മത്സരബുദ്ധിയോടെ ചിലരെല്ലാം വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളോട് ഏറ്റുമുട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. സഹജമായ ലീലാരസത്തോടെ അദ്ദേഹം അവരെ നേരിട്ടിട്ടുമുണ്ട്.
സ്വാമി തിരുവടികള്‍ പെരുമ്പാവൂര്‍ കഴിയുന്ന കാലം. ഗുരുവായൂര്‍ക്കാരനായ ഒരു മേനവന്‍ അവിടെ പലപ്പോഴും വരുമായിരുന്നു. സ്വാമിതിരുവടികളോട് വളരെ സ്വതന്ത്രമായി സംസാരിക്കുകയും തന്‍റെ കായിക ശക്തിയെക്കുറിച്ചും ധീരതയെക്കുറിച്ചുമൊക്കെ ആത്മപ്രസംഗം നടത്തുകയും പതിവായിരുന്നു.
ഒരിക്കല്‍ അയാള്‍ സ്വാമിതിരുവടികളോട് തന്നോടൊപ്പം നീന്താന്‍ തയ്യാറുണ്ടോ എന്നു ചോദിച്ചു. വയസ്സുകാലത്ത് നിര്‍ബന്ധമാണെങ്കില്‍ ആകാമെന്നും മത്സരമായി കരുതരുതെന്നും അദ്ദേഹം മറുപടി പറഞ്ഞു. മേനോന്‍റെ ഔദ്ധത്യത്തില്‍ പലര്‍ക്കും വെറുപ്പ് തോന്നിയെങ്കിലും അയാളുടെ അഹങ്കാരത്തിന്‍റെ കൊമ്പ് ഒടിഞ്ഞുകാണാനുള്ള കൗതുകം അവര്‍ക്കും ഉണ്ടായിരുന്നു.
സ്വാമിതിരുവടികള്‍ രണ്ടുദിവസം കഴിഞ്ഞ് വൈക്കത്തേയ്ക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് അടുത്തദിവസം തന്നെയാകട്ടെ നീന്തല്‍ മത്സരമെന്ന് മേനോന്‍ അറിയിച്ചു. സമീപത്തുള്ള ഒരു വലിയചിറയുടെ വിസ്താരമേറിയ ഭാഗമാണ് അതിലേക്ക് തിരഞ്ഞെടുത്തത്. കടവിന്‍റെ തെക്കുഭാഗത്തുനിന്നും നീന്തി അക്കരെഎത്തണം. മറുകരയില്‍ കയറാതെ പുറപ്പെട്ട സ്ഥാനത്ത് തിരിച്ചെത്തണമെന്നായിരുന്നു നിശ്ചയം. സ്വാമി തിരുവടികള്‍ സമ്മതിച്ചു.രണ്ടുപേരും വെള്ളത്തില്‍ച്ചാടി നീന്തിത്തുടങ്ങി. മേനോന്‍ തന്‍റെ വൈദഗ്ധ്യം മുഴുവന്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് മുന്നില്‍തന്നെ. സ്വാതിരുവടികള്‍ സാധാരണമട്ടില്‍ പിന്നാലെ. പകുതി ദൂരം അതേരീതിയില്‍ നീന്തി മുന്നോട്ടുപോയി. മേനോന് വേഗതകുറഞ്ഞുതുടങ്ങി. സ്വാമിതിരുവടികളുടെ ഗതിവേഗം വര്‍ദ്ധിച്ചു. ആ ജലാശയത്തിനുമീതെ ഒരു ഋജുരേഖ സൃഷ്ടിച്ചുകൊണ്ട് അതിവേഗം മുന്നേറിയ സ്വാമിതിരുവടികള്‍ മറുകര സ്പര്‍ശിച്ചുമടങ്ങിയപ്പോള്‍ മേനോന്‍ കൈകാലുകള്‍ കുഴഞ്ഞ് അവശനായി മുന്നോട്ടോ പിന്നോട്ടോ എന്നുനിശ്ചയമില്ലാതെ വിഷമിക്കുന്നതായാണ് കണ്ടത്. സമീപത്തെത്തിയ സ്വാമി തിരുവടികളോട് താന്‍ ഇനി തിരിച്ചില്ലായെന്നും ക്ഷമിക്കണമെന്നും കാതരഭാവത്തില്‍ അറിയിച്ചു. സ്വാമി തിരുവടികള്‍ ഇടതുകൈകൊണ്ട് മേനോനേയും താങ്ങിയെടുത്ത് പുറപ്പെട്ട സ്ഥാനത്തേക്ക് തിരിച്ചെത്തി.
മേനോന്‍റെ അഹങ്കാരവും ആത്മപ്രശംസയും അതോടെ അസ്തമിച്ചു.
ആശ്രിതരെ സംസാരമാകുന്ന വലിയ സാഗരം കടത്തുന്നതില്‍ ഒരു ക്ലേശവുമില്ലാതെ സ്വാമി തിരുവടികള്‍ക്ക് ഒരു ചിറനീന്തുക എന്നത് എത്ര നിസാരം! സ്വാമികള്‍ ജീവിച്ചിരുന്ന കാലത്ത് ആ ബ്രഹ്മജ്ഞാനിയെ പലരും പലരീതിയിലാണ് കണ്ടിരുന്നത്.
കൃഷ്ണനെ കംസന്‍ അന്തകനായും, നന്ദഗോപര്‍ പുത്രനായും, ഗോപാലബാലകന്മാര്‍ മിത്രമായും, അമ്പാടിസ്ത്രീകള്‍ നവനീതചോരനായും, മുനികള്‍ വേദാന്തപൊരുളായും … എന്നപോലെ.