പന്മന സി.പി.പി.സ്മാരക വായനശാലയിലാണ് അവിടുന്ന് വിശ്രമിച്ചത്. അവിടെ ചെന്നശേഷം രോഗം വര്‍ദ്ധിച്ചു. ക്ഷീണം നാള്‍ക്കുനാള്‍കൂടി. എന്നിട്ടും പ്രസന്നതയ്ക്ക് യാതൊരു കുറവും കണ്ടില്ല. ശിഷ്യഗണങ്ങളാണെങ്കില്‍ -അവരുടെ ഇടയ്ക്ക് പണഡിതന്മാര്‍, ശാസ്ത്രജ്ഞന്മാര്‍, ധനാഢ്യന്മാര്‍ എന്നിങ്ങനെ ഏതിനക്കാരുമുണ്ടായിരുന്നു- അവിടുത്തെ പരിചരിക്കുന്നത് ജീവിത സാഫല്യമാണെന്നു കരുതി അഹമികയാ പ്രവര്‍ത്തിച്ചുവന്നു. ഓരോരുത്തരോടും സ്വാമികള്‍ വാത്സല്യമിശ്രണവും ഫലിതമയവുമായി സംസാരിച്ചുകൊണ്ടിരുന്നു. അതിനിടയ്ക്ക് സംഗീതമുണ്ട്, ശാസ്ത്രചര്‍ച്ചയുമുണ്ട്. പ്രധാനമായി സംഗീതം തന്നെ. അതിനാവശ്യമുള്ള ഉപകരണങ്ങള്‍- ഗഞ്ചിറ, വീണ, ഫിഡില്‍ മുതലായവ- കൂടെ എപ്പോഴും ഉണ്ടായുരുന്നു. കട്ടിലിനടിയില്‍ തന്‍റെ നിതാന്ത സഖാക്കളായ, മാക്രി, എലി, മുതലായചെറു ജന്തുക്കളും അടുത്തുകൂടിയിരുന്നു. ഒരു ദിവസം ഒരു മഞ്ഞച്ചേരയും അവയോടൊന്നിച്ചുണ്ടായിരുന്നുവത്രെ.
മേടം 22-ാംതീയതി സ്വാമികള്‍ ശ്രീ.കുമ്പളത്തിനെ വിളിച്ച് അവിടെത്തന്നെ ഉണ്ടായിരിക്കണമെന്ന് പതിവില്ലാത്തവണ്ണം നിര്‍ദ്ദേശിച്ചു. അടുത്തദിവസം അതായത് 1099 മേടം 23-ാംതീയതി വൈകിട്ട് സ്വാമികള്‍ എഴുന്നേറ്റിരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. വത്സലശിഷ്യനായ പത്മനാഭപണിക്കരുടെ സഹായത്തോടുകൂടി അവിടുന്നു കട്ടിലില്‍ എഴുന്നേറ്റിരുന്ന് സാവധാനത്തില്‍ ഉപവിഷ്ടനായി. ക്രമേണ ധ്യാനനിഷ്ഠനായി കാണപ്പെട്ടു. അത് അവസാന നിമിഷങ്ങളാണെന്ന് ആരും ധരിച്ചില്ല. എങ്കിലും പരമാര്‍ത്ഥം അങ്ങിനെയായിരുന്നു. അവിടുന്ന് ദേഹബന്ധം ഉപേഷിച്ച് പരമപദം പ്രാപിച്ചുകഴിഞ്ഞു. ആപുണ്യകളേബരം നേരത്തെ നിര്‍ദ്ദേശിച്ചതനുസരിച്ച് പന്മനക്കാവില്‍ വിധിയാംവണ്ണം സമാധിയിരുത്തപ്പെട്ടു.
ആ വിയോഗവാര്‍ത്ത പെട്ടെന്ന് കേരളമാകെ പരന്നു. ചട്ടമ്പിസ്വാമികളുടെ നാമം കേട്ടിട്ടില്ലാത്ത കേരളീയര്‍ ചുരുക്കമായിരുന്നു. അപ്രമേയ പ്രഭാവനായ ഒരു ആത്മയോഗി, ആചാര്യന്‍,അസാധാരണസിദ്ധികള്‍ തികഞ്ഞ ഒരു കലാകാരന്‍, സര്‍വ്വശാസ്ത്രപാരംഗതന്‍, സകല ജീവജാലങ്ങളേയും ആത്മനിര്‍വ്വിശേഷം ദര്‍ശിക്കാന്‍ കഴിഞ്ഞ ഒരു സ്നേഹമൂര്‍ത്തി ഇതൊക്കെയായിരുന്നു കേരളീയര്‍ക്ക് ശ്രീ ചട്ടമ്പിസ്വാമികള്‍. ആ സ്ഥാനത്തേയ്ക്കു പകരം മറ്റാരേയും കാണാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ശദാബ്ദങ്ങള്‍ക്കിടയ്ക്കെങ്ങാനും ആകസ്മികമായാവിര്‍ഭവിച്ച് മറയാറുള്ള ഒരു അപൂര്‍വ്വജ്യോതിസിന്‍റെ തിരോധാനമാണ് ആ സമാധിയോടുകൂടി കേരളത്തിനുണ്ടായതെന്ന് എല്ലാവര്‍ക്കും ബോധ്യമായി.