സിദ്ധപദവിയിലേക്ക്

ശ്രീ പി.കെ.പരമേശ്വരന്‍നായരുടെ ‘പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികള്‍ ‘ എന്ന ജീവചരിത്ര സംഗ്രഹത്തില്‍ നിന്ന്

പിന്നീടുള്ള ജീവിതം പൂര്‍വ്വാധികം ആനന്ദമയമായിരുന്നു. ജീവിത പ്രശ്നങ്ങളെപ്പറ്റി നിശ്ചിന്തനായി മറ്റുള്ളവര്‍ ഗൗരവപൂര്‍വ്വം വീക്ഷിച്ചുക്ലേശിക്കുന്ന കാര്യങ്ങളെ ഒരു ലീലാ വിലാസത്തില്‍ ദര്‍ശിച്ച് അദ്ദേഹം അങ്ങനെകഴിഞ്ഞുകൂടുകയായി. ബന്ധുഗൃഹമായ കല്ലുവീടിനെ ഒരു വിശ്രമത്താവളമാക്കികൊണ്ട് തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും അദ്ദേഹം നിരന്തരം സഞ്ചരിച്ചുവന്നു. ചില ദിവസം തിരികെ വന്നെങ്കിലുമായി ഇല്ലെങ്കിലുമായി. ചിലപ്പോള്‍ അനേക ദിവസത്തേക്ക് ആളിനെ കണ്ടില്ലെന്നും വരും. ചില സന്ദര്‍ഭങ്ങളില്‍ രാത്രിയുടെ മദ്ധ്യത്തിലോ വെളുപ്പിനോ ആയിരിക്കും തിരികെ വരിക. അല്ലാത്ത ദിവസം അര്‍ദ്ധരാത്രിക്കായിരിക്കും വെളിയിലേക്കിറങ്ങിപ്പുറപ്പെടുക. ഏതായാലും സ്വാമികളെ സംബന്ധിച്ചിടത്തോളം എന്തൊക്കെയോ അസാധാരണത്വം എല്ലാവരും കല്പിച്ചുവന്നു. എന്നാല്‍ അദ്ദേഹമാകട്ടെ എപ്പോഴുമൊരു സാധാരണക്കാരനായേ ഭാവിച്ചുള്ളൂ.

ആരെയും ക്ഷണനേരത്തേക്കു നിറുത്തത്തക്ക ആകര്‍ഷകശക്തിയുള്ള വിഗ്രഹമായിരുന്നു അദ്ദേഹത്തിന്‍റേത്. നെഞ്ചോളം നീണ്ടുവളര്‍ന്ന നിബിഢമായ താടിമീശ, വിശാലഫാലം, കാരുണ്യകുലമായ നയനങ്ങള്‍, പ്രസന്നമുഖം, വെറും നാടന്‍ശൈലിയിലുള്ള സംഭാഷണം, ഗ്രാമീണമെങ്കിലും നിശ്ചിതവും കുറിക്കുകൊള്ളുന്നതുമായ ഫലിതങ്ങള്‍.

ഒരു സന്യാസിയെങ്കിലും കാവിവസ്ത്രം അദ്ദേഹം ധരിച്ചില്ല. ഒരു മുണ്ടും രണ്ടാമുണ്ടും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെറും സാമാന്യവേഷമെങ്കിലും ആള്‍ പുറമേ കാണുന്നതൊന്നുമല്ലെന്നു അദ്ദേഹത്തെ പരിചയപ്പെട്ടവരൊക്കെ വിചാരിച്ചു. മനുഷ്യശക്തിക്കതീതമായ പലസിദ്ധികളും അവര്‍അദ്ദേഹത്തില്‍ ആരോപിച്ചു. അത് തീരെ അകാരണമായിട്ടായിരുന്നില്ല, ചിലയിടങ്ങളില്‍ കൊടിയ അപസ്മാരബാധകള്‍ നൊടിക്കുള്ളില്‍ മാറ്റിയിട്ടുണ്ട്. രോഗം ബാധിച്ച് ആസന്നമരണമായി കിടന്നിരുന്നവരെ ഒരു പച്ചിലയുടെ നീരോ, പുരട്ടുമരുന്നോകൊണ്ട് സുഖശരീരികളാക്കിയിട്ടുണ്ട്. സര്‍പ്പദംശമേറ്റവരെ സ്വല്പനേരത്തെ മന്ത്രജപംകൊണ്ട് വിഷമിറക്കി രക്ഷപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരത്തില്‍ അശ്രദ്ധനായിരുന്ന അദ്ദേഹത്തെ പലപ്പോഴും പാമ്പുകടിച്ചെങ്കിലും വിഷമേറ്റില്ല. ക്രൂരജന്തുക്കള്‍-കടുവാ മുതലായവകള്‍പോലും- അദ്ദേഹത്തിന്‍റെ ദര്‍ശനത്തില്‍ ശാന്തഭാവം കൈകൊണ്ട് വിനീത ദാസരെപ്പോലെ വര്‍ത്തിച്ചതായും ജനങ്ങള്‍കേട്ടു.

“ശാന്തിയെപ്പരത്തുമാസ്വാമിതന്‍ മുന്നില്‍ ചെന്നാല്‍
ശാര്‍ദ്ദൂലഭുജംഗാദിഹിംസ്രജാതികള്‍പോലും
ചിക്കെന്നു ഭാവംമാറി ശ്ശിഷ്യര്‍പോലൊതുക്കത്തില്‍
നില്‍ക്കയേ പതിവുള്ളു ഹാ! തൊഴാം തപോരാശേ!”

എന്നാണ് അതിനെ അനുസ്മരിച്ചുകൊണ്ട് മഹാകവി വള്ളത്തോള്‍ പാടിയത്  കടിക്കാന്‍ചെന്ന നായ്ക്കളെ ഒരു കൈനൊടിയാല്‍ ശാന്തരാക്കി അനുസരണയുള്ളവരാക്കിതീര്‍ത്ത്, വാസസ്ഥലമായ കല്ലുവീട്ടില്‍ കൊണ്ടുചെന്ന് ചോറുകൊടുത്തയച്ചത് തിരുവനന്തപുരത്ത് പലരും കാണുകയുണ്ടായി. ഇങ്ങിനെ പല സംഭവങ്ങളായപ്പോള്‍ അദ്ദേഹത്തിന്‍റെ അത്ഭുതസിദ്ധികളെപ്പറ്റി ജനങ്ങളുടെയിടയില്‍ പരക്കെ വിശ്വാസമായി. ചട്ടമ്പിസ്വാമികള്‍ എന്ന നാമം ഒരുമനുഷ്യാതീതന്‍റേതായി നാടുമുഴുവന്‍പരന്നു. ജനപ്രമാണികളുടേയും ഉദ്ദ്യോഗസ്ഥമേധാവികളുടേയും ഗൃഹങ്ങളില്‍ അദ്ദേഹം സ്വാഗതം ചെയ്യപ്പെട്ടു.  അതേ സമയംതന്നെ അഗതികളുടേയും അശരണരുടേയും  ഉറ്റ ബന്ധുവുമായിരുന്നു അദ്ദേഹം. സ്വന്തം സിദ്ധികളൊന്നും അദ്ദേഹം സാധാരണ പ്രദര്‍ശിപ്പിച്ചതേയില്ല. ആര്‍ക്കെങ്കിലും ഉപകരിക്കത്തക്കവിധമോ എന്തെങ്കിലും മഹത്തായ ഒരു ഉദ്ദേശത്തോടുകൂടിയോ അല്ലാതെ അതൊന്നും പ്രകടിപ്പിക്കുന്ന സംപ്രദായം അദ്ദേഹത്തിനില്ലായിരുന്നു.