ശ്രുതിസാരമഹാവാക്യപ്രകരണം (6)

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘അദ്വൈതചിന്താപദ്ധതി’ (അദ്ധ്യാത്മികചിന്തകള്‍ ) യില്‍ നിന്ന്

അദ്ധ്യായം 6

കഴിഞ്ഞ പ്രകരണത്തില്‍ ഈശജീവാദിരൂപേണ തോന്നുന്ന നാനാത്വത്തെ നീക്കി അദ്വൈതബ്രഹ്മത്തെ സ്വസ്വരൂപത്തില്‍ – താനായിട്ട് – സാക്ഷാത്ക്കരിക്കണമെന്നു പ്രതിപാദിച്ചു. പ്രതിപാദിതമായ ആ അദ്വൈത ബോധത്തിന്റെ ദാര്‍ഢ്യത്തിനുവേണ്ടി ശ്രുതിസാരമഹാവാക്യങ്ങളെ വിവരിക്കാനാണ് ഈ പ്രകരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

‘പ്രപഞ്ചസ്വരൂപം ബ്രഹ്മ.’
‘ഏകമേവാദ്വിതീയം ബ്രഹ്മ’.
‘ഭാവാഭാവാതീതം ബ്രഹ്മ.’
‘സ്വാനുഭവാതീതം ബ്രഹ്മ.’

ഇവ നാലുമാണ് ശ്രുതിസാരമഹാവാക്യങ്ങള്‍. അവയില്‍ ‘പ്രപഞ്ചസ്വരൂപം ബ്രഹ്മ’ എന്ന വാക്യത്തെത്തന്നെ ആദ്യമായി പരിശോധിക്കാം.

പ്രപഞ്ചസ്വരൂപം ബ്രഹ്മ

‘പ്രപഞ്ചത്തിന്റെ സ്വരൂപം – സ്വഭാവം, സത്ത-ബ്രഹ്മമാകുന്നു’. എന്നാണ് ഇതിന്റെ അര്‍ത്ഥം. ബ്രഹ്മത്തെകൂടാതെ പ്രപഞ്ചമില്ല. ആകയാല്‍ പ്രപഞ്ചസ്വരൂപംബ്രഹ്മം എന്നു സാരം. പ്രപഞ്ചവിഷയകമായി ഇവിടെ അനേകം പൂര്‍വ്വപക്ഷങ്ങള്‍ ഉണ്ടാകാം. എങ്ങിനെയെന്നാല്‍ പ്രപഞ്ചത്തിനു കാരണം ബ്രഹ്മമാണെന്നു ശ്രുതികളില്‍ പറയുന്നു. ‘സമുദ്രത്തില്‍ തരംഗാദികളെന്നപോലെ ബ്രഹ്മത്തില്‍ പ്രപഞ്ചം വൃത്തിപക്ഷമായിരിക്കുന്നുവോ? പാല്‍ തൈരായതുപോലെ പരിണാമ പക്ഷമായിരിക്കുന്നുവോ? പിതാവില്‍ നിന്ന് പുത്രന്‍ ഉണ്ടാകുന്നതുപോലെ ആരംഭപക്ഷമായിരിക്കുന്നുവോ? (പ്രപഞ്ചത്തിനു ബ്രഹ്മം നിമിത്തകാരണമായിരിക്കുന്നുവോ, എന്നര്‍ത്ഥം) അഥവാ ബ്രഹ്മത്തേപ്പോലെ തന്നെ പ്രപഞ്ചവും നിത്യപക്ഷമായിരിക്കുന്നുവോ? രജ്ജുവില്‍ സര്‍പ്പമെന്നപോലെ ബ്രഹ്മത്തില്‍ പ്രപഞ്ചം വിവര്‍ത്തപക്ഷമായിരിക്കുന്നുവോ?’ എന്നിങ്ങനെയാകുന്നു, ആ ആശങ്കകള്‍. ഈ പക്ഷങ്ങളെയെല്ലാം പരിശോധിച്ചു നോക്കിയാല്‍ പ്രപഞ്ചം രജ്ജുവില്‍ സര്‍പ്പം പോലെ ബ്രഹ്മത്തില്‍ വിവര്‍ത്തം ആണെന്നുള്ള പാരിശേഷിക സിദ്ധാന്തമായ വിവര്‍ത്തപക്ഷം മാത്രമാണ് അംഗീകാര്യമെന്നു കാണാം.

വൃത്തിവാദം

സമുദ്രത്തിലുണ്ടാകുന്ന തരംഗാദികളുടെ ഉല്പത്തിയെയാണെല്ലോ വൃത്തിപക്ഷമെന്നു പറയുന്നത്. ആ തരംഗാദികള്‍ സമുദ്രത്തില്‍ത്തന്നെ ലയിച്ചും കാണുന്നു. അതുപോലെ ബ്രഹ്മത്തില്‍ ഈ പ്രപഞ്ചം വൃത്തിരൂപേണയുണ്ടാകുന്നു എന്നു പറഞ്ഞാല്‍ ആ ബ്രഹ്മത്തില്‍ തന്നെ ഈ പ്രപഞ്ചം ലയിച്ചും കാണേണ്ടതാണ്. എന്നാല്‍ വേദാന്തശാസ്ത്രം പ്രപഞ്ചം ബ്രഹ്മത്തില്‍ (പ്രപഞ്ചം ഇല്ലാത്തതാകയാല്‍ അതിനു ലയമുണ്ടെന്നു പറഞ്ഞുകൂടാ.കാര്യം കാരണത്തിലടങ്ങുന്നതാണ് ലയം. രജ്ജുസര്‍പ്പം ഇല്ലാത്തതാകയാല്‍ അത് രജ്ജുവില്‍ ലയിക്കുന്നില്ല ശാസ്ത്രങ്ങളില്‍ ലയിക്കുന്നു എന്നു പറയുന്നത് മന്ദാധികാരികളെ ഉദ്ദേശിച്ചാണ്. സിദ്ധാന്തപക്ഷമല്ല.) ലയിക്കുന്നതായി സിദ്ധാന്തത്വേന അംഗീകരിക്കുന്നില്ല. അതുകൊണ്ട് വൃത്തിപക്ഷം പ്രകൃതത്തിനു യോജിച്ചതല്ല.

പരിണാമവാദം

പാല്‍ തൈരാകുന്നതുപോലെ ഒരു വസ്തു മറ്റൊന്നായിത്തീരുന്നതിനാണല്ലൊ പരിണാമമെന്നു പറയുന്നത്. അതുപോലെ ബ്രഹ്മം, പ്രപഞ്ചം (ഈശജീവാദി രൂപേണ തോന്നുന്ന ജഗത്ത്) ആയി പരിണമിക്കുന്നില്ല. പാല്‍ തൈരാകണമെങ്കില്‍ രസാന്തരസംയോഗം (പുളി മുതലായവ) ആവശ്യമാണ്. ബ്രഹ്മത്തില്‍നിന്നു ഭിന്നമായി മറ്റൊരു വസ്തുവില്ലാത്തതിനാല്‍ ആ പരിപൂര്‍ണ്ണ വസ്തുവില്‍ പരിണാമം ഘടിക്കയില്ല. തന്നെയുമല്ല, പരിണതമായ വസ്തു പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുകയില്ലെന്നു നമുക്കറിയാം. തൈര്‍ പാലായിത്തീരുന്നില്ലെന്നുള്ളത് അതിനുദാഹരണമാണ്. എന്നാല്‍ മുക്താവസ്ഥയില്‍ ജീവാദിസര്‍വ്വപ്രപഞ്ചവും ബ്രഹ്മസ്വരൂപമായിത്തീരുന്നു എന്നു വേദങ്ങള്‍ സിദ്ധാന്തിക്കുന്നതിനാല്‍ പ്രപഞ്ചം ബ്രഹ്മത്തിന്റെ പരിണാമമാണെന്നുള്ള പക്ഷം നിരസ്തമായി.

ആരംഭവാദം

ആരംഭപക്ഷമെന്നത് കാരണത്തില്‍നിന്ന് വിഭിന്നമായ കാര്യം ഉണ്ടാകുന്നു എന്നതാണ്. പിതാവില്‍നിന്നുണ്ടായ പുത്രനും ആ പിതാവും പ്രത്യേകം പ്രത്യേകം കാണപ്പെടുന്നുവല്ലൊ. എന്നാല്‍ ബ്രഹ്മത്തില്‍ ആരോപിതമായ പ്രപഞ്ചം ആ ബ്രഹ്മത്തില്‍നിന്ന് അല്പവും വേറിട്ടിരിയ്ക്കായ്കയാല്‍ ആരംഭപക്ഷവും പ്രകൃതത്തില്‍ യോജിക്കുന്നില്ല.

നിത്യത്വവാദം

നിത്യമെന്നത്, നാശരഹിതമായി എക്കാലത്തും വര്‍ത്തിക്കുക എന്നതാണല്ലൊ. പ്രപഞ്ചമാകട്ടെ നശ്വരമായി കാണുന്നതുകൊണ്ടും പ്രളയകാലത്തില്‍ നശിക്കുമെന്നു ശാസ്ത്രങ്ങള്‍ പറയുന്നതുകൊണ്ടും ബ്രഹ്മത്തെപ്പോലെ നിത്യമല്ല. അതിനാല്‍ നിത്യപക്ഷവും പ്രകൃതത്തിനനുയോജ്യമല്ല.

വിവര്‍ത്തവാദം

ഇങ്ങനെ വൃത്തി, പരിണാമം, ആരംഭം, നിത്യം എന്ന നാലു പക്ഷങ്ങളും പ്രപഞ്ചോല്പത്തിക്കു യോജിച്ചതല്ലെങ്കില്‍്, വിവര്‍ത്തപക്ഷം യോജിക്കുന്നതെങ്ങനെ, എന്നാണെങ്കില്‍ പറയാം: ഒരു വസ്തുവിനു യാതൊരു വികാരവുമില്ലാതിരിക്കവേതന്നെ അതു മറ്റൊന്നാണെന്നു തോന്നുന്നതിനു വിവര്‍ത്തമെന്നുപറയുന്നു. എങ്ങനെയെന്നാല്‍ രജ്ജുവാകട്ടെ നിര്‍വ്വികാരമായിരിക്കുമ്പോള്‍തന്നെ അതു സര്‍പ്പമായി തോന്നുന്നത് അനുഭവസിദ്ധമായ ഒന്നാണല്ലൊ.

അതുപോലെ നിര്‍വികാരമായിരിക്കുന്ന ബ്രഹ്മത്തിന്റെ വിവര്‍ത്തമാണ് പ്രപഞ്ചം. ബ്രഹ്മം നിര്‍വ്വികാരമായിരിക്കവേതന്നെ പ്രപഞ്ചമായി തോന്നുന്നു എന്നു സാരം. ഇതാണു വിവര്‍ത്തപക്ഷത്തിന്റെ സ്വഭാവം. ‘പ്രപഞ്ചം വ്യവഹാരക്ഷമമാണല്ലൊ. അങ്ങനെയിരിക്കെ അതു വിവര്‍ത്തം (കല്പിതം) ആണെന്നെങ്ങനെ പറയാന്‍ കഴിയും’? എന്നു ചോദിക്കുന്നു എങ്കില്‍, രജ്ജുസര്‍പ്പം, വിവര്‍ത്തമാണെങ്കിലും ഭയകമ്പാദികള്‍ക്കിടം കൊടുക്കയാല്‍ പ്രതീതികാലത്തു വ്യവഹാരക്ഷമമായിട്ടുതന്നെ കാണപ്പെടുന്നു. അതുപോലെ പ്രപഞ്ചവും വിവര്‍ത്തമാണെങ്കിലും നാമരൂപകല്പനയാ സകല വ്യവഹാരങ്ങള്‍ക്കും അവസരം കൊടുക്കുന്നു, എന്ന് ഉത്തരം പറയും. ‘അങ്ങനെയാണെങ്കില്‍ വിവര്‍ത്തപക്ഷംഒന്നു മാത്രം മതിയായിരുന്നല്ലോ. എന്നാല്‍ ഇതരപക്ഷങ്ങളേയും ശാസ്ത്രം അംഗീകരിച്ചതായി കാണുന്നു. അതിനു കാരണമെന്ത്?’ എന്നൊരു ചോദ്യം വരാം. അതിന്, ‘വിവര്‍ത്തപക്ഷത്തെ ഒഴിച്ചുള്ള ഇതരപക്ഷങ്ങളെ സിദ്ധാന്തത്വേന വേദം അംഗീകരിക്കുന്നില്ല. ആ പക്ഷങ്ങളെല്ലാംതന്നെ വിവര്‍ത്തപക്ഷത്തിലടങ്ങുന്നതായിട്ടാണ് വേദം പരിഗണിച്ചിരിക്കുന്നത്.’ എന്നാണു സമാധാനം.

സര്‍വ്വവാദസമന്വയം

ഇതരപക്ഷങ്ങളെല്ലാം വിവര്‍ത്തത്തിലടങ്ങുന്നതെങ്ങനെയെന്നു പറയുന്നു. രജ്ജുസര്‍പ്പത്തെത്തന്നെ ഉദാഹരണത്തിനെടുക്കാം. രജ്ജുവിന്റെ പ്രഥമദര്‍ശനത്തില്‍ അതെന്തെന്നു സൂക്ഷ്മമായി അറിഞ്ഞില്ലെങ്കിലും ഏതോ ഒന്ന് ഉണ്ടെന്നുള്ള ഒരു പ്രതീതി (സാമാന്യജ്ഞാനം) ഉണ്ടാകുന്നു. അതാണ് വൃത്തിപക്ഷം. പിന്നെ ഇതു പാമ്പാണല്ലൊ എന്നു തോന്നിയത് (അങ്ങനെ പരിണമിച്ചത്) പരിണാമപക്ഷമാകുന്നു. പിന്നീട് അത് ഇഴയുന്നതായി തോന്നിയത് ആരംഭപക്ഷമാണ്. ഒടുവില്‍ അതു പാമ്പുതന്നെ എന്നു നിശ്ചയിച്ച് ഭയപ്പെടുന്നു. ആ നിശ്ചയമാണ് നിത്യപക്ഷം. ഇങ്ങനെ ഈ നാലു പക്ഷങ്ങളും വിവര്‍ത്തപക്ഷത്തെത്താങ്ങി നില്ക്കുന്നതേയുള്ളൂ.അതുപോലെ ദാര്‍ഷ്ടാന്തികമായ സമഷ്ടി പ്രപഞ്ചത്തിന്റെ ഉണ്മയെക്കുറിച്ചുള്ള സാമാന്യജ്ഞാനത്തിനു വൃത്തി എന്നും നാമരൂപാത്മകമായി തോന്നുന്നത് പരിണാമമെന്നും കര്‍ത്തൃകര്‍മ്മക്രിയാരൂപേണ തോന്നുന്നത് ആരംഭമെന്നും സ്ഥിരമെന്നു തോന്നുന്നത് നിത്യമെന്നും പറയപ്പെടുന്നു. ഈ നാലു പക്ഷങ്ങളും പ്രപഞ്ചം ബ്രഹ്മത്തില്‍ വിവര്‍ത്തമാണെന്നുള്ള പക്ഷത്തെ സ്ഥിരപ്പെടുത്തുന്നതേയുള്ളൂ

അതുകൊണ്ട് വിവര്‍ത്തേതരങ്ങളായ വ്യത്ത്യാദിപക്ഷങ്ങളെ അവയുടെ സ്വതന്ത്രമായ നിലനില്പിനുവേണ്ടി അംഗീകരിച്ചതല്ലെന്നു കാണാം. രജ്ജുസര്‍പ്പം യഥാര്‍ത്ഥബോധത്തില്‍ രജ്ജുമാത്രമായി ശോഭിക്കുന്നതുപോലെ, വിവര്‍ത്തമായിരുന്ന പ്രപഞ്ചം വേദാന്തജ്ഞാനത്താല്‍ ബ്രഹ്മസ്വരൂപമായി പ്രകാശിക്കുന്നു.എന്നാണ് ‘പ്രപഞ്ചസ്വരൂപം ബ്രഹ്മ’ എന്ന മഹാവാക്യത്തിന്റെ നിഷ്‌കൃഷ്ടാര്‍ത്ഥം. അനുഭവവിരുദ്ധമായ ശാസ്ത്രപ്രതിപാദനം സ്വാഗതാര്‍ഹമല്ല. ഞാന്‍, നീ, എന്നു സജാതീയമായും പശുപക്ഷ്യാദിജീവികള്‍ വിജാതീയമായും, ഓരോന്നിലുള്ള ഗുണഭേദങ്ങള്‍ സ്വഗതമായും ഇരിക്കുന്ന ഭേദത്തെ അല്ലേ പ്രദര്‍ശിപ്പിക്കുന്നത്? ഇങ്ങനെ നാനാതരത്തിലുള്ളഭേദം പ്രപഞ്ചത്തില്‍ നിത്യാനുഭവമായിരിക്കെ ‘ബ്രഹ്മം ഒന്നുമാത്രമേയുള്ളൂ എന്നും ബാക്കിയെല്ലാം വിവര്‍ത്തങ്ങളാണെന്നും’ ഉള്ള ശാസ്ത്രസിദ്ധാന്തത്തെ എങ്ങനെ അംഗീകരിക്കാം; എന്നും സംശയിക്കുന്നെങ്കില്‍ പറയാം:

മുകളില്‍ പറയപ്പെട്ട നാനാത്വാനുഭവം പ്രത്യക്ഷപ്രമാണം കൊണ്ട് സിദ്ധിക്കുന്നുവെന്നാണല്ലൊ ആ ആശങ്ക സൂചിപ്പിക്കുന്നത്. പ്രത്യക്ഷസിദ്ധമായ ഒന്നിനെ സ്ഥാപിക്കാന്‍ ശ്രുതി ഒരുങ്ങുന്നില്ല. ഒരുങ്ങിയാല്‍ ‘സിദ്ധസാധനത’ എന്ന ദോഷം സംഭവിക്കും. സമ്യഗ്ജ്ഞാനത്തെ പ്രദാനം ചെയ്യുന്ന വേദാന്തശാസ്ത്രം ദോഷരഹിതമായ ഒന്നാണല്ലൊ. അത് പ്രത്യക്ഷാദി പ്രമാണങ്ങള്‍ക്കു പോലും പ്രമാണമായിരിക്കുന്ന – ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും അതീതമായിരിക്കുന്ന -ശുദ്ധജ്ഞാനത്തെയാണ് പ്രദാനം ചെയ്യുന്നത്.ആ ജ്ഞാനപ്രകാശത്താല്‍, സൂര്യപ്രകാശത്താല്‍ അന്ധകാരമെന്നപോലെ, നാനാരൂപത്തില്‍ക്കാണുന്ന പ്രപഞ്ചം നാമാവശേഷമായിത്തീരുന്നു. സ്വപ്നാവസ്ഥയില്‍ ത്രിപുടിരൂപേണ വാസ്തവമായി തോന്നുന്ന പ്രപഞ്ചാനുഭവം ജാഗ്രദവസ്ഥയില്‍ ബാധിക്കപ്പെടുന്നതുപോലെ ഈ ജാഗ്രദാദിപ്രപഞ്ചമെല്ലാം തന്നെ വാസ്തവമാണെന്നു തോന്നിയാലുംവേദാന്ത വിചാരജന്യമായ യഥാര്‍ത്ഥബോധത്തില്‍ ബാധിക്കപ്പെടുകതന്നെ ചെയ്യുന്നു എന്നു സാരം. ഈദൃഷ്ടിയിലാണ് പ്രപഞ്ചം വിവര്‍ത്തമാണെന്നു പറഞ്ഞത്.

ഏകമേവാദ്വിതീയം ബ്രഹ്മ

ഈ വിവര്‍ത്തമായ പ്രപഞ്ചം നിവൃത്തമാകുമ്പോഴുള്ള അവസ്ഥാന്തരത്തെയാണ്. ‘ഏകമേവാദ്വിതീയം ബ്രഹ്മ’ എന്ന രണ്ടാം വാക്യം വ്യക്തമാക്കുന്നത്.

‘ഏകമേവാദ്വിതീയം ബ്രഹ്മ’ (ബ്രഹ്മം ഏകവും അദ്വിതീയവും തന്നെയാകുന്നു) ഈ വാക്യത്തില്‍ ‘ഏകം ബ്രഹ്മ’ എന്നുമാത്രം പോരയോ. ‘ഏവ അദ്വിതീയം ബ്രഹ്മ’ എന്നു പറഞ്ഞതെന്തിനുവേണ്ടിയാണ്? എന്നാണെങ്കില്‍, ‘ഏകമെന്നതില്‍ സജാതീയഭേദരാഹിത്യവും, ഏവ എന്നതില്‍ വിജാതീയഭേദരാഹിത്യവും, അദ്വിതീയമെന്നതില്‍ സ്വഗതഭേദരാഹിത്യവും പ്രകാശിക്കുന്നു. അതിനാല്‍ ഈ വാക്യത്തിലെ സര്‍വ്വപദങ്ങളും ഉപപന്നങ്ങള്‍ തന്നെ,’ എന്ന് ഉത്തരം പറയും.അപ്പോള്‍ വേറൊരു പൂര്‍വ്വപക്ഷം ഉണ്ടാകാം. എങ്ങിനെ എന്നാല്‍, ലൗകിക പദാര്‍ത്ഥങ്ങളില്‍ സജാതീയവിജാതീയസ്വഗതഭേദങ്ങള്‍ പ്രത്യക്ഷമായിരിക്കുന്നുവല്ലോ. നോക്കുക! വൃക്ഷങ്ങളെല്ലാം ഒരു ജാതിയില്‍പ്പെട്ടിരുന്നാലും, ആല്‍വൃക്ഷം,അരശുവൃക്ഷം എന്നുള്ളഭേദം കാണപ്പെടുന്നതുകൊണ്ട് സജാതീയഭേദവും, പാഷാണാദികള്‍ വൃക്ഷജാതിക്ക് അന്യമായിരിക്കുകയാല്‍ വിജാതീയഭേദവും, വൃക്ഷങ്ങളില്‍ തന്നെ പത്രപുഷ്പഫലാദികള്‍ ഭേദമായിത്തോന്നുകയാല്‍ സ്വഗതഭേദവും നമുക്ക് അനുഭവപ്പെടുന്നുണ്ട്. അതുപോലെ തന്നെ ബ്രഹ്മത്തിലും ഭേദത്രയം കാണുന്നുണ്ട്. എങ്ങിനെയെന്നാല്‍, ചേതനത്വംകൊണ്ട് ഒരു വര്‍ഗ്ഗത്തില്‍പെടുന്നവയെങ്കിലും ജീവനെന്നും ഈശ്വരനെന്നും വിഭിന്നമായിരിക്കയാല്‍ സജാതീയഭേദവും ആ ജീവേശ്വരന്മാരില്‍ നിന്നു ജഡപ്രപഞ്ചം (ദൃശ്യങ്ങളായ ഘടപടാദി വിഷയങ്ങള്‍) വിലക്ഷണമായിരിക്കയാല്‍ വിജാതീയഭേദവും, സച്ചിദാനന്ദഗുണങ്ങള്‍ വിഭിന്നങ്ങളായിരിക്കയാല്‍ സ്വഗതഭേദവും ഉണ്ടെന്നു കാണാവുന്നതാണ്.’ഇങ്ങനെ ബ്രഹ്മത്തില്‍ സജാതീയവിജാതീയ സ്വഗതഭേദങ്ങള്‍ ഉണ്ടെന്നുള്ള പൂര്‍വ്വപക്ഷം സ്ഥൂലദൃഷ്ടിക്കു ശരിയാണെന്നു തോന്നാമെങ്കിലും ശാസ്ത്രരഹസ്യമറിഞ്ഞവര്‍ അതു നിരര്‍ത്ഥകമാണെന്നു മനസ്സിലാക്കും.

എങ്ങിനെയെന്നാല്‍, ‘ബ്രഹ്മം ഒരേ വസ്തുതന്നെ അഭിന്നമായി നിമിത്തോപാദാനകാരണമായിരുന്നുകൊണ്ട്, സ്വയം സൃഷ്ടിച്ചു, സ്വയം പ്രവേശിച്ചു’. എന്നു ശ്രുതി ഘോഷിക്കയാല്‍ ബ്രഹ്മത്തിനു സജാതീയമായ മറ്റൊരു ബ്രഹ്മമില്ലെന്നും, അതുപോലെ തന്നെ ജീവേശ്വരന്മാര്‍ക്കു സജാതീയഭേദമില്ലെന്നും കാണാം. ജീവേശ്വരന്മാരില്‍ നിന്നു പൃഥക്കായ സത്ത ആകാശാദി ഭൂതങ്ങള്‍ക്കില്ലായ്കയാല്‍ അവ, മരുമരീചികപോലെ, മിഥ്യാഭൂതങ്ങളാകുന്നു. എങ്ങനെയെന്നാല്‍ ഘടപടാദിദൃശ്യപ്രപഞ്ചം കാല്പനികമാണല്ലൊ. മണ്ണിനെക്കൂടാതെ ഘടശരാവാദികളില്ലാത്തതുപോലെ ബ്രഹ്മത്തെക്കൂടാതെ ഭൂതഭൗതിക പ്രപഞ്ചം പ്രത്യേകമില്ല. നേത്രങ്ങളാല്‍ കാണപ്പെടുന്ന മരുമരീചികാ പ്രവാഹം സൂര്യകിരണത്തെ ഒഴിച്ചു വേറൊരുവസ്തു അല്ലാത്തതുപോലെ അന്യമായിത്തോന്നുന്ന പ്രപഞ്ചവും അസ്തി – ഭാതി-പ്രിയ (സച്ചിദാന്ദ) ലക്ഷണമായ ബ്രഹ്മത്തെക്കൂടാതെവേറെ ഒരു വസ്തുവല്ല. അതിനാല്‍ വിജാതീയഭേദത്തിനുമവകാശമില്ല. സച്ചിദാനന്ദങ്ങള്‍ ഗുണങ്ങളല്ല. ഗുണങ്ങള്‍ക്ക് ആഗമാപായിത്വമുണ്ട്. എന്നാല്‍ ബ്രഹ്മത്തില്‍ സച്ചിദാനന്ദങ്ങള്‍ അബാധിതമാണെന്നു വേദത്തില്‍ നിന്നു ശ്രവിക്കപ്പെടുകയാല്‍ അവ മൂന്നും ബ്രഹ്മത്തിന്റെ സ്വരൂപം തന്നെയാണ്. അതിനാല്‍ സ്വഗതഭേദവുമില്ല. ഈ പ്രസ്താവം കൊണ്ട് ബ്രഹ്മത്തില്‍ ആശങ്കിച്ച ഭേദത്രയം അയുക്തമായിരുന്നു എന്നു തെളിഞ്ഞു. ഇങ്ങനെ ‘ഏകമേവാദ്വിതീയം ബ്രഹ്മ’ എന്ന മഹാവാക്യത്താല്‍ ബ്രഹ്മത്തിന്റെ വിവര്‍ത്തകാര്യമായ ഈശജീവാദി പ്രപഞ്ചം അപവദിക്കപ്പെട്ടു.

ഭാവാഭാവാതീതം ബ്രഹ്മ

വിവര്‍ത്തരൂപമായിട്ടെങ്കിലും കാണപ്പെട്ട പ്രപഞ്ചംനിമിത്തം കാരണമായ ആ ബ്രഹ്മത്തിനു വികാരം ഉണ്ടായിട്ടുണ്ടോ എന്നാശങ്കിക്കുന്നു എങ്കില്‍ ‘ഭാവാഭാവാതീതം ബ്രഹ്മ’ എന്ന മൂന്നാമത്തെ വാക്യം അതിനു സമാധാനം പറയുന്നു.

ആവാക്യത്തിന്റെ അര്‍ത്ഥം:-ബ്രഹ്മം, ഭാവത്തിനും (ഉള്ളതിനും) അഭാവത്തിനും (ഇല്ലാത്തതിനും) അതീതം (അപ്പുറത്തിരിക്കുന്നത് – അടങ്ങാതെ കടന്നിരിക്കുന്നത്) ആകുന്നു. ഉള്ളതായ ബ്രഹ്മശക്തിക്കും ഇല്ലാത്തതായ പ്രപഞ്ചത്തിനും അപ്പുറത്തുള്ളതെന്നു സാരം.

ഇവിടെ ഒരു പൂര്‍വ്വപക്ഷമുണ്ടാകാം. എങ്ങനെയെന്നാല്‍, സദ്രൂപശക്തി, ചിദ്രൂപശക്തി, ആനന്ദരൂപശക്തി ഇവ മൂന്നുമാണല്ലൊ ബ്രഹ്മശക്തികള്‍. ഇവ പ്രപഞ്ചകല്പനയ്ക്കധിഷ്ഠാനമായിരിക്കുന്നു. ഇവയ്ക്കുമപ്പുറമാണ് ബ്രഹ്മമെന്നു പറഞ്ഞാല്‍ ഇവയേയും തള്ളേണ്ടിവരുന്നു. അധിഷ്ഠാനമായ ഇവയുടെ ജ്ഞാനമില്ലാതിരുന്നാല്‍ അജ്ഞാനമായിപ്പോകും. ആകയാല്‍ അധിഷ്ഠാനത്തെ (ബ്രഹ്മശക്തികളെ)തള്ളിക്കളയുവാന്‍ പാടില്ല. ഇതിനുത്തരം പറയാം.അധിഷ്ഠാനമുണ്ടെങ്കില്‍ ആരോപവുമുണ്ട്. ആകയാല്‍ ഭാവരൂപമായ സദ്രൂപശക്ത്യാദ്യധിഷ്ഠാനത്തേയും പ്രപഞ്ചരൂപമായ ആരോപത്തേയും തള്ളിക്കളയേണ്ടതാണ്. അവ പരസ്പരം സാപേക്ഷങ്ങളാകയാല്‍ (അധിഷ്ഠാനമുണ്ടെങ്കിലേ ആരോപമുള്ളൂ. ആരോപമുണ്ടെങ്കിലേ അധിഷ്ഠാനമുള്ളൂ) അവയ്‌ക്കൊന്നിനും തന്നെ സ്വതന്ത്രമായ ഒരു നിലനില്പ്പില്ലെന്ന് അറിയണമെന്നു സാരം. അധിഷ്ഠാനാരോപങ്ങള്‍ ഇല്ലാത്തവയാണെങ്കില്‍ സര്‍വ്വകാലത്തും ബ്രഹ്മാനുഭവമുണ്ടായിരിക്കേണ്ടതല്ലെ, എന്നാണെങ്കില്‍ അനുഭവത്തെ അംഗീകരിച്ചാല്‍, അനുഭവിക്കുന്നവന്‍, അനുഭവിക്കപ്പെടുന്നത് എന്നു രണ്ടിനേക്കൂടി അംഗീകരിക്കേണ്ടി വരും. അപ്പോള്‍ ത്രിപുടിയായി. ഇതു പ്രപഞ്ചമാണ് അതു വാസ്തവമല്ലെന്നു നേരത്തെ പറഞ്ഞിട്ടുണ്ടല്ലൊ. എന്നു തന്നെയല്ല, ബ്രഹ്മാനുഭവം എന്നതിനു ബ്രഹ്മത്തിന്റെ അനുഭവം എന്നോ, ബ്രഹ്മമാകുന്ന അനുഭവമെന്നോ അര്‍ത്ഥം പറയാം. ഇവയിലേതാണു വിവക്ഷ എന്ന് അറിയേണ്ടിയിരിക്കുന്നു.

ബ്രഹ്മത്തിന്റെ അനുഭവം (ബ്രഹ്മം ഞാനെന്നുള്ള നിശ്ചയബോധം) എന്നാണെങ്കില്‍ ബ്രഹ്മസംബന്ധമായ അനുഭവമെന്നര്‍ത്ഥം വരും. അനുഭവിക്കുന്നത്, അനുഭവിക്കപ്പെടുന്നത് എന്ന് ദൈ്വതം (രണ്ടെന്ന അവസ്ഥ) വന്നു ചേരും. അതംഗീകാര്യമാണെങ്കില്‍ സദ്ഗുരുശാസ്ത്ര മുഖേന വിചാരിച്ചറിഞ്ഞ വിചാരജ്ഞാനം തന്നെ ബ്രഹ്മാനുഭൂതി എന്നു പറയണം

ഇനി,ബ്രഹ്മംതന്നെയാണനുഭവം എന്നു പറഞ്ഞാല്‍ ആ അനുഭവത്തിനാശ്രയമായിട്ട് മറ്റൊന്നിനെക്കൂടി അംഗീകരിക്കേണ്ടിയിരിക്കുന്നു.അവിടേയും ആശ്രയാശ്രയി – ആധാരാധേയ –അധിഷ്ഠാനാരോപ -ഭാവങ്ങള്‍ വന്നു ചേരുന്നു.

ബ്രഹ്മാനുഭവമെന്നള്ളതിന് ഇവയിലേതു പക്ഷത്തെ നിങ്ങള്‍ സ്വീകരിക്കുന്നു.?

ആദ്യപക്ഷത്തെ അംഗീകരിക്കാമെന്നാണെങ്കില്‍ വേദാന്തവിചാരത്താല്‍ ഉദിതമായ ബോധം തന്നെ ബ്രഹ്മാനുഭവമെന്നു പറയണം. എന്നാല്‍ അവിടെയും, അറിയുന്നത്, അറിയപ്പെടുന്നത്, ഇങ്ങനെ രണ്ടു നില ഉണ്ട്. അതു ബ്രഹ്മാനുഭവമല്ല. ബ്രഹ്മാനുഭവമെന്നത് ജ്ഞാനം മാത്രമായ ബ്രഹ്മം തന്നത്താനാകുക എന്നതാകുന്നു. ‘അപ്പോള്‍ തന്നില്‍നിന്നു ഭിന്നമായി താനല്ലാത്തവയുടെ അജ്ഞാനം ബ്രഹ്മത്തിനു വരികയില്ലേ? സച്ചിദാനന്ദലക്ഷണമായി പറയപ്പെടുന്ന ബ്രഹ്മത്തില്‍ തദ്വിലക്ഷണമായ അജ്ഞാനത്തെ ആരോപിക്കുന്നത് ശരിയാണോ?’ എന്നു പൂര്‍വ്വപക്ഷി ചോദിക്കുന്നുവെങ്കില്‍: അയാളോട് സിദ്ധാന്തി ചോദിക്കുന്നത്, ബ്രഹ്മം ഒന്നു മാത്രമേ ഉള്ളൂ, ഇതരങ്ങള്‍ ഇല്ല എന്നിരിക്കെ ഇല്ലാത്തവയുടെ അജ്ഞാനം എങ്ങനെയുണ്ടാകുമെന്നാണ്. മാത്രമല്ല, ‘സച്ചിദാനന്ദസ്വരൂപമായി പ്രകാശിക്കുക തന്നെയാണോ ബ്രഹ്മസ്വഭാവം!’ എന്നു കൂടിയായിരിക്കും. സച്ചിദാനന്ദസ്വരൂപമാണ് ബ്രഹ്മലക്ഷണമെന്ന് പൂര്‍വ്വപക്ഷി അംഗീകരിക്കുന്നപക്ഷം സത്തുണ്ടെങ്കില്‍ അസത്തുമുണ്ട്. ചിത്തുണ്ടെങ്കില്‍ ജഡവുമുണ്ട്. ആനന്ദമുണ്ടെങ്കില്‍ ദു:ഃഖവുമുണ്ട്. ബ്രഹ്മലക്ഷണമുണ്ടെങ്കില്‍ മായാലക്ഷണവുമുണ്ട്. അതുകൊണ്ട് സച്ചിദാനന്ദത്വം ബ്രഹ്മമത്തിന്റെ സ്വരൂപമല്ലെന്നു സിദ്ധിക്കുന്നു. ഇതുകൊണ്ട് ബ്രഹ്മസംബന്ധിയായ അനുഭവമെന്ന ആദ്യപക്ഷം യുക്തിയുക്തമല്ലെന്നു കണ്ടുവല്ലൊ?

അതുപോലെതന്നെ ബ്രഹ്മം തന്നെ അനുഭവമാണെന്നുള്ള ദ്വിതീയപക്ഷത്തെ അംഗീകരിച്ചാലും മുമ്പറഞ്ഞ ആധാരത്വാധേയത്വാദിദോഷം വന്നുവശാവും. അതുകൊണ്ട് അതും സ്വീകാര്യമല്ല. അതിനാല്‍ ലക്ഷണാ(നിര്‍വ്വചനാ)ര്‍ഹങ്ങളായ അധിഷ്ഠാനത്തിനും ആരോപത്തിനും അതീതമാണ്ബ്രഹ്മം എന്ന തത്വം ‘ഭാവാഭാവാതീതം ബ്രഹ്മ’ എന്ന മുന്നാം വാക്യം സ്പഷ്ടമാക്കി.

സ്വാനുഭവാതീതം ബ്രഹ്മ

അങ്ങനെയാണെങ്കില്‍ അനിര്‍വ്വചനീയമായ- ഭാവാഭാവാതീതമായ – ബ്രഹ്മസ്വരൂപം അനുഭവിച്ചറിയുന്നതെയങ്ങനെയാണെന്ന് ഒരു ചോദ്യം വരാം. അതിനുത്തരമായി ‘സ്വാനുഭവാതീതം ബ്രഹ്മ’ എന്ന നാലാം വാക്യം ആരംഭിക്കുന്നു..ബ്രഹ്മം സ്വാനുഭവത്തിനതീതമാണെന്നാണ് അതിന്റെ അര്‍ത്ഥം- അധിഷ്ഠാനം, ആരോപം ഇവയുടെ സംബന്ധമറ്റിരിക്കുന്ന നിലയ്ക്ക് സ്വാനുഭവമെന്നു പറയുന്നു. അതെങ്ങനെയെന്നാല്‍ – ഈശജീവാദിരൂപേണയുള്ള പ്രപഞ്ചത്തിന് അധിഷ്ഠാനമായും സാക്ഷിയായും ഇരിക്കുന്ന ബ്രഹ്മചൈതന്യമാണ് താനെന്നുള്ള അനുഭവം വേദാന്തവിചാരജന്യജ്ഞാനമാകുന്നു. അവിടെ ബ്രഹ്മത്തിന്റേയും പ്രപഞ്ചത്തിന്റേയും ആധാരാധേയഭാവേനയുള്ള സംബന്ധം സംസ്‌ക്കാരരൂപേണ വര്‍ത്തിക്കുന്നുണ്ട്. ആ സംസ്‌ക്കാരം പോലുമില്ലാതെ താന്‍ മാത്രമാണെന്നുള്ള നിശ്ചയത്തിനാണ് സ്വാനുഭവമെന്നു പറയുന്നത്.ആ സ്വാനുഭവവും- താന്‍ മാത്രമായിരിക്കുന്നു എന്ന നിശ്ചയവും നശിച്ചു ദോഷരഹിതമായും അനിര്‍വ്വചനീയമായുമിരിക്കുന്ന സത്താസാമാന്യാവസ്ഥയാണ് സ്വാനുഭവാതീതം. അത് അത്രെ ബ്രഹ്മസ്വരൂപം.

‘സ്വാനുഭവം ബ്രഹ്മ’ എന്നു മാത്രം പറഞ്ഞാല്‍ മതിയായിരുന്നല്ലൊ ‘അതീത’ പദമെന്തിനാണ് എന്ന് ആകാംക്ഷയുണ്ടെങ്കില്‍ അതിനുത്തരം പറയുന്നു: ‘സ്വാനുഭവം’ എന്നത് സങ്കല്പമാണ്. താന്‍മാത്രം എന്നുള്ള നിശ്ചയത്തിലും സങ്കല്പസ്പര്‍ശനമുണ്ട്. അതു വികല്പിക്ക തന്നെ ചെയ്യും. സങ്കല്പമെല്ലാം വികല്പിക്കുമെന്നാണു ശാസ്ത്ര നിശ്ചയം. അതിനാല്‍ അതു ബ്രഹ്മസ്ഥിതിയല്ല.

‘സ്വാനുഭവ’മെന്നത് താനായിഭവിച്ചു എന്നതാണെങ്കില്‍ അതു പരിണാമമാകും- അപ്പോള്‍ അതു വികാരപ്പെടുകയും ചെയ്യും. അതുകൊണ്ട് സ്വാനുഭവവും ബ്രഹ്മഭാവമല്ല.

ഇനിയും താനായിട്ടു തന്നെ ഇരിക്കുന്നു എന്നാണ് സ്വാനുഭവമെങ്കില്‍ അതു സമാധിയാകും, സമാധിഎന്നത് ബ്രഹ്മഭാവത്തിനു (ബ്രഹ്മപ്രാപ്തിക്ക്) സാധനമാകയാല്‍ അതു സാദ്ധ്യമായ ബ്രഹ്മസ്വരൂപമല്ല.

അധിഷ്ഠാനത്തെ വിട്ട് – താന്‍ പ്രപഞ്ചാധിഷ്ഠാനമായ ബ്രഹ്മമാണെന്നുള്ള നിശ്ചയത്തെ ത്യജിച്ച് – ഇരിക്കുക എന്നതാണ് സ്വാനുഭവമെങ്കില്‍ അവിടെ ത്യജിക്കുക,ത്യജിക്കപ്പെടുക എന്ന ദൈ്വതാവസ്ഥയുണ്ടാകും. അതിനാല്‍ അതും ബ്രഹ്മമല്ല.

വെറുതെ – ചുമ്മാതെ – ഇരിക്കുകയാണ് സ്വാനുഭവമെങ്കില്‍, ആ നില മൂഢമാകും. അതിനാല്‍ അതും ബ്രഹ്മമല്ല.അതുകൊണ്ട് ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും അതീതമായി അനിര്‍വചനീയമായിരിക്കുന്ന കേവലാവസ്ഥയാണ് – തനി അറിവുമാത്രമാണ് – ബ്രഹ്മം. അതിനാല്‍ ബ്രഹ്മം സ്വാനുഭവമല്ല. പിന്നയോ സ്വാനുഭവാതീതം തന്നെയാണ്. ഇത്രയും കൊണ്ട് ‘സ്വാനുഭവാതീതം ബ്രഹ്മ’ എന്ന മഹാവാക്യം യുക്തതമമാണെന്നു കണ്ടു കഴിഞ്ഞു.

ഇങ്ങനെ ശ്രുതിസാരമഹാവാക്യങ്ങള്‍കൊണ്ട് ബ്രഹ്മാവസ്ഥാനം വെളിപ്പെടുത്തി. എങ്ങനെയെന്നാല്‍ തത്ത്വമസ്യാദി മഹാവാക്യങ്ങള്‍കൊണ്ട് ജീവേശ്വരസാക്ഷിയായി പ്രകാശിക്കുന്ന കൂടസ്ഥ ബ്രചൈതന്യമാണ് താനെന്നു ബോധിച്ച ശിഷ്യന് പ്രാരബ്ധവശാല്‍ സാക്ഷ്യമായ – സാക്ഷിവിഷയമായ- പ്രപഞ്ചത്തിന്റെ ഭാനം (തോന്നല്‍) ഉണ്ടാകുന്നു എങ്കില്‍ അങ്ങനെ തോന്നുന്ന പ്രപഞ്ചവും ബ്രഹ്മസ്വരൂപമാണെന്ന് ‘പ്രപഞ്ചസ്വരൂപം ബ്രഹ്മ’ എന്ന വാക്യംകൊണ്ടുപദേശിക്കുന്നു. പ്രപഞ്ചം ബ്രഹ്മസ്വരൂപമാണെങ്കിലും അതു ബ്രഹ്മത്തില്‍ സമുദ്രത്തില്‍ തരംഗാദികളെന്നപോലെ അംശഭാവേനയാണോ വര്‍ത്തിക്കുന്നതെന്നു സംശയമുണ്ടാകുന്നു. എങ്കില്‍ ആ സംശയനിവൃത്തിക്കുവേണ്ടി ‘രജ്ജുവില്‍ സര്‍പ്പമെന്നപോലെ’, പ്രപഞ്ചം ബ്രഹ്മത്തില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ലാത്തതിനാല്‍ ബ്രഹ്മം സജാതീയവിജാതീയസ്വഗതഭേദരഹിതമാണെന്നും അതിനാല്‍ പരിപൂര്‍ണ്ണമായ ആ ബ്രഹ്മത്തില്‍ അംശകല്പനയ്ക്കവകാശമില്ലെന്നും ‘ഏകമേവാദ്വിതീയം ബ്രഹ്മ’ എന്ന മഹാവാക്യം അനുശാസിക്കുന്നു. ബ്രഹ്മത്തിനും പ്രപഞ്ചത്തിനും അംശാംശിഭാവമില്ലെങ്കിലും വിവര്‍ത്തിവിവര്‍ത്ത (അധിഷ്ഠാനാരോപ) ഭാവമുണ്ടെന്നു സമ്മതിക്കണം. പ്രാതിഭാസികമായ രജ്ജുസര്‍പ്പത്തിനു ക്ഷണനേരമെങ്കിലും രജ്ജുസ്വരൂപത്തെ മറയ്ക്കാന്‍ കഴിയുന്നു. അതുപോലെ കല്പിതമായ പ്രപഞ്ചത്തിനും ബ്രഹ്മസ്വരൂപത്തെ മറയ്ക്കാന്‍ കഴിയുമല്ലോ എന്നാണെങ്കില്‍ ആ ബ്രഹ്മം പരിപൂര്‍ണ്ണമല്ലെന്നു പറയേണ്ടി വരും .പരിപൂര്‍ണ്ണ വസ്തുവിനെ മറയ്ക്കാന്‍ മറ്റൊന്നില്ലല്ലൊ. അതിനാല്‍ ഒരു കാലത്തും ബ്രഹ്മത്തില്‍ പ്രപഞ്ചകല്പന ഉണ്ടായിട്ടില്ല. അതുകൊണ്ട് ബ്രഹ്മം വിവര്‍ത്തിയോ പ്രപഞ്ചം വിവര്‍ത്തമോ അല്ല.

ഉപസംഹാരം

ഇങ്ങനെ വന്ധ്യാപുത്രനോ, ശശവിഷാണമോ പോലെ നാമമാത്രമായിരിക്കുന്ന പ്രപഞ്ചം ഇല്ലാത്തതാകയാല്‍ ആ ഇല്ലായ്മയ്ക്കും- അഭാവത്തിനും; ആ അഭാവപ്രതീതിയെ അപേക്ഷിച്ച് ഉണ്ടെന്നു തോന്നുന്ന – ഭാവരൂപേണ വര്‍ത്തിക്കുന്ന ബ്രഹ്മശക്തികള്‍ക്കും അപ്പുറമാണ് ബ്രഹ്മമെന്നുള്ളവേദാന്തപരമസിദ്ധാന്തത്തെയാണ് ‘ഭാവാഭാവാതീതം ബ്രഹ്മ,’ എന്ന മഹാവാക്യംകൊണ്ടു പ്രഖ്യാപനം ചെയ്യുന്നത്. ശരി! ഉണ്ടെന്നും ഇല്ലെന്നും ഉള്ള കല്പനയ്ക്കപ്പുറമാണ് ബ്രഹ്മമെങ്കില്‍ ആ അനുഭവം തനിക്കുണ്ടാകേണ്ടതല്ലേ, എന്നു സംശയിക്കുന്നു എങ്കില്‍ ഭാവാഭാവാതീതരൂപേണ വര്‍ത്തിക്കുന്ന ആ ബ്രഹ്മം താന്‍തന്നെയാകയാല്‍ തനിക്കു തന്റെ അനുഭവം ഉണ്ടാകുകയെന്നതു കര്‍മ്മകര്‍ത്തൃദോഷദുഷ്ടമാണ് (കര്‍ത്താവും കര്‍മ്മവും ഒന്നാകുക എന്ന ദോഷം) അത് ഒരിക്കലും സംഭാവ്യമല്ല. അതിനാല്‍ ആ ബ്രഹ്മം അനുഭവത്തിനും അതീതമാകുന്നു എന്ന വാസ്തവത്തേയാണ് ‘സ്വാനുഭവാതീതം ബ്രഹ്മ’ എന്ന വാക്യം വിളംബരം ചെയ്യുന്നത്. ഇങ്ങനെ ഈ നാലു ശ്രുതിസാര മഹാവാക്യങ്ങളേയും വിചാരിച്ചറിഞ്ഞവന്‍ തന്നെയാണ് കൃതാര്‍ത്ഥനും കൃതകൃത്യനും എന്ന് ശ്രുതികള്‍ ഘോഷിക്കുന്നു

മുകളില്‍ പറയപ്പെട്ട തത്ത്വങ്ങളെല്ലാം നല്ലതുപോലെ പഠിച്ചറിഞ്ഞ് അക്ഷരം പ്രതി മനനം ചെയ്യണം. തദനന്തരം ഈ ലോകം മുഴുവന്‍ അഖണ്ഡപരിപൂര്‍ണ്ണസച്ചിദാനന്ദപരബ്രഹ്മസ്വരൂപമാണെന്നും വ്യക്തിഭേദങ്ങളോടു കൂടിക്കാണുന്ന സര്‍വചരാചരങ്ങളും പരമാര്‍ത്ഥത്തില്‍ ഇല്ലാത്തതാണെന്നും അവ ഉള്ളതാണെന്നു തോന്നുന്നത് ചേരാന്‍ പാടില്ലാത്ത വസ്തുക്കളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ അതി വിദഗദ്ധയായ മായയുടെ ജാലവിദ്യകൊണ്ടാണെന്നും വിശ്വസിക്കണം. ഈ വിശ്വാസത്തോടുകൂടിയും സ്ഥിരമായ വൈരാഗ്യത്തോടുകൂടിയും കാണുന്നതിലും കേള്‍ക്കുന്നതിലും വിചാരിക്കുന്നതിലും സ്പര്‍ശിക്കുന്നതിലും എന്നു മാത്രമല്ല -എല്ലാറ്റിലും നിര്‍ഗുണബ്രഹ്മം മണികളില്‍ സൂത്രമെന്നപോലെ വ്യാപിച്ചിരിക്കുന്നു എന്നു കല്‍പ്പിക്കണം. ഇങ്ങനെ ഇടവിടാതെ സങ്കല്പ്പിച്ചു ശീലിക്കുമ്പോള്‍ ലോകം മുഴുവന്‍ തന്നില്‍ അടങ്ങിയിരിക്കുന്നതായും താന്‍ സര്‍വ്വദാ പ്രപഞ്ചവ്യാപ്തനായും ഇരിക്കുന്നതു കാണാം. അപ്പോള്‍ സങ്കല്പ്പവികല്‍പ്പങ്ങള്‍കൊണ്ടു പല വഴിക്കു പതറുന്ന മനസ്സ് കണി കാണ്മാന്‍പോലും ഉണ്ടായിരിക്കയില്ല. ‘അഹമേവ പരം ബ്രഹ്മ-ബ്രഹ്മാഹം’ എന്ന ജീവന്‍മുക്താവസ്ഥയാണത്. അതു സമ്പാദിച്ചവനത്രേ ജീവന്മുക്തന്‍. ഇതാണു മനുഷ്യ ജന്മോദ്ദേശ്യം. ഇതുതന്നെയാണ് പരമാചാര്യന്മാരുടെ അമൂല്യതത്ത്വരത്‌നം. അതിനാല്‍ സര്‍വ്വമനുഷ്യരും ഈ ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഒരു മാര്‍ഗ്ഗത്തില്‍ക്കൂടി ജന്മസാഫല്യം വരുത്തുവാന്‍ പരിശ്രമിക്കേണ്ടതാകുന്നു.