നിമിഷങ്ങള്‍ യുഗങ്ങള്‍പോലെ നീങ്ങുന്നു. ഹൃദയമിടിപ്പുകള്‍ ആസന്നമൃത്യുവിന്‍റെ ജയഭേരി ശബ്ദമായി മാറുന്നു.... അങ്ങനെ പത്തുമിന്നിട്ട് കഴിഞ്ഞിരിക്കണം അതാ ഒരു ദീപം പ്രത്യക്ഷപ്പെടുന്നു! അതെ മൂത്തകുന്നം ക്ഷേത്രനട! വള്ളം അവിടെ എത്തി ഉറച്ചിരിക്കുന്നു.

ഒഴുക്കിനെതിരെ

ശ്രീ എന്‍ . ഗോപിനാഥന്‍നായരുടെ ‘രസകരങ്ങളായ സംഭവങ്ങള്‍ ‘ എന്ന പുസ്തകത്തില്‍ നിന്ന്.

പറവൂര്‍ വടക്കേക്കര എടത്തില്‍ ശ്രീ.നാരായമപിള്ള, ചട്ടമ്പിസ്വാമി തിരുവടികളുടെ ഒരു ഭക്തനായിരുന്നു. ഒരിക്കല്‍ അദ്ദേഹം സ്വാമി തിരുവടികളേയും കൂട്ടിക്കൊണ്ട് കൊടുങ്ങല്ലൂരിലുള്ള മറ്റൊരു ഭക്തന്‍റെ ഗൃഹത്തില്‍പോയി. കൊല്ലവര്‍ഷം 1091 ലെ മഴക്കാലമായിരുന്നു അത്. ഗൃഹസന്ദര്‍ശനം കഴിഞ്ഞു തിരികെ പറവൂര്‍ക്ക് പോകണം. യാത്ര വള്ളം കയറിത്തന്നെവേണം. ചെറിയ ഒരു വള്ളമാണ് കിട്ടിയത്. സ്വാമിതിരുവടികള്‍ അതില്‍ കയറിയിരുന്നു. പിന്നാലെ നാരായണപിള്ളയും ഒരു സ്നേഹിതനും. വള്ളക്കാരന്‍ തുഴഞ്ഞു. നേരം സന്ധ്യയോടടുത്തു. നാലുപുറത്തും ഇരുട്ടിന്‍റെ കട്ടിയും ഭയാനകതയും വര്‍ദ്ദിച്ചു. ആകാശത്തില്‍ കരിങ്കാറുകള്‍. അന്തരീക്ഷത്തില്‍ ശക്തിയേറിയ കാറ്റ്., ജലപ്പരപ്പില്‍ കോളിന്‍റെ ബഹളം. വള്ളക്കാരനോ വലിയ പരിചയമില്ലാത്ത കൃസ്ത്യാനി-കൊച്ചുദേവസ്സി. ഔത്കണ്ഠലബ്ദിക്കിനിയെന്തുവേണം?

നാലുപുറത്തും കണ്ണുകള്‍ പായിച്ചു നോക്കി. ഒരിടത്തും ഒരു വിളക്കുപോലുമില്ല. വള്ളക്കാരന്‍ വള്ളം ഊന്നുന്നുണ്ട്. പക്ഷെ ലക്ഷ്യമില്ലാതെയായിരുന്നു. അങ്ങനെ അത് പെട്ടെന്ന് ഭയങ്കരമായ ഓളത്തില്‍ അകപ്പെട്ടു. പിള്ളയും കൂട്ടുകാരം വള്ളക്കാരനെ സൂക്ഷിച്ചുനോക്കി. അയാളുടെ ഇനിയത്തെ ഭാവമെന്ത് എന്നറിയാന്‍. അയാള്‍ പരിഭ്രമിച്ച്, ആഞ്ഞടിക്കുന്ന കാറ്റിന്‍റെ ശൈത്യം സഹിക്കവയ്യാതെ അമരത്തു ചുരുണ്ടുകൂടി ഇരിക്കുകയാണ്. കഴുക്കോല്‍‍-കഴുക്കോല്‍കൊണ്ട്പ്രയോജനമില്ലെന്ന് വന്നിരിക്കുന്നു- എത്തുന്നില്ല! ദേവസ്സിക്കുഞ്ഞിന്‍റെ ധൈര്യം അങ്ങനെ മുഴുവന്‍ കെട്ടടങ്ങിയാല്‍ പറ്റില്ലല്ലോ എന്നു കരുതി പിള്ളയും കൂട്ടുകാരനും അയാളെ ഉത്സാഹിപ്പിക്കാന്‍ നിശ്ചയിച്ചു. ഒരു തവണ വിളിച്ചു. ഭയം ദേവസ്സിക്കുഞ്ഞിനെ നിരുദ്ധകണ്ഠനാക്കിയിരുന്നു. ശബ്ദം പൊങ്ങുന്നേയില്ല. ആള്‍ ചത്തുപോയോ? അതൊട്ടില്ലതാനും. ചാകാതെ ചത്തിരിക്കുന്നു എന്നു പറയാം. ഇടറിയ തൊണ്ടയില്‍ നിന്ന് ഒരു ശബ്ദം പുറപ്പെട്ടു എന്നതുതന്നെ അതിനു തെളിവ്.

കാലന്‍ ഏവരുടേയും കഴുത്തില്‍ കയറിട്ടു മുറുക്കിക്കഴിഞ്ഞ ഒരു പ്രതീതി. ഈ സമയത്ത് പരമഭട്ടാരക ചട്ടമ്പിസ്വാമി തിരുവടികളുടെ സ്ഥിതി എന്തായിരുന്നു? ആഹോ ആശ്ചര്യം! സ്വാമി തിരുവടികള്‍ ഉല്ലാസമോടെ ഇരുന്ന ദിക്കില്‍ത്തന്നെ ഇരിക്കുന്നു. – മൂളിപ്പാട്ടില്‍ ലയിച്ചുകൊണ്ട്. ധീരന്മാരുടെ മനസ്സ് ഏത് വിപത്തിലും കുലുങ്ങിയില്ല. സ്വാമികള്‍ തന്നെ അതിനു നിദര്‍ശനം.

“സ്വാമി!” എന്നിങ്ങനെ രണ്ടുപേരും സങ്കടത്തോടെ വിളിച്ചു. അവരുടെ ഗളനാളങ്ങളില്‍നിന്ന് മറ്റൊരു ശബ്ദവും പുറപ്പെട്ടില്ല. പുറപ്പെടുവിക്കാനുളഅള ശക്തി ഉണ്ടായിരുന്നില്ല- അതുകൊണ്ട്, എറക്കവലിവില്‍ വള്ളം കടലിലേക്കുതന്നെ അതിവേഗത്തില്‍ നീങ്ങിത്തുടങ്ങി. അവസാന പ്രാര്‍ത്ഥനക്കു സമയമായി. എന്ന് പിള്ളയ്ക്ക് തോന്നി. കൂട്ടുകാരനോട് അതു പറയുകയും ചെയ്തു.

അതിനിടയില്‍ കൂട്ടുകാരന്‍ കേള്‍ക്കുമാറ് രണ്ട് വാചകങ്ങള്‍ പറഞ്ഞു.

നമ്മുടെ അവസാന യാത്ര ആയിരിക്കാം. കഷ്ടം വയസ്സുകാലത്തു സ്വാമിക്കും ഇപ്രകാരമൊരു ഗതി സംഭവിപ്പാനാണ് ദൈവനിശ്ചയം ഇല്ലേ പിള്ളേ?

പിള്ളയും കൂട്ടുകാരും സ്വാമിയുടെ കുറേക്കൂടി സമീപത്തേയ്ക്ക് നീങ്ങിയിരുന്നു. ഗദ്ഗദരുദ്ധകണ്ഠരായി, ‘സ്വാമി’ എന്നു പിന്നെയും വിളിച്ചു. സഹയാത്രികരായ ശിഷ്യന്മാരുടെ ധൈര്യക്ഷയത്തിലും മരണഭയത്തിലും മനമലിഞ്ഞ സ്വാമി തിരുവടികളഅ‍ അവരെ ഇങ്ങനെ സമാധാനിപ്പിച്ചു.

“നമുക്ക് ഒരാപത്തിനും ഇപ്പോള്‍ കാലമില്ല. പരിഭ്രമിക്കാതിരിക്കൂ.”

അതുകേട്ടപ്പോള്‍ പിള്ളയും കൂട്ടരും തെല്ലൊന്നാശ്വസിച്ചു. യോഗിവര്യന്‍റെ  വാക്കല്ലേ? പക്ഷെ രക്ഷയെവിടെ? വന്‍കടലിലേക്കാണല്ലോ വഞ്ചി പോകുന്നത്! സ്വാമികളുടെ പ്രഭാവം മഹത്തും അപ്രമേയവും തന്നെ. അതില്‍ അവര്‍ക്ക് സംശയമില്ല. പക്ഷെ മരണത്തെക്കുറിച്ചാലോചിക്കുമ്പോള്‍?

നിമിഷങ്ങള്‍ യുഗങ്ങള്‍പോലെ നീങ്ങുന്നു. ഹൃദയമിടിപ്പുകള്‍ ആസന്നമൃത്യുവിന്‍റെ  ജയഭേരി ശബ്ദമായി മാറുന്നു…. അങ്ങനെ പത്തുമിന്നിട്ട് കഴിഞ്ഞിരിക്കണം അതാ ഒരു ദീപം പ്രത്യക്ഷപ്പെടുന്നു! അതെ മൂത്തകുന്നം ക്ഷേത്രനട! വള്ളം അവിടെ എത്തി ഉറച്ചിരിക്കുന്നു.

ഉഴിക്കോട്ടുനിന്ന് മൂത്തകുന്നം ക്ഷേത്രംവരെ  ഉദ്ദേശം രണ്ടുനാഴിക നേരം ഒഴുക്കിനെതിരായി എറക്കവലിവിനുവിപരീതമായി, ആരും തുഴയാതെ സഞ്ചരിച്ച് എങ്ങനെയെത്തി? ഇതാരുടെ വൈഭവം? പ്രകൃതിശക്തിയെപോലും സിദ്ധിവൈഭവംകൊണ്ട്  യോഗീശ്വരന്മാര്‍ക്കു വശപ്പെടുത്തി ചൊല്‍പടിക്കു നിര്‍ത്താമെന്നതിന് വേറെ ഉദാഹരണമെന്തിന്.