കലാകാരന്‍

ശ്രീ പി.കെ.പരമേശ്വരന്‍നായരുടെ ‘പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികള്‍ ‘ എന്ന ജീവചരിത്ര സംഗ്രഹത്തില്‍ നിന്ന്

സ്വാമികളുടെ  അത്ഭുതകരമായ കലാപാടവമായിരുന്നു ആളുകളെ അദ്ദേഹത്തിലേക്കാകര്‍ഷിച്ച മറ്റൊരു സിദ്ധി. അദ്ദേഹം ഒരു ഭാഗവതരെന്നോ, എഴുത്തുകാരനെന്നോ അഭിമാനിക്കുകയോ നടിക്കുകയോ ചെയ്തില്ല. ചില വിശ്രമസ്ഥാനങ്ങളില്‍ ഒരു പഴഞ്ചന്‍ ഗഞ്ചിറയോ, ഓടക്കുഴലോ, വീണയോ ഒക്കെ വച്ചേയ്ക്കും. വിശ്രമിക്കുമ്പോള്‍ ആത്മനിര്‍വൃതിക്കുവേണ്ടി ചിലപ്പോള്‍ അതിലൊന്ന് കൈക്കലാക്കി പ്രയോഗിക്കും. ചില സന്ദര്‍ഭങ്ങളില്‍ ദൂരസ്രാവ്യമായ ഒരു സംഗീതമോ, സംഗീതത്തെപറ്റിയുള്ള ആരുടെയെങ്കിലും ഒരു പരാമര്‍ശമോ സംഗീതരസമുള്ളവരുടെ സഹവാസമോ ആയിരിക്കും ഒരു പ്രേരണ നല്‍കുന്നത്. പിന്നെ അവിടം നാദബ്രഹ്മത്തില്‍ ആണ്ടുലയിക്കുകയായി. ഏതൊരു തകര്‍ന്ന സംഗീതോപകരണത്തിലും ആ കലയുടെ പൂര്‍ണ്ണത പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ചിലപ്പോള്‍ കൗയ്യില്‍കിടന്ന ഇരുമ്പുമോതിരം മതിയായിരുന്നു താളമേളങ്ങള്‍ കൊഴുപ്പിക്കാന്‍ ഉപകരണമായിട്ട്. പല ഉത്സവസ്ഥലങ്ങളിലും വച്ച് ചെണ്ടക്കാര്‍ക്കും തകിലുകാര്‍ക്കും നാഗസ്വരക്കാര്‍ക്കും തെറ്റുകള്‍ തിരുത്തിക്കൊടുക്കുകയും ശരിയായപ്രയോഗം എങ്ങിനെ ഇരിക്കണമെന്ന് കാണിച്ചുകൊടുക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

സഹജമായ കവിതാ വാസന യൗവ്വനകാലത്ത് അദ്ദേഹത്തില്‍ പ്രകടമായി പ്രകാശിച്ചു. രസികാഗ്രഗണികളായ രണ്ടു ശിഷ്യന്മാരുടെ സമ്പര്‍ക്കം  അതിലേയ്ക്ക് വളരെ സഹായിച്ചു. പെരുന്നല്ലി കൃഷ്ണന്‍വൈദ്യന്‍, വെളുത്തേരി കേശവന്‍വൈദ്യന്‍, എന്നീ കവികളായിരുന്നു ആ ശിഷ്യന്മാര്‍. അവരുടെ കവിതാവാസനയെ പ്രചോദിപ്പിക്കാനാണ് ഞാന്‍ ശിവവേഷം കെട്ടിയതെന്ന് അദ്ദേഹം പില്‍ക്കാലത്ത് പറയാറുണ്ടായിരുന്നു. ശിഷ്യന്മാര്‍ ഗുരുവില്‍അതിഭക്തന്മാരും ഗുരു അവരില്‍ അതീവ വത്സലനുമായിരുന്നെന്ന് അവര്‍ തമ്മില്‍ കവിതയില്‍ അങ്ങോട്ടുമിങ്ങോട്ടുമയച്ച കത്തുകള്‍ സാക്ഷ്യം വഹിക്കുന്നു. സ്വാമിയുടെ കവിതകള്‍ ചിന്തയിലും സാരള്യത്തി ലും സരസതയിലും നിരുപമങ്ങളാണ്.

എഴുത്തിനുള്ള നിശ്ചിതോപാധികളോ, ഉപകരണങ്ങളോകൂടാതെ ഇത്ര വളരെ എഴുതിയ മറ്റൊരു വ്യക്തിയെ കാണാന്‍ പ്രയാസമായിരിക്കും. എവിടെയെങ്കിലും ഇരിക്കുന്നതിനിടയ്ക്ക് കുറച്ചുകടലാസ്സും ഒരു പെന്‍സിലും കിട്ടിയാല്‍ ഒരു പായില്‍ മലര്‍ന്ന് കിടന്നുകൊണ്ട് എന്തെങ്കിലും കുത്തിക്കുറിക്കുകയാണ് അദ്ദേഹം ചെയ്യുക. അതു ചിലപ്പോള്‍ അവിടെത്തന്നെ ഇട്ടിട്ടുപോയെന്നും വരാം. അല്ലെങ്കില്‍ അവശേഷിച്ചഭാഗം ഏതാനും മാസങ്ങള്‍ക്കുശേഷം മറ്റൊരിടത്തുവച്ചായിരിക്കും എഴുതുക. ഇങ്ങിനെ പലയിടത്തുവച്ചു പലപ്പോഴായി എഴുതിയിട്ടുള്ളതാണ്, പ്രാചീനമലയാളം, വേദാധികാര നിരൂപണം, ജീവകാരുണ്യ നിരൂപണം, സര്‍വ്വമതസാമരസ്യം മുതലായി മിക്കവാറും അപൂര്‍ണ്ണങ്ങളായ കൃതികള്‍. എഴുതിയവയില്‍ തൊണ്ണൂറുശതമാനവും കണ്ടുകിട്ടിയിട്ടില്ല. ബാക്കിയുള്ള പത്തുശതമാനമേ ഇന്ന് അദ്ദേഹത്തിന്‍റെ പാടവം തെളിയിക്കാന്‍ ശേഷിച്ചിട്ടുള്ളൂ.

തിരുവിതാംകൂറിലും കൊച്ചിയിലും സ്വാമികള്‍ വിശാലമായി സഞ്ചരിച്ചെങ്കിലും പൊതുവേ അദ്ദേഹം എതാണ്ട് അജ്ഞാതനായാണ് ജീവിതം നയിച്ചത്. എങ്കിലും ചിന്തകന്മാരുടേയും ബുദ്ധിസമ്പന്നന്‍മാരുടേയും ഇടയ്ക്ക് സ്വാമികള്‍ സുപരിചിതനും ആരാധിതനും ആയി. വിവേകാനന്ദന്‍കേരളത്തില്‍ വന്ന അവസരത്തില്‍ ചട്ടമ്പിസ്വാമികള്‍ എറണാകുളത്തുണ്ടായിരുന്നു. അവര്‍ തമ്മിലുണ്ടായ സമ്പര്‍ക്കം സുപ്രഥിതമാണ്. വിവേകാനന്ദന് വേദാന്തസംബന്ധമായുണ്ടായിരുന്ന പല സംശയങ്ങളും  സ്വാമികള്‍ നിവാരണം ചെയ്തുകൊടുത്തതും പ്രസിദ്ധമാണ്. കേരളത്തിലെ ആചാരവൈകല്യങ്ങള്‍ കണ്ട് നൈരാശ്യബദ്ധനായി നിന്ന വിവേകാനന്ദന് ഭാവിയെപ്പറ്റി പ്രത്യാശയ്ക്ക് വകനല്‍കിയ ഏക സംഗതി ചട്ടമ്പിസ്വാമികളെപ്പോലെയുള്ള ഒരു വ്യക്തിയെ കണ്ടെത്തിയതായിരുന്നെന്ന് അദ്ദേഹം പ്രസ്താവിച്ചത് കേരളീയര്‍ എന്നും അഭിമാനപൂര്‍വ്വം സ്മരിക്കുകതന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *