
അഹിംസാതത്വത്തിന്‍റെ മഹത്വം സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് ബോദ്യപ്പെടുത്തിക്കൊടുത്തിട്ടുള്ള മഹാനായിരുന്നു പരമഭട്ടാരക ശ്രീചട്ടമ്പിസ്വാമിതിരുവടികള്‍ യാതൊന്നിനേയും ഉപദ്രവിക്കാതെ സ്നേഹംകൊണ്ട് സര്‍വ്വ ജീവജാലങ്ങളേയും കീഴടക്കാന്‍ കഴിയുമെന്ന് അദ്ദേഹം അനേകം സംഭവങ്ങള്‍കൊണ്ട് തെളിയിച്ചിട്ടുണ്ട്. കടുവാ, പാമ്പ് മുതലായ ക്രൂരജന്തുക്കള്‍പോലും സ്വാമിതിരുവടികളുടെ മുമ്പില്‍ അനുസരണയോടെ വര്‍ത്തിക്കുക സാധാരണമായിരുന്നു.
ഒരവസരത്തില്‍ സ്വാമിതിരുവടികള്‍ മാവേലിക്കരയിലെ കണ്ടിയൂര്‍ ക്ഷേത്രത്തിന്‍റെ കിഴക്കുവശത്തുകൂടി പോവുകയായിരുന്നു. അല്പം അകലെയായി റോഡരുകില്‍ ഒരു മൂര്‍ഖന്‍പാമ്പ് പത്തിയുയര്‍ത്തി ചീറ്റികൊണ്ട് നില്‍ക്കുന്നതും ഏതാനുംപേര്‍ വടികളുമേന്തി അതിനെ തല്ലിക്കൊല്ലാന്‍ തയ്യാറെടുത്തുനില്‍ക്കുന്നതും കാണാനിടയായി. അദ്ദേഹം അവിടെയെത്തി അവരോട് മാറിനില്‍ക്കാന്‍ പറഞ്ഞു. അവര്‍ അനുസരിച്ചു. ആ കാരുണ്യമൂര്‍ത്തി സാവധാനം പാമ്പിന്‍റെ അടുത്ത് ചെന്നു. അല്പം കുനിഞ്ഞുനിന്നുകൊണ്ട് തന്‍റെ വലതുകൈ നീട്ടിക്കൊടുത്തു. ഉടനെ അത് പത്തിതാഴ്ത്തി ആ കൈയ്യില്‍ കയറി ചുറ്റി ഇരിപ്പായി. അതിനേയുംകൊണ്ട് അദ്ദേഹം മുന്നോട്ട് നടന്നു. അല്പദൂരം പോയപ്പോള്‍ കാണാന്‍ കഴിഞ്ഞ ഒരു കുറ്റിക്കാട്ടിലേയ്ക്ക് അദ്ദേഹം കൈ നീട്ടിക്കൊടുത്തു. പാമ്പ് കൈല്‍നിന്നും ഇറങ്ങി സാവധാനം കാട്ടിലേക്ക് ഇഴഞ്ഞുകയറി.
ആ ക്രൂരജീവിക്കുപോലും അദ്ദേഹത്തോടുള്ള ഇണക്കം കാണാന്‍ ഇടയായവര്‍ അദ്ഭുതപ്പെട്ടു. സ്വാമി തിരുവടികളുടെ കൈവശം ഏതെങ്കിലും പ്രത്യേക മയക്കുമരുന്ന് ഉണ്ടായിരുന്നോ എന്നുപോലും അവര്‍ സംശയിച്ചു. അവരുടെ ശങ്കയ്ക്ക് സ്വാമി തിരുവടികള്‍ ഇപ്രകാരം മറുപടി പറഞ്ഞു-
“ഇതൊരു നിസാര കാര്യമാണ്. നാം അവരെ സ്നേഹിക്കുന്നുണ്ടെന്ന് അവയ്ക്ക് ബോധ്യമായാല്‍ അവ നമ്മെയും സ്നേഹപൂര്‍വ്വം ആശ്ലേഷിക്കും. സ്നേഹത്തിന്‍റെ ശക്തി അത്രയധികം വ്യാപകമാണ്.”
ChattampiSwami.com Paramabhattaraka Vidyadhiraja Sree Chattampi Swamikal