പുതിയശിഷ്യന്‍

ശ്രീ പി.കെ.പരമേശ്വരന്‍നായരുടെ ‘പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികള്‍ ‘ എന്ന ജീവചരിത്ര സംഗ്രഹത്തില്‍ നിന്ന്

1098-ാമാണ്ടോടുകൂടി സ്വാമികള്‍ക്ക് ഒരു നൂതന ശിഷ്യന്‍ ഉണ്ടായി. അദ്ദേഹം ഭക്തനോ വേദാന്തിയോ ആയിട്ടല്ല സ്വാമികളോടടുത്തത്. സ്വാമികളുടെ സ്നേഹാത്മകമായ ഹൃദയവും, പ്രഥമദര്‍ശനത്തില്‍ത്തന്നെ ദര്‍ശിച്ച പെരുമാറ്റത്തിലെ വാത്സല്യാതിരേകവും ആ ശിഷ്യനെ അങ്ങോട്ടും, ശിഷ്യന്‍റെ തന്‍റേടവും, ഔര്‍ജ്ജിത്യവും, ധീരതയും സ്വാമിയെ ഇങ്ങോട്ടും ആകര്‍ഷിക്കുകയാണുണ്ടായത്. ഈ യുവശിഷ്യന്‍ ശ്രീ.കുമ്പളത്തുശങ്കുപ്പിള്ളതന്നെയാണ്. അദ്ദേഹത്തിനന്ന് ഇരുപത്തേഴ് വയസ്സിലധികം പ്രായമുണ്ടായിരുന്നില്ല. അല്പകാലത്തിനുള്ളില്‍ അവര്‍തമ്മിലുള്ള മൈത്രി അത്യന്തം ഗാഢമായി. സ്വാമികള്‍ ശിഷ്യന്‍റെ അഥിതിയായി അദ്ദേഹത്തിന്‍റെ വസതിയില്‍ ഏതാനും കാലം താമസിച്ചു.

കുമ്പളത്തുവീടിനടുത്തുള്ള ശീതളമായ ഒരു കാവായിരുനിനു അന്നു സ്വാമികളുടെ വിശ്രമസ്ഥാനം. ശാന്തിയും സമാധാനവും നിറഞ്ഞ ആ അന്തരീക്ഷവും, ശിഷ്യന്‍റെ ബഹുകാര്യവ്യഗ്രമായ ജീവിതത്തിന്‍റെ ഊര്‍ജ്ജസ്വലവും സ്വാമികള്‍ക്ക് അത്യന്തം ഹൃദ്യമായിതോന്നി. ശ്രീ കുമ്പളമാകട്ടെ സ്വാമികളുടെ സുഖസൗകര്യങ്ങളിലും ശുശ്രൂഷയിലും സദാജാഗരൂകനുമായിരുന്നു. ചുരുക്കത്തില്‍ വളരെ പഴകിയ ശിഷ്യന്മാരെക്കാള്‍ പുതിയ ശിഷ്യന്‍ ഗുരുവിന്‍റെ പ്രീതീപാത്രമായി. വേദാന്തമോ മറ്റു ആത്മീയ കാര്യങ്ങളോ അവര്‍ തമ്മില്‍ പ്രതിപാദിച്ചില്ല. “അവിടത്തോടു ആത്മീയമായി ഞാന്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. എനിക്ക് ഒന്നും ഉപദേശിച്ചു തന്നിട്ടുമില്ല.” എന്നിങ്ങനെയാണ് ശ്രീ.കുമ്പളം പ്രസ്താവിച്ചിട്ടുള്ളത്. എന്നാല്‍ സകലവേദാന്തങ്ങളും ഉള്‍ക്കൊള്ളുന്ന സ്നേഹപ്രചുരിമ അവരുടെ സമ്പര്‍ക്കത്തെ പ്രകാശമാനമാക്കി. സിദ്ധനും ഗൃഹസ്താശ്രമിയും വിരുദ്ധഘടകങ്ങളല്ലെന്ന് ആ ഹൃദയബന്ധം തെളിയിച്ചു. ഇരുവര്‍ക്കും  പരസ്പരം മനസ്സിലാക്കാനും ആദരിക്കാനും കഴിഞ്ഞു.

കാവില്‍ വിശ്രമിക്കുന്ന അവസരത്തില്‍ ഗുരുവും ശിഷ്യനും മാത്രമാകുന്ന സന്ദര്‍ഭങ്ങളില്‍ സ്വാമികള്‍ സ്വജീവിതത്തിന്‍റെ അവസാനത്തെ സൂചിപ്പിച്ചുകൊണ്ട് പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. മനുഷ്യന്‍ കര്‍മ്മകാണ്ഡിയാണെന്നും, എന്നെങ്കിലും അവനു തന്‍റെ കര്‍മ്മങ്ങളില്‍ നിന്നു വിരമിക്കാതെ നിര്‍വ്വാഹമില്ലെന്നും, തന്നെ സംബന്ധിച്ചിടത്തോളം ജീവിതനടനം അവസാനിക്കാന്‍ കാലമായി വരുന്നെന്നും കളിയായിട്ട് അദ്ദേഹം സൂചിപ്പിക്കുക പതിവായിരുന്നു.

അതിനിടയ്ക്ക് അടുത്തുള്ള പുരാതന കാവിനെപ്പറ്റി ശിഷ്യന്‍ സംസാരിക്കാനിടയായി. അതുകാണാന്‍ സ്വാമികള്‍ ആഗ്രഹം പ്രദര്‍ശിപ്പിച്ചു. ഒരുദിവസം വെളുപ്പിന് സ്വാമികള്‍ പതിവില്‍ നേരത്തേഉണര്‍ന്ന് ശിഷ്യനോട് “നമുക്ക് ആ കാവൊന്നു കാണാന്‍ പോകാം” എന്നു പറഞ്ഞു. ശ്രീ കുമ്പളം സ്വാമികളെ അങ്ങോട്ടുകൂട്ടികൊണ്ടുപോയി. വളരെ നേരം അദ്ദേഹം അവിടെ ചുറ്റികണ്ടു. ഒടുവില്‍ “ഇവിടം ഒരു നല്ല കാവാണ് ഒരു സമാധിസ്ഥാനത്തിനു പറ്റിയതാണ്’ എന്നു പറഞ്ഞു. ഒരു സാമാന്യ പ്രസ്താവനയായേ ശ്രീ. കുമ്പളം അതിനെ അന്നു പരിഗണിച്ചുള്ളൂ.

സ്വാമികള്‍ തിരുവന്തപുരത്തേക്കുപോകാന്‍ ഒരുങ്ങി. കുറേ ദിവസങ്ങള്‍ കൂടി കഴിഞ്ഞുപോയാല്‍പോരെയോ എന്ന് ചോദിച്ചതിന് “കിഴവന്‍ ചാകാനിങ്ങുവരും കാരണവരേ” (കുമ്പളത്തിനെ അദ്ദേഹം കരണവരേ എന്നു വിളിക്കുക പതിവായിരുന്നു.) ‘എല്ലാവരോടും യാത്ര ചോദിച്ചിട്ടുവരട്ടേ” എന്നാണ് അവിടുന്ന് ശ്രീ ശങ്കുപിള്ളയോട് പറഞ്ഞത്.

തിരുവനന്തപുരത്തെത്തിയതിനുശേഷം അവിടുത്തേക്ക് ശരീരസുഖം ഇല്ലാതായി. അതിസാരമായിരുന്നു അസുഖം വൈദ്യശിഷ്യന്മാര്‌‍ ശ്രദ്ധയോടെ ശുശ്രൂഷിച്ചു. എന്നാല്‍ അവിടുന്ന് അതൊന്നും ആവശ്യമില്ലെന്നുള്ള മനോഭാവമാണ് പ്രദര്‍ശിപ്പിച്ചത്. തന്‍റെ അവസാനം അടുത്തിരിക്കുന്നവെന്നും അതിനെ വിളംമ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും അങ്ങനെ ഒരു യത്നത്തിന് ആരും മുതിരേണ്ടതില്ലെന്നുമായിരുന്നു സ്വാമികളുടെ നില. ഡാ.കെ.ജി.ഗോപാലപിള്ള, ആറന്മുള നാരായണപിള്ള വൈദ്യന്‍ മുതലായവരോട് അദ്ദേഹം കാര്യം തുറന്നു പറഞ്ഞു. എങ്കിലും ശിഷ്യവലത്സലനായ സ്വാമികള്‍ അവരുടെ സംതൃപ്തിക്കുവേണ്ടി മാത്രം ആ പരിചരണങ്ങള്‍ സ്വീകരിച്ചു. വൈദ്യശാസ്ത്രത്തിന്‍റേയും മറുകരകണ്ടിരുന്ന സ്വാമികള്‍ക്ക് ഇന്ന ചികിത്സ ചെയ്യണമെന്നു നിര്‍ദ്ദേശിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. മിക്കവാറും ശുശ്രൂഷയും പരിചരണവുമല്ലാതെ പറയത്തക്ക ചികിത്സകളൊന്നും നടത്തിയെന്നുപറവാനുമില്ല. ഏതാനും ആഴ്ചകഴിഞ്ഞ് രോഗസ്ഥിതി വളരെ വ്യത്യാസപ്പെട്ടു. നടക്കാന്‍ വലിയ വിഷമമില്ലെന്നുള്ള അവസ്ഥ വന്നപ്പോള്‍ സ്വാമികള്‍ പന്മനയ്ക്കുപോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ശ്രീ.കുമ്പളത്തിനു എഴുത്തയച്ചു. കുമ്പളം പരിവാരസമേതം വള്ളത്തില്‍ എത്തി. സ്വാമികള്‍ പന്മനയ്ക്കു തിരിച്ചു. തിരുവനന്തപുരത്തെ ശിഷ്യമണ്ഡലം മുഴുവന്‍ അദ്ദേഹത്തെ യാത്ര അയയ്ക്കാന്‍ കൂടിയിരുന്ന. അവര്‍ വള്ളക്കടവുവരെ അനുഗമിച്ചു. അവസാനയാത്രയെന്നനിലയില്‍ എല്ലാവരേയും അനുഗ്രഹിച്ച് സ്വാമികള്‍ പിരിഞ്ഞു. പ്രസന്ന വദനനായ അവിടുത്തേക്ക് അവരില്‍ ഓരോരുത്തരോടും ഫലിതമയമായ ഓരോവാക്കെങ്കിലും പറവാനില്ലാതിരുന്നില്ല. വഴിക്കു പ്രാക്കുളം തോട്ടുവയലില്‍ ബംഗ്ലാവില്‍ ഏതാനും ദിവസം വിശ്രമിച്ചു. പല ഗൃഹസ്ഥ ശിഷ്യന്മാരും അതിനിടയ്ക്ക് സ്വാമികളെ അവരവരുടെ ഗൃഹത്തിലേയ്ക്ക് ക്ഷണിച്ചു. എന്നാല്‍ സ്വാമികള്‍ പന്മനയ്ക്കുതന്നെ പോകുവാനാണ് ആഗ്രഹിച്ചത്. തോട്ടുവയലില്‍ താമസിക്കുമ്പോള്‍ ശ്രീ നാരായാണഗുരുസ്വാമികള്‍ ശിഷ്യപരിസേവിതനായി സ്വാമികളെ സന്ദര്‍ശിച്ചു. ഗുരുശിഷ്യന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ച ഹൃദയസ്പൃക്കായിരുന്നു. അവസാനകാഴ്ചയെന്നുഇരുപേര്‍ക്കും അറിയാവുന്ന മട്ടിലായിരുന്നു അവരുടെ പരസ്പരോപചാരക്രമം. ശ്രീനാരായണഗുരുസ്വാമികളും തീര്‍ത്ഥപാദപരമഹംസരും യഥാക്രമം വലത്തും ഇടത്തും വശങ്ങളിലും സ്വാമികള്‍ മദ്ധ്യത്തിലുമായി ഒന്നുരണ്ടുഫോട്ടോകളും അന്ന് എടുക്കുകയുണ്ടായി.

തോട്ടുവയലില്‍ നിന്ന് പന്മനയിലേക്കു തന്നെ പോകണമെന്ന് അവിടത്തേയ്ക്ക് സാമാന്യം നിര്‍ബന്ധമായിരുന്നു. അതിനാല്‍ കൊല്ലം മുതലായ സ്ഥലങ്ങളില്‍ നിന്ന് സ്വാമികളെ ക്ഷണിച്ചുകൊണ്ട് പോകാന്‍ എത്തിയിരുന്ന പല ശിഷ്യന്മാരുടേയും നിര്‍ബന്ധത്തെ അവിടുത്തേക്ക് സസ്നേഹം നിരസിക്കേണ്ടിവന്നു. കൊല്ലത്തുകാരോട് “23-ാംതിയതിയോടുകൂടി തെക്കോട്ടു തന്നെ വരാം” എന്നിങ്ങനെ അര്‍ത്ഥഗര്‍ഭമായി അദ്ദേഹം പറഞ്ഞുവത്രേ.