അദ്ധ്യായം പതിനഞ്ച്
അല്ലയോ ക്രിസ്തീയപ്രസംഗികളെ!
തന്നെ വിശ്വസിച്ചവര്‍ മുക്തിയില്‍ ഇരുന്ന് നിത്യകാലവും പരമാനന്ദത്തെ അനുഭവിക്കുമെന്നു നിങ്ങള്‍ പറയുന്നല്ലോ.
നരകത്തില്‍ ഇരിക്കുന്നവരും താന്താങ്ങള്‍ ചെയ്ത പാപത്തിനു തക്കവണ്ണം ദുഃഖം അനുഭവിക്കുന്നതുപോലെ മുക്തിയില്‍ ഇരിക്കുന്നവരും അവനവന്‍ തന്റെ മനോവാക്കായങ്ങളെക്കൊണ്ടു ചെയ്ത പുണ്യത്തിനു തക്കതായ സുഖം അനുഭവിക്കും എന്നല്ലാതെ സകലരും ഒരേ സമമായി നിത്യസുഖത്തെ അനുഭവിക്കുമെന്നതു ചേരുകയില്ലാ.
അല്ലാതെയും, ആത്മാക്കള്‍ ശരീരത്തോടുകൂടി മുക്തിയില്‍ ഇരിക്കുമെന്നു നിങ്ങള്‍ പറയുന്നല്ലോ.
ഈ ലോകത്തില്‍ ആത്മാക്കള്‍ തന്റെ സ്വാഭാവികമായ പ്രകാശത്തിലേക്ക് 1ഒരുതടവ് ഇരുന്നതുകൊണ്ട് ആയതിനെ മാറ്റി സ്വയം പ്രകാശമായിത്തന്നെ ഇരിക്കുന്നതിലേക്കുവേണ്ടി ദൈവത്തിനാല്‍ സാധനമായിട്ടു കൊടുക്കപ്പെട്ട ശരീരങ്ങളെ എടുത്തുകൊണ്ടിരിക്കുന്നു.
താന്‍ താനായിട്ടിരിക്കുന്നതത്രേ സുഖം, അല്ലാതെ അതില്‍നിന്നു വേറായ ശരീരത്തോടുകൂടിയിരിക്കുന്നതു സുഖമല്ലാ, ദുഃഖംതന്നെയാണ്. ആകയാല്‍ ശരീരം മുതലായവ നീങ്ങി സ്വാഭാവികചൈതന്യമയമായി ശോഭിച്ചിരിക്കുന്നതുമാത്രമേ നിത്യപരമസുഖമായിരിക്കുന്ന മോക്ഷമാകയുള്ളൂ. അപ്രകാരമല്ലാതെ 2ആഗന്തുകമായ ശരീരത്തോടുകൂടി ദുഃഖികളായിരിക്കുന്നവരെ നിത്യപരമസുഖമുള്ളവര്‍ എന്നു നിങ്ങള്‍ പറയുന്നത് അല്പവും വാസ്തവമാകയില്ല.
മേലും നിങ്ങള്‍ പറയുന്ന മുക്തിയായത് ശരീരികള്‍ ഇരിക്കുന്ന സ്ഥലമായും ഇടയ്ക്കുണ്ടാക്കപ്പെട്ടതായും സമമായ നീളവും അകലവും ഉള്ള ചതുഷ്‌കോണമായും സൂര്യകാന്തമണികൊണ്ടു ചെയ്യപ്പെട്ട മതിലുള്ളതായും ശുദ്ധസ്വര്‍ണ്ണംകൊണ്ടു ചെയ്യപ്പെട്ട പട്ടണമായും മതിലുകളുടെ ഭിത്തിമൂലകള്‍ പന്ത്രണ്ടും സൂര്യകാന്തം, നീലം, താമ്രമണി, മരതകം, വൈഡൂര്യം, ശോണരത്‌നം, ചന്ദ്രകാന്തം, ഗോമേദകം, പത്മരാഗം മുതലായ പന്ത്രണ്ടു രത്‌നങ്ങളെക്കൊണ്ടുള്ളതായും പന്ത്രണ്ടു മുത്തുകളെക്കൊണ്ടു ചെയ്യപ്പെട്ട പന്ത്രണ്ടു വാതിലും ശുദ്ധസ്വര്‍ണ്ണം പൊതിഞ്ഞ പളുങ്കുനിറമായ വീഥികളും ദൈവവും ആട്ടുങ്കുട്ടിയായ യേശുവും ഇരിക്കുന്ന സിംഹാസനത്തില്‍നിന്നും പുറപ്പെട്ടുവന്ന പളുങ്കുപോലെ തെളിഞ്ഞ ജലമുള്ള നദിയും പന്ത്രണ്ടുവിധമായ കനികളെ ചുമന്ന് മാസംതോറും ഓരോ കനിയെ കൊടുക്കുന്ന അമൃതവൃക്ഷവും ഉള്ളതായും ദേവന്റെ നാമചിഹ്നത്തെ നെറ്റിയില്‍ അണിഞ്ഞുംകൊണ്ടു വഴിപ്പെട്ടിരിക്കുന്ന സേവകന്മാര്‍ വസിക്കുന്നിടമായും ധര്‍മ്മപുരം എന്ന പേരോടുകൂടിയതായും ഇരിക്കുന്ന സ്ഥാനമാണ് മുക്തി എന്നാണ് ബൈബിളില്‍ പറയപ്പെടുന്നത്. അവിടം ഒരു ഖണ്ഡിതസ്ഥലമായും, ഇരിക്കുന്നവര്‍ ശരീരികളായും, വാനലോകവുമഴിയുമെന്നു ബൈബിള്‍ പറഞ്ഞുമിരിക്കകൊണ്ട് ആ മുക്തി എന്നുകൂടിയെങ്കിലും അഴിയുമെന്നല്ലാതെ നിത്യമാകയില്ലാ.
അല്ലാതെ, മോക്ഷവാസികളില്‍ ചിലര്‍ ഉള്‍ക്കാരണമായ മയക്കവും പുറക്കാരണമായ പിശാചും കൂടാതെ ചുമ്മാ മയങ്ങി പിശാചായിപ്പോയി എന്നു ബൈബിള്‍ പറഞ്ഞിരിക്കകൊണ്ട് എല്ലാ മോക്ഷവാസികള്‍ക്കും ഓരോരോ കാലംകൊണ്ട് അധഃപതനം ഉണ്ടായിപ്പോകുമെന്നു നിശ്ചയം.
ഇങ്ങനെ മുക്തിയെക്കുറിച്ചു വിചാരിച്ചതില്‍ മുക്തിലക്ഷണം ഇല്ലെന്നു കണ്ടിരിക്കുന്നു.
ഇനിയും ക്രിസ്തുമതം എങ്ങും നിറഞ്ഞും ക്രിസ്ത്യന്മാരുടെ സംഖ്യ അധികപ്പെട്ടും ഇരിക്കകൊണ്ടുതന്നെ ഈ മതം ഉന്നതമായും ശരിയായും ഉള്ളതെന്ന് മുന്നും പിന്നും നോക്കാതെ പാതിരിമാര്‍ മുതലായവര്‍ പറകയും ഹിന്ദുക്കളിലും ചിലര്‍ ഇതിനേ കേട്ടു ശരിയെന്നു വിശ്വസിക്കയും ചെയ്തുവരുന്നു. ആ സ്ഥിതിക്ക് സത്യവും ന്യായവും ചിലേടത്തും, അസത്യവും അന്യായവും പലയിടത്തും ഉണ്ടായിരിക്കകൊണ്ട് കൂടുതലായിരിക്കുന്ന അസത്യവും, അന്യായവും തന്നെ പ്രധാനവും ഉത്തമവും ആയിട്ടുള്ളതെന്നു പറയേണ്ടിവരും. ആയതുകൊണ്ട് നിറഞ്ഞും കുറഞ്ഞും ഇരിക്കുന്നതിനെ കണക്കാക്കി മേന്മ, താഴ്മ പറയുന്നതു ന്യായമല്ല.
കുറിപ്പുകള്‍
1. ഒടുതടവ് = ഒടുതവണ
2. ആഗന്തുകം = യദൃഛയാ വരാന്‍പോകുന്നത്