സന്ധിനിരൂപണം – ആദിഭാഷ (3)

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ആദിഭാഷ – ഭാഷാപഠനം’എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം മൂന്ന്

ഇനി, സംസ്‌കൃതം, തമിഴ് ഈ ഭാഷകളിലെ സന്ധികാര്യത്തെക്കുറിച്ച് പരിശോധിക്കാം. ആ രണ്ടു ഭാഷകളിലും സ്വരങ്ങള്‍ തമ്മിലും സ്വരങ്ങള്‍ വ്യഞ്ജനത്തോടും വ്യഞ്ജനങ്ങള്‍ തമ്മിലും ചേരുമ്പോള്‍ സന്ധിവികാരങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും, അവ അധികവും വ്യത്യസ്തങ്ങളായി കാണപ്പെടുന്നു.

സംസ്‌കൃതത്തില്‍ അകാരത്തിനു പരമായി അകാരം വരുമ്പോള്‍ രണ്ട് അകാരങ്ങളും ലോപിച്ച് ഒരു ദീര്‍ഘ അകാരം ആ സ്ഥാനത്തു വന്നുചേരുന്നു. ഉദാഹരണം-സുന്ദര+അരവിന്ദം=സുന്ദരാരവിന്ദം. ‘അകസവര്‍ണ്ണേദീര്‍ഘഃ’ (6-1-101)1 എന്ന പാണിനീസൂത്രപ്രകാരമാണ് ഈ രൂപം സിദ്ധിക്കുന്നത്. അകാരത്തിനു പരമായി ഇകാരഉകാരങ്ങള്‍ ഇരിക്കുമ്പോള്‍ അകാരഇകാരങ്ങള്‍ ലോപിച്ച് ഏകാരവും അകാരഉകാരങ്ങള്‍ ലോപിച്ച് ഓകാരവും ഏകാദേശം വരുന്നു. ഉദാഹരണം-ദേവ+ഇന്ദ്രഃ=ദേവേന്ദ്രഃ, ശീത+ഉദകം=ശീതോദകം. ‘ആദ്ഗുണഃ’2 (6-1-87) എന്ന സൂത്രം ഇവിടെ പ്രമാണം. അകാരത്തിന് ഏ, ഐ, ഒ, ഔ ഈ അക്ഷരങ്ങള്‍ പരം വന്നാല്‍ അകാരവും ഏ, ഐകളില്‍ ഒന്നു ലോപിച്ച് ഐകാരവും, അകാരവും ഓകാര ഔകാരങ്ങളില്‍ ഒന്നു ലോപിച്ച് ഔകാരവും സ്ഥാനികളായി വരും. ഉദാഹരണം-അത്ര+ഏകം=അത്രൈകം, ജന+ഐകമത്യം=ജനൈകമത്യം, അത്ര+ഓദനം=അത്രൗദനം, ജല+ഔഷ്ണ്യം=ജലൗഷ്ണ്യം. പ്രാമാണികസൂത്രം ‘വൃദ്ധിരേചി’ (6-1-88).3 ഇവിടെ ഹ്രസ്വങ്ങള്‍ക്കുള്ള വിധികള്‍ തന്നെ അതുകളുടെ ദീര്‍ഘരൂപങ്ങള്‍ക്കും ചേരുന്നതാണ്. ഉദാഹരണം-രമാ+ആഗതാ=രമാഗതാ. രമാ+ഈശഃ=രമേശഃ

തമിഴില്‍ അകാരത്തിനുപരമായി സ്വരങ്ങളില്‍ ഏതെങ്കിലും ഒന്നു വന്നാല്‍ വ എന്ന അക്ഷരം മദ്ധ്യത്തില്‍ കൂടുതലായി വന്നുചേരും. ഉദാഹരണം-പല+അങ്ക=പലവങ്ക, പല+ഉള=പലവുള; പല+എഴുത്തുകള്‍=പലവെഴുത്തുകള്‍; പല+ഒളികള്‍=പലവൊളികള്‍; പല+ഐങ്കരര്‍=പലവൈങ്കരര്‍; പല+ഔതാര്യര്‍കള്‍=പലവൗതാര്യര്‍കള്‍; പ്രമാണം=നന്നൂല്‍, പുണരിയല്‍ 162, 163 ആകാരത്തിനും ഈ വിധിതന്നെ. ഉദാഹരണം – പല+അങ്കൂര്‍=പലാവങ്കൂര്‍ ഇത്യാദി.

സംസ്‌കൃതത്തില്‍ ഇകാരത്തിന് ഇകാരവ്യതിരിക്തങ്ങളായ സ്വരങ്ങള്‍ പരം വന്നാല്‍ ആ ഇകാരം യകാരമായിമാറും. ഉദാഹരണം: ദധി+അത്ര=ദധ്യത്ര; ദധി+ഉദകം=ദധ്യുദകം; ദധി+ഏതത്=ദധ്യേതത്; ദധി+ഐക്യം=ദധൈക്യം; ദധി+ഓദനം=ദധ്യോധനം; ദധി+ഔഷ്ണ്യം=ദധ്യൗഷ്ണ്യം; ഇകാരത്തിന് പരമായി ഇകാരം വന്നാല്‍ ആ രണ്ടിനും ഏകാദേശമായി ദീര്‍ഘം വരുന്നു. ഉദാഹരണം-ദധി+ഇഹ=ദധീഹ.

തമിഴില്‍ ഇകാരത്തിനുപരമായി മറ്റേതു സ്വരങ്ങള്‍ പകരം വന്നാലും ഇടയില്‍ യ എന്ന അക്ഷരം അധികമായി വരും. ഉദാഹരണം-മണി+അഴക്=മണിയഴക്; മണി+ഇത്=മണിയിത്; മണി+ഉണ്ട്=മണിയുണ്ട്; മണി+എങ്ക്=മണിയെങ്ക്; മണി+ഐയ്യം=മണിയൈയ്യം; മണി+ഒലി=മണിയൊലി; മണി+ഔവിയം=മണിയൗവ്വിയം.

സംസ്‌കൃതത്തില്‍ ഉകാരത്തിനു ഇതര സ്വരാക്ഷരങ്ങള്‍ പരം വന്നാല്‍ ആ ഉകാരം വകാരമായി മാറും. മധു+അത്ര=മധ്വത്ര; മധു+ഇഹ=മധ്വിഹ;മധു+ഏതത്=മധ്വേതത്; മധു+ഐക്യം=മധൈ്വക്യം; മധു+ഓദനം=മധ്വോദനം; മധു+ഔഷ്ണ്യം=മധ്വൗഷ്ണ്യം. ഉകാരത്തിന് ഉകാരം പരം വരുമ്പോള്‍ ദീര്‍ഘസന്ധിവരും. മധു+ഉദകം=മധൂദകം എന്നിങ്ങനെ ഉദാഹരണം.

തമിഴില്‍ ഉകാരത്തിനു പരമായി മറ്റു സ്വരങ്ങള്‍ വരുമ്പോള്‍ ചിലെടത്ത് വകാരം ആദേശമാവുകയും ചിലെടത്ത് ഹ്രസ്വോകാരം ലോപമാവുകയും ചെയ്യും. ഉദാഹരണം – കടു+അഴക്=കടുവഴക്; പൂ+ആകി=പൂവാകി; നാകു + അരിതു = നാകരിതു; കതവു+അഴകു=കതവഴകു.

സംസ്‌കൃതത്തില്‍ ഏകാരത്തിനു പരമായി അകാരം വന്നാല്‍ ചിലെടത്ത് അകാരം ലോപിക്കുകയും (പൂര്‍വരൂപമാകുകയും) ചിലെടത്ത് ‘അയ്’ എന്ന ആദേശം വരികയും ചെയ്യും. അകാരമൊഴിച്ചുള്ള സ്വരങ്ങള്‍ പരം വരുമ്പോള്‍ ‘അയ്’ എന്ന ഒരു രൂപമേ ആദേശം വരികയുള്ളൂ. ഉദാഹരണം-ഹരേ+അവ=ഹരേവ; ജേ+അ=ജയ; ഹരേ+ഇഹ=ഹരയിഹ – ഇവിടെ യകാരം ലോപിച്ച് സന്നികര്‍ഷത്തോടുകൂടാതെ പ്രത്യേകം സ്വരങ്ങള്‍ നില്ക്കാറുണ്ട്. ഉദാഹരണം-ഹരേ+ഇഹ=ഹരയിഹ=ഹരഇഹ3.

തമിഴില്‍ ഏകാരത്തിനുപരമായി സ്വരങ്ങള്‍ ഇരിക്കുമ്പോള്‍ ചിലസ്ഥലത്തു യകാരവും ചിലെടത്ത് വകാരവും ആഗമങ്ങളായും വരും. ഉദാഹരണം-അവനേ+ഇവന്‍=അവനേയിവന്‍; ചേ+അഴകു=ചേവഴകു ഇത്യാദി.

സംസ്‌കൃതത്തില്‍ ഐകാരത്തിനു മേലായി സ്വരങ്ങള്‍ വന്നാല്‍ ആയ് ആദേശം വന്ന് ആ യകാരം ചിലെടത്ത് ലോപിച്ചും ചിലെടത്തു ലോപിക്കാതെയും വരും. ഉദാഹരണം-സീതായൈ+അത്ര=സീതായായത്ര എന്നും സീതായാഅത്ര എന്നും രണ്ടുവിധം. നൈ+അക=നായക എന്നു യകാരം ലോപിക്കാതെ ഏകരൂപത്തില്‍ നില്ക്കുന്നതിനു ദൃഷ്ടാന്തം.

തമിഴില്‍ ഐകാരത്തിന് ശേഷം സ്വരാക്ഷരങ്ങള്‍ വരുമ്പോള്‍ യകാരം അധികമായി വരും. ഉദാഹരണം-പനൈ+ഒന്റും=പനൈയൊന്റും.

സംസ്‌കൃതഭാഷയില്‍ ഓകാരത്തിനുപരമായി സ്വരങ്ങള്‍ ഇരിക്കുമ്പോള്‍ അവ് ആദേശം വരും. ഉദാഹരണം-വിഷ്‌ണോ+ഏ=വിഷ്ണവേ; ചിലെടത്ത് വകാരം ലോപിച്ചും അല്ലാതെയും വരും. ഉദാഹരണം-വിഷ്‌ണോ+ഇഹ=വിഷ്ണവിഹ; വിഷ്ണ ഇഹ എന്നും. ഈ ഓകാരത്തിന് അകാരംപരം വന്നാല്‍ ചിലെടത്ത് അകാരം ലോപിച്ചു പോകും; എന്നുവെച്ചാല്‍ പൂര്‍വരൂപമായി മാറുമെന്ന് അര്‍ത്ഥം. ഉദാഹരണം-വിഷ്‌ണോ+അവ=വിഷ്‌ണോവ.4

തമിഴില്‍ ഓകാരത്തിനു പരമായി സ്വരങ്ങള്‍ ഇരുന്നാല്‍ ‘വ്’ എന്ന അര്‍ദ്ധാക്ഷരം ആഗമം വരും. കോ+അതു=കോവതു; കോ+ഇതു=കോവിതു; തുടങ്ങിയവ ഉദാഹരണം.

സംസ്‌കൃതത്തില്‍ ഔകാരത്തിന് സ്വരങ്ങള്‍ പരം വന്നാല്‍ ‘ആവ്’ ആദേശം വരും. പൗ+അകഃ=പാവകഃ ചിലെടത്ത് വകാരം ലോപിച്ചും ലോപിക്കാതെയും രൂപസിദ്ധികാണുന്നുണ്ട്. വിഷ്ണൗ+അത്ര=വിഷ്ണാവത്ര; വിഷ്ണാ അത്ര ഇത്യാദി ഉദാഹരണം.

തമിഴില്‍ ഇങ്ങനെയുള്ളിടത്ത് വകാരം കൂടുതലായി വരും. കൗ+അത്=കൗവത്. ഇതുപോലെ പലതും ദൃഷ്ടാന്തം. ഇവിടെ ഉദ്ധരിച്ചവിധം, സംസ്‌കൃതത്തില്‍ അകാരത്തിനു ശേഷം ഓരോ സ്വരങ്ങള്‍ വരുമ്പോള്‍ ഗുണം5, വൃദ്ധി6, മുതലായ പല സന്ധിവികാരങ്ങളും അതുപോലെ അ, ഉ, എ തുടങ്ങിയ സ്വരങ്ങള്‍ക്കും നാനാമാതിരി സന്ധികളും വന്നുകാണുന്നു. തമിഴില്‍ അ, ഉ, ഒ, ഓ ഈ അക്ഷരങ്ങള്‍ക്ക് വകാരവും ഇ, ഐ, എ എന്ന അക്ഷരങ്ങള്‍ക്ക് യകാരവും ഏകാരത്തിന് യകാര വകാരങ്ങളും സ്വരസന്ധിയില്‍ ആഗമവും ചില ദിക്കില്‍ ഹ്രസ്വോകാരങ്ങള്‍ക്ക് ലോപവും വരുന്നവിധം വ്യാകരണവിധികള്‍ ഇരിക്കുന്നു. ഇതുകൊണ്ട് തമിഴ്‌സന്ധിവികാരങ്ങള്‍ സംസ്‌കൃതഭാഷയെ അനുസരിച്ചിരിക്കുന്നില്ലെന്ന് സ്പഷ്ടമാകുന്നു.

വ്യഞ്ജനസന്ധിയെക്കുറിച്ചും നോക്കാം. സംസ്‌കൃതത്തില്‍ ക്, ച്, ത്, പ് എന്ന അക്ഷരങ്ങള്‍ക്കു പരമായി അനുനാസികങ്ങള്‍ ഇരുന്നാല്‍ ക് തുടങ്ങിയവ അനുനാസികമായി മാറുന്നു. ഉദാഹരണം=വാക്+മാത്രം=വാങ്മാത്രം; ഷട്+നവതി=ഷണ്ണവതി; ഷട്+മുരാരി=ഷണ്മുരാരി; അപ്+മാത്രം=അമ്മാത്രം. തമിഴില്‍ ഈ അക്ഷരങ്ങളില്‍ അവസാനിക്കുന്ന ശബ്ദങ്ങള്‍ സിദ്ധിക്കുന്നേ ഇല്ല.

സംസ്‌കൃതത്തില്‍ ത് ന് ഈ വ്യഞ്ജനങ്ങള്‍ ച് ശ് ഈ വ്യഞ്ജനങ്ങളോടു ചേരുമ്പോള്‍ മുറയ്ക്ക് ച് ഞ് എന്നു മാറുന്നു. തമിഴില്‍ ഇങ്ങനെ അര്‍ദ്ധാക്ഷരത്തില്‍ നില്ക്കുന്ന ശബ്ദങ്ങളും ഇല്ല. തകാരനകാരങ്ങള്‍ അന്തമായിട്ടുള്ള പദങ്ങള്‍ക്ക് തമിഴില്‍ ഈ വിധി കാണുന്നില്ല. അവന്‍+ചൈകൈ=അവന്‍ചൈകൈ എന്നു ഉദാഹരണം. സംസ്‌കൃതത്തില്‍ പദാന്തത്തിലുള്ള മകാരത്തിനുപരമായി വ്യഞ്ജനങ്ങള്‍ ഇരുന്നാല്‍ അനുസ്വാരം ആദേശമായി വരും. കൃഷ്ണമ്+വന്ദേ=കൃഷ്ണംവന്ദേ.

തമിഴില്‍ അര്‍ദ്ധമകാരവും അനുസ്വാരവും പ്രത്യേകമില്ലാത്തതിനാല്‍ ഈ വിധി പ്രവര്‍ത്തിക്കുന്നില്ല. സംസ്‌കൃതത്തില്‍ അനുസ്വാരത്തിനുശേഷം ക്, ച്, ട്, ത്, പ് ഈ അക്ഷരങ്ങള്‍ വന്നാല്‍ ആ അനുസ്വാരം പരമിരിക്കുന്ന അക്ഷരങ്ങളുടെ അനുനാസികങ്ങളായി മാറും. ത്വം+കരോഷി=ത്വങ്കരോഷി; കിം+ച=കിഞ്ച; തം+ടീകതേ+തണ്ടീകതേ; സം+തരതി=സന്തരതി; സം+പൃച്ഛതി=സമ്പൃച്ഛതി. മേല്പറഞ്ഞ വ്യഞ്ജനങ്ങളുടെ വര്‍ഗ്ഗാന്തരിതങ്ങളായ അനുനാസികങ്ങള്‍ അനുസ്വാരങ്ങള്‍ക്ക് പിമ്പുവന്നാലും ആ അനുനാസികങ്ങള്‍ തന്നെ അനുസ്വാരസ്ഥാനത്തു നില്ക്കും. ഉദാഹരണം-സം+നവതി=സന്നവതി; സം+മതം=സമ്മതം; അയം+ങകാരഃ=അയങ്ങകാരഃ; ഇത്യാദി.

തമിഴില്‍ അനുസ്വാരത്തിന് പരമായി ഖരങ്ങള്‍ വന്നാല്‍ സജാതീയാനുനാസികങ്ങളായി മാറും. ഉദാഹരണം-നാം+കടിയം=നാങ്കടിയം; മരം+ചേതില്‍=മരഞ്ചേതില്‍; നാം+ടാകിനി=നാണ്ടാകിനി; മരം+തോല്‍=മരന്തോല്‍; നാം+പെരിയം=നാമ്പെരിയം. നന്നൂല്‍ 219-ാം സൂത്രം ഇവിടെ പ്രവര്‍ത്തിക്കുന്നു. ഈ വിധി സംസ്‌കൃതത്തിന് അനുഗുണമായിരിക്കുന്നു. എന്നാല്‍ അര്‍ദ്ധമകാരവും അനുസ്വാരവും ഒന്നെന്ന് വിചാരിച്ചാലും ഇവ ഉച്ചാരണത്തില്‍ സ്വാഭാവികമായി വന്നുപോകുന്നതാകയാല്‍ മറ്റു ഭാഷയെ അനുകരിച്ചതുകൊണ്ട് സിദ്ധിക്കണമെന്നില്ല. കൂടാതെ തൊല്‍കാപ്പിയത്തിലെ ‘അമ്മിന്‍ ഇറുതി കചതക്കാലൈ തന്‍ മെയ്തിരുന്തുങഞന’ ആകും (സൂ. 130) എന്ന സൂത്രപ്രകാരം അം എന്നുള്ളതിന്റെ അന്തത്തിലുള്ള അര്‍ദ്ധമകാരം കചതങ്ങള്‍ പരം വരുമ്പോള്‍ ങഞനങ്ങളായ് മാറും. ഉദാഹരണം-പുളിയം+കോട്=പുളിയങ്കോട്; പുളിയം+ചേതിള്‍=പുളിയഞ്ചേതിള്‍; പുളിയം+തോല്‍=പുളിയന്തോല്‍. ഇങ്ങനെ അനുനാസികങ്ങളായി മാറും.

ചേനാവരൈയര്‍ ഉരൈയില്‍ തം നം നും ഉം ഇത്യാദിചാരിയകളുടെ അര്‍ദ്ധമകാരവും ങ ഞ നവങ്ങളായിമാറുമെന്ന് വിധിച്ച് എല്ലാര്‍തങ്കൈയും എല്ലാര്‍നങ്കൈയ്യും എല്ലീര്‍നുങ്കൈയും വാനവരിവില്ലുന്തിങ്കളും എന്ന് ഉദാഹരണങ്ങളും കാണിച്ചിരിക്കുന്നു. ഇതുകൊണ്ട് ഖരങ്ങള്‍ക്ക് പൂര്‍വ്വമിരിക്കുന്ന അര്‍ദ്ധമകാരങ്ങളെല്ലാം സജാതീയാനുസ്വാരങ്ങളായി മാറുമെന്ന നിത്യനിയമം തമിഴിലില്ലയെന്നൂഹിക്കാം. ഇതില്‍ നിന്ന് നന്നൂല്‍കര്‍ത്താവ് സംസ്‌കൃതവ്യാകരണമുറയനുസരിച്ചായിരുന്നു അര്‍ദ്ധമകാരങ്ങളുടെ സന്ധികാര്യം വിധിച്ചതെന്നു നിശ്ചയിക്കാം. സംസ്‌കൃതത്തില്‍ അനുസ്വാരങ്ങള്‍ക്കു പരമായി അനുനാസികങ്ങള്‍ വന്നാല്‍ ആ അനുസ്വാരങ്ങള്‍ക്കു പരമിരിക്കുന്ന അനുനാസികങ്ങളായി മാറുന്നു. ഈ നിയമം തമിഴിലില്ല. ഉദാഹരണം-എനവും+നിനൈന്ത്=എനവുനിനൈന്ത്; മരം+നാര്‍=മരനാര്‍; ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ മകാരം ലോപിച്ചു പോയിരിക്കുന്നു. (നന്നൂല്‍ സൂ.219).

സംസ്‌കൃതത്തില്‍ ഈ മാതിരി അനുസ്വാരലോപമില്ല. അനുസ്വാരത്തിന് യ വ ല എന്ന അക്ഷരങ്ങള്‍ പരം വരുമ്പോള്‍ അനുസ്വാരം ആ അക്ഷരങ്ങളായി മാറുന്നു. സം+യന്താ=സയ്യന്താ; സം+വത്സരഃ=സവ്വത്സരഃ യം+ലോകം=യല്ലോകം.

തമിഴില്‍ ങ ഞ ണ ന മ ര ല വ ഴ ള ഈ പത്തു വ്യഞ്ജനങ്ങള്‍ക്കു പൂര്‍വമായി യകാരം വന്നാല്‍ ഇകാരച്ചാരിയൈ തോന്നും. (നന്നൂല്‍ സൂത്രം 206) ഉദാഹരണം-മണ്‍+യാതു=മണ്ണിയാതു. സംസ്‌കൃതത്തില്‍ ഇങ്ങനെയുള്ള വികാരവും കാണുവാനില്ല. തനിക്കുറിലോടു ചേരാത്ത ഞ ന കാരങ്ങള്‍ക്ക് പിന്‍പു നകാരം വന്നാല്‍ ആ നകാരം ലോപിക്കും. (നന്നൂല്‍-സൂ 210). തൂണ്‍+നന്റു=തൂണന്റു, അരചന്‍+നല്ലന്‍=അരചനല്ലന്‍ ഇവ ഉദാഹരണം. ലകാരളകാരങ്ങള്‍ക്കു പിന്‍പ് ഖരങ്ങള്‍ വന്നാല്‍ റകാരടകാരങ്ങളായിട്ടും അനുനാസികം വന്നാല്‍ നകാരണകാരങ്ങളായും മാറും. ഉദാഹരണം-കല്‍+കുറിതു=കര്‍കുറിതു; മുള്‍+കുറിതു=മുട്കുറിതു; കല്‍+ഞെരിന്തത്=കന്‍ഞെരിന്തത്; മുള്‍+ഞെരിന്തത്=മുണ്‍ഞെരിന്തത്. തകാരം പിമ്പു വന്നാല്‍ ‘ആയ്തം’ എന്ന എഴുത്തായി മാറും. കല്‍+തീതു=ക…റ്റീതു; മുള്‍+തീതു=മു….ട്ടീതു; തനിക്കുറലിനോടു കലരാത്ത ലകാരളകാരങ്ങളുടെ പിന്‍പില്‍ വരുന്ന തകാരനകാരങ്ങളുടെ സന്നികര്‍ഷത്തില്‍ ലകാരളകാരങ്ങള്‍ ലോപിക്കും. ഉദാഹരണം-തോന്റല്‍+തിയന്‍=തോന്റതിയന്‍; വേള്‍+തിയന്‍= വേടിയന്‍; വേള്‍+നല്ലന്‍=വേണല്ലന്‍; തോന്റല്‍+നന്മൈ=തോന്റനന്മൈ (നന്നൂല്‍-സൂ-227, 228, 229). ഇവിടെ തകാരം റകാരമായും ടകാരമായും നകാരം നകാരമായും മാറിക്കാണുന്നു. ഇങ്ങനെയുള്ള സന്ധികള്‍ സംസ്‌കൃതത്തിലില്ല. സംസ്‌കൃതത്തില്‍ തകാരത്തോടും നകാരത്തോടും ചകാരശകാരങ്ങള്‍ ചേരുമ്പോള്‍ ചകാരഞകാരങ്ങള്‍ ആദേശമായി വരും. തത്+ചരിത=തച്ചരിത; സം+ചരതി=സഞ്ചരതി; തത്+ചരതി=തച്ചരതി; തത്+ശാസ്ത്രം=തച്ഛാസ്ത്രം; സന്+ശംഭുഃ= സഞ്ശംഭുഃ ഇങ്ങനെ ഉദാഹരണം തകാര നകാരങ്ങളോടു ടകാരണകാരങ്ങള്‍ ചേരുമ്പോള്‍ ടകാരണകാരങ്ങള്‍ ആദേശമായി വരും. ഉദാഹരണം-തത്+ടീകതേ=തട്ടീകതേ; ഷട്+നാം=ഷണ്ണാം.

തമിഴില്‍ തകാരനകാരങ്ങളില്‍ അവസാനിക്കുന്ന വാക്കില്ല. ‘ന’ എന്നവസാനിക്കുന്ന തൊഴില്‍ നാമങ്ങളിരുന്നാലും അവ വ്യഞ്ജനപൂര്‍വ്വങ്ങളായ ഇതരവാക്കുകളോടു ചേരുമ്പോള്‍ ചാരിയകള്‍ വന്നുചേരുന്നു. ഉം പൊരുന് + കടിതു = പൊരുനുക്കടിതു; പൊരുന്+കടുമൈ=പൊരുനുക്കടുമൈ (നന്നൂല്‍ സൂ. 207, 208).

സംസ്‌കൃതത്തില്‍ വ്യഞ്ജനങ്ങള്‍ സ്വരങ്ങള്‍ക്ക് പിന്‍പ് ഇരിക്കുകയും എന്നാല്‍ ആ വ്യഞ്ജനങ്ങള്‍ക്ക് പരമായി സ്വരങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ദിത്വം വരികയുള്ളു. ഉദാഹരണം-രാമാ+ത്+ത്=രാമാത്ത്. ധാ+ത്+രംശഃ=ധാത്ത്രംശഃ.

തമിഴില്‍ അര്‍ദ്ധാക്ഷരങ്ങള്‍ക്ക് അഥവാ ചില്ലുകള്‍ക്ക് പിന്നീട് സ്വരമിരുന്നാല്‍ ദിത്വംവരും. ഉദാഹരണം-മണ്‍+അരിതു=മണ്ണരിതു; പൊന്‍+അരിതു=പൊന്നരിതു; കല്‍+അതു=കല്ലതു; മുള്‍+അതു= മുള്ളതു. നന്നൂല്‍ സൂ (205). സ്വരങ്ങള്‍ക്ക് മുമ്പ് ക ച ത പ ഇവ ഇരുന്നാല്‍ അവയും യകാരത്തിനുശേഷം വരുന്ന ഞ ന മ ങ്ങ ളും ഇരട്ടിക്കും. (നന്നൂ. 158, 167) ഉദാഹരണം-നമ്പി+കൊറ്റന്‍=നമ്പിക്കൊറ്റന്‍; താറാ+കടിതു=താറാക്കടിതു; ഒറൈ+കൈ=ഒറൈക്കൈ; ചാല+പകൈത്തത്=ചാലപ്പകൈത്തത്; മെല്ല+താഴ്ന്തത്=മെല്ലത്താഴ്ന്തത്; മെയ്+ഞാന്റത്=മെഞാന്റത്; മെയ്+നീണ്ടത്=മെയ്ന്നീണ്ടത്; മെയ്+മാണ്ടത്=മെയ്മ്മാണ്ടത്; ഐകാരത്തെക്കുറിച്ചും ഈ വിധി തന്നെ. ഉദാഹരണം-കൈ+മാണ്ടത്=കൈമ്മാണ്ടത് ഇത്യാദി ഉദാഹരണങ്ങള്‍. യകാരരകാരഴകാരങ്ങള്‍ക്കു പിമ്പ് വരുന്ന കചതപങ്ങള്‍ ഇരട്ടിച്ചും അല്ലാതെയും നില്‍ക്കും. ഉദാഹരണം-മെയ്+കീര്‍ത്തി=മെയ്ക്കീര്‍ത്തി; കാര്‍+പരുവം=കാര്‍പ്പരുവം; പുള്‍+പറവൈ=പുള്‍പ്പറവൈ; വെയ്+കടിതു=വെയ്കടിതു; വേര്‍+കടിതു=വേര്‍കടിതു; വീഴ്+കടിതു= വീഴ് കടിതു; (ന. സു. 224).

പേരച്ചങ്ങളിലും ‘ഇയ’ എന്ന പ്രത്യയത്തോടുകൂടിയ വിനയച്ചങ്ങളിലും ഷഷ്ഠീ വിഭക്തിയിലും പലവകമുറ്റിലും അ\ റിണൈപന്മയിലും വേറെ ചില വിശേഷവിധികളിലും ഈ ദിത്വം വരികയില്ല. ഉദാഹരണം-ഉണ്ണാനിന്റചാത്തന്‍ ഉണ്ണിയകൊണ്ടാല്‍; ചിവന്തപൂ; തനതുകൈ; (നന്നൂല്‍. സൂ. 167).

സംസ്‌കൃതത്തില്‍ ഈ സ്ഥാനങ്ങളില്‍ ദിത്വം വന്നുകാണുന്നില്ല. ചില ദിത്വങ്ങള്‍ കാണുന്നുവെങ്കില്‍ അവ രണ്ടു വ്യഞ്ജനങ്ങള്‍ കലരുന്നിടത്തുമാത്രമുള്ളതാകയാല്‍ ഉച്ചാരണത്തില്‍ പ്രയോജനപ്പെടുന്നില്ല.

രണ്ടു ഭാഷകളിലുമുള്ള എല്ലാ വിശേഷവിധികളേയും ഇവിടെ കാണിക്കാന്‍ തുടങ്ങിയാല്‍ വളരെ വിസ്താരമായിപ്പോകുമെന്ന് ചുരുക്കുന്നു. തമിഴിലില്ലാത്ത അക്ഷരങ്ങളെ സംബന്ധിച്ചുള്ള സന്ധിനിയമങ്ങളെ ഇവിടെ ഉദ്ധരിക്കുന്നതിനാവശ്യമില്ലെന്നുകണ്ട് അതിനൊരുങ്ങുന്നില്ല. ഈ ഭാഷകളുടെ സംബന്ധാഭാവം വിശദമാക്കുന്നതിന് മേല്‍കാണിച്ച അംശങ്ങള്‍ ധാരാളം മതിയാകും. അതുകൊണ്ടും ഈ പ്രക്രമത്തെ ഇനി അനുസരിക്കുന്നില്ല.

ഇതരഭാഷകളിലില്ലാത്ത സന്ധിവികാരങ്ങള്‍ സംസ്‌കൃതത്തിലും തമിഴിലും ശാസ്ത്രദൃഷ്ട്യാ കാണുന്നതുകൊണ്ട് അതുതന്നെ ഇവയുടെ അന്യാദൃശസംബന്ധത്തെ സൂചിപ്പിക്കുന്നുവെന്നു പറഞ്ഞാല്‍ സന്ധിയെന്നത് ജനങ്ങള്‍ ഒരു ഭാഷ സംസാരിച്ചു സംസാരിച്ചു കാലംകൊണ്ട് ദാര്‍ഢ്യം സിദ്ധിക്കുമ്പോള്‍ ഒരു വാക്കിനുശേഷം മറ്റൊരുവാക്ക് ഉച്ചരിക്കുന്നതിനാല്‍ ഉണ്ടാകുന്ന വേഗസൗകര്യങ്ങള്‍ നിമിത്തം സ്വാഭാവികമായി സംഭവിക്കാറുള്ള ഉച്ചാരണഭേദമാണെന്ന് കാണുന്ന സ്ഥിതിക്ക് വ്യാകരണം കൊണ്ട് നിയമനം ചെയ്തില്ലെങ്കിലും ഈ വികാരങ്ങള്‍ വരാവുന്നതാണ്. അതുകൊണ്ട് ഈ വാദം യുക്തിയുക്തമാകുന്നില്ല. തമിഴ് വ്യാകരണങ്ങളിലും ഇന്നത്തെപ്പോലെ ആദികാലത്ത് സന്ധിവികാരങ്ങള്‍ ഇല്ലാതിരുന്നിരിക്കണം. സംസ്‌കൃത ഭാഷാപരിഷ്‌കരണ കാലത്ത് പ്രബലമായി വ്യവസ്ഥാപിക്കപ്പെട്ട സന്ധിനിയമത്തെ അനുകരിച്ച് സംസ്‌കൃതപാണ്ഡിത്യം സിദ്ധിച്ചിട്ടുള്ള തമിഴ്‌വ്യാകരണകര്‍ത്താക്കള്‍-തൊല്‍കാപ്പിയര്‍ മുതലായ ആചാര്യന്മാര്‍-തമിഴിലും ഈ സമ്പ്രദായം കലര്‍ത്തിയതായിരിക്കണം. എന്നാല്‍ ഈ ശാസ്ത്രകാരന്മാര്‍ നിര്‍ബന്ധപൂര്‍വ്വം പ്രവര്‍ത്തിച്ച് ഏതാണ്ടു ചില വ്യവസ്ഥകള്‍ക്ക് ആനുരൂപ്യം സാധിച്ചുവെങ്കിലും അവരുടെ ഇച്ഛപോലെ പൂര്‍ണമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കഴിയുകയില്ലെന്നും അടിയില്‍ വിവരിക്കുന്ന ഭാഗം കൊണ്ട് വിശദമാകും.

‘കിളന്തവല്ല ചെയ്യുളുള്‍ തിരിനവും വഴങ്കിയല്‍ മരുങ്കില്‍ മരുവൊടു തിരിനവും വിളമ്പിയ ഇയര്‍ക്കൈയ്യിന്‍ വെറുപടത്തോന്റിന്‍ വഴങ്കിയല്‍ മരുങ്കിന്‍ ഉണര്‍ന്ത നര്‍ ഒഴുക്കല്‍ നന്മതിനാട്ടത്തു എന്മനാര്‍ പുലവര്‍’ (തൊ. എഴു. സൂ. 484) ഇവിടെ പറഞ്ഞിട്ടുള്ളതു കൂടാതെ പദ്യത്തില്‍ മാറി വരുന്നവയും പണ്ടേയുള്ള പ്രയോഗം മൂലം മാറി വരുന്നവയും ആയ സന്ധികള്‍ മേല്‍പറഞ്ഞ നിയമങ്ങളില്‍ നിന്നും വ്യത്യസ്തമായി കണ്ടാല്‍ ബുദ്ധികൊണ്ട് ആരാഞ്ഞു പ്രയോഗത്തിനൊത്തവണ്ണം നിയമം ഉണ്ടാക്കിക്കൊള്ളണമെന്ന് പണ്ഡിതന്മാര്‍ പറയുന്നു. (തൊല്‍. ഏഴു. 484).

‘ഇടൈഉരിവട ചൊലില്‍ ഇയമ്പിയ കൊളാതവും
പൊലിയും മരുഉവും പൊരുന്തിയ ആറ്റിര്‍ക്കു
ഇയൈയപ്പുണര്‍ത്തല്‍യാവര്‍ക്കും നെറിയേ’ (നന്നൂല്‍, സൂത്രം 239)

ഇവിടെ പറഞ്ഞ നിയമങ്ങള്‍ക്കു യോജിക്കാത്ത ദ്യോതകം, ഭേദകം, സംസ്‌കൃതപദം എന്നിവയേയും അക്ഷരവ്യത്യാസമുണ്ടെങ്കിലും അര്‍ത്ഥവ്യത്യാസമില്ലാത്ത പദങ്ങളെയും പ്രയോഗത്തില്‍ രൂപം മാറി വരുന്നവയെയും യോജിക്കുന്നവണ്ണം ചേര്‍ക്കുന്നതു പണ്ഡിതന്മാരുടെ പ്രയോഗരീതിയനുസരിച്ചാണ്.

‘ഇതര്‍ക്ക് ഇതു മുടിപു എന്റു എഞ്ചാതുയാവും
വീതിപ്പുഅളവു ഇന്‍മൈയിന്‍ വിതിത്ത വറ്റു
ഇയലാന്‍വകുത്തു ഉരൈയാതവും വകുത്തനര്‍ കൊളലേ’ (ടി-257)

ഇന്ന പദം ഇന്ന പദത്തോടു ഇന്നവണ്ണം സന്ധിചേരും എന്നു ഒന്നും വിടാതെ പറയാന്‍ തുനിഞ്ഞാല്‍ അന്തമില്ലാത്തതുകൊണ്ട് മേല്‍പറഞ്ഞ രീതിയില്‍ പറയാത്തവയ്ക്കും നിയമം കല്പിച്ചുകൊള്ളണം.

അടിക്കുറിപ്പുകള്‍

1. പാണിനീയസൂത്രം 6-1-101 അ, ഇ, ഉ, ഋ, നു എന്നീ സ്വരങ്ങള്‍ക്കു സമാനസ്വരം പരമായിരിക്കുമ്പോള്‍ രണ്ടിനും കൂടി ദീര്‍ഘം വരും.

2. ഇകോയണചി-പാണിനീയസൂത്രം, 6, 177 ഇ, ഉ, ഋ, നു എന്നിവയ്ക്ക് ഇതര സ്വരം പരമായിരിക്കുമ്പോള്‍ യഥാക്രമം യ, വ, ര, ല എന്നിവ ആദേശം വരും.

3. പ്രമാണം പാണിനീയസൂത്രം-ഏചോയവായാവഃ-61, 78 ഏ, ഓ, ഐ, ഔ എന്നിവയ്ക്ക് സ്വരം പരമായിരിക്കുമ്പോള്‍ യഥാക്രമം അയ്, അവ്, ആയ്, ആവ് എന്നിവ ആദേശം വരും.

4. പ്രമാണം പാണിനീയസൂത്രം-ഏങഃ പദാന്താദതി-61, 109 പദാന്തത്തിലെ ഏ, ഓ എന്നിവയില്‍ നിന്നു അകാരം പരമായിവരുമ്പോള്‍ പൂര്‍വരൂപം ഏകാദേശം വരും.

5. ഗുണം = അ, ഏ, ഓ

6. വൃദ്ധി = ആ, ഐ, ഔ