അല്ലയോ ഹിന്ദുക്കളെ, നിങ്ങള്‍ ദയവുചെയ്ത് ഈ പുസ്തകത്തെ ചിത്തസമാധാനത്തോടുകൂടി ആദ്യം തുടങ്ങി അവസാനംവരെയും വായിച്ചു മനസ്സിലാക്കുകയും ഇതില്‍ കാണിച്ചിട്ടുള്ള ന്യായങ്ങളാല്‍ ക്രിസ്തുമതം ഛേദിക്കപ്പെട്ടോ ഇല്ലയോ എന്നു നല്ലതിന്‍വണ്ണം ചിന്തിച്ചുനോക്കുകയും ചെയ്‌വിന്‍.

കൂട്ടക്കൊലകള്‍

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ക്രിസ്തുമതഛേദനം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം പതിനാറ്

ഈ ക്രിസ്തുമതം ഇങ്ങനെ നിറഞ്ഞുവന്നത് ന്യായംകൊണ്ടോ, മറ്റുവല്ലവിധമോ എന്നുള്ളതിനെക്കുറിച്ചു പര്യാലോചിക്കാം.

ക്രിസ്തു ജനിച്ച് 300 സംവത്സരങ്ങള്‍ക്കു ശേഷം നിസ്സ എന്ന ദിക്കിലെ ജനങ്ങളുടെ സഹായംകൊണ്ട് കാണ്‍സ്‌ടെന്റ്റയിന്‍ എന്ന ആള്‍ റോമാപുരത്തേക്കു രാജാവായി വന്നു. അനന്തരം ഉപകാരം ചെയ്ത ആ ജനങ്ങള്‍ ക്രിസ്തുവിനെക്കുറിച്ചു കൈക്കൊണ്ടിരുന്ന ചില അഭിപ്രായങ്ങളെ ചേര്‍ത്ത് ഒരു മതമാക്കി അതിനെ വര്‍ദ്ധിപ്പിക്കുന്നതിലേക്കുവേണ്ടി ക്രിസ്ത്യന്മാരാകുന്നവര്‍ക്ക് ആളൊന്നിന് 12 പൊന്നും പ്രത്യേകം പ്രത്യേകം വെള്ളവസ്ത്രവും കൊടുത്ത്, പന്തീരായിരം പുരുഷന്മാരെയും അസംഖ്യം സ്ത്രീകളെയും ചെറിയ കുട്ടികളെയും ഒരു സംവത്സരംകൊണ്ടു ചേര്‍ത്തു (Gibbon’s Decline, and Fall, Vol.ii.P.472-3) ആയാള്‍തന്നെ ഇതരമതങ്ങളെ നാശം ചെയ്യുന്നതിന് തക്കവയായ അനേകചട്ടങ്ങളെ ഉണ്ടാക്കി. ആരെങ്കിലും പഴയ ദേവതകള്‍ക്കു ബലിയിട്ടാല്‍ സ്വത്തുക്കളെ അപഹരിച്ചുകൊണ്ട് അവരെ കൊന്നുകളക പതിവായിരുന്നു. ക്രി-ജ-380-ാം സംവത്സരം മുതല്‍ 394 വരെ രാജാവായിരുന്ന തിയോഡോഷിയസ് എന്ന ആള്‍ ഇതരമതസ്ഥന്മാരെ സഭ കൂട്ടിക്കൂടാ എന്നും, കൂടുന്ന കെട്ടിടങ്ങള്‍ രാജാവിനാല്‍ അപഹരിക്കപ്പെടുമെന്നും ക്രിസ്തുമതത്തെ അനുസരിക്കാത്തവര്‍ക്ക് യാതൊരു സ്വാതന്ത്ര്യവും ഇല്ലെന്നും ഉത്തരവു നടത്തി. (Gibbon’s Decline and Fall, V, iii. P. 412)

അക്കാലത്തില്‍ ക്രിസ്ത്യന്മാരാകാത്തവരുടെ മുതല്‍കാര്യങ്ങളെ വിട്ടുകൊടുക്കാത്തപക്ഷം ജീവനെ വിട്ടുകൊടുക്കേണ്ടിവരും.

5-ാമതു നൂറ്റാണ്ടില്‍ ഇപാതിയാ എന്നു ഒരു സ്ത്രീ സ്വന്തമതത്തെ ബോധിപ്പിച്ച് ഒരു ക്രിസ്ത്യാനിയെ അതില്‍ ചേര്‍ക്കുന്നതിലേക്ക് ആരംഭിച്ചതിനാല്‍ അവളെ ക്രിസ്ത്യന്‍പള്ളിയിലേക്കു പിടിച്ചിഴച്ചു കൊണ്ടുചെന്നു വസ്ത്രങ്ങളെ ഉരിഞ്ഞ് ദേഹത്തെ ഭിന്നഭിന്നമാക്കി മാംസത്തെ അറുത്തെടുത്ത് ബൈബിള്‍ പുറപ്പാടുപുസ്തകം 22-അ. 20 വാക്യത്തെ ആധാരമാക്കിക്കൊണ്ട് അവളെ തീയിലിട്ടുകൊന്നു. അര്‍മേനിയ എന്ന ദേശത്തില്‍ തിയൊഡറാ എന്ന ചക്രവര്‍ത്തിനിയുടെ കാലത്തില്‍ ലക്ഷം പേരുവരെ കൊല്ലപ്പെട്ടു. 10-ാമതു നൂറ്റാണ്ടില്‍ ഫ്രാന്‍സ്‌ദേശത്തെ രാജാവായ ചാറത്സ് എന്ന ആള്‍ ക്രിസ്ത്യനാകുന്നപക്ഷം തന്റെ മകളെയും സമ്പത്തിനെയും കൊടുക്കാമെന്നു നാര്‍മെന്‍ദേശത്ത് റൊലോ എന്ന ആളിനോടു സമ്മതിച്ചു പറയുകയും അയാള്‍ അപ്രകാരം ക്രിസ്ത്യനായും ക്രിസ്തുമതം ഇന്നതെന്നുപോലും അറിയാത്ത സ്വദേശികളെ എല്ലാവരെയും ക്രിസ്ത്യന്മാരാക്കുകയും ചെയ്തു. ടി 10-ാമതു നൂറ്റാണ്ടില്‍ പോളണ്ടുദേശത്തെ രാജാവ് തന്റെ ഭാര്യയെ കരുതി, ക്രിസ്ത്യനായ വര്‍ത്തമാനത്തെ മൂന്നാമത് പോപ്പ് ജോണ്‍ എന്ന ആള്‍ കേട്ടറിഞ്ഞ് ആ പട്ടണവാസികളെ ക്രിസ്ത്യന്മാരാക്കുവാന്‍ അനേകപാതിരിമാരെ അയച്ചു. എന്നിട്ടും ആരുംതന്നെ ക്രിസ്ത്യന്മാരാകാത്തതുകൊണ്ട് അന്യായചട്ടങ്ങളെ ഏര്‍പ്പെടുത്തി. അവരെ ദണ്ഡനം ചെയ്തു. അതു സഹിക്കാന്‍ പാടില്ലാത്ത ആ ദിക്കുകാര്‍ എല്ലാം ക്രിസ്ത്യന്മാരായി.

ടി. 10-ാമത് നൂറ്റാണ്ടില്‍ റഷ്യാദേശത്തെ രാജാവ് ഗ്രീസു ദേശത്തെ ക്രിസ്ത്യാനിസ്ത്രീയെ കല്യാണം കഴിച്ച് അവളുടെ നിര്‍ബ്ബന്ധത്തിന്‍പേരില്‍ താനും അതുനിമിത്തം ജനങ്ങളും ക്രിസ്തുമതത്തെ അനുസരിച്ചു. ടി. 10-ാമത് നൂറ്റാണ്ടില്‍ ഒട്ടൊ എന്നവന്‍ ഡെന്‍മാര്‍ക്ക് ദേശക്കാരെ ജയിക്കയും അനന്തരം ജനങ്ങളോട് നിങ്ങളെല്ലാവരും ക്രിസ്ത്യന്മാരാകുമെങ്കില്‍ സമാധാനപ്പെട്ടുകൊള്ളാം എന്നു പറയുകയും ചെയ്കയാല്‍ മറ്റൊരാശ്രയം ഇല്ലാത്ത ആ ജനങ്ങള്‍ എല്ലാവരും ക്രിസ്ത്യന്മാരായി. ഇപ്രകാരം നോര്‍വ്വെദേശക്കാരും ക്രിസ്ത്യന്മാരായി.

6-ാമത് നൂറ്റാണ്ടില്‍ ചില്‍ട്ടെരിക്ക് എന്നവന്‍ ഫ്രാന്‍സ്‌ദേശത്തെ യഹൂദന്മാരെ നിര്‍ബ്ബന്ധിച്ച് ക്രിസ്ത്യന്മാരാക്കി.

5-ാമത് നൂറ്റാണ്ടില്‍ എഫീയസ്സ് എന്ന ദിക്കില്‍ നടന്ന വലുതായ പാതിരിസമൂഹത്തില്‍ ക്രിസ്തുവിനു വിരോധമായിട്ടു പറഞ്ഞവനായ പ്ലെവിയാസ് എന്ന പാതിരിയെ കൊല്ലുകയും അയാളുടെ കക്ഷിയില്‍ ചേര്‍ന്നവരെ തല്ലുകയും ചെയ്തു.

1229-ാം വര്‍ഷത്തില്‍ ടുലോസ് എന്ന ദേശത്തുനിന്നു വലിയ മീറ്റിങ്ങില്‍, ദേശങ്ങള്‍തോറും സഭകളും സഭ ഒന്നിന് ഒരു ഗുരുവും രണ്ടു ശിഷ്യന്മാരും ആ സഭക്കാര്‍ അതാതു ദിക്കിലെ ക്രിസ്ത്യന്മാരാകാത്ത എല്ലാവരെയും ബലാല്‍ക്കാരമായി പിടിച്ചു ക്രിസ്ത്യന്മാരാക്കുകയും തീരെ ആകയില്ല എന്നു പറയുന്നവരെ കൊല്ലുകയും വേണമെന്നു തീരുമാനിച്ചു. ഇതിന്നു മേല്‍വിചാരണക്കാരന്‍ ഒന്‍പതാമതു ഗ്രിഗറിയും ആയിരുന്നു. ക്രിസ്ത്യന്മാരാകാത്തവരെ നഗ്നന്മാരായിട്ടു നിര്‍ത്തുക, മൊട്ടയടിക്കുക, മഹാവേദനപ്പെടുത്തുന്ന യന്ത്രത്തില്‍ വെച്ച് അമര്‍ത്തുക മുതലായ കഠിനകൃത്യങ്ങളെ ടി. സഭക്കാരും അവരോടു പിന്നെ ചേര്‍ന്നവരും ചെയ്തു എന്ന് സിവിലി എന്ന ദിക്കിന്റെ വിചാരണകര്‍ത്താവായിരുന്ന ആളിന്റെ കൈപ്പുസ്തകത്തില്‍ എഴുതിയിരുന്നു. ഇതിനെ വിസ്താരമായിട്ട് അറിയണമെങ്കില്‍ ഡോക്ടര്‍ റൂള്‍ എന്ന ആളിനാല്‍ എഴുതപ്പെട്ട ടി. വിചാരണ ചരിത്രപുസ്തകത്തില്‍ കാണാം. (Appendix Vol.I.P.339 to 359 Fd. in. 1874) മനുഷ്യരെ വെച്ച് അമര്‍ത്തി കൊല്ലുവാനുള്ള ചിവോലെറ്റ് (Chevolet) എന്ന യന്ത്രത്തില്‍ നല്ലതിന്‍വണ്ണം അമര്‍ത്തി തൊണ്ടവരെയും തുണിയെ ചെലുത്തി കൊല്ലുകയും മറ്റും ചെയ്തു. ടി. സഭക്കാര്‍ സ്പാനിയാദേശത്തില്‍ 31912 പേരെ, പച്ച ഉയിരോടെ തീയിലിട്ടു കൊന്നു. 291450 പേരെ അതിക്രൂരമായിട്ടു ദണ്ഡിപ്പിച്ച് അനേകം കുടുംബങ്ങളെ ഇല്ലായ്മ ചെയ്തു.

1492-ാം വര്‍ഷം മാര്‍ച്ചുമാസത്തില്‍ സ്‌പെയില്‍ദേശത്തിലെ ക്രിസ്തുരാജാവ് അനേക നൂതനചട്ടങ്ങളെ ഏര്‍പ്പെടുത്തി. ക്രിസ്തുമതത്തില്‍ ചേരാത്തവരായ പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധന്മാര്‍, ഏഴകള്‍, ധനവാന്മാര്‍ മുതലായ എല്ലാ യഹൂദന്മാരും ജൂലായ് മാസത്തിനകം ദിക്കു വിട്ടു പൊയ്‌ക്കൊള്ളണമെന്നും പോകുമ്പോള്‍ പൊന്‍, വെള്ളി മുതലായ സ്വത്തുക്കളെ ഒന്നിനെയും കൊണ്ടുപൊയ്ക്കൂടാ എന്നും, വര്‍ദ്ധകചരക്കുകളെയോ പാത്രങ്ങളെയോ എടുത്തുകൊണ്ടുപോകാം എന്നും മറ്റും ആയിരുന്നു കല്പന. യഹൂദന്മാര്‍ അപ്രകാരം എല്ലാ സ്വത്തുക്കളെയും കൈവിട്ട് സ്വദേശത്തുനിന്നു പോകുമ്പോള്‍ അവിടെ ഉണ്ടായിരുന്നവരായ അനേകപാതിരിമാര്‍ 1ബഹുരാഗമായിട്ട് വീഥികളില്‍ നിന്നുകൊണ്ട് യഹൂദന്മാര്‍ക്ക് ഒരുവിധത്തിലും ഉപകാരം ചെയ്തുപോകരുതെന്നു പ്രസംഗിച്ചു. ടി ജൂലായിമാസം വന്നപ്പോള്‍ എല്ലായിടത്തും യഹൂദന്മാരുടെ നിലവിളിഘോഷംതന്നെ ആയിരുന്നു. അവര്‍ ഉച്ചത്തില്‍ വിളിച്ചുകരഞ്ഞുകൊണ്ടു പോകുമ്പോള്‍, ഉപകാരം യാതൊന്നും ഇവര്‍ക്കു ചെയ്തുപോകരുതെന്ന് പിന്നെയും കല്പന പുറപ്പെടുവിച്ചു. ആഹാരമില്ലാതെയും, കുടിക്കുന്നതിനു ജലമില്ലാതെയും, അനേകായിരം ജനങ്ങള്‍ മരിച്ചു.

1502-ാം സംവത്സരം ഫെബ്രുവരിമാസത്തില്‍ സ്‌പെയില്‍ദേശത്ത് ഈര്‍ഡിതാന്‍സ് എന്ന രാജാവ് തന്റെ രാജ്യത്ത് ബഹുകാലമായിട്ടു കുടിപാര്‍ത്തിരുന്നവരായ തുലുക്കന്മാരില്‍ ക്രിസ്ത്യന്മാരാകുവാന്‍ കഴിയില്ലാ എന്നു പറഞ്ഞ മുപ്പതുലക്ഷം പേര്‍ ഏപ്രില്‍ മാസത്തിനുമുമ്പ് ദിക്കുവിട്ടു പൊയ്‌ക്കൊള്ളണമെന്നും പോകാത്തവരെ കൊന്നുകളയുമെന്നും അവരുടെ പൊന്‍, വെള്ളി മുതലായ യാതൊരു വകകളെയും എടുത്തുകൊണ്ടുപോകരുതെന്നും മറ്റ് അനേക അന്യായചട്ടങ്ങളെ നിര്‍മ്മിച്ചുംകൊണ്ട് അവരെ നാടുകടത്തിക്കളഞ്ഞു.

6-ാം നൂറ്റാണ്ടുവരെയും ഇംഗ്ലീഷുകാര്‍, ക്രിസ്ത്യരായിട്ടില്ലായിരുന്നു; എന്നുതന്നെയുമല്ലാ, ക്രിസ്ത്യന്മാരെ കണ്ടാല്‍ ദേഷ്യപ്പെട്ടു പുച്ഛിച്ചു സംസാരിക്കുകയുംകൂടി ചെയ്യുമായിരുന്നു. ഇങ്ങനെയിരിക്കുമ്പോള്‍ ഇംഗ്ലണ്ടില്‍ കെന്റ് എന്ന സ്ഥലത്ത് രാജാവായിരുന്ന ഏതെന്‍ബെര്‍ട്ട് എന്നവന്‍ പാരീസ്‌ദേശത്ത് ക്രിസ്ത്യരാജപുത്രിയായ ബെര്‍താ എന്നവളെ വിവാഹംചെയ്തു. അവള്‍ വരുമ്പോള്‍ ചില പാതിരിമാരെക്കൂടെ കൊണ്ടുവന്ന് ഒരു പള്ളി കെട്ടിച്ച് അവരെ അതില്‍ പാര്‍പ്പിച്ച് ആദരവോടുകൂടി രക്ഷിക്കുകയും, തന്റെ പ്രിയനായ ഏതന്‍ബര്‍ട്ടിനെ ക്രിസ്ത്യനാക്കുകയും ചെയ്തു. അതുഹേതുവായിട്ട് അവിടെയുള്ള ജനങ്ങളെയും ക്രിസ്ത്യന്മാരാക്കി. അക്കാലത്ത് ഇംഗ്ലണ്ടില്‍ നാര്‍ത്താബറിയാ എന്ന ദേശത്തിലെ രാജാവ് മറ്റുള്ള എല്ലാ രാജാക്കന്മാരെക്കാളും ബലവാനായിരുന്ന ഏതര്‍ബര്‍ട്ട് എന്നവനും തദ്ദേശവാസികളും ക്രിസ്തുമതവിരോധികളുമായിരുന്നതിനാല്‍, അനേകം പാതിരിമാരെ ചെസ്റ്റര്‍ എന്ന ദേശത്തുവെച്ച് കൊല്ലുകയുംകൂടി ചെയ്തു. 617-ാം സംവത്സരത്തില്‍ അവന്റെ പിന്‍വാഴ്ചരാജാവായി വന്ന എഡ്വിന്‍ എന്നവനും ക്രിസ്തുമതവിരോധിയായിത്തന്നെ ഇരുന്നു എങ്കിലും ക്രിസ്ത്യനായ ടി. കെന്റ് ദേശരാജാവിന്റെ പുത്രിയെ വിവാഹംചെയ്തതിനാല്‍ അവളുടെ നിര്‍ബ്ബന്ധത്തിന്‍പേരില്‍ അവനും അവന്റെ നിര്‍ബന്ധത്തിന്‍ പേരില്‍ ജനങ്ങളും മറ്റുള്ളവരും പില്‍ക്കാലം ഇംഗ്ലണ്ടില്‍ ക്രിസ്തുമതത്തെ അനുസരിച്ചു. ഇംഗ്ലണ്ടുദേശത്തില്‍ പ്രോട്ടസ്റ്റാണ്ടുമതം ഉല്പത്തിയായ ഉടന്‍ 1539-ാം വര്‍ഷത്തില്‍ ആറു വിധികള്‍ ഏര്‍പ്പെടുത്തപ്പെട്ടു. അപ്പോള്‍ അവയെ അനുസരിക്കാത്ത 500 പേരെ ജയിലിലേക്ക് ഇരയാക്കി; അനേകം പേരെ തീയിലിട്ടും കൊന്നു. ആറാമത് എഡ്‌വേര്‍ഡിന്റെ കാലത്തില്‍ ജോണ്‍ പോക്കറിനെ ജീവനോടെ തീയിലും അനേകം പേരെ തൂക്കിലും ഇട്ടു. മേരി എന്ന റാണിയുടെ കാലത്ത് റോമന്‍ കത്തോലിക്കാ ക്രിസ്ത്യന്മാര്‍ പ്രോട്ടസ്റ്റാണ്ടു ക്രിസ്ത്യന്മാരില്‍ 277 പേരെ തീയിലിട്ടു കൊന്നു. അവരില്‍ 55 സ്ത്രീകളും 4 കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. എലിസബത്ത് എന്ന റാണിയുടെ കാലത്ത് പരിഷ്‌കാരം ചെയ്യപ്പെട്ട (എപ്പിസ്‌കോപ്പല്‍) മിഷനാല്‍ റോമന്‍ കത്തോലിക്കാ ക്രിസ്ത്യന്മാരും പ്രോട്ടസ്റ്റാണ്ടു ക്രിസ്ത്യന്മാരും കൊല്ലപ്പെട്ടു. ടി. രണ്ടു മതസ്ഥന്മാരും ഒരുത്തര്‍ക്കൊരുത്തര്‍ തങ്ങളും മതത്തില്‍ ചേരുന്നില്ലെന്നു പറയുന്നവരെ അനങ്ങുവാന്‍ പാടില്ലാത്ത വിധത്തില്‍ കൈകാലുകളെ അമര്‍ത്തിക്കെട്ടി തീയിലിട്ടു കൊല്ലുകയും തൂക്കിലിടുകയും ജയിലിലടയ്ക്കയും സ്വത്തുക്കളെ അപഹരിക്കയും ചെയ്തു. ഇതുപോലെ എത്ര ദോഷങ്ങള്‍ ചെയ്തു!

അയര്‍ലാന്തുപ്രദേശത്തെ പ്രോട്ടസ്റ്റാണ്ടുമതത്തിലുള്‍പ്പെടാത്ത റോമന്‍ കത്തോലിക്കാ പാതിരിമാരെ നാടുകടത്തിവിട്ടു. പരിഷ്‌കരിക്കപ്പെട്ട പ്രോട്ടസ്റ്റാണ്ടുമതസംബന്ധമായ നടപടികള്‍ക്ക് ഇഷ്ടപ്പെടാത്ത റോമന്‍ കത്തോലിക്കന്മാര്‍ക്ക് അപരാധം നിശ്ചയിക്കുകയും ജയിലില്‍ വയ്ക്കുകയും അഞ്ചു മൈലിനുമേല്‍ പൊയ്ക്കൂടാ എന്ന നിബന്ധനചെയ്കയും ചെയ്തു. 1694-ാം സംവത്സരത്തില്‍ കത്തോലിക്കാമതസ്ഥന്മാര്‍ തങ്ങളുടെ കുട്ടികളെ അന്യദേശങ്ങളില്‍ പഠിക്കുന്നതിലേക്കയച്ചുകൂടാ എന്നും 1709-ാം വര്‍ഷത്തില്‍ കത്തോലിക്കാകുട്ടികള്‍ക്ക് അമ്മതസ്ഥന്മാര്‍ പാഠം ചൊല്ലിക്കൊടുത്തുകൂടാ എന്നും നിബന്ധന ചെയ്തു. 1703-ാം വര്‍ഷത്തില്‍ കത്തോലിക്കാമതത്തില്‍നിന്നു പ്രോട്ടസ്റ്റാണ്ടായി വരുന്നവര്‍ക്കു മാത്രമേ തന്റെ പിതുരാര്‍ജ്ജിതസ്വത്തിനവകാശമുള്ളൂ എന്നും കത്തോലിക്കാ കുട്ടികള്‍ക്ക് യാതൊരു സംബന്ധവുമില്ലെന്നും പ്രോട്ടസ്റ്റാണ്ടുകള്‍ കത്തോലിക്കരായാല്‍ തന്റെ പിതൃസ്വത്തിനവകാശമില്ലെന്നും കത്തോലിക്കന്മാര്‍ കൃഷിയിടുന്ന നിലത്തിനു കൊടുക്കുന്ന വരിയില്‍ മൂന്നിലൊരു ഭാഗം ആദായം കിട്ടത്തക്കവിധമേ കൃഷി ഇറക്കാവൂ. അധികമാദായം എടുത്താല്‍ അതിനെ തെര്യപ്പെടുത്തുന്ന പ്രോട്ടസ്റ്റാണ്ടുകാരന് ആ നിലത്തിനെ ഒഴിഞ്ഞുകൊടുത്തുകൊള്ളണമെന്നും, കത്തോലിക്കന്മാര്‍ 5 പൗണ്ടിലധികം വിലപിടിപ്പുള്ള കുതിരകളെ ഉപയോഗിച്ചുപോകരുത്, ഒരുവേള 10 പൗണ്ട് വിലയുള്ളതിനെ ഉപയോഗിച്ചുപോയാല്‍ ആ വിവരത്തിനെ അറിയപ്പെടുത്തുന്ന പ്രോട്ടസ്റ്റാണ്ടുമതസ്ഥന് ആ കുതിരയെ 5 പൗണ്ട് വിലയ്ക്കു കൊടുത്തുകൊള്ളണമെന്നും, സ്‌കോട്ടുലാണ്ടുദേശത്ത് 1670-ാം വര്‍ഷത്തില്‍ ഉത്തരവുകൂടാതെ പ്രസംഗിച്ചുകൂടാ എന്നും ചട്ടമുണ്ടായി. 1674-ാം വര്‍ഷത്തില്‍ ന്യായം പറയുന്ന അഡ്വക്കേറ്റന്മാരെ നാടുകടത്തി വിട്ടു. 1678 ല്‍ മലയില്‍ ഇരുന്ന ഐലണ്ടര്‍മാരെ വരുത്തി അവരുടെ ഇഷ്ടം പോലെ ജനങ്ങളെ കൊല്ലുകയും മോഷ്ടിക്കുകയും തീ കൊളുത്തുകയും ചെയ്യുന്നതിന് അനുവാദം കൊടുത്തു. ആയുധപാണികളായ 8000 ഐലണ്ടര്‍മാരെ സ്‌കോട്ട്‌ലാണ്ട് വടക്കുഭാഗത്തുള്ള ഗ്രാമത്തില്‍ പ്രവേശിപ്പിച്ചു. അവര്‍ അപ്രകാരം ചെന്ന് ജനങ്ങളുടെ സ്വത്തുക്കളെ അപഹരിക്കയും സ്ത്രീകളെ നഗ്നകളാക്കി അനേകം അക്രമങ്ങളെ ചെയ്യുകയും രണ്ടുപേരെ ഒന്നിച്ചുകെട്ടി രണ്ടുപേരുടെയും പെരുവിരലുകളെ ഒന്നിച്ചു ചേര്‍ത്തു മുറുക്കി മരത്തില്‍ തൊങ്ങലിടുകയും, ഒരു പെണ്‍പിള്ളയെ ജപാലയപ്രധാനിയുടെ വീടിനകത്തുള്ള തവള മുതലായ ജന്തുക്കള്‍ നിറഞ്ഞ ഒരു വലിയ പള്ളത്തില്‍ എടുത്തു തള്ളിക്കളയുകയും ഒരു സ്ത്രീയുടെ വിരലുകളെ വളരെനേരംവരെ തീക്കുറ്റികൊണ്ടു ചുടുകയും ഈ ഉപദ്രവങ്ങളെ സഹിക്കാന്‍ വഹിയാതെ അവള്‍ ചില ദിവസംകൊണ്ട് മരിച്ചുപോകയും, ടര്‍ക്വിമെട എന്നവന്‍ അധികാരം നടത്തിയ 18 സംവത്സരത്തിനകം ക്രിസ്തുമതവിരോധികളായ 10220 പേരെ കൊല്ലുകയും, 97321 ആളുകളുടെ സ്വത്തുക്കളെ അപഹരിച്ച് അവരെ ജീവപര്യന്തം ജയിലിലിടുകയും ചെയ്തു. (History of the Inquisition by Dr. W.H. Rule, Vol.I. Page 150)

ഇവന്‍തന്നെ ചലമാന്‍ക എന്ന ദിക്കില്‍ ജൂതമതസ്ഥാഭിപ്രായത്തെപ്പറ്റി പറയുന്നു എന്നുവെച്ച് 6000 ശാസ്ത്രങ്ങളെ തീയിലിട്ടു ചുട്ടു. (Draper’s Conflict of Religion and Science, page 149). 1481-ാം വര്‍ഷത്തില്‍ ആന്റുലൂഷ്യായില്‍ 4-ാമത് പോപിചിക്ടസ് എന്നവനാല്‍ നിയമിക്കപ്പെട്ട വിചാരണസഭക്കാര്‍ 2000 പേരെ ജീവനോടെ തീയിലിട്ടുകൊല്ലുകയും 17,000 പേര്‍ക്ക് അപരാധവും ജീവപര്യന്തം ദണ്ഡനവും വിധിക്കയും ചെയ്തു. അങ്കരി (ഹംഗറി) എന്ന ദിക്കില്‍ കിസ്‌കാ ഉസൈട്ട എന്നവന്‍ പിക്ടാസ് എന്നൊരു വകക്കാരെ കൊല ചെയ്തു. ജര്‍മ്മനിദേശത്തില്‍ പ്രോട്ടസ്റ്റാണ്ടുമതത്തെ ഉണ്ടാക്കിയ ലൂതര്‍ എന്നയാള്‍ കള്ളന്മാരെ കഴുവേറ്റുന്നപോലെ ഗുരുക്കന്മാരായ പോപ്പന്മാരെ എല്ലാവരെയും കൊന്നു. അവരുടെ രക്തത്തില്‍ ഇനി എപ്പോഴാണ് കൈ കഴുകുന്നതെന്നു വ്യസനിച്ചു. (Spanish Inquisition La Maistre, P.67, Ed. 1838) (ഈ കര്‍ക്കശനെയാണ് വളരെ പരിഷ്‌കാരം ചെയ്തവന്‍ എന്നു പ്രോട്ടസ്റ്റാണ്ടുകാരു കൊണ്ടാടുന്നത്.) ആര്‍ച്ച് ബിഷപ്പ് ഉഷരി എന്ന പ്രോട്ടസ്റ്റാണ്ടുമതപാതിരി തനിക്കു തുല്യന്മാരായ 11 ബിഷപ്പുകള്‍ കയ്യെഴുത്തിട്ട ഒരു പത്രത്തില്‍ റോമന്‍ കത്തോലിക്ക പോപ്പുകളോടു ക്ഷമകാട്ടുന്നതു മഹാപാതകമായിട്ടുള്ളതാണെന്ന് എഴുതിവായിച്ചു. നോക്‌സ് എന്ന പ്രോട്ടസ്റ്റാണ്ടുക്രിസ്ത്യന്‍, കത്തോലിക്കാഗുരുക്കന്മാരെയും രാജസ്ത്രീയെയും ജനങ്ങള്‍ നിര്‍ബ്ബന്ധമായി കൊല്ലണമെന്നും ഇംഗ്ലീഷ് പാര്‍ലിമെണ്ടുസഭക്കാരും ദൈവമഹിമയെ പ്രസിദ്ധമാക്കുന്നതിലേക്കു ബലാല്ക്കാരം ചെയ്യുന്നതു ശരിയായിട്ടുള്ളതെന്നും, സ്‌കോട്ട്‌ലാണ്ടു പാര്‍ലിമെണ്ടുകാര്‍ വിഗ്രഹാരാധന ചെയ്യുന്ന കത്തോലിക്കന്മാരെ കൊല്ലുന്നതു പ്രോട്ടസ്റ്റാണ്ടുമതനിര്‍ബന്ധമാണെന്നും പറഞ്ഞു. (അക്കാലത്തെ പാര്‍ലിമെണ്ടുകാരുടെ മാതിരികളെ നോക്കുവിന്‍.) ഇപ്പോഴത്തെ പാര്‍ലിമെണ്ടുകാര്‍ ഇപ്രകാരം ചെയ്‌വാന്‍ തുനിയുമോ? ഇങ്ങനെ അക്രമങ്ങള്‍ ചെയ്‌വാന്‍ ഇപ്പോള്‍ ചട്ടമുണ്ടോ? ഇപ്പോള്‍ ഇംഗ്ലീഷ് പാര്‍ലിമെണ്ടു (ഗവര്‍മ്മെണ്ട്) എത്രയോ പരിഷ്‌കാരമായിപ്പോയി. 1550-ാം വര്‍ഷം 8-ാമതു ഹെന്റിക് മന്ത്രിയായിരുന്ന ഗ്രാമ്‌നരെന്ന പ്രോട്ടസ്റ്റാണ്ടു ക്രിസ്ത്യന്‍, തന്റെ മതത്തില്‍ വരാത്ത 5 പുരുഷന്മാരെ കൊല്ലുകയും ഒരു സ്ത്രീയുടെ വിരലില്‍ എണ്ണത്തുണി ചുറ്റി തീകൊളുത്തുകയും ചെയ്തു. (Student’s History of England, Hume, P.291). ആല്‍വാ, താന്‍ പരിപാലനം ചെയ്ത നാലഞ്ചു സംവത്സരത്തിനുള്ളില്‍ 18,000 പേരെ കൊന്നു എന്നു മിടുക്കുപറഞ്ഞു. ഒരു വര്‍ഷത്തില്‍ 8000 പേര്‍ ദഹിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. പാരീസ്പട്ടണത്തില്‍ 1172-ാം വര്‍ഷം ആഗസ്റ്റ് മാസം 24-ാം തീയതി ഹിയൂര്‍ക്കനാട എന്ന് ഒരുവക ആളുകളില്‍ 1400 പേരെ ഓടിച്ചുകൊണ്ട് രാജാവ് തന്റെ അരമനയിലെ ജനലില്‍ ഇരുന്നുകൊണ്ട് ബാണപ്രയോഗം ചെയ്ത് അവരെ പക്ഷികളെ കൊല്ലുംപോലെ കൊന്നു. പിന്നെയും ചേരാഞ്ഞവരെ പിടിച്ച് നന്നായിക്കെട്ടി വേദനയായ യന്ത്രത്തിനകത്തു ചെലുത്തി അവരുടെ വായ്കളില്‍ വിരിഞ്ഞ വായുള്ള കുഴല്‍കളെ തിരുകി നിറുത്തി അതില്‍ക്കൂടി തൊണ്ണയില്‍ ഇറങ്ങത്തക്കവണ്ണം ദ്രാക്ഷാരസം കുമുകുമിനെ ഒഴിച്ചു കഷ്ടപ്പെടുത്തുകയും, മുഴുവനും നഗ്നന്മാരാക്കി, അസംഖ്യം അപമാനങ്ങളെ ചെയ്തു. തലമുതല്‍ കാല്‍വരെ 2കുണ്ടുദൂശികളെ കുത്തിച്ചെരുകി പേനാക്കത്തികൊണ്ടു വെട്ടി തീയിലിട്ടു. നല്ലവണ്ണം പഴുപ്പിച്ച 3പറ്റുകുരടുകൊണ്ട് അവരുടെ മൂക്കുകളെ പറിച്ചെടുത്തുകളകയും ചെയ്തു. ഇപ്രകാരം നടന്ന അന്യായങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും ഇത്രമാത്രമെന്നു പറഞ്ഞാല്‍ അവസാനിക്കയില്ല. ഇവിടെ വളരെ ചുരുക്കമായിട്ട് എഴുതിയതാണ്. എങ്കിലും ക്രിസ്തുമതം ഇത്രത്തോളം വര്‍ദ്ധിച്ചുവന്നതിന്റെ കാരണങ്ങള്‍ നല്ലതിന്‍വണ്ണം തെളിവായല്ലോ. സഹിപ്പാന്‍ വഹിയാത്ത ഇങ്ങനെയുള്ള ഹിംസകളെ ചെയ്താല്‍ ആരാണു ചേരാതിരിക്കുന്നത്? മരണഭയമുള്ള എല്ലാവരും ചേരുകതന്നെ ചെയ്യും. അല്ലാതെ ഇത്തരം മതങ്ങളെയും ക്രിസ്തുമതത്തെയും ആരാഞ്ഞുനോക്കി ഗുണദോഷങ്ങളെ അറിഞ്ഞു ക്രിസ്തുമതം തന്നെ നല്ലതെന്ന സമ്മതത്തോടുകൂടി യാതൊരുത്തരും ആ മതത്തെ സ്വീകരിച്ചിട്ടില്ലാ. ഈ ദേശത്തെ മഹമ്മദീയര്‍ എത്രയോ അക്രമങ്ങളെ ചെയ്താണ് ഹിന്ദുക്കളെ അവരുടെ മതത്തില്‍ ചേര്‍ത്തത്. എങ്കിലും ക്രിസ്ത്യന്മാര്‍ ചെയ്തിട്ടുള്ളതില്‍ ലക്ഷത്തിലൊരംശംപോലും ആകയില്ല. എന്നാല്‍ ഇക്കാലങ്ങളിലോ യൂറോപ്പിലും അമേരിക്കയിലും ബൈബിളിനു വിരോധമായ ഭൂഗോളശാസ്ത്രം, ശാസ്ത്രം, തര്‍ക്കശാസ്ത്രം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം മുതലായ വിദ്യകള്‍ നല്ലപോലെ അഭ്യസിച്ച് തര്‍ക്കശാസ്ത്രം മുഖേന വാസ്തവം ഇന്നപ്രകാരമെന്ന് അറിഞ്ഞതിനാല്‍ ക്രിസ്തുമതം മറ്റുള്ള മതങ്ങളില്‍നിന്ന് എഴുതി എടുത്ത കെട്ടുകഥയാണെന്നു നിശ്ചയമായതുകൊണ്ട് ബൈബിളിനെക്കുറിച്ചുണ്ടായിരുന്ന ദുരഭിമാനം വിട്ടുപോകയും ചെയ്കയാല്‍ ചട്ടങ്ങളെ ഏര്‍പ്പെടുത്തി പക്ഷപാതം കൂടാതെ ജനങ്ങളെ രക്ഷിച്ചുവരികയും അതുകൊണ്ട് ആംഗ്ലീയഗവര്‍മെണ്ട് രാജ്യഭരണത്തിലുള്‍പ്പെട്ട എല്ലാ ജനങ്ങള്‍ക്കും ന്യായം സമമായിട്ടു ലഭിക്കയും ഈവിധം നാഗരികം വര്‍ദ്ധിച്ചുവരുന്തോറും ക്രിസ്ത്യന്മാരുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെല്ലാം സൂര്യോദയത്തിങ്കല്‍, ഹിമകണങ്ങളെന്നപോലെ ഓടിപ്പോകയും മുമ്പിലത്തെ അന്യായങ്ങളും ഹിംസകളും ഇപ്പോള്‍ ചെയ്‌വാന്‍ വഹിയാത്തതുകൊണ്ട് പാതിരിമാര്‍ ദ്രവ്യം പ്രത്യക്ഷഭോഗവസ്തുക്കള്‍ ഇവകളെ ഉപയോഗിച്ചു ക്രിസ്ത്യന്മാരാക്കുകയും ക്രിസ്തുവിനെയും തന്മതത്തെയും നമ്മുടെ കൂട്ടുകാര്‍ വിശ്വസിക്കാത്തതുകൊണ്ട് തടുക്കാന്‍ കഴിയാത്ത ഏതോ വലിയ ആപത്തില്‍ അകപ്പെട്ടു വലയുന്നപോലെയും അവര്‍ ഇതിനെ കണ്ടു വ്യസനിച്ച് ഉപദേശിക്കുന്നതായിട്ടും വിശ്വസിപ്പിച്ചു. ക്രിസ്ത്യന്മാരായാല്‍ ടി. ആപത്തുകളില്‍നിന്നു രക്ഷപ്പെടുമെന്നപോലെയും ക്രിസ്ത്യന്മാരായവരെല്ലാപേരും രക്ഷപെട്ടുപോയതായിട്ടും നടിച്ചുകൊണ്ട് പാതിരിമാര്‍ തേന്‍പോലെയും പാലുപോലെയും സംസാരിക്കുകയും ചെയ്യുന്നു എന്നല്ലാതെ, അവരുടെ അടുക്കല്‍ ന്യായം, ദയ മുതലായ ഗുണങ്ങള്‍ അല്പമെങ്കിലുമുണ്ടെന്നു വിചാരിപ്പാന്‍ പാടില്ല. ഇനിയും പാതിരിമാര്‍ യൂറോപ്യന്മാരുടെ നാഗരികത്തിനും നീതിയിലും ക്രിസ്തുമതമാണ് കാരണമെന്നു മടികൂടാതെ പറയുന്നത് ഒരിക്കലും ശരിയല്ലെന്നുള്ളിലേക്കു മുന്‍കാണിച്ച അന്യായങ്ങളും ഹിംസകളും, നാഗരികത്തിനും നീതിക്കും കാരണമായ ശാസ്ത്രങ്ങള്‍ ബൈബിളിനു മുഴുവിരോധമാകുന്നു എന്നും അവകളിരുന്ന പുസ്തകശാലകളോടുകൂടി തീയിട്ടു ചുടുകയും അതുകളെ പഠിച്ചറിഞ്ഞവരായ എല്ലാ പാതിരിമാരേയും ജയിലില്‍ ഇരുത്തിയതും ഹിംസിച്ചുകൊണ്ടു ചെയ്തിട്ടുള്ളതുംതന്നെ സാക്ഷികളാകുന്നില്ലയോ?

വിദ്യാശാലകള്‍ക്കു പാതിരിമാര്‍ പ്രധാനികളായിരുന്ന കാലത്ത് ടി. ശാസ്ത്രങ്ങളെ പാഠം വയ്ക്കാതെ ബൈബിളിലെ (ക്രിസ്തുമതവിഷയമായ) പാഠങ്ങളെ മാത്രം വയ്ക്കയാല്‍ ടി. ശാസ്ത്രങ്ങള്‍ അക്കാലത്ത് പരിപാലിക്കപ്പെടാതെപോകയും ട്വാര്‍ക്കിമാട് എന്ന ആള്‍ ഹീബ്രുവില്‍ എഴുതിയിരുന്ന ശാസ്ത്രപുസ്തകങ്ങളെ ചുടുകയും സ്പാനിയാവിന്‍ ശാസ്ത്രങ്ങളെ തീയിലിടുകയും ചാലമാന്‍ക എന്ന ദേശത്ത് 6000 ശാസ്ത്രപുസ്തകങ്ങളെ വര്‍ദ്ധിപ്പിച്ചുകൊണ്ടുവരുന്നതിലേക്ക് ഉത്സാഹിച്ചവരായ 119 ശാസ്ത്രിമാരെ ജയിലില്‍ക്കൊണ്ടിട്ടു കൊല്ലുകയും ഫ്രാന്‍സില്‍ രസവാദശാസ്ത്രങ്ങളും മറ്റുള്ള ശാസ്ത്രങ്ങളും പഠിച്ചുകൂടാ എന്നും, ക്രിസ്തുമതവിരോധമായ ഏതു പുസ്തകങ്ങളെയും ക്രിസ്തുമതപ്രധാനിയുടെ ഉത്തരവുകൂടാതെ അച്ചിട്ടുകൂടാ എന്നും ഉത്തരവുണ്ടാക്കയും 1619-ാം വര്‍ഷത്തില്‍ 4പാണിനി എന്ന തര്‍ക്കശാസ്ത്രിയെ ദലൂസ എന്ന ദിക്കില്‍ നാക്കിനെ പറിച്ച് കൊല്ലുകയും ചെയ്തല്ലൊ. ഇനിയും അനേകമുണ്ട്, സമയം പോരാഞ്ഞതിനാല്‍ നിര്‍ത്തുന്നു.

1. മേല്‍വിവരിച്ച പ്രബലന്യായങ്ങളെക്കൊണ്ട് പിതാവ്, പുത്രന്‍, പവിത്രാത്മാവ് ഇവര്‍ ദൈവലക്ഷണമുള്ളവരല്ലെന്നും, ക്രിസ്തുവിന്റെ പാപബലിയും വിശ്വാസവും മുക്തിസാധനമാകയില്ലെന്നും, മുക്തിലക്ഷണവും പാപികള്‍ നിത്യനരകത്തെ അനുഭവിക്കുമെന്നുള്ളതും അല്പംപോലും ചേരുന്നവയല്ലെന്നും, ബൈബിള്‍ അപ്രമാണമാണെന്നും മറ്റും നല്ലതിന്‍വണ്ണം സാധിക്കപ്പെട്ടിരിക്കുന്നു.

2. ഇനി ചിലര്‍ പല ദൂഷണങ്ങളെയും ആഭാസന്യായങ്ങളെയും വിളിച്ചെഴുന്നള്ളിച്ചുകൊണ്ട് ഇതിലേക്കും മറുപടി എഴുതിവിടുന്നു എന്നുവരികില്‍ നാമെന്തു ചെയ്യും? കമന്നുവീണു മുഖം ഭൂമിയില്‍ തല്ലിയിട്ടും മീശയില്‍ മണ്ണുപുരണ്ടില്ലെന്നു ഡീക്കുപറയുന്നവരും, മനസ്സിലൊന്നും വാക്കിലൊന്നുമായിട്ട് ശമ്പളത്തിനുവേണ്ടി കിടന്നു മാറടിക്കുന്നവരുമായ ഈ കൂട്ടക്കാരോട് എന്തൊക്കെ എത്രയൊക്കെ പറഞ്ഞാല്‍ത്തന്നെയെന്താ? ഈ അസംബന്ധങ്ങളെയൊക്കെ തള്ളിയേച്ച് ന്യായമാര്‍ഗ്ഗമായിട്ടു ഖണ്ഡിച്ചു വ്യവഹരിച്ചു സ്ഥാപിക്കുന്നു എന്നുവരികില്‍ ആ അഭിപ്രായത്തില്‍ നാമും ചേര്‍ന്നുകൊള്ളുന്നതിലേക്കു തയാര്‍.

3. ക്രിസ്തുമതം ഇന്ന സ്ഥിതിയിലുള്ളതാണെന്ന് ഇതിനെ വായിക്കുന്നവര്‍ക്ക് അറിവുകിട്ടും. അതുകൊണ്ട് മലയാളികളായ ഹിന്ദുക്കള്‍ക്ക് ഇത് ഏറ്റവും ഉപകാരമായി ഭവിക്കുമാറാകണമെന്ന എന്റെ അത്യാഗ്രഹം സഫലമായി ഭവിക്കുന്നതിലേക്ക് സാക്ഷാല്‍ പരമശിവന്റെയും പുരാതനമഹാത്മാക്കളുടെയും സജ്ജനങ്ങളുടെയും ഈ വിഷയത്തില്‍ ഇപ്പോള്‍ ഉത്സാഹിച്ചുകൊണ്ടിരിക്കുന്നവരുമായ ഗുരുക്കന്മാരുടെയും പൂര്‍ണ്ണാനുഗ്രഹത്തെത്തന്നെ ആശ്രയിച്ചുകൊള്ളുന്നു.

4. അല്ലയോ ഹിന്ദുക്കളെ, നിങ്ങള്‍ ദയവുചെയ്ത് ഈ പുസ്തകത്തെ ചിത്തസമാധാനത്തോടുകൂടി ആദ്യം തുടങ്ങി അവസാനംവരെയും വായിച്ചു മനസ്സിലാക്കുകയും ഇതില്‍ കാണിച്ചിട്ടുള്ള ന്യായങ്ങളാല്‍ ക്രിസ്തുമതം ഛേദിക്കപ്പെട്ടോ ഇല്ലയോ എന്നു നല്ലതിന്‍വണ്ണം ചിന്തിച്ചുനോക്കുകയും ചെയ്‌വിന്‍.

അവര്‍ നിങ്ങളെ അവരുടെ ക്രിസ്തുമതത്തില്‍ ചേര്‍ക്കുന്നതിലേക്ക് ഉത്സാഹിച്ചു വന്നു വാദിക്കുമ്പോള്‍, ആ വാദങ്ങളെ ഒക്കെയും നല്ല പ്രബലന്യായങ്ങളെക്കൊണ്ട് ഖണ്ഡിച്ചു വിട്ടുംകളഞ്ഞ് പരിപൂര്‍ണ്ണദൈവമായിരിക്കുന്ന പരമശിവനെ ഭജിച്ച് സല്‍ഗതിയെ പ്രാപിക്കുന്നവരായി ഭവിപ്പിന്‍.

ഇനിയും അടുത്തപോലെ കാണാം.

കുറിപ്പുകള്‍

1. ബഹുരാഗമായിട്ട് = അത്യാഹ്ലാദമായിട്ട്

2. കണ്ടുദൂശി = മൊട്ടുസൂചി

3. പറ്റുകുരട് = കൊടില്‍

4. പാണിനി = യൂറോപ്പിലെ ഒരു ഭാഷാപണ്ഡിതന്‍