പശുപ്രകരണം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ക്രിസ്തുമതഛേദനം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം പത്ത്

ഉത്പത്തി

അല്ലയോ ക്രിസ്തീയപ്രസംഗികളെ,

ദൈവം മനുഷ്യന്റെ മൂക്കിന്റെ ഓട്ടയില്‍ക്കൂടെ ജീവശ്വാസത്തെ ഊതി, അതുകൊണ്ട് അവന്‍ ജീവാത്മാവോടുകൂടിയവനായി എന്നു നിങ്ങള്‍ പറയുന്നല്ലോ. ജീവശ്വാസംതന്നെ ആത്മാവായി എന്നു സമ്മതിക്കുന്നപക്ഷം അത് അണുകൂട്ടമായ ഭൂതത്തില്‍ ഒന്നായി ജഡമായി നശ്വരവസ്തുവായിരിക്കും. അല്ലാതെ ചേതനവസ്തു ആകയില്ല. ആയതുകൊണ്ടും നിദ്രയില്‍ പ്രാണവായു യാതൊന്നും അറിയുന്നതായി കാണാത്തതുകൊണ്ടും ഈ പറയുന്നതു ചേരുകയില്ല. അതിനെ കൂടാതെ വേറെ ഒരു ആത്മാവ് സൃഷ്ടിക്കപ്പെട്ടതായി വിചാരിക്കുന്നു എങ്കില്‍, അതിനു വാക്യപ്രമാണവും ഇല്ല.

ഇനി ജീവശ്വാസത്തെ ആകട്ടെ, അല്ലെങ്കില്‍ വേറെ ഏതിനെ എങ്കിലും ഒന്നിനെ ആകട്ടെ, ആത്മാവ് എന്നു സമ്മതിക്കുന്നപക്ഷം ആത്മാവ് അനാദിയിലേ ഉള്ളതായിരുന്നു. ഇടയ്ക്ക് ദൈവത്തിനാല്‍ വിശേഷപ്പെടുത്തി ശരീരത്തോടുകൂടി സൃഷ്ടിക്കപ്പെട്ടു എങ്കില്‍ അതൊരുവിധം നമുക്കും സമ്മതമാകും. ഇടയ്ക്ക് നൂതനമായിട്ടാണ് സൃഷ്ടിക്കപ്പെട്ടതെങ്കില്‍ അത് ഒരുപ്രകാരത്തിലും ചേരുകയില്ലെന്നുള്ളതിലേക്ക് പല ന്യായങ്ങളെയുംകൂടി കാണിക്കാം. എങ്ങനെ എന്നാല്‍,

ആദ്യം ഇല്ലാതിരുന്ന ആത്മാവിനെ നൂതനമായിട്ടു സൃഷ്ടിക്കുന്നതിലേക്കു യാതൊരു നിമിത്തവും ഇല്ലാ.

നമുക്ക് അറിവാന്‍ പാടില്ലാതെ ഒരു നിമിത്തം ഉണ്ടായിരിക്കയും ആ നിമിത്തം അനാദിയായിട്ടുള്ളതെന്നുവരികയും ചെയ്തു എങ്കില്‍ സൃഷ്ടിയും അനാദിയായിട്ടുള്ളതാണെന്നു പ്രസംഗിക്കേണ്ടിവരും.

ഇടക്കാലത്ത് ജീവന്‍ താനായിട്ടുതന്നെ വന്നതെന്നോ അന്യന്മാരാല്‍ വന്നതെന്നോ പറയുന്നുവെങ്കില്‍ ദൈവം സര്‍വ്വകര്‍ത്താവല്ലെന്ന് ആയിത്തീരും. ദൈവത്തിനാല്‍ ചെയ്യപ്പെട്ടതാകുന്നു എങ്കില്‍ ആ നിമിത്തത്തെ ചെയ്യുന്നതിന് വേറെ ഒരു നിമിത്തം വേണ്ടിവരും. ഇപ്രകാരം ഒരു വരമ്പില്ലാതെ അനവസ്ഥ വന്നുപോകും.

ആത്മാവിനെ 1ഉപാദാനകാരണത്തില്‍നിന്നും സൃഷ്ടിച്ചുവെങ്കില്‍ അതു പിന്നീടും നശിച്ച് ആ കാരണത്തില്‍ത്തന്നെ ഒടുങ്ങിപ്പോകും. ശൂന്യത്തില്‍നിന്നും സൃഷ്ടിച്ചുവെങ്കില്‍ അതു പിന്നീടും അങ്ങനെ തന്നെ അഴിഞ്ഞു ശൂന്യമായിപ്പോകും. എന്നുതന്നെയല്ല, ശൂന്യത്തില്‍നിന്നും സൃഷ്ടിയെന്നു പറയുന്നതേ ചേരുകയില്ലാ. സ്ഥാവരങ്ങളെയും മനുഷ്യശരീരത്തെയും മത്സ്യങ്ങളെയും സൃഷ്ടിക്കുന്നതിലേക്ക് മണ്ണിനെയും ജലത്തെയും ഉപാദാനകാരണമായിട്ട് എടുത്ത ദൈവം ഉപാദാനകാരണം കൂടാതെ ശൂന്യത്തില്‍നിന്നും സൃഷ്ടിക്കയില്ലാ.

ദേവസമാനമായിട്ടു ശുദ്ധി, ജ്ഞാനം, ആനന്ദം ഇവകള്‍ ഉള്ളതായി സൃഷ്ടിക്കപ്പെട്ട ആത്മാവിന് അനന്തരം ശരീരത്തെയുംകൂടി കൊടുക്കണമെന്നില്ലല്ലോ. ആത്മാവിനു സഹജമായി പ്രകാശിച്ചിരുന്ന ജ്ഞാനത്തെയും ആനന്ദത്തെയും തെളിയിക്കുന്നതിലേക്കു ശരീരം വേണമെങ്കില്‍, ആത്മാവ് ശുദ്ധജ്ഞാനിയായിട്ടല്ല സൃഷ്ടിക്കപ്പെട്ടതെന്നും ആത്മാവിന്റെ ജ്ഞാനം, കൃത്യം, പ്രകാശം ഇവകള്‍ക്കു തടവുണ്ടായിരുന്നു എന്നും ആ തടവിനെ ഉണ്ടാക്കിയതുകൊണ്ടു ദൈവം കൃപയില്ലാത്തവനെന്നും സമ്മതിക്കേണ്ടിവരും. ആത്മാക്കള്‍ക്ക് ആദ്യം കൊടുത്ത ശരീരം ശുദ്ധശരീരംതന്നെ ആയിരുന്നുവെങ്കില്‍ അതിനു വിശപ്പ് മുതലായ ദോഷങ്ങള്‍ ഉണ്ടാവാന്‍ ഇടയില്ലാ. ആ സ്ഥിതിക്കു സ്ഥാവരഭോജനം വിധിച്ചു എന്നും ഒരു പഴം തിന്നു എന്നും പറയുന്നതു കള്ളമായിപ്പോകും. ശുദ്ധജ്ഞാനികള്‍ക്കു ശുദ്ധശരീരം പോലും വേണമെന്നില്ലല്ലോ. ശുദ്ധജ്ഞാനികളായ മോക്ഷവാസികള്‍ എന്നെന്നേക്കും ശുദ്ധജ്ഞാനികളായിരിക്കുമെന്നു ബൈബിളില്‍ കാണുന്നുവെങ്കില്‍ (2 കൊളന്തിയക്കാര്‍ 4-അ. 18-വാ.) കാണപ്പെട്ടവ അനിത്യങ്ങളാകുന്നു എന്നു പറഞ്ഞപ്രകാരം തന്നെ മോക്ഷവാസികളും ശരീരത്തോടുകൂടിയവരാകയാല്‍ അഴിഞ്ഞുപോകുമെന്നുള്ളതു നിശ്ചയമാകുന്നു. ആദിമനുഷ്യശരീരം വിശപ്പുമുതലായവയോടുകൂടി ഇരുന്നതുകൊണ്ട് മോക്ഷവാസികള്‍ക്കും അതുപോലെ വിശപ്പു മുതലായവ സംഭവിക്കുകയും ബൈബിള്‍ കള്ളമായിപ്പോകുകയും ചെയ്യും. ആകയാല്‍ ശുദ്ധജ്ഞാനികള്‍ക്കു കൊടുക്കപ്പെട്ട ശരീരം ശുദ്ധമുള്ളതല്ലാ. ഒരുവേള ശുദ്ധമുള്ളതെന്നു വരികിലും ആയത് വേണമെന്നുള്ളതല്ല.

ആദ്യം സൃഷ്ടിക്കപ്പെട്ടപ്പോഴെതന്നെ ആത്മാവിനു ശുദ്ധിയും ജ്ഞാനവും ഉണ്ടായിരുന്നുവെങ്കില്‍ ആയതിനു വിധിയെ നിഷേധമെന്നും നിഷേധത്തെ വിധിയെന്നും മയങ്ങി വിപരീതമായിട്ടു ധരിക്കുന്നതിലേക്കു (തെറ്റിദ്ധരിച്ച്) കാരണമായ അജ്ഞാനം എങ്ങനെയുണ്ടായി? ആ മയക്കം പിശാചിനാല്‍ വന്നതാകുന്നു എന്നാല്‍, പുറമേയുള്ള കാരണമായ ആയിരം പിശാചു കൂടിയാലും ഉള്ളിലെ കാരണമായ അജ്ഞാനമില്ലാത്തപ്പോഴെങ്ങും മയക്കത്തെ ഉണ്ടാക്കുവാന്‍ കഴികയില്ല.

ഇനി സര്‍വ്വജ്ഞാനത്തിന്റെ ഇല്ലായ്മയാണ് മയക്കത്തിലേക്കു കാരണം എങ്കില്‍, മോക്ഷവാസികളും മയക്കമുള്ളവരായിപ്പോകും. അല്ലാതെയും സര്‍വ്വജ്ഞാനശൂന്യം എന്നത് എത്താത്ത കാര്യങ്ങളെ അറിയാതെ ഇരിക്കുന്നതിനു കാരണമായി ഭവിക്കും എന്നല്ലാതെ, എത്തി അറിഞ്ഞകാര്യത്തെ വിപരീതമായി ധരിച്ചുകൊള്ളുന്നതിനു കാരണമാകയില്ലാ.

ആത്മാവിനു ദൈവത്തിനാല്‍ കൊടുക്കപ്പെട്ട സ്വാധികാരമാണ് മയക്കത്തിന്റെ ഉള്‍ക്കാരണമെങ്കില്‍ സ്വാധികാരം എന്നതു വേറൊന്നിന്റെ വശപ്പെട്ട മയക്കത്തിനു കാരണമാകുന്നതല്ലാ. തന്റെ വശപ്പെട്ടു മയങ്ങാതെയിരിക്കുന്നതിലേക്കു കാരണമായിരിക്കുന്നതാണ് എന്നുള്ളതു യുക്തിസിദ്ധമായിരിക്കെ അതാണ് മയങ്ങുന്നതിനു കാരണമെന്നു പറയുന്നത്. പുക കാണുകകൊണ്ട് അഗ്നി ഇല്ലാ എന്നു പറയുന്നതുപോലെ വിരോധമാകുന്നു.

എന്നാല്‍ ഒരു കാരണവും കൂടാതെ ചുമ്മാ മയങ്ങിപ്പോയി എങ്കില്‍ അപ്രകാരംതന്നെ മോക്ഷവാസികളും ഒരു കാരണവും കൂടാതെ മയങ്ങിപ്പോകുമെന്നുവരും. അല്ലാതെയും ഒരു മോക്ഷവാസി ആന്തരകാരണമായിട്ടു യാതൊന്നും ബാഹ്യകാരണമായ പിശാചും കൂടാതെ തന്നെത്താനെ മയങ്ങിത്തിരിഞ്ഞു പിശാചായിപ്പോയി എന്നു ബൈബിള്‍ പറകകൊണ്ട് മുക്തിസിദ്ധിച്ചവരും ചിലപ്പോള്‍ മയങ്ങി പാപികളായി നരകത്തിലേക്കു പോകുമെന്നും ആ സ്ഥിതിക്ക് ആ മുക്തി അനിത്യമായി ഭവിക്കുമെന്നും ആകയാല്‍ അതിനെ പ്രാപിച്ചിട്ടു ഫലമില്ലെന്നുംകൂടി നിശ്ചയമാകും.

ഇനിയും ദൈവം ആദ്യം ഇല്ലാതിരുന്ന ആത്മാക്കളെ ഇടക്കാലത്തില്‍ സൃഷ്ടിക്കുമെന്നു പറഞ്ഞല്ലൊ? അദ്ദേഹം സൃഷ്ടിക്കുന്നതിനു മുമ്പില്‍ ആത്മാക്കള്‍ ഒരുത്തരുമില്ലാതിരുന്നതുകൊണ്ട് അവരാല്‍ ചെയ്യപ്പെട്ട യാതൊരു കാര്യങ്ങളും ഇല്ലാതെതന്നെയിരിക്കും. അങ്ങനെയിരിക്കുമ്പോള്‍ ദൈവം ആത്മാക്കളില്‍ ചിലരെ ഉത്തമശരീരികളായിട്ടും, ചിലരെ മദ്ധ്യമശരീരികളായിട്ടും, ചിലരെ അധമശരീരികളായിട്ടും, ചിലരെ കുരുടന്മാരായിട്ടും, ചിലരെ ചെകിടന്മാരായിട്ടും, ചിലരെ മുടന്തന്മാരായിട്ടും, ചിലരെ സര്‍വ്വേന്ദ്രിയശാലികളായിട്ടും, ചിലരെ നിത്യവ്യാധിമാന്മാരായിട്ടും, ചിലരെ നിത്യസ്വസ്ഥന്മാരായിട്ടും, ചിലരെ സമ്പന്നന്മാരായിട്ടും, ചിലരെ ദരിദ്രന്മാരായിട്ടും, ചിലരെ വിദ്വാന്മാരായിട്ടും, ചിലരെ മൂഢന്മാരായിട്ടും, ചിലരെ ആര്യന്മാരായിട്ടും, ചിലരെ മ്ലേച്ഛന്മാരായിട്ടും, ചിലരെ സ്വാമിമാരായിട്ടും, ചിലരെ ദാസന്മാരായിട്ടും, ചിലരെ ദുഷ്ടന്മാരായിട്ടും, ചിലരെ ശിഷ്ടന്മാരായിട്ടും, ഇനിയും പലമാതിരികളിലാക്കി ചിലരെ ഭോഗഭുവനങ്ങളിലും, ചിലരെ വനങ്ങളിലും, ചിലരെ മലകളിലും, ചിലരെ സമുദ്രങ്ങളിലും, ചിലരെ ശീതഭൂമികളിലും, ചിലരെ ഉഷ്ണഭൂമികളിലും ഇരുത്തി, ചിലരെ ഗര്‍ഭപിണ്ഡത്തിലും, ചിലരെ ജനനകാലത്തിലും, ചിലരെ ശിശുപ്രായത്തിലും, ചിലരെ യൗവനകാലത്തിലും, ചിലരെ വാര്‍ദ്ധക്യകാലത്തിലും കൊന്ന്, ചിലരെ ശിവമതത്തിലും, ചിലരെ വിഷ്ണുമതത്തിലും, ചിലരെ ബൗദ്ധമതത്തിലും, ചിലരെ യഹൂദമതത്തിലും, ചിലരെ യേശുമതത്തിലും, ചിലരെ വേറെ മതത്തിലും ചേര്‍ത്ത് ജനനം മുതല്‍ക്കേ ഇപ്രകാരം അനേകഭേദഗതികളോടുകൂടി സൃഷ്ടിക്കുന്നതിലേക്ക് കാരണം എന്ത്?

അതിനുകാരണം യാതൊന്നുമില്ല, ദൈവം എല്ലാം തന്റെ അഭിപ്രായപ്രകാരം ചെയ്യുന്നു എങ്കില്‍ അപ്രകാരംതന്നെ മനുഷ്യര്‍ മരിച്ചതിന്റെ ശേഷം അനുഭവിപ്പാനുള്ള സുഖദുഃഖങ്ങള്‍ക്കും യാതൊരു കാരണവും വേണമെന്നില്ലെന്നും, തന്റെ മനസ്സുപോലെ ചിലരെ മോക്ഷത്തിലും ചിലരെ നരകത്തിലും ആക്കി സുഖദുഃഖങ്ങളെ അനുഭവിപ്പിക്കുമെന്നും പറയേണ്ടതാണ്. അപ്രകാരമല്ലാതെ അവരവര്‍ ചെയ്ത ഗുണദോഷങ്ങള്‍ക്കു തക്കതായ ഫലങ്ങളെ കൊടുക്കുന്നെന്നു പറയുന്നപക്ഷം അതുപോലെതന്നെ ചിലര്‍ സുഖത്തോടു കൂടിയവരായും ചിലര്‍ ദുഃഖത്തോടുകൂടിയവരായും ജനിക്കുന്നതിലേക്ക് തക്കതായ കാരണം ഉണ്ടായിരിക്കണം.

അല്ലാതെയും ആ ദൈവം ഒരു കാരണവും കൂടാതെ ഒരുവനു സുഖത്തെയും ഒരുവനു ദുഃഖത്തെയും കൊടുത്തു എന്നുവരികില്‍ അവന്‍ നീതി, കൃപ, പരിശുദ്ധി, സര്‍വ്വജ്ഞാനം മുതലായ ഗുണങ്ങളൊന്നുമില്ലാത്തവനും പക്ഷപാതിയുമായി പോകുമല്ലോ.

ചെറിയ അറിവുള്ള ഒരു മനുഷ്യന്‍പോലും തന്റെ പുത്രന്മാര്‍ക്കെല്ലാപേര്‍ക്കും താന്‍ സമ്പാദിച്ച ദ്രവ്യങ്ങളെ പക്ഷപാതം കൂടാതെ ന്യായപ്രകാരം വീതിച്ചുകൊടുക്കേയുള്ളൂ. അങ്ങനെയല്ലാതെ ഒരുവനെ വഞ്ചിച്ച് മറ്റവനു കൊടുത്താല്‍ ആയവനെ മഹാദ്രോഹിയെന്നു ലോകര്‍ പറയും. ആ സ്ഥിതിക്കു സര്‍വ്വജീവി ദയയും സര്‍വ്വ സാമര്‍ ത്ഥ്യവുമുള്ളവനായും, ഒരുവനോടു സ്‌നേഹവും മറ്റൊരുവനോടു ദ്വേഷവും ഇല്ലാത്തവനായും, സര്‍വ്വലോകവ്യാപകനായും ഇരിക്കുന്ന ദൈവം ചിലര്‍ക്കു സ്‌നേഹംകൊണ്ടു സുഖത്തെയും ചിലര്‍ക്കു ദ്വേഷംകൊണ്ടു ദുഃഖത്തെയും കൊടുത്തു എന്നു പറയുന്നതിനെ ലോകര്‍ കൈക്കൊള്ളുമോ?

അല്ലാതെയും കൂന്, കുരുട്, ചെകിട്, മുടന്ത് മുതലായ ഏതെങ്കിലും ഒരു കുറവുള്ള പൈതല്‍ ദൈവത്തെ നോക്കിക്കൊണ്ട് അയ്യയ്യോ! എന്റെ രക്ഷിതാവേ, എന്റെ ജ്യേഷ്ഠനെ അതിസുന്ദരനായും ആരോഗ്യശാലിയായും സകലസല്‍ഗുണസമ്പന്നനായും അടിയനെ കുരൂപിയായും രോഗിയായും ദുര്‍ഗ്ഗുണനിമഗ്നനായും നിന്തിരുവടി സൃഷ്ടിച്ചല്ലോ. എന്റെ ജ്യേഷ്ഠന്‍ നിന്തിരുവടിക്കു ചെയ്ത ഉപകാരമെന്താണ്? അടിയന്‍ ചെയ്ത അപകാരമെന്താണ്? എന്റെ ദൈവമേ എന്നു പറഞ്ഞു നിലവിളിച്ചാല്‍ ആ ദൈവം, അതിനെക്കുറിച്ച് നീ ചോദിച്ചുപോകരുതെന്നു പറയുമോ? എന്റെ മനസ്സുപോലെ ചെയ്തു, നീ ഇനി അതിനെക്കുറിച്ച് എന്തിനായിട്ടു ചോദിക്കുന്നു എന്നു ചോദിക്കുമോ? വലിപ്പമെന്നും ചെറുപ്പമെന്നും ഇല്ലാതേയിരുന്നാല്‍ ലോകത്തെ ശരിയായി നടത്തുന്നതിലേക്ക് നമ്മാലെ കഴികയില്ല. അതുകൊണ്ട് ഇങ്ങനെ ചെയ്തിരിക്കയാണ് എന്നു പറയുമോ? ആദത്തിന്റെ വിന വഴിയായി ജനിച്ചതുകൊണ്ട് നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും അങ്ങനെ സംഭവിച്ചു എന്നു പറയുമോ? ഒരു കുശവന്‍ മണ്‍പാത്രങ്ങളെ ഉണ്ടാക്കുമ്പോള്‍ ചില പാത്രങ്ങള്‍ ദോഷപ്പെട്ടു പോകുന്നില്ലയോ? അതുപോലെ ഞാനും സൃഷ്ടിച്ചപ്പോള്‍ പ്രമാദംകൊണ്ടു സംഭവിച്ചുപോയതിലേക്ക് ഇനി എന്തു ചെയ്യാം? എന്നു പറയുമോ? ആ ബാലന്‍ ഇപ്രകാരമെല്ലാം കിടന്നു നിലവിളിക്കുന്ന ശബ്ദത്തെ ആ ദൈവം കേള്‍ക്കതന്നെയില്ലയോ? അതല്ല, കേട്ടുകൊണ്ടു മൗനമായിരുന്നുകളയുമോ? എന്തോന്നു ചെയ്യും? എങ്ങനെയായാലും ഇതുകളില്‍ ഒന്നുംതന്നെ ചേരുകയില്ലല്ലോ. അതുകൊണ്ട് ദൈവത്തിനാല്‍ ജീവന്മാര്‍ ഇങ്ങനെയുള്ള ഭേദഗതികളോടുകൂടി സൃഷ്ടിക്കപ്പെടുന്നതിലേക്കു കാരണം ഉണ്ടായിരിക്കണം. ആ കാരണവും ആ ജീവന്മാര്‍ക്ക് അനാദിയായിട്ട് അടങ്ങിക്കിടന്ന ഫലകര്‍മ്മം തന്നെയെന്നും വരും. അപ്പോള്‍ ജീവന്മാരും അനാദിയായിട്ടുള്ളവരാകുന്നു എന്നല്ലാതെ ഇടക്കാലത്ത് സൃഷ്ടിക്കപ്പെട്ടവരല്ലെന്നുതന്നെ സാധിക്കയും, അതുനിമിത്തം ജീവന്മാരെ ഇടയ്ക്കു സൃഷ്ടിച്ചു എന്നു നിങ്ങള്‍ പറയുന്നത് അല്പവും ചേരുകയില്ലെന്നു തെളിവാകയും ചെയ്യും.

ഇങ്ങനെ ഉത്പ്പത്തിയെക്കുറിച്ചു വിചാരിച്ചതിലും ജീവലക്ഷണമില്ലെന്നു സാധിക്കപ്പെട്ടിരിക്കുന്നു.

കുറിപ്പുകള്‍

1. ഉപാദാനകാരണം-ബൈബിള്‍ പറയുന്നത് ദൈവം ഭൂമിയിലെ പൊടികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തി എന്നാണ്. ആത്മാവിനെയും ഇതുപോലെ രൂപപ്പെടുത്തിയെങ്കില്‍ ഭൂമിയിലെ പൊടിയാണ് ഉപദാന കാരണം.