ശിഷ്യന്‍മാര്‍

ശ്രീ പി.കെ.പരമേശ്വരന്‍നായരുടെ ‘പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികള്‍ ‘ എന്ന ജീവചരിത്ര സംഗ്രഹത്തില്‍ നിന്ന്

ജ്ഞാനേന്വേഷികളും ആധ്യാത്മികചിന്തകരുമായ പലരും ക്രമേണ സ്വാമികളുടെ ഉപദേശം ആരാഞ്ഞുതുടങ്ങി. പല ഗൃഹസ്ഥന്മാരും  അദ്ദേഹത്തിന്‍റെ ശിഷ്യന്മാരായി. വ്യക്തിപരവും ഗാര്‍ഹികവുമായ കാര്യങ്ങളിലും പൊതുക്കാര്യങ്ങളിലും മനസ്സുക്ലേശിച്ച പലരും സ്വാമിയടെ അടുക്കല്‍ ശാന്തിമാര്‍ഗ്ഗം ആരാഞ്ഞു. അദ്ദേഹത്തിന്‍റെ ഉപദേശങ്ങള്‍ പലരേയും ദുര്‍ഘടത്തില്‍നിന്നും രക്ഷിച്ചു. മിക്കവാറും ഒരു സിദ്ധനായിരുന്നെങ്കിലും സ്വശിഷ്യന്മാരെല്ലാം സംന്യാസിമാരായേ കഴിയൂവെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചില്ല. സ്വാമികള്‍തന്നെ ഒരു സന്യാസിയാണെന്ന് ഭാവിക്കുകയോ അഭിമാനിക്കുകയോ ചെയ്തില്ല. അദ്ദേഹത്തിന്‍റെ വേഷവിധാനത്തെപ്പറ്റിപറഞ്ഞുകഴിഞ്ഞല്ലോ. ഗൃഹസ്ഥാശ്രമ ധര്‍മ്മികളെ ആ മാര്‍ഗ്ഗത്തില്‍ക്കൂടെ തന്നെ സദാചാരതത്പരരും മുമുഷുക്കളുമാക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. യോഗാചാര്യകളെക്കാള്‍ ജീവിതശുദ്ധിയെണ് അദ്ദേഹം ശിഷ്യന്മാര്‍ക്ക് ഉപദേശിച്ചത്. സംന്യാസത്തിനര്‍ഹതയുള്ളവരെ ഒരു നോട്ടത്തില്‍ അദ്ദേഹത്തിനു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. അങ്ങിനെയുള്ളവര്‍ക്കുമാത്രമേ അദ്ദേഹം സംന്യാസജീവിതത്തിനുള്ള മാര്‍ഗ്ഗം തെളിച്ചുകൊടുത്തുള്ളൂ.

1058-ാം മാണ്ടോടുകൂടി അപ്രകാരമുള്ളൊരു ശിഷ്യനുമായി അദ്ദേഹത്തിന്‍റെ സമ്പര്‍ക്കം ആരംഭിച്ചു. വാമനപുരത്തു സഞ്ചരിക്കുന്ന കാലത്ത് അടുത്തുള്ള അണിയൂര്‍ ക്ഷേത്രത്തില്‍വച്ച് ഒരു ശിഷ്യന്‍ ഒരു പുതിയ സത്യാന്വേഷകനെക്കൂടി കൊണ്ടുചെന്നു. അത് നാണുവാശാന്‍ എന്നറിയപ്പെട്ടിരുന്ന ശ്രീ നാരായണഗുരുസ്വാമിയല്ലാതെ മറ്റാരുമായിരുന്നില്ല.

അദ്ദേഹം അന്നേക്ക് സംന്യാസവൃത്തി സ്വീകരിച്ചുകഴിഞ്ഞിരുന്നുവെങ്കിലും പൂര്‍ണ്ണമായ മനഃസ്വാസ്ഥ്യത്തിന് ആധാരമായ ആത്മബോധം പ്രാപിച്ചുകഴിഞ്ഞിരുന്നില്ല. ചട്ടമ്പിസ്വാമികളുമായുള്ള പ്രഥമദര്‍ശനം തന്നെ അദ്ദേഹത്തിന് ആശാവഹമായിതോന്നി. ക്രമേണ അവരുടെ പരസ്പരപരിചയം ഗുരുശിഷ്യബന്ധത്തില്‍ കലാശിച്ചു. ബാലസുബ്രമഹ്ണ്യം എന്നറിയപ്പെടുന്ന ചതുര്‍ദശാഷരി മന്ത്രം ചട്ടമ്പിസ്വാമികളില്‍നിന്നുലഭിച്ചതിനുശേഷമാണ് നാരായണഗുരുസ്വാമികളുടെ യഥാര്‍ത്ഥയോഗസിദ്ധി ഉപലബ്ദമായതെന്നത്രേ സൂഷ്മജന്മാര്‍ പറയുന്നത്. ക്രമേണ ഖേചരി മുതലായ യോഗമുദ്രകളും യോഗാഭ്യാസവും  നാണുഗുരുസ്വാമികള്‍ ചട്ടമ്പിസ്വാമികളില്‍നിന്ന് ഗ്രഹിച്ചു. പിന്നീടുള്ള ഇവരുടെ ജീവിതം കുറേക്കാലത്തേയ്ക്ക് മിക്കവാറും ഒന്നിച്ചുതന്നെ ആയിരുന്നു. ഏതാനും മാസക്കാലം അരുവിപ്പുറം എന്നസ്ഥലത്ത്  അവര്‍ ഒരുമിച്ചുസഞ്ചരിക്കുകയും  ഏകാന്തധ്യാനത്തിന് അവിടെ ഒരു സ്ഥാനം കണ്ടെത്തുകയും ചെയ്തു. ആ സ്ഥാനത്താണത്രേ പില്‍ക്കാലത്ത് നാരായണഗുരുസ്വാമികള്‍ ശിവപ്രതിഷ്ഠ നടത്തിയത്.

ക്രമേണ സ്വാമികളുടെ സഞ്ചരണം വടക്കന്‍ പ്രദേശങ്ങളിലായി. മൂവാറ്റുപുഴ ഏറ്റുമാനൂര്‍ മുതലായസ്ഥലങ്ങളില്‍ അദ്ദേഹത്തിനു പല പരിചിതന്മാരും ശിഷ്യന്മാരുമുണ്ടായി. ഏറ്റുമാനൂര്‍ ഉത്സവകാലത്ത്  ക്ഷേത്രപരിസരങ്ങളില്‍ വന്നു മതപ്രചരണം നടത്തിവന്നിരുന്ന പാതിരിമാരുടെ പ്രസംഗങ്ങളിലേക്കു അദ്ദേഹത്തിന്‍റെ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടു. ഹിന്ദുമതത്തെ അസാമാന്യമായി ദുഷിച്ചും ക്രിസ്തുമതമല്ലാതെ മനുഷ്യര്‍ക്കു മറ്റു രക്ഷാമാര്‍ഗ്ഗമില്ലെന്നു ശഠിച്ചും ഉള്ള  അവരുടെ പ്രസംഗം സര്‍വ്വമതങ്ങളിലും ഒന്നുപോലെ മോക്ഷമാര്‍ഗ്ഗം ദര്‍ശിച്ച സ്വാമികള്‍ക്ക് ഏതാണ്ട് അസഹ്യമായിട്ടാണു തോന്നിയത്. ഈ ദുര്‍നയത്തെ ചെറുക്കണമെന്ന് അദ്ദേഹം ഉറച്ചു. അതിന്‍റെ ഫലമായി ക്രിസ്തുമതഛേദനം എന്ന ഒരു നിശ്ചിതഗ്രന്ഥം അദ്ദേഹം എഴുതി. പ്രഭാഷണചാതുര്യമുള്ള കാളിയാങ്കന്‍ എന്നൊരാളിനെകൊണ്ട്  പാതിരാമാര്‍ക്കെതിരായി പ്രസംഗിപ്പിച്ചു. ഏറത്തു കൃഷ്ണനാശാന്‍ ആയിരുന്നു സ്വാമികളുടെ മറ്റൊരനുയായി. യുക്തിവാദപടുവും താര്‍ക്കീകനുമായ  സ്വാമികളുടെ ആശയങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടുള്ള ആ പ്രഭാഷണങ്ങള്‍ക്കു മുന്നില്‍ പാതിരിമാര്‍ക്കു പാലായനം ചെയ്യാതെ ഗത്യന്തരമില്ലെന്നുവന്നു. ഇതുകൊണ്ട് സ്വാമികള്‍ ഒരു ക്രിസ്തുമതവിരോധിയാണെന്ന് ആരും ധരിക്കേണ്ടതില്ല. ക്രിസ്തുമതഛേദനത്തോടൊന്നിച്ചുതന്നെ ക്രിസ്തുമതസാരം എന്നൊരു വിശിഷ്ഠപ്രബന്ധം കൂടി അദ്ധേഹം എഴുതി. ആദ്യത്തേതു പാതിരിമാര്‍ പരത്തിയ ക്രിസ്തുമതത്തിലെ ദുര്‍നടപടികളുടെ ഒരുയഥാര്‍ത്ഥചിത്രമാണെങ്കില്‍  രണ്ടാമത്തേത് യേശുക്രിസ്തുസ്ഥാപിച്ച യഥാര്‍ത്ഥ ക്രിസ്തുമതത്തിന്‍റെ  മനോഹരമായ ഒരു വിശദീകരണവും പഠനവും ആയിരുന്നു. മതങ്ങെളെല്ലാം മനുഷ്യന്‍റെ പരിപൂര്‍ണ്ണതയ്ക്കുള്ള മാര്‍ഗ്ഗങ്ങളാണെന്ന തത്വത്തിന്‍റെ നിദര്‍ശനമായിരുന്നു രണ്ടാമത്തെ പ്രബന്ധം.

മൂവാറ്റുപുഴയില്‍ താമസിക്കുന്ന കാലത്താണ് സ്വാമികളുടെ മറ്റൊരു ഭാവിശിഷ്യന്‍റെ പ്രഥമസമാഗമം ഉണ്ടായത്-ശ്രീ നീലകണ്ഠതീര്‍ത്ഥരുടെ. അഗാധപണ്ഡിതനും  യോഗശാസ്ത്രപടുവുമായിരുന്ന അദ്ദേഹവും ചട്ടമ്പിസ്വാമികളുടെ ഉപദേശലബ്ധിക്ക്  ശേഷമത്രേ സംന്യാസത്തിന്‍റെ പരമകോടിയിലെത്തിയത്.

സ്വാമികള്‍ ഉത്തരതിരുവിതാംകൂറില്‍  മിക്ക പ്രധാന സ്ഥലങ്ങളിലും സഞ്ചരിച്ച് അനവധി ഗൃഹസ്ഥശിഷ്യന്മാരെ സമ്പാദിച്ചു. അദ്ദേഹത്തോടു സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിച്ചവരെല്ലാം ആത്മാര്‍ത്ഥതയുള്ള ആരാധകന്മാരായിട്ടാണ് പരിണമിച്ചത്. വേദാന്തതത്വങ്ങളേയും ജീവിതധര്‍മ്മങ്ങളേയും കൂട്ടിയിണക്കി, ഏതൊരു ലൗകികനും നിഷ്‍പ്രയാസം ആചരിക്കത്തക്ക വിധത്തിലുള്ള ഉപദേശങ്ങളാണ് സ്വാമികള്‍ നല്കിവന്നത്. ജീവകാരുണ്യം, മല്‍സ്യമാംസവിവര്‍ജ്ജനം, ഈശ്വരഭക്തി, സദാചാരം, ജീവിതശുദ്ധി എന്നിവയെപ്പറ്റി സ്വാമികള്‍ ഗൃഹസദസ്സുകളില്‍ സരസമായരീതിയില്‍ നടത്തിയിട്ടുള്ള സംഭാഷണങ്ങള്‍ പലകുടുംബങ്ങള്‍ക്കും മാര്‍ഗ്ഗദര്‍ശ്ശികമായികൊണ്ടിരുന്നു.

സ്നേഹവും ജീവകാരുണ്യവും ആയിരുന്നു സ്വാമികളുടെ ജീവിതസന്ദേശം. തന്‍റെ പര്യടനങ്ങള്‍ക്കിടയില്‍ ആ വിശിഷ്ടഗുണങ്ങളുടെ പ്രായോഗികതയെ സ്വാമികള്‍ സ്വന്തം പ്രവൃത്തികള്‍കൊണ്ടുതന്നെ വിശദീകരിച്ചുകാണിച്ചുകൊടുത്തു. ഏതൊരു ക്രൂരജന്തുവിനേയും ശിഷ്യനെപ്പോലെ ഒതുക്കത്തില്‍നിര്‍ത്താന്‍‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. കോടനാട്ടുവനാന്തരങ്ങളില്‍വച്ച് പശുവിനെ പിടിക്കാന്‍ ചാടിവീണ വ്യാഘ്രത്തെ പിന്‍തിരിപ്പിച്ചതും, ആലുവാ ആറ്റുതീരത്തുവച്ച് മാക്രിയെ പിടിക്കാന്‍ ചീറ്റിക്കൊണ്ടടുത്ത പാമ്പിനെ പത്തിതാഴ്ത്തിച്ചു മടക്കി അയച്ചതും മറ്റൂം രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങളാണ്. ചേര, അണ്ണാന്‍ എലി, ഉറുമ്പ്, മാക്രി മുതലായ ക്ഷുദ്രജന്തുക്കളെ അദ്ദേഹം കൂട്ടുകാരെപ്പോലെ താലോലിച്ചുവന്നതായി ദൃക്സാക്ഷികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം മാന്ത്രികവിദ്യകൊണ്ടാണെന്ന് ചിലര്‍ സംശയിച്ചിരുന്നുവെങ്കിലും കേവലം സ്നേഹത്തിന്‍റേയും ജീവകാരുണ്യത്തിന്‍റേയും ഫലമായിട്ടുമാത്രം തനിക്കുസാധിച്ച കാര്യങ്ങളായിട്ടേ സ്വാമികള്‍ അഭിമാനിച്ചിരുന്നുള്ളൂ.