ലോകബന്ധു

ശ്രീ എന്‍ . ഗോപിനാഥന്‍നായരുടെ ‘രസകരങ്ങളായ സംഭവങ്ങള്‍ ‘ എന്ന പുസ്തകത്തില്‍ നിന്ന്.

“ഉറുമ്പീച്ചയും പാറ്റ പാമ്പും ഭവാനില്‍‍
കുറുമ്പെന്നിയെ ചെന്നുകൂടെക്കിടന്നു;
ചെറുപ്രാണികള്‍ക്കങ്ങു ചോതോവികാരം
പെറും നല്ല ചങ്ങാതിയായിട്ടിരുന്നു.”

പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ അന്യാദൃശ്യമായ ജീവകാരുണ്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ടു സരസകവി എം.ആര്‍.കൃഷ്ണവാര്യര്‍ എഴുതിയിട്ടുള്ള കാവ്യഭാഗമാണ് മേല്‍ കാണുന്നത്.

സമസ്ത ജീവരാശികളേയും സഹോദരതുല്യം സ്നേഹിച്ചിരുന്ന ലോകബന്ധുവായിരുന്നു സ്വാമിതിരുവടികള്‍. ഈ സത്യം തെളിയിക്കുന്ന പല സംഭവങ്ങളില്‍ ഒന്ന് വിവരിക്കാം.

ഇടവമാസത്തിലെ ഒരു ദിവസം. ഇടവിട്ട് ഇടവിട്ട് മഴപെയ്തുകൊണ്ടിരുന്നു. സ്വാമി തിരുവടികള്‍ തന്‍റെ വിശ്രമഗേഹത്തിന്‍റെ വരാന്തയില്‍ ഒരു മടക്ക് കസാലയില്‍ കിടക്കുന്നു. സാഹിത്യകാരനും കവിയുമായ ജി.കൃഷ്ണപിള്ള, ചിത്രമെഴുത്ത് കെ.എം.വര്‍ഗ്ഗീസ് എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് നാലുപേര്‍ സമീപത്ത് ഇരിക്കുന്നു. ഈ സമയത്ത് ആ വരാന്തയുടെ ഒരു ഭാഗത്ത് തൂണിന്‍റെ ചുവട്ടിലായി ഉറുമ്പുകളുടെ ഒരു പറ്റം. അതു കാണാനിടയായ അവിടുത്തെ ഒരു ജോലിക്കാരന്‍ തുറപ്പയുമായി വന്ന് അവയെ തൂത്ത് മുറ്റത്തേക്കിറക്കി. അതുകാണാനിടയായ സ്വമിതിരുവടികള്‍ അയാളെ ശാസിച്ചു. നിരപരാധികളെ ഉപദ്രവിച്ചതില്‍ ആ സ്നേഹമൂര്‍ത്തിയുടെ ഹൃദയം വേദനിച്ചു. ആ ജോലിക്കാരനോട് കുറച്ച് അരി പൊടിച്ചുകൊണ്ടുവരാന്‍ ആജ്ഞാപിച്ചു. എന്നിട്ടദ്ദേഹം വാത്സല്യപൂര്‍വ്വം വിളിച്ചു

“വരിന്‍ മക്കളെ, കയറി വരിന്‍”

പിന്നെ അല്പവും താമസിച്ചില്ല, ഉറുമ്പുകള്‍ വരിവരിയായി വരാന്തയിലേയ്ക്ക് കയറിക്കൂടി. സ്വാമി തിരുവടികള്‍ തന്‍റെ വലതുകാല്‍ അവയുടെ അടുത്തേക്ക് നീട്ടി. അവ ഒന്നൊഴിയാതെ കയറി ആ പാദത്തെ പൊതിഞ്ഞു. അപ്പോഴേക്കും വാല്യക്കാരന്‍ അരിപ്പൊടിയുമായെത്തി. ആ സര്‍വ്വഭൂതപ്രേമി അതു വാങ്ങി തന്‍റെ മുന്നില്‍ വിതറിയശേഷം അവയോട് ഇറങ്ങിപൊയ്ക്കൊള്ളാന്‍ പറഞ്ഞു.

അദ്ഭുതകരമായ അനുസരണയോടെ അവ പാദം വിട്ട് നിലത്തിറങ്ങി. അരിപ്പൊടിയുമേന്തി അവിടെനിന്നും അപ്രത്യക്ഷമായി.

ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ചിത്രമെഴുത്ത് വര്‍ഗ്ഗീസ് ആശ്ചര്യഭരിതനായി സ്വാമി തിരുവടികളോട് ചോദിച്ചു.

“ഈ ഉറുമ്പുകള്‍ എങ്ങനെയാണ് നമ്മുടെ വിചാരം അറിയുന്നത്?”

“അതൊരു നിസാര സംഗതിയാണ്, നാം അവയെ സ്നേഹിക്കുന്നുണ്ടെന്നബോധം അവയ്ക്ക് വരണം. അവ നമ്മില്‍നിന്ന് ഭിന്നമല്ല, പ്രപഞ്ചമാകെ ഒരു മനസാണ് മനസ്സിനും മനസ്സിനുമിടയ്ക്ക് ശൂന്യമായ അന്തരീക്ഷമില്ല.” – ആ ദയാവാരിധി പറഞ്ഞു.