സന്ദേശവും സമാധിയും

ജസ്റ്റിസ് കെ.ഭാസ്കരപിള്ളയുടെ ‘ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം പന്ത്രണ്ട്

ക്ലേശഭൂയിഷ്ഠവും ആത്മത്യാഗസുരഭിലവുമായ ഒരു ലളിതജീവിതമാണ് സാമാന്യേന സന്യാസവുമായി ഘടിച്ചുനില്‍ക്കുന്നതെങ്കിലും ഇന്ന് അതു സുഖസമൃദ്ധമായ ഒരു ജീവിതത്തിന്റെ പര്യായമായി പരിണമിച്ചിട്ടില്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഉദരപൂരണംമാത്രം ലക്ഷ്യമാക്കിക്കൊണ്ടു ദേശസഞ്ചാരംചെയ്യുന്ന കാഷായവസ്ത്രധാരികളായ ഒരുകൂട്ടം സന്യാസിമാര്‍ നമ്മുടെ പരിഹാസത്തിനേ അര്‍ഹരായി ഭവിക്കുന്നുള്ളൂ. കേവലം ഉപരിപ്ലവമായ ജ്ഞാനംകൊണ്ട് പന്താടുന്ന മറ്റൊരു സംഘം സന്യാസിമാര്‍ രജ്ജുസര്‍പ്പം, കാനല്‍ജലം, പരമാത്മാവ് ജീവാത്മാവ്, ബ്രഹ്മം എന്നിങ്ങനെ ഉച്ചൈസ്തരം ഉല്‍ഘോഷണംചെയ്യുന്നവരാണ്. ആവക ശബ്ദങ്ങളെപ്പറ്റി പരിജ്ഞാനശൂന്യന്മാരെങ്കിലും ആദ്ധ്യാത്മികമണ്ഡലത്തില്‍ വിഹരിക്കുന്നവരെന്ന ബോധം അറിവുള്ളവരില്‍പ്പോലും അങ്കുരിപ്പിച്ചു പരഭാഗ്യോപജീവികളായി അവര്‍ ജീവിതയാപനം നടത്തുന്നു. മൂന്നാമതൊരു കൂട്ടര്‍ സര്‍വ്വസംഗപരിത്യാഗികളായി, ഇന്ദ്രിയാര്‍ത്ഥങ്ങളില്‍നിന്നും ഇന്ദ്രിയങ്ങളെ നിവൃത്തങ്ങളാക്കി ആര്‍ക്കുമാര്‍ക്കും പ്രയോജനമില്ലാതെ വല്ല കാനനത്തിന്റേയും കടകപ്രദേശങ്ങളില്‍ ധ്യാനനിരതരായിക്കഴിയുന്നു. ഈ മൂന്നുപേരില്‍നിന്നും മനുഷ്യനെ നന്നാക്കുവാനുള്ള എന്തെങ്കിലും ലഭിക്കുമെന്നു വിചാരിക്കുന്നത് അസ്ഥാനത്തിലത്രേ. എന്നാല്‍ സാധാരണക്കാരുടെയിടയില്‍ സ്വാര്‍ത്ഥസ്പര്‍ശമില്ലാതെ കാലംകടത്തുകയും പ്രപഞ്ചരഹസ്യങ്ങളെ മഥനംചെയ്തു മധുരാനുഭൂതികള്‍ ജനസമുദായത്തിന്റെ ഉല്‍ക്കര്‍ഷത്തിനായി വിതറുകയും സ്വന്തം ജീവിതചര്യകളിലൂടെ മറ്റുള്ളവര്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശംചെയ്തു സാമൂഹ്യചക്രം പരിശുദ്ധമാക്കുകയും ചെയ്യുന്ന ജ്ഞാനധനികളുണ്ട്. അവരാണ് യഥാര്‍ത്ഥത്തില്‍ മതാചാര്യന്മാരും ലോകോപകാരികളും. ഒടുവില്‍ പ്രകീര്‍ത്തിക്കപ്പെട്ട ജീവന്മുക്തന്മാരുടെ പരമ്പരയില്‍ നമ്മുടെ കഥാപുരുഷന്‍ ഉള്‍പ്പെടുന്നു.

സിംഹസമാനമായ ആകാരവും പ്രചണ്ഡമായ വാഗൈ്വഭവവും ചട്ടമ്പിസ്വാമികളെ ജനസാമാന്യത്തിനു ദുഷ്പ്രാപമായ ഒരു ദുര്‍ഗ്ഗംപോലെയാക്കിത്തീര്‍ത്തിരുന്നുവെങ്കിലും അവിടന്നു സാധാരണന്മാരില്‍ ഒരു സാധാരണനായിരുന്നു. സ്ഥിരമായി ഒരു സ്ഥാനം ഉറപ്പിക്കുകയോ ജനസേവനാര്‍ത്ഥം ഇറങ്ങി പ്രവര്‍ത്തിക്കുകയോ അവിടന്നു ചെയ്തിട്ടില്ല. ശരിയാണ്. എന്നാല്‍ ‘വസുധൈവകുടുംബകം’ എന്ന വിശാലമായ ഒരു ജനസുമദായവും ലോകവുമായിരുന്നു സ്വാമികളുടെ ഭാവനയില്‍ ഉയര്‍ന്നുനിന്നത്. അഗാധമായ ആ കയത്തില്‍ ജാതീയമായ ദുഷ്പ്രവണതകളുടെ കൊടുങ്കാറ്റിനൊന്നിനും ഓളംവെട്ടിക്കുവാന്‍ കഴിഞ്ഞിട്ടില്ല. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഹിമാലയപര്‍വ്വതംപോലെ അക്ഷോഭ്യനും ശാന്തനുമായിരുന്ന അവിടന്നു സമസൃഷ്ടങ്ങളോടുള്ള സ്‌നേഹത്തില്‍ മാത്രമേ കരുണാശീതളസ്വാന്തനായി കണ്ടിട്ടുള്ളു. ഒരു കൈക്കുഞ്ഞിന്റെ അകന്മഷവും നിസര്‍ഗ്ഗസുന്ദരവുമായ സ്വഭാവമാധുര്യം അപ്പോള്‍ സ്വാമികളില്‍ വിടര്‍ന്ന് അസുലഭസൗരഭം പരത്തിയിരുന്നതായി പ്രേക്ഷകലോകത്തിന് അനുഭവപ്പെട്ടിരുന്നു. ധര്‍മ്മനിഷ്ഠമായ അവിടത്തെ കര്‍മ്മപരിപാടികള്‍ പ്രചരണോദ്ദേശ്യമില്ലാത്തവയാണ്. മനുഷ്യമനസ്സിന്റെ അഗാധതകളിലേയ്ക്കു നിഷ്പ്രയാസം പ്രവേശിപ്പാനും അവയെ സ്പര്‍ശനമാത്രയില്‍ മനസ്സിലാക്കുവാനുമുള്ള ഒരു അസാമാന്യവൈഭവം അവിടത്തേയ്ക്കുണ്ടായിരുന്നു. വിശാലമായ ജലാശയത്തില്‍നിന്നും ചെറുചാലുകള്‍വഴി ഊഷരഭൂമിയെ ഫലഭൂയിഷ്ഠമാക്കുന്നതുപോലെ സംസ്‌ക്കാരവിരളമായ ഒരു ജനവിഭാഗത്തിന് ആശയും ചൈതന്യവും പകര്‍ന്നു ഫലപുഷ്‌ക്കലമാക്കുന്നതിലാണ് അവിടന്നു വിജയിച്ചത്.

സ്‌നേഹത്തിന്റെ മാഹാത്മ്യത്തെ പ്രശംസിക്കാത്ത കവികളോ പ്രകീര്‍ത്തിക്കാത്ത മതാചാര്യന്മാരോ ഇല്ല. സകല മതങ്ങളിലും അന്തര്യാമിയായിരിക്കുന്ന അംശം സ്‌നേഹംതന്നെയാണ്. അദ്ധ്യാത്മികപരിവര്‍ത്തനങ്ങളുടെ ഒരു നൂതനയുഗം സൃഷ്ടിച്ച സ്വാമികള്‍ സ്‌നേഹത്തിന്റെ പ്രതീകമായിരുന്നു. അവിടത്തെ വിവക്ഷയില്‍ സ്‌നേഹം വ്യാപകമായ അര്‍ത്ഥത്തില്‍ മാത്രമേ ഒതുങ്ങൂ. ഒരച്ഛനു മകനോടുള്ളതും ഭാര്യയ്ക്കു ഭര്‍ത്താവിനോടുള്ളതുമായ സ്‌നേഹം പരിശുദ്ധവും അഖണ്ഡവുമായ പ്രേമവ്യാപാരത്തിന്റെ ഒരംശം മാത്രമാകുന്നു. ഈ സ്‌നേഹചക്രത്തിന്റെ വ്യാസം വര്‍ദ്ധിപ്പിച്ചാല്‍ വ്യക്തിയില്‍നിന്നും ഒരു സമൂഹത്തിലേയ്‌ക്കോ സമുദായത്തിലേയ്‌ക്കോ വ്യാപിക്കും. അങ്ങനെ വരുമ്പോള്‍ ഒരു സമൂഹത്തിലെ ബാലലോകം മുഴുവനും ഒരുവന്റെ സന്താനങ്ങളായി മാറുന്നു; കുട്ടികള്‍ തമ്മില്‍ ഭേദം കല്പിക്കുവാന്‍ സാദ്ധ്യമല്ല. സ്‌നേഹത്തിന്റെ അനുക്രമമായ വികാസത്തില്‍ സമൂഹംവിട്ടു രാഷ്ട്രത്തിലേയ്ക്കു കടക്കുന്നു. ശ്രീരാമന്‍ സീതയെ ഉപേക്ഷിക്കുവാന്‍ കാരണം രാമചന്ദ്രനു സീതയോടുണ്ടായിരുന്നു വ്യക്തിനിഷ്ഠമായ പ്രേമം രാഷ്ട്രസീമയിലേയ്ക്കു വ്യാപിച്ചതുതന്നെ. ജനക്ഷേമമാണു തന്റെയും ക്ഷേമമെന്ന് ശ്രീരാമന്‍ വിചാരിച്ചപ്പോള്‍ സീതയുമായുള്ള ദാമ്പത്യബന്ധം തകര്‍ന്നു നിഷ്പ്രഭമായിപ്പോയി. സ്‌നേഹത്തെപ്പറ്റിയുള്ള വീക്ഷണം വിശ്വവിശാലതയിലേയ്ക്കു മുഴുവന്‍ വ്യാപരിപ്പിക്കുമ്പോള്‍ ലോകം തറവാടും സമസൃഷ്ടങ്ങളെല്ലാം സഹോദരങ്ങളുമായി പരിണമിക്കുന്നു. ലൗകികശ്രേയസ്സിന് ആധാരശിലയായ സ്‌നേഹത്തിന്റെ വിപുലവും മുഗ്ദ്ധവുമായ ഈ അവസ്ഥ ഋഷീശ്വരന്മാരില്‍ മാത്രമേ നാം കാണുന്നുള്ളൂ. ജീവജന്തുക്കളെ മാത്രമല്ല, വൃക്ഷലതാദികളെപ്പോലും അവര്‍ സഹോദരങ്ങളായി കരുതിപ്പോരുന്നു. ഇങ്ങനെ വിശ്വം മുഴുക്കെ വ്യാപിച്ചുകിടക്കുന്ന ഒരു സ്‌നേഹചക്രവാളമാണ് സ്വാമികളുടെ അപദാനപരമ്പരകള്‍ പരിശോധിക്കുമ്പോള്‍ നമ്മുടെ ഭാവനയില്‍ ഉദിക്കുക. പട്ടികളെയും എറുമ്പുവര്‍ഗ്ഗത്തെയും അവിടന്നു സഹോദരസ്ഥാനം നല്‍കി സല്‍ക്കരിച്ചിട്ടുണ്ട്. ഏതു സ്ഥലം വിട്ടാലും സ്വന്തം ലാളനത്തിനു വിധേയങ്ങളായ ജീവജാലങ്ങളെ ഒരിക്കലുംതന്നെ സ്വാമികള്‍ വിസ്മരിക്കാറില്ല. ഒരു പൂര്‍വ്വപരിചിതനെ കണ്ടപ്പോള്‍ അവിടുത്തെ കുശലാന്വേഷണം ഇതാണ്:

‘നമ്മുടെ പഴയ കൂട്ടുകാര് ഉറുമ്പിത്താന്മാരെല്ലാം ഇപ്പോഴെങ്ങനെയിരിക്കുന്നു? അവരെല്ലാം അവിടെത്തന്നെയുണ്ടോ? നമ്മുടെ ആഹാരത്തിന്റെ ഓഹരി പറ്റാന്‍ ആ കാപ്പിരിപ്പട്ടാളം ചുറ്റും വന്നങ്ങണിനിരക്കുമായിരുന്നു. അവിടെവച്ച് എല്ലാറ്റിനേയും ഞാന്‍ ഭംഗിയായി സല്ക്കരിച്ചിട്ടുണ്ട്.’

അചേതനങ്ങളായ വാദ്യോപകരണങ്ങളെ വാത്സല്യപൂര്‍വ്വം പേരുചൊല്ലി വിളിക്കുന്നതു കേട്ടാല്‍ ഒരു സ്‌നേഹപ്രകര്‍ഷത്തിന്റെ വേലിയേറ്റം കേള്‍ക്കുന്നവരെ ഗ്രസിച്ചുകളയും. തന്റെ കരാംഗുലികളുടെ പരിചയപദവി സമ്പാദിച്ചിട്ടുള്ള ഒരു പഴയ മൃദംഗത്തെപ്പറ്റി അവിടന്നു സൂചിപ്പിക്കുന്നതിപ്രകാരമാണ്:

‘നമ്മുടെ അഗസ്ത്യന്റെ വര്‍ത്തമാനം ഇയ്യിടെയെങ്ങും അറിയാറെയില്ല. ഈ കിഴവനു വളരെ ആഗ്രഹമുണ്ട്; അയാളെ ഒന്നുകൂടി കണ്ടാല്‍ക്കൊള്ളാമെന്ന്.’

ജീവകാരുണ്യനിര്‍ഭരമായ മനസ്സ് ഉല്‍ക്കര്‍ഷോന്മുഖമായ മാര്‍ഗ്ഗത്തിലേയ്‌ക്കേ പ്രവേശിക്കുകയുള്ളു. സംസ്‌ക്കാരചരിത്രത്തില്‍ കറുത്ത മഷിപ്പാടുകള്‍ ചേര്‍ക്കുന്നത് ജീവകാരുണ്യത്തിന്റെ അഭാവംമൂലമാണ്. ഭൗതികപുരോഗതിക്ക് ആത്മപ്രകര്‍ഷവും ജന്തുകാരുണ്യവും അത്യന്താപേക്ഷിതമാണെന്ന് സ്വാമികള്‍ കണ്ടു. ആ സ്‌നേഹഗായകന്റെ ആദര്‍ശംതന്നെ അഹിംസാത്മകമായ ജന്തുകാരുണ്യമാണ്. അഹിംസ എന്നു പറയുമ്പോള്‍ ശ്രീബുദ്ധന്റേയോ മഹാത്മജിയുടേയോ അഹിംസാസിദ്ധാന്തത്തില്‍നിന്നും കുറച്ചുകൂടി ശാസ്ത്രീയമായ ഒരു നിര്‍വ്വചനമാണ് സ്വാമികള്‍ക്കുള്ളത്. ഹിംസ കാണുമ്പോളുണ്ടാകുന്ന കരുണാര്‍ദ്രമായ വികാരമോ ബ്രഹ്മചര്യനിഷ്ഠമായ ജീവിതരീതിയോ മാത്രമായിരുന്നില്ല അവിടത്തെ അഹിംസ. പരമമായ ധര്‍മ്മം എന്ന നിലയില്‍ സ്വാമികള്‍ അഹിംസയെ ആദര്‍ശമായി വരിച്ചു. ജന്തുഹിംസയോടുള്ള വിദ്വേഷമാകട്ടെ ചിരസ്ഥായിയും നൈസര്‍ഗ്ഗികവുമായ ഒരാത്മബോധത്തില്‍ അധിഷ്ഠിതമായിരുന്നുതാനും. ജന്തുക്കളെ ഹിംസിക്കുന്നതോ മാസം ഭക്ഷിക്കുന്നതോ തന്മൂലം അവിടത്തേയ്ക്കു ഹൃദയഭേദകമായിരുന്നു. വണ്ടിക്കാരന്‍ വണ്ടിക്കാളയെ ‘ചുളുചുളെ’ അടിച്ചപ്പോള്‍ റോഡരികെ നടന്നുപോയ സ്വാമികള്‍ വേദന സഹിയാതെ തുട തൂത്തുവത്രേ. ഹിംസാത്മകമായ ലോകത്തില്‍ അഹിംസയെ പുനഃപ്രതിഷ്ഠചെയ്യുവാനായിരുന്നു സ്വാമികളുടെ യത്‌നം. അഹിംസയുടെ പരിപൂര്‍ണ്ണാവസ്ഥയെയാണ് മോക്ഷമെന്ന് അദ്ദേഹം നിര്‍വ്വചിച്ചത്.

ലോകോല്പത്തിമുതല്‍തന്നെ ഹിംസയുണ്ട്. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍. ഈ സ്വഭാവബോധത്തെ മാറ്റുകയോ നിയന്ത്രിക്കുകയോ ചെയ്യുക ലഘുസാദ്ധ്യമല്ല. എന്നാല്‍ ഹിംസയുടെ മണ്ഡലത്തില്‍ നിന്നും ക്രമമായി അകലുന്തോറും അഹിംസയോടടുത്തുവരാമെന്നും അചിരേണ അസിംഹയുടെ പൂര്‍ണ്ണാവസ്ഥയില്‍ എത്തിച്ചേരാമെന്നും സ്വാമികള്‍ ‘ജീവകാരുണ്യനിരൂപണം’വഴി വിശദമായി പ്രസ്താവിക്കുന്നുണ്ട്. അവിടന്നു പറയുന്നു:

‘പ്രകൃതിസൃഷ്ടി ഹിംസയ്ക്കായിട്ടല്ല. അല്പനേരമെങ്കിലും അനങ്ങാതെയും മിണ്ടാതെയും ഭക്ഷിക്കാതെയും ശ്വാസമടക്കിക്കൊണ്ടിരിക്കാമെങ്കില്‍ അത്രയും നേരം അഹിംസകനായിരിക്കാനും കഴിയും. കുട്ടികളല്ലാത്തവര്‍ക്കെല്ലാം ഇതു കഴിയുന്നതാണ്. അതിനാല്‍ എല്ലാത്തിനേയും ഹിംസിക്കാനല്ല ഹിംസിക്കാതിരിക്കാനാണു കഴിയുന്നത്. ആടുമാടു മുതലായ ജന്തുക്കള്‍ മനുഷ്യര്‍ക്കും മറ്റും കൊന്നു തിന്നാനുള്ളവയാണെന്നും തിന്നുമെന്നുമുള്ള ബുദ്ധിയും അതിലേക്കു തക്ക ശക്തിയും മനുഷ്യാദികള്‍ക്കും, അളവറ്റ വേദന, ഭയം, അതില്‍നിന്നു രക്ഷപ്പെടണമെന്ന് അത്യാഗ്രഹം ഇവയെല്ലാം ഇപ്പോഴും ഉണ്ടായിരുന്നിട്ടും അതു ഫലപ്പെടാതെ കൊല്ലപ്പെടാന്‍ (മരിക്കാന്‍) ഉള്ള ശക്തിമാത്രം മൃഗാദികള്‍ക്കും സിദ്ധിച്ചിരിക്കുന്നു. അതുപോലെ മനുഷ്യാദികള്‍ അവയെ ഭക്ഷിച്ചുപോരുന്നത് സാധാരണയായിരിക്കയാല്‍ മനുഷ്യാദികള്‍ക്കായിട്ടാണ് മൃഗാദികള്‍ സൃഷ്ടിക്കപ്പെട്ടത് എന്നാണെങ്കില്‍ സിംഹം, കടുവാ, പുലി മുതലായവ മനുഷ്യരേയും മറ്റും പിടിച്ചു തിന്നുന്നത് സ്വാഭാവികമായിരിക്കുന്നതുകൊണ്ട് അവയ്ക്കായിട്ടാണ് മനുഷ്യാദിയെ സൃഷ്ടിച്ചത് എന്നും വിചാരിക്കണം.’

വേദനപ്പെടുത്തലും, അതിന്റെ രക്ഷയ്ക്കായിട്ട് പോകുന്ന വഴിയെ തടുക്കലും ഇങ്ങനെ രണ്ടുവിധ ദോഷമാണ് ഹിംസയ്ക്കുള്ളതെന്നും വേദനപ്പെടുത്തല്‍ പ്രധാനമായി ചരങ്ങളിലും താമസപ്പെടുത്തല്‍ ചരങ്ങളിലും അചരങ്ങളിലും ഒന്നുപോലെയുമാണെന്നും സ്വാമികള്‍ മേല്പറഞ്ഞ ഉപന്യാസത്തില്‍ അഭിപ്രായപ്പെടുന്നു. പരിപൂര്‍ണ്ണ അഹിംസകനെ അവിടന്നു നിര്‍വ്വചിക്കുന്നതു നോക്കുക:

‘അഹിംസകനെന്ന ഉന്നതബിരുദം സമ്പാദിക്കാന്‍ ശ്രമിക്കുന്ന ഏവനും ഓരോ ജീവരാശിയിലും ഹിംസകളെ ഉപേക്ഷിച്ച് വേഗത്തോടുകൂടി കടന്നുപോകേണ്ടതായിത്തന്നെയിരിക്കുന്നു. ഇപ്രകാരം കടന്നുപോകുന്നവരില്‍ മൂന്നും നാലും പടികളിലേയ്ക്കു കടന്നുപോയവരാണ് സസ്യഭുക്കുകള്‍. ഇവരുടെ അടുത്തപടി ഏതാണെന്ന് ഒരു ചോദ്യമുണ്ടാകാം. സസ്യഭക്ഷണത്തിലും ഹിംസയുണ്ടെന്നുള്ള അറിവിന്റെ പൂര്‍ണ്ണതയും അതില്‍നിന്നു വിരമിക്കുന്നതിനുള്ള ശക്തിയും അത്യുത്സാഹാനുഷ്ഠാനങ്ങളുംകൊണ്ട് അവര്‍ കേവലം ഉണങ്ങിവീഴുന്ന ഇലകളേയും ശുഷ്‌ക്കഫലങ്ങളേയും ആഹരിച്ചും അതിലും ഹിംസയുണ്ടെന്നു കണ്ട് കേവലം ജലത്തെ മാത്രം ആശ്രയിച്ചും ജീവിക്കും. അപ്പോള്‍ അവിടെയും ഹിംസ വെളിവാകുമല്ലോ. അനന്തരം വായുവിനെമാത്രം ആഹാരംചെയ്തു ജീവിക്കും. ഈ നിലയിലെത്തുമ്പോഴാണ് അവരെ യോഗികള്‍ എന്നു പറയുന്നത്. വായുഭക്ഷണത്തിലും ഹിംസയെ ഭയന്ന് അതില്‍നിന്നും വിരമിക്കുന്നതിനുള്ള ശക്തിയെ അതില്‍ ഇരുന്നുകൊണ്ടു സമ്പാദിച്ചുകഴിഞ്ഞാല്‍ പ്രാണനെ അടക്കി വിചാരരൂപജ്ഞാനസമാധിയെ ആശ്രയിച്ച് നമ്മുടെ സകല മതാചാര്യന്മാരും ഒന്നുപോലെ ഘോഷിക്കുന്നതും വേറൊന്നിനാല്‍ താനും തന്നാല്‍ വേറൊന്നും ഹിംസിക്കപ്പെടുക എന്നുള്ള നിലയെ അതിക്രമിച്ചതും ആയ മോക്ഷമെന്ന ആ പരമാനന്ദപദത്തെ പ്രാപിക്കയും അതോടുകൂടിത്തന്നെ പരിപൂര്‍ണ്ണ അഹിംസകന്‍ ആയിത്തീരുകയും ചെയ്യുന്നു.’

സസ്യഭുക്കുകള്‍ക്കുപോലും ഹിംസാവലയത്തിന്റെ പുറത്തുചാടുവാന്‍ നിര്‍വ്വാഹമില്ലാത്തവിധം നിഷ്‌കൃഷമാണ് അവിടത്തെ അഹിംസാനിര്‍വ്വചനം. ഈശ്വരവിശ്വാസിയായ സ്വാമികള്‍ ക്ഷേത്രങ്ങളിലെ ജന്തുബലിയെ കഠിനമായി വെറുത്തിരുന്നു. കൊടുങ്ങല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ നടയില്‍ അവിടന്നു തൊഴാറുണ്ടായിരുന്നില്ല. ജന്തുബലിയുള്ള ആ ക്ഷേത്രം കശാപ്പുസ്ഥലമല്ലേ എന്നവിടന്നു ചോദിക്കും. സ്വാമികളുടെ അഹിംസാചരണം അത്രകണ്ടു പരിപൂര്‍ണ്ണമായിരുന്നു. പട്ടി, പൂച്ച, ഉറുമ്പ്, അണ്ണാന്‍ മുതലായ ജന്തുക്കള്‍ക്ക് അവിടത്തെ ആഹാരത്തിന്റെ ഗണ്യമായ ഒരംശം എവിടെയായാലും ലഭിച്ചുവന്നു. സ്‌നേഹംകൊണ്ട് അവിടന്നു സ്‌നേഹം സമ്പാദിച്ചു.

എല്ലാ ജീവജാലങ്ങളേയും സത്യസ്വരൂപനായ ഈശ്വരന്റെ അംശമായിട്ടുതന്നെ സ്വാമികള്‍ കരുതിപ്പോന്നു. തന്റെ വിചാരത്തെ ജന്തുക്കളെ അറിയിക്കാനും അവയുടെ അന്തര്‍ഗതം മനസ്സിലാക്കാനും കഴിഞ്ഞിരുന്ന അവിടന്ന് ലോകമെല്ലാം ഒറ്റമനസ്സാണെന്നും മനസ്സിനും മനസ്സിനുമിടയ്ക്ക് വിടവില്ലെന്നും ഉല്‍ബോധിപ്പിച്ചിരുന്നു. അഹിംസയുടെ പ്രതിഷ്ഠയില്‍ വൈരത്യാഗമുണ്ടാകുന്നു എന്ന യോഗസൂത്രവാക്യത്തിന്റെ പൊരുളായിരുന്നു സ്വാമികളുടെ ജീവിതം. ചേരയും തവളയും, പശുവും പുലിയും അവിടത്തെ അഹിംസാത്മകമായ സന്നിധിയില്‍ വിരോധഭാവം വെടിഞ്ഞു വര്‍ത്തിച്ചിരുന്നു. ഖലന്മാര്‍പോലും സ്വാമികളുടെ സന്നിധിയില്‍ ശാന്തരായി പരിണമിക്കാറുണ്ട്.

കേരളീയജനതാമദ്ധ്യത്തില്‍ വിചാരത്തിലും ആചാരത്തിലും വിപ്ലവവാസനയുടെ വിത്തുപാകിയത് യഥാര്‍ത്ഥത്തില്‍ സ്വാമികളാണ്. അബ്രാഹ്മണര്‍ക്കു പ്രവേശനം നിരോധിച്ചിരുന്ന വൈജ്ഞാനികരംഗങ്ങളില്‍ യഥേഷ്ടം സഞ്ചരിക്കുവാന്‍ നമുക്കു പ്രചോദനവും ശക്തിയും നല്‍കിയത് മറ്റാരുമല്ല. തന്ത്രമന്ത്രശാസ്ത്രങ്ങളില്‍ ആരുമാരും കേട്ടിട്ടില്ലാത്ത അനേകം ഗ്രന്ഥങ്ങള്‍ അവിടന്നു പഠിക്കകയും ആ മേഖലയിലേയ്ക്കു കടക്കുവാന്‍ കരാവലംബം നല്‍കുകയും ചെയ്തു. ശ്രീ നീലകണ്ഠനീര്‍ത്ഥപാദരുടെ ‘ദേവാര്‍ച്ചാപദ്ധതി’ അവിടത്തെ പ്രോത്സാഹനത്തിന്റെ ഫലമാണെന്നുള്ളതു നിസ്സംശയമാണ്. വേദാന്തതത്ത്വങ്ങളെ ലളിതമായി വ്യാഖ്യാനിച്ച് മലയാളികള്‍ക്ക് ആ വിഷയത്തിലുണ്ടായിരുന്ന അജ്ഞതയെ ദൂരീകരിപ്പാനും സ്വാമികള്‍ ശ്രമിച്ചിട്ടുണ്ട്. പരമ്പരാഗതമായ ദുരാചാരവലയത്തെ ഭേദിച്ചു ജനസമുദായത്തിന് ആത്മാഭിമാനവും ജീവചൈതന്യവും പ്രദാനംചെയ്യുവാന്‍ ചട്ടമ്പിസ്വാമികളെപ്പോലെ യത്‌നിച്ചിട്ടുള്ള മറ്റു മലയാളികള്‍ ചുരുക്കമാണ്.

ജാതീയമായ ചിന്താരീതിയും വ്യവസ്ഥിതികളും ഭൗതികവും സാംസ്‌ക്കാരികവുമായ ഉല്‍ക്കര്‍ഷങ്ങള്‍ക്കു വിഘാതമാണെന്നു കണ്ട സ്വാമികള്‍ ഒരു ഏകജാതിബോധം സാമൂഹ്യക്ഷേത്രത്തില്‍ നട്ടുപിടിപ്പിക്കുവാനാണു യത്‌നിച്ചത്. കീഴ്‌വഴക്കങ്ങള്‍കൊണ്ടു കര്‍ക്കശമായ അതിര്‍ത്തികള്‍ വച്ച് വേര്‍തിരിച്ചിരുന്ന സമുദായങ്ങളെ വരമ്പുകള്‍ തട്ടി ഒന്നാക്കുക വിഷമമായിരുന്നു. നായന്മാരില്‍ത്തന്നെയും അവാന്തരവിഭാഗങ്ങള്‍ തമ്മില്‍ സഹഭോജനമില്ലാതിരുന്ന കാലത്താണ് ഒരു തനി നായര്‍ കുടുംബത്തില്‍ ജനിച്ച സ്വാമികള്‍ ഈഴവഗൃഹങ്ങളില്‍നിന്നും ആഹാരം കഴിക്കുവാന്‍ ഉദ്യുക്തനായത്. ഈ ആചാരവ്യതിയാനംമൂലം യാഥാസ്ഥിതികരുടെ മാത്രമല്ല, സാധാരണ നായരുടെപോലും അവജ്ഞയ്ക്കു സ്വാമികള്‍ ആദ്യകാലം പാത്രമായിട്ടുണ്ട്. എല്ലാ ജാതിയും ഒന്നെന്ന ബോധം കൗമാരാവസ്ഥയില്‍ത്തന്നെ സ്വാമിയില്‍ നൈസര്‍ഗ്ഗികമായി വേരുറച്ചു വളര്‍ന്നതാണ്; അല്ലാതെ ബലാദാകൃഷ്ടമല്ല. സമസൃഷ്ടങ്ങളെ കൂടെപ്പിറപ്പുകളായി എണ്ണുകയും അവ്യാജമധുരമായ സ്‌നേഹത്തിലൂടെ അവയെ തന്നിലേയ്ക്കാകര്‍ഷിച്ചു ബന്ധിച്ചുനിര്‍ത്തുകയും ചെയ്ത സ്വാമികള്‍ക്കു ലോകംതന്നെയായിരുന്നു തറവാട്. ഭൗതികരീതിയില്‍ ഇണങ്ങിച്ചേരുന്ന എല്ലാവരേയും ചേര്‍ത്ത് ഒരു ജനസമുദായത്തെ വാര്‍ത്തെടുക്കുന്നതിനാണ് അദ്ദേഹം ശ്രമിച്ചത്. സ്‌നേഹശൃംഖലകൊണ്ടു ബദ്ധമായ ഒരു നൂതനവ്യവസ്ഥിതി കെട്ടിപ്പടുക്കുവാന്‍ അവിടന്ന് ആവിഷ്‌ക്കരിച്ച ആശയം അനന്തരകാലത്ത് വികാസം പ്രാപിച്ച അവസ്ഥ നാം അറിയുന്നുണ്ട്.

പരമപ്രേമരൂപമായ സത്യത്തിന്റെ വെളിച്ചത്തില്‍ സമസൃഷ്ടികളില്‍ സമത്വം ദര്‍ശിച്ച സ്വാമികള്‍ സ്വകര്‍മ്മാനുഷ്ഠാനങ്ങളിലൂടെ അഹിംസയുടെ സിദ്ധിയെ പ്രഖ്യാപനം ചെയ്തപ്പോള്‍ സാമാന്യജനതയുടെ മനോമണ്ഡലത്തിലേയ്ക്കു സുദൂരം ഇറങ്ങിച്ചെന്നു മാര്‍ഗ്ഗനിര്‍ദ്ദേശം ചെയ്‌വാന്‍ അവിടത്തേയ്ക്കു കഴിഞ്ഞു. മലയാളികളുടെ ചിന്തയേയും വിശ്വാസത്തേയും തട്ടിയുണര്‍ത്തിയ ആ വിപ്ലവകാരി അദ്ധ്യാത്മ കേരളത്തെ കണ്ടെത്തിയ മഹാത്മാവാണ്.

ശ്രീനീലകണ്ഠതീര്‍ത്ഥപാദരുടെ സമാധിക്കുശേഷം സ്വാമികള്‍ മിക്കവാറും സ്വസ്ഥനായി ഒരു സ്ഥലത്തും കഴിഞ്ഞുകൂടിയില്ല. പുരാവൃത്തപഠനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്ന അദ്ദേഹം തലയിലെ ചുമട് ഇറക്കിവച്ച് ആശ്വസിക്കുവാന്‍ കാംക്ഷിച്ചു. പക്ഷേ, കരാവലംബം നല്‍കി ആ സന്ദര്‍ഭം പ്രയോജനപ്പെടുത്തുവാന്‍ ഉദാരമതികള്‍ മുമ്പോട്ടു വന്നില്ല. അപൂര്‍വ്വം ചില സംഗതികള്‍ കുറിച്ചിരുന്ന കടലാസ്സുകള്‍ കിട്ടിയവരുടെ കൈയ്യില്‍ വിലയംപ്രാപിക്കയും ചെയ്തു.

കഥാപുരുഷന്റെ ജീവിതസായാഹ്നത്തിലെ വിശ്രമസങ്കേതങ്ങളിലൊന്നാണ് ഇരിങ്ങാലക്കുട. തത്തമ്പള്ളി കുഞ്ഞുണ്ണിമേനോനും ഭാര്യ മീനാക്ഷി അമ്മയും അവിടത്തെ വിനീതശിഷ്യരായതോടെ അവരുടെ ഗൃഹം കേന്ദ്രമാക്കി ആനന്ദമയമായ ഒരു സഹൃദയരംഗം ആ പുരാതനനഗരത്തിന്റെ അന്തരംഗത്തില്‍ സ്വാമികള്‍ സൃഷ്ടിച്ചു. ഇരിങ്ങാലക്കുട അവിടന്നു സന്നിധാനം ചെയ്തത് തച്ചുടയക്കൈമ്മള്‍ക്കും അനുഗ്രഹത്തിനു കാരണമായി. ദേവപ്രതിനിധിയായി അവരോധിക്കപ്പെട്ട ആ നായര്‍പ്രഭു നീലകണ്ഠതീര്‍ത്ഥപാദസ്വാമികളുടെ ഒരു മുഖ്യശിഷ്യനായിരുന്നു. തീര്‍ത്ഥപാദര്‍ ആരംഭിച്ച ‘സദ്ഗുരു’ മാസിക തുടര്‍ന്നു പോകേണ്ട ധാര്‍മ്മികബാദ്ധ്യത തച്ചുടയതമ്പുരാനില്‍ വന്നുചേര്‍ന്നതിനാല്‍ ആ വിഷയത്തില്‍ ചില സഹായങ്ങള്‍ ചെയ്യാന്‍ സ്വാമികളും നിര്‍ബന്ധിതനായി. ‘ശരീരതത്വശാസ്ത്രം’, ‘ദേശനാമങ്ങള്‍’, ‘ഒഴിവിലൊടുക്കം’ മുതലായ ലേഖനങ്ങള്‍ ‘അഗസ്ത്യന്‍’ എന്ന തൂലികാനാമത്തില്‍ ‘സദ്ഗുരു’വില്‍ വന്നത് സ്വാമികളുടേതായിരുന്നു. മദ്ധ്യകേരളത്തിലെ പ്രബുദ്ധരായ പലരും ഇതിനകം അവിടത്തെ സന്ദര്‍ശിച്ച് അനുഗ്രഹാശിസ്സുകളും ഉപദേശങ്ങളും സമ്പാദിച്ചു.

പൂര്‍വ്വപരിചയം പുതുക്കുന്നതിനെന്നപോലെ പണ്ടു സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം ഒരു പര്യടനം നടത്തി എറണാകുളം, പറവൂര്‍, ആലുവാ, പെരുമ്പാവൂര്‍, വൈക്കം, ആലപ്പുഴ, മാവേലിക്കര എന്നീ നഗരങ്ങള്‍ കടന്ന് സ്വാമികള്‍ കരുനാഗപ്പള്ളിയിലെത്തി. അവിടെ താഴത്തോട്ടത്ത് വേലുപ്പിള്ളയുടെ ഗൃഹത്തിലും പന്മന കുമ്പളത്തു ശങ്കുപ്പിള്ളയുടെ വീട്ടിലും അവിടന്നു കുറച്ചുനാള്‍ വിശ്രമിക്കുകയുണ്ടായി. കുമ്പളത്തു താമസിക്കുമ്പോള്‍ സമീപത്തുള്ള ഒരു കാവില്‍ സ്വാമികള്‍ പകല്‍സമയം കഴിച്ചുകൂട്ടിവന്നു. ശ്രീ. കുമ്പളത്തു ശങ്കുപ്പിള്ള ഇങ്ങനെ പറയുന്നു:

‘സ്വാമികള്‍ വിശ്രമിക്കാറുള്ള കാവിന്റെ കിഴക്കുവശത്തു മറ്റൊരു കാവും ഉണ്ടായിരുന്നു. ഒരു ദിവസം അവിടന്ന് എന്നോടു പറഞ്ഞു, ‘നമുക്ക് ആ കാവ് ഒന്നു പോയി കാണണം’ എന്ന്. അടുത്തദിവസം വളരെ വെളുപ്പിനേ എന്നെ വിളിച്ചുണര്‍ത്തി. ലോകത്തില്‍ എന്തിനേയെങ്കിലും അവിടത്തേയ്ക്കു ഭയമുണ്ടെങ്കില്‍ അതു വെയിലിനെയാണ്. അതിനാല്‍ പകല്‍ സഞ്ചരിക്കുകതന്നെ പതിവില്ല. അതുകൊണ്ടു വെളുപ്പിനേതന്നെ പോയി ഞങ്ങള്‍ ആ കാവു കണ്ടു. ‘ഇതു വളരെ പുരാതനതയും പരിശുദ്ധിയുമുള്ള ഒരു കാവാണ്. ഇതു സമാധിപീഠം ആക്കുന്നതു കൊള്ളാം’ എന്ന് എന്നോടുപറഞ്ഞു.

ഏതാനും ദിവസം കഴിഞ്ഞ് ‘എല്ലാവരോടും യാത്ര ചോദിച്ചിട്ടു വരാം’ എന്നു പറഞ്ഞ് സ്വാമികള്‍ തിരുവനന്തപുരത്തിനു പോയി. യാത്രാവേളയില്‍ ‘കാരണവരേ! കിഴവന്‍ ചാകാനിങ്ങു വരും’ എന്ന് എന്നെ വിളിച്ചുവീണ്ടും പറഞ്ഞു. (മറ്റുള്ളവര്‍ കേള്‍ക്കെ എന്നെ കാരണവര്‍ എന്നാണു തിരുവടികള്‍ വാത്സല്യപൂര്‍വ്വം വിളിക്കാറുള്ളത്.)’

ശ്രീമാന്‍ ശങ്കുപ്പിള്ള സ്വാമികളുടെ അവസാനകാലത്തെ ഗൃഹസ്ഥശിഷ്യന്മാരില്‍ ഒരാളാണ്. ഉത്ഥാനശാലിയും കര്‍മ്മകുശലനുമായ ആ യുവാവ് അവിടത്തെ കണ്ണിലുണ്ണിയായതില്‍ അത്ഭുതമില്ല. കുമ്പളത്തിനെ ‘പൊന്നിന്‍കുടം’ എന്നു സ്വാമികള്‍ സംബോധനചെയ്യുമ്പോള്‍ പിതൃനിര്‍വിശേഷമായ വാത്സല്യപ്രകര്‍ഷത്തിന്റെ അതിപ്രസരം രംഗസ്ഥിതരേ രോമാഞ്ചക്കുപ്പായം അണിയിച്ചുവന്നു. കുമ്പളം അവിടത്തെ ആരാധിക്കുന്നതു നോക്കുക:

‘ശ്രീ. ചട്ടമ്പിസ്വാമിതിരുവടികളെക്കുറിച്ചു ഞാന്‍ കുറെയൊക്കെ ഗ്രഹിച്ചിട്ടുണ്ട്. അടുത്തു പരിചയിച്ചിട്ടുണ്ട്. ഒരു പ്രിയങ്കരനായ പിതാവിനെപ്പോലെ ഞാന്‍ അവിടത്തെ ആരാധിക്കുന്നുമുണ്ട്. ഒരു വത്സലപുത്രനെപ്പോലെ എന്നെ സ്‌നേഹിച്ചിരുന്ന അദ്ദേഹത്തോട് ആത്മീയമായി ഞാന്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. എനിക്ക് ഒന്നും ഉപദേശിച്ചു തന്നിട്ടുമില്ല. എങ്കിലും അവിടത്തെ സാന്നിദ്ധ്യം എനിക്ക് ശ്രേയസ്‌ക്കരമാണെന്നു ഞാന്‍ വിശ്വസിച്ചുവരുന്നു. എനിക്കുമാത്രമല്ല, ആര്‍ക്കെല്ലാം അവിടത്തെ അനുഗ്രഹവും സാന്നിദ്ധ്യവും ലഭിച്ചിട്ടുണ്ടോ അവര്‍ ക്കെല്ലാം അതു ശ്രേയസ്സിനു കാരണമായിത്തീര്‍ന്നിട്ടുണ്ട്. എനിക്കു സ്വാമികളെക്കുറിച്ച് എന്തറിയാം? അത്ഭുതകരമായ ഒരു മഹാസമുദ്രത്തെക്കുറിച്ചു നമുക്കു വല്ല വിവരവുമുണ്ടോ? അതുപോലെ ആ പരബ്രഹ്മസ്വരൂപത്തെപ്പറ്റിയും.’

വാര്‍ദ്ധക്യത്തിന്റെ കെടുതികള്‍ യോഗാഭ്യാസംകൊണ്ടു ബലിഷ്ഠമായ സ്വാമികളുടെ ശരീരത്തെ ആക്രമിച്ചു കീഴടക്കിയിരുന്നു. വിട്ടുവിട്ട് ഉദരരോഗവും അതിസാരവും ബാധിച്ചുതുടങ്ങിയപ്പോള്‍ തന്റെ അന്ത്യകാലം സമീപിച്ചിരിക്കുന്നു എന്നു സ്വാമികള്‍ക്കു ബോധോദയം ഉണ്ടായി. പ്രാരബ്ധം അല്പംകൂടിയുള്ളത് അനുഭവിച്ചു തീര്‍ന്നിട്ടേ തടി പട്ടുപോകുകയുള്ളുവെന്ന് അവിടന്ന് ശിഷ്യരെ അനുസ്മരിപ്പിച്ചു. തീര്‍ത്ഥപാദപരമഹംസസ്വാമികളും പത്മനാഭപ്പണിക്കരും ശുശ്രൂഷാനിരതരായി സ്വാമികളെ അനുഗമിച്ചിരുന്നു. വൈദ്യസഹായവും വേണ്ട സൗകര്യങ്ങളും തിരുവനന്തപുരത്തുണ്ടായിട്ടും പന്മനയ്ക്കു മടങ്ങണമെന്നായിരുന്നു അവിടത്തെ ആശ. വിവരം കുമ്പളത്തിനെ അറിയിച്ചു.

കത്തു കിട്ടേണ്ട താമസം; വള്ളവുമായി കുമ്പളം തിരുവനന്തപുരത്തെത്തി. സ്വാമികളേയുംകൊണ്ടു വഞ്ചി ചാക്കയില്‍കടവില്‍നിന്നു നീങ്ങിയപ്പോള്‍ അവിടന്ന് ആശ്രിതന്മാരോട് ഇങ്ങനെ പറഞ്ഞു. ‘ഇടവസൂര്യന്‍ എനിക്കു കാണാനൊക്കുകയില്ല. ‘അ’ പോയി ‘ഹം’ മാത്രമേയുള്ളൂ.’ രജതാഭവും നിബിഡവുമായ താടിമീശ തടവിക്കൊണ്ട് അവിടന്നു ജന്മദേശത്തോടും അനുചരന്മാരോടും യാത്ര പറഞ്ഞപ്പോള്‍ ആ ആരാധകസംഘം നമ്രശിരസ്‌ക്കരായി ബാഷ്‌പേക്ഷണത്തോടെ അവിടത്തെ അവസാനമായി അഭിവാദ്യംചെയ്തു.

വരുംവഴി, കുമ്പളത്തിന്റെ നിര്‍ബന്ധപ്രകാരം പ്രാക്കുളത്ത് തോട്ടുവയലില്‍ ബംഗ്ലാവില്‍ സ്വാമികള്‍ കുറച്ചുദിവസം വിശ്രമിച്ചു. അവിടത്തെ ആലസ്യവാര്‍ത്തയറിഞ്ഞു ഭക്തജനങ്ങള്‍ തോട്ടുവയലിലേയ്ക്കു പ്രവഹിച്ചു. സുഖക്കേട് അവസാനത്തേതാണെന്ന് അറിഞ്ഞ ശ്രീനാരായണഗുരു സ്വാമികള്‍ വാര്‍ദ്ധക്യത്തെ അവഗണിച്ചും സ്വാമിസന്നിധിയിലെത്തി അന്വേഷണമര്‍പ്പിച്ചു. ശ്രീ. കൊറ്റിനാട്ടു നാരായണപിള്ള ആ രംഗം ഇങ്ങനെ സ്മരിക്കുന്നു:

‘ശ്രീനാരായണഗുരുസ്വാമികള്‍ തോട്ടുവയലില്‍ വന്നുചേര്‍ന്നു. അവിടെ ബംഗ്ലാവിന്റെ മേല്‍നിലയിലുള്ള ഒരു മുറിയില്‍ ഒരു സോഫായിലായിരുന്നു ശ്രീ. ചട്ടമ്പിസ്വാമികള്‍ കിടന്നിരുന്നത്. ഗുരുസ്വാമികള്‍ കയറിച്ചെന്നു സ്വാമികളെ കണ്ടു. തീര്‍ത്ഥപാദപരമഹംസസ്വാമികളും മറ്റു പലരും അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. ശ്രീനാരായണഗുരുസ്വാമികളെ ശ്രീ. ചട്ടമ്പിസ്വാമികള്‍ താന്‍ കിടന്നിരുന്ന സോഫായില്‍ത്തന്നെ നിര്‍ബന്ധിച്ചിരുത്തി. ഞങ്ങള്‍ അടുത്തുനിന്ന് ഈ മഹല്‍സമ്മേളനത്തെ സകൗതുകം വീക്ഷിച്ചു. ഈ ത്രിമൂര്‍ത്തികള്‍ (തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ ഉള്‍പ്പെടെ) ഏകദേശം രണ്ടുമണിക്കൂര്‍നേരം നടത്തിയ സരസവും സാരഗര്‍ഭവുമായ സംഭാഷണം അസ്മാദൃശന്മാരെ അത്യധികം രസിപ്പിച്ചു. അന്നവിടെ വിശ്രമിച്ച് അടുത്തദിവസം രാവിലെ മടങ്ങാമെന്നുള്ള സ്വാമികളുടെ നിശ്ചയത്തെ ശ്രീനാരായണഗുരുസ്വാമികള്‍ സന്തോഷപൂര്‍വ്വം അംഗീകരിച്ചു. സന്ധ്യയ്ക്കുശേഷം ഞങ്ങള്‍ സ്വാമികളുടെ സ്വസ്ഥതയെ പരിഗണിച്ച് അദ്ദേഹം കിടക്കുന്ന മുറിക്കടുത്തുള്ള ഒരു മുറിയില്‍ പോയിരുന്നു പരസ്പരം സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ഈ അവസരത്തില്‍ സ്വാമികള്‍ അവിടെ കിടന്നുകൊണ്ടു ശ്രീനാരായണഗുരുസ്വാമികളോടായി കുമാരനാശാന്റെ ‘കരുണ’ നാണുപിള്ള ചൊല്ലിക്കേട്ടാല്‍ ‘കരുണ’ എന്ന പേര് അതിന് അന്വര്‍ത്ഥമാണെന്നു തോന്നും; ഒന്നു ചൊല്ലിക്കേള്‍പ്പിക്കണം നാണുപിള്ളേ എന്ന് ശ്രീ. പന്നിശ്ശേരിയോടു കല്പിച്ചു. ആജ്ഞാനുസരണം ശ്രീ. നാണുപിള്ള കരുണ മുഴുവന്‍ ഒരു പുതിയ മട്ടില്‍ ചൊല്ലിയത് അവിടെ കൂടിയിരുന്ന സകലരേയും വളരെ രസിപ്പിച്ചു. വേദവേദാംഗപാരംഗതന്മാരും അവരുടെ അനുയായികളും ചേര്‍ന്നുള്ള അപൂര്‍വ്വവും അസുലഭവുമായ ആ സമ്മേളനംകൊണ്ട് അന്നത്തെ രാത്രിയുടെ അന്ത്യയാമത്തെ ഞങ്ങള്‍ സമീപിച്ചു.’

ശ്രീ. കുമ്പളം പറയുന്നു:

‘അന്നു ശിഷ്യന്മാരുടേയും മറ്റും നിര്‍ബന്ധമനുസരിച്ചു സ്വാമികള്‍ ഒരു ഫോട്ടോ എടുക്കുന്നതിനു സമ്മതിക്കുകയുണ്ടായി. ഫോട്ടോ യ്ക്ക് ഇരുന്നുകൊടുക്കുക, പൊതുയോഗങ്ങളില്‍ പ്രസംഗിക്കുക, പത്രങ്ങളില്‍ എഴുതുക, ഏതിന്റെയെങ്കിലും നേതൃത്വം വഹിക്കുക, – ഇതൊന്നും സ്വാമികള്‍ക്ക് ഇഷ്ടമുള്ളതല്ല. ജീവിതത്തിലിങ്ങനെ പരഹിതമനുസരിച്ചു ഷഷ്ടിപൂര്‍ത്തിക്ക് ഒരു ഫോട്ടോയെടുക്കുകയുണ്ടായി. പിന്നിപ്പോഴൊന്ന്. ഇങ്ങനെ ജീവിച്ചിരിക്കുമ്പോള്‍ രണ്ടുപ്രാവശ്യമേ അവിടത്തെ ഫോട്ടോ എടുക്കുവാന്‍ സാധിച്ചിട്ടുള്ളൂ. സ്വാമികളുടെ ഇടംവലം ശ്രീനാരായണഗുരു സ്വാമികളും തീര്‍ത്ഥപാദ പരമഹംസ സ്വാമികളും ഇരുന്നാണു പടമെടുത്തത്.’

ഒരൊഴിഞ്ഞ സ്ഥലത്ത് ഒതുങ്ങിക്കഴിയണമെന്നായിരുന്നു സ്വാമികളുടെ നിശ്ചയം. അതുകൊണ്ട് അവിടന്നു പന്മനയ്ക്കു പോകുവാന്‍ നിര്‍ബന്ധം പിടിച്ചു. വള്ളംവഴി പന്മനയെത്തി. തെല്ലിട സി. പി. പി. സ്മാരകവായനശാലയില്‍ ഇരുന്നപ്പോള്‍ ജ്ഞാനാന്വേഷകനായ ആ യതിവര്യന്‍ ജ്ഞാനപ്രദായിനിയായ ആ ഗ്രന്ഥശാലയെ തന്റെ അന്തിമവിശ്രമസ്ഥാനമായി വരിച്ചു രോഗം ഉല്‍ക്കണ്ഠാജനകമായ ഘട്ടത്തിലെത്തിയെങ്കിലും അവിടന്ന് ഊര്‍ജ്ജസ്വലനും ഉന്മേഷവാനും ആയിരുന്നു. സ്വാമികളുടെ അവസാനകാലങ്ങളെ ശ്രീ. തയ്യില്‍ കൃഷ്ണപിള്ള ഇങ്ങനെ സ്മരിക്കുന്നു:

‘ഒരു മദ്ധ്യാഹ്നത്തില്‍ ഞാന്‍ വായനശാലയിലേയ്ക്കു കയറിച്ചെന്നു. കതകുകളെല്ലാം അടച്ചിരുന്നു. അകത്തു സ്വാമികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം കിടന്നിരുന്ന കട്ടിലിനു കീഴ്‌വശത്തായി ഒരു വലിയ മഞ്ഞച്ചേര ചുരുട്ടയിട്ടിരുക്കുന്നതാണ് അകത്തു കടന്ന ഞാന്‍ ആദ്യമായി കണ്ടത്. അതിനടുത്തുതന്നെ ഒരു വലിയ തവളയും പരിഭ്രമമില്ലാതിരിക്കുന്നുണ്ട്. ഇതേപ്പറ്റി ഞാന്‍ സ്വാമികളെ അറിയിച്ചപ്പോള്‍ ‘കിഴക്കുവശത്തെ വാതില്‍ തുറന്നുകൊടുത്താല്‍ അവര്‍ പൊയ്‌ക്കൊ ള്ളും’എന്നാണു മറുപടി പറഞ്ഞത്. അതനുസരിച്ചു കതകു തുറന്നപ്പോള്‍ ചുരുട്ടയിട്ടിരിക്കുന്ന ചേര ചുറ്റഴിച്ചു സാവധാനത്തില്‍ വെളിക്കു പോവുകയും ചെയ്തു. തവളയും ചേരയുടെ പിന്നാലെ ചാടിപ്പോവുകയാണുണ്ടായത്. ഈ സംഭവത്തെപ്പറ്റി സ്വാമികള്‍ ഇങ്ങനെ പറഞ്ഞു: ‘ഞാന്‍ ഇരിക്കുന്നിടത്ത് ഇവരെല്ലാം വരും. നിങ്ങള്‍ മാത്രമല്ല എനിക്കു കൂട്ടുകാര്‍.’

‘ഇവിടെ വിശ്രമിക്കുന്ന അവസരത്തിലായിരുന്നു വൈക്കം സത്യാഗ്രഹം നടന്നുകൊണ്ടിരുന്നത്. ആ പ്രസ്ഥാനത്തേപ്പറ്റി ദിവസേനയുള്ള പത്രറിപ്പോര്‍ട്ടുകള്‍ അറിയുന്നതിനു സ്വാമികള്‍ക്കുള്ള ആഗ്രഹം സീമാതീതമായിരുന്നു. സത്യാഗ്രഹത്തില്‍ സ്വാമികള്‍ക്കു വളരെ വിശ്വാസമായിരുന്നുവത്രേ. ഒരു ക്ഷേത്രപ്രവേശനസത്യാഗ്രഹമാണു തല്‍ക്കാലം ഉണ്ടാകേണ്ടതെന്നു സ്വാമികള്‍ അരുളിച്ചെയ്തു. അന്നത്തെ അറസ്റ്റില്‍ പെട്ടിരുന്ന മെസ്സേഴ്‌സ് കെ. പി. കേശവമേനോന്‍, ജാര്‍ജ് ജോസഫ്, ഏ. കെ. പിള്ള, ടി. കെ. മാധവന്‍, ചിറ്റേടത്തു ശങ്കുപ്പിള്ള മുതലായവരുടെ ത്യാഗത്തെപ്പറ്റിയും മിസ്റ്റര്‍ ചാത്തുക്കുട്ടിനായരുടെ ക്ലേശസഹിഷ്ണുതയെപ്പറ്റിയും പ്രശംസിച്ചു ഞങ്ങളോടു പറയുക പതിവായിരുന്നു. ഒരു ദിവസം രാവിലെ മഹാത്മജിയുടെ ചിത്രം ചൂണ്ടിക്കാണിച്ച് അഞ്ജലികൂപ്പിക്കൊണ്ട് ഇങ്ങനെ അരുളിച്ചെയ്തു: ‘ഇന്നു ലോകത്തു ജീവിച്ചിരിപ്പുള്ള ആളുകളില്‍ ഒരു വലിയ ആളാണു മഹാത്മാഗാന്ധി. അദ്ദേഹത്തിന്റെ മാഹാത്മ്യം ഇതിലും ഉപരി പ്രശോഭിക്കും എന്നു ശാരീരികശാസ്ത്രദൃഷ്ട്യാ ഈ ചിത്രം വെളിപ്പെടുത്തുന്നുണ്ട്.’

‘ഈയിടയ്ക്കു പല സ്ഥലത്തുനിന്നും ആളുകള്‍ സ്വാമികളെ ക്ഷണിച്ചുകൊണ്ടുപോകാന്‍ എത്തിയിരുന്നു. കൊല്ലത്തുനിന്നും വന്നവര്‍ കാടിമ്പേഴത്തു മെസ്സേഴ്‌സ് സി. ഐ. പരമേശ്വരന്‍പിള്ള ബി.എ.യും പി. കെ. നാരായണനുണ്ണിത്താനുമായിരുന്നു. 1099 മേടം 23-ാം തീയതിതന്നെ സ്വാമിതിരുവടികളെ കൊല്ലത്തേയ്ക്കു കൊണ്ടുപോകാന്‍ അവര്‍ വളരെ നിര്‍ബന്ധിച്ചു. ആ അവസരത്തില്‍ ഞാനും ഉണ്ടായിരുന്നു. അതിരുകവിഞ്ഞ അവരുടെ നിര്‍ബന്ധംഹേതുവാല്‍ – ‘ഏതായാലും 23-ാം തീയതി കഴിയട്ടെ, തെക്കോട്ടു വന്നേക്കാം’ എന്നു പറഞ്ഞ് സ്വാമികള്‍ അവരെ ഒരുവിധം സമാധാനപ്പെടുത്തി. അവര്‍ ഇങ്ങനെ യാത്രയാവുകയും ചെയ്തു. അന്നു വൈകിട്ട് ശ്രീമാന്‍ ശങ്കുപ്പിള്ള അവര്‍കളെ വിളിച്ചു തിരുവടികള്‍ ഇപ്രകാരം ചോദിച്ചു: ‘കാരണവരെ, ഈ കിഴവന്‍ ഇവിടെ കിടന്നു ചത്തുപോയാല്‍ എന്തു ചെയ്യും? സ്വാമിയുടെ അനുഗ്രഹമുണ്ടെങ്കില്‍ വേണ്ടതുപോലെ എല്ലാം നടക്കും’ എന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. ‘അടുത്ത ദിവസം ഒരു പങ്ക ഉണ്ടാക്കിച്ച് വായനശാലയില്‍ കെട്ടി അതിന്റെ കാറ്റ് എനിക്കൊന്നു കൊള്ളണം, കേട്ടോ കാരണവരേ’ എന്നു സ്വാമികള്‍ അരുളിച്ചെയ്തു. ഉടനെതന്നെ ആയതു തയ്യാറാക്കികൊണ്ടുവരുവാനുള്ള ഭാരം കാരണവര്‍ എന്നെ ചുമതലപ്പെടുത്തി. അപ്പോള്‍ മുതല്‍ പങ്കയുടെ കാര്യം സ്വാമികള്‍ മുറയ്ക്കു ചോദിക്കും. ഉണ്ടാക്കിക്കിട്ടുന്നതിനു താമസവും വന്നു. 23-ാം തീയതി രാവിലെ സ്വാമികള്‍ ഇങ്ങനെ അരുളിച്ചെയ്തു: ‘ആ പങ്കയുടെ കാറ്റു കൊള്ളാന്‍ എനിക്കു യോഗമില്ല.’ അടുത്തുതന്നെ സ്വാമികളെ കൊല്ലത്തേയ്ക്കു കൊണ്ടുപോകാന്‍ നിശ്ചയിച്ചിരിക്കുന്നതുകൊണ്ടായിരിക്കാം ഇങ്ങനെ അരുളിയതെന്നായിരുന്നു ഞങ്ങള്‍ കരുതിയത്.

പതിവിലധികം ആളുകള്‍ 23-ാം* (1099 മേടം 23-ാം തീയതി) തീയതി വായനശാലയില്‍ സ്വാമിദര്‍ശനത്തിനു വന്നിരുന്നു. വിളവന്‍കോട്, തിരുവനന്തപുരം മുതലായ സ്ഥലങ്ങളില്‍നിന്നും സ്വാമികളുടെ പഴയ പരിചയക്കാരായ പലരും അക്കൂട്ടത്തിലുണ്ടായിരുന്നു. ആഗതരോടു കുശലപ്രശ്‌നംചെയ്ത് ഉച്ചയ്ക്കുമുമ്പ് എല്ലാവരേയും യാത്രയാക്കി. അന്ന് ഉച്ചയോടുകൂടി വന്ന ഒരു ഗിഞ്ചിറവായനക്കാരനെക്കൊണ്ടു ഗിഞ്ചിറ വായിപ്പിക്കുകയും, സ്വാമികള്‍ അതു വാങ്ങി വായിച്ചു കേള്‍പ്പിക്കുകയും ചെയ്ത് പതിവിലധികം ഉത്സാഹഭരിതനായി കഴിഞ്ഞുകൂടി. ഉച്ചകഴിഞ്ഞ് കുമ്പളത്തു ശ്രീമാന്‍ ശങ്കുപ്പിള്ള അവര്‍കളും ഞാനും മറ്റും വായനശാലയുടെ മുന്‍വശത്തുള്ള പന്തലില്‍ ഇരിക്കുകയായിരുന്നു. മണി മൂന്നടിക്കുന്ന ശബ്ദം കുറച്ചുമുമ്പായി കേട്ടു. സ്വാമികള്‍ കിടന്നിരുന്ന മുറിയില്‍ വേറെ ആരും ഉണ്ടായിരുന്നില്ല. സ്വാമികള്‍ എന്തോ വിളിച്ചു പറയുന്നതുകേട്ടു ഞാന്‍ അകത്തേക്കു ചെന്നു. ‘പണിക്കരെ വിളിക്കൂ. എനിക്ക് എഴുന്നേറ്റിരിക്കണം’ എന്നരുളുകയാല്‍ ഞാന്‍ പെട്ടെന്ന് പണിക്കരെ വിളിച്ചുകൊണ്ടുവന്നു. ഞങ്ങള്‍ സ്വാമികളെ എഴുന്നേല്പിച്ചിരുത്തി. സ്വാമികള്‍തന്നെ കാലുകള്‍ പിണച്ചിരുന്നു. ദൃഷ്ടികള്‍ ഊര്‍ദ്ധ്വഭാഗത്തേക്കു ഏകാഗ്രമാക്കി. കണ്ണുകള്‍ സാവധാനത്തില്‍ അടഞ്ഞുതുടങ്ങി. ഒരു മണിക്കൂറുകൊണ്ടു കണ്ണുകള്‍ തീരെ അടഞ്ഞു. തല്ക്കാലം സ്വാമികള്‍ക്ക് എന്തോ കൂടുതല്‍ അസുഖമുണ്ടെന്നു മനസ്സിലാക്കി പുറത്തുനിന്നവരില്‍ ശ്രീമാന്‍ ശങ്കുപ്പിള്ള അവര്‍കള്‍ വാതില്ക്കല്‍വന്ന് ‘എങ്ങനെയിരിക്കുന്നു’ എന്നു ഞങ്ങളോടു ചോദിച്ചുകൊണ്ടിരുന്നു. സമാധിയാണെന്നു മനസ്സിലാക്കാന്‍ കഴിയാത്ത ഞങ്ങള്‍ വിശേഷമൊന്നിമില്ലെന്നു മറുപടിയും കൊടുത്തുകൊണ്ടിരുന്നു. സ്വാമികള്‍ നിശ്ചേഷ്ടനായി കാണപ്പെട്ടപ്പോള്‍ മാത്രമേ സമാധിയാണെന്നുള്ള വിവരം ഞങ്ങള്‍ ഗ്രഹിച്ചുള്ളൂ.’

ശാശ്വതശാന്തിനിദര്‍ശകമായ ജീവബ്രഹ്മൈക്യം സ്വാമികള്‍ പ്രാപിച്ചു. അവിടത്തെ ചരമവാര്‍ത്തയറിഞ്ഞ് അന്യസ്ഥലങ്ങളില്‍നിന്നും ജനങ്ങള്‍ പന്മനയെത്തി അന്തിമോപചാരം ചെയ്തു. അടുത്ത ദിവസം മദ്ധ്യാഹ്നസമയം നിര്‍ദ്ദിഷ്ടമായ കാവില്‍ സ്വാമികളുടെ ജഡദേഹം യഥാവിധി ഇരുത്തി. കേരളത്തിലെ പത്രലോകവും കവികളും ആ അഭിനവശങ്കരാചാര്യരുടെ പെരുമയെ വാഴ്ത്തിപ്പാടി. ‘നൂറ്റാണ്ടുനൂറ്റാണ്ടുകളായി ജാത്യാചാരശൃംഖലകളുടെ കനം വര്‍ദ്ധിപ്പിച്ച്, മനുഷ്യത്വത്തില്‍നിന്ന് ആട്ടിപ്പായിക്കുന്നതായ ഉച്ചനീചത്വബോധത്തിനു സദാ എണ്ണയിട്ടുകൊണ്ട് ഉല്‍കൃഷ്ടനെന്നും അപകൃഷ്ടനെന്നും, ഉത്തമനെന്നും ചണ്ഡാലനെന്നും സ്വതന്ത്രനെന്നും-ദാസനെന്നും, ശുദ്ധനെന്നും അശുദ്ധനെന്നും, തൊട്ടുകൂടാത്തവനെന്നും തീണ്ടിക്കൂടാത്തവനെന്നുമുള്ള ചിന്താഗതികളെ അനുനിമിഷം പരിപോഷിപ്പിച്ച് അവയെ സന്തതിപരമ്പരകളിലേക്ക് അടിച്ചുകയറ്റി രാജദണ്ഡിന്റേയും സാമുദായികശിക്ഷകളുടേയും അധികാരചലനത്തില്‍ സ്ഥായിത്വം നല്‍കി പുലര്‍ത്തിപ്പോന്ന ശ്രുതിസ്മൃതികളേയും സവര്‍ണ്ണാചാരദുര്‍ഗ്ഗകളേയും തട്ടിത്തകര്‍ക്കുവാനായി* (കണ്‍മുമ്പില്‍ കാണുന്ന ചട്ടമ്പിസ്വാമി തിരുവടികള്‍-ചിത്രമെഴുത്ത് കെ.എം. വര്‍ഗ്ഗീസ്)’ അവതരിച്ച ഒരു മഹാനായി സ്വാമികളുടെമേല്‍ ഇതരമതസ്ഥര്‍പോലും പ്രശംസകള്‍ ചൊരിഞ്ഞു.

ദേശാഭിമാനിയും യതീന്ദ്രനുമായ സ്വാമികളുടെ മഹാസമാധി സംബന്ധിച്ചു ചരമശ്ലോകങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായി.

‘ചിത്തമേ! പോരും യത്‌നം – നീയൊരു കുട്ടിയെറു-
മ്പാദ്ദിവ്യപുരുഷന്റെ മഹാത്മ്യമൊരര്‍ണ്ണവം
അപ്പുണ്യോത്തരതീര്‍ത്ഥചരണസ്മരണത്തേ-
നല്പാല്പം നുകര്‍ന്നു നീ തൃപ്തിപൂണ്ടാലും നിത്യം’

എന്ന് മഹാകവി വള്ളത്തോള്‍ പാടിയപ്പോള്‍,

‘പ്രത്യങ്മുഖര്‍ക്കു പരിചില്‍ പരചില്‍സ്വരൂപം
പ്രത്യക്ഷമാക്കിന വിഭോ പരിപക്വഹൃത്തേ!
പ്രത്യഗ്രശങ്കര! ഭവാന്റെ ചരിത്രമെന്നും
പ്രത്യക്ഷരം പരമപാവനമായ് വിളങ്ങും’

എന്ന് മഹാകവി ഉള്ളൂര്‍ പ്രകീര്‍ത്തിക്കുകയാണുണ്ടായത്.

സ്വാമികളുടെ പേരിനെ അനശ്വരമായി പ്രതിഷ്ഠിക്കുവാന്‍ ആരാധകസംഘം ആലോചന തുടങ്ങി. തന്റെ സമാധിപീഠത്തില്‍ ഒരു ശിവലിംഗം സ്ഥാപിപ്പണമെന്ന അവിടത്തെ അഭിമതം ആദരിച്ച് 1106 മീനം 3-ാം തീയതി സമാധിസ്ഥലത്ത് ശ്രീ. കുമ്പളത്തു ശങ്കുപ്പിള്ളയുടെ ഉത്സാഹത്തില്‍ ഒരു ക്ഷേത്രമുണ്ടാക്കി ശിവലിംഗം പ്രതിഷ്ഠിച്ചു. ‘ശ്രീബാലഭട്ടാരകക്ഷേത്രം’ എന്നു വിദിതമായ ആ ദേവാലയത്തില്‍, കേരളം സന്ദര്‍ശിച്ചിട്ടുള്ള മഹാത്മജി തുടങ്ങിയ മഹാന്മാരെല്ലാം ആരാധന നടത്തിയിട്ടുണ്ട്. പ്രകൃതിമനോഹരമായ ആ സ്ഥലം ഇന്നൊരു പുണ്യക്ഷേത്രമായിത്തീര്‍ന്നിരിക്കുന്നു. അനേകം സ്ഥാപനങ്ങള്‍ ചട്ടമ്പിസ്വാമികളുടെ സ്മരണയെ നിലനിര്‍ത്തുവാനുണ്ടെങ്കിലും പ്രബുദ്ധകേരളത്തിന്റെ പ്രതീകമായ ആ തേജഃപുഞ്ജത്തില്‍നിന്നും പ്രസരിച്ച വിമലോജ്ജ്വലമായ പ്രഭാപൂരം മതി മലയാളികളുടെ മനോമണ്ഡലത്തെ എന്നും പ്രകാശമാനമാക്കുവാന്‍.

‘സര്‍വ്വജ്ഞ ഋഷിരുത്ക്രാന്തഃ-സദ്ഗുരുശ്ശുകവര്‍ത്മനാ
ആഭാതി പരമവ്യോമ്‌നി-പരിപൂര്‍ണ്ണകലാനിധിഃ
ലീലയാ കാലമധികം-നീത്വാന്തേ സ മഹാപ്രഭുഃ
നിസ്വം വപുസ്സമുത്സൃജ്യ-സ്വബ്രഹ്മവപുരാസ്ഥിതഃ’

-ശ്രീനാരായണഗുരുസ്വാമികള്‍.