കേശവാ ഇതാ ഉപദേശം

ശ്രീ എന്‍ . ഗോപിനാഥന്‍നായരുടെ ‘രസകരങ്ങളായ സംഭവങ്ങള്‍ ‘ എന്ന പുസ്തകത്തില്‍ നിന്ന്.

കേശവന്‍ ചട്ടമ്പിസ്വാമി തിരുവടികളെപ്പറ്റി കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അത്ഭുത സിദ്ധികളെപ്പറ്റിയും. ഒരിക്കല്‍ അയാള്‍ക്കൊരു മോഹം തോന്നി. സ്വാമികളുടെ കൈയ്യില്‍ നിന്ന് ഒരു ഉപദേശം വാങ്ങിക്കണം എന്ന്. എന്തുപദേശം? മന്ത്രോപദേശമുണ്ട്, വിവിധ ശാസ്ത്രോപദേശങ്ങളുണ്ട്, സ്വര്‍ണ്ണോപദേശമാകട്ടെ എന്ന് അയാള്‍ നിശ്ചയിച്ചു. ചെമ്പിനെ പൊന്നാക്കാനുള്ള ഉപദേശം! കിട്ടിയാല്‍ പിന്നെ എന്തായി കാര്യം!

കേശവന്‍ സ്വാമികളെ വിടാതെ പിടികൂടി. ഉപദേശം സ്വീകരിക്കാതെ പിന്‍മാറുകയില്ല എന്ന മട്ടിലാണ്. സ്വാമികളാകട്ടെ അക്കാര്യത്തെപ്പറ്റി ഒന്നും മറുപടി പറയുന്നില്ല- ആഗ്രഹം അറിയിച്ചിട്ടും , മൗനം സമ്മതമെന്നിരിക്കേ എന്തിന് നിരാശപ്പെടണം? സമയമായാല്‍ തരാതിരിക്കുകയില്ല എന്നു കേശവന്‍കരുതി. നല്ല മുഹൂര്‍ത്തത്തില്‍ വേണമല്ലോ രഹസ്യവിദ്യോപദേശം!

ഒരിക്കല്‍ സ്വാമികളും കേശവനും ഒരുമിച്ച് നടന്നുനടന്ന് അരൂരില്‍ നിന്നും അരിക്കുറ്റിക്കുള്ള കടത്തുകടക്കുവാന്‍ തീരത്ത് വന്നെത്തി. വര്‍ഷകാലം. കായലില്‍ നല്ല കാറ്റും കോളും. ഇരുവരും ഒരു കൊതുമ്പുവള്ളത്തില്‍ കയറി. സ്വാമികള്‍ തന്നെ പങ്കായമെടുത്ത് തുഴഞ്ഞു. കര്‍ണധാരന്‍റെ ഭാഗമഭിനയിച്ചു എന്നര്‍ത്ഥം. കാറ്റുംകോളുമുള്ളപ്പോള്‍ ഒരുവിധമാരും തോണി തുഴയുവാന്‍ മുന്‍പോട്ടുവരുകയില്ല.

കേശവന്‍ നെഞ്ചത്തു കൈ ചേര്‍ത്തുപിടിച്ച് വള്ളത്തില്‍ ഇരിപ്പാണ്.

കുറച്ചങ്ങു തുഴഞ്ഞു കയറിയപ്പോള്‍ വഞ്ചി മുങ്ങിയേക്കുമോ എന്നു ഭയമായി. വെള്ളം അതിലേയ്ക്കു അടിച്ചുകയറി. അതു പെട്ടെന്നുമറിഞ്ഞു. രണ്ടുപേരും വള്ളത്തില്‍ നിന്നുവെള്ളത്തിലായി.

ചട്ടമ്പിസ്വാമി തിരുവടികള്‍ക്ക് നീന്താനറിയാം കേശവന് അത്ര പരിചയം പോരാ. അയാള്‍ പ്രാണപരാക്രമത്തോടെ കൈകാല്‍ ഇട്ടടിച്ചു. അപ്പോള്‍ സ്വാമികളുടെ ശബ്ദം. കേശവാ – ഇതാ ഉപദേശം; താനാവശ്യപ്പെട്ട ഉപദേശം പിടിച്ചോ!

കേശവനാണെങ്കില്‍ വാ പൊളിച്ച് മാക് മാക് എന്നിങ്ങനെ വെള്ളംകുടിച്ച് പരാക്രമം കാണിക്കുന്നു. ഈ സമയത്ത് ഉദേശമോ! മണ്ണിനെ തന്നെ പൊന്നാക്കാനുള്ള ഉപദേശമായാല്‍ തന്നെ എന്ത്?

സ്വാമി തിരുവടികള്‍ കേശവന്‍റെ കൈപിടിച്ച് തുഴഞ്ഞു നിന്നു.

ഉപദേശം വേണ്ടേ കേശവാ- സ്വാമികള്‍ പലവുരു ചോദിച്ചു.

ജീവനോടെ കരയില്‍ എത്തിയാല്‍ മതി സ്വാമി എന്നായിരുന്നു അപ്പോഴത്തെ ഒരേ ഒരാഗ്രഹവും പ്രാര്‍ത്ഥനയും.

സ്വാമികള്‍ കേശവനേയും കൊണ്ട് നീന്തി അരൂക്കുറ്റി കരയ്ക്കടുത്തു.

“കുടിച്ചവെള്ളമെല്ലാം വായില്‍കൈയ്യിട്ടു ശര്‍ദ്ദിച്ചു കളയ്” – സ്വാമികള്‍ നിര്‍ദ്ദേശിച്ചു. കേശവന്‍ അനുസരിച്ചു. കായല്‍വെള്ളം ശര്‍ദ്ദിച്ചുകളഞ്ഞു. ഒപ്പം പൊന്നാശയും.

ഈ സംഭവം കേശവന് ജീവിതത്തിലെ ഒരു വലിയ സംഭവമായിത്തീര്‍ന്നു എന്ന്  അയാള്‍ പിന്നീട്  പറയുകയുണ്ടായി.

“ജളാശയനായ കേശവന്‍ ജലാശയത്തില്‍വച്ച്  സംസാരജലാശയം കടക്കാനുള്ള ഉപദേശം കൃപാജലാശയമായ പരമഭട്ടാരക ചട്ടമ്പിസ്വാമികളില്‍നിന്ന് ഭംഗ്യന്തരേണ നേടി ധന്യനായി.”

സ്വര്‍ണ്ണദാഹം എത്രപേരെ ജളാശരാക്കിയിട്ടില്ല!

സ്വാമിതിരുവടികളുടെ പ്രായോഗികഫലിതം ! ആരെയും നോവിക്കാത്ത ഫലിതം.