സുന്ദരമായ പ്രഭാതം. ഒരു കേവഞ്ചി യാത്രക്കാരെയും വഹിച്ചുകൊണ്ട് എറണാകുളം വള്ളക്കടവില്‍ വന്നടുത്തു. അതിനകത്തുനിന്ന് നവതാരുണ്യകോമളനായ ഒരു സംന്യാസി പുറത്തേയ്ക്കുവന്നു.
ആ സമയത്ത് പ്രഭാതനടത്തയ്ക്കിറങ്ങിയ രാമയ്യരും ചന്തുലാലും അവിടെ എത്തിച്ചേര്‍ന്നു. അന്നത്തെ കൊച്ചി ദിവാന്റെ സെക്രട്ടറിയായിരുന്നു രാമയ്യര്. ഒരു പോലീസ് ഓഫീസറായിരുന്നു ചന്തുലാല്‍. ഇരുവരും ഉന്നതരായ സര്ക്കാരുദ്ദ്യോഗസ്ഥന്മാര്. ഇവര്‍ക്ക് സംന്യാസിമാരോട് സ്വതവേ ആകര്‍ഷണമുണ്ടായിരുന്നു. ആ സ്വഭാവത്താല്‍ പ്രേരിതരായ ഇവര്‍ സംന്യാസിയുമായി പരിചയപ്പെടാന്‍ ആഗ്രഹിച്ചു. രാമയ്യര് ആദ്യം മലയാളത്തിലും തമിഴിലുമായി പലതും അദ്ദേഹത്തോട് ചോദിച്ചു. ആ യുവാവ് ഒരുത്തരവും നല്‍കിയില്ല. അപ്പോള്‍ വള്ളക്കാരന്, അയ്യരുടേയും ചന്തുലാലിന്റേയും അടുത്തുവന്നു ബോധിപ്പിച്ചു.
“ഏമാന്മാരെ, ഇദ്ദേഹത്തിനു ചെവി കേള്‍ക്കില്ല. ഇന്നലെ രാത്രിയില്‍ വള്ളത്തിലുള്ളവര്‍ പലതും ചോദിക്കുന്നതുകേട്ടു. പക്ഷേ ആരോടും ഒരുത്തരവും പറഞ്ഞില്ല.”
അതുകേട്ട ചന്തുലാല്‍ ഹിന്ദുസ്ഥാനിയില്‍ ചിലതു ചോദിച്ചുതുടങ്ങി. ഉടനെ ഉത്തരവും കിട്ടിത്തുടങ്ങി. ചന്തുലാലിന്റെ മാതൃഭാഷ ഹിന്ദുസ്ഥാനിയായിരുന്നു. പ്രഥമദര്‍ശനത്തില്‍ തന്നെ ആ യുവസന്യാസിയോട് അകാരണമായി ഒരു മമത അയ്യര്‍ക്കും ചന്തുലാലിനും തോന്നിയിട്ടുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തെ സ്വന്തം ഗൃഹങ്ങളിലേക്ക് ക്ഷണിച്ചു.
പ്രസ്തുത സംന്യാസി ശ്രീരാമകൃഷ്ണപരമഹംസരുടെ വത്സലശിഷ്യനായ വിവേകാനന്ദന് ആയിരുന്നു. അഖിലഭാരത സഞ്ചാരത്തിനിടയില്‍ കന്യാകുമാരിക്കുള്ള യാത്രാമദ്ധ്യേ അന്ന് ഏറണാകുളത്തെത്തിയതാണ്.
അവര്‍ നടന്ന് രാമയ്യരുടെ മന്ദിരത്തിലെത്തി. ആതിഥേയനായ അയ്യര്‍ അതിഥിയായ സംന്യാസിയെ ഉചിതമായ രീതിയില്‍ സത്കരിച്ചു. ഓരോന്നു സംസാരിക്കുന്നതിനിടയില്‍ അയ്യരും ചന്തുലാലും തമ്മില്‍ അതിഥി മനസ്സിലാക്കരുതെന്ന വിചാരത്തില്‍ ഇംഗ്ലീഷില്‍ ഇപ്രകാരം പറയുകയുണ്ടായി-
“ഉദരപൂരണം മാത്രം ലാക്കാക്കി സംന്യാസിവേഷം കെട്ടുന്നവരും നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. ഇവരില്‍ യഥാര്‍ത്ഥ സന്യാസിമാരും ഉണ്ടായിരിക്കും. കണ്ടുപിടിക്കുവാന്‍ ഞെരുക്കമാണ്.”
അയ്യരുടേയും ചന്തുലാലിന്റേയും ഇംഗ്ലീഷ് ഭാഷയിലുണ്ടായ ഈ പരാമര്‍ശം വിവേകാനന്ദന്റെ മുഖത്ത് ചില ഭാവഭേദങ്ങള്‍ പ്രകടമാക്കി. അതു കണ്ടപ്പോള്‍ ആ വലിയ സര്ക്കാരുദ്ദ്യോഗസ്ഥന്മാര്ക്ക് മനസ്സിലായി അതിഥിക്ക് ഇംഗ്ലീഷും അറിയാം എന്ന്.
“സ്വാമിജിക്ക് ഇംഗ്ലീഷ് അറിയാമോ?
“അല്പാല്പം അറിയാം”
ഇത്രയുമായപ്പോള്‍ മൂവരും തമ്മിലുള്ള സംഭാഷണം ഇംഗ്ലീഷ് ഭാഷയിലായി വിവേകാനന്ദന്റെ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനപ്രകാശനം ഇവരെ ആശ്ചര്യസ്തബ്ധരാക്കി.
ആ സന്ദര്‍ഭത്തില്‍ സമീപത്തൊരു ഗൃഹത്തില്‍ പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. ഒരു പുതിയ സംന്യാസി രാമയ്യരുടെ ഗൃഹത്തില്‍ വന്നിരിക്കുന്ന വാര്‍ത്ത സ്വാമിതിരുവടികള്‍ക്ക് കിട്ടി. രാമയ്യരാണ് സ്വന്തം ആള് മുഖാന്തരം ആ വാര്‍ത്ത അറിയിച്ചത്. രാമയ്യരും ചന്തുലാലും സ്വാമി തിരുവടികളുടെ മഹത്വത്തെ പ്രതിപാദിച്ചു മനസ്സിലാക്കിച്ചു. ഉടനെ വിവേകാനന്ദന് ആര്‍ഷമായ ആചാരക്രമമനുസരിച്ച് സ്വാമി തിരുവടികളെ ഉപചാരപൂര്‍വ്വം ആദരിച്ചു.
പ്രഥമ പരിചയത്തിനുശേഷം വിവേകാനന്ദനും ചട്ടമ്പിസ്വാമി തിരുവടികളും കൂടി ഭവനത്തിനുവെളിയില് ഒരു എകാന്തസ്ഥാനത്തെ ലക്ഷ്യമാക്കി നടന്നു. വഴിക്ക് ഒരു മരത്തിന്റെ കൊമ്പില്‍ ഒരു കുരങ്ങന് ഇരിപ്പുണ്ടായിരുന്നു. അതു കണ്ടുകൊണ്ട് യുവ സംന്യാസി സാരഗര്‍ഭമായ ഒരു ഫലിതം പൊട്ടിച്ചു – സംസ്കൃത ഭാഷയില്‍.
“നോക്കൂ, മരക്കൊമ്പില്‍ മനുഷ്യമനസ്സ് വിളയാടുന്നു!”
ഇരുവരും ഒരേകാന്തസ്ഥലത്ത് ചെന്നിരുന്നു. സംഭാഷണം സംസ്കൃതഭാഷയിലായിരുന്നു. ഇടയ്ക്കുവച്ച് യുവസംന്യാസി സ്വാമി തിരുവടികളോട് ഒരു ചോദ്യം.
“കീദൃശീ ചിന്മുദ്രാ?”
ചിന്മുദ്ര എപ്രകാരമാണ് എന്നായിരുന്നു ചോദ്യം. തള്ളവിരലും ചൂണ്ടാണിവിരലും അഗ്രങ്ങള്‍ കൂട്ടിയോജിപ്പിച്ചുണ്ടാകുന്ന മുദ്രയാണ് ഇതെന്ന് അറിയാത്ത സംന്യാസിമാരുണ്ടോ? പിന്നെ ഈ ചോദ്യത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നു?
ചൂണ്ടാണി വിരലിനു പകരം മറ്റേതെങ്കിലും വിരലായാലും പോരേ? എന്തിനു ചൂണ്ടാണിവിരല്‍ തന്നെ വേണം? ഇതറിയണം വിവേകാനന്ദന്. ഭാരതത്തില്‍ ഹിമാലയം തൊട്ട് തെക്കോട്ട് സഞ്ചരിക്കുന്നതിനിടയില്‍ അദ്ദേഹം എത്ര ആശ്രമങ്ങളും മഠങ്ങളും കണ്ടിരിക്കണം! എത്ര ആചാര്യന്മാരെ കണ്ടിരിക്കണം! എത്ര പണ്ഡിതന്മാരെ കണ്ടിരിക്കണം! ആരോടെല്ലാം ഈ ചോദ്യം ചോദിച്ചിരിക്കണം! എല്ലാം ശരിയാണ്. പക്ഷേ ജിജ്ഞാസാശമനക്ഷമമായ ഒരു മറുപടി അതുവരെ കിട്ടിയിട്ടില്ലായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ചട്ടമ്പിസ്വാമി തിരുവടികളോടും ആ ചോദ്യം ചോദിച്ചത്.
ആത്മജ്ഞാന പ്രാപ്തിക്ക് ജ്ഞാനമുദ്ര അഥവാ ചിന്മുദ്ര എങ്ങനെ സഹായകമാകുന്നു എന്ന രഹസ്യം വിവേകാനന്ദന് അറിയണം.
കൗതുകകരമായ ആ ചോദ്യം കേട്ടപ്പോള്‍ സ്വാമി തിരുവടികളുടെ സഹജമായ പാണ്ഡ്യത്യപ്രവാഹം അനര്‍ഗളമായ വാഗ്ഗംഗയായി പ്രവഹിക്കാന്‍ തുടങ്ങി. ബൃഹദാരണ്യക ഉപനിഷത്തില്‍ നിന്ന് പ്രസക്തമായ ഭാഗം ഉദ്ധരിച്ചുകൊണ്ട് സ്വാമിതിരുവടികള്‍ വിവേകാനന്ദന്റെ സംശയത്തിനും ജിജ്ഞാസയ്ക്കും അന്തിമമായി ഒരു ശമനമുണ്ടാക്കി.
അംഗുഷ്ഠതര്ജനീസംബന്ധമാത്രത്താലുണ്ടാകുന്ന സവിശേഷനാഡീസ്പന്ദത്തില് നിന്നുള്ള ശക്തി മസ്തിഷ്കത്തിനെ സ്പര്‍ശിക്കുന്നതായും അത് അധ്യാത്മവിദ്യാഭ്യാസനത്തില് സഹായിക്കുന്നതായും സ്വാമിതിരുവടികള്‍ ആധികാരികമായി പ്രസ്താവിച്ചപ്പോള്‍ യുവസന്യാസിയുടെ ശങ്ക നിവൃത്തമായിതീര്ന്നു.
സംന്യാസി സ്വാമിതിരുവടികളെ ഗാഢമായി ആശ്ലേഷിച്ചുകൊണ്ടു പറഞ്ഞു.
“ഞാന്‍ ബംഗാളില്‍നിന്നു ബഹുദൂരം സഞ്ചരിച്ചാണ് ഇവിടെ എത്തിയിരിക്കുന്നത്. അനേകം സംന്യാസിമാരെ നേരിട്ടുകണ്ടു. അനേകം പേരോട് ഈ ചോദ്യം ചോദിച്ചു. എന്നാല്‍ ഇപ്രകാരം സമര്‍ത്ഥമായ രീതിയില്‍ ശങ്കാനിവാരണം സാധിപ്പിച്ച മറ്റൊരാളെ കണ്ടുമുട്ടുവാന്‍ സാധിച്ചിട്ടില്ല.”
അങ്ങനെ സ്വാമിതിരുവടികളും ശ്രീ വിവേകാനന്ദനും തമ്മിലുള്ള വിഖ്യാതമായ കൂടിക്കാഴ്ച അന്നു നടന്നു. ശ്രീ വിവേകാന്ദന് ബൃഹദാരണ്യകോപനിഷത്ത് പഠിച്ചിട്ടില്ലെന്നോ കണ്ടിട്ടില്ലെന്നോ അര്‍ത്ഥമാക്കരുത്. ആ ഉപനിഷത്തിന്റെ അപ്രസാധിതവും പ്രാചീനവുമായ ഒരു ഭാഷ്യത്തെയാണ് സ്വാമിതിരുവടികള്‍ പ്രമാണമായി ഉദ്ധരിച്ചത്.
സ്വാമി തിരുവടികള്‍ക്ക് ആ യുവസന്യാസിയെപ്പറ്റിയും വളരെ സ്നേഹ ബഹുമാനങ്ങളുണ്ടായിരുന്നു. “വായ തുറന്നാല്‍ പഞ്ചസാര ഉതിര്‍ന്നുവീഴും” എന്നാണ് സ്വാമിതിരുവടികള്‍ ശ്രീ വിവേകാനാന്ദനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.