പദവ്യവസ്ഥാനിരൂപണം – ആദിഭാഷ (4)

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ആദിഭാഷ – ഭാഷാപഠനം’എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം നാല്

ഇനി, ഈ രണ്ടുഭാഷകളിലുമുള്ള പദവ്യവസ്ഥയെക്കുറിച്ചു പര്യാലോചിക്കാം.

സംസ്‌കൃതത്തില്‍ നാമം, ആഖ്യാതം, ഉപസര്‍ഗം, നിപാതം എന്നു നാലു വകയായി ശബ്ദങ്ങളെ വിഭാഗിച്ചിരിക്കുന്നു. നാമമെന്നു വെച്ചാല്‍ ഒരു വസ്തുവിന്റെ പേരിനെകുറിക്കുന്ന ശബ്ദമാകുന്നു. ആഖ്യാതം പൂര്‍ണക്രിയയാകുന്നു. ഉപസര്‍ഗത്തിന് ക്രിയാധാതുക്കളോടു ചേര്‍ന്നുനിന്ന് അവയ്ക്ക് അര്‍ത്ഥവ്യാത്യാസമുണ്ടാക്കുന്ന ഒരുതരം ശബ്ദമെന്നു രൂപനിര്‍ണ്ണയം ചെയ്തുകാണുന്നു. ഉദാഹരണം – ഹൃഞ്ഹരണേ, ഹൃ എന്ന ധാതു ഹരിക്കുക എന്നുള്ള അര്‍ത്ഥത്തോടുകൂടിയിരിക്കും. ഈ ധാതുവിന് വി എന്ന ഉപസര്‍ഗം മുമ്പ് ചേരുമ്പോള്‍ വിഹരിക്കുക-കളിക്കുക – എന്ന അര്‍ത്ഥത്തില്‍ മാറുന്നു.

നിപാതം എന്നത് ഒരുവിധം ഇടച്ചൊല്‍. സ്വരങ്ങളുടെ വ്യത്യാസത്തെക്കാട്ടാനായി ഒരു പിരിവായി മാത്രം ഇവയെ ഏര്‍പ്പെടുത്തിയിരിക്കുന്നു. ‘നിപാതാഃആദ്യുദാത്താഃ’ (ശാന്തനവാചാര്യരുടെ ഫിട്‌സൂത്രം). ഈ പ്രമാണപ്രകാരം നിപാതങ്ങള്‍ ആദ്യുദാത്തങ്ങളോടുകൂടിയത്-ആദിസ്വരങ്ങള്‍ ഉദാത്തരൂപത്തില്‍ ഇരിക്കുന്നത്-ആകുന്നു എന്നു സൂത്രത്തിനര്‍ത്ഥമാകുന്നു.

മേല്‍കാണിച്ച നാമങ്ങള്‍, ജാതിഗുണക്രിയാസംജ്ഞാഭേദത്താല്‍ നാലുവിധത്തിലിരിക്കുന്നു. ഘടം, പടം, വൃക്ഷം, ഇവ ജാതിനാമത്തിനും1, ശ്വേത, മധുര, ശീത ശബ്ദങ്ങള്‍ ഗുണനാമത്തിനും ഉദാഹരണം. പചതി2, പാചക പചനം, ഇവ ക്രിയാനാമങ്ങള്‍. ദേവദത്തഃ കൃഷ്ണഃ തുടങ്ങിയവ സംജ്ഞാനാമങ്ങള്‍.

ഇതുകൂടാതെ, ശക്തം, ലക്ഷകം, വ്യഞ്ജകം, ഇങ്ങനെ നാമങ്ങള്‍ക്കു മൂന്നുവിഭാഗങ്ങള്‍കൂടി കാണുന്നു. ഇവയില്‍ ശക്തത്തിന് ശക്തിയോടുകൂടിയതെന്ന് അര്‍ത്ഥം. ശക്തിക്ക് ഉചിതാര്‍ത്ഥത്തെ ഉദ്‌ബോധിപ്പിക്കുന്ന സാമര്‍ത്ഥ്യം. ‘അസ്മാച്ഛബ്ദാദയമര്‍ത്ഥോ ബോദ്ധവ്യ ഇതി ഈശ്വരസങ്കേതഃ ശക്തിഃ’3 ഈ വാക്കുകളില്‍ നിന്ന് ഈ അര്‍ത്ഥം അറിയത്തക്കത് എന്ന ഈശ്വര സങ്കേതം (നിയമം, മതം) എന്നര്‍ത്ഥമെന്നു സംസ്‌കൃതക്കാരില്‍ ചിലരും, ‘അര്‍ത്ഥ സ്മൃത്യനുകൂലപദപദാര്‍ത്ഥസംബന്ധഃശക്തിഃ’4 – ഒരു വാക്കു കേള്‍ക്കുമ്പോള്‍ അതിന്റെ ശരിയായ അര്‍ത്ഥം ഓര്‍മ്മയില്‍ വരുന്നതിനു ശരിയായ പദ പദാര്‍ത്ഥ സംബന്ധം ശക്തിയെന്ന് മറ്റു ചിലരും പറയുന്നു. ശക്തികൊണ്ട് പദാര്‍ത്ഥത്തെ പ്രതിബോധിപ്പിക്കുന്ന പദം ശക്തം. ‘ലക്ഷണയാ ബോധകഃ ശബ്‌ദോ ലക്ഷകഃ’ ‘ശക്യസംബന്ധോലക്ഷണാ’ ലക്ഷണകൊണ്ടു പദാര്‍ത്ഥത്തെ അറിയിക്കുന്ന ശബ്ദം ലക്ഷകം. ശക്യത്തിന്റെ സംബന്ധം ലക്ഷണാ. ശക്തിയാല്‍ പറയപ്പെട്ട അര്‍ത്ഥം ശക്യം; അതായതു ശരിയായ അര്‍ത്ഥത്തിനുയോജനയില്ലായ്കയാല്‍ ആ അര്‍ത്ഥത്തിന്റെ സംബന്ധിയെ ഓര്‍മ്മിപ്പിക്കുന്ന വാക്ക് വ്യഞ്ജകം. ‘വ്യക്ത്യാ അര്‍ത്ഥബോധകഃ ശബ്‌ദോ വ്യഞ്ജകഃ’ – അടയാളം കൊണ്ട് അര്‍ത്ഥത്തെ അറിയിക്കുന്ന വാക്ക്. ഉദാഹരണം-ഘടമെന്ന വാക്ക് കുടത്തെ അറിയിക്കുമ്പോള്‍ ആ പദം ശക്തം; ‘ഒരു കുടം കുടിച്ചു കളയുക’ എന്നു പറയുന്നിടത്ത് ആ ഘടസ്ഥമായ ജലാദിയെ ലക്ഷ്യമാക്കി തരുന്നതിനാല്‍ ഘടപദം ലക്ഷകം. ദാനസമയത്ത് ‘ഇവന്‍ കാശിവാസി’ എന്ന് ഒരുത്തനെ സ്തുതിച്ചു പറയുന്നിടത്ത് വാച്യാര്‍ത്ഥത്തിനു യോജന ഇരുന്നിട്ടും പ്രയോജനമില്ലായ്കയാല്‍ അവനിലുള്ള പരിശുദ്ധതയെ അറിയിക്കുന്ന ഉപയോഗംകൊണ്ട് അര്‍ത്ഥമുള്ളതാകും. ‘അസ്തം ഗതഃ സവിതാ’- സൂര്യന്‍ അസ്തമിച്ചു-എന്ന വാക്കു ബ്രാഹ്മണന് സന്ധ്യാവന്ദനാവസരത്തെയും പരിചാരകന് വിളക്കുവയ്ക്കാറായ സമയത്തെയും ഇങ്ങനെ ലക്ഷ്യമാക്കി അറിയിക്കുന്നത്.

ഇവയില്‍ മുമ്പ് പറഞ്ഞ ശക്തമെന്നത് രൂഢം, യോഗരൂഢം, യൗഗികം, യൗഗികരൂഢം എന്നു നാലുവിധം. ‘സമുദായശക്തിഃ രൂഢിഃ രൂഢൈ്യവ അര്‍ത്ഥ ബോധകഃ രൂഢ’ – രൂഢി രോഹിക്ക (മുളയ്ക്ക) സ്വാഭാവികശക്തിയാല്‍ പ്രകാശിക്കുക, ശബ്ദംകൊണ്ട് മാത്രം അര്‍ഥത്തെ അറിയിക്കുന്നത്. അവയവാര്‍ത്ഥസംബന്ധത്തെ അപേക്ഷിക്കാതെ അര്‍ത്ഥത്തെ അറിയിക്കുന്നത്. ഉദാഹരണം-ദേവാനാംപ്രിയഃ എന്ന ശബ്ദത്തിന് മൂര്‍ഖനെന്ന് അര്‍ത്ഥം – ഈ അര്‍ത്ഥം ദേവന്മാരുടെ പ്രിയന്‍ എന്ന അവയവാര്‍ത്ഥം കൊണ്ടു കിട്ടുന്നതല്ല. സമുദായത്തിന്റെ സ്വാഭാവിക ശക്തിയാല്‍ മാത്രമേ സിദ്ധിക്കുന്നുള്ളു. ഇനി മുക്താവലിയില്‍ ‘അവയവ ശക്തി നൈരപേക്ഷ്യേണ സമുദായ ശക്തിമാത്രേണ ബുദ്ധ്യതേ തദ്രൂഢം’5 – യാതൊരിടത്ത് അവയവ ശക്തിയെ അപേക്ഷിക്കാതെ സമുദായശക്തികൊണ്ട് അര്‍ത്ഥം വിളങ്ങുന്നുവോ ആ പദം രൂഢം. ‘യത്ര തു അവയവശക്തിവിഷയേ സമുദായ ശക്തിരസ്തിതദ്യോഗരൂഢം’6. ഉദാഹരണം-പങ്കജം-പങ്കത്തില്‍ നിന്ന് ജനിച്ചത് എന്ന അവയവശക്തിക്കു വിഷയമായ അര്‍ത്ഥത്തെ സമുദായശക്തിയാല്‍ താമരപ്പൂവെന്ന് അറിയിക്കുന്നു. ‘യത്ര അവയവാര്‍ത്ഥ ഏവ ബുധ്യതേ തദ്യൗഗികം’7 – യാതൊരു വാക്കില്‍ അവയവാര്‍ത്ഥം മാത്രം അര്‍ത്ഥബോധകമായിരിക്കുന്നോ അതു യൗഗികം. ഉദാഹരണം-പാചകഃ എന്ന പദം അതിന്റെ ഒരവയവമായ ‘പച്’ ധാതുവില്‍ നിന്നും പാകം ചെയ്ക എന്ന അര്‍ത്ഥത്തേയും ഇതരാവയവമായ അക എന്ന പ്രത്യയത്തിന്റെ അര്‍ത്ഥമായിരിക്കുന്ന കര്‍ത്താവിനെയും അറിയിക്കുന്നതല്ലാതെ അന്യത്തെ സൂചിപ്പിക്കുന്നില്ല. ‘യത്രതു യൗഗികാര്‍ത്ഥരൂഢ്യര്‍ത്ഥയോസ്സ്വാതന്ത്രേ്യണബോധസ്തദ്യൗഗികരൂഢം’8 – ഏതു ശബ്ദത്തില്‍ യൗഗിക രൂഢ്യര്‍ത്ഥങ്ങള്‍ സ്വതന്ത്രമായി ജ്ഞാനമുണ്ടാക്കുന്നുവോ അതു യൗഗികരൂഢം. ഉദാഹരണം-ഉദ്ഭിത്, ഉല്‍ഭേദിച്ചു-പിളര്‍ന്നുകൊണ്ട് കിളിര്‍ക്കുന്ന മരം, ചെടി മുതലായവയെ അവയവശക്തികൊണ്ടും അന്യദിക്കില്‍ അവയവശക്ത്യപേതമായി ഒരു യാഗത്തെ9 സമുദായശക്തിയാലും അറിയിക്കയാല്‍ ഇതു യൗഗികരൂഢം. ലക്ഷകം എന്നത്, ജഹല്ലക്ഷകം അജഹല്ലക്ഷകം, ഉഭയലക്ഷകം എന്നു മൂന്നു വിധം. ജഹല്ലക്ഷണകൊണ്ട് വസ്തുവിനെ അറിയിക്കുന്നത് ജഹല്ലക്ഷകം. ‘യത്ര വാച്യാര്‍ത്ഥസ്യാന്വയാഭാവഃ തത്ര ജഹല്ലക്ഷണാ’10 – എവിടെ വാച്യാര്‍ത്ഥത്തിന് യോജനയില്ലയോ (യാതൊരു പദത്തില്‍ വാച്യാര്‍ത്ഥം വക്താവിന്റെ അഭിപ്രായത്തിനിണങ്ങാതിരിക്കുന്നോ) അവിടെ ജഹലക്ഷണ (ജഹത്-വിട്ടതായ) ലക്ഷണാ-ലക്ഷിപ്പിപ്പത്-ലക്ഷ്യമായിരിക്കുന്ന സാധനം. ഉദാഹരണം-മഞ്ചാഃ ക്രോശന്തി-കട്ടിലുകള്‍ നിലവിളിക്കുന്നു-ഇവിടെ മഞ്ച ശബ്ദം തന്റെ വാച്യാര്‍ത്ഥമായ കട്ടിലെന്ന രൂപത്തെവിട്ട് വക്താവിന്റെ അഭിപ്രായപ്രകാരം കട്ടിലിലിരിക്കുന്ന മനുഷ്യരെ സ്വീകരിക്കുന്നു. ഇവിടെ കട്ടിലിനും അതിലിരിക്കുന്ന മനുഷ്യര്‍ക്കും സംബന്ധം മൂലമാണു ലക്ഷണ. ഇതു തര്‍ക്കമതം. സംബന്ധം മൂലം അര്‍ത്ഥത്തെ അറിയിക്കുന്ന ശക്തിയാണ് ലക്ഷണ. ഇതു വ്യാകരണമതം. ‘യത്ര വാച്യാര്‍ത്ഥസ്യാപ്യന്വയസ്തത്ര അജഹല്ലക്ഷണാ’11 യാതൊരു പദത്തില്‍ വാച്യാര്‍ത്ഥം ലക്ഷ്യാര്‍ത്ഥത്തോടു ചേരുന്നോ അവിടെ അജഹല്ലക്ഷണ, അജഹതീ-വാച്യാര്‍ത്ഥത്തെ വിടാത്തതായ ലക്ഷണ, ലക്ഷ്യമായി അര്‍ത്ഥത്തെ അറിയിക്കുന്ന സാധനം. ഉദാഹരണം-‘കാകേഭ്യോ ദധി രക്ഷ്യതാം’-കാക്കകളില്‍ നിന്നു തൈരു രക്ഷിക്കപ്പെടണം-ഇവിടെ കാകേഭ്യഃ എന്ന പദം അതിന്റെ അര്‍ത്ഥമായ കാക്കകളെ അറിയിക്കുന്നതോടുകൂടി തൈരിനെ കുടിക്കുന്ന ഇതരജന്തുക്കളെയും അറിയിക്കുന്നു. ‘യത്ര വാചൈ്യകദേശത്യാഗേനൈകദേശാന്വയസ്തത്ര ജഹദജഹജല്ലക്ഷണാ’12 -യാതൊരു ശബ്ദത്തില്‍ വാച്യാര്‍ത്ഥത്തിന്റെ ഒരു ഭാഗം ചേരാതെയും മറ്റൊരു ഭാഗം ചേര്‍ന്നും ഇരിക്കുന്നുവോ അവിടെ ജഹദജഹല്ലക്ഷണ. ഉദാഹരണം-‘തത്ത്വമസി’13 നീ അവനായിരിക്കുന്നു. ഇവിടെ ത്വം എന്ന പദം ജീവനേയും തത്പദം ഈശ്വരനേയും കുറിക്കുന്നു. ‘സോയം ദേവദത്തഃ’ – ഈ ദേവദത്തന്‍ അവനാകുന്നു-ഇവിടെ സഃ എന്ന ശബ്ദം മുമ്പൊരിക്കല്‍ കാണപ്പെട്ടവനെന്നും അറിയിക്കയാല്‍ ഒരുവന് ഒരു കാലത്ത് രണ്ടു കാലങ്ങളുടെ സംബന്ധം ഘടിക്കായ്ക നിമിത്തം അവന്‍ എന്ന പദത്തിന്റെ അര്‍ത്ഥമായ തത്കാല സംബന്ധത്തേയും വിട്ട് ദേവദത്തന്‍ എന്ന അംശത്തെ മാത്രം സ്വീകരിക്കയാല്‍ ഇവിടെ ജഹദജഹല്ലണ.

ഇനി തമിഴിലെ പദവിഭാഗത്തെക്കുറിച്ചു നോക്കാം. പദങ്ങളെന്നാല്‍ അര്‍ത്ഥത്തെ ബോധിപ്പിക്കുന്ന ശബ്ദങ്ങള്‍ എന്നു ഭാവം. തമിഴില്‍ പദങ്ങളെ ‘പകുപദം, പകാപ്പദം’, എന്നു രണ്ടു വലിയ വിഭാഗങ്ങളായിത്തിരിച്ചിരിക്കുന്നു. അവയവവിഭാഗം ചെയ്ത് അര്‍ത്ഥം നിര്‍ണ്ണയം ചെയ്യാന്‍ പാടില്ലാത്തവിധം, പ്രത്യയ യോജനയ്ക്കു മുമ്പു തന്നെ പ്രയോഗാര്‍ഹമായിരിക്കുന്ന പദം ‘പകാപ്പദ’മെന്നു പറയപ്പെടുന്നു. ഉദാഹരണം-നിലം, നീര്‍, കാറ്റു തുടങ്ങിയവ. ഈ പദങ്ങള്‍ തന്നെ ബഹുവചന പ്രത്യയം മുതലായ പ്രത്യയങ്ങളോടു ചേരുമ്പോള്‍ പകുപദങ്ങളെന്ന് വ്യവഹരിക്കപ്പെടുന്നു. പേര്‍പകാപ്പദം, വിനൈപ്പകാപ്പദം, ഇടൈപ്പകാപ്പദം, ഉരിപ്പകാപ്പദം ഇങ്ങനെ പകാപ്പദം നാലു വിധമുണ്ട്. ഇവയില്‍ പ്രത്യയങ്ങള്‍ കലര്‍ത്തത്തക്കതല്ലാത്ത മന്‍, കോന്‍ മുതലായ ഇടപ്പകാപ്പദങ്ങളും ഉരു, കഴി തുടങ്ങിയ ഉരിപ്പകാപ്പദങ്ങളും ഒഴിച്ച് അന്യപകാപ്പദങ്ങള്‍ പ്രത്യയങ്ങള്‍ ചേരുമ്പോള്‍ പകുപദങ്ങളായിത്തീരുന്നു. ഉദാഹരണം-നിലം, നീര്‍ നെരിപ്പു മുതലായവ പേര്‍പ്പകാപ്പദങ്ങള്‍. നട, വാ, ഉണ്‍ മുതലായവ വിനൈപ്പകാപ്പദങ്ങള്‍, മന്‍, കോന്‍, പൊന്‍ തുടങ്ങിയവ ഇടൈപ്പകാപ്പദങ്ങള്‍. ഉരു, കഴി, അന്‍പു, അഴകു, മുതലായവ ഉരിപ്പകാപ്പദങ്ങള്‍. (നന്നൂല്‍, സൂ-128, 131) നിലത്താന്‍, നിലങ്കള്‍ മുതലായവ പേര്‍പ്പകുപദങ്ങള്‍ നൊന്താന്‍, നടക്കിന്റാന്‍ മുതലായവ വിനൈപ്പകുപദങ്ങള്‍.

മൊഴി എന്നാല്‍ അര്‍ത്ഥത്തെ വിവരിച്ചു കാണിക്കുന്നതാകുന്നു. ഇതിനു ചൊല്ലെന്നും അപരപര്യായമുണ്ട്. മൊഴികള്‍, ഒരുമൊഴി, തൊടര്‍മൊഴി, പൊതുമൊഴി എന്നു മൂന്നു വിധമാക്കുന്നു. (നന്നൂല്‍, ചൊല്‍. 259). ഒരു അര്‍ത്ഥത്തെ പ്രകാശിപ്പിക്കുന്നത് ഒരു മൊഴി. ഉദാഹരണം-നിലം, നിലത്തന്‍, നട ഇത്യാദികള്‍. (പേര്‍മൊഴി). നട, നടന്താന്‍ മുതലായവ വിനമൊഴി. മന്‍, കൊന്‍ മുതലായവ ഇടമൊഴി, ഉരി, കഴി മുതലായവ ഉരുമൊഴി. ഇനി മേല്പറഞ്ഞ പകുപദം, പകാപ്പദം ഈ രണ്ടിനവും ഈ വിഭാഗത്തിലുള്‍പ്പെടും. മേല്‍ വിവരിച്ച പദമെന്നതും ഒരു മൊഴിയെന്നതും ഒരേ അര്‍ത്ഥത്തെക്കുറിക്കുന്നതാകുന്നു. പല അര്‍ത്ഥങ്ങളെ സൂചിപ്പിക്കുന്നതു തുടര്‍മൊഴിയാകുന്നു. ഇതു പൂര്‍ണ്ണമായി ഒരു വിഷയത്തെ ബോധിപ്പിക്കുന്നതായും അപൂര്‍ണ്ണമായി ബോധിപ്പിക്കുന്നതായും ഇരിക്കുന്നു. ഉദാഹരണം-നിലം വലുതായിരിക്കുന്നു എന്നത് പൂര്‍ണ്ണം. ക്രിയയോടു ചേരാതെ സംഖ്യ കൊണ്ടാകട്ടെ തനിച്ചാകട്ടെ പല അര്‍ത്ഥത്തെ ബോധിപ്പിക്കുന്നത് അപൂര്‍ണ്ണം. ഉദാഹരണം-ചാത്തന്‍ മകന്‍, പൂങ്കുഴല്‍, വലുതായനിലം, നിലത്തെക്കടന്നു, നെടുമാല്‍ മുതലായവ, പൊതുമൊഴി എന്നതു ഒരര്‍ത്ഥത്തേയും പല അര്‍ത്ഥത്തെയും ബോധിപ്പിക്കുന്നതാകുന്നു. എട്ടുത്താമരൈ, വേങ്കൈ മുതലായവ എട്ടെന്ന സംഖ്യയേയും താമരപ്പൂവിനെയും പുലിയേയും ഓരോ വാക്കായി നിന്ന് അര്‍ത്ഥവ്യത്യാസത്തെകാണിക്കുന്നതിനു പുറമെ എളൈതു, താവുന്ന മര, വേകുന്നകൈ, ഇത്യാദി തുടര്‍മൊഴികളായി പല അര്‍ത്ഥങ്ങളേയും സ്ഫുരിപ്പിക്കുന്നു.

ഇച്ചൊല്ലുകള്‍ വെളിപ്പെടച്ചൊല്‍, കുറിപ്പുച്ചൊല്‍ എന്നു രണ്ടുവിധം. വെളിപ്പടച്ചൊല്ലാകട്ടെ ചൊല്ലിന്റെ നേരെയുള്ള അര്‍ത്ഥം കൂടാതെ വേറെ അര്‍ത്ഥം ഇല്ലാത്തതാകുന്നു. ഉദാഹരണം-രാമന്‍ വന്നു. ഇവിടെ നേരെയുള്ള അര്‍ത്ഥം കൂടാതെ വേറെ അര്‍ത്ഥമില്ല.

കുറിപ്പുച്ചൊല്ലെന്നത് ഒരര്‍ത്ഥത്തെ ലക്ഷ്യമായി കാണിക്കുന്നതാണ്. ഉദാഹരണം- ആയിരം മനുഷ്യര്‍ പൊരുതു. ഇവിടെ പൊരുതു എന്നുള്ള ക്രിയാപദം പുരുഷന്മാരായ ആയിരം പേരെമാത്രം ലക്ഷ്യമാക്കുന്നു. കൂടാതെ ഈ ചൊല്ലുകള്‍, ഇയര്‍ച്ചൊല്‍, തിരിച്ചൊല്‍, തിശൈച്ചൊല്‍, വടച്ചൊല്‍ എന്നു നാലുവിധം (തൊല്‍, ചൊല്‍, സൂ. 397). പണ്ഡിതപാമരന്മാര്‍ക്കു സാധാരണ്യേന അര്‍ത്ഥം ദ്യോതിക്കുന്നത് ഇയര്‍ച്ചൊല്ലെന്ന് പറയുന്നു. ഉദാഹരണം-മണ്‍, പൊന്‍ മുതലായവ. ഇതിനു പേരിയര്‍ച്ചൊല്‍ എന്നും പറയും. നടന്താന്‍, വന്താന്‍ മുതലായവ വിനൈയര്‍ച്ചൊല്‍. അഴകു, അന്‍പു മുതലായവ ഉരിയിയര്‍ച്ചൊല്‍.

തിരിച്ചൊല്ലെന്നത് ഒരര്‍ത്ഥത്തെ കുറിക്കുന്ന പലചൊല്ലും പല അര്‍ത്ഥത്തെ കാണിക്കുന്ന ഒരു ചൊല്ലുമാകുന്നു. ഉദാഹരണം-കിളി, ശുകം, തത്ത ഇവ കിളിയെന്ന ഒരേ അര്‍ത്ഥത്തെക്കുറിക്കുന്ന ‘പല പേര്‍ തിരിച്ചൊല്ലാകുന്നു’. വാരണം, ആന, കോഴി, ശംഖു മുതലായ നാനാര്‍ത്ഥങ്ങളെ കാണിക്കുന്ന ഒരു പേര്‍ തിരിച്ചൊല്‍. പടര്‍ന്നാന്‍, ചെന്നാന്‍ പോയിനാന്‍ ഇങ്ങനെയുള്ളത് ഒരര്‍ത്ഥത്തെക്കുറിക്കുന്ന പല വിനൈതിരിച്ചൊല്‍. വരൈന്താന്‍, ഇതു നീക്കുവാന്‍, കൊണ്ടാന്‍ എന്നു പലക്രിയകളെക്കുറിക്കുന്ന ഒരു പൊരുള്‍ തിരിച്ചൊല്‍, ചേറും, വരുതും ഇവയുടെ റൂം, തും പ്രത്യയങ്ങള്‍, ഉത്തമ പുരുഷബഹുവചനം, ഭാവി ഈ രൂപങ്ങളില്‍ ഒരേ അര്‍ത്ഥത്തെ കാട്ടുന്ന പല ഇടത്തിരിച്ചൊല്‍, കൊല്‍, ഇതു, അയ്യം, അശനിലൈ എന്നിവ പല അര്‍ത്ഥങ്ങളെക്കുറിക്കുന്ന ഒരു ഇടത്തിരിച്ചൊല്‍. ചാല, ഉറു, തവ, നനി, കൂര്‍, കഴി, ഇവൈ, മികല്‍ എന്നിവ ഒരര്‍ത്ഥത്തെക്കാണിക്കുന്ന പലഉരിത്തിരിച്ചൊല്‍. കടി, ഇതു, കാപ്പു, കൂര്‍മൈ, അച്ചം, കരിപ്പു, വിളക്കം, ഇറൈപ്പു, മണം മുതലായവ പല അര്‍ത്ഥങ്ങളെക്കുറിക്കുന്ന ഒരു ഉരിത്തിരിച്ചൊല്‍.

‘തിശൈച്ചൊല്‍’ എന്നതു കരിന്തമിഴ്‌ദേശത്തു നിന്നും ചെന്തമിഴ്‌ദേശത്തുവന്നു പ്രചാരമായത് ഉദാഹരണം-പശുവെന്ന അര്‍ത്ഥത്തെ സൂചിപ്പിക്കുന്ന പെറ്റം എന്ന വാക്ക് ദക്ഷിണപാണ്ഡ്യദേശത്തു നിന്ന് ചെന്തമിഴ് നാട്ടില്‍ വന്നു ചേര്‍ന്നതാണ്. മാതാവിനെകുറിക്കുന്ന തള്ള എന്ന വാക്ക് കുട്ടനാട്ടുനിന്ന് വന്നതാണ്. സംസ്‌കൃതമൊഴികെ മറ്റുള്ള ഭാഷകളില്‍ നിന്നു വന്നവയും ഈ വര്‍ഗത്തില്‍പെടും.

വടചൊല്ലു എന്നത് വന്നുചേര്‍ന്ന സംസ്‌കൃതവാക്കുകളാണ്. ഉദാഹരണം-കാരണം, കമലം, കരം, മുതലായവ. ഇവ തമിഴിലെ അക്ഷരങ്ങളെക്കൊണ്ട് ഉച്ചരിക്കത്തക്കതാണ്. ചുകി(ശുകി), പോകി(ഭോഗി), മുത്തി(മുക്തി) തുടങ്ങിയവ വിശേഷാക്ഷരങ്ങള്‍കൊണ്ട് ഉച്ചരിക്കത്തക്കവയാകുന്നു. അതായത് തമിഴിലില്ലാത്ത സംസ്‌കൃതാക്ഷരങ്ങളെ തമിഴെഴുത്തുകളാക്കി മാറ്റി ഉച്ചരിക്കപ്പെട്ടവ. അരന്‍, കടിനം, ചലം മുതലായവ രണ്ടു ഭാഷയിലെ അക്ഷരങ്ങള്‍ ചേര്‍ന്നുണ്ടായതാണ്. അതായത് ഹരന്‍ എന്നതില്‍ ആദ്യമിരിക്കുന്ന ഹകാരം അകാരമായി ചിതൈന്തും (ന്യൂനപ്പെട്ടും) രകാരം രൂപാന്തരപ്പെടാതെയും വരുന്നുവെന്നു സാരം. ഈ ജാതിയെ ‘ചിതൈച്ചൊല്‍’ എന്നു പറയും.

ചൊല്ലുകള്‍:- (ഇലക്കണമുടയത്) ലക്ഷണസമ്പന്നം, (ഇലക്കണപ്പൊലി) ലക്ഷണാഭാസസംയുക്തം, മരുതു, ഇടക്കരടക്കല്‍, മങ്കലം, കുഴൂഉക്കുറി എന്ന് വേറേ ആറുവിധം. വ്യാകരണശാസ്ത്രാനുസാരം ഇരിക്കുന്നത് ഇലക്കണമുടയത്. ഉദാഹരണം. നിലം, നീര്‍, കാറ്റു മുതലായവ. ചില അക്ഷരങ്ങള്‍ ക്രമാനുഗതമാകാതെയോ മുമ്പു വയ്‌ക്കേണ്ടതിനെ പിന്‍പ് വച്ചോ മറിച്ചു സംഭവിച്ചോ ഇലക്കണമില്ലാതിരുന്നും ഇലക്കണം ഉള്ളതുപോലെ തോന്നുന്നത് ഇലക്കണപ്പൊലി. ഉദാഹരണം – കോവില്‍ എന്ന ശബ്ദം ആക്ഷരവ്യത്യാസംകൊണ്ട് കോയില്‍ എന്നുവന്നു കാണുന്നതും നകരപ്പുറം എന്നത് പുരനകര്‍ എന്നും കണ്‍ണ്മീ എന്നതു മീകണ്‍ എന്നും മുന്‍ പിന്നാകെ മാറി പ്രചരിക്കുന്നതും പോലെ അനേകം.

മരുഉ എന്നത് ഇലക്കണം ചിതൈന്തത്-മരീഈയത്-(തീരെ ന്യൂനപ്പെട്ടത് ആകുന്നു). അരുമരുന്തതന്‍ പിള്ളൈ എന്നത് അരുമന്തപിള്ളൈ എന്നും മലൈയമാനാട് മലാട് എന്നും രൂപാന്തരപ്പെടുന്നത് ഉദാഹരണം.

ഉച്ചാരണയോഗ്യമല്ലാത്ത വാക്കുകളെ മറച്ചുവച്ച് പറയുന്നത് ഇടക്കരടക്കല്‍ എന്നുള്ളതാണ്. ഉദാഹരണം – കാല്‍ കഴുകി ഇവരുതും – കാല്‍ കഴുകാന്‍ പോയി വരട്ടെ എന്ന പറച്ചില്‍ തുടങ്ങിയവ.

മാംഗല്യമില്ലാത്തതിനെ മംഗലമെന്ന് പറയുന്നത് ‘മങ്കളം’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടും. ഉദാഹരണം-‘ചത്തു’ എന്നുള്ളതിനുപകരം അയ്യാളുടെ കാര്യമൊക്കെ സുഖമായി – ആമുന്‍പകരവിപവ്വി എന്നും ഓ എന്നു പറയുന്നത് തിരുമുഖമെന്നും കാരാട് വെള്ളാടെന്നും പറയുന്നതു തുടങ്ങിയവയാണ്. (വഴങ്ങി വരുന്നതു പോലുള്ളവ).

ഒരു സമുദായത്തിലുള്ളവര്‍ എന്തെങ്കിലും ഒരു കാരണത്താല്‍ ഒരു വസ്തുവിന്റെ പേരിനെമാറ്റി മറ്റൊരു പേരുകൊണ്ട് പറയുന്നത് കുഴൂഉക്കുറി എന്നതാണ്. ഉദാഹരണം-പൊര്‍ക്കൊല്ലര്‍ (തട്ടാന്മാര്‍) പൊന്നിനെ പറിയെന്നും ആനക്കാരന്മാര്‍ മുണ്ടിനെ കാരയെന്നും വേടന്മാര്‍ കള്ളിനെ ചൊല്‍ വിളമ്പിയെന്നും പറഞ്ഞു വരുന്നവ തുടങ്ങിയതാണ്. (നന്നൂല്‍. ചൊല്‍. 267)

പേരുകള്‍:- ഇടുക്കുറി (രൂഢി)പ്പേരെന്നും കാരണപ്പേരെന്നും രണ്ടുവക. ഈ രണ്ടും മരപിനെയും ആക്കരത്തെയും തുടര്‍ന്ന് വരുന്നതാണ്. ഉദാഹരണം-മരം, വിള, പന മുതലായവ ഇടുകുറി മരവും; അവന്‍, അവള്‍, പറവ, വിലങ്കു മുതലായവ കാരണക്കുറി മരവും, മിന്‍ പോലു മാനവേന്‍ മുട്ടയ്ക്കു മാറായ പെവ്വര്‍ പോങ്കാനവേന്‍ മുട്ടയ്ക്കും കാട്-ഇവിടെ, വേട്ടാളക്കുഞ്ഞിനെ മുട്ടയെന്ന നാമം കൊണ്ടുപറകയാല്‍ ഇതുപോലെയുള്ളവ ‘ഇടുകുറിയാക്കപ്പേരാകും’. പൊന്നന്‍, പൂണന്‍, മലൈ, മകള്‍, മകന്‍, മാറ്റോര്‍, കുറ്റെ ഇതു പോലുള്ളവ ‘കാരണക്കുറിയാക്കപ്പേരാണ്.’

ഈ പേരുകള്‍:- പൊരുള്‍ പേര്, ഇടപ്പേര്, കാലപ്പേര്, വിനൈപ്പേര്, ഗുണപ്പേര്, തൊഴില്‌പേര്, ചുട്ടപ്പേര്, വിനാപ്പേര് എന്ന് എട്ടു വകയുണ്ട്. ഉദാഹരണം-തമന്‍, ഒരുവന്‍, അപൈയത്താന്‍, പൊന്നന്‍ മുതലായവ പൊരുളെ സംബന്ധിച്ചു വരുന്നതിനാല്‍ പൊരുള്‍ നാമങ്ങളാണ്. വെര്‍പ്പന്‍, എയിനന്‍, ഇടയന്‍, മകിഴിന്തന്‍, തുറൈവന്‍, ചോഴിയന്‍, കരുവൂരാന്‍, വാനത്താന്‍, അകത്താന്‍, പുറത്താന്‍ മുതലായവയും; തിണൈതേയം, ഉളര്‍ ഇവയും ഇടങ്ങളെ (സ്ഥാനങ്ങളെ) സംബന്ധിച്ചു വന്നതിനാല്‍ ഇടപ്പേരുകളാണ്. മൂവാട്ടയാന്‍, വേലിലാന്‍, തയ്യാന്‍, ആതിരയാന്‍, കാലയാന്‍, മുതലായവ സംവത്സരം, മാസം മുതലായ കാലങ്ങളെ സംബന്ധിച്ചു വരികയാല്‍ കാലപ്പേരുകളാണ്. ചെങ്കണ്ണാന്‍, കുഴയ്ക്കാതന്‍, നെടുങ്കയ്യാന്‍ മുതലായവ അവയവങ്ങളെ സംബന്ധിച്ചു വരികയാല്‍ ചിന(അവയവ)പ്പേരുകളാണ്. പെരിയവന്‍, ചെറിയവന്‍, പുലവന്‍, പൊന്നപ്പന്‍, കരിയന്‍, കുനന്‍, അന്തണന്‍, അരചന്‍, ചേരന്‍ മുതലായവ ഗുണസംബന്ധമായി വരികയാല്‍ ഗുണപ്പേരാണ്. ഓതുവാന്‍, ഈവാന്‍ മുതലായവ തൊഴില്‍ സംബന്ധിച്ചുവരികയാല്‍ തൊഴില്‍പ്പേരാണ്. അവന്‍, ഇവന്‍ മുതലായവ ചുട്ട(ചൂണ്ടു)പ്പേരുകളാണ്. എവന്‍, യാവന്‍ മുതലായവ വിനാ(ചോദ്യ)പ്പേരുകളാണ്.

പിറന്‍ (അന്യന്‍), മറ്റയാന്‍ (മറ്റവന്‍) മുതലായവയും സബി മുതലായ നാമങ്ങളും മുന്‍പറഞ്ഞ വാക്കുകളില്‍ ചേരുവാന്‍ യോഗ്യതയില്ലാത്തതും പൊതുലക്ഷണം പറയാന്‍ പാടില്ലാത്തതും ആയിരിക്കയാല്‍ ഈ എട്ടുവകുപ്പുകളില്‍ നിന്നും അന്യങ്ങളായവ എന്നു മാത്രം പറയപ്പെടുന്നു.

പേരുകള്‍ ഇയര്‍പ്പേരുകളെന്നും ആക്കപ്പേരുകളെന്നും രണ്ടുവിധം. അതിനു തക്കതായ അര്‍ത്ഥത്തെകാട്ടുന്നത് ഇയര്‍പ്പേര്. ഉദാഹരണം-താമര, വെറ്റില, കാല്‍ മുതലായവ താമരക്കൊടിയേയും വെറ്റിലയേയും കാല്‍ എന്ന കണക്കിനെയും പറയുമ്പോള്‍ ഇയര്‍പ്പേരാകും.

അതിന്റെ അര്‍ത്ഥത്തിനു തക്കതായ വേറൊരു അര്‍ത്ഥത്തെ ക്രമേണ ചേര്‍ത്തു പറഞ്ഞുവരുന്നവ ആക്കപ്പേരാകും-ഉദാഹരണം-താമര, വെറ്റില, കാല്‍ എന്നു മുന്‍പില്‍ കാണിച്ച സ്വാഭാവിക നാമങ്ങള്‍ തന്നെ താമരയുടെ അവയവമായ അതിന്റെ പൂവിനെയും, വെറ്റിലയുടെ ആദ്യത്തെ അവയവമായ വെറ്റിലക്കൊടിയേയും കാല്‍ എന്നു കണക്കുള്ള ശരീരാവയവത്തേയും ക്രമേണ കാണിക്കുമ്പോള്‍ ആക്കപ്പേരുകളാണ്.

ഈ ആക്കപ്പേര്‍ പലവകയായിരിക്കും. കാര്‍ എന്ന കറുത്തനിറത്തിന്റെ നാമം അതോടുകൂടിയ മേഘത്തെ ബോധിപ്പിക്കുമ്പോള്‍ ആക്കപ്പേരാകും. ആ മേഘം വര്‍ഷിക്കുന്ന അവസ്ഥയെ ഓര്‍ക്കുമ്പോള്‍ ഇരുപടി ആക്കപ്പേര്‍ എന്നാകും. ആ അവസ്ഥയില്‍ വിളയുന്ന ധാന്യത്തെ ബോധിപ്പിക്കുമ്പോള്‍ മുമ്മടിയാക്കപ്പേര്‍ എന്നാകും. ഇപ്രകാരം നാന്മാടി മുതലായവയും വരുമെന്നറിക. മേലും ‘ഇരുപേരൊട്ടാക്കപേര്‍’ ‘കാണ്ഡിക’യിലുണ്ട്. ഇതിലെഴുതുന്നില്ല.

സംസ്‌കൃതത്തിലുള്ള മൊഴികളെല്ലാം ക്രിയാധാതുക്കളില്‍ നിന്ന് ഉണ്ടായവയാണ്. ഈ ക്രിയാധാതുക്കള്‍ പ്രത്യയങ്ങളോടു ചേരാതെ തനിച്ചുപയോഗമുള്ളതല്ല. ധാതുക്കളുടെ മേലായി ‘കൃത്’ പ്രത്യയങ്ങളെന്ന ഒരു വിധ പ്രത്യയങ്ങള്‍ ചേര്‍ന്ന് ക്രിയാപദം ഒഴിച്ച് നാമം, ഉപസര്‍ഗം, നിപാതം എന്ന മൂന്നുവിധമായ എല്ലാ വാക്കുകളുമുണ്ടായി. അവ വിഭക്തി പ്രത്യയങ്ങള്‍ ചേര്‍ന്നു പ്രയോഗത്തിനു തക്കതായ പദങ്ങളാകുന്നു. ഈ വിഭക്തിപ്രത്യയങ്ങള്‍ ‘സുപ്’14 എന്നു പറയപ്പെടും. ഇപ്പറഞ്ഞ മൂന്നുവിധ ശബ്ദങ്ങളും സുബന്ത (സുപ് എന്ന അന്തത്തോടു കൂടിയ) പദങ്ങളെന്ന് പറയപ്പെടും. ഉദാഹരണം-രാമഃ എന്ന സുബന്ത നാമപദം (രമ് ക്രീഡായാം) കളിക്കുക എന്ന അര്‍ത്ഥത്തില്‍ വരും. ഈ ധാതുവില്‍ ‘ഘഞ്’ എന്ന ‘കൃത്’ പ്രത്യയം ചേര്‍ന്ന് രാമ് എന്നതു ദീര്‍ഘിച്ച് രാമ എന്ന നാമമായി ‘സു’-ഃ വിഭക്തി പ്രത്യയം ചേര്‍ന്ന് രാമഃ എന്ന സുബന്ത പദം പ്രയോഗാര്‍ഹമായിത്തീരുന്നു. അപ്രകാരം തന്നെ ‘ദുഃ’ (ടുദു ഉപതാപേ – ദു എന്ന ധാതു ഉപതാപം എന്ന അര്‍ത്ഥത്തില്‍ വരും). ഈ ധാതുവില്‍ ‘ഉസ്’ എന്ന കൃത് പ്രത്യയം ചേര്‍ന്നു ദുസ് എന്ന ഉപസര്‍ഗ്ഗമായി അതില്‍ സ് എന്ന വിഭക്തി പ്രത്യയം ചേര്‍ന്ന് ആ പ്രത്യയം ലോപിച്ച് ദുസ് എന്ന സുബന്ത ഉപസര്‍ഗ്ഗമായിത്തീരുന്നു.

അവ് (അവ-രക്ഷണേ-അവ എന്ന ധാതു രക്ഷിക്കല്‍ എന്ന അര്‍ത്ഥത്തില്‍ വരും) എന്നു പറയപ്പെട്ട ധാതുവില്‍ ഉം എന്ന കൃല്‍ പ്രത്യയം ചേര്‍ന്ന് വകാരം ലോപിച്ച് ശേഷിച്ച അകാര ഉകാരങ്ങള്‍ ഒന്നു ചേര്‍ന്ന് ഓകാരമായിട്ട് ഓം എന്ന നിപാതമായിത്തീരും. ആ നിപാതത്തോട് സ് എന്ന വിഭക്തി പ്രത്യയം ചേര്‍ന്ന് അതുതന്നെ ലോപിച്ച് ഓം എന്ന സുബന്തനിപാത പദമാകുന്നു.

ക്രിയാപദമെന്നത് ധാതുക്കളോടുകൃല്‍പ്രത്യയങ്ങള്‍ ചേരാതെ ‘തിങ്ങുകള്‍’15 എന്ന പ്രത്യയങ്ങള്‍ ചേര്‍ന്ന് ഉണ്ടാകുന്നു. ഉദാഹരണം. ‘രമ്’ എന്ന ധാതുവില്‍ ‘തേ’ എന്ന തിങ് പ്രത്യയം ചേര്‍ന്ന് മധ്യേ അകാരം അടയാളമായിച്ചേര്‍ന്ന് രമതേ എന്ന തിങന്തപദമായിത്തീരുന്നു.

സുപ്, തിങ് എന്ന രണ്ടു വക പ്രത്യയങ്ങള്‍ ചേരാതെ യാതൊരു ധാതുവും പ്രയോഗത്തിനാകയില്ല. ‘ന കേവലാ പ്രകൃതിഃ പ്രയോക്തവ്യാ’ (ധാതുമാത്രം തനിയെ പ്രയോഗിക്കപ്പെടുവാന്‍ യോഗ്യമല്ല) എന്നു പതഞ്ജലി മഹാഭാഷ്യത്തില്‍ പറഞ്ഞിരിക്കുന്നു. തമിഴിലെ ‘ഇടച്ചൊല്ലു’കള്‍ക്ക് ഏറക്കുറെ സമമായിരിക്കുന്ന അവ്യയങ്ങളെല്ലാം പ്രാതിപദിക ഏകവചന പ്രത്യയത്തോടു കൂടിയതാകുന്നു.

തമിഴില്‍ നന്നൂലാചാര്യര്‍ മൊഴിയെ പകുപദം പകാപ്പദം എന്നു രണ്ടു വകയായിട്ട് പറഞ്ഞിരിക്കുന്നു. നിലം, നീര്‍, കാറ്റ് മുതലായ അനേകം നാമപദങ്ങള്‍ സംസ്‌കൃതത്തെപ്പോലെ ധാതുക്കളില്‍ നിന്ന് ഉണ്ടാകാത്തതും കൃല്‍ പ്രത്യയങ്ങള്‍ ചേര്‍ന്ന് സുബന്തപദങ്ങളുടെ പ്രാതിപദിക16മാകാതെയും വിഭക്തി പ്രത്യയങ്ങള്‍ യാതൊന്നും ചേരാതെയും പ്രയോഗത്തിന് തക്കവയായിത്തീരുന്നതുമാണ്. ഇടച്ചൊല്‍, ഉരിച്ചൊല്‍ ഇവ അനേകം പ്രത്യയങ്ങള്‍ സിദ്ധിക്കാത്തതിനാല്‍ നിലം, നീര്‍ മുതലായവ പോലെതന്നെ പ്രയോഗയോഗ്യമായി ഭവിക്കുന്നു. അജ്ഞാത രൂപത്തിലുള്ള നട, വാ, വിടു മുതലായ ക്രിയാപദങ്ങള്‍ (മറ്റൊരുവനോടുള്ള ശുശ്രൂഷ ചെയ്യുമ്പോള്‍) യാതൊരു പ്രത്യയം കൂടാതെയും പകാപ്പദങ്ങളായി പ്രയോഗത്തിനു യോഗ്യമായിത്തീരുന്നു. സംസ്‌കൃതത്തില്‍ എല്ലാ ശബ്ദങ്ങളും ധാതുക്കളില്‍ നിന്നുണ്ടായിട്ടും പ്രത്യയങ്ങള്‍ ചേരാതെ പ്രയോഗിക്കത്തക്കവ ആകാതിരിക്കുന്നതിനേയും തമിഴില്‍ ധാതുക്കളെന്ന ഏര്‍പ്പാടില്ലാതെയും പ്രത്യയങ്ങള്‍ യാതൊന്നും ചേരാതെയും ഉപയോഗത്തിനുതകുന്നതിനേയും നോക്കുമ്പോള്‍ രണ്ടു ഭാഷകള്‍ക്കുമുള്ള വലുതായ വ്യത്യാസത്തെ അറിയാവുന്നതാണ്.

സംസ്‌കൃതത്തില്‍ ധാതുക്കളോടു ഉപസര്‍ഗമെന്ന17 ഒരു ജാതി ഇടച്ചൊല്ലുകള്‍ ചേര്‍ന്ന് അതില്‍ നിന്ന് ആഹാര, വിഹാര, സംഹാര ഇത്യാദിഭിന്നാര്‍ത്ഥങ്ങളായ പല വാക്കുകള്‍ ഉണ്ടാകുന്നു. തമിഴില്‍ ഇങ്ങനെ ഉപസര്‍ഗം ചേര്‍ത്ത് അര്‍ത്ഥവ്യത്യാസം വരുത്തുന്ന സമ്പ്രദായമില്ല. സംസ്‌കൃതത്തില്‍ ഉദാത്താദിസ്വരങ്ങളുടെ വ്യത്യാസത്തെ സൂചിപ്പിക്കുന്നതിനു നിപാത (ഗതി) മെന്ന് ഒരുമാതിരി ശബ്ദങ്ങളെ തിരിച്ചിരിക്കുന്നു. തമിഴില്‍ ഈവിധസ്വരങ്ങളൊന്നുമില്ലാത്തതു കൊണ്ട് അതിനെ സംബന്ധിച്ചുണ്ടാകുന്ന വിഭാഗങ്ങളുമില്ല.

സംസ്‌കൃതത്തില്‍ പ്രത്യയം (വികുതി വിശേഷം), ആഗമം (ചാരിയൈ) ആദേശം (വികാരം അല്ലെങ്കില്‍ പകരം) എന്നു മൂന്നിനം ഏര്‍പ്പെടുത്തി അവയെക്കൊണ്ടു ശബ്ദങ്ങളെല്ലാം സാധിച്ചിരിക്കുന്നു. ഉദാഹരണം-രാമഃ എന്ന രൂപത്തില്‍ ധാതുവിന് പരമായി വന്നിരിക്കുന്ന ‘അ’ എന്നത് കൃത് പ്രത്യയം. ‘രമ്’ എന്ന ധാതുവിലുള്ള അകാരം ദീര്‍ഘിച്ച് ‘രാ’ എന്നായത് ആദേശം: എന്ന വിസര്‍ഗരൂപം വിഭക്തിപ്രത്യയം. ‘അരമത’18 എന്ന ക്രിയാ പദത്തില്‍ ‘രമ്’ ധാതുവിന് മുമ്പ് ഇരിക്കുന്ന അ ആഗമം.

തമിഴില്‍ ഇടച്ചൊല്ലെന്നൊരു ജാതിശബ്ദങ്ങളാണ് പ്രത്യയങ്ങളായിരിക്കുന്നത്. ഉദാഹരണം-‘നിലം’ എന്ന നാമത്തിനു പിന്‍പ് ‘കള്‍’ എന്ന ഇടച്ചൊല്‍ പ്രഥമാബഹുവചന പ്രത്യയമായി നില്ക്കുന്നു. തമിഴില്‍ ഇടനിലൈ, ചാരിയൈ എന്നു രണ്ടു ജാതി ശബ്ദം കൂടിയുണ്ട്. ഇവ പദങ്ങളെ അവസാനിപ്പിക്കുന്നതിനു സാധനങ്ങളായിരിക്കുന്നു.

സംസ്‌കൃതത്തില്‍ ഈ രണ്ടിനു പകരം ആഗമമെന്നു മാത്രമേയുള്ളു. സംസ്‌കൃതത്തില്‍ പ്രത്യയങ്ങള്‍ സ്വതന്ത്രമായ ഒരു വിഭാഗമായിരിക്കുന്നു. തമിഴില്‍ പ്രത്യയസ്ഥാനത്തു നില്ക്കുന്ന വികുതികള്‍ ഇങ്ങനെയൊരു പ്രത്യേകവിഭാഗമായിരിക്കുന്നില്ല. അവ ഇടച്ചൊല്ലെന്ന പദവിഭാഗത്തില്‍ ഒരംശം മാത്രമായിരിക്കുന്നു. ഇതും പ്രസ്തുത ഭാഷകള്‍ക്കുള്ള വ്യത്യാസത്തെ തെളിയിക്കുന്നു. എന്നാല്‍ തമിഴിന്റെ ഈ നിയമം യുക്തിക്കത്ര ഇണങ്ങുന്നില്ല. എന്തെന്നാല്‍ നിലം എന്ന നാമത്തിനുശേഷം കള്‍ എന്ന ഇടച്ചൊല്ലു ചേര്‍ക്കുമ്പോള്‍ രണ്ടു വാക്കുകള്‍ എന്നു പറയാമെന്നല്ലാതെ ഒരു വാക്കെന്നു സ്ഥാപിക്കുന്നതിന് ഇടമില്ല. ആകട്ടെ, അവ രണ്ടു ശബ്ദങ്ങള്‍ തന്നെ, അതുകൊണ്ട് ദോഷമെന്ത്? അപ്പോള്‍ ശാസ്ത്രം അതിനെ ഒന്നെന്നു പറയുന്നതു ഘടിക്കയില്ല. (നന്നൂല്‍. 259, 260 സൂത്രങ്ങളും അവയുടെ വ്യാഖ്യാനങ്ങളും നോക്കുക). കൂടാതെയും ‘മരം വീണു’ എന്നിടത്ത് മരമെന്നത് എഴുവായ്‌പ്പൊരുളെയും ഏകവചനാര്‍ത്ഥത്തെയും പ്രത്യയസന്നിവേശം കൂടാതെ തന്നെ അറിയിക്കുന്നതുകൊണ്ട് പ്രഥമ മുതലായ വിഭക്ത്യര്‍ത്ഥങ്ങളും ഒന്നു, പലത് ഈ അര്‍ത്ഥങ്ങളും അതാതു നാമങ്ങളില്‍ തന്നെ അടങ്ങിയിരിക്കുന്നുവെന്ന് സ്പഷ്ടമാകുന്നു. ആകയാല്‍ വ്യവഹാരോപയോഗമായി ആവശ്യപ്പെടുന്ന വിഭക്ത്യര്‍ത്ഥങ്ങളില്‍ ഒന്നിനെ അറിയിക്കുന്നതിന് ഓരോ സൂചനകളെന്ന് മാത്രം സ്വീകരിക്കത്തക്കതെന്നതല്ലാതെ അവയെക്കൂടി ഒരു പദവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് യുക്തമായിരിക്കയില്ല. ‘മരങ്ങള്‍ വീണു’ മരങ്ങളെ ‘മുറിച്ചാര്‍’ ഇത്യാദികളിലുള്ള മരങ്ങള്‍, മരങ്ങളെ മുതലായവ ഒരു വാക്കായി മാത്രം തോന്നുന്നതല്ലാതെ പലതെന്നു തോന്നുന്നില്ല. അതുകൊണ്ട് സംസ്‌കൃതത്തിലെ മുറയനുസരിച്ച് ഇവിടെയും ഈ പ്രത്യയങ്ങളെ ഇടനിലൈ, ചാരിയൈ മുതലായവ പോലെ അടയാളമായി മാത്രം ഏര്‍പ്പെടുത്തുന്നതു തന്നെ കൊള്ളാമെന്നിരിക്കെ തമിഴ് വ്യാകരണ കര്‍ത്താക്കളായ അഗസ്ത്യര്‍, തൊല്‍കാപ്പിയര്‍ തുടങ്ങിയവര്‍ അവര്‍ സംസ്‌കൃതാഭിജ്ഞന്മാരായിരുന്നിട്ടും അതിലെ സമ്പ്രദായം സ്വീകരിക്കാതെ മുമ്പിരുന്ന തമിഴ് ഇലക്കങ്ങളെ വേറായും അവയില്‍ മുഖ്യങ്ങളെ ആശ്രയിക്കാതിരുന്നാല്‍ പഠിക്കുന്നവര്‍ക്ക് പ്രയാസമേറുമെന്നും ശങ്കിച്ചു മാറ്റിയില്ലായെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.

സംസ്‌കൃതത്തില്‍ നാമപദങ്ങളില്‍ സര്‍വ്വനാമപദങ്ങളെന്ന് ഒരു പിരിവ് ഏര്‍പ്പെടുത്തിക്കാണുന്നു. ചുട്ട്, വിനം, മുന്നിലൈ (മധ്യമപുരുഷന്‍), തന്മൈ, പിരിയിട മുതലായ പൊതുവാക്കുകള്‍ ഏറക്കുറെ അടക്കിയും ഇരിക്കുന്നു. തമിഴില്‍ ഈ മാതിരി വിഭാഗം ഏര്‍പ്പെടുത്താതെ, തന്മൈപേര്‍, മുന്നിലൈപേര്‍, എന്നിങ്ങനെ ഓരോന്നും പ്രത്യേകം പറയപ്പെട്ടിരിക്കുന്നു. ഇയര്‍ച്ചൊല്‍, തിരിച്ചൊല്‍, തിശൈച്ചൊല്‍, വടച്ചൊല്‍ എന്ന നാലു പിരിവുകളില്‍ വടച്ചൊല്‍ എന്ന പിരിവ് തമഴില്‍ സംസ്‌കൃതം കലര്‍ന്നതില്‍ പിന്നെ ഏര്‍പ്പെട്ടതായിരിക്കാം. സംസ്‌കൃഭാഷ ദേശഭാഷയായിട്ടില്ലാത്തതിനാല്‍ പലദിക്കില്‍ നിന്നും വാക്കുകള്‍ ചേരുന്നതിന് ഇടമില്ലെന്നുള്ളതുകൊണ്ട് തിശൈച്ചൊല്ലെന്ന പതിവ് സംസ്‌കൃതത്തിലുള്‍പ്പെട്ടില്ലെന്ന് വാദിക്കാന്‍ വിരോധമില്ല. തിരിച്ചൊല്ലെന്നുള്ള വിഭാഗം യുക്തിയ്ക്ക് ഇണങ്ങാത്തതുമായിരിക്കുന്നു. എന്തെന്നാല്‍ തിരിച്ചൊല്ല് പല അര്‍ത്ഥത്തെക്കുറിക്കുന്ന ഒരു വാക്കെന്നും ഒരര്‍ത്ഥത്തെക്കുറിക്കുന്ന പലവാക്കെന്നും രണ്ടുലക്ഷണങ്ങളോടു കൂടിയിരിക്കുന്നു. പല അര്‍ത്ഥത്തിലുള്ള ഒരു വാക്കിനെ ഒരു വാക്കായി ഗണിക്കാമെങ്കിലും ഒരേ അര്‍ത്ഥത്തെ സൂചിപ്പിക്കുന്ന പല വാക്കുകളെ എങ്ങനെ ഒരു വാക്കെന്ന് വിധിക്കും? ഇനി തൊടര് മൊഴിയോ എന്നാണെങ്കില്‍ ‘നിലം വലുത്’ വലിയ നിലം എന്ന വിധം ഒരു വാക്കിന്റെ അര്‍ഥത്തില്‍ മറ്റൊരു വാക്കിന്റെ അര്‍ഥം കലര്‍ന്നിരിക്കേ ആ ഇരുമൊഴി, മുമ്മൊഴി തുടങ്ങിയ വാക്കുകള്‍ തൊടര്‌മൊഴിയാകുന്നതുപോലെ ഇവയെ ഗണിച്ചുകൂടായ്കയാല്‍ തൊടര്‍മൊഴിയെന്നതും പാടില്ല. ഒരര്‍ത്ഥത്തെക്കുറിക്കുന്ന പല വാക്കുകളെന്നതിന് ഒരര്‍ത്ഥത്തെ കാണിക്കുന്ന പല പദങ്ങളില്‍ ഒന്നായ വാക്ക് എന്നു വ്യാഖ്യാനിച്ചാല്‍ അത് ഒരു പൊരുള്‍ കുറിക്കുന്ന ഒരു വാക്കായിതന്നെയേ ഇരിക്കുന്നുള്ളൂ. ഇപ്രകാരം തന്നെ, ആന, കോഴി, ശംഖ് മുതലായ പല അര്‍ത്ഥമുള്ള വാരണമെന്ന വാക്ക് ഒരിക്കല്‍ ഒറ്റ അര്‍ത്ഥത്തെമാത്രം സൂചിപ്പിക്കുന്നതുകൊണ്ട് ഒരര്‍ത്ഥത്തെ ബോധിപ്പിക്കുന്ന ഒരു വാക്കായിത്തന്നെ ഇരിക്കുന്നു. കൂടാതെ, ഈ വാരണശബ്ദം ആന, ദന്തി, കളിറ് എന്നിപ്രകാരം ഒരു അര്‍ത്ഥത്തെ കാട്ടുന്ന പല വാക്കായും ആന, ശംഖ്, കോഴി ഇത്യാദി പല അര്‍ത്ഥമുള്ള ഒരു വാക്കായും ഇരിക്കുന്നതിനാല്‍ ഇതിനെ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുത്താം? ഇയര്‍ച്ചൊല്ലിന് ദൃഷ്ടാന്തങ്ങളായി കാണിച്ച മണ്‍, പൊന്‍, മരം, അഴകു, അന്‍പു മുതലായവ പല അര്‍ഥങ്ങള്‍ ദ്യോതിപ്പിക്കുന്ന ഒരു ചൊല്‍വകുപ്പിലും ഒരര്‍ത്ഥം കാട്ടുന്ന പല ചൊല്‍വകുപ്പിലും ചേര്‍ന്നിരിക്കയാല്‍ തിരിച്ചൊല്ലിന്റെ ലക്ഷണത്തോടു കൂടിയിരിക്കുന്നു. മണ്ണെന്നത് ഒപ്പനൈ, ചുടുചാമ്പല്‍, ഭൂമി, മല, സൗഭാഗ്യം (മാഴ്ചിമ) മുതലായ അര്‍ത്ഥങ്ങളെ ബോധിപ്പിക്കയാല്‍ പല അര്‍ത്ഥമുള്ള ഒറ്റ വാക്കാകുന്നു. ഞാലം, മണ്‍ മുതലായവ ഏകാര്‍ത്ഥവാചിയായ വാക്കുകളില്‍ ഒന്നായുമിരിക്കുന്നു. പൊന്‍ മുതലായവയും ഇതുപോലെതന്നെ. ചെന്തമിഴായിരിക്കുന്നത്, ഇയര്‍ച്ചൊല്‍, ഇതരങ്ങള്‍ തിരിച്ചൊല്ലുകള്‍, ഇപ്രകാരം ലക്ഷണം പറയുന്നിടത്ത് അവ വടച്ചൊല്‍ തിശച്ചൊല്‍ ഇവയുടെ ഉള്‍പ്പിരിവില്‍ അടങ്ങുമെന്നല്ലാതെ വേറൊരു വിഭാഗമായിപ്പറയാന്‍ തരമില്ല.

സംസ്‌കൃതത്തില്‍ ‘ധാതവഃ അനേകാര്‍ത്ഥാഃ’-ക്രിയാധാതുക്കള്‍ അനേകാര്‍ത്ഥങ്ങളോടുകൂടിയവ എന്നു പറഞ്ഞുകാണുന്നു. ഇതുകൊണ്ട് പദങ്ങളെല്ലാം നാനാര്‍ത്ഥവാചികളായിത്തന്നെ പറയപ്പെട്ടിരിക്കുന്നു. തമിഴിലുള്ള മേല്പറഞ്ഞ വിഭാഗങ്ങള്‍ സംസ്‌കൃതനിയമത്തിന് വളരെ വിപരീതമായിരിക്കുന്നുവെന്നും യുക്തിക്കു ചേരാത്തതെന്നും സംസ്‌കൃതപണ്ഡിതന്മാരായ തമിഴ് ശാസ്ത്രകാരന്മാര്‍ക്ക് നല്ലതിന്മണ്ണം അറിയാമെന്നിരിക്കെ ആ വിഭാഗത്തെ ഉപേക്ഷിക്കാതിരുന്നത് പഴയ ഇലക്കണ സമ്പ്രദായങ്ങള്‍ മാറ്റാന്‍ മനസ്സില്ലാത്തതുകൊണ്ടത്രേ. അതുകൊണ്ടു പഴയ ഇലക്കണങ്ങളില്‍ ഇങ്ങനെ തിരിച്ചൊല്ലെന്ന് വിഭാഗിച്ചത് അസംഗതമെന്നു പറയാന്‍ പാടില്ല. അതെന്തെന്നാല്‍, തമിഴ് വേറൊരു ഭാഷയില്‍ നിന്ന് ഉണ്ടാകാതെ ആദികാലം മുതല്‌ക്കേ നിലനിന്നുവരുന്ന ഒരു ഭാഷയായതുകൊണ്ട് ആദ്യം ഒരു വാക്കിന് ഒരര്‍ത്ഥം മാത്രമായിട്ട് വ്യാപരിച്ചുവരവേ കാലപ്പഴക്കത്തില്‍ പലകാരണങ്ങള്‍ മൂലം ഒരര്‍ത്ഥത്തിന് അനേകം വാക്കുകളും അനേകാര്‍ത്ഥത്തിന് ഒറ്റ വാക്കും ഇങ്ങനെ പലതുമുണ്ടാകാം. അപ്പോള്‍ മുമ്പ് സാധാരണ നടപ്പിലിരുന്ന ഇയര്‍ച്ചൊല്ലില്‍ നിന്ന് അവയെ പിരിച്ചു കാണിക്കേണ്ട ആവശ്യം നേരിട്ടതു നിമിത്തം ഈ വിഭാഗങ്ങളേര്‍പ്പെട്ടു എന്നൂഹിച്ചാല്‍ അതു യുക്തിക്കു ചേരും.

തമിഴില്‍ പദങ്ങള്‍ ഇലക്കണമുടയതു, ഇലക്കണപ്പോലി, മരുഉ, ഇടക്കറടക്കല്‍, മങ്കലം, കഴുവുക്കുറി ഈ വിഭാഗങ്ങളുള്ളതില്‍ ഇടക്കറടക്കല്‍, മങ്കലം ഈ രണ്ടു പിരിവുകള്‍ ലൗകികഭാഷയ്ക്കു വേണ്ടി സംസ്‌കൃതത്തിലും സ്വീകരിക്കുന്നുണ്ടെങ്കിലും ശേഷിച്ച വിഭാഗങ്ങള്‍ക്ക് ഭാഷയാകട്ടെ വ്യാകരണമാകട്ടെ സ്ഥാനമനുവദിക്കുന്നില്ല. സംസ്‌കൃതഭാഷയില്‍ വ്യാകരണനിയമത്തിനനുഗുണമായ പദമേ പ്രയോഗത്തിനു പര്യാപ്തമാവൂ.

എന്നാല്‍ സംസ്‌കൃതത്തില്‍ പൃഷോദരാദി വര്‍ഗത്തില്‍ വ്യാകരണവിധിക്കിണങ്ങാത്ത ശബ്ദങ്ങളെ വിധിക്കൊത്തതായിപ്പറഞ്ഞിരിക്കുന്നു.19 അവ വളരെ കുറച്ചേയുള്ളു. അതുകളും പാണ്ഡിത്യമുള്ളവര്‍ പ്രയോഗിച്ചതായിരിക്കണം താനും എന്നു നിയമമുണ്ട്.

തമിഴില്‍ ഇലക്കണത്തിനു ചേരാത്ത പദങ്ങള്‍ സാധാരണയായി നടപ്പിലിരിക്കുന്നു. ഗുണങ്ങളേയും ക്രിയകളേയും-ജീവന്‍, ജഡം എന്ന രണ്ടു ജാതിവസ്തുക്കളുടെ ഗുണത്തേയും ക്രിയയേയും-കാണിക്കുന്ന ഉരുച്ചൊല്ലുകളെന്ന വിഭാഗം സംസ്‌കൃതമുറയെ അനുസരിക്കാതെ തമിഴു സ്വീകരിച്ച് കാണുന്നു. ഈ ചൊല്ലുകള്‍ ക്രിയകളേയും ഗുണങ്ങളേയും മാത്രമല്ലാതെ അവയ്ക്കാധാരമായ വസ്തുവിനേയും വിശേഷണമായി കാണിക്കുന്നു. ഇവയില്‍ ചിലത് നാമമായും വേറെ ചിലത് പേരെച്ചവിനയെച്ചങ്ങളായുമിരിക്കുന്നു. പേരിയലില്‍ ഗുണനാമം, ക്രിയാനാമം എന്നു നാമത്തിന്റെ ഉള്‍പ്പിരിവുകള്‍ പറഞ്ഞു കാണുന്നു. ആ നാമങ്ങളില്‍ ഗുണം, ക്രിയ ഇവയെ കാട്ടുന്ന ഉരിച്ചൊല്ലുകളെ ചേര്‍ക്കാം-ചെപ്പ് മുതലായ ഉരിച്ചൊല്ലുകള്‍ ക്രിയാപദങ്ങളിലും വിശേഷണപ്രത്യയം ചേര്‍ന്നവയെ വിശേഷണങ്ങളിലും ഉള്‍പ്പെടുത്താം. ഉദാഹരണം-പുരൈയമന്റ പുരൈയോര്‍, കേണ്‍മൈവയക്കല്‍, ചീര്‍ത്തിമൈയ്യില്‍ വര്ന്നമുകം, വചപ്പൂരുംമേ-ഇതു പോലുള്ള സന്ദര്‍ഭങ്ങളില്‍ പുരയെന്ന ഉരിച്ചൊല്‍ മേന്മയേയും ചീര്‍ത്തിയെന്നത് ഉന്നതകീര്‍ത്തിയേയും വശപ്പെന്നത് നിറത്തെയും ബോധിപ്പിക്കുന്നതിനാല്‍ ഇവയും ഇതുപോലുള്ളവയും ഗുണനാമങ്ങളാകുന്നു. (തൊല്‍ ഉരി ഇയല്‍ ചേനാവരയര്‍ ഉരയില്‍ കാണ്ക.) ‘ഇരുപിറപ്പാളര്‍ പൊഴുതറിന്തുനുവല്‍ മേല്‍ മൂവാറെ നവിളമ്പിനര്‍ പുലവര് ഇടിപോലെ വയമ്പിനാനേ’ ഇത്യാദി സ്ഥലങ്ങളില്‍ ‘നുവര്‍’ ‘വിളമ്പിനര്‍’ ‘ഇയാവിനാന്‍’ മുതലായ ഉരിച്ചൊല്ലുകള്‍ പൂര്‍ണ്ണ ക്രിയകളായിരിക്കുന്നു. (നന്നൂല്‍)

‘ഉറ്റതു നാങ്കള്‍ കൂറ ഉണര്‍ന്തതൈ മുഴങ്കു മുന്നീര്‍ ഇരൈക്കും ചിറൈപ്പരവകള്‍’ ഇത്യാദി സന്ദര്‍ഭങ്ങളില്‍ കൂറയെന്നതു ക്രിയയില്‍നിന്നുവന്ന ക്രിയാവിശേഷണവും മുഴങ്ങും, ഇരൈക്കും ഇവ ക്രിയയില്‍നിന്നുണ്ടായ നാമവിശേഷണങ്ങളുമാകുന്നു. ‘നനി വരുന്തിനൈ വാഴിയം നെഞ്ചേ കടിമലര്‍’-ഇങ്ങനെയുള്ള ദിക്കില്‍ നനി, കടി തുടങ്ങിയവ മുറയ്ക്കു ക്രിയയില്‍ നിന്നുണ്ടാകുന്ന വിശേഷണങ്ങളും നാമവിശേഷണങ്ങളുമായിരിക്കുന്നു.

അതുകൊണ്ട് ഉരിച്ചൊല്ലുകളെന്ന വിഭാഗത്തിനു കാരണം കാണുന്നില്ല. പദ്യങ്ങള്‍ക്കു മാത്രം യോജിച്ചിരിക്കയാല്‍ പ്രത്യേകവിഭാഗമായിപ്പറയപ്പെട്ടു എന്നാണെങ്കില്‍ അതാതു വിഭാഗങ്ങളില്‍ചേര്‍ന്ന ഉരിച്ചൊല്ലുകളെ ഇവ പദ്യത്തിന് മാത്രം പറ്റിയതെന്ന് അവിടവിടെ പറഞ്ഞു വിട്ടാല്‍ മതിയായിരുന്നു.

(വമ്പു പേചുകിറാന്‍) വമ്പു പറയുന്നു, (കുഴക്കന്റു) കുഴക്കില്ലാതെ, (കറ്റവര്‍ കുറുകിന്റാര്‍) പഠിച്ചവര്‍ പറയുന്നു, നന്മൊഴി ഇത്യാദി ഘട്ടങ്ങളില്‍ വമ്പു, കുഴ, കൂറു, മൊഴി മുതലായ വാക്കുകള്‍ സാധാരണയായി സംഭാഷണങ്ങളിലും ഉപയോഗപ്പെടുന്നതുകൊണ്ട് പദ്യങ്ങള്‍ക്കുമാത്രം ചേരുന്നതെന്ന് എങ്ങനെ പറയാം. (തൊഴില്‍, ഉരിയിയല്‍ സൂ-297).

ഉരിച്ചൊര്‍കിളവി വിരിക്കും കാലൈ-ഇത്യാദി. ഉരിച്ചൊല്‍ എന്ന ശബ്ദം ഉദ്ദേശം, ഗുണം എന്നിവ സൂചിപ്പിക്കാന്‍ നാമത്തിന്റെയോ ക്രിയയുടെയോ രൂപത്തില്‍ പല അര്‍ത്ഥമുള്ള ഒരു പദമായോ ഒരേ അര്‍ത്ഥമുള്ള പല പദങ്ങളായിട്ടോ വരും. അവയില്‍ പ്രയോഗം കുറഞ്ഞവയുടെ അര്‍ത്ഥം പ്രയോഗം കൂടുതലുള്ളവയില്‍ കാണാം. ‘ചേനാവരയര്‍ ഉരയില്‍ പെരുമ്പാമ്പെയും ചെയ്യുള്‍ക്കുറിവായ് വരുതലില്‍ ഉരിച്ചൊല്ലായിറ്റം പാരുമുളര്‍’-മിക്കവാറും പദ്യത്തിന് ഉപയോഗമാകാതെ കാണുന്നതുകൊണ്ട് ഉരിച്ചൊല്ലെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ടെന്ന് പറഞ്ഞു കാണുന്നു. ഇവിടെ മിക്കവാറും പദ്യത്തിന് ഉപയുക്തമെന്ന് പറഞ്ഞതുകൊണ്ട് ഉരിച്ചൊല്ലുകള്‍ പ്രയോജനപ്പെടാതെയും വരുമെന്ന് പറയുന്നവരുണ്ട്. അല്ലാത്തവരുമുണ്ട് എന്നുള്ള അര്‍ത്ഥം സിദ്ധിക്കുന്നതിനാല്‍ അവ്യാപ്തിദോഷം നേരിടുന്നു. ഇലക്കണമാകാത്തതല്ലാത്തതുകൊണ്ട് സ്വാഭിപ്രായമില്ലെന്നും തോന്നുന്നു. തമിഴില്‍ സമുദ്രപ്രായം അനന്തസംഖ്യാകമായി കാണുന്ന നാമം ക്രിയ ഇടകളെന്ന മറ്റു മൂന്നു വിഭാഗത്തില്‍പെട്ട പദങ്ങള്‍ ഈ എല്ലാ സംഭാഷണങ്ങള്‍ക്കുമുതകാത്തതിനാല്‍ ആ മാതിരി വാക്കുകളെ ഉരിച്ചൊല്ലുകളായി പറയാത്തതെന്ത്? അതുകൊണ്ട് സംസ്‌കൃതത്തെ അനുകരിച്ച് അപരിഷ്‌കൃതമായ ഈ ഉരിച്ചൊല്‍ വിഭാഗം തമിഴ്ഭാഷകളുടെ സംസ്‌കൃതസംബന്ധഭാവത്തെ തെളിയിക്കുന്നു.

കൂടാതെ, ‘ചെല്ലെനപ്പടുപപെയരേ വിനൈയെന്റു ആയി രണ്ടു എന്‍പ അറിന്തിചിനോരെ’ (തൊല്‍. ചൊല്‍ സൂ-158). പദങ്ങള്‍ എന്നു പറയപ്പെടുന്നവ പെയര്‍നാമം, വിനൈക്രിയാ എന്ന് രണ്ടാണെന്ന് അഭിജ്ഞന്മാര്‍ പറയും എന്നു പ്രമാണപ്പടി വാക്കുകള്‍ പേര്‍ച്ചൊല്‍, വിനൈച്ചൊല്‍ എന്നു രണ്ടുതരം മാത്രമേയുള്ളുവെന്ന് വിദ്വാന്മാര്‍ പറയുന്നു എന്നു പറഞ്ഞിട്ടു അടുത്ത സൂത്രത്തില്‍ ഉരിച്ചൊല്ലും ആ വിഭാഗങ്ങളെ സംബന്ധിച്ചു സിദ്ധിക്കുമെന്നു വിധിച്ചിരിക്കുന്നു.

സംസ്‌കൃതത്തില്‍ മുഖ്യമായി സുബന്തം, തിങന്തം എന്നു രണ്ടു വിഭാഗങ്ങളെ ഏര്‍പ്പെട്ടിരിക്കുന്നുള്ളു. ഉപസര്‍ഗ്ഗം നിപാതം ഈ രണ്ടു തരം സ്വരം തുടങ്ങിയ ചില ലക്ഷണവിധികള്‍ വരുത്തുന്നതിനു സൗകര്യമായി കലര്‍ത്തപ്പെട്ടവയത്രേ.

ഏതു ഭാഷയിലും വാക്കുകളെല്ലാം ജാതി, ഗുണം, ക്രിയ ഇവയെ ആശ്രയിച്ച് ഉണ്ടാകുന്നവയായി കാണുന്നു. ഉദാഹരണം-വൃക്ഷജാതി മരങ്ങള്‍, ഗുണജാതി സൗന്ദര്യം സുന്ദരന്‍, ക്രിയാജാതി പറയല്‍, പറവോന്‍ ഇവ യഥാസംഖ്യം ജാതി ഗുണ ക്രിയകളെ മൂന്നിനെയും മുഖ്യമായും അമുഖ്യമായി അതതുകളുടെ സ്ഥാനങ്ങളായ ദ്രവ്യങ്ങളെയും കാണിക്കുന്നതിനാല്‍ ഇതുപോലുള്ളവ ജാതിഗുണക്രിയകള്‍ കാരണമായിട്ടു വരുന്നവയാകുന്നു.

കാലം, ഇടം (പ്രഥമ പുരുഷാദി), കര്‍ത്താവു തുടങ്ങിയ അര്‍ത്ഥത്തോടു ചേരാന്‍തക്കതും പ്രധാനമായി ക്രിയകളെ കാണിക്കുന്നതുമായ വാക്കുകള്‍ പൂര്‍ണ്ണക്രിയകളാകുന്നു. ഉദാഹരണം-‘രാമഃ പചതി’-രാമന്‍ പചിക്കുന്നു. ഇവിടെ പചിക്കുന്നു എന്ന ക്രിയ രാമന്‍ എന്ന കര്‍ത്താവോടുകൂടിയതും വര്‍ത്തമാനകാലത്തെ കുറിക്കുന്നതും ആകുന്നു എന്നര്‍ത്ഥം സിദ്ധിക്കുന്നു. ഈ വിധവ്യത്യാസത്തെ മുന്‍നിര്‍ത്തി പൂര്‍ണക്രിയകള്‍ ഒരു പ്രത്യേക വിഭാഗമായി പിരിക്കപ്പെട്ടിരിക്കുന്നു. മേല്‍ കാണിച്ച മൂന്നു വക പേരുകള്‍ വിശേഷ്യമായിനിന്ന് ഒരു വസ്തുവെ സൂചിപ്പിക്കുന്ന സാമര്‍ത്ഥ്യത്തോടുകൂടിയതും ഇല്ലാത്തതും എന്ന് രണ്ടുവിധമായിരിക്കുന്നു-ഉദാഹരണം-മരം നില്ക്കുന്നു, സുന്ദരന്‍ വരുന്നു, പഠിക്കുന്നവന്‍ വരുന്നു. ഇത്യാദി ഘട്ടങ്ങളില്‍ മരത്തെയും മനുഷ്യനെയും അന്യശബ്ദാപേക്ഷ കൂടാതെ വിശേഷ്യമായി കാണിക്കുന്നു. വെളുത്ത, കറുത്ത, പഠിച്ച മുതലായ വാക്കുകള്‍ മൃഗം അഥവാ മനുഷ്യന്‍ ഈ വസ്തുക്കളെ ചൂണ്ടുന്നു. മറ്റൊരു വിശേഷ്യത്തെ വെളുത്ത കുതിര, കറുത്ത കാള, പഠിച്ച മനുഷ്യന്‍ ഈ വിധം അപേക്ഷിച്ചുകൊണ്ടുതന്നെ ഇരിക്കുന്നു. ഇങ്ങനെ വിശേഷ്യമായി നിന്ന് വസ്തുക്കളെ പ്രതിബോധിപ്പിക്കുന്ന ശക്തിയോടുകൂടിയ പദങ്ങള്‍ ആവിധപ്രഭാവത്തെ വിട്ട് അന്യവാക്കിനെ വിശേഷ്യമായി അപേക്ഷിച്ചുകൊണ്ട് വിശേഷണരൂപത്തില്‍ നില്ക്കയും ചെയ്യും – ഉദാഹരണം – മരക്കലം, സുന്ദരവൃഷഭം, പഠിക്കുന്ന ഈ വാക്കുകള്‍ കലം, വൃഷഭം, ശിഷ്യന്‍ എന്നീ വാക്കുകളെ ആശ്രയിച്ചുകൊണ്ട് വിശേഷണമായിരിക്കുന്നു.

തമിഴില്‍ വിശേഷണവിശേഷ്യങ്ങളെ പിരിച്ചു കാട്ടുന്നതിന് ഉതകുന്ന ‘ആന’ ‘ആയ’ തുടങ്ങിയ പദങ്ങളെ അടയാളങ്ങളായി ചേര്‍ത്തിരിക്കുന്നു. വിശേഷ്യമാകാത്ത യോഗ്യതയുള്ള ഏതു പദത്തോടും ‘ആന’ തുടങ്ങിയ ഏതു വാക്കും ചേര്‍ത്തു വിശേഷണങ്ങളാക്കാം-അങ്ങനെ വിശേഷണങ്ങളാകുമ്പോഴും അതതുവാക്കുകള്‍ (മരം മുതലായവ) അതതിന്റെ അര്‍ത്ഥത്തെക്കാട്ടുന്ന നാമങ്ങളായിത്തന്നെ ഇരിക്കും. ഉദാഹരണം-സുന്ദരനായ പുരുഷന്‍, മരമാകിയകലം, ഇവിടെ ‘ആകിയ’ എന്ന അടയാളം സുന്ദരന്‍, മനുഷ്യന്‍ ഈ രണ്ടു വാക്കുകളുടെ രണ്ട് അര്‍ത്ഥങ്ങളേയും ഒരര്‍ത്ഥമായി കാണിക്കുന്നു. മരമാകിയ കലം എന്നതും ഈ വിധം തന്നെ. ഇപ്പറഞ്ഞ പ്രകാരം നാമവിശേഷണം, ക്രിയാവിശേഷണം ഇവയും ഇടച്ചൊല്ലു തുടങ്ങിയവയും വിശേഷണമായിനിന്ന് വിശേഷ്യവസ്തുവോടു അഭിന്നമായിരിക്കയാല്‍ നാമവിഭാഗത്തില്‍ ചേരാന്‍ തക്കവയായിരിക്കുന്നു. കറുത്ത കുതിര എന്നതില്‍ കറുത്ത എന്ന വിശേഷണം കുതിര എന്ന പൊരുള്‍ കറുത്ത നിറത്തോടുകൂടിയതെന്നു കാട്ടുന്നു. നല്ല പ്രവൃത്തി എന്നിടത്ത് നല്ല എന്ന നാമവിശേഷണം പ്രവൃത്തിയെന്ന ക്രിയാനാമത്തിന്റെ അര്‍ത്ഥമായ പ്രവൃത്തിയെ നല്ലതെന്നു കാണിക്കുന്നു. നല്ലവണ്ണം പ്രവര്‍ത്തിച്ചു എന്ന പൂര്‍ണക്രിയാധാതുവിന്റെ അര്‍ത്ഥമായ ക്രിയയും ക്രിയാനാമമായിത്തന്നെ ഇരിക്കയാല്‍ നാമപദമെന്നാകട്ടെ ക്രിയയെന്ന വിഭാഗമനുസരിച്ച് ക്രിയയെന്നാകട്ടെ പറയത്തക്കതാണ്. ഉദാഹരണം-അടുത്തുവന്നാല്‍, അടുത്തുഞെരുങ്ങുന്നു, ഇടവിടാതെ ചെയ്താല്‍ ഇങ്ങനെയുള്ളിടത്ത് അടുത്തു, ഇടവിടാതെ എന്നതു ഇടച്ചൊല്ലുകളും ‘നനി വരുന്തിനൈ’ എന്നിടത്തുള്ള നനിയെന്ന ഉരിച്ചൊല്ലും ചെയ്ക, വരുന്തതല്‍ എന്ന ക്രിയകളെ വിശേഷണമായിനിന്നു കാട്ടുകയാല്‍ ക്രിയകളെന്നു പറയാം.

അതുകൊണ്ട് സംസ്‌കൃതപണ്ഡിതനായ തൊല്‍കാപ്പിയര്‍ നാമം, ക്രിയ ഈ രണ്ടു വിഭാഗം മാത്രം പ്രധാനമെന്ന് കാണിക്കാന്‍വേണ്ടി ആദ്യസൂത്രത്തില്‍ ആ രണ്ടു തരമേയുള്ളു എന്നു പറഞ്ഞ്, അടുത്ത സൂത്രത്തില്‍ പഴയ തമിഴിലക്കണപിരിവനുസരിച്ച് ഇടച്ചൊല്‍, ഉരിച്ചൊല്‍ ഈ രണ്ടു പിരിവുകളെയും അപ്രധാനമായി വിധിച്ചുവെന്നു പറഞ്ഞാല്‍ യുക്തിക്കു ചേരും.

ക്രിയാനാമം, ഗുണനാമം, മുന്‍കാലങ്ങളില്‍ തൊഴില്‍പേര്‍, വന്‍പുപേര്‍, (ക്രിയാനാമം, ഗുണനാമം) എന്ന രണ്ടു വിഭാഗങ്ങള്‍ നാമങ്ങളിലേര്‍പ്പെടാതെ ഉരിച്ചൊല്ലുകളില്‍ തന്നെ അടങ്ങിയിരുന്നിരിക്കണം. ഉരിച്ചൊല്‍പിരിവില്‍ ചേര്‍ന്ന ഗുണഗുണിനാമങ്ങള്‍ മാത്രമേ ഭാഷയ്ക്കുപയോഗമായിരുന്നിരിക്കൂ. പില്‍ക്കാലത്തു ഭാഷാവിസ്തൃതിയെ പ്രാപിച്ച് അനന്തഗുണഗുണിനാമങ്ങള്‍ വര്‍ദ്ധിച്ചുവരാന്‍ തുടങ്ങവെ, ഇന്നിന്ന പദങ്ങള്‍ ഉരിച്ചൊല്ലുകളെന്നു പ്രത്യേകം പ്രത്യേകം വ്യവസ്ഥ ഏര്‍പ്പെട്ടിരിക്കുന്നതുമൂലം, അനന്തരകാലത്താവിര്‍ഭവിച്ച ഗുണഗുണിനാമങ്ങളെ ഉരിച്ചൊല്ലില്‍ ചേര്‍ക്കുന്നത് ഭാഷയുടെ അനാവശ്യവിസ്താരത്തിനു ഹേതുവാകരുതെന്നു കരുതി ക്രിയാനാമം, ഗുണനാമം എന്നു രണ്ടു വിഭാഗങ്ങളാക്കി പിരിച്ചു തള്ളുകയും മുന്‍പേ ഏര്‍പ്പെടുത്തിയ ഉരിച്ചൊല്‍ വിഭാഗത്തെ ഭേദപ്പെടുത്താന്‍ മനസ്സില്ലാതെ അതേപടി തന്നെ ഇടുകയും ചെയ്തു എന്നൂഹിക്കാം. അല്ലാതെയും ചെയ്ത്, ചെയ്യുന്ന മുതലായ വിനയച്ചപേരച്ചങ്ങള്‍ ക്രിയയില്‍നിന്ന് ഉണ്ടായവമാത്രം രണ്ടു പിരിവുകളായി പറയപ്പെട്ടും, ‘ചിറിയ’ ‘നനി’ മുതലായ മറ്റു പേരച്ചവിനയച്ചങ്ങള്‍ ഉരിച്ചൊല്‍ വകുപ്പില്‍തന്നെ ചേര്‍ക്കപ്പെട്ടും ഇരിക്കണം. ചെയ്ത്, ചെയ്യുന്ന ഇത്യാദി വിനയച്ചപേരച്ചങ്ങള്‍ ക്രിയകളുടെ ഉള്‍പ്പിരിവായി ചേരുമെന്നുകരുതി പ്രത്യേക വിഭാഗമായിപ്പറഞ്ഞില്ലെന്നും ഊഹിക്കാം.

ഈ വിഭാഗങ്ങളെല്ലാം അധികവും സംസ്‌കൃതത്തിനു വിപരീതമായിത്തന്നെ ഇരിക്കുന്നു. തമിഴില്‍ ഗുണഗുണിനാമങ്ങളെന്നു നവീനവൈയാകരണന്മാര്‍ ഒരു പിരിവു ചേര്‍ത്തെങ്കിലും പഴയ തമിഴില്‍ ഈ ഭേദം ഇല്ലാതെതന്നെ ഇരുന്നിരിക്കണം. എന്തെന്നാല്‍ ചുവന്നതാകിയ കുതിര എന്നും ചുവപ്പാകിയ കുതിര എന്നും വെളുത്തവനായ മനുതന്‍, വെളുപ്പാകിയ മനുതന്‍ എന്നും ഭേദമില്ലാതെ പ്രയോഗിക്കപ്പെട്ടുകാണുന്നു. സംസ്‌കൃതക്കാരായ തമിഴ് ഭാഷാശാസ്ത്രകര്‍ത്താക്കള്‍ ഇതിനെ ഭേദപ്പെടുത്തിക്കാട്ടാത്തത് പഴയ തമിഴ്‌ലക്ഷ്യങ്ങളെ അനുസരിച്ചു തന്നെ എന്നൂഹിക്കാം.

തമിഴില്‍ കുറിപ്പുചൊല്‍, വെളിപ്പടച്ചൊല്‍ എന്ന വിഭാഗം സംസ്‌കൃതത്തെ അനുകരിക്കാതെ ഇരിക്കുന്നു.

കുറിപ്പുചൊല്ലുകള്‍:-ഒന്റൊഴി പൊതിച്ചാല്‍, വികാരം, തകുതി, ആകുപേര്‍, അന്മൊഴിത്തൊകച്ചൊല്‍, വിനൈക്കുറിപ്പു, മുതല്‍ക്കുറിപ്പുചൊല്‍, കൈക്കുറിപ്പുചൊല്‍ ഇങ്ങനെ എട്ടു വിധവും, ഇപ്രകാരം പിറക്കുറിപ്പുചൊല്ലുകളും കുറിപ്പുചൊല്ലുകള്‍ തന്നെ. ഈ കുറിപ്പുചൊല്ലുകളല്ലാത്തവ വെളിപ്പടച്ചൊല്ലുകളാകുന്നു (നന്നൂല്‍ പേരിയല്‍. 269 നോക്കുക). ഉദാഹരണം-ആയിരം മക്കള്‍ പൊരുതാര്‍. ഇതില്‍ മക്കളെന്ന പൊതുനാമവും പൊരുതാര്‍ എന്ന ക്രിയയും സ്ത്രീലിംഗത്തെ ഒഴിച്ചു പുല്ലിംഗത്തെ സ്പഷ്ടമാക്കുന്നതാകയാല്‍ ഒന്റൊഴിപൊതുച്ചൊല്‍ കുറിപ്പുകളാകുന്നു.

സംസ്‌കൃതത്തില്‍ ഈ ഒന്റൊഴിപൊതുച്ചൊല്‍ കുറിപ്പു വെളിപ്പടച്ചൊല്‍ (ശക്തം) ആയി ഗ്രഹിച്ചുകാണുന്നു. ഈ ശക്തപദങ്ങളുടെ അര്‍ത്ഥത്തെ സ്പഷ്ടമാക്കാന്‍ ചില സാധനങ്ങള്‍ പറഞ്ഞിരിക്കുന്നു. അവ ഏതെല്ലാമെന്നാല്‍:-

സംയോഗോ വിപ്രയോഗശ്ച
സാഹചര്യം വിരോധിതാ
അര്‍ത്ഥഃ പ്രകരണം ലിംഗം
ശബ്ദസ്യാന്യസ്യ സന്നിധിഃ
സാമര്‍ത്ഥ്യമൗചിതീദേശഃ
കാലോ വ്യക്തിസ്വരാദയഃ
ശബ്ദാര്‍ത്ഥസ്യാനവച്ഛേദേ
വിശേഷസ്മൃതിഹേതവഃ20

അര്‍ത്ഥം-സംയോഗം (മറ്റര്‍ത്ഥത്തോടു ചേരുവ), വിപ്രയോഗം (അന്യ അര്‍ത്ഥത്തോടു ചേരായ്ക), സാഹചര്യം (അടുത്തിരിക്കുന്ന അര്‍ത്ഥത്തോടു ചേര്‍ത്തു പറയല്‍), വിരോധിതാ (ശത്രുത്വം), അര്‍ത്ഥം (സംബന്ധിച്ച വാക്കിന്റെ വിശേഷാര്‍ത്ഥം), പ്രകരണം (ഒന്നിനെക്കുറിച്ചു പ്രസ്താവിച്ചു വരുന്ന സന്ദര്‍ഭം), ലിംഗം (മുന്‍പിന്‍ വാക്യങ്ങള്‍ മുതലായ അടയാളം), ശബ്ദസ്യാന്യസ്യ സന്നിധിഃ (അന്യശബ്ദത്തിന്റെ അടുപ്പം), സാമര്‍ത്ഥ്യം (ശക്തി), ഔചിത്യം (ആയിരം മക്കള്‍ പുരുഷരായി വിചാരിച്ചത്), ദേശം (ഇടം), കാലം (സമയം), വ്യക്തി (പുല്ലിംഗം മുതലായവ), സ്വരാദികള്‍ (ഉദാത്താദികള്‍) ഇവയെല്ലാം പലപല അര്‍ത്ഥങ്ങളുള്ള വാക്കുകളുടെ അര്‍ത്ഥത്തെക്കുറിച്ചു സന്ദേഹമുണ്ടാകുമ്പോള്‍ ഇന്ന അര്‍ത്ഥമെന്നുള്ള നിശ്ചയത്തിനു കാരണങ്ങളായി ഭവിക്കുന്നു. ഉദാഹരണം-സവത്സാധേനുഃ-വത്സത്തോടു കൂടി പശു-ഇവിടെ ധേനു എന്നതിനു പിടിയാനയെന്നും പശുവെന്നും രണ്ടര്‍ത്ഥമുള്ളതുകൊണ്ട് ഉണ്ടാകാവുന്ന സന്ദേഹത്തെ വത്സശബ്ദത്തിന്റെ ചേരുവ പശു എന്ന നിഷ്‌കൃഷ്ടാര്‍ത്ഥം നല്കി ഇല്ലാതാക്കുന്നു. 2. അവത്സാധേനുഃ-വത്സത്തോടുകൂടാത്ത പശു-ഇവിടെ വത്സത്തിന്റെ ഇല്ലായ്ക പശുവെന്ന അര്‍ത്ഥത്തെ നിശ്ചയമാക്കുന്നു. 3. രാമലക്ഷ്മണൗ-രാമലക്ഷ്മണന്മാര്‍-ഇവിടെ രാമന്‍ എന്ന നാമം എപ്പോഴും കൂടിനടക്കുന്ന ലക്ഷ്മണന്റെ സാഹചര്യത്താല്‍ ദാശരഥിയെന്ന അര്‍ത്ഥത്തെ വെളിവാക്കുന്നു-രാമകാര്‍ത്തവീര്യാര്‍ജ്ജുനൗ-കാര്‍ത്തവീര്യാര്‍ജ്ജുനനോടു ശത്രുതയാല്‍ രാമശബ്ദത്തിനിവിടെ പരശുരാമാര്‍ത്ഥം കിട്ടുന്നു. അഞ്ജലിനാ ദദാതി – കൊടുക്കുന്നു എന്ന വാക്കിന്റെ അര്‍ത്ഥവിശേഷത്താല്‍ കൈമലര്‍ത്തിപ്പിടിക്കല്‍ എന്ന ഭാവം കിട്ടുന്നു. അഞ്ജലിം ശിരസി ദധാതി, സൈന്ധവം ആനയ-മരുന്നു ചേരുമ്പോള്‍ ഇന്തുപ്പെയും സവാരിസമയത്തു കുതിരയെയും പ്രകരണവ്യത്യാസത്താല്‍ സൂചിപ്പിക്കുന്നു. ഫലം ആനയ യതഃ കദള്യാസ്സര്‍വ്വാവയവാഃ ശരീരരഹിതാഃ. ഇവിടെ രണ്ടാമത്തെ വാക്യത്തിന്റെ അടയാളംകൊണ്ടു ഫലശബ്ദം കദളിപ്പഴമെന്ന അര്‍ത്ഥത്തെ തരുന്നു. ‘രാമോ ജാമദഗ്ന്യഃ’- ഇതില്‍ ജാമദഗ്ന്യഃ എന്ന നാമത്തിന്റെ സാമീപ്യത്താല്‍ രാമശബ്ദം പരശുരാമനെന്ന അര്‍ത്ഥത്തെയാണ് ഗ്രഹിക്കുന്നതെന്ന് കിട്ടുന്നു. ‘അഭിരൂപായ കന്യാ ദേയാ’ ഇതില്‍ അഭിരൂപനെന്ന വാക്ക് അതിസുന്ദരന്‍ എന്ന അര്‍ത്തത്തെ ശക്തിയാല്‍ കാണിക്കുന്നു. ‘ഖലപുഃ ആഗഛതി’-ഇതില്‍ നെല്‍ക്കളം നന്നാക്കുന്ന പുരുഷന്‍ എന്ന് ഔചിത്യം അര്‍ത്ഥം തരുന്നു. ‘സിന്ധു ദേശസ്ഥഃ സൈന്ധവഃ ശോഭനഃ’ – ഇതില്‍ സിന്ധു ദേശമെന്നത് സൈന്ധവമെന്ന പദത്തിനു കുതിര എന്ന അര്‍ത്ഥത്തെ പ്രദാനം ചെയ്യുന്നു. ‘രാത്രൗ ചിത്രഭാനുര്‍ഭാതി’-ഇവിടെ രാത്രികാലം ചിത്രഭാനു എന്ന വാക്കിന് അഗ്നി എന്ന അര്‍ത്ഥം നിര്‍ണ്ണയിച്ചു കാട്ടുന്നു. ‘മിത്രോ ഭാതി’ – ഇവിടെ മിത്രഃ എന്ന വാക്കിന്റെ പുല്ലിംഗപ്രത്യയം സൂര്യന്‍ എന്ന അര്‍ത്ഥത്തെ തരുന്നു. ‘മിത്രം ഭാതി’ – ഇതിലെ സപുംസകലിംഗപ്രത്യയം സ്‌നേഹിതനെന്ന അര്‍ത്ഥത്തെ കാട്ടുന്നു. ‘സ്ഥൂലപൃഷതി’ എന്ന സമസ്തപദം തുകച്ചൊല്‍ ബഹുവ്രീഹി. സ്ഥൂലങ്ങളായിരിക്കുന്ന പുള്ളികളോടുകൂടിയതെന്നും സ്ഥൂലമായ പാളിയെന്നും സ്വരവിശേഷത്താല്‍ ഇവിടെ അര്‍ത്ഥമാകുന്നു.

തമിഴില്‍ ‘ആയിരം മനുഷ്യര്‍ പൊരുതാര്‍’ എന്ന വാക്യത്തില്‍ ആയിരം മനുഷ്യര്‍ എന്ന വാക്ക് സ്ത്രീപുരുഷന്മാരെ പൊതുവെ അറിയിക്കുന്ന ശക്തിയോടുകൂടിയതാകയാല്‍ ഈ രണ്ടര്‍ത്ഥം ആ വാക്കിന് ചേര്‍ന്നതാണ്. ഈ രണ്ടില്‍ പൊരുതു എന്ന ക്രിയ സാധാരണമായി പുരുഷന്മാര്‍ക്കു ചേര്‍ന്നതെന്നുള്ള ഔചിത്യവിചാരത്താല്‍ ആയിരം പുരുഷന്മാരെന്ന ഒരര്‍ത്ഥത്തെ മാത്രം ഗ്രഹിച്ചുകൊള്ളുന്നു. ഇതു സംസ്‌കൃതമുറയ്ക്ക് വെളിപ്പടച്ചൊല്ലാകുന്ന കുറിപ്പുചൊല്ലാകുന്നു. തനിക്കില്ലാത്ത അര്‍ത്ഥത്തെ ലക്ഷ്യമായി കാട്ടുന്നതാണല്ലൊ കുറിപ്പുച്ചൊല്ലിന്റെ നിഷ്‌കൃഷ്ടലക്ഷണം. തമിഴുകാര്‍ കുറിപ്പുചൊല്ലെന്നു വേറെ ലക്ഷണം നിര്‍ദ്ദേശിക്കുന്നവരാണെങ്കിലും അതു സംസ്‌കൃതത്തിനനുസരണമായിരിക്കയില്ല.

തമിഴില്‍ മരമലര്‍, താമരമലരെന്ന വാക്കിന്റെ (തകാരം ലോപിച്ച്) വികാരമായിരിക്കകൊണ്ട് വികാരച്ചൊല്ലാകുന്നു. ഈ വികാരച്ചൊല്‍ താമരമലരെന്ന പൊരുളെ സൂചനകൊണ്ട് അറിയിക്കുന്നതിനാല്‍ വികാരക്കുറിപ്പുച്ചൊല്ലാകുന്നു.

സംസ്‌കൃതത്തില്‍ ഇതു കുറിപ്പുചൊല്‍ (ലക്ഷകം) ആകയില്ല. എന്തെന്നാല്‍ മര എന്ന വാക്കും താമര എന്ന വാക്കിന്റെ ഏകദേശമാകയാല്‍ അതിനു താമരപ്പൂവെന്ന അര്‍ത്ഥം സിദ്ധിക്കുകയില്ല. ഇതു ലക്ഷണംകൊണ്ട് നോക്കുമ്പോള്‍ അപശബ്ദമെന്നല്ലാതെ ഒരു പദമാകയില്ല. വ്യക്തമായി ഒരു അര്‍ത്ഥത്തെ കാണിക്കുന്ന വാക്ക് ആ അര്‍ത്ഥത്തിന്റെ സംബന്ധംമൂലം വേറൊരു അര്‍ത്ഥത്തെ ലക്ഷ്യമായി അറിയിച്ചാല്‍ അതത്രേ ലക്ഷകം. ഇവിടെ മര എന്ന അക്ഷരങ്ങള്‍ മലരെന്ന വാക്കിന്റെ സാമീപ്യത്താല്‍ ‘മരാന്തമായ താമര’ എന്ന വാക്കിനെ ലക്ഷ്യമാക്കി അതില്‍ നിന്നു താമരപ്പൂവെന്ന അര്‍ത്ഥത്തെ അറിയിക്കുന്നു. ആകയാല്‍ മര എന്നത് താമര എന്ന വാക്കിനെ അറിയിക്കുന്ന സാധനമെന്നല്ലാതെ അര്‍ത്ഥത്തെ പ്രതിബോധിപ്പിക്കത്തക്ക ശക്തിയോടുകൂടിയതല്ല-സാധനമായിരിക്കുന്നതാണു കുറിപ്പുചൊല്ലെന്ന് പറയുകയാണെങ്കില്‍ സംസ്‌കൃതത്തിന് ചേരുകയില്ല. തട്ടാന്മാര്‍ പൊന്നിനെ പറി എന്നു വിളിക്കുന്നതു പകുതികുറിപ്പുചൊല്ലായി ഉദാഹരിച്ചു കാണുന്നു. പറിക്കപ്പെടുന്ന സ്വഭാവം ഇരിക്കകൊണ്ട് നല്‍കിയ പറി എന്ന നാമം പക്ഷി, മൃഗം മുതലായ (കാരണക്കുറിമരപ്) യോഗരൂഢം പോലിരിക്കുന്നു. എന്നല്ലാതെ സംസ്‌കൃതയുക്തിപ്രകാരം കുറിപ്പുച്ചൊല്ലാ (ലക്ഷകമാ)യി തോന്നുന്നില്ല. പക്ഷി മുതലായ വാക്കുകള്‍ എല്ലാവര്‍ക്കും ഒരുപോലെ അറിയാവുന്നതാണ്. എന്നാല്‍ ഈ വാക്കു തട്ടാന്മാരുടെ വര്‍ഗത്തിനു മാത്രമേ അറിഞ്ഞുകൂടു. ഇതത്രേ വ്യത്യാസം.

ആകുപേര് എന്നത് യുക്തിക്കു ലക്ഷകമായിത്തന്നെ ഇരിക്കുന്നു-ഉദാഹരണം-കാറ് എന്ന കറുപ്പു നിറത്തെക്കുറിക്കുന്ന വാക്ക് കറുത്ത മേഘത്തെ ലക്ഷ്യമായി അറിയിക്കുമ്പോഴും, ആ പരുവത്തില്‍ വിളയിക്കുന്ന ധാന്യങ്ങളെ അറിയിക്കുമ്പോഴും ആകുപേര്‍-ലക്ഷകം-തന്നെ ആയിരിക്കുന്നു. തനിക്കിണങ്ങിയ അര്‍ത്ഥത്തെയല്ലാതെ വേറെ അര്‍ത്ഥത്തെ ഏതെങ്കിലും സംബന്ധം മൂലം ലക്ഷ്യമാക്കിക്കാട്ടുന്ന സ്വഭാവത്തോടുകൂടിയ ആ കുറിപ്പുച്ചൊല്ലുകള്‍തന്നെ ആ ലക്ഷ്യമായി അറിയിക്കുന്ന പ്രകൃതി പണ്ടുപണ്ടേ ഉള്ളതെന്ന വിശേഷത്താല്‍ ആകുപേരെന്ന ഉള്‍പ്പിരിവായി തിരിഞ്ഞിരിക്കുന്നു.

സംസ്‌കൃതത്തില്‍ ആ ആകുപേര്‍ അല്ലെങ്കില്‍ ലക്ഷകം വെളിപ്പടച്ചൊല്ലുക (യോഗരൂഢിക)കളായി അംഗീകരിച്ചിരിക്കുന്നു. ഉദാഹരണം-പാദഃ, പദ്യതേ, അനേനേതി പാദഃ ഗമിക്കപ്പെടുന്നതുകൊണ്ട് പാദം-കാല്‍ എന്നര്‍ത്ഥം-കാലെന്ന അവയവനാമം ആ അവയവത്തെപ്പോലെ, നാലില്‍ ഒന്നെന്ന അര്‍ത്ഥത്തേയും അതിന്റെ ഗുണങ്ങളേയും ‘പാദസദൃശഃ പാദഃ’ പാദത്തിനു (അളവാല്‍) തുല്യമായതു പാദം എന്നും ‘പാദാധാരഃ പരിമാണം പാദം’ പാദമെന്ന അവയമായ ആധാരത്തോടുകൂടിയ അളവു പാദം-എന്ന കാരണം കൊണ്ട് അര്‍ത്ഥമേര്‍പ്പെട്ടിരിക്കയാല്‍ ‘കാരണക്കുറിമരപ്’ (യോഗരൂഢം) എന്നാകുന്നു. ഈ വിഭാഗത്തില്‍പ്പെട്ട വാക്കുകള്‍ മിക്കവാറും തദ്ധിതപ്രത്യയം ചേര്‍ത്ത് അതിനെ ലോപിപ്പിച്ച് വെളിപ്പടച്ചൊല്ലുകളായി കാണിച്ചിരിക്കുന്നു. ഉദാഹരണം-മാവിന്റെ നാമമായ ചൂതമെന്ന വാക്ക് അതിന്റെ അവയവമായ പൂവ്, കായ് ഇവയെ അറിയിക്കുമ്പോള്‍ ‘മയ’ എന്ന തദ്ധിതപ്രത്യയം ലോപിച്ച് വീണ്ടും ചൂതമെന്നു തന്നെയായി പൂവെയും പഴത്തെയും അറിയിക്കുന്നു.

നീലനിറത്തെ അറിയിക്കുന്ന നീലശബ്ദം കറുത്ത വസ്തുവെ അറിയിക്കുമ്പോള്‍ മതുപ്പിന്റെ മകാരത്തിനു വകാരാദേശം വന്നാണ് നീലവത് എന്നാകുന്നത്. ‘മതുപ്’ പ്രത്യയം വന്ന് നീലവത് എന്നായി പ്രത്യയം ലോപിച്ച് നീലനിറത്തോടുകൂടിയ അര്‍ത്ഥത്തെ ബോധിപ്പിക്കുന്നു.21

തമിഴില്‍ ഇതുപോലുള്ളവയെല്ലാം ആകുപേര്‍കളായിരിക്കുന്നു. ഉദാഹരണം-കാലാല്‍നടന്നാല്‍ എന്നിടത്തുള്ള കാല്‍ എന്ന എണ്ണളവുപേര്‍ അത്രയ്ക്കളവുള്ള അവയവത്തെ അറിയിക്കുകയാല്‍ ആകുപേരായി തമിഴില്‍ പറഞ്ഞിരിക്കുന്നു.

സംസ്‌കൃതത്തില്‍ പാദഃ എന്ന പാദം, ഭാഗം എന്ന അളവിനെ കാണിക്കുന്നതായിരുന്നാലും വെളിപ്പട (ശക്തം) എന്ന ഇനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സാധാരണ വ്യവഹാരത്തിന് ഉപയോഗമായി അര്‍ത്ഥത്തെ വ്യക്തമായി അറിയിക്കുന്നവയെല്ലാം വെളിപ്പടച്ചൊല്ലുകളെന്നു സംസ്‌കൃതം വിധിക്കുന്നു. അതുകൊണ്ട് കുറിപ്പുച്ചൊല്ലുകളില്‍ ആക്കുപേരെന്ന് ഒരു വിഭാഗം സംസ്‌കൃതത്തില്‍ ഇല്ല. ആധാരം, സാദൃശ്യം തുടങ്ങിയ പല സംബന്ധങ്ങളാല്‍ പാരമ്പര്യമായി നടന്നുവരുന്നുവെന്നുള്ളതാണ് കാരണക്കുറിമരപെന്ന ശബ്ദവിഭാഗത്തിനു ഹേതു. ഈ ആകുപേര്‍ചൊല്ലിനും അതുതന്നെ കാരണമായിരിക്കുന്നു. അതുകൊണ്ട് അവ മറ്റൊരു വിഭാഗമെന്ന് എണ്ണപ്പെടുന്നില്ല.

തമിഴില്‍ കാരണക്കുറിമരപിന് ഉദാഹരണമായി പറയപ്പെട്ടവിലങ്കെനശബ്ദം വിലങ്കുതന്‍-വിലകന്‍-(നീങ്ങന്‍) എന്ന ക്രിയയെ അറിയിച്ച് അതിനാധാരമായിരിക്കുന്ന മൃഗം എന്ന പൊരുളിനെ കാട്ടുന്നു. ‘നീലം ചൂടിനാന്‍’ ഇവിടെ നീലനിറത്തിനാധാരമായ കൂവളമലരെ അറിയിക്കുന്നു. ഈ രണ്ടും ആകുപേര്‍ ചൊല്ലുകള്‍ തന്നെ. നീങ്ങല്‍ ക്രിയ, നീലം ഗുണം ഈ രണ്ടേ വ്യത്യാസമുള്ളൂ. എല്ലാ വാക്കുകളും കാരണത്തോടുകൂടിത്തന്നെ ഉണ്ടാകുന്നു. അവയില്‍ ജ്ഞാതകാരണമായവ കാരണക്കുറികളാകും. അജ്ഞാതകാരണങ്ങള്‍ മാത്രം ഇടക്കുറി(രൂഢി)കളാകും. കാരണമില്ലാത്തതുകൊണ്ട് രൂഢികളായതല്ല. ആകുപേരുകള്‍ക്കും ഈ ലക്ഷണം തന്നെ ചേരുന്നതിനാല്‍ അവയെ കാരണക്കുറി (യോഗരൂഢി) മരപെന്നു വ്യവസ്ഥാപിക്കുന്നതാണ് സംസ്‌കൃതമുറയ്ക്കു ചേരുന്നതെന്നിരിക്കെ അങ്ങനെ പറയാത്തതു പഴയ തമിഴു ലക്ഷണത്തെ ആശ്രയിച്ചതുകൊണ്ടാണ്. പൊറ്റൊടി എന്നു അനുമൊഴി തുകച്ചൊല്ല് പൊന്‍വള എന്ന നേരായ അര്‍ത്ഥത്തെ കൂടാതെ ആ വളയോടുകൂടിയ സ്ത്രീയെ ലക്ഷ്യമാക്കുന്നതിനാല്‍ കുറിപ്പുച്ചൊല്ലാകുന്നു.

സംസ്‌കൃതത്തില്‍ തുകച്ചൊല്‍ (സമസ്തപദങ്ങള്‍) എല്ലാം വ്യാകരണപ്രകരണം ഇന്ന വിധത്തില്‍ വരുമെന്ന് വ്യവസ്ഥ ചെയ്തിരിക്കയാല്‍ വെളിപ്പടച്ചൊല്ലുകള്‍ ശക്തങ്ങളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അനുമൊഴിത്തുകയും (ബഹുവ്രീഹിസമസ്തപദവും) വെളിപ്പടച്ചൊല്ലുകള്‍ തന്നെ. ഇവനിപ്പോള്‍ പൊന്നന്‍ എന്നിടത്തു ഇപ്പോള്‍ എന്ന കാലം ചേരുന്നതിനു തക്കതായ പൊന്നന്‍ എന്ന വാക്കു പൊന്നന്‍ എന്ന അര്‍ത്ഥത്തെ മാത്രമല്ലാതെ ആയിരിക്കുന്നവന്‍ എന്ന ക്രിയാര്‍ത്ഥത്തെയും കുറിച്ചു കാട്ടുകയാല്‍ വിനൈക്കുറിപ്പ് (ക്രിയാലക്ഷ്യം) എന്ന കുറിപ്പുചൊല്ലാകുന്നു.

സംസ്‌കൃതത്തില്‍ ഇവനിപ്പോള്‍ പൊന്നന്‍ ഇത്യാദി ഘട്ടങ്ങളില്‍ ആയിരിക്കുന്നവന്‍ എന്ന ശബ്ദം തോന്നുന്നു എന്നും ആ വാക്കിന് (അധ്യാഹൃതപദം) നിമിത്തം ആ ക്രിയാര്‍ത്ഥം സിദ്ധിക്കുന്നു എന്നും അതുകൊണ്ട് പൊന്നന്‍ എന്ന വാക്ക് വെളിപ്പടച്ചൊല്ലെന്നും സ്വീകാര്യമത്രേ. മുതല്‍ക്കുറിപ്പു, തുകക്കുറിപ്പു തുടങ്ങിയവ സംസ്‌കൃതലക്ഷകത്തോട് ഒത്തിരിക്കുന്നു. അതിനാല്‍ അവ ഇവിടെ എടുത്തുകാട്ടേണ്ട ആവശ്യമില്ല. വ്യത്യസ്തമായവ മാത്രമേ ഇവിടെ നിരൂപണത്തിനു വിഷയമാക്കീട്ടുള്ളു.

അടിക്കുറിപ്പുകള്‍

1. ഘടത്തില്‍ ഘടത്വം പടത്തില്‍ പടത്വം വൃക്ഷത്തില്‍ വൃക്ഷത്വം എന്നിവയത്രേ ജാതി അഥവാ സാമാന്യം.

2. പചതി എന്നു ക്രിയയായും ക്രിയാനാമമായും പ്രയോഗിക്കും. പചതി ഭവതി = പാകം ഉണ്ടാകുന്നു.

3. ഇതു നൈയായികന്മാരില്‍ പ്രാചീനന്മാരുടെ അഭിപ്രായം

4. ഇതു നൈയായികന്മാരില്‍ നവീനന്മാരുടെ മതം..

5. വിശ്വനാഥപഞ്ചാനനന്‍, കാരികാവലി-കാരിക 81

മുക്താവലി വാക്യം 79

6. ടി. വാക്യം 80

7. ടി. വാക്യം 77

8. ടി. വാക്യം 90

9. ഉദ്ഭിദ് എന്ന് ഒരു യാഗത്തിന് പേരുണ്ട്.

10. ധര്‍മ്മരാജാധ്വരീന്ദ്രന്റെ വേദാന്തപരിഭാഷയില്‍ പറഞ്ഞിട്ടുള്ള അതേ കാര്യം തന്നെ. പക്ഷേ സ്വാമികള്‍ വാക്യം അതേപടി ഉദ്ധരിക്കുകയല്ല. കാര്യം സംസ്‌കൃതത്തില്‍ പറയുകയാണ് ചെയ്തിരിക്കുന്നത്.

11. ടി.

12. ടി.

13. ഛാന്ദോഗ്യോപ്യനിഷത്ത് ആറാമദ്ധ്യായത്തില്‍ 7 മുതല്‍ 16 വരെയുള്ള ഖണ്ഡങ്ങളുടെ ഒടുവിലായി ഒന്‍പതു തവണ ഈ വാക്യം പ്രയോഗിച്ചിട്ടുണ്ട്.

14. സംസ്‌കൃതത്തില്‍ ഏഴുവിഭക്തികള്‍ ഓരോവിഭക്തിയിലും ഏകവചനം, ദ്വിവചനം, ബഹുവചനം എന്നിങ്ങനെ മൂന്നു വചനങ്ങള്‍. അങ്ങനെ ഇരുപത്തൊന്നു രൂപങ്ങള്‍. ഈ ഇരുപത്തൊന്നിനും ഓരോ പ്രത്യയം. അവയത്രേ സുപ് ഇവിടെ പ്രഥമ ഏക വചനത്തിന്റെ സു എന്ന പ്രത്യയവും സപ്തമി ബഹുവചനത്തിന്റെ സുപ് എന്നതിലെ പകാരവും ചേര്‍ത്താണ് സുപ് എന്ന പ്രത്യാഹാരം ഉണ്ടാക്കിയിരിക്കുന്നത്. ഈ പ്രത്യയങ്ങളെ വിധിക്കുന്ന സൂത്രവും പ്രത്യയങ്ങളും ഇതേ പുസ്തകത്തില്‍ വിഭക്തിനിരൂപണപ്രകരണത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.

15. സംസ്‌കൃതത്തില്‍ ധാതുക്കള്‍ പരസ്‌മൈപദം, അത്മനേപദം എന്നുരണ്ടുവിധം. ഓരോന്നിലും പ്രഥമപുരുഷന്‍, മദ്ധ്യമപുരുഷന്‍, ഉത്തമപുരുഷന്‍ എന്നീ മൂന്നു പുരുഷന്മാരേയും അവ ഓരോന്നിലും മൂന്നു വചനങ്ങളേയും ആശ്രയിച്ച് 18 ക്രിയാരൂപങ്ങള്‍. പതിനെട്ടിനും ഓരോ പ്രത്യയം. അവയത്രേ തിങ്. പ്രത്യയങ്ങള്‍ ഇതേ പുസ്തകത്തിന്റെ ധാതു പ്രകരണത്തില്‍ കൊടുത്തിട്ടുണ്ട്. പരസ്‌മൈപദം പ്രഥമൈകവചനത്തിന്റെ ‘തി’യും ആത്മനേപദം ഉത്തമപുരുഷബഹുവചനത്തിന്റെ മഹിങ്ങിലെ ‘ങ്’ എന്നതും ചേര്‍ത്തുണ്ടാക്കിയ പ്രത്യാഹാരമാണ് തിങ്.

16. ക്രിയാരൂപങ്ങളുടെ മൂലത്തിനു ധാതു എന്നു പറയുന്നതുപോലെ നാമരൂപങ്ങളുടെ മൂലത്തിനു പ്രാതിപദികം എന്നുപറയുന്നു. പാണിനീയസൂത്രവും അര്‍ത്ഥവും ഇതേ പുസ്തകത്തില്‍ വിഭക്തിപ്രകരണത്തില്‍ പറഞ്ഞിട്ടുണ്ട്.

17. പ്ര, പര, അപ, സമ്, അനു, അവ, നിസ്, നിര്, ദുസ്, ദുര്, വി, ആങ്, നി അധി, അപി, അതി, സു, ഉത്, അഭി, പ്രതി, പരി, ഉപ എന്നിവയത്രേ ഉപസര്‍ഗങ്ങള്‍.

18. രമിച്ചു എന്നര്‍ത്ഥം.

19. വ്യാകരണനിയമങ്ങള്‍ക്കു വഴങ്ങാത്ത സമസ്തപദങ്ങളെ ചേര്‍ത്തു പൃഷോദരാദി ഗണം പാണിനി പറഞ്ഞിട്ടുണ്ട്. പാണിനീയസൂത്രം 9-3-109 പറയുന്നത് അവ അപ്രകാരം തന്നെ സാധുവായി പരിഗണിച്ചുകൊണ്ടാല്‍ മതി എന്നാണ്.

20. ഭര്‍ത്തൃഹരി, വാക്യപദീയം, 2-3-15, 3-16.

21. അതോടുകൂടിയത് എന്ന അര്‍ത്ഥത്തില്‍ വതുപ്, മതുപ് എന്ന രണ്ടു പ്രത്യയങ്ങളാണുള്ളത്.