ആനന്ദാശ്രു

ശ്രീ എന്‍ . ഗോപിനാഥന്‍നായരുടെ ‘രസകരങ്ങളായ സംഭവങ്ങള്‍ ‘ എന്ന പുസ്തകത്തില്‍ നിന്ന്.

തലവടി കൃഷ്ണപിള്ള എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഗൃഹസ്ഥശിഷ്യന്‍റെ വസതിയില്‍ സ്വാമിതിരുവടികള്‍ വിശ്രമിക്കുന്ന കാലം. ഒരു ദിവസം സന്ധ്യയോടടുത്തസമയം. സ്വാമിതിരുവടികള്‍ പുറത്തേക്കിറങ്ങി. കൃഷ്ണപിള്ളയും മറ്റൊരാളും കൂടെയുണ്ടായിരുന്നു. കുറെ ദൂരം എങ്ങോട്ടെന്നില്ലാതെ നടക്കുക, തോന്നുമ്പോള്‍ മടങ്ങുക – അതായിരുന്നു സ്വാമിതിരുവടികളുടെ സായാഹ്ന സവാരിയുടെ സ്വഭാവം. കുറെദൂരം പിന്നിട്ടു. ഇരുട്ടു വ്യാപിച്ചുതുടങ്ങി. എതിരെ ഒരാള്‍ വരുന്നു. രൂപം വ്യക്തമല്ല. അടുത്തെത്തി. അയാള്‍നിന്നു. ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ ദൃഷ്ടികള്‍ അയാളുടെ നേര്‍ക്ക് തിരിഞ്ഞു. ഒരു നിമിഷം അയാള്‍ മുന്നില്‍ വന്ന് ആ പാദങ്ങളില്‍ നമസ്കരിച്ചു. ഒരു വികൃതരൂപം, വൃത്തിഹീനമായ വേഷം. കാഴ്ചയില്‍ ഒരു ഭ്രാന്തന്‍! സ്വാമി തിരുവടികള്‍ അയാളെ പിടിച്ചെഴുന്നേല്‍പിച്ചു. കൂപ്പുകൈയ്യുമായി നില്‍ക്കുന്ന അയാളുടെ കണ്ണുകളില്‍ നിന്ന് നീര്‍ത്തുള്ളികള്‍ ഇറ്റ് വീഴുന്നു. സ്വാമി തിരുവടികള്‍ രണ്ടുകൈകളും നീട്ടി അയാളുടെ ശിരസ്സില്‍വച്ച് അനുഗ്രഹിച്ചു. ആലക്തികശക്തിവിശേഷത്താല്‍ എന്നപോലെ അയാളുടെ മുഖം തെളിഞ്ഞുപ്രകാശിച്ചു. ഒന്നും ചോദിച്ചില്ല, ഒന്നും പറഞ്ഞുമില്ല. നിശബ്ദനിമിഷങ്ങള്‍ കടന്നുപോയി. രണ്ടുപേരും അവരവരുടെ വഴിക്കും. കൂടെയുള്ളവര്‍ക്ക് അയാളെക്കുറിച്ച് അറിയാന്‍ ആഗ്രഹം. അവര്‍ അയാളെപ്പറ്റി സ്വാമിതിരുവടികളോട് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു:

“ഒരു മഹാജ്ഞാനിയാണ്. ജീവന്‍മുക്തനായി കഴിയുകയാണ്. ശരീരം ത്യജിക്കാന്‍ അധികം സമയമില്ല. നാളെ ഒരുമണിയോടെ അദ്ദേഹം മഹാസമാധി അടയും. അതിലുള്ള ആഹ്ലാദപ്രകടനമാണ് അടര്‍ന്നുവീണ അശ്രുകണങ്ങള്‍! ഈ സംഗതി മറ്റാരോടും പറയരുത്.”

അടുത്തദിവസം നിശ്ചിതസമയത്ത് ആ വിശിഷ്ടസംഭവം നടന്നു. കൃഷ്ണപിള്ള ദൃസാക്ഷിയായിരുന്നു.

ഇവിടെ കണ്ണുനീര്‍ വാര്‍ത്തത് “ആഹ്ലാദസൂചകമാണെന്നു സ്വാമി തിരുവടികള്‍ പറഞ്ഞത് ആലാപനാമൃതമാണ്. അനേകകോടി ജന്മങ്ങള്‍ ശരീരത്തിനകത്ത് ബദ്ധനായിക്കഴിയുന്ന ജീവനു നിത്യമുക്തി ലഭിക്കുന്നതിലുള്ള ആഹ്ലാദമാണിതിനു കാരണം. അല്ലാതെ സാമാന്യജനങ്ങളെപ്പോലെ ദേഹവിയോഗ ദുഃഖമില്ല”

ആഗതനായ മഹാത്മാവിന്‍റേയും സ്വാമിതിരുവടികളുടേയും ആശയവിനിമയം നടന്നത് “പശ്യന്തി”യിലാണ്- “വൈഖരി”യിലല്ല! ആത്മജ്ഞാനികള്‍ അന്യോന്യം ആശയങ്ങള്‍ കൈമാറുന്ന രീതി ആരെ അത്ഭുതപ്പെടുത്തുകയില്ല! ഒരു വെളിച്ചം മറ്റൊരു വെളിച്ചത്തോട് പ്രകാശത്തിന്‍റെ ഭാഷയില്‍ സംസാരിക്കുന്നു.