
കൊല്ലവര്‍ഷം 1089മകരത്തില്‍ ഒരു ദിവസം. നേരം സന്ധ്യ. തിരുവനന്തപുരം നഗരത്തിലുള്ള ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ ദേവദര്‍ശനത്തിനായി വിദ്വാന്‍ ചെമ്പില്‍ എം.പി.പണിക്കര്‍ ചെന്നു. അവിടെവച്ച് യാദൃശ്ചികമായി ചട്ടമ്പിസ്വാമി തിരുവടികളെ കണ്ടുമുട്ടി. ദര്‍ശനാനന്തരം ഇരുവരും കൂടി അവിടെയുള്ള ഒരു ഭജനമഠത്തില്‍ പോയി ഇരുന്നു. ശ്രീമത്ശങ്കരാചാര്യസ്വാമികളുടെ ദക്ഷിണാമൂര്‍ത്തി സ്തോത്രത്തിലെ “ജാഗ്രത്‍സ്വപ്നസുഷുപ്തിഷു സ്ഫുടതരാ……” എന്ന പദ്യം ആനന്ദഭൈരവിയില്‍ പാടാന്‍ സ്വാമിതിരുവടികള്‍ പണിക്കരോട് ആജ്ഞാപിച്ചു. പണിക്കര്‍ അല്പസമയം പാടി.
“എനിക്കും കുറേശ്ശേ പാടാന്‍ അറിയുമായിരുന്നു. ഇപ്പോള്‍ പാട്ടുവരുമോ എന്ന് നോക്കട്ടെ” എന്ന് അരുളിചെയ്തശേഷം സ്വാമി തിരുവടികള ആനന്ദഭൈരവി അരമണിക്കൂറോളം ആലപിച്ചു. പിന്നീട് ‘മാഞ്ചി’ എന്ന് തുടങ്ങുന്ന ഒരു കീര്‍ത്തനം പാടാന്‍ തുടങ്ങി. 21സംഗതിവരെ പണിക്കര്‍ സൂക്ഷിച്ചു ശ്രദ്ധിച്ചു. എന്നിട്ടും പല്ലവി അവസാനിക്കുന്നില്ലെന്ന് കണ്ട് അദ്ദേഹത്തിന്‍റെ വിസ്മയം ദ്വിഗുണീഭവിച്ചു.
അങ്ങനെ നേരം രാത്രി പന്ത്രണ്ടുമണി കഴിഞ്ഞു. ചില സന്ദേഹങ്ങള്‍ സ്വാമിയില്‍ നിന്ന് പരിഹരിച്ച് കിട്ടിയാല്‍ കൊള്ളാമെന്ന് പണിക്കര്‍ക്ക് മോഹമുണ്ടായി. ഉടനെ സ്വാമി തിരുവടികള്‍, പണിക്കര്‍ ചോദിക്കാതെ തന്നെ ഹഠയോഗത്തിലെ കുംഭകം, നൗലി എന്നിവയുടെ പരിശീലനക്രമവും പ്രയോജനവും സംബന്ധിച്ച് പ്രസംഗിക്കുവാന്‍ തുടങ്ങി.
മണി ഒന്നര കഴിഞ്ഞു. “കുംഭകം ഒരുതരം സ്തംഭകമാണ്”-സ്വാമി തിരുവടികള്‍ പറഞ്ഞു. ഉടന്‍തന്നെ ഇരുന്നിരുന്ന പായിന്‍മേല്‍ ഇരുപ്പ് പത്മാസനത്തിലാക്കി അഞ്ചുനിമിഷംവരെ കണ്ണടച്ചിരുന്നു. അതിനുശേഷം മെല്ലെ അങ്ങുയരുവാന്‍ തുടങ്ങി. ഒടുവില്‍ മുകളിലുള്ള കഴുക്കോലിന്‍മേല്‍ തലതൊട്ടതിനുശേഷം അതുപോലെതന്നെ താഴത്തേയ്ക്കും വന്ന് പൂര്‍വ്വസ്ഥിതിയില്‍ പദ്മാസനബന്ധത്തില്‍ ഒരു പൂവ് വന്നിരിക്കുന്നതുപോലെ വന്നിരുന്നു.
“ഇതാണ് കുംബകം കൊണ്ടുള്ള ദര്‍ശന പ്രയോജനം. കുടലുകളില്‍ വല്ല മാലിന്യവുമുണ്ടെങ്കില്‍ കുംഭകം പൂര്‍ണ്ണമാവുകയില്ല.” എന്ന് സ്വാമി തിരുവടികള്‍ പ്രദിപാദിച്ചു.
പണിക്കരടക്കം അഞ്ചുപേരുണ്ടായിരുന്നു പ്രേഷകര്‍. അവര്‍ക്കപ്പോളുണ്ടായ വിസ്മയം അവാങ്മനസഗോചരമായിരുന്നു.
യോഗാഭ്യാസംകൊണ്ട് നേടാവുന്ന സിദ്ധികളില്‍ വച്ച് ലഘുവായ ഒന്നു മാത്രമാണ് ഇത്. അണിമ, മഹിമ, ലഘിമ, ഗിരിമ, പ്രാപ്തി, പ്രാകാശ്യം, ഈശിത്വം, വസിത്വം എന്നിങ്ങനെയുള്ള അഷ്ടസിദ്ധികള്‍ പ്രസിദ്ധങ്ങളായ എട്ട് യോഗവിഭൂതികളാണ്. പക്ഷേ ജീവന്മുക്തനായ സ്വാമി തിരുവടികള്‍ക്ക് ഇവയൊന്നിലും ഒരു ഭ്രമവുമുണ്ടായിരുന്നില്ല. ജിജാഞാസുവിന്‍റെ ആഗ്രഹം മനസ്സിലാക്കി ഒരു നേരിയ പൊടിക്കയ്യ് കാട്ടിയെന്നേയുള്ളൂ.
 ChattampiSwami.com Paramabhattaraka Vidyadhiraja Sree Chattampi Swamikal
ChattampiSwami.com Paramabhattaraka Vidyadhiraja Sree Chattampi Swamikal
				 
		