അദ്ധ്യായം പത്ത്
ഉപജീവനത്തിനും വിജ്ഞാനാഭിവൃദ്ധിക്കും സംസ്കൃതപഠനം അത്യന്താപേക്ഷിതമായിരുന്ന ഒരു കാലഘട്ടത്തിന്റെ അവസാനദശയിലാണ് സ്വാമികളുടെ അവതാരം. അന്ന് ജ്യോതിഷം, വൈദ്യം, മന്ത്രവാദം എന്നിവ ആര്ക്കുമാകാമെങ്കിലും വേദം, വേദാന്തം, വ്യാകരണം മുതലായവ ജാതിയില്‍ ഉയര്‍ന്നവര്‍ക്കേ പാടുള്ളൂ എന്നാണ് വയ്പ്. വിലക്കപ്പെട്ട ഈ മേഖലയിലേയ്ക്കു കടന്നുചെന്ന് അവിടെ സംഭരിച്ചിട്ടുള്ള വിശേഷവിഭവങ്ങളെ കരസ്ഥമാക്കുന്നവര്‍ സാമാന്യലോകത്തിനു ഗന്ധര്വ്വാംശസംഭൂതന്മാരാണ്. അങ്ങനെ ഒരഭിമാനബിരുദം നേടി കേരളത്തെ കോള്‍മയിര്‍കൊള്ളിച്ച ഒരു മഹാത്മാവാണ് സ്വാമികള്‍.
സ്വാമികളുടെ അന്യാദൃശമായ കലാവല്ലഭത്വത്തിനു പശ്ചാദ്ഭൂമികയായി ഭവിച്ചത് അവിടത്തെ ധാരണാശക്തിയാകുന്നു. അത് അഭ്യാസബലംകൊണ്ടു കൈവന്നതല്ല; ജന്മസിദ്ധമാണ്. നമ്മുടെ നാട്ടിലെ ധാരണാസമ്പന്നന്മാരില് സ്വാമികള്‍ക്കു സമശീര്‍ഷനായി കൈക്കുളങ്ങര രാമവാര്യര്‍ മാത്രമേയുള്ളു. ഒരു മനുഷ്യന് എത്രകണ്ടു ബുദ്ധിശക്തി തികയാമെന്ന് രണ്ടുപേരുമായിട്ടുണ്ടായ സംഭാഷണംകൊണ്ടാണു ധരിക്കാറായതെന്നും അവര്‍ കൈക്കുളങ്ങര രാമവാര്യരും ചട്ടമ്പിസ്വാമികളുമാണെന്നും മഹാകവി കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍ അഭിപ്രായപ്പെട്ടതു നിരാധാരമല്ല. സ്വാമികളുടെ നൈസര്‍ഗ്ഗികമായ മേധാശക്തിയെ യോഗസിദ്ധികൊണ്ടു സ്ഫുടപാകം ചെയ്തപ്പോള്‍ അതില്‍ കറയൊട്ടുംതന്നെ ശേഷിച്ചില്ല; എക്കാലത്തേയ്ക്കും എല്ലാം ഉള്‍ക്കൊള്ളുവാനുള്ള തിളക്കവും ദാര്‍ഢ്യവും അതിനു സിദ്ധിക്കുകയും ചെയ്തു.
അവിടത്തെ ധാരണാശക്തിയെ പരീക്ഷിപ്പാന്‍ ചെയ്ത ശ്രമത്തിന്റെ പരിണാമം പുത്തേഴത്തു നാരായണമേനോന് രേഖപ്പെടുത്തിയിരിക്കുന്നതു നോക്കുക:
‘ഒരവസരത്തില്‍ സ്വാമികള്‍ എഴുന്നള്ളിയപ്പോള്‍ അവിടത്തെ ഞാന്‍ ഒന്നു പരീക്ഷിക്കുമെന്നു പറഞ്ഞു. ‘അയ്യോ കുഴയ്ക്കല്ലേ’ എന്നു സ്വാമികളും പറഞ്ഞു. ‘തിരുവടികള്‍ക്ക് ഇംഗ്ലീഷ് ഭാഷ അറിഞ്ഞുകൂടാ. ഏതു സംഗതിയും ഒരിയ്ക്കല്‍ കേട്ടാല്‍ അതു മനഃപാഠമാകുമെന്നല്ലേ പറഞ്ഞത്. ഞാന്‍ ഒരു ഇംഗ്ലീഷ് പുസ്തകം വായിക്കാം. അതു മനഃപാഠമാക്കി പറയാമോ?’ എന്നു ചോദിച്ചു. ‘സാധിക്കുന്നതല്ലെന്നു തീര്‍ച്ച പറഞ്ഞുകൂട. പരീക്ഷിക്കണം’ എന്നു സ്വാമികള്‍ അരുളിച്ചെയ്തു. ഉടനെ എന്റെ കുട്ടികളിലൊരുവന് പഠിച്ചിരുന്ന ഒരു പുസ്തകം ഞാന്‍ എടുത്തുകൊണ്ടുവന്നു. ‘പരിചയമില്ലാത്ത ഭാഷയല്ലേ; ശബ്ദശുദ്ധിയോടുകൂടി അല്പം സാവധാനത്തില്‍ വായിക്കണം’ എന്നു സ്വാമികള്‍ പറഞ്ഞു. അതുപ്രകാരം ആ പുസ്തകത്തില്‍നിന്ന് പന്ത്രണ്ടുവരി വായിച്ചു. സ്വാമികള്‍ ഏഴുവരി അങ്ങനെതന്നെ ചൊല്ലി. അപ്പോഴേയ്ക്കും പുറമേ ആരോ വന്നു. പിന്നെ തുടര്‍ന്നു ചൊല്ലിയില്ല. ഒരിക്കല്‍ കേട്ടതു മനഃപാഠമാക്കി അപ്പോള്‍ത്തന്നെ ചൊല്ലുന്നത് അത്ര സാരമുള്ള വിദ്യയല്ല; അതു പിന്നീട് ഓര്മ്മവച്ച് വീണ്ടും ചൊല്ലുന്നതാണു സാരമെന്നു പറയുകയും ചെയ്തു.’
സ്വാമികള്‍ക്കു പഠിച്ചതെല്ലാം ഒരു മറവിതീര്ക്കലേയായിരുന്നുള്ളൂ. ‘കളവും കറ്റുമറ’ എന്നായിരുന്നു അവിടത്തെ അഭിപ്രായം. ‘കേട്ടതിനെ ധാരണയില്‍ ബന്ധിച്ചുനിര്ത്തിയിട്ടു പിന്നെ മറന്നേക്കണം’ എന്ന് അവിടന്നു പറയാറുണ്ട്.
സ്വാമികളുടെ സംശയനിവാരണരീതിക്കുമുണ്ട് ഒരു പ്രത്യേകത. ഒരിക്കല്‍ അവിടന്നു പറവൂര്‍ എടത്തില്‍ വീട്ടില്‍ വിശ്രമിക്കുമ്പോള്‍ അവിടെ വന്ന ഒരു തിരുമുല്‍പ്പാട് ‘മുജ്ജന്മം ഉണ്ടെന്ന് എങ്ങനെ വിശ്വസിക്കാം’ എന്ന ചോദ്യത്തോടെയാണ് സ്വാമികളെ സമീപിച്ചത്. സ്വാമിയുമായി നടത്തിയ ആ സംഭാഷണം താഴെ ചേര്‍ക്കുന്നു:
‘അവിടത്തെ പിതാവാരാണ്?’
‘ചിത്രന് നമ്പൂതിരിപ്പാട്’
‘എങ്ങനെ അറിയാം?’
‘അമ്മയും ജ്യേഷ്ഠനും മറ്റു ബന്ധുക്കളും പറഞ്ഞറിയാം.’
‘അമ്മയേയും ജ്യേഷ്ഠനേയും മറ്റും വിശ്വാസമാണ് അല്ലേ?’
‘ഉവ്വ്.’
‘വിശ്വാസമുള്ളവര്‍ പറഞ്ഞുള്ള അറിവല്ലാതെ അങ്ങേയ്ക്കു നേരിട്ടറിവില്ലല്ലോ?’
‘ഇല്ല. നേരിട്ടെങ്ങനെ അറിയാനാണ്?’
‘അങ്ങേയ്ക്ക് വിശ്വാസമുള്ള ചിലര്‍ പറയുന്നു ചിത്രന് നമ്പൂരിയാണ് അങ്ങയുടെ പിതാവെന്ന്. അത് അങ്ങു ശരിയാണെന്നു വിശ്വസിക്കുന്നു. അപ്പോള്‍ വിശ്വാസമാണല്ലോ പ്രമാണം. വിശ്വാസമുള്ളവര്‍ ആരെങ്കിലും പറയുന്നപക്ഷം മുജ്ജന്മം ഉണ്ടെന്നു വിശ്വസിക്കൂ. മറ്റത് ഉണ്മയാണെന്നു (ഉള്ളതാണെന്ന്) വിശ്വസിക്കാമെങ്കില്‍ ഇതും ശരിയാണെന്നു ധരിക്കുന്നതില്‍ തെറ്റില്ല.’
ആറന്മുള നാരായണപിള്ള വൈദ്യന് ഒരിക്കല്‍ സ്വാമികളോടു ചോദിച്ചു. ‘ഞാന്‍ നിത്യവും പരമാനന്ദസ്വരൂപനായ ആത്മാവിനെ ധ്യാനിക്കുന്നുണ്ട്. എന്നാല്‍ എനിക്ക് ആനന്ദം എന്ന അവസ്ഥ ഒരിക്കലും അനുഭവപ്പെടുന്നില്ല. അതിന്റെ കാരണം എന്താണോ?’ സ്വാമികള്‍ പറഞ്ഞു. ‘മനസ്സിലിരിക്കുന്നവയെല്ലാം പോയതിനു മേലല്ലാതെ അത് അനുഭവപ്പെടുകയില്ല.’
ഒരു ജിജ്ഞാസു തന്റെ സംശയം സ്വാമിസന്നിധിയില്‍ ഉണര് ത്തിച്ചു. കിഴങ്ങു തിന്നാലുണ്ടാകുന്ന പാപഫലം മാത്രമല്ലേ മുട്ട തിന്നാലും ഉണ്ടാകയുള്ളു എന്ന്. സ്വാമികളുടെ മറുപടി ഇതാണ്:
‘ഗര്‍ഭം ഛിദ്രിപ്പിച്ചാല് ദോഷം ഒന്നും ഇല്ലെങ്കില്‍ മുട്ട തിന്നാലും ദോഷമില്ല. പക്ഷേ, ഗര്‍ഭം ഛിദ്രിപ്പിക്കുന്നതു കുറ്റകരമായും ശിക്ഷാര്‍ഹമായും ഗവര്‍മ്മെന്റുകള്‍ പോലും ചട്ടങ്ങള്‍ നിര്മ്മിച്ചിരിക്കുന്നുവല്ലോ.’
പ്രത്യുല്പന്നമതിയായ സ്വാമികള്‍ക്ക് ഏതു ചോദ്യത്തിനും യുക്തിക്കു ചേരുന്നവിധം സമാധാനമുണ്ട്. പണ്ഡിതനും കവിയുമായ കോന്നിയൂര്‍ ഗോവിന്ദപ്പിള്ള, സ്വാമികളെ കാണുമ്പോള്‍ അവിടന്നു കൊച്ചുകുട്ടികളുടെ ‘ഉറുമ്പോ ഉറുമ്പോ’ എന്ന കളിയും പാട്ടും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഉറുമ്പോ ഉറുമ്പോ കാടിക്കലത്തിലേ
ഉറുമ്പോ ഉറുമ്പോ എണ്ണക്കുടത്തിലേ
ഉറുമ്പോ ഉറുമ്പോ ശര്ക്കരക്കുടത്തിലേ
ഉറുമ്പോ ഉറുമ്പോ ഇട്ടപ്രാച്ചി ഇട്ടപ്രാച്ചി
ഈ നിസ്സാരമായ പാട്ടിന് അവിടന്നു നല്കിയ വ്യാഖ്യാനം ഇതാണ്:
‘ഈ പാട്ടിന് അതിപ്രധാനമായ അര്‍ത്ഥമുണ്ട്. ആ നുള്ളിപ്പിടിക്കല് ഉറപ്പില്ലാത്ത ഒരു കുടുംബബന്ധമാണ്. ഉഴന്ന ജീവിതംതന്നെ കൂടിക്കറക്കം. കാടി, എണ്ണ, ശര്‍ക്കര മുതലായവ സുഖഭോഗവസ്തുക്കളാവാം. അവയില്‍ തൃഷ്ണ കലര്‍ന്ന മൂഢജീവികള് അവയില്‍ ത്തന്നെ മഗ്നങ്ങളായി മുന്‍പിന്‍പായി മരിക്കുന്നു. മരണം, അതുതന്നെയാണ് ഇട്ടപ്രാച്ചി – ഇഷ്ടപ്രാപ്തി. മനുഷ്യന്റെ ലക്ഷ്യപ്രാപ്തി. ഹാ! മഠയനായ മനുഷ്യന്!’
വേദാംഗമായ വ്യാകരണം അഭ്യസിക്കുന്നതില്‍ ഒരലിഖിതമായ നിരോധമുണ്ടായിരുന്ന അക്കാലത്ത് ന്യായം, വ്യാകരണം, വേദാന്തം, മീമാംസ മുതലായ ശാസ്ത്രരത്നങ്ങള്‍ അവിടത്തെ ബഹുമുഖമായി വികസിച്ച പ്രജ്ഞയില്‍ പ്രകാശം വീശിയതോര്ക്കുമ്പോള് ഇന്നും അതിശയത്തിനേ അവകാശമുള്ളൂ. ഇലക്കണശാസ്ത്രവും പാണിനീയസൂത്രങ്ങളും അവിടന്നു വ്യാഖ്യാനിക്കുന്ന സമയം ഗഹനമായ വ്യാകരണശാസ്ത്രത്തില്‍ അവിടത്തേയ്ക്കുള്ള കൈകാര്യശേഷി ആരുടേയും ആദരം കവരുകതന്നെ ചെയ്യും. ഇരിങ്ങാലക്കുടവച്ച് വൈയാകരണനായ ഒരു ശാസ്ത്രികള്‍ സ്വാമികളെ പരീക്ഷിക്കുവാന്‍ അടുത്തു. സ്വാമികളോടേറ്റപ്പോള് പണ്ഡിതനായ ശാസ്ത്രികള്‍ക്കു പരാജയം സമ്മതിക്കേണ്ടിവന്നു: വ്യാകരണസൂത്രങ്ങള്‍ ‘അ-ഇ-ഉണ്-നുക്ക്-ഏ-ഓങ്’ എന്നു തുടങ്ങാന്‍ വല്ല കാരണവുമുണ്ടോ എന്നു സ്വാമികളുടെ ചോദ്യത്തിനു വൈയാകരണന് ഉത്തരമേയുണ്ടായിരുന്നില്ല. സ്വാമികള്‍ നല്കിയ വിശദീകരണം ഇതാണ്:
മനുഷ്യോല്പത്തിക്കും ഭാഷോല്പത്തിക്കും തമ്മില്‍ സാമ്യമുണ്ടെന്നുള്ളത് വിശേഷിച്ചു പറയേണ്ടതില്ലല്ലോ. ഗര്‍ഭപാത്രത്തില്‍വച്ചു മാത്രമല്ല, പ്രസവംവരെ പ്രജ പൂര്‍ണ്ണമൗനം പൂണ്ടിരിക്കുന്നു. ജനനവേളയിലാണു ശിശു ഒന്നാമതായി മൗനഭഞ്ജനം ചെയ്യുന്നത്. മൗനഭഞ്ജനം ചെയ്യുന്നത് അകാരോച്ചാരണം മൂലമാണല്ലോ. അതിനാല്‍ ഭാഷയിലെ അക്ഷരമാല ‘അ’കാരപൂര്വ്വമായിരിക്കുന്നതിന്റെ ഔചിത്യം കണ്ടു കൊള്‍ക. ഗര്ഭക്ലേശങ്ങളില് നിന്നും വിമുക്തി ലഭിച്ചശേഷം സന്തോഷഭരിതമായ ഹൃദയത്തിന്റെ വ്യാപാരം സാമാന്യം ഒരു ചിരി രൂപത്തില്‍ പ്രസരിക്കുന്നതിന്റെ ഫലമായി ‘ഇ’കാരോച്ചാരണം ഉണ്ടാകുന്നു. പിന്നീടു ശിശുക്കള്‍ക്കുണ്ടാകുന്ന ബാഹ്യപ്രകൃതിയിലെ ശബ്ദാദികളില്നിന്നും ഉണ്ടാകുന്നതു ഭയമാണ്. അതുകൊണ്ടു ശിശു ഞെട്ടുകയും അതിന്റെ ശബ്ദനിര്ഗ്ഗമനം ‘ഉ’കാരോച്ചാരണമായിത്തീരുകയും ചെയ്യുന്നു.’
വിമര്‍ശനങ്ങളിലും വാദപ്രതിവാദങ്ങളിലും സ്വാമികളില്‍ ഒരു കര്‍ക്കശനായ താര്‍ക്കികനെ നമുക്കു ദര്‍ശിക്കുവാന്‍ കഴിയും. വെറും വിനോദരസത്തിനുവേണ്ടി തര്‍ക്കിക്കുകയല്ല അവിടത്തെ മാര്‍ഗ്ഗം. തര്‍ക്കശാസ്ത്രത്തിലുള്ള എല്ലാ ഗ്രന്ഥങ്ങളും കരടൊട്ടുമില്ലാതെ സ്വാമികള്‍ പഠിച്ചിട്ടുണ്ട്. അന്നംഭട്ടീയത്തിനു തര്‍ക്കരഹസ്യരത്നം എന്ന ലളിതവും സുന്ദരവുമായ ഒരു മലയാളവ്യാഖ്യാനം അവിടന്നു നിര്‍മ്മിച്ചിരുന്നത് ശിഷ്യഗണത്തില്‍ പലര്‍ക്കും സുപരിചിതമായിരുന്നെങ്കിലും ഇപ്പോള്‍ നഷ്ടപ്പെട്ടുപോയി. ചിന്തകനും പണ്ഡിതനുമായ ശ്രീ. പന്നിശ്ശേരി നാണുപിള്ള പറയുന്നു:
‘മഹാബുദ്ധിമാന്മാരായ പണ്ഡിതകേസരികള്‍ പോലും ദുര്‍ഗ്രഹമെന്നു വച്ചിരിക്കുന്ന ‘ഖണ്ഡനഖണ്ഡഖാദ്യം’ മുതലായ പ്രൗഢഗ്രന്ഥങ്ങളിലെ അപ്രതിഷേദ്ധ്യമായ യുക്തിവിലാസങ്ങളെ ചര്‍ച്ചചെയ്യുന്ന ഘട്ടങ്ങളില്‍ അവയിലെ ചില യുക്തിഭംഗങ്ങള്‍ ആര്‍ക്കും സുഗ്രഹമായ വിധം അവിടന്ന് എനിക്കു പലപ്പോഴും കാണിച്ചുതന്നിട്ടുണ്ട്. പാശ്ചാത്യതത്വശാസ്ത്രജ്ഞന്മാരുടെ ചില ശാസ്ത്രസിദ്ധാന്തങ്ങള്കൊണ്ടെങ്കിലും അവിടത്തോട് അരക്കൈനോക്കിക്കളയാമെന്നു വിചാരിച്ച് അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ഞാന്‍ അടുത്തപ്പോഴാണ് എന്റെ മൗഢ്യത്തെപ്പറ്റി എനിക്കു ബോധം വന്നത്. അവിടത്തെപ്പോലെ സര്‍വ്വജ്ഞനായ ഒരു മഹാത്മാവ് ഉണ്ടായിട്ടുണ്ടോ എന്നുപോലും ഞാന്‍ പലപ്പോഴും സംശയിക്കാറുണ്ട്.
ആടു കടിക്കാത്ത ഇലയില്ല; അതുപോലെതന്നെ സ്വാമികള്‍ പ്രവേശിക്കാത്ത വൈജ്ഞാനികമണ്ഡലവും. ജ്യോതിഷം, വൈദ്യം, മന്ത്രവാദം എന്നീ ശാസ്ത്രങ്ങളില്‍ പ്രബലമായ അവഗാഹം അവിടത്തേയ്ക്കുണ്ടായിരുന്നു. പ്രശ്നചിന്തനയിലും ഫലഭാഗവിചാരത്തിലും വ്യാപരിക്കുമ്പോള്‍ സ്വാമികള്‍ ഒരു യഥാര്‍ത്ഥ ദൈവജ്ഞന്തന്നെ. നിരവധി മന്ത്രങ്ങള്‍ സിദ്ധിവരുത്തുകയും തന്ത്രാചാരവിധികള് ഗ്രഹിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മാന്ത്രികകര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ അവിടന്നു വിമുഖനായിരുന്നു. മന്ത്രകര്മ്മാനുഷ്ഠാനങ്ങളില് ജന്തുബലി നിശ്ശേഷം ഒഴിവാക്കണമെന്നും തല്‍സ്ഥാനത്ത് കുമ്പളങ്ങ ഉപയോഗിച്ചാല്‍ മതിയെന്നും സ്വാമികള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ട്. ആയുര്‍വ്വേദത്തില്‍ ശാസ്ത്രജ്ഞാനവും കര്മ്മസിദ്ധിയുമുണ്ടായിരുന്ന സ്വാമികള്‍ക്കു ചെടികളുടെ ഔഷധഗുണങ്ങളിലും ദോഷങ്ങളിലും പരിജ്ഞാനമുണ്ടായിരുന്നതിനാല്‍ ഏതു രോഗത്തിനും ഒറ്റമൂലികൊണ്ടു നിവാരണം വരുത്താന്‍ ഒരു മുന്തിയ കഴിവുണ്ടായിരുന്നു എന്നതിന് ഇന്നും സാക്ഷികള്‍ ഉണ്ട്. മസൂരി, വിഷൂചിക, അപസ്മാരം, മലമ്പനി എന്നിവയ്ക്കു ചില രഹസ്യപ്രയോഗങ്ങള് അവിടത്തേയ്ക്കുണ്ടായിരുന്നു. തച്ചുശാസ്ത്രത്തിലും മര്മ്മശാസ്ത്രത്തിലും സ്വാമികള്‍ക്കുള്ള അറിവിനെപ്പറ്റി അറിവുള്ളവര്‍ പറഞ്ഞ് അറിയുന്നുണ്ട്. ഈ ശാസ്ത്രങ്ങളിലെല്ലാം ചിലരുടെ ആവശ്യാര്‍ത്ഥം മാത്രമേ അവിടന്നു വ്യാപരിച്ചിരുന്നുള്ളൂ; സംഗീതസാഹിത്യാദികളിലാണു സ്വാമികളുടെ മനസ്സ് സദാ ലീനമായിരുന്നത്.
എല്ലാകലകളിലും ഒരുപോലെ കൃതഹസ്തനായിരുന്നുവെങ്കിലും സ്വാമികള്‍ക്കു സംഗീതത്തോട് വാസനാഭാസുരമായ ഒരു പ്രതിപത്തിയുണ്ടായിരുന്നു. അവിടന്നു ഗായകന് മാത്രമായിരുന്നില്ല; ഗാനശാസ്ത്രജ്ഞന്കൂടിയായിരുന്നു. ഏതു സംഗീതോപകരണം കണ്ടാലും സ്വകീയമായ മനോധര്‍മ്മവിലാസത്തോടുകൂടി പ്രയോഗിക്കാന്‍ അവിടത്തേയ്ക്കുണ്ടായിരുന്ന വിരുത് പ്രസിദ്ധമാണ്. എന്നാല്‍ വാദിത്രവിശേഷങ്ങളില് ചര്‍മ്മവാദ്യങ്ങളാണ് മറ്റു ഗീതയന്ത്രങ്ങളെ അപേക്ഷിച്ച് സ്വാമികള്‍ സാധകം ചെയ്തുവച്ചിട്ടുള്ളത്. ചെണ്ട, മദ്ദളം, ഉടുക്ക്, എടയ്ക്ക, വില്ല്, തപ്പ്, പാണി, നന്തുണി, തുംബുരു, മൃദംഗം, ഗിഞ്ചിറ എന്നീ ഉപകരണങ്ങളില്‍ അസുലഭപാടവം അവിടത്തേയ്ക്കുണ്ടായിരുന്നു. ഹിന്ദുസ്ഥാനി, തെലുങ്ക്, കര്‍ണ്ണാടകം, ദേശ്യം എന്നീ മട്ടുകളില്‍ ഗീതാലാപം ചെയ്യുമ്പോള്‍ സംഗീതസൗന്ദര്യത്തിന്റെ ഭാസുരഭാവങ്ങള്‍ ശ്രോതാവിനെ കോള്‍മയിര്‍കൊള്ളിക്കും. താളത്തിനു കൈയിലുള്ള ഇരുമ്പുമോതിരം മാത്രം മതി. ഗാനമേളകളില്‍ അവതാളമോ അപശ്രുതിയോ അനുഭവപ്പെട്ടാല്‍ മേലൊക്കെ ചുട്ടുനീറും സ്വാമികള്‍ക്ക്.
കുന്നിക്കുരു കൈയില്‍വച്ചുകൊണ്ട് അതു താഴെ വീഴാതെ ചെണ്ട പ്രയോഗിക്കുവാനും എടയ്ക്കച്ചരടുകളില് വിരലുകള്‍ പ്രത്യേകതരത്തില്‍ വിന്യസിച്ചു കര്ണ്ണാനന്ദകരമായവിധം ഗമകങ്ങള്‍ ആവിഷ്ക്കരിക്കുവാനും അവിടത്തെപ്പോലെ കഴിവുള്ള അധികംപേര്‍ ഉണ്ടായിട്ടില്ല. സംഗീതോപകരണങ്ങളില്‍ ഗിഞ്ചിറയായിരുന്നു അവിടത്തേയ്ക്ക് ഏറ്റവും പ്രിയം. ഗിഞ്ചിറവായനയില് കഥാനായകനെ നേരിട്ട ചില പരദേശികളും പഠാണികളും ആ നിപുണഹസ്തത്തിന്റെ പ്രയോഗവൈശിഷ്ട്യം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. പ്രസിദ്ധ തകില്വായനക്കാരനായ കണ്ടമാല ഒരനാദരഭാവത്തില് ഒരിക്കല്‍ സ്വാമികളെ സന്ദര്‍ശിച്ചു. സമീപമുണ്ടായിരുന്ന ഗിഞ്ചിറയെടുത്തു കൈയില്‍ കൊടിത്തിട്ട് അതു വായിക്കുവാന്‍ സ്വാമികള്‍ കണ്ടമാലയോടു പറഞ്ഞു. ഗിഞ്ചിറ അയാള്‍ വാങ്ങി കൊട്ടിത്തുടങ്ങി. നീലാംബരിരാഗം ആലപിച്ചു മൂര്‍ദ്ധന്യത്തിലെത്തിയാല്‍ ഏതു താളത്തില്‍ കൊട്ടിയെടുക്കും എന്നു സ്വാമികള്‍ ഒരു ചോദ്യം ചോദിച്ചപ്പോള്‍ ആണ് അയാള്‍ അമ്പരന്നുപോയത്. ആ സംഗീതവിദ്വാനു പരാഭവം സമ്മതിക്കേണ്ടിവന്നു. ഒടുവില്‍ സ്വാമികള്‍തന്നെ ഗിഞ്ചിറ വാങ്ങി പ്രയോഗിച്ചു കാണിച്ചപ്പോള്‍ കണ്ടമാലയ്ക്കുണ്ടായ അത്ഭുതം പറയാനില്ല. ‘സ്വാമിയവാള് മുരുകന്‍താന്‍’ എന്ന് ഉച്ചൈസ്തരം പ്രകീര്‍ത്തിച്ചുകൊണ്ടാണ് കണ്ടമാല സ്ഥലംവിട്ടത്.
ഒരു ചെമ്പുകുടം കിട്ടിയാല്‍ മതി, അത് വയറ്റത്തു കമഴ്ത്തിവച്ച് അതില്‍ കരാംഗുലികള്‍ ചേര്‍ത്ത് അവിടന്നു കൊട്ടിത്തകര്‍ക്കും. ചിലപ്പോള്‍ ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് ജലതരംഗം പ്രയോഗിച്ചു ശ്രോതാക്കളെ രസിപ്പിക്കും. സ്വാമികളുടെ ശാരീരം, പതിഞ്ഞതും സ്ത്രൈണഗുണത്തെ സ്ഫുരിപ്പിക്കുന്നതും ആയിരുന്നു. സംഗീതത്തില്‍ വാസന മാത്രമല്ല; ശാസ്ത്രീയമായ ജ്ഞാനവും അഭ്യാസവും അവിടത്തേയ്ക്കുണ്ടായിരുന്നു. താന്‍ പ്രയോഗിക്കുന്ന ഉപകരണങ്ങളെ സചേതനങ്ങളായിത്തന്നെ സ്വാമികള്‍ വ്യവഹരിച്ചുവന്നു. ജന്മനാ ജ്ഞാനസ്ഥനായ സ്വാമികള്‍ സ്വയം ഒരു ശബ്ദപ്രപഞ്ചം സൃഷ്ടിച്ച് സമീപസ്ഥരെ സംഗീതലഹരിയില്‍ ആന്ദോളനം ചെയ്യിക്കുന്നതു കണ്ടിട്ടുള്ളവര്‍ ഇന്നും രോമാഞ്ചത്തോടെയാണ് ആ രംഗം സ്മരിക്കുക.
സംഗീതംപോലെതന്നെ അഭിനയത്തിലും ചിത്രരചനയിലും അവിടത്തേയ്ക്ക് അഭിരുചിയുണ്ടായിരുന്നു. ചിത്രമെഴുത്ത് അത്രകണ്ടു വികാസം പ്രാപിച്ചിട്ടില്ല. കഥകളിപ്പദങ്ങള്‍ സോപാനമട്ടില്‍ പാടി രസിപ്പിക്കുവാനും രംഗങ്ങള്‍ തന്മയത്വമായി അഭിനയിക്കുവാനും അവിടത്തേയ്ക്കുള്ള വൈഭവത്തെപ്പറ്റി കഥകളിരസികന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. കരുവാ കൃഷ്ണനാശാന്‍ ചരിത്രനായകന്റെ അഭിനയസാമര്ത്ഥ്യത്തെ ഇങ്ങനെ വര്‍ണ്ണിക്കുന്നു:
‘സ്വാമികള്‍ വടക്കെവിടെയോ സഞ്ചരിച്ചു മടങ്ങി ഒരിക്കല്‍ ഇരവിപുരത്തു കോട്ടൂര്‍ പരമേശ്വരന്‍പിള്ളയുടെ വീട്ടില്‍ വിശ്രമിക്കയായിരുന്നു. അന്നു ഞാന്‍ അവിടെച്ചെന്നു സ്വാമികളെ കണ്ടു. എന്നെ അന്നു വിട്ടില്ല. കടവൂര്‍ നാരായണപ്പണിക്കര്‍ എന്ന പേരില്‍ അവിടങ്ങളില്‍ പ്രസിദ്ധനായ ഒരു കൊട്ടുകാരനെ വരുത്തി സ്വാമികള്‍ ‘അതു തോളില്‍ താങ്ങിക്കോ’ എന്നുള്ള വായ്ത്താരി പറഞ്ഞുകൊടുത്ത് തദനുസരണം കൊട്ടിച്ചു ശീലിപ്പിക്കുകയായിരുന്നു. ഇത് എന്തിനാണെന്ന് എനിക്കാദ്യം മനസ്സിലായിരുന്നില്ല. രാത്രിയായപ്പോള്‍ സ്വാമികള്‍ കഥകളിയില്‍ ഒരു ഭാഗം അഭിനയിപ്പാന്‍ വട്ടംകൂട്ടി. നളചരിതം കഥകളിയില്‍ കാട്ടാളന്റെ ഭാഗമാണ് അഭിനയിക്കാന്‍ പോകുന്നത്. ‘വസിച്ചുകൊള്കെന്നംസേ താങ്ങി, എന്ന ഭാഗം അഭിനയിച്ചപ്പോള്‍ വടക്കുവച്ച് ഒരു സമര്‍ത്ഥനായ നടന് ദമയന്തിയെ കാട്ടാളന് തോളില്‍ എടുക്കുന്നപ്രകാരം അഭിനയിച്ചു. അതു വളരെ പ്രയാസപ്പെട്ടു നിര്‍വ്വഹിക്കേണ്ട ഒരു ഭാഗമായിരുന്നു. തോളില്‍ താങ്ങുന്ന ഭാഗം അഭിനയിക്കുമ്പോള്‍ നടന് നിലത്തുനിന്ന് കാല് പറിച്ച് ആകാശത്തില്‍ വിലങ്ങനെ കിടക്കുന്നപോലെ ചില ക്ഷണനേരം കാണിച്ചത്രേ. ഇങ്ങനെ നാലുപ്രാവശ്യം കാണിച്ചു. അതു തനിക്കും കാണിക്കുവാന്‍ സാധിക്കുമോ എന്നു സ്വാമികള്‍ പരീക്ഷിക്കുവാന്‍ ചെയ്ത ഏര്‍പ്പാടുകളായിരുന്നു ഇതെല്ലാം. പതിനാറു പ്രാവശ്യം പല പല താളവട്ടത്തില്‍ സ്വാമി ഈ ‘തോളില്‍ താങ്ങിക്കോ’ വിദ്യ കാണിച്ചു. കാണികള്‍ ഹരിയോഹരി വിളിച്ചുപോയി.’
ഒരു സാഹിത്യകാരന് എന്ന നിലയില്‍ സ്വാമികളുടെ പേര് അത്ര പ്രസിദ്ധമല്ല. ഗഹനമായ ഒരു ചിന്താപരത അവിടത്തെ കൃതികളെ ആവരണംചെയ്തു കിടക്കുകമൂലം സാഹിത്യഭംഗിക്കു പലപ്പോഴും കോട്ടംതട്ടിയിട്ടുണ്ട്. അവിടത്തെ കവിതകളും ഗ്രന്ഥങ്ങളും ആവശ്യത്തിന്റേയും നിര്ബന്ധത്തിന്റേയും സന്താനങ്ങളാണ്. ഒഴിഞ്ഞുമാറാന്‍ വയ്യാത്തപ്പോഴേ ആ വിധത്തില്‍ കുത്തിക്കുറിക്കുവാന്‍ സ്വാമികള്‍ തയ്യാറായിട്ടുള്ളു. യാത്രാമദ്ധ്യേ വല്ല തുണ്ടുകടലാസ്സിലും എഴുതിയിടുകയാണ് ലേഖനരചനാരീതി; ചിലപ്പോള്‍ വല്ല മറുപടി അയയ്ക്കുന്ന കൂട്ടത്തിലുമാകും. ഒരു നിശ്ചിതപരിപാടിയോടുകൂടിയോ ഒരു നിര്ദ്ദിഷ്ടവിഷയത്തെ അധികരിച്ചോ നിബന്ധനം ചെയ്യുക സാധാരണ പതിവില്ല.
മുക്തകങ്ങള്‍, ഭജനഗാനങ്ങള്‍, ലേഖനങ്ങള്‍, നിരൂപണഗ്രന്ഥങ്ങള്‍, കത്തുകള്‍ എന്നീ രൂപവൈവിദ്ധ്യത്തിലാണ് സ്വാമികളുടെ കൃതികള്‍ വെളിയില്‍ വന്നിട്ടുള്ളത്. സാഹിത്യാഭിരുചി ജന്മസിദ്ധമെങ്കിലും അതിനെ പരിപോഷിപ്പിക്കാനുള്ള യത്നം വിരളമായിരുന്നു. അഴകും തെളിവുമുള്ള പദങ്ങള്‍ ചിട്ടയൊപ്പിച്ചു ചേര്‍ത്ത് മിനുക്കിയെടുത്ത ഒരു സര്ഗ്ഗഭംഗിയുണ്ട് അവിടത്തെ പ്രൗഢമനോഹരങ്ങളായ ഒറ്റശ്ലോകങ്ങള്ക്ക്. ഭജനഗാനങ്ങളാണെങ്കില്, സംഗീതമാധുരി പതഞ്ഞുനില്ക്കുന്ന വാങ്മയചഷകങ്ങളാണ്. ലേഖനങ്ങള്‍ മിക്കവാറും അപൂര്ണ്ണങ്ങളാകുന്നു. അവിടത്തെ ദീര്‍ഘങ്ങളായ പ്രബന്ധങ്ങളാണ് സര്‍വ്വമതസാമരസ്യം, പുനര്‍ജ്ജന്മനിരൂപണം, ആദിഭാഷ മുതലായ ഗ്രന്ഥങ്ങള്‍. ശ്രീചക്രപൂജാവിധി വ്യാഖ്യാനഗ്രന്ഥമാകുന്നു. ഇവയിലൂടെ പ്രകാശിതമായിരിക്കുന്ന വിഷയങ്ങളുടെ വൈപുല്യം നോക്കുമ്പോള്‍ സ്വാമിയുടെ അറിവിന് ഒരു പരിധി കല്പിക്കുവാന് പ്രയാസം. പ്രബുദ്ധവും പ്രഫുല്ലവുമായ ഒരു ചിന്താരീതി ഈ ഗ്രന്ഥങ്ങളില്‍ അടിമുടി തിളങ്ങുന്നു. വിജ്ഞാനസംവര്ദ്ധകങ്ങളാണ് അവ. നിരൂപണഗ്രന്ഥങ്ങളില്‍, ക്രിസ്തുമതനിരൂപണം മോക്ഷപ്രദീപഖണ്ഡനം വേദാധികാരനിരൂപണം പ്രാചീനമലയാളം ഇവ വിമര്ശസാഹിത്യശാഖയ്ക്കു ഈടേറിയ മുതല്‍ക്കൂട്ടാണ്.
സാഹിത്യകൃതികളെപ്പറ്റി ചിന്തിക്കുമ്പോള്‍ സ്വാമികളുടെ മധൂനിഷ്യന്ദികളായ കത്തുകള്‍ നമുക്കു വിസ്മരിക്കുവാനാകുകയില്ല. അവിടത്തെ കത്തുകളിലെ സംബോധനകളിലും മറ്റും ഒരു കൃത്രിമ ഭാവം സ്ഫുരിക്കുന്നുണ്ടെങ്കിലും അതു അകൃത്രിമമായ മനസ്സിന്റെ അകന്മഷമായ പ്രതിഫലനമെന്നല്ലാതെ അന്യഥാ വിചാരിക്കാന്‍ ന്യായമില്ല. എഴുത്തുകള്‍ കാര്യമാത്രപ്രസക്തങ്ങളാണ്. തനിക്കു പരിചയമുള്ള പ്രപഞ്ചജീവികളെല്ലാംതന്നെ അവയില്‍ ചിലപ്പോള്‍ പ്രതിഫലിക്കുന്നതു കാണാം. അവിടന്ന് ഒരു ഭക്തയ്ക്കയച്ച കത്ത് താഴെ ചേര്‍ക്കുന്നു.
ശ്രീ
ശിവമയം
എന്റെ ദീര്ഘായുഷ്മതിയായ ഓമന മധുരാമൃതപരിപൂര്ണ്ണതങ്കക്കുടമേ – ഭക്തജനശിരോരത്നമേ – എല്ലാ വിവരങ്ങള്‍ക്കും വിശേഷിച്ചും കൊടുങ്ങല്ലൂര്‍ക്കു പോകേണ്ടതായി വരുമെന്നും അയച്ച എഴുത്ത് തിരുവനന്തപുരത്തുവച്ചും എന്റെ അളവറ്റ സ്നേഹനിധിയും തങ്കത്തിന്റെ പ്രിയജനകനുമായ പുരുഷരത്നം പേഷ്ക്കാരദ്ദേഹത്തിന്റെ പേര്‍ക്ക് അയച്ച എഴുത്ത് കൊല്ലത്തുവച്ചും കിട്ടി. കണ്ടു.
ഞാന്‍ മുന്‍കൂട്ടി അങ്ങോട്ടു പോന്നിരുന്നുവെങ്കില്‍ – ജീവിച്ചിരുന്നിട്ടും എന്റെ തീര്‍ത്ഥന്റെ പരമസമാധി കാണുന്നതിന് ഇടയാകയില്ലായിരുന്നു. ‘നിന്ദ്യമായുള്ളതു ചെയ്താലൊടുക്കത്തു നന്നായ്വരികിലതും പിഴയല്ലല്ലീ’ എന്നപോലെ എന്റെ ഇരുപ്പും ഭവിച്ചു. അമ്മ അച്ഛന് തുടങ്ങി എല്ലാവരോടും മാപ്പു ചോദിച്ചുകൊള്ളുന്നു. ഇനി എല്ലാം കണ്ടിട്ടായിക്കൊള്ളാം.
ചട്ടമ്പി.
സ്വാമികളുടെ കൈയക്ഷരത്തിനുതന്നെയുണ്ടൊരഴക്; അക്ഷരങ്ങള്‍ ഒന്നിനൊന്നു തൊടാതെ ഭംഗിയായി നിരത്തിവച്ചിരിക്കുന്നു എന്നുതോന്നും അവിടത്തെ എഴുത്തുകള്‍ കണ്ടാല്‍.
കേരളത്തിന്റെ സാംസ്കാരികവളര്‍ച്ചയ്ക്കു വളംവയ്ക്കാന്‍ അവിടത്തെ കൃതികള്‍ക്കു സാധിച്ചിട്ടുണ്ട്. ഹൈന്ദവമായ ഒരാദ്ധ്യാത്മിക പ്രഭാവത്തിന്റെ വേലിയേറ്റം അന്നു ദൃശ്യമായി. സൗന്ദര്യാരാധകനായ ഒരു സാഹിത്യകാരനെയല്ല, സത്യാന്വേഷകനും, വിപ്ലവകാരിയും, പ്രേമഗായകനുമായ ഒരു പ്രവാചകനെയാണു സ്വാമികളുടെ കൃതികളിലൂടെ നാം കാണുന്നത്. വിജ്ഞാനവും അനുഭൂതിയും കൈകോര്ത്താവുന്ന പ്രാചീനഗ്രന്ഥങ്ങള്‍ വഴി നമ്മിലേക്കു സംക്രമിച്ചിട്ടുള്ള ധര്മ്മബോധത്തിന് ആകര്‍ഷകവും ചൈതന്യപൂര്‍ണ്ണവുമായ രൂപവും ഭാവവും നല്കുന്നതില് അവിടന്നു വിജയിച്ചിട്ടുണ്ട്. ശക്തിയും ശുദ്ധിയും തികഞ്ഞ ഭാഷ, യുക്തിയുക്തമായ ആഖ്യാനരീതി, ചിന്താബന്ധുരത എന്നീ ഗുണങ്ങള്‍കൊണ്ട് അവിടത്തെ കൃതികള്‍ വിദ്യാസംസ്ക്കാരത്തിന്റെ ഉന്നതമണ്ഡലങ്ങളില്‍ വിജ്ഞാനരശ്മികള്‍ വിതറുന്നു.
ഒരു പുരാവൃത്തഗവേഷകന് എന്ന നിലയില്‍ സ്വാമികള്‍ക്കു സമുന്നതമായ സ്ഥാനമുണ്ട്. ഭാഷാപരമായ ഗവേഷണങ്ങള്‍ മാത്രമല്ല, ഭൂമിശാസ്ത്രപരമായും അവിടന്നു നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഗ്രന്ഥശാലകളും വേതനവും മറ്റു സാഹചര്യങ്ങളുമുള്ള ഇക്കാലത്തുപോലും ഗവേഷണത്തിന് ആരും ഔത്സുക്യം പ്രകടിപ്പിക്കാറില്ലാത്ത സ്ഥിതിക്ക,് ഒരു തേഞ്ഞ പെന്‍സിലും വല്ല കുട്ടികളുടേയും ബുക്കില്‍നിന്നും ചിന്തിയെടുത്ത കടലാസ്സും മാത്രം ഉപകരണമാക്കിക്കൊണ്ട് ആംഗലഭാഷാനഭിജ്ഞനായ സ്വാമികള്‍, രേഖകളെല്ലാം ധാരണയില്‍ ശേഖരിച്ചു കേരളചരിത്രത്തിലേയും ദ്രാവിഡഭാഷാചരിത്രത്തിലേയും ഇരുണ്ട കാലഘട്ടങ്ങളിലേയ്ക്കു സധൈര്യം പ്രവേശിച്ചതു കാണുമ്പോള്‍ അത്ഭുതാദരത്തിനേ വഴിയുള്ളൂ. നാടോടിപ്പാട്ടുകള്‍, ദേശീയാചാരങ്ങള്‍, ചരിത്രകഥകള്‍ മുതലായവ ഇത്രകണ്ടോര്മ്മയുള്ള ഒരു ധിഷണാസമ്പന്നന് വേറേ കാണുകയില്ല. ഏതു പ്രമേയത്തേയും സമീചീനമായി സമീപിച്ചു സൂചിസൂക്ഷ്മമായ ദൃഷ്ടിയോടുകൂടി അപഗ്രഥനം ചെയ്ത് അതില്‍ നിഗൂഹനംചെയ്തിരിക്കുന്ന മൗലികഭാവങ്ങളെ നിര്‍ദ്ധാരണം ചെയ്യുന്നതിനുള്ള അവിടത്തെ പ്രതിഭാപ്രഭാവത്തിനു പ്രാചീനമലയാളവും ആദിഭാഷയുംതന്നെ തെളിവുകള്‍. ഗവേഷകന്മാര്ക്ക് രത്നഖനിയാണവ.
ആദ്യം തമിഴില്‍ നിബന്ധനംചെയ്ത ‘ആദിഭാഷ’ തീര്‍ന്നേടത്തോളം ഭാഗം ശ്രീ. പന്നിശ്ശേരിയെക്കൊണ്ടു തര്ജ്ജമചെയ്യിച്ചിരുന്നതായറിയുന്നു. ലുപ്തപ്രചാരങ്ങളായ തമിഴേടുകളില്നിന്ന് സമൃദ്ധമായി ‘ആദിഭാഷ’യില്‍ ഉദ്ധരിച്ചിട്ടുണ്ട്. ജന്തുക്കളുടെ ഉല്പത്തി ലങ്കയ്ക്കു മേക്കുവശം കിടന്നിരുന്ന ഭൂഖണ്ഡത്തിലായിരുന്നെന്നും ആദിഭാഷ മൂലദ്രാവിഡമായിരുന്നെന്നും അവിടന്നു സമര്‍ത്ഥിച്ചിട്ടുള്ളതു പുരോഗമനോന്മുഖങ്ങളായ അഭിപ്രായങ്ങളാണ്. ‘ആദിഭാഷ’യില്‍ അവിടന്നു പ്രസ്താവിക്കുന്നു.
‘ഭൂലോകത്തുള്ള ജനങ്ങളില്‍ ഓരോരോ വര്‍ഗ്ഗക്കാര്‍ ഓരോരോ ഭാഷകളെ അവലംബിച്ചിരിക്കുന്നതായും ഇരുന്നിരുന്നതായും ഭാഷാചരിത്രത്തില്നിന്നും അറിയുന്നു. ഈ ഭാഷകളെല്ലാം വിചീതരംഗന്യായപ്രകാരം ഏതോ ആദിഭാഷയില്നിന്നും തുടങ്ങി തുടരെയങ്ങു വളര്ന്നിട്ടുള്ളതോ അതല്ല കദംബഗോളന്യായപ്രകാരം അവിടവിടെ ഉണ്ടായി പ്രചരിച്ചിട്ടുള്ളതോ ഏതാണെന്നുള്ളത് ഇവിടെ ചിന്തനീയമായിരിക്കുന്നു. ഇതിലേയ്ക്കു തുടങ്ങുമ്പോള്‍ മനുഷ്യജീവികളുടെ ഉല്പത്തി ആദ്യം എവിടെ സംഭവിച്ചു എന്നുള്ള ചിന്തയിലേയ്ക്കു നമ്മുടെ മനസ്സ് തിരിയുന്നു. മനുഷ്യന് ഭൂഖണ്ഡത്തിലെവിടെയെങ്കിലും ഒരു ഭാഗത്തുണ്ടായി അവിടെനിന്നും പിരിഞ്ഞുപോയിട്ടുള്ളതോ അതല്ല മനുഷ്യന് ഉണ്ടാകുന്നതിനുള്ള ഭൂപാകം ശരിപ്പെടുമ്പോള്‍ അവിടവിടെ ഉണ്ടായതോ? ഈ ചോദ്യത്തില്‍ രണ്ടാമത്തെ ഭാഗം ചരിത്രകാരന്മാര് സംവദിക്കുന്നില്ല. മനുഷ്യര്‍ എവിടെയോ ഒരിടത്തുണ്ടായി പിരിഞ്ഞുപോയിട്ടുള്ളതാണെന്നു തെളിയുകയും ചെയ്യുന്നു. ഈ സ്ഥിതിക്ക് ആദിമനുഷ്യകുടുംബത്തിനു പ്രകൃതിസിദ്ധമായ ഒരു ഭാഷ ആദികാലത്തില്‍ ഉണ്ടായിരുന്നിരിക്കണം. ആ ഭാഷയാല്‍ താലോലിക്കപ്പെട്ട് ആദിമനുഷ്യന് വളര്‍ന്നിരിക്കണം. പിന്നീടാണ് ആ പൂര്‍വകുടുംബം അനേകം ശാഖകളായിത്തിരിഞ്ഞത്. അപ്പോള്‍ ഭാഷാശാഖകളുമുണ്ടായി. ആ ഭാഷകളെയാണു നാം ഇപ്പോള്‍ ഭിന്നഭിന്ന ഭാഷകളെന്നു വ്യവഹരിക്കുന്നത്.’
സ്വാമികളുടെ അഭിപ്രായങ്ങള്‍ വാദത്തിനു വക നല്കുന്നവയാണെങ്കിലും അവിടത്തെ സ്ഥിരപ്രത്യയത്തിന്റെയും ഉറച്ച നിഗമനങ്ങളുടെയും മുമ്പില്‍ തലകുനിക്കാതിരിപ്പാനാവില്ല. ദേശനാമങ്ങളെപ്പറ്റിയും കഥാപുരുഷന് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. സ്ഥലനാമങ്ങളുടെ ഉത്ഭവം മൂന്നുവിധത്തില്‍ സംഭവിക്കാവുന്നതാണെന്നും ആദ്യമായി ഭൂമിയുടെ ഗുണവും കിടപ്പും അനുസരിച്ചും രണ്ടാമത്, പ്രഭുക്കളുടെ സ്ഥാനമാനങ്ങളെ ആശ്രയിച്ചും മൂന്നാമത്, ക്ഷേത്രദേവനാമങ്ങളെ അടിസ്ഥാനമാക്കിയും ആണെന്നാണ് അവിടന്നു സിദ്ധാന്തിക്കുന്നത്. ഈ മാനദണ്ഡംവച്ച് ശുചീന്ദ്രം, ശിവസിന്ധുപുരം ലോപിച്ചു ‘ചിവേന്തരം’ ആയി. പിന്നെ ‘ശുചീന്ദ്രം’ ആയതാണെന്നു സ്വാമികള്‍ അനുമാനിക്കുന്നു. ഹരിപ്പാട് ചെറുതോടുള്ള പ്രദേശമെന്ന അര്‍ത്ഥത്തില്‍ അരുവിപ്പാട് ആയിരുന്നെന്നാണ് അവിടത്തെ ഊഹം. എറണാകുളം ഇറൈനായര്കുളം രൂപം പ്രാപിച്ചതാണെന്നും സ്വാമികള്‍ അഭിപ്രായപ്പെടുന്നു. ഇങ്ങനെ പലേ ദേശനാമങ്ങളും സ്വാമികളുടെ സൂക്ഷ്മമായ പഠനത്തിനു വിധേയമായിട്ടുണ്ട്. തന്റെ ഗവേഷണഫലമായി നൂതനങ്ങളായ പല ആശയങ്ങള്‍ ആവിഷ്ക്കരിക്കാന്‍ അവിടത്തേയ്ക്കു കഴിഞ്ഞിരുന്നെങ്കിലും അവ ഹതഭാഗ്യരായ നമുക്കു നഷ്ടപ്പെടുകയാണു ചെയ്തത്.
വിദ്യാധിരാജനായ സ്വാമികള്‍ അറിവിന്റെ ഉറവിടം തന്നെയായിരുന്നു. ‘സ്വാമിക്കറിയാന്പാടില്ലാത്ത ഒന്നുമില്ലാ; അവിടന്നെല്ലാമറിഞ്ഞിരുന്നു.’ മഴവില്ലില്‍ വര്‍ണ്ണവിശേഷങ്ങളുടെ സമ്മോഹനമായ സമ്മേളനം പോലെ എല്ലാ കലകളുടെയും കാതലായ അംശങ്ങള്‍ അവിടത്തെ സമുജ്ജ്വലമായ പ്രതിഭയില്‍ പ്രതിഫലിച്ച് വര്‍ണ്ണശബളമായ പ്രകാശം വീശിയിരുന്നു. എന്നാല്‍, ഉള്ളിലുള്ളതു പുറത്തുകാട്ടുവാന്‍ സ്വാമികള്‍ക്കുണ്ടായിരുന്ന വൈമനസ്യംപോലെതന്നെ അറിയണമെന്ന ആഗ്രഹം മറ്റുള്ളവര്‍ക്കും കുറവായിരുന്നു. അവിടന്നു പറയാറുണ്ട്: ‘ഉലകത്തിക്കു ജ്ഞാനം പോയ്; ജ്ഞാനത്തിക്കു ഉലകം പോയ്.’