പിതീന്‍ പിതീന്‍

ശ്രീ എന്‍ . ഗോപിനാഥന്‍നായരുടെ ‘രസകരങ്ങളായ സംഭവങ്ങള്‍ ‘ എന്ന പുസ്തകത്തില്‍ നിന്ന്.

കൊല്ലൂരമ്മാവന്‍ എന്നുപേരുള്ള കൃഷ്ണപിള്ള പരമഭട്ടാരക ശ്രീചട്ടമ്പിസ്വാമികളുടെ ഒരു വൈമാത്രേയ സഹോദരനായിരുന്നു- ജേഷ്ഠസ്ഥാനീയന്‍. രസകരമായ ഒരു സംഭവം അദ്ദേഹം തന്‍റെ ഒരു ലേഖനത്തില്‍ വിസ്തരിച്ചിട്ടുണ്ട്. സ്വാമികളുടെ ബാല്യകാലത്തിലെ ഒരു സംഭവമാകയാല്‍ തന്തിരുവടികളെ, കുഞ്ഞന്‍ചട്ടമ്പി എന്ന പേരില്‍ വ്യവഹരിക്കാം.

കുഞ്ഞന്‍ ചട്ടമ്പിയും വയസ്യരായ ചിലരുംകൂടി- അതില്‍ കൃഷ്ണപിള്ളയും ഉള്‍പ്പെട്ടിരുന്നു.-ഒരു ദിവസം പട്ടണത്തിലെവിടെയോ ഒരു കഥകളി കാണാന്‍ പോയി. കളികണ്ടു മടങ്ങവേ ആ കഥകളി പ്രേമിസംഘം കൊല്ലൂര്‍ ഗ്രാമത്തിലെത്തുന്നതിനുമുന്‍പ് വഴിക്ക് ഒരു ബംഗ്ലാവിന്‍റെ സമീപത്തെത്തി. ഏത് ബംഗ്ലാവ് എന്നല്ലേ?

കൊല്ലൂര്‍ ഗ്രാമത്തിനടുത്ത് പണ്ട് കുന്നിന്‍കോവില്‍ എന്നൊരു ഭഗവതി ക്ഷേത്രമുണ്ടായിരുന്നു. നിത്യനിദാനകാരുണ്യങ്ങളൊന്നുമില്ലാതെ ആ ഹൈന്ദവരാധനാലയം അനാഥാവസ്ഥയിലെത്തി. ആരും ചെന്ന് തൊഴാതെ ജീര്‍ണ്ണിച്ചുതുടങ്ങിയ ആ ക്ഷേത്രം ഒരു സായ്പ് വിലയ്ക്ക്‍വാങ്ങി- കാര്‍പാളിയോ എന്ന സായിപ്പ്. വെള്ളക്കാരന്‍റെ കയ്യില്‍കിട്ടിയാല്‍ പിന്നെ ആ ക്ഷേത്രത്തിന്‍റെ ഗതിയെന്ത്? ധ്വര അത് വെട്ടിപ്പൊളിച്ച് ഒരു രസികന്‍ ബംഗ്ലാവ് തീര്‍ത്തു. മേല്‍പ്പറഞ്ഞ ബംഗ്ലാവ്.

സായിപ്പ് അവിടെ കോഴി, താറാവ്, പന്നി എന്നീ ജന്തുവര്‍ഗ്ഗത്തോടുകൂടി താമസമാക്കി.

പ്രസ്തുത ബംഗ്ലാവിന്‍റെ മുമ്പിലെത്തിയ നമ്മുടെ കഥകളിപ്രേമിസംഘം അവിടെ തെല്ലൊന്ന് നിന്നു. അതില്‍ ഒരാള്‍ ഒരു വാദം എടുത്തിട്ടു.

“ഭഗവതി ഉണ്ടോ ഇല്ലയോ?”

ക്ഷേത്രം ബംഗ്ലാവായി ഉയര്‍ന്നതിലുള്ള അസൂയയോ അഥവാ ദേവീക്ഷേത്രം ഒരു ബംഗ്ലാവായി അധപതിച്ചതിലുള്ള മനോവേദനയോ ആണ് വാദത്തിന് അയാളെ പ്രേരിപ്പിച്ചത്. അതുകേട്ട ഒരു കൂട്ടുകാരന്‍ കുറച്ചു കാര്യമായി ഇങ്ങനെയൊന്ന് തട്ടിമൂളിച്ചു.

“ഭഗവതി ഉണ്ടെങ്കില്‍ കാണുമായിരുന്നില്ലേ? സായിപ്പിനോട് ഭഗവതി എന്തെടുത്തു? എല്ലാം വെട്ടിപ്പൊളിച്ച് അടിച്ചുവാരിക്കളഞ്ഞ് അവിടെ നല്ല ബംഗ്ലാവ് പണികഴിപ്പിച്ചത് കണ്ടില്ലേ? ഭഗവതിയും ഇല്ല ഒരു ചുക്കും ഇല്ല.”

ഈ തര്‍ക്കം എടുത്തുവിട്ട ആള്‍ ഒരു വേലുപ്പിള്ള ആയിരുന്നു- അച്ചുക്കൂടം ഫോര്‍മാന്‍.

“നിങ്ങളെല്ലാം അല്പം ഇവിടെ ഇരിക്കിന്‍” എന്നുപറഞ്ഞ് കുഞ്ഞന്‍ ചട്ടമ്പി മറ്റെല്ലാവരേയും അവിടെ ഇരുത്തിയശേഷം വേലുപ്പിള്ളയെപ്പിടിച്ച് അകലെ ഇരുത്തി. ഇങ്ങനെ ഒന്ന് ആവശ്യപ്പെടുകയും ചെയ്തു. “ഭഗവതി ഉണ്ടെങ്കില്‍ പരീക്ഷ കാണട്ടെ എന്നുപറയൂ.”

വേലുപ്പിള്ള അതനുസരിച്ചു.

എല്ലാവരും രസകരമായി വല്ലതും സംഭവിക്കുമോ എന്നറിയുവാന്‍ കുതുകാകുലരായി അതാതിടങ്ങളില്‍ ഇരിക്കുന്നു. കുറേക്കഴിഞ്ഞപ്പോള്‍ എവിടുന്നോ ഒരു കല്ലുവന്നുവീഴുന്ന ശബ്ദം

‘പിതീന്‍”

വേലുപ്പിള്ളയുടെ തലയില്‍ തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ് അത് വീണത്.

“ഇതാരോ വലിച്ചെറിഞ്ഞതാണ്, ഭഗവതിയുടെ ഊറ്റമൊന്നുമല്ല” എന്നായി അയാള്‍

അല്പംകൂടി കഴിഞ്ഞപ്പോള്‍ ഒരു വലിയ മണ്ണാങ്കട്ട അയാളുടെ മുന്നില്‍ വന്നുവീണു തകര്‍ന്നു.

എല്ലാവരും എടുത്ത് ഒരോട്ടം!

കുഞ്ഞന്‍ ചട്ടമ്പിയോ? അദ്ദേഹം എങ്ങും ഓടിപ്പോയില്ല.

കൊല്ലൂരമ്മാവന്‍ എഴുതുന്നു; “ഈ വക ചില വിദ്യകള്‍…. അയാള്‍ കാണിക്കും. ഞങ്ങള്‍ അതിശയിയ്ക്കും.” എന്ന്

ബാലാസുബ്രഹ്മണ്യമന്ത്രം കൊണ്ട് ചില സിദ്ധികളെല്ലാം കുഞ്ഞന്‍ചട്ടമ്പിക്ക് കൈവന്നിരുന്നു. ചിലപ്പോള്‍ രോഗത്താലോ ഭൂതാദിബാധകളാലോ ക്ലേശിക്കുന്നവരുടെ സമാധാനത്തിന് അദ്ദേഹം ചില സിദ്ധിപ്രയോഗങ്ങള്‍ നടത്തുമായിരുന്നു. ചിലപ്പോള്‍ വയസ്യരെ രസിപ്പിക്കാനും. പക്ഷേ ഈ ഒരു നിമിഷങ്ങളിലൊന്നും കുഞ്ഞന്‍ചട്ടമ്പി താനൊരു സിദ്ധനാണെന്ന് അഹംങ്കരിക്കുകയോ അഭിമാനിക്കുകയോ ചെയ്തിരുന്നില്ല.

ഈ ചെറിയ സിദ്ധികള്‍ സ്വാമി തിരുവടികളുടെ അദ്ധ്യാത്മിക ജീവിതത്തിലെ ഹരിശ്രീ ഘട്ടത്തില്‍ പെട്ടവയാണ്. ഈ വൈഭവത്തിനും ക്രമാനുഗതമായ ഒരു പരിണാമമുണ്ടായിട്ടുണ്ട്.