധുനികോ ഭവ’ എന്നതിനു ‘സംസ്കൃതം പറയൂ ആധുനികനാവൂ’ എന്ന് അര്‍ത്ഥം. സംസ്കൃതം പഠിച്ചില്ലെങ്കില്‍ ആധുനികനാവുകയില്ല എന്ന ധ്വനി അപകടകരമാണ്. ഇപ്പോള്‍ മുക്കിനുമുക്കിനു പത്തു ദിവസംകൊണ്ടു സംസ്കൃതമെന്ന വ്യാജേന വായില്‍വരുന്നതു കോതയ്ക്കു പാട്ടെന്ന മട്ടില്‍ പഠിച്ചുവരുന്ന ഒരുതരം സംസ്കൃതമുണ്ടല്ലോ, അതിന്റെ പിറവിയുടെ രഹസ്യം ഭാരതീയരെ ആധുനികരാക്കാനുള്ള ആ ശ്രമം തന്നെയാണ്. സംസ്കൃതം പഠിക്കൂ എന്നു പറയുന്നതുകേട്ടാല്‍ നിരുപദ്രവകരമാണ് അത് എന്നുതോന്നും. സാധാരണക്കാരെ വഴിതെറ്റിക്കാന്‍ അതിനു കഴിയും. സംസ്കൃതം പഠിക്കണമെന്നു പറയുന്നതില്‍ എന്തിരിക്കുന്നു കുഴപ്പം എന്നു സാധാരണക്കാര്‍ ചിന്തിച്ചുപോകുന്നു. അവര്‍ സംസ്കൃതം പഠിക്കാന്‍ എത്തുമ്പോള്‍ പകര്‍ന്നുകൊടുക്കുന്ന ധാരണകള്‍ എന്തൊക്കെയാണെന്നു മുകളിലുദ്ധരിച്ച ചെറിയ ഖണ്ഡികതന്നെ വ്യക്തമാക്കുന്നു. നാട്ടുകാരെ പരക്കെ സംസ്കൃതം പഠിപ്പിക്കാന്‍വേണ്ടി തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തിലാണ് അതു പറഞ്ഞുവച്ചിരിക്കുന്നതെന്നോര്ക്കണം.
‘നമ്മുടെ നാടിന്റെ സംസ്കാരം സംസ്കൃതത്തിലധിഷ്ഠിതമാണല്ലോ.’
സര്‍വസമ്മതമായ അഭിപ്രായമെന്നമട്ടിലാണു പറയുന്നത്. അപ്പോള്‍ പ്രാകൃതഭാഷകള്‍ക്കും ദ്രാവിഡഭാഷകള്‍ക്കും നമ്മുടെ നാടിന്റെ സംസ്കാരത്തില്‍ യാതൊരു കാര്യവുമില്ലെന്നല്ലേ വരുന്നത്?
സംസ്കൃതത്തെപ്പോലെതന്നെ ഭാരതീയ സംസ്കാരത്തിന്റെ സമ്പത്തുള്ക്കൊള്ളുന്ന മഹത്തായ ഒരു കൂട്ടം ഭാഷകളാണു പാലി ഉള്‍പ്പെടെയുള്ള പ്രാകൃതഭാഷകള്‍. ആ ഭാഷകളിലാണു ജൈന-ബൗദ്ധ സംഭാവനകളാകെ നിലനില്‍ക്കുന്നത്. അര്ധമാഗധിയിലും മറ്റു പ്രാകൃതഭാഷകളിലുമുള്ള ജൈനസാഹിത്യം ബൃഹത്താണ്. ജൈനസംസ്കാരധാര ഭാരതത്തിലെ ജീവിതത്തെയും ചിന്തയെയും വ്യവസ്ഥിതികളെയും എത്രമാത്രം പരിപോഷിപ്പിച്ചിട്ടുണ്ടെന്നറിയാന് ഡോ.ഹീരാലാല്‍ ജൈന്‍ എഴുതിയ പുസ്തകം ശുപാര്‍ശചെയ്യുക മാത്രമേ ഞാനിവിടെ ചെയ്യുന്നുള്ളൂ. ‘ഭാരതീയ സംസ്കാരത്തിനു ജൈനമതത്തിന്റെ സംഭാവന’4 എന്ന പുസ്തകം മലയാളത്തില്‍ ലഭ്യമാണ്.
ബൗദ്ധസംഭാവന എത്രയോ വലുതാണ്. പാലിഭാഷയിലുള്ള ത്രിപിടകത്തിന്റെ കാര്യം തന്നെയെടുക്കുക. നാലു വേദങ്ങളുംകൂടി ത്രാസിന്റെ ഒരു തട്ടിലും ത്രിപിടകം മറ്റേ തട്ടിലും വെച്ചൊന്നു തൂക്കിനോക്കിയാല്‍ വേദത്തോടൊപ്പം പടികള്‍ കുറച്ചധികം വേണ്ടിവരും. ത്രാസിന്റെ സമനില കൈവരാന്‍ എന്നു ബോദ്ധ്യമാവും. ഡോ.ഏ.ജി. കൃഷ്ണവാര്യര്‍ ബുദ്ധമതത്തെപറ്റി എഴുതിയിരിക്കുന്നു.-‘ഏതാണ്ട് ആയിരം കൊല്ലങ്ങളോളം ഭാരതഖണ്ഡം ആകമാനം അതു വ്യാപിച്ച് ഇവിടെ ജനതയുടെ ജീവിതത്തെയും സംസ്കാരത്തെയും ഇന്നും പ്രചാരത്തിലിരിക്കുന്ന ഹിന്ദുമതത്തെത്തന്നെയും കൂലങ്കഷമായി സ്പര്‍ശിച്ചു രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ തെളിഞ്ഞല്ലെങ്കിലും ഒളിഞ്ഞു ബുദ്ധമതത്തിന്റെ പ്രഭാവാംശങ്ങള് വിളങ്ങുന്നുണ്ടെന്നു സൂക്ഷ്മദൃഷ്ടികള്ക്കു കാണാന്‍ കഴിയും. കൂടാതെ ഭാരതസംസ്കാരത്തിന്റെ തനിരൂപം ഗ്രഹിക്കുന്നതിലും ബുദ്ധമതജ്ഞാനം അത്യന്താപേക്ഷിതമാണെന്നു സിദ്ധാന്തിക്കാം. ഭാരതീയരെ ലോകത്തില്‍വെച്ച് എത്രയും സൗമ്യശീലരാക്കിത്തീര്ത്ത ആദ്ധ്യാത്മികശക്തികളില് ഒന്നാം സ്ഥാനം അര്‍ഹിക്കുന്നത് ബുദ്ധമതമാണ്. വിശേഷിച്ചും ബുദ്ധമതത്തെ സര്വാദരണീയമാക്കിത്തീര്ത്ത അഹിംസാവാദം. ആധുനികകാലങ്ങളില്‍ ഈ വാദം രാഷ്ട്രീയമണ്ഡലത്തില്‍ പോലും നേടിയ മഹാവിജയങ്ങള്‍ നിസ്ത്തര്ക്കങ്ങളാണല്ലോ.
കലാലോകത്താണെങ്കില് അശോകചക്രവര്‍ത്തിയുടെ കാലം മുതല്‍ ഭാരതത്തിലും അതിനു വെളിയിലുമായി ബുദ്ധമതത്തിന്റെ ബഹുമുഖമായ പ്രചോദനങ്ങള്കൊണ്ടുണ്ടായ പ്രതിമകള്‍, ചിത്രങ്ങള്‍, ചൈത്യങ്ങള്‍, മന്ദിരങ്ങള്‍ തുടങ്ങിയവ അസംഖ്യങ്ങളാണ്. അക്കൂട്ടത്തില്‍ അജന്താഗുഹയിലെ ചുവര്‍ചിത്രങ്ങള്‍ നടുനായകമെന്നേയുള്ളൂ.5
സംസ്കൃതമുള്പ്പെടുന്ന ഇന്‍ഡോയൂറോപ്യന്‍ ഭാഷാഗോത്രത്തില്നിന്നു വ്യത്യസ്തമായ ഒരു ഭാഷാഗോത്രമാണല്ലോ ദ്രാവിഡം. തമിഴ്, മലയാളം, കന്നടം, തെലുങ്ക് എന്നീ തെന്നിന്ത്യന്‍ ഭാഷകള്‍ ഭാരതീയ സംസ്കാരത്തിനു മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ദ്രാവിഡഗോത്രത്തിലെ മൂലഭാഷയായ തമിഴിനു സംസ്കൃതത്തെപ്പോലെയോ അതിനെക്കാള്‍ കൂടുതലോ പാരമ്പര്യവും പൈതൃകവും അവകാശപ്പെടാനുണ്ട്. സംഘസാഹിത്യമെന്നറിയപ്പെടുന്ന തമിഴ് സാഹിത്യം വേദസാഹിത്യത്തിനൊപ്പം നില്ക്കും. ഇതൊക്കെ ഒറ്റയടിക്കു തള്ളിപ്പറയുകയാവും സംസ്കൃത്തിലധിഷ്ഠിതമാണു നമ്മുടെ നാടിന്റെ സംസ്ക്കാരമെന്നു പറയുകവഴി സംഭവിക്കുക.
സംസ്കൃതത്തിന്റെ വക്താക്കളായ ആര്യന്മാരുടെ വരവിനും എത്രയോ മുന്‍പ് ഭാരതത്തില്‍ ആര്യന്മാരുടേതിനെക്കാള് വളര്‍ച്ചപ്രാപിച്ച സൈന്ധവസംസ്കാരം നിലനിന്നിരുന്നു എന്നു എല്ലാവരും അംഗീകരിക്കുന്നു.
പി.കെ.പരമേശ്വരന് നായര്‍ എഴുതിയിരിക്കുന്നു-
‘അത്രമാത്രം സംസ്കാരസമ്പന്നമായ ഒരു ജനതയോടാണ് ആര്യന്മാര് ഇന്ത്യയില്‍ പ്രവേശിച്ച കാലത്ത് ആദ്യം സമ്പര്‍ക്കത്തിനു വന്നത്. ഒരു പക്ഷേ അതിനുമുമ്പ് സ്ഥിരമായ വാസസ്ഥലമില്ലാതിരുന്ന ആര്യന്മാര് ശതാബ്ദങ്ങളായി ഒരു പ്രദേശത്തു പാര്‍ത്തു ശ്രേഷ്ഠമായ ഒരു പരിഷ്കാരം വളര്‍ത്തിയെടുത്ത ദ്രാവിഡന്മാരോടൊപ്പം പരിഷ്കൃതരാണെന്നു കരുതാന്‍ യാതൊരു ന്യായവുമില്ല. ഏതായിരുന്നാലും ചൈതന്യദായകമായിരുന്ന ഒരു സാമൂഹ്യസാംസ്കാരിക സങ്കലനമായിരുന്നു കാലക്രമേണ സംഭവിച്ചതെന്നുള്ളതിന് തര്‍ക്കമില്ല. വൈദികവും ഔപനിഷദവുമായ ചിന്തകളില്‍ കാണുന്ന ആദ്ധ്യാത്മികൗന്നത്യത്തിന്റെ കാരണം തന്നെ ഈ ദ്രാവിഡസംസ്കാരത്തോടുണ്ടായ സങ്കലനമല്ലേ? ആയിരിക്കാനാണു സാധ്യത. അതല്ലെങ്കില്‍ മറ്റു പ്രദേശങ്ങളിലേക്കു കടന്ന ആര്യജനതകളിലെങ്ങും ഇതുപോലെ ഉന്നതകോടിയിലുള്ള ഒരു ആദ്ധ്യാത്മികബോധമോ പ്രത്യേകതരത്തിലുള്ള സാസംകാരിക നിലവാരമോ ഉയര്‍ന്നുവരാത്തതെന്തുകൊണ്ട്? ഏതായാലും ആര്യദ്രാവിഡസംസ്കാരങ്ങളുടെ സങ്കലിതമായ ഒരടിത്തറയിലാണ് അനന്തരകാലത്തെ ഭാരതീയ സംസ്കാരം ഉയര്‍ന്നുവന്നതെന്നതില്‍ സംശയത്തിനവകാശമില്ല.’6
‘നമ്മുടെ നാടിന്റെ സ്വന്തമായുള്ളതെല്ലാം സംസ്കൃതഭാഷയിലാണുള്ളത്.’
അപ്പോള്‍ മുകളില്‍ പറഞ്ഞ പ്രാകൃതങ്ങളിലും ദ്രാവിഡഭാഷകളിലും ഉള്ളതൊന്നും നമ്മുടെ നാടിന്റെ സ്വന്തമല്ലെന്നുവരുന്നു. കൊള്ളാം. ഈ വാദഗതിയുടെ വക്താക്കള്‍തന്നെ ദേശീയബോധത്തിന്റെയും ദേശസ്നേഹത്തിന്റെയും കുപ്പായമണിഞ്ഞു ജനങ്ങളുടെയിടയില്‍ പ്രചാരവേല നടത്തുന്നതു രസകരമായ കാഴ്ചയാണ്. ഇനി സംസ്കൃതേതര ഭാഷകളിലുള്ളതെല്ലാം വൈദേശികമെന്നും ഇറക്കുമതിച്ചരക്കെന്നും പറഞ്ഞ് എന്നാണിവര്‍ പുറത്താക്കാന്‍ പ്രക്ഷോഭമാരംഭിക്കുന്നതെന്നേ നോക്കേണ്ടതുള്ളൂ. ആര്യാഭിമാനത്തിന്റെ പേരില്‍ ഈ ധാരണകള്‍ പ്രചരിപ്പിച്ചാല്‍ നമ്മുടെ നാട്ടില്‍ ദ്രാവിഡരാഷ്ട്രവാദം കൊടുമ്പിരിക്കൊണ്ടില്ലെങ്കിലേ വിസ്മയിക്കേണ്ടതുള്ളു.
സംസ്കൃത്തിന്റെ ഇമ്മാതിരി അമിതവക്താക്കള് എന്നാണ് ഇനി സംസ്കൃതത്തെ നമ്മുടെ രാഷ്ട്രഭാഷയായി പ്രഖ്യാപിക്കുക എന്നും നോക്കിക്കണ്ടാല്‍ മതി. ഭാരതവല്ക്കരണത്തിന്റെ ആഴം ഇത്രമാത്രമുണ്ടെന്നു ഒരു പക്ഷേ സംസ്കൃത്തെക്കുറിച്ചറിയുന്നവര്പോലും ചിന്തിച്ചിട്ടുണ്ടാവില്ല.
‘എല്ലാ സംസ്കാരങ്ങളുടെയും മൂലം ഭാരതസംസ്കാരമെന്നതുപോലെ എല്ലാ ഭാഷകളുടെയും മൂലം സംസ്കൃതമാണ്.’
അഞ്ജനമെന്നതെനിക്കറിയാം. മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന പഴമൊഴി കേട്ടിട്ടുണ്ട്. അതുതന്നെയല്ലേ ഇതും? എല്ലാ സംസ്കാരങ്ങളുടെയും മൂലം ഭാരതസംസ്കാരമാണുപോലും. അങ്ങനെ കുത്തക അവകാശപ്പെടുന്നതിനു ചരിത്രപരമായ വല്ല ആധാരവുമുണ്ടോ? പ്രാചീനഭാരതീയസംസ്കാരത്തോടൊപ്പം പഴക്കമുള്ള സംസ്കാരങ്ങള്‍ സമാനകാലത്തു ലോകത്തുണ്ടായിരുന്നു എന്നതാണു ചരിത്രവസ്തുത. പ്രാചീന ഈജിപ്ഷ്യന്‍ സംസ്കാരവും മെസൊപ്പെട്ടോമിയന്‍ സംസ്കാരവും സൈന്ധവസംസ്കാരത്തേക്കാള് പഴക്കമുള്ളതും സ്വതന്ത്രങ്ങളുമായിരുന്നു.
സംസ്കൃതം പ്രതിനിധാനം ചെയ്യുന്ന ഭാരതീയ സംസ്കാരത്തിന്റെ ഏറ്റവും പ്രാചീനമായ മുഖമാണല്ലോ വേദങ്ങളില്‍ കാണുന്നത്. ആ വേദങ്ങളില്‍ത്തന്നെ ആര്യന്മാര് നേരിടേണ്ടിവന്ന മറ്റൊരു ജനതയെയും അവരുടെ സംസ്കാരത്തെയും കുറിച്ചുള്ള വ്യക്തമായ സൂചനകളുണ്ട്. ‘ശിശ്നദേവന്മാര്‍’, ‘അയജ്വന്മാര്’, ‘അവ്രതന്മാര്‍’, ‘മൃധ്രവാക്കുകള്’ എന്നൊക്കെ ഋഗ്വേദത്തില്‍ കാണുന്ന പരാമര്‍ശം അതിന്റെ തെളിവാണ്. ദസ്യുക്കളെന്നും അസുരന്മാരെന്നും മറ്റും വിളിക്കുന്ന ഇക്കൂട്ടര്‍ ആര്യന്മാരായ ദേവന്മാരെക്കാള് ഒട്ടും മോശക്കാരായിരുന്നില്ല എന്നു മാത്രമല്ല, പലപ്പോഴും കൂടുതല്‍ കേമന്മാരുമായിരുന്നു. ഋഗ്വേദത്തിലെ ഒരു മന്ത്രത്തില്‍ ഇന്ദ്രനോടു യാജ്ഞികര്‍ വിളിച്ചപേക്ഷിക്കുന്നത് ‘ശിശ്നദേവന്മാര്‍ ഞങ്ങളുടെ യാഗം മുടക്കിക്കളയാത്തവിധത്തില്’7 രക്ഷിക്കണേ എന്നാണ്. അതേ സൂക്തത്തിലെ മറ്റൊരു മന്ത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നത് ‘ഒരു നൂറു രക്ഷകരുളളവനേ, അങ്ങയെപ്പോലുള്ള ഒരുവന് ദ്രോഹിക്കാന്‍ വന്നാല്‍ അവനെ തടുക്കണമേ’8 എന്നാണ്. അപ്പോള്‍ ഇന്ദ്രസമാനന്മാരായ ശിശ്നദേവന്മാര്‍ അക്കാലത്തുണ്ടായിരുന്നു എന്നു വ്യക്തം.
സംസ്കൃതാചാര്യന്മാരുടേതിനെക്കാള് മെച്ചപ്പെട്ട സംസ്കാരവും പരിഷ്കാരവും ശിശ്നദേവന്മാര്ക്കുണ്ടായിരുന്നു എന്നതിനും തെളിവുകള്‍ വേദത്തിലുണ്ട്. ഇന്ദ്രനു ‘പുരന്ദരന്‍’ എന്നു പേരു പറയുന്നത് അസുരന്മാരുടെ പുരങ്ങള്‍ നശിപ്പിക്കുന്നതുകൊണ്ടാണ്. കാലിമേയ്ക്കുന്ന ആര്യന്മാരുടേതിനെക്കാള് മെച്ചപ്പെട്ട ഒരു നഗരസംസ്കാരം എതിരാളികള്‍ക്കുണ്ടായിരുന്നു എന്നാണ് അതു വ്യക്തമാക്കുന്നത്. ഋഗ്വേദസൂക്തത്തിലെ ഒരു മന്ത്രത്തില്‍ ഇന്ദ്രനെ സ്തുതിക്കുന്നത് അദ്ദേഹം ശിശ്നദേവന്മാരെ മര്‍ദ്ദിച്ചൊതുക്കി അവരുടെ നൂറുകവാടങ്ങളുള്ള നഗരങ്ങളുടെ സമ്പത്തുമുഴുവന്‍ പിടിച്ചെടുക്കുന്നവനാണെന്നാണ്.9
സംസ്കൃതാര്യസംസ്കാരത്തെക്കാള് മെച്ചപ്പെട്ട ഒരു സംസ്കാരമായിരുന്നു ആര്യന്മാരുടെ വരവിനു മുന്‍പുതന്നെ ഭാരതത്തില്‍ ഉണ്ടായിരുന്നതെന്നിരിക്കെ മറിച്ചുള്ള എല്ലാ വാദഗതികളും ആര്യാഭിമാനപ്രചോദിതങ്ങള് എന്നേ കാണാനാവൂ. ഭാരതസംസ്കാരത്തെ സംബന്ധിച്ച അഭിമാനം ആരും കുത്തകയായി ഏറ്റെടുക്കാന്‍ പോകാതിരിക്കുന്നതാണു മിതമായി പറഞ്ഞാല്‍ ഭംഗി. ഭാരതസംസ്കാരമാണു ലോകസംസ്കാരങ്ങളുടെയാകെ പ്രഭവം എന്ന മട്ടിയുള്ള അവകാശവാദങ്ങള്‍ വെറും വികാരപ്രകടനങ്ങളാകുന്നു. എല്ലാ ഭാഷകളുടെയും മൂലം സംസ്കൃതം ആണെന്നു പറയുന്നതും അതുപോലെ തന്നെ. എല്ലാ ഭാഷകളുടെയും പോയിട്ടു എല്ലാ ഭാരതീയഭാഷകളുടെയും മൂലം പോലുമല്ല സംസ്കൃതം എന്നതാണു സത്യം. സംസ്കൃതത്തെയും തമിഴിനെയും വിശദമായി താരതമ്യം ചെയ്തുകൊണ്ടു തമിഴ് സംസ്കൃതങ്ങളില് ആദിഭാഷ തമിഴ്തന്നെയാണുന്നു ചട്ടമ്പിസ്വാമികള്‍ ‘ആദിഭാഷ’ എന്ന കൃതിയില്‍ സ്ഥാപിക്കുന്നു. സംസ്കൃതത്തിന്റെ പേരിലുള്ള അമിതാവേശം ഇതരഭാഷാവിഭാഗങ്ങളെ ഭാരതീയപൈതൃകത്തിന്റെ അവകാശത്തില്‍നിന്നു പിടിച്ചു തള്ളുന്ന അവസ്ഥ ചട്ടമ്പിസ്വാമികള്‍ അന്നുതന്നെ മുന്‍കൂട്ടി കണ്ടു എന്നതു വിസ്മയകരമായിരിക്കുന്നു. അതിനു മറുപടിയായിട്ടാണു ദീര്‍ഘദര്‍ശിയായ ചട്ടമ്പിസ്വാമികള്‍ ആദിഭാഷ എഴുതിവെച്ചതെന്നു തോന്നിപ്പോകുന്നു. എല്ലാ ഭാഷകളുടെയും മൂലം സംസ്കൃതമാണെന്ന അഭിപ്രായത്തെ പൂര്വപക്ഷങ്ങള് ഓരോന്നായി എടുത്തവതരിപ്പിച്ചു നിഷേധിച്ചുകൊണ്ടു ചട്ടമ്പിസ്വാമികള്‍ ഖണ്ഡിക്കുന്നു.
തമിഴിലെയും സംസ്കൃതത്തിലെയും അക്ഷരങ്ങള്‍ താരതമ്യം ചെയ്തിട്ടു, തമിഴിന്റെ ലാളിത്യവും സംസ്കൃതത്തിന്റെ ഗാംഭീര്യവും സ്ഥാപിക്കുന്നു ചട്ടമ്പിസ്വാമികള്‍. തുടര്‍ന്നദ്ദേഹം പറയുന്നു – ‘അരവിന്ദം, മന്ദാരം, മൃദുലം, കുസുമം, ഗംഭീരം, ഭൃംഗനാദം തുടങ്ങിയ വാക്കുകളെ തമിഴ്രൂപത്തിലാക്കുമ്പോള് ഈ രണ്ടു ഭാഷകളെയും അറിയുന്നവര്‍ക്ക് സംസ്കൃതത്തിലുള്ള ഭംഗിയും ഗാംഭീര്യവും തമിഴില്‍ കിട്ടുകയില്ലെന്നു തോന്നാതെ ഇരിക്കുകയില്ല. ഇതുകൊണ്ടാണ് തമിഴിന്റെ പിരിവുകളായ കര്‍ണ്ണാടകം, തെലുങ്ക് മുതലായ ഭാഷകളില്‍ സംസ്കൃത അക്ഷരങ്ങളെ അനന്തരകാലങ്ങളില്‍ കലര്‍ത്തി കാണുന്നത്. എന്നാല്‍ തമിഴ് എഴുത്തുകള്‍ സംസ്കൃതലിപികളില്‍ അടങ്ങിയിരിക്കകൊണ്ട് സംസ്കൃത എഴുത്തുകള്‍ നല്ലതുപോലെ പഠിച്ചവര്‍ക്ക് തമിഴെഴുത്തുകളെ ഉച്ചരിക്കുന്നതിന് പ്രയാസമില്ല. തമിഴ്മാത്രം അറിയുന്നവര്‍ക്ക് സംസ്കൃതത്തിലെ വിശേഷാല്‍ അക്ഷരങ്ങള്‍ ഉച്ചരിക്കുവാന്‍ എളുപ്പം സാധിക്കുന്നുമില്ല. ഇതില്‍നിന്നു സംസ്കൃതത്തില്‍ കൂടുതല്‍ എഴുത്തുകള്‍ ഉച്ചരിക്കാന്‍ അധികം പ്രയത്നമുണ്ടെന്നു സിദ്ധമായി. വിഷമം അധികമുള്ള അക്ഷരങ്ങളുടെ ഉച്ചാരണത്തിന് അധികമായ പ്രയത്നം വേണമെന്നു സിദ്ധം. ഏതേതു അക്ഷരങ്ങള്‍ അതിപ്രയത്നങ്ങള്‍ കൊണ്ടുമാത്രമേ ഉച്ചരിക്കുവാന്‍ കഴിയുകയുള്ളൂ എന്നു നാം കാണുന്നുവോ അവ ലഘുപ്രയത്നത്താല്‍ ഉച്ചരിക്കാവുന്ന അക്ഷരങ്ങളുടെ പിന്നാലെ ഉണ്ടായവ എന്നൂഹിക്കുന്നതാണു ന്യായം. ഈ യുക്തിയെ മുന്നിര്ത്തിപോകുമ്പോള് സംസ്കൃതലിപികളും തമിഴക്ഷരങ്ങളും ഒരേകാലത്തില്‍ ഒന്നിച്ചിരുന്നു എന്നും, ആ കാലത്തില്‍ തമിഴരും സംസ്കൃതക്കാരും ഒരേ വര്‍ഗക്കാരായിരുന്നു പിന്നെ പിരിഞ്ഞവരാണെന്നും, അങ്ങനെ പിരിഞ്ഞു അനേകം നൂറ്റാണ്ടുകള്‍ക്കുശേഷം അക്ഷരങ്ങളേയും വാക്കുകളേയും ഒന്നിനുപിറകെ വേറൊന്നായി അനേകം പ്രാവശ്യം മാറ്റിമറിച്ച് ഒടുവില്‍ ഒരു രീതിയില്‍ ഉറപ്പിച്ച് ആ ഭാഷയ്ക്ക് സംസ്കൃതം (സംസ്ക്കരിക്കപ്പെട്ടത്) എന്നു നാമകരണം ചെയ്തിരിക്കണം എന്നും ചിന്തിക്കാം. തമിഴര്‍ മൂലഭാഷയെയും അക്ഷരങ്ങളെയും ഭേദഗതി ചെയ്യാന്‍ വിമുഖരായിരുന്നകാരണം പഴയ തമിഴ്വ്യാകരണമുറകളെ ആദരിച്ചുപോന്നിരുന്നെന്നും കാലാന്തരത്തിലുണ്ടായ സംസ്കൃതപ്രചരണത്തില്‍ ദാക്ഷിണാത്യന്മാരായ അഗസ്ത്യ പ്രഭൃതികള്‍ സംസ്കൃതത്തെ തഴുകിപ്പിടിച്ച് തമിഴിനു പല പരിഷ്കാരങ്ങളും ചെയ്യാന്‍ ഇടയായിട്ടുള്ളതാണെന്നും പറയാതെ കഴിയുകയില്ല.
സംസ്കൃതം ദേവഭാഷയാണെന്നും അതു മ്ലേച്ഛന്മാര് ഉച്ചരിച്ച് അധഃപതിപ്പിച്ചുണ്ടായതാണു പ്രാകൃതമെന്നുമാണു ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്ന ധാരണ. അങ്ങനെയുമുണ്ടോ ഒരു നിയമം? പ്രപഞ്ചത്തിന്റെ ഇന്നോളമുള്ള ഗതി മോശപ്പെട്ടതില്നിന്നു മെച്ചപ്പെട്ടതിലേക്ക് എന്നല്ലേ? സംസ്കൃതം ദേവഭാഷയാണെന്നും ജന്മനാ ലക്ഷണയുക്തമാണെന്നും വരുത്തിത്തീര്ക്കുവാനാണു സംസ്കൃതത്തിന്റെ വക്താക്കകള് ശ്രമിച്ചുവരുന്നത്. സംസ്കൃതത്തിന് ഒരു പ്രാകൃതാവസ്ഥ ഉണ്ടായിരുന്നു എന്ന് സമ്മതിക്കുവാന്‍ അവര്‍ക്കു മടിയാണ്. അതുകൊണ്ടാണു സംസ്കൃതത്തിന്റെ അധഃപതിച്ച രൂപമാണു പ്രാകൃതമെന്ന വാദം അവര്‍ എപ്പോഴും ഉന്നയിക്കുന്നത്. പഴയ ‘സര്‍വാണിസദ്യ’യെയാണ് ഈ സിദ്ധാന്തം ഓര്‍മിപ്പിക്കുന്നത്. തിരുനാള്‍, കല്യാണം തുടങ്ങിയവ പ്രമാണിച്ചു മാന്യന്മാര്ക്കു സദ്യ വിളമ്പി. അവര്‍ ഉണ്ടു പോയിക്കഴിഞ്ഞാല്‍ പിന്നെ ശേഷിച്ചതു ഇരപ്പാളികള്ക്കൊക്കെ നിരത്തി വിളമ്പും. അതാണു സര്‍വാണിസദ്യ. ആഢ്യന്മാരുടെ കൂറുള്ള സേവകന്മാര് ഇത്തരം സന്ദര്‍ഭങ്ങളില്‍ പലതരം കറികള്‍ ഒരുമിച്ചു ചേര്‍ത്തു ചവിട്ടിക്കൂട്ടിയാണു ഇരപ്പാളികള്ക്കു വിളമ്പിയിരുന്നത്. ഭാഷയുടെ കാര്യവും ഇമ്മട്ടിലാണു ചിലര്‍ കാണുന്നത്. ആഢ്യന്മാര്‍ക്കു മാത്രമുള്ളതാണു സംസ്കൃതം. സ്ത്രീകള്‍ക്കും ശൂദ്രന്മാര്ക്കും പാവപ്പെട്ടവര്‍ക്കും മറ്റും അതു പാടില്ല. വേശ്യകള്‍ക്കുപോലും സംസ്കൃതം ആകാം. കാരണം അവരോട് ആഢ്യന്മാര്‍ക്കു പെരുമാറണമല്ലോ.
പ്രാകൃതത്തില്‍നിന്നു സംസ്കൃതം ഉണ്ടായി എന്നു പറയാതെ സംസ്കൃതത്തില്‍നിന്നു പ്രാകൃതമുണ്ടായി എന്നു പറയുന്നതെങ്ങനെ? സംസ്കൃതം ദുഷിച്ചു പ്രാകൃതങ്ങള്‍, പ്രാകൃതങ്ങള്‍ പിന്നെയും അധഃപതിച്ച് അപഭ്രംശങ്ങള്‍, അവയില്‍ നിന്നു വടക്കേ ഇന്‍ഡ്യയിലെ നാട്ടുഭാഷകള്‍ എന്നാണു പറഞ്ഞുവരുന്ന ക്രമം.10 മലയാളഭാഷയ്ക്കു യാതൊരുവിധത്തിലും വിസ്മരിക്കാനാവാത്ത മഹാനും ഉല്പതിഷ്ണുവുമായ ഏ.ആര്.തമ്പുരാന്പോലും പറയുന്നത് ഈ ന്യായമാണ്. ‘സംസ്കൃതത്തോടാകട്ടെ, അതില്‍നിന്നു ദുഷിച്ചുണ്ടായ വടക്കേ ഇന്ത്യയിലെ നാട്ടുഭാഷകളോടാകട്ടെ ദ്രാവിഡഭാഷകള്‍ക്കു പറയത്തക്കതായി യാതൊരു ബന്ധവും ഇല്ല.’11
സംസ്കൃതത്തിന്റെ സര്വാണിയാണു പ്രാകൃതമെന്ന സിദ്ധാന്തത്തെ ചട്ടമ്പിസ്വാമികള്‍ നിരാകരിക്കുന്നു. അദ്ദേഹം പറയുന്നു-
‘മനുഷ്യന് മുമ്പ് നാഗരികത്വമില്ലാതിരുന്ന അവസ്ഥയില്‍നിന്നും ഉത്തരോത്തരം നാഗരികത്വം ഉള്ള സ്ഥിതിയെ ആശിക്കുകയല്ലാതെ നാഗരികത്വത്തോടെ ഇരുന്നുകൊണ്ട് അതിന്റെ അഭാവദശയെ അഭിലഷിക്കുക സാധാരണമല്ല.’ വളരെ പ്രധാനപ്പെട്ട ഒരു ലോകതത്ത്വമാണ് ഇവിടെ ചട്ടമ്പിസ്വാമികള്‍ അവതരിപ്പിക്കുന്നത്. മോശപ്പെട്ടതില് നിന്നു മെച്ചപ്പെട്ടതിലേക്ക് എന്നുള്ള പുരോഗതിയുടെ ശാസ്ത്രീയതത്ത്വമാണത്.
സംസ്കൃതവും പ്രാകൃതവും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ചട്ടമ്പിസ്വാമികളുടെ നിലപാട് യുക്തിയുക്തമായിരിക്കുന്നു. അദ്ദേഹം പറയുന്നു-
‘അതുകൊണ്ട് സംസ്കൃഭാഷ നടപ്പാക്കുന്നതിനുമുമ്പ് പ്രാകൃതം ദേശഭാഷയായിരുന്നുവെന്നും, ചില ബുദ്ധിമാന്മാര് അതിനെ പരിഷ്കരിച്ച് സംസ്കൃതം എന്നു നാമകരണം ചെയ്തുവെന്നും, സംസ്കൃതഭാഷ, ചില ജനങ്ങള്‍ മാത്രം അഥവാ പ്രത്യേകവിദ്യാഭ്യാസവിഷയത്തില് മാത്രം ഉപയോഗിച്ചുവന്നിരിക്കാം. എന്നാല്‍ പൊതുവേ ദേശഭാഷയായിരുന്നത് പ്രാകൃതമായിരുന്നു എന്നും സംസ്കൃതം ഇതരഭാഷകളെക്കാള് വിശേഷമായി പരിണമിച്ചതുകൊണ്ട് ആ ഭാഷയെ അനാദിദേവഭാഷയാണെന്നും അതിലെഴുതപ്പെട്ടിട്ടുള്ള വേദപുരാണാദിഗ്രന്ഥങ്ങള് ഈശ്വരനാല്‍ ബ്രഹ്മദേവനുപദേശിക്കപ്പെട്ട് ബ്രഹ്മദേവനാല്‍ നിര്‍മ്മിക്കപ്പെട്ടതെന്നും മറ്റും പറയുമെന്നും അന്യഭാഷകളെല്ലാം മ്ലേച്ഛ (മ്ലേച്ഛ അവ്യക്തേ ശബ്ദേ – അസ്ഫുടേ അപശബ്ദേ ചേത്യര്‍ത്ഥഃ-സിദ്ധാന്തകൗമുദി, അസ്പഷ്ടോച്ചാരണത്തിലും ശബ്ദശാസ്ത്രാനുസാരമല്ലാത്ത ശബ്ദപ്രയോഗത്തിലും എന്നര്‍ത്ഥം: ‘ന മ്ലേച്ഛിതവൈ’ മ്ലേച്ഛിക്കരുത്-വേദവാക്യം, നാപഭാഷിതവൈ-അപഭാഷിക്ക-വ്യാകരണവിരോധമായി പറയല-രുതെന്ന് അര്‍ത്ഥം’) ഭാഷകളാണെന്ന് സംസ്കൃതപക്ഷപാതികള്‍ പറയുന്നു. ഈ അഭിപ്രായം പില്ക്കാലത്തുള്ളവരില് പ്രബലപ്പെട്ടതുനിമിത്തം അവരിലൊരാളായ വരരുചി മുനി സംസ്കൃതത്തില്‍നിന്ന് ഉണ്ടായതെന്ന് അന്യന്മാര്‍ക്കു തോന്നത്തക്കവിധം സംസ്കൃതാക്ഷരങ്ങള്‍ക്ക് ആദേശങ്ങള്‍ വിധിച്ച് പ്രാകൃതത്തെ പരിഷ്കരിക്കകൊണ്ട് ആ വ്യാകരണസമ്പ്രദായം സംസ്കൃതാഭിജ്ഞന്മാര്ക്ക് ഉപകാരപ്പെട്ടതായി, എന്നിട്ടും ആ പരിഷ്കരണരീതിയെ ജനങ്ങള്‍ പണിപ്പെട്ടും ആദരിച്ചുവന്നു; എങ്കിലും കാലക്രമേണ അശക്യമായിത്തീര്ന്നതുകൊണ്ട് ആ പരിപാടി ഉപേക്ഷിക്കയും തന്മൂലം പ്രാകൃതവും ഇക്കാലത്തെ മഹാരാഷ്ട്രിയും രണ്ടായി പിരിയുകയും പ്രാകൃതം സംസ്കൃതജ്ഞന്മാര്ക്ക് നാടകം, സട്ടകം മുതലായ കൃതികള്‍ നിര്മ്മിക്കുന്നതിനുമാത്രം ഇന്ന് ഉപയോഗത്തില്‍ ഇരിക്കുകയും ചെയ്യുന്നു. ഇങ്ങനെ നിരൂപിക്കുന്നതു യുക്തമായിരിക്കും.
ബാക്കിഭാഗവും ഉദ്ധരിക്കേണ്ടതാണെങ്കിലും ഇതേ പുസ്തകത്തില്‍ ഉള്ളതുകൊണ്ട് അങ്ങനെ ചെയ്യുന്നില്ലെന്നുമാത്രം.
സംസ്കൃതം സംസ്കൃതമെന്നനിലയ്ക്കു ഒരു കാലത്തും ഒരു ദേശത്തും ഒരു ജനതയുടെ സംസാരഭാഷ ആയിരുന്നില്ലെന്നതാണു സത്യം. സംസ്കൃതക്കാര്‍ അതംഗീകരിക്കുകയില്ലെന്നു മാത്രം. എന്നാല്‍ ചട്ടമ്പിസ്വാമികള്‍ സംസ്കൃതം ദേശഭാഷയായിരുന്നില്ലെന്ന വസ്തുത അംഗീകരിക്കുന്നു.
പ്രാകൃതത്തില്‍നിന്നു സംസ്കൃതം ഉണ്ടാകാനല്ലാതെ സംസ്കൃതം അധഃപതിച്ചു പ്രാകൃതമാകാനിടയില്ലെന്നു തനതായ നിരവധി യുക്തികള്‍ എടുത്തുനിരത്തിക്കൊണ്ട് ചട്ടമ്പിസ്വാമികള്‍ സ്ഥാപിക്കുന്നതു അത്യന്തം ശ്രദ്ധേയമായിരിക്കുന്നു.
ചട്ടമ്പിസ്വാമികള്‍ അവതരിപ്പിക്കുന്ന ചില നൂതനസിദ്ധാന്തങ്ങളെ ഉപരിപഠനത്തിനും ഗവേഷണത്തിനും വിഷയമാക്കാതെ തള്ളിക്കളയാനാവുകയില്ല. ഉദാഹരണത്തിനു ജീവോല്പത്തിയെ സംബന്ധിച്ചു അദ്ദേഹം അവതരിപ്പിക്കുന്ന സിദ്ധാന്തം. സിംഹളദ്വീപിനു മേക്കരികിലുള്ള ഏതോ സ്ഥലത്താണു ആദ്യം ജീവനുണ്ടായിരുന്നതെന്ന് അഗസ്ത്യമുനിയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം സ്ഥാപിക്കുന്നു. അഗസ്ത്യരുടെ ഭൂമിശാസ്ത്രത്തില്‍ പണ്ടേക്കു പണ്ടേ അമേരിക്കയെക്കുറിച്ചുള്ള വിജ്ഞാനം ഉണ്ടായിരുന്നു എന്നും സ്വാമികള്‍ സ്ഥാപിക്കുന്നു. അവയൊക്കെ അപ്പാടെ തള്ളിക്കളയാനാവുകയില്ല. വിശേഷിച്ച് ഭാരതത്തിന്റെ ഒളിഞ്ഞിരിക്കുന്ന പൈതൃകത്തെക്കുറിച്ചു പുതിയ സിദ്ധാന്തങ്ങള്‍ ഇപ്പോഴും വരുന്ന പശ്ചാത്തലത്തില്‍.12 പൊതുവെ ചട്ടമ്പിസ്വാമികള്‍ അവലംബിക്കുന്ന ശാസ്ത്രീയസമീപനം അദ്ദേഹത്തിന്റെ വാദഗതികളില്‍ ഒന്നും തന്നെ വെറുതെ തള്ളാന്‍ നമ്മെ അനുവദിക്കുന്നില്ല.
കുറച്ചു മുന്‍പ് മലയാളത്തില്‍ വാക്കുകളുടെ ഉത്ഭവത്തെച്ചൊല്ലി ഒരു വിവാദം നടക്കുകയുണ്ടായി. അയ്യപ്പപ്പണിക്കരുടെ കവിതയ്ക്കു എം.വി.ദേവനും കടമ്മനിട്ട രാമകൃഷ്ണന്റെ കവിതയ്ക്കു എം.ഗംഗാധരനും എഴുതിയ അവതാരികകളെ വിമര്‍ശിച്ചുകൊണ്ട് തായാട്ടു ശങ്കരന് എഴുതി-
‘ഭാഷ കണ്ടുപിടിക്കുന്നതും കായകല്പം നടത്തി ഊര്‍ജ്ജം സമ്പാദിക്കുന്നതും കവിതയെഴുതുന്ന ‘മാന്യന്’മാരാണെന്ന വങ്കത്തത്തില്നിന്നാണു ‘വാക്കിന്റെകൂടു’ തേടിപോകുന്നവര്ക്കു വഴി തെറ്റുന്നത്. ഭാഷയില്‍ ‘കണ്ടുപിടുത്ത’ങ്ങള് നടക്കുന്നുവെങ്കില്‍ നിത്യജീവിതത്തില്‍ ഭാഷ കൈകാര്യം ചെയ്യുന്ന ജനങ്ങളാണ് പുതിയ പ്രയോഗശൈലികള്‍ ആവിഷ്കരിക്കുന്നത്.’13
വാക്കുകള്‍ മാത്രമല്ല എഴുത്തുകള്‍ പോലും നിര്‍മ്മിക്കുന്നതു ജനങ്ങളാണെന്നു ചട്ടമ്പിസ്വാമികള്‍ പറയുന്നു.-
‘എഴുത്തുകള്‍ ഉത്ഭവിക്കുന്നതിനുള്ള കാരണമായിരിക്കുന്നത് ജനങ്ങളുപയോഗിക്കുന്ന വാക്കുകള്‍ അത്രേ.’
വൈയാകരണന്മാരല്ല ജനങ്ങളാണു വ്യാകരണ നിയമങ്ങളുടെ പോലും നിര്‍മ്മാതാക്കള്‍ എന്നു അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം ചട്ടമ്പിസ്വാമികള്‍ മറ്റൊരിടത്തു പറയുന്നു.
‘സന്ധിയെന്നത് ജനങ്ങള്‍ ഒരു ഭാഷ സംസാരിച്ചു സംസാരിച്ചു കാലംകൊണ്ട് ദാര്‍ഢ്യം സിദ്ധിക്കുമ്പോള്‍ ഒരു വാക്കിനുശേഷം മറ്റൊരുവാക്ക് ഉച്ചരിക്കുന്നതില്‍ ഉണ്ടാവുന്ന വേഗസൗകര്യങ്ങള് നിമിത്തം സ്വാഭാവികമായി സംഭവിക്കാറുള്ള ഉച്ചാരണഭേദമാണെന്ന് കാണുന്ന സ്ഥിതിക്ക് വ്യാകരണംകൊണ്ട് നിയമനം ചെയ്തില്ലെങ്കില്‍ ഈ വികാരങ്ങള്‍ വരാവുന്നതാണ്.
മൊഴിയുടെ ഉല്പത്തിവികാസപരിണാമങ്ങള് സംബന്ധിച്ചു ചട്ടമ്പിസ്വാമികള്‍ അവതരിപ്പിക്കുന്ന സിദ്ധാന്തം എത്ര പ്രായോഗികവും അനുഭവസിദ്ധവും ആയിരിക്കുന്നു!
‘വാക്ക് എന്നതിന് തമിഴ്ഭാഷയില്‍ മുഖ്യമായ നാമം ‘മൊഴി’ എന്നത്രേ. എന്നാല്‍ തമിഴിലോ തമിഴിനോടു ചേര്‍ന്ന വേറെ ഭാഷയിലോ അല്ലാതെ, മറ്റുഭാഷകളില്‍ പ്രകൃതിക്ക് ഇത്രത്തോളം ശരിയായിട്ടു വാക്കു കിട്ടുകയില്ലെന്നുതന്നെ പറയണം. എങ്ങനെയെന്നാല്‍, ഓഷ്ഠാധരങ്ങളെ ഒരുമിച്ചുചേര്‍ത്തു വാമൂടിക്കൊണ്ടുള്ള ഇരിപ്പിന് മൗനം എന്ന നാമവും ‘മ്’ എന്ന് രൂപവുമാകുന്നു. ഈ ‘മ്’ എന്ന വാമൂടലിനെ നല്ല വണ്ണം ഒഴിച്ചുവിടുമ്പോള് ഉണ്ടാകുന്നതാകയാല്‍ മ്+ഒഴി = മൊഴി എന്ന നാമം സിദ്ധിച്ചു. ഈ മൊഴി തന്നെ ആദ്യം അകാരം, രണ്ടാമത് ഇകാരം, മൂന്നാമത് ഉകാരം ഇപ്രകാരം മുറയ്ക്ക്, അ, ഇ, ഉ എന്ന മൂന്ന് അക്ഷരങ്ങളായിട്ട് പ്രകാശിക്കും. എന്നാല്‍ ‘മ്’ എന്നതിനെ വിട്ടാല്‍ ആദ്യം അകാരമായിട്ടുതന്നെ ധ്വനിക്കുമെന്നതിരിക്കട്ടെ-രണ്ടാമതും മൂന്നാമതും ഇകാരങ്ങളായിട്ടുതന്നെ ഭവിക്കുമെന്നതെങ്ങനെ? ഉകാര ഇകാരങ്ങളായിട്ടു മാറി വരരുതോ? എന്നു ശങ്കിക്കുന്ന പക്ഷം അപ്രകാരം പാടില്ല. ഇതു നമ്മുടെ പൂര്‍വികന്മാരാല്‍ ചെയ്യപ്പെട്ട ക്രമാമാകുന്നു. അവര്‍ പ്രകൃതിചേഷ്ടയെ നോക്കാതെയും ഏതെങ്കിലുമൊരു ന്യായം കൂടാതെയും യാതൊന്നിനും വ്യവസ്ഥ ചെയ്തിട്ടുളളവരല്ല. എങ്ങനെയെന്നാല്‍ വര്‍ണ്ണാത്മകങ്ങളായ ധ്വനിവിശേഷങ്ങള്‍ സാധാരണമനുഷ്യനില്നിന്നാണെന്ന് അറിയാന്‍ തീരെ പ്രയാസമില്ല-അതും പ്രകൃത്യനുഗുണമായി പ്രവഹിക്കുന്നത് ഒരു ശിശുമുഖത്തുനിന്നു തന്നെ എന്നും സ്പഷ്ടമാണ്.
ഇത്രമാത്രമല്ല; ശിശുപ്രകൃതിയില്നിന്നു അക്ഷരങ്ങള്‍ ഉണ്ടാകുന്നവിധം വിശദമായി സ്വാമികള്‍ പ്രതിപാദിക്കുന്നുണ്ട്. അതും ദ്വന്ദ്വാത്മകമായ രീതിയിലാണു സ്വാമികള്‍ ചെയ്യുന്നതെന്നാണു മറ്റൊരു സവിശേഷത. കേവലം ഉദ്ഘോഷണമായിട്ടല്ല സ്വാമികള്‍ ഒരു തത്ത്വവും അവതരിപ്പിക്കുന്നത്. നിത്യജീവിതാനുഭവങ്ങള്‍ പരിശോധിച്ച് അതില്‍നിന്നു സിദ്ധാന്തമുണ്ടാക്കുകയാണദ്ദേഹം ചെയ്യുന്നത്. പൂര്വപക്ഷരൂപത്തില് സാധ്യമായ എല്ലാ സംശയങ്ങളും ഉന്നയിക്കാനും അവയ്ക്കു തന്റെ അനുഭവപ്രധാനമായ രീതിയില്‍ നിവൃത്തി വരുത്താനും സ്വാമികള്‍ ശ്രമിക്കുന്നു. അങ്ങനെ പൂര്വപക്ഷങ്ങള് യുക്തിപൂര്‍വ്വം നിരസിച്ചുകൊണ്ടാണു അദ്ദേഹം സ്വസിദ്ധാന്തം സ്ഥാപിക്കുന്നത്.
തമിഴിലെയും സംസ്കൃതത്തിലെയും ലിംഗവചനവിഭക്തി വ്യവസ്ഥകള്‍ താരതമ്യം ചെയ്തുപരിശോധിച്ചശേഷം ചട്ടമ്പിസ്വാമികള്‍ ഉന്നയിക്കുന്ന ഒരു തത്ത്വമുണ്ട്.
‘ഏതും ആദ്യം പ്രാകൃതമായി ഉത്ഭവിച്ച് അനന്തരം കൃത്രിമത്വങ്ങള്‍ കലര്‍ന്ന് പരിഷ്കൃതരൂപത്തില്‍ പരിണമിക്കുന്നു. ഈ നിയമം ഒരിക്കലും വിസ്മരിക്കാന്‍ പാടില്ല.’
ഇതാണു തമിഴ്, സംസ്കൃതത്തിന്റെയും ആദിഭാഷയാണെന്നു പറയാന്‍ അദ്ദേഹം കാണുന്ന യുക്തി. ശാസ്ത്രീയഭൗതികവാദത്തിന്റെ നിയമമാണിത് എന്നോര്മിക്കുക. ഇതുതന്നെ പുരോഗതിയുടെ സിദ്ധാന്തവും. ചട്ടമ്പിസ്വാമികളുടെ ഉല്പതിഷ്ണുത്വത്തിനു ഇതില്‍ക്കവിഞ്ഞ ഒരു തെളിവ് ആവശ്യമില്ല. തമിഴും സംസ്കൃതവും തമ്മില്‍ താരതമ്യം ചെയ്ത് ഏതാണ് ആദിഭാഷ എന്നു തീരുമാനിക്കുന്ന കാര്യത്തില്‍ ശാസ്ത്രീയഭൗതികവാദത്തിന്റെ പുരോഗമനസിദ്ധാന്തം പ്രയോഗിക്കുന്ന ചട്ടമ്പിസ്വാമികളെ ക്രാന്തദര്‍ശി എന്നുതന്നെ വിശേഷിപ്പിക്കണം. ശാസ്ത്രീയഭൗതികവാദത്തിനു കേരളത്തില്‍ കാര്യമായ പ്രചാരം കിട്ടുന്നതിനു മുന്‍പാണു ചട്ടമ്പിസ്വാമികള്‍ ഇതു ചെയ്തത് എന്നതു പരമപ്രധാനമാണ്. 1932-ല്‍ മാത്രമാണു കേരളത്തിലാദ്യമായി തിരുവനന്തപുരത്ത് ഒരു കമ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപംകൊണ്ടത്. എന്നാല്‍ അതിനും എത്രയോ മുന്‍പാണു ചട്ടമ്പിസ്വാമികള്‍ ഇതു ചെയ്തത്.
സംസ്കൃതം നാടുരുവെ പഠിപ്പിച്ചിട്ടു നമ്മുടെ രാഷ്ട്രഭാഷയായിത്തന്നെ അതിനെ പ്രഖ്യാപിക്കുവാന്‍ കോപ്പുകൂട്ടുന്നവര്‍ ഗൗരവമായി ആലോചിക്കേണ്ട ഒരു സംഗതിയിലേക്കാണ് ചട്ടമ്പിസ്വാമികളുടെ സിദ്ധാന്തം വിരല്‍ ചൂണ്ടുന്നത്. സംസ്കൃതം ഒരു ദേശഭാഷയല്ല; അത് ഒരു സ്വാഭാവികഭാഷയും അല്ല. ദൈവദത്തമായ ഭാഷയാണു സംസ്കൃതമെന്ന അര്‍ത്ഥത്തിലുള്ള എല്ലാ വ്യവഹാരങ്ങള്‍ക്കും മറുപടിയാണു ചട്ടമ്പിസ്വാമികളുടെ ഈ നിലപാട്.
സംസ്കൃതം ലക്ഷണയുക്തമാണെന്നു വാദിക്കുമ്പോള്‍ ഒപ്പം വിസ്മരിക്കാന്‍പാടില്ലാത്ത ഒരു കാര്യമുണ്ട്. സംസ്കൃതത്തിന്റെ കൃത്രിമത്വമാണിത്. ആ യാഥാര്‍ത്ഥ്യത്തിലേക്കും ചട്ടമ്പിസ്വാമികളുടെ സിദ്ധാന്തം സൂചന നല്കുന്നു. അമരകോശത്തിന്റെ സംസ്കൃതപദത്തിനു പറഞ്ഞിരിക്കുന്ന അര്‍ത്ഥം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.
‘സംസ്കൃതം കൃത്രിമേ ലക്ഷണോപേതേ’14 എന്നാണു അമരകോശം പറയുന്നത്. അകാരാന്തനപുംസകലിംഗ പ്രഥമൈകവചനമായ സംസ്കൃതം എന്ന പദം കൃത്രിമവസ്തുവിന്റേയും ലക്ഷണത്തോടു കൂടിയതിന്റേയും പേര് എന്നാണു ചേപ്പാട്ട് അച്യുതവാര്യര്‍ സാരാര്‍ത്ഥബോധിനീ വ്യാഖ്യാനത്തില്‍ പറഞ്ഞിരിക്കുന്നത്. സംസ്കൃതഭാഷയുടെ കാര്യത്തില്‍ സംസ്കൃതപദത്തിന്റെ രണ്ടര്‍ത്ഥവും യോജിക്കുന്നുവെന്നതാണു സത്യം. സംസ്കൃതം കൃത്രിമമാണ്. അതു ലക്ഷണയുക്തമാണെന്നു പറയുന്നവര്‍ അനുപദം അതിന്റെ കൃത്രിമത്വം അംഗീകരിച്ചേ മതിയാവൂ. ആ യാഥാര്ത്ഥ്യമാണു ചട്ടമ്പിസ്വാമികള്‍ തന്റെ സിദ്ധാന്തത്തിലൂടെ വെളിപ്പെടുത്തുന്നത്.
സംസ്കൃതത്തില്‍ അഗാധമായ പാണ്ഡിത്യം നേടിയ ചട്ടമ്പിസ്വാമികള്‍ ആ ഭാഷയില്‍ ഒരു കൃതിപോലും രചിക്കാതെയിരുന്നത് ഈ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ യാദൃച്ഛികമല്ലെന്നു കാണാം. സംസ്കൃതത്തെ അതു പിന്‍പറ്റുന്ന സകല സംഘപരിവാരത്തോടും ഒപ്പം മുന്‍കൂട്ടി കാണുവാന്‍, ഒരു പക്ഷേ, ചട്ടമ്പിസ്വാമികളെപ്പോലെ മറ്റാര്‍ക്കും കഴിഞ്ഞിട്ടുണ്ടാവില്ല. അക്കാലത്തെ ആംഗലവാദത്തിന്റെയും (Anglicism) പൗരസ്ത്യവാദത്തിന്റെയും (Orientalism) നടുവിലെ ഒരു രജതരേഖയാണു സ്വാമികളുടെ വാദം.
അടിക്കുറിപ്പുകള്‍
1. രാജരാജവര്‍മ്മ ഏ. ആര്., കേരളപാണിനീയം, എന്‍.ബി.എസ്. പതിപ്പ്, കോട്ടയം, 1988, പുറങ്ങള്‍ 47-51.
2. സംസ്കൃതം വദ ആധുനികോ ഭവ, വിശ്വസംസ്കൃത പ്രതിഷ്ഠാനം, ആലുവ, 1995.
3. ടി. അവതാരിക
4. ഹീരാലാല്‍ ജൈന്‍. ഡോ. ഭാരതീയസംസ്കാരത്തിനു ജൈനമതത്തിന്റെ സംഭാവന, തിരുവനന്തപുരം, 1991.
5. കൃഷ്ണവാര്യര്‍. ഡോ. ഏ.ജി., ബുദ്ധമതം, തിരുവനന്തപുരം, 1950, പുറങ്ങള്‍ 2-3
6. പരമേശ്വരന് നായര്‍ പി.കെ., ഏകഭാരതത്തിന്റെ ദീപശിഖകള്‍, തിരുവനന്തപുരം, 1965, പുറം 43.
7. ഋഗ്വേദം 7, 21, 18
8. ടി. 7, 21, 8
9. ടി. 10, 99, 3.
10. രാജമല്‍ വോ. ഡോ., ഭാരത് കീ ഭാഷായേം, നയിദില്ലി, 1995, പുറം 94.
11. കേരളപാണിനീയം, പുറം 46.
12. ശ്രീ. എസ്. കെ. പാണ്ഡ്യന് എഴുതിയ ‘ദി ഹിഡണ്‍ ഹെറിറ്റേജ്’ എന്ന ഗ്രന്ഥം നോക്കുക.
13. തായാട്ടുശങ്കരന്‍, ആധുനിക കവിതയുടെ ഒരു ജീര്‍ണ്ണമുഖം, തിരുവനന്തപുരം, 1983, പുറം, 17.
14. അമരകോശം, വ്യാഖ്യാനം ചേപ്പാട്ട് അച്യുതവാര്യര്‍, കൊല്ലം, 1122 (കൊല്ലവര്‍ഷം), പുറം 333.