ലാഭവീതത്തില്‍ കണ്ണുള്ള മുതലാളി

ഈ ഭാഗം ശ്രീ ചട്ടമ്പിസ്വാമി സാഹിത്യത്തിലുള്‍പ്പെട്ട, എന്‍.ഗോപിനാഥന്‍നായരുടെ രസകരങ്ങളായ സംഭവങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നാണ് എടുത്തിട്ടുള്ളത്.

പന്നിശ്ശേരി നാണുപിള്ള ഒരു സംസ്കൃത പണ്ഡിതനായിരുന്നു. തര്‍ക്കശാസ്ത്രകര്‍ക്കശനായ ഒരു മതപണ്ഡിതന്‍ എന്ന നിലയില്‍ അദ്ദേഹം പൊതുജനങ്ങള്‍ക്കിടയില്‍ സവിശേഷം അറിയപ്പെട്ടിരുന്നു. ചട്ടമ്പിസ്വാമി തിരുവടികളുടെ ശിഷ്യനായ ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികളുടെ ശിഷ്യത്വം നേടിയാണ് വേദം, ഉപനിഷത്തുക്കള്‍, തര്‍ക്കശാസ്ത്രം, യോഗം മുതലായവയില്‍ അനന്യസുലഭമായ വൈദുഷ്യം അദ്ദേഹം സമ്പാദിച്ചത്. കേരളത്തില്‍ ഹൈന്ദവസംസ്കാരം നിലയുറപ്പിക്കുന്നതിന് അദ്ദേഹം കാര്യമായ സേവനങ്ങള്‍ ചെയ്തിട്ടുണ്ട്.

വേണ്ടത്ര ശാസ്ത്രപാഠമെല്ലാം ഏതാണ്ട് കഴിഞ്ഞപ്പോള്‍ ആചാര്യപാദരായ നീലകണ്ഠതീര്‍ത്ഥപാദര്‍ നാണുപിള്ളയോടു പറഞ്ഞു.

“ഇനി സ്വാമി തിരുവടികളുടെ അടുത്ത് പോയി കുറെ വേദാന്ത വ്യവഹാരശ്രവണം ചെയ്യുക.”

പരമഗുരുവായ ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ അന്ന് കൊല്ലത്ത് വിശ്രമിക്കുകയായിരുന്നു. അധികം താമസിയാതെ നാണുപിള്ള അങ്ങോട്ടു പുറപ്പെട്ടു. ‘ചൂണ്ടുവിരല്‍ നീട്ടി അന്തരീക്ഷത്തില്‍ എന്തോ എഴുതികൊണ്ട്, തല ഇടംവലം സാവധാനത്തില്‍ ഉരുട്ടി, ആനന്ദതുന്ദിലനായി വെറും തറയില്‍ മലര്‍ന്നുകിടക്കുന്ന ആ ശാന്തകോമള വിഗ്രഹം’ പ്രശിഷ്യന്‍റെ കണ്ണുകളെ സാഫല്യപൂര്‍ണ്ണമാക്കി. അദ്ദേഹം അടുത്തുചെന്ന് വന്ദിച്ചു. പ്രാരംഭ സംഭാഷണങ്ങള്‍ കഴിഞ്ഞു. കാര്യം അറിയിക്കുകയും ചെയ്തു.

പരമഗുരു ഉടന്‍തന്നെ മറ്റു ചില നാട്ടുവര്‍ത്തമാനങ്ങള്‍ എടുത്തിട്ടു. അങ്ങനെ വിഷയത്തെ വഴിതെറ്റിച്ചു.

ശ്രീ നാണുപിള്ള പിറ്റേദിവസം ഭഗ്നാശയനായി അവിടെ നിന്നും മടങ്ങി.

ഈ സംഭവം മൂന്നുതവണ ആവര്‍ത്തിക്കപ്പെട്ടു. നാലാമത്തെ പ്രാവശ്യം ചെന്നപ്പോള്‍ സന്ധ്യാസമയത്ത് പ്രശിഷ്യനെ അടുത്തുവിളിച്ച് ഇപ്രകാരം അരുളിചെയ്തു.

“നാം വിഷയത്തില്‍ വലിയ പിശുക്കനാണ്. എനിക്കു മുടക്കുന്ന മുതല്‍മാത്രം കാണിച്ചാല്‍പോര. വലുതായ ലാഭവീതവും കിട്ടണം. അതു ബോധ്യപ്പെടുത്താന്‍ തയ്യാറുള്ളവരോടു മാത്രമേ ഞാന്‍ കച്ചവടത്തില്‍ ഏര്‍പ്പെടാറുള്ളൂ. അതാണ് ഇതുവരെ ഒന്നും മുതല്‍ വയ്ക്കാന്‍ തുടങ്ങാത്തത്. അത് ഓര്‍ത്തുകൊള്ളണം.”

ഇത്രയും പറഞ്ഞശേഷം ആ കരുണാത്മാവ് – ശിഷ്യപാകപരീക്ഷാദക്ഷനായ ആ കരുണാത്മാവ് – അദ്വൈതശാസ്ത്രത്തിലേക്കു പ്രവേശിക്കുകയും ജഗന്‍മിഥ്യാത്വത്തെക്കുറിച്ച് സംസാരിക്കുവാന്‍ തുടങ്ങുകയും ചെയ്തു.

ചട്ടമ്പിസ്വാമി തിരുവടികള്‍ക്ക് വിപുലമായ ഒരു സന്യാസി ശിഷ്യപരമ്പര ഉണ്ടാകാത്തതിന്‍റെ രഹസ്യം ഈ സംഭവത്തില്‍ നിന്ന് അഭ്യൂഹിക്കാവുന്നതാണ്.

എവിടെ മുതല്‍മുടക്കണം, എവിടെ അരുത് എന്ന് സൂഷ്മമായി മനസ്സിലാക്കിയിട്ടുള്ള, ലാഭവീതത്തില്‍ കണ്ണുള്ള മുതലാളിയായിരുന്നു ചട്ടമ്പി സ്വാമി തിരുവടികള്‍!