പ്രാരംഭം – ആദിഭാഷ (1)

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ആദിഭാഷ – ഭാഷാപഠനം’എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം ഒന്ന്

ഭൂലോകത്തു ജനങ്ങള്‍ ഓരോ വര്‍ഗ്ഗക്കാര്‍ ഓരോ ഭാഷകളെ അവലംബിച്ചിരിക്കുന്നതായും, ഇരുന്നിരുന്നതായും ഭാഷാചരിത്രങ്ങളില്‍ നിന്നും അറിയുന്നു. ഈ ഭാഷകളെല്ലാം വീചീതരംഗന്യായേന1 ഏതോ ഒരു ആദിഭാഷയില്‍ ഒരു ദിക്കില്‍ തുടങ്ങി ക്രമേണ നാനാവഴിക്കും പരന്നിട്ടുള്ളതോ അല്ലെങ്കില്‍ കദംബമുകുളന്യായപ്രകാരം2 അവിടവിടെ ഉണ്ടായി പ്രചരിച്ചിട്ടുള്ളതോ ഏതാണെന്നു പ്രസ്തുതവിഷയത്തെ ആസ്പദമാക്കി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിലേക്കു നാം തുടങ്ങുമ്പോള്‍ മനുഷ്യജീവികളുടെ ഉല്പത്തിപ്രചാരങ്ങളും നമ്മുടെ ചിന്തയ്ക്കു വിഷയീഭവിക്കാതെ തരമില്ല. മനുഷ്യര്‍ ഭൂഖണ്ഡത്തില്‍ ഏതെങ്കിലും ഒരു ഭാഗത്തുണ്ടായി അവിടെനിന്നും പല ദേശങ്ങളിലേക്കും പിരിഞ്ഞു പോയിട്ടുള്ളതോ അതല്ല മനുഷ്യര്‍ ഉണ്ടാകുന്നതിനുള്ള ഭൂപാകം ശരിപ്പെട്ടപ്പോള്‍ അവിടവിടെ തനിയെ ഉണ്ടായതോ?

ഈ ചോദ്യത്തില്‍ രണ്ടാമത്തെ ഭാഗം ചരിത്രകാരന്മാര്‍ സമ്മതിക്കുന്നില്ല. മനുഷ്യര്‍ എവിടെയോ ഒരിടത്ത് ഉണ്ടായി പിരിഞ്ഞുപോയിട്ടുള്ളതാണെന്നു തെളിയിക്കാന്‍ അവര്‍ ശ്രമിക്കയും ചെയ്യുന്നു. അതു വാസ്തവമാകുന്ന സ്ഥിതിക്ക് മനുഷ്യകുടുംബത്തിനു പ്രകൃതിസിദ്ധമായ ഒരു ആദിഭാഷ ആദികാലത്തില്‍ ഉണ്ടായിരുന്നിരിക്കണം. പിന്നീട്, ആ പൂര്‍വകുടുംബം അനേകശാഖകളായി പിരിയുന്നതോടുകൂടി അതിന്റെ ഭാഷയ്ക്കും ഏറെക്കുറെ വിഭിന്നത്വം സംഭവിച്ചിരിക്കണം. ഇന്നു കാണുന്ന ഭാഷാവൈജാത്യത്തിന് ഒരു തീര്‍ച്ചയായ സമാധാനമായി വിചാരിക്കുന്നത് ഇതിനെയാണ്. ഭാഷാചരിത്രകാരന്മാര്‍ ഈ വിവിധഭാഷകളെ എല്ലാംകൂടെ മൂലഭാഷകളില്‍ അടക്കിയിരിക്കുന്നു. ഒന്ന് സംസ്‌കൃതവും മറ്റേത് തമിഴും ആണ്. അതായത് ആര്യഭാഷയും ദ്രാവിഡഭാഷയും തന്നെ.

അടിക്കുറിപ്പുകള്‍

1. വീചി = തിര. തരംഗം = തിരയുടെ തുടര്‍ച്ച. ആദ്യം ഒരു തിര പുറപ്പെട്ട് അതു തീരത്തെത്തും മുമ്പേ അടുത്ത തിര എന്ന വിധത്തിലാണു തിരമാല ഉണ്ടാകുന്നത്. അതുപോലെ ഒന്നിനു പിറകെ മറ്റൊന്നായി ഉണ്ടാകുന്നതിനെ കുറിക്കുന്നു ഈ ന്യായം.

2. കദംബം = കടമ്പ്, മുകുളം = മൊട്ട്, കടമ്പുമരത്തില്‍ എല്ലാ ഭാഗത്തും ഒരുമിച്ചാണു മൊട്ടുട്ടുണ്ടാകുന്നത്. അതുപോലെ ഒരേ സമയത്തു പല സ്ഥലത്തുണ്ടാകുന്നതിനെ കുറിക്കുന്നു ഈ ന്യായം.