സമുദായത്തിനും സാഹിത്യത്തിനും

ശ്രീ പി.കെ.പരമേശ്വരന്‍നായരുടെ ‘പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികള്‍ ‘ എന്ന ജീവചരിത്ര സംഗ്രഹത്തില്‍ നിന്ന്

ഇങ്ങനെ സ്നേഹസൗഹാര്‍ദ്ദമയവും ലോകോത്കര്‍ഷസാധകവുമായ രീതിയില്‍ ജനസമ്പര്‍ക്കം പുലര്‍ത്തിവന്ന സ്വാമികള്‍ സംഘടിതമായ സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കൊന്നും ഉദ്യുക്തനായില്ല. എങ്കിലും കേരളത്തിലെ സാമൂഹിക പ്രവര്‍ത്തനചരിത്രത്തില്‍ അവിസ്മരണീയമായ ഒരു പങ്ക് വഹിക്കാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. തികച്ചും നവീനങ്ങളായ പല ആശയങ്ങളും സ്വാമികള്‍ പ്രചരിപ്പിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസംകൊണ്ട് പൊതുവേ സംസിദ്ധമായിവന്ന പരിവര്‍ത്തനൗസുല്‍ക്യത്തെ സ്വാമികളുടെ ആശയങ്ങള്‍ അസാമാന്യമാംവിധം പ്രചോദിപ്പിച്ചുതുടങ്ങി. കേരളത്തിലെ ബ്രാഹ്മണരുടെ ആധിപത്യംമൂലം സംഭവിച്ചിട്ടുള്ള സാമൂഹികാസമത്വങ്ങളെ ധ്വംസിക്കുവാന്‍ ഇത്ര ഫലപ്രദമായവിധം യത്നിച്ച മറ്റൊരുവ്യക്തി അന്നുണ്ടായിരുന്നില്ല. ദ്രാവിഡവും കേരളീയവുമായ സംസ്കാരത്തിന്‍റെ ഉദ്ധര്‍ത്താവായ സ്വാമികള്‍ ആര്യസംസ്കാരം തന്നെ ദ്രാവിഡസംസ്കാരത്തിനോട് കടപ്പെട്ടിട്ടുള്ളതാണെന്ന വാദത്തെ മുറുകെപ്പിടിച്ചിരുന്നു. പ്രാചീനമലയാളം,  വേദാധികാരനിരൂപണം എന്നിങ്ങനെ  രണ്ടു ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതി. പ്രാചീനകേരളത്തില്‍ ബ്രാഹ്മണര്‍ക്ക് കേരളത്തിലുണ്ടെന്ന് പറയുന്ന ആധിപത്യവാദത്തെ അദ്ദേഹം നിശിതമായി ഖണ്ഡിച്ചു. വേദാധികാരനിരൂപണത്തില്‍ ബ്രാഹ്മണര്‍ തലമുറകളായി ആളുകളെ വിശ്വസിപ്പിച്ചുവന്നിരുന്നതുപോലെ വേദങ്ങള്‍ ഈശ്വരസൃഷ്ടികളാണെന്നും  ബ്രാഹ്മണര്‍ക്കല്ലാതെ മറ്റാര്‍ക്കും അത് പഠിക്കാന്‍അധികാരം ഇല്ലെന്നുമുള്ള അഭിപ്രായങ്ങളെ വേദോപനിഷത്തുക്കളെ ആധാരമാക്കിത്തന്നെ  അദ്ദേഹം ഖണ്ഡിച്ചു. സമുദായപരിഷ്കാരേച്ഛുക്കളായ പ്രവര്‍ത്തകന്മാര്‍ക്ക് സ്വാമികളുടെ ഈ ആശയഗതികള്‍ അത്യന്തം സഹായകമായി. ശ്രീനാരായണഗുരുവിന്‍റെ ഈഴവസമുദായസംബന്ധമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സ്വന്തമായ ക്ഷേത്ര പ്രതിഷ്ഠകള്‍ക്കും മറ്റും ഇത് എത്രമാത്രം പിന്‍ബലം നല്കി എന്നുള്ളത്  സുവിദിതമായ പരമാര്‍ത്ഥങ്ങളാണ്. അതുപോലെ തന്നെ സി.കൃഷ്ണപിള്ള മുതലായ നായര്‍ സമുദായ പ്രവര്‍ത്തകന്മാര്‍ക്കും, നീലകണ്ഠ തീര്‍ത്ഥരെപ്പോലെയുള്ള ആദ്ധ്യാത്മികചിന്തകര്‍ക്കും അവരുടെ പദ്ധതികള്‍ രൂപവത്കരിക്കുന്നതിനും സ്വാമികളുടെ ധീരമായ ആശയങ്ങളടങ്ങിയ ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും നാടാകെ നടന്നുള്ള ഉപദേശങ്ങളും അത്യന്തം ഉപകരിച്ചു.