പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമി തിരുവടികളും ശിഷ്യനായ നീലകണ്ഠ തീര്‍ത്ഥപാദരും മൂവാറ്റുപുഴയില്‍ താമസിക്കുന്ന കാലം. ഒരു സായംസന്ധ്യ. സന്ധ്യോപാസനയ്ക്കുള്ള പ്രാരംഭചടങ്ങുകള്‍ക്കായി സ്വാമികള്‍ വെളിയില്‍പോയി. ജനങ്ങള്‍ക്ക് കുളിക്കുവാന്‍വേണ്ടി ഇറക്കികെട്ടിയിട്ടുള്ള കടവിലേക്ക് ഇറങ്ങി. സ്വാമികളുടെ ശിഷ്യന്മാരും ഉണ്ടായിരുന്നു.
ഒന്നു രണ്ടുപടി ഇറങ്ങി. തത്സമയം കടവില്‍ കിടന്നിരുന്ന ഒരു ഭയങ്കര സര്‍പ്പം സ്വാമികളുടെ കാലില്‍ കടിച്ചു. ഉടന്‍ തന്നെ അദ്ദേഹം കാല്‍വലിച്ചുകുടഞ്ഞു. സര്‍പ്പം അകലെ പുഴവെള്ളത്തില്‍ ചെന്നുവീണു..
ശിഷ്യന്മാര്‍ പരിഭ്രമിച്ചുപോയി. കാളസര്‍പ്പമല്ലേ കടിച്ചിരിക്കുന്നത്!
ശിഷ്യന്മാരുടെ മ്ലാനമുഖഭാവം കണ്ട് മന്ദസ്മിതം തൂകിക്കൊണ്ട് സ്വാമിതിരുവടികള്‍ പറഞ്ഞു.
“എനിക്കു വിഷം ഏല്ക്കുകയില്ല. അമരികല്പം സേവിച്ചു സിദ്ധിവന്നാല്‍ സര്‍പ്പഭയമുണ്ടാവില്ല. മാത്രമല്ല കടിച്ച സര്‍പ്പത്തിന്‍റെ ജീവിതം ഉടന്‍ ഒടുങ്ങുകയും ചെയ്യും ഇതാ ഇപ്പോള്‍ ഈ സര്‍പ്പം മൃതിപ്പെട്ടിരിക്കുന്നു. നോക്കുവിന്‍”
ശിഷ്യന്മാര്‍ വെള്ളത്തിലിറങ്ങി നോക്കി. സര്‍പ്പം ചത്തുമലര്‍ന്നിരിക്കുന്നു.
ഈ സംഭവം കേള്‍ക്കുമ്പോള്‍ ചിലര്‍ക്കു അദ്ഭുതം തോന്നിയേക്കാം. മറ്റുചിലര്‍ കെട്ടുകഥയാണെന്നു കരുതാം. എന്നാല്‍ യോഗികളുടെ സിദ്ധിയെക്കുറിച്ച് കണ്ടോ കേട്ടോ വായിച്ചോ അറിയുന്നവര്‍ ഇതൊരു വസ്തുതയായിട്ടേ കരുതുകയുള്ളൂ.
തപശ്ചര്യയും പ്രാണായാമവും ഖേചരി മുതലായ മുദ്രകളും യോഗാഭ്യാസിയെ സിദ്ധനാക്കുന്നു. ദീര്‍ഘായുസ്സ് പൂര്‍ണ്ണാരോഗ്യം എന്നിവ ലക്ഷ്യമാക്കി നിര്‍മ്മിച്ചുസേവിക്കുന്ന ഔഷധമാണ് കല്പം. വളരെ നിഷ്കര്‍ഷയോടുകൂടി വേണം അതുപയോഗിക്കുവാന്‍. ഇല്ലെങ്കില്‍ ആപത്താണ്. ഒരിക്കല്‍ സ്വാമി തിരുവടികളുടെ ശിഷ്യനായ തീര്‍ത്ഥപാദ പരമഹംസസ്വാമികള്‍ക്ക് ഈ കായകല്പസേവയില്‍ സംഭവിച്ച അശ്രദ്ധമൂലം ആകസ്മികമായി ബോധക്കേടു വന്നതായും വീഴ്ച പറ്റിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.
ചട്ടമ്പിസ്വാമി തിരുവടികള്‍ യോഗനിഷ്ഠകൊണ്ടും കല്പസേവകൊണ്ടും പല അദ്ഭുതസിദ്ധികളും കാണിച്ചിട്ടുണ്ടെങ്കിലും അവയില്‍ അഭിമാനിച്ചിരുന്നില്ല. തനിക്ക് അതൊരു യോഗ്യതയാണെന്ന് ഒരിക്കലും ഭാവിച്ചിരുന്നില്ല.
ചില നേരമ്പോക്കുകള്‍ മാത്രമായിരുന്നു സ്വാമികളുടെ സിദ്ധിപ്രയോഗങ്ങള്‍, ചിലപ്പോള്‍ ആത്മരക്ഷോപായവും.