ഷഷ്ട്യബ്ദപൂര്‍ത്തിക്കുശേഷം സ്വാമികള് സഞ്ചാരം ഒട്ടും കുറച്ചില്ല. വേദാന്തതത്വങ്ങളെ സാമാന്യജനങ്ങള്‍ക്ക് മനസ്സിലാകത്തക്കവിധം ലളിതവും, ഹൃദ്യവുമായി പ്രതിപാദിക്കുകയായിരുന്നു അദ്ദേഹം അക്കാലത്ത്ചെയ്ത പ്രധാന കൃത്യം. പക്ഷെ അതെല്ലാം ഗൃഹസദസ്സുകളിലല്ലാതെ പൊതുജനമധ്യത്തിലായിരുന്നില്ല. അതുപോലെ വളരെയൊക്കെ അദ്ദേഹം ആയിടയ്ക്ക് എഴുതി. പക്ഷെ അവയില്‍ വളരെക്കുറച്ച് ഭാഗങ്ങള്‍മാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ. മിക്കതും പലയിടത്തും പെട്ട് നഷ്ടപ്പെട്ടുപോയി. എന്നാല്‍ മറ്റുചില അംശങ്ങള്‍ നിലനിന്നു.- അവിടത്തോടു സമ്പര്‍ക്കം പുലര്‍ത്തിയ യ ശിഷ്യപരമ്പരയില്‍ അവശേഷിപ്പിച്ച ഭക്ത്യാദരങ്ങള്‍, ആദര്‍ശദീക്ഷ എന്നിവ. അവയുടെ ഫലമായിട്ടാണ് മറഞ്ഞും മങ്ങിയും കിടന്നിരുന്ന സ്വാമികളുടെ മഹത്വം സാഹചര്യങ്ങളുടെ പ്രാതികൂല്യങ്ങളെയെല്ലാം ഭേദിച്ച് ഇന്ന് പുതുമയും പ്രകാശവും കൈക്കൊണ്ട് വരുന്നത്.
സ്വാമികളുടെ ജീവിതത്തിന്റെ അവസാന ഘട്ടം ഏറ്റവും ഭാസുരമായിരുന്നു. രാജ്യത്തിന്റെ നാനാഭാഗങ്ങളിലുമായി നാള്‍ക്കുനാള്‍ സംഖ്യയില്‍ വര്‍ദ്ധിച്ചുവന്ന ശിഷ്യപ്രവിശ്യരുടെ ഭക്തിയും, ആത്മാര്‍ത്ഥസ്നേഹവും അദ്ദേഹത്തിന് വേണ്ടുവോളം അനുഭവിക്കാന്‍ ഇടയായി. അവരോടങ്ങോട്ടുള്ള പെരുമാറ്റമാണെങ്കില്‍ കേവലം പ്രേമമയമായിരുന്നു. അപ്പോള്‍ ഓരോരുത്തരെ കുറിച്ചയച്ചകത്തുകളിലെല്ലാം വാത്സല്യത്തിന്റെ തൂമധു വഴിയുന്നതായിക്കാണാം. ചില കത്തുകളില്‍ “എന്റെ പൊന്നോമന തങ്കക്കുടമേ എന്നും മറ്റുമുള്ള സംബോധനകളില്‍ ചിലപ്പോള്‍ കൃത്രിമതയുടെ സ്വരം കലര്‍ന്നിട്ടുള്ളതായി തോന്നിയേക്കാമെങ്കിലും അതൊക്കെ ഹൃദയത്തില്‍ നിന്ന് കവിഞ്ഞൊഴുകിയ പരിശുദ്ധ പ്രേമത്തിന്റെ അകൈതവമായ പ്രകാശനം മാത്രമേ ആയിരുന്നുള്ളൂ. വിശേഷിച്ച് കുഞ്ഞുങ്ങള്‍ക്കുള്ള കത്തുകളില്‍ സ്നേഹവാത്സല്യങ്ങളുടെ തനി രൂപം തന്നെയാണ് സ്ഫുരിച്ചത്. അദ്ദേഹത്തിന് കത്തയച്ച ഒരു കൊച്ചനന്തരവള്‍ക്കെഴുതിയ മറുപടിയുടെ പോക്ക് ഇപ്രകാരമാണ്.
എന്‍റെ തങ്കയോമനപ്പരിമള സന്താന പൂന്തേന്‍കുഴമ്പേ, പരിപൂര്‍ണ്ണമായി ഉദിച്ചുചൊരിയ പുത്തന്‍പൂ വെണ്ണിലാവേ, നാദാനന്ദത്തില്‍ ശ്രേത്രഹൃദയങ്ങളെ തന്‍മയമായി ലയിപ്പിക്കുന്ന സംഗീത നിധിയായ കൊച്ചു പൊന്നുകോമള മരുമകളേ, നിന്‍റെ ചെറിയ പരിമള പൂങ്കൈകൊണ്ടെഴുതിയ ആനന്ദലേഖനം കണ്ട് നിന്നെ നേരിട്ടുകണ്ടതില്‍ പതിന്‍മടങ്ങു സന്തോഷം എനിക്ക് സിദ്ധിച്ചു.
1989- ല്‍ എഴുമറ്റൂരെ താമസത്തിനിടയ്ക്ക് പരമഹംസസ്വാമികള്‍ക്കയച്ച കത്തുകള്‍ വായിച്ചാല്‍ തന്‍റെ ചുറ്റും കൂടിയിരുന്ന ആശ്രിതന്‍മാരോടും ശിഷ്യന്‍മാരോടും സ്വാമികള്‍ എത്ര സ്നേഹത്തിലും സമഭാവനയിലുമാണ് പെരുമാറിയിരുന്നതെന്ന് മാത്രമല്ല ആ സ്നേഹപ്രപഞ്ചം എത്ര ആനന്ദമായിരുന്നെന്നും കാണാന്‍ പ്രയാസമില്ല.
എഴുമറ്റൂരില്‍ നിന്നും പോന്ന ശേഷം ആറ്റിങ്ങല്‍ നിന്നുള്ള കത്തില്‍ തീര്‍ത്ഥപാദരോട് ആശ്രമത്തിലെ ഉറുമ്പുകളെപ്പറ്റി “നമ്മുടെ ഉറുമ്പു സന്താനങ്ങള്‍ക്കു ആഹാരം കൊടുക്കാറുണ്ടോ?”എന്നു ചോദിച്ചിരിക്കുന്നു. സ്വാമികള്‍ ഭക്ഷിക്കാനിരിക്കുമ്പോള്‍ കണിശത്തിന് അവിടെയെത്തി ആഹാരത്തിന്‍റെ പങ്കുപറ്റിക്കൊണ്ടിരുന്ന ഒരു പറ്റം ഉറുമ്പിനെ പറ്റിയാണ് ഈ കുശലാന്വേഷണം!
ഷഷ്ട്യബ്ദപൂര്‍ത്തിക്കുശേഷം കുറേക്കാലം സ്വാമികള്‍, അവിടുത്തെപ്പേരില്‍ ഭക്തന്‍മാരായ ഒന്നുരണ്ടുപേഷ്കാരന്മാര്‍ കോടനാട്ടു പ്രദേശത്തുപതിച്ചുകൊടുത്ത വിസ്തീര്‍ണ്ണമേറിയ പുതുവല്‍ പ്രദേശത്ത് ഒരു കുടില്‍വച്ചു താമസിച്ചു. വനപ്രദേശത്തുള്ള ഏകാന്തമായ ഒരു ജീവിതമായിരുന്നു അത്. എങ്കിലും അന്വേഷിച്ച് അവിടെയും എത്തിയ വത്സലശിഷ്യന്മാരുടെ എണ്ണം ഒട്ടും കുറവായിരുന്നില്ല. അവിടം സന്ദര്‍ശിച്ച ഒരു ശിഷ്യന്‍ (കെ.നാണുപിള്ള) ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
ഇതിനിടയില്‍ ചില വലുപ്പത്തിലും വര്‍ണ്ണത്തിലും അനവധി തവളകള്‍ മുറിയില്‍ അവിടവിയെ ചാടി നടക്കുന്നതും, ചിലവ സ്വാമിയുടെ പായയിലും പുതിയ ഈസിചെയര്‍ ഉണ്ടായിരുന്നതിനടിയിലും കൂടിച്ചേര്‍ന്നിരിക്കുനനതുകണ്ടു. ഈ ജന്തുക്കള്‍ സ്വാമികളെ സാമാന്യം ശല്യപ്പെടുത്തുന്നുണ്ടാവുമെന്ന് ശങ്കിച്ച് ഞാനവയെ ചൂണ്ടിക്കാണിച്ചുകൊണ്ട് “ഇവയെ ഇവിടെ അധികം കാണുന്നുവല്ലോ” എന്നു തന്നത്താന്‍ പറഞ്ഞു. അതുകേട്ട് സ്വാമികള്‍ ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു- “ഇവരൊക്കെ എന്‍റെകൂട്ടുകാരാണ്. ഇഷ്ടംപോലെ ഇവര്‍ക്ക് പുറത്തുസഞ്ചരിക്കാന്‍ നിവൃത്തിയില്ല. ഇവയെ കണ്ടാല്‍ പിടിച്ചുവിഴുങ്ങുന്ന അനവധി നിര്‍ദ്ദയന്‍മാര്‍ പുറത്തു വരാന്തയില്‍കാണുന്ന ചെറിയമാളങ്ങളിലും ചുറ്റുമുള്ള കുറ്റിക്കാടുകളിലും ഉള്ളതിനാല്‍ എന്‍റെ അടുക്കല്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.”
ഇങ്ങനെ ശിഷ്യന്മാരും, തിര്യക്കുകളും, സാധാരണക്കാരും, ഉന്നതവ്യക്തികളും, സാമൂഹ്യകാര്യങ്ങളും, വ്യക്തികാര്യങ്ങളും, ഗ്രാമവാസവും, സഞ്ചാരവും, സംഗീതവും, വിശ്രമവും എന്നിങ്ങനെ പലതും ഇടകലര്‍ന്നുള്ള ഏതാനും സംവത്സരങ്ങള്‍കൂടി സ്വാമികള്‍ ആനന്ദമയമായി കഴിച്ചുകൂട്ടി. അതിനിടയ്ക്കുചെല്ലുന്ന സ്ഥലങ്ങളിലെല്ലാം ശിഷ്യന്മാര്‍ക്ക് ജ്ഞാനോപദേശങ്ങളും, അഗതികള്‍, രോഗികള്‍, പ്രാരാബ്ധക്കാര്‍, അപകടത്തില്‍ ചാടിയവര്‍, എന്നിങ്ങനെ പലമാതിരി അളുകള്‍ക്ക് ഓരോരക്ഷാമാര്‍ഗ്ഗങ്ങളും ഉപദേശിച്ച് സ്വാമികള്‍ ജീവിച്ചു. പല അത്ഭുതകഥകളും ഈ കാലത്തിനിടയ്ക്ക് അദ്ദേഹത്തെപ്പറ്റി പ്രചരിച്ചിട്ടുണ്ട്. പറഞ്ഞുപറഞ്ഞ് അതിശയോക്തി അതിലൊക്കെ കലര്‍ന്നുപോയിട്ടുണ്ടെങ്കിലും അടിസ്ഥാനസംഭവങ്ങള്‍ക്ക് ദൃസാക്ഷികള്‍ ധാരാളമുണ്ട്.