മഴ മാറി, മാനം തെളിഞ്ഞു.

ശ്രീ എന്‍ . ഗോപിനാഥന്‍നായരുടെ ‘രസകരങ്ങളായ സംഭവങ്ങള്‍ ‘ എന്ന പുസ്തകത്തില്‍ നിന്ന്.

പ്രകൃതിശക്തിയെ വശീകരിക്കാന്‍ വേണ്ട ആജ്ഞാശക്തി സ്വാമി തിരുവടികള്‍ക്കുണ്ടായിരുന്നു എന്ന് കാണിക്കുന്നതിന് മറ്റൊരു സംഭവം വിവരിക്കാം. ശ്രീ.പുത്തേഴത്ത് നാരായണമേനോന്‍റെ സ്വാനുഭമാണിത്.

എഴുപത്തിമുന്നു വയസ്സിലാണ് ശ്രീ മേനോന്‍റെ അമ്മ നിര്യാതയായത്. ജനനിക്ക് യാതൊരു രോഗവും കാര്യമായിട്ടുണ്ടായിരുന്നില്ല. മേനോന് അമ്മയോടുളള ഭക്തി സ്വാമികള്‍ ധരിച്ചിരുന്നു. അമ്മയ്ക്ക് അവസാനകാലത്ത് ചെയ്യേണ്ട ശുശ്രൂഷകളെല്ലാം സ്വാമികളുടെ ഉപദേശമനുസരിച്ച് മേനോന്‍ ചെയ്തിരുന്നു. മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് സ്വാമിതിരുവടികള്‍ മേനോന്‍റെ വസതിയിലെത്തി. നാലഞ്ചു സംന്യാസിമാരും കൂടെ ഉണ്ടായിരുന്നു. മേനോനെയും അദ്ദേഹത്തിന്‍റെ അമ്മയേയും സ്വാമികള്‍ അനുഗ്രഹിച്ചു. സംന്യാസിമാരൊത്ത് തിരുവടി പുറത്തേക്കിറങ്ങിപ്പോവുകയും ചെയ്തു. അല്പനേരം കഴിഞ്ഞപ്പോള്‍ അമ്മ ഇഹലോകവാസം വെടിഞ്ഞു. ആസമയത്ത് മഴ കഠിനമായി വര്‍ഷിക്കുന്നുണ്ടായിരുന്നു.

ശവസംസ്കാരം നടത്തണമല്ലോ. കോരിച്ചൊരിയുന്ന മഴ. കുറയുന്ന മട്ടില്ല. ഒരു പുര കെട്ടിയിട്ടുവേണം സംസ്കാരച്ചടങ്ങുകള്‍ നടത്തേണ്ടത് എന്നായി സ്ഥലത്ത് കൂടിയിരുന്നവരെല്ലാം. മേനോന് തോന്നി, സ്വാമിതിരുവടികളോട് ചോദിച്ചുകളയാം. അതിലേക്ക് ഒരാളെ അയച്ചു.

“അങ്ങനെവേണമോ? സമയത്ത് മഴ നില്‍ക്കും” എന്ന് സ്വാമി തിരുവടികള്‍ പറഞ്ഞയച്ചു. പരമഭട്ടാരക ശ്രീസിദ്ധിവിദ്യാധിരാജനായ സ്വാമിതിരുവടികളുടെ സൂക്തിയില്‍ വിശ്വാസമുളള മേനോന്‍ സംസ്കാരത്തിന് വേണ്ട തയ്യാറെടുപ്പുകളെല്ലാം നടത്തി.

മഴ തീരെ നിന്നു! മാനം തെളിഞ്ഞു!

സംസ്കാരം കഴിഞ്ഞു. ആളുകള്‍ മുഴുവന്‍ പിരിഞ്ഞുപോയ ശേഷം മഴ വീണ്ടും തുടങ്ങി. അപ്പോള്‍ ആരംഭിച്ച മഴ ദിവസങ്ങള്‍ കഴിഞ്ഞാണ് അരങ്ങത്ത് നിന്നും വിരമിച്ചത്!