ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ ജ്യേഷ്ഠസ്ഥാനീയനായ കേശവപിള്ള മരാമത്ത് വകുപ്പില്‍ ഒരു ഉദ്ധ്യോഗസ്ഥനായിരുന്നു. സ്ഥലം മാറ്റപ്പെട്ടകാരണം അദ്ദേഹം മൂവാറ്റുപുഴയിലാക്കി താമസം. കുറേ ദിവസം സ്വാമിതിരുവടികളും അദ്ദേഹത്തോടൊപ്പം താമസ്സിച്ചിരുന്നു. മൂവാറ്റുപുഴ കേന്ദ്രമാക്കിക്കൊണ്ട് അദ്ദേഹം വടക്കും തെക്കുമായി പലസ്ഥലങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്.
അക്കാലത്ത് ഒരു ദിവസം അദ്ദേഹം ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തി. ഉത്സവം നടക്കുന്ന കാലം. പതിവുകാരനായ ഒരുകിഴവന്‍മാരാര്‍ ചെണ്ടയും തോളിലേറ്റിപോകുന്നു. വീക്കസ്ഥാനത്ത് ചെന്നുനിന്ന് സാവധാനം കൊട്ടാനുള്ള ഒരുക്കം. തന്‍റെ കഴിവില്ലായ്മയെ വിളിച്ചറിയിച്ചുകൊണ്ടായിരുന്നു മാരാരരുടെ ഓരോ ചലനവും. മറ്റു ചെണ്ടക്കാര്‍ തയ്യാറായിക്കഴിഞ്ഞു. സ്വാമി തിരുവടികള്‍ കിഴവനെ സമീപിച്ചു. അയാളില്‍ നിന്നും സൂത്രത്തില്‍ ചെണ്ടയും കോലും വാങ്ങി മറ്റുള്ളവരോടൊപ്പം ചെന്നുനിന്നു. മുണ്ടേംപിള്ളി മാരാരായിരുന്നു അവരുടെ നേതാവ്. മാരാര്‍ ഉരുട്ടുചെണ്ട പ്രയോഗത്തില്‍ വിദഗ്ധനായിരുന്നു. ചെണ്ടകൊട്ട് ആരംഭിച്ചു. കൊമ്പ് ഇലത്താളം കുറുംകുഴല്‍ എല്ലാമുണ്ട്. സാധാരണഗതിയിലായിരുന്നു ആരംഭം. ക്രമേണമേളത്തിന് പിരിമുറുക്കം തുടങ്ങി. സ്വാമിതിരുവടികള്‍ അവരോടെപ്പമുണ്ട്. തന്നെ പരീക്ഷിക്കുകയാണോ എന്ന് മാരാര്‍ക്ക് സംശയം തോന്നി. മാരാര്‍ മുന്നേറിക്കൊണ്ടിരുന്നു. സ്വാമികള്‍ അനായാസമായി പിന്നാലെയും . സ്വാമികളുടെ ചിലപൊടികൈകള്‍ മാരാരെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു. എങ്കിലും രണ്ടുപേരും കൊണ്ടുപിടിച്ച് തകര്‍ക്കുന്നു. കാണികള്‍ക്ക് എന്തെന്നില്ലാത്ത കൗതുകം കുറേസമയം മേളം അന്തരീക്ഷത്തെ ഇളക്കിമറിച്ചു. മേളം കഴിഞ്ഞപ്പോള്‍ മാരാര്‍ ആദരവോടെ സ്വാമികളെ സമീപിച്ച് എങ്ങുനിന്നാണ് പരിശീലിച്ചതെന്ന് ആരാഞ്ഞു.
“ഏയ് അങ്ങനെയൊന്നുമില്ല. ഒരു മുന്‍പരിചയം. അതൊന്നുപുതുക്കിയെന്നേയുള്ളൂ.” സ്വാമിതിരുവടികള്‍ ഒന്നും സംഭവിക്കാത്തമട്ടില്‍ പറഞ്ഞു.
പരമഭട്ടാരക ചട്ടമ്പിസ്വാമികള്‍ ജന്മനാ സംഗീതവാസനകൊണ്ട് അനുഗ്രഹീതനായിരുന്നു. ഈ കലയുടെ അംഗമാണല്ലോ താളം. താളവിഷയത്തില്‍ സ്വാമികളുടെ അന്യാദൃശവൈഭവം പ്രഖ്യാപിക്കുന്ന അനേകം സംഭംവങ്ങളുണ്ട്. അവയില്‍ ഒന്നാണ് മുകളില്‍ കൊടുത്തത്. ഇനി രണ്ടുമൂന്നെണ്ണം കൂടി രേഖപ്പെടുത്തണം.
ഇടപ്പള്ളി വല്ലൂര്‍ വി.നാരായണമേനോന്‍ അവര്‍കളുടെ ലേഖനം ആധാരമാക്കിയ ഒരു സംഭവം ഇങ്ങനെയാണ്. 1909-ല്‍ നടന്നത്.
സ്വാമി തിരുവടികള്‍ തിരുവനന്തപുരത്ത് ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ വിശ്രമിക്കുകയായിരുന്നു. പ്രാചീനമലയാളം എന്ന ഗ്രന്ഥം എഴുതികൊണ്ടിരുന്നകാലമായിരുന്നു അത്. അക്കാലത്തൊരുദിവസം അംബാസമുദ്രവാസിയായ ഒരു ബ്രാഹ്മണന്‍ അവിടെ വന്നെത്തി. സ്വാമി തിരുവടികളെ കണ്ട് നമസ്കാരം ചെയ്തശേഷം ഗഞ്ചിറവാദ്യത്തില്‍ കുറെക്കാര്യങ്ങള്‍ തനിക്ക് മനസ്സിലാക്കിതന്നാല്‍ക്കൊള്ളാം എന്ന് അപേക്ഷിച്ചു. അയ്യരോട് വായിക്കാന്‍ സ്വാമികള്‍ ആവശ്യപ്പെട്ടു. അവിടെത്തന്നെയുണ്ടായിരുന്ന ഒരു ഗഞ്ചിറയെടുത്ത് അയ്യാര്‍ വായിക്കാന്‍ തുടങ്ങി. മറ്റൊന്നെടുത്ത് സ്വാമിതിരുവടികളും. സ്വാമികള്‍ അയ്യര്‍ക്ക് പല എണ്ണങ്ങളും കാണിച്ചുകൊടുത്തു. ഇത്ര വലിയ താളജ്‍ഞാനിയെ തെക്കെഇന്ത്യയില്‍ താന്‍ മറ്റെങ്ങും കണ്ടിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് അയ്യര്‍ സ്വാമിതിരുവടികളെ വീണ്ടും നമസ്കരിച്ച് അനുഗ്രഹീതനായി പോവുകയും ചെയ്തു.
സാഹിത്യകുശലന്‍ ശ്രീ.ടി.കെ.കൃഷ്ണമേനോന്‍ അവര്‍കളുടെ ലേഖനത്തില്‍നിന്ന് ഉദ്ദരിച്ച ഒരു സംഭവമാണ് ഇനി വിവരിക്കാന്‍ പോകുന്നത്. പ്രസ്തുത സംഗതി സ്വാമി തിരുവടികള്‍ തന്നെ ലേഖകനോട് നേരിട്ട് പ്രസ്താവിച്ചിട്ടുണ്ടത്രേ.
ഒരിക്കല്‍ സ്വാമി തിരുവടികള്‍ വഴിയാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ അടുത്തൊരു മഹാക്ഷേത്രത്തില്‍ ഉത്സവം നടക്കുകയാണ്. ഉത്സവബലിക്ക് പാണി കൊട്ടുന്നു. അതുകേട്ടപ്പോള്‍ സ്വാമി തിരുവടികള്‍ക്ക് സഹിച്ചില്ല. ഉടന്‍തന്നെ അദ്ദേഹം അമ്പലക്കുളത്തില്‍പോയിക്കുളിച്ച് അകത്തുചെന്നു. പാണികൊട്ടുന്ന മാരാര് കാര്യമെന്തന്നറിയുന്നതിനുമുന്‍പുതന്നെ സ്വാമികള്‍ തിമിലവാങ്ങി കൊട്ടിതുടങ്ങി.
ശ്രീ ഭൂതബലിക്ക് തൂകുന്നത് പഠിപ്പും പ്രായവുമുള്ള ഒരു തന്ത്രിയായിരുന്നു. കൊട്ട് മാറിയപ്പോള്‍ അദ്ദേഹം ഒന്ന് തിരിഞ്ഞുനോക്കി. മുറയനുസരിച്ച് തൂകാനും തുടങ്ങി. രണ്ടുപേര്‍ക്കും ബഹുരസം.
ഉച്ച തിരിയുന്നതോടുകൂടി കഴിയേണ്ടതായ ക്രിയ സന്ധ്യാകാലമായിട്ടും അവസാനിക്കുന്നില്ല. ക്ഷേത്ര നടത്തിപ്പുകാര്‍ സ്വാമി തിരുവടികളുടെ അടുക്കല്‍ചെന്ന്, വിളക്ക് കത്തിക്കുന്നതിനുവേണ്ട വെളിച്ചെണ്ണയ്ക്ക് വക തികയുകയില്ലെന്ന് സങ്കടം ബോധിപ്പിച്ചു. അതുകേട്ട ഉടന്‍ തിരുവടികള്‍ മാരാര്‍ക്ക് തന്നെ തിമില തിരിച്ചേല്‍പ്പിച്ചുപോലും.
ഈ സംഭവം വര്‍ണ്ണിക്കുന്നതിനിടയില്‍ സ്വാമി തിരുവടികള്‍ ശ്രീ മേനോനോട് പറകയുണ്ടായി, കുന്നിക്കുരു കൈത്തണ്ടിന്മേല്‍ വച്ച് അത് താഴെ വീഴാതെ താന്‍ കൊട്ടിപഠിച്ചിട്ടുണ്ട് എന്ന്.
ജീവിതാവസാനകാലത്ത് സ്വാമിതിരുവടികള്‍ പന്മനയില്‍ വിശ്രമിച്ചിരുന്നത് മരങ്ങളാലും മുള്‍ച്ചെടികളാലും നിബിഡീഭൃതമായ ഒരു സര്‍പ്പക്കാവിലായിരുന്നു. ഏകദേശം രണ്ടാഴ്ചയോളം അവിടെ വിശ്രമിച്ചു. സമീപസ്ഥരും ദൂരദേശക്കാരുമായി പലരും അവിടെ എത്തി. ആ അവതാര പുരുഷനെ സന്ദര്‍ശിച്ചു നയനസാഫല്യം നേടി. വരുന്നവരുടെ അഭിരുചിക്കനുസരിച്ച് വിവിധവിഷയങ്ങളെപ്പറ്റി അദ്ദേഹം സംസാരിക്കുമായിരുന്നു.
ഒരിക്കല്‍ കടവൂര്‍ പണിക്കര്‍ എന്നുപ്രസിദ്ധനായ ഒരു കേരളീയ നാഗസ്വരവിദ്വാന്‍ സ്വാമി സന്നിധിയിലെത്തി. കൂടെ വിശ്രുതനായ ഒരു തകില്‍ വിദഗ്ധനുമുണ്ടായിരുന്നു. – ഒരു പാണ്ടിക്കാരന്‍. അയാള്‍ സ്വാമിതിരുവടികളുടെ മുമ്പില്‍വച്ച് ഗഞ്ചിറ വായിച്ചു. അയാള്‍ അതിലുള്ള വൈദഗ്ധ്യം നല്ലപോലെ പ്രകാശിപ്പിക്കുകയും ചെയ്തു.
പാണ്ടിക്കാരന്‍റെ വിദ്യയില്‍ ഒരു പിശകുണ്ടായിരുന്നു. അതു കണ്ടുപിടിച്ച സ്വാമി ആപിഴവിനെ പാണ്ടിക്കാരനു പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. ആ തെറ്റ് ശരിയാക്കുക എന്നത് ദുസ്സാധകമാകയാല്‍ വിദ്വാന്‍മാരാരും അക്കാര്യത്തില്‍ സാധാരണ ശ്രദ്ധിക്കാറില്ല എന്നായി പാണ്ടിക്കാരന്‍.
ഉടനെ സ്വാമിതിരുവടികള്‍ ഗഞ്ചിറ തന്‍റെ കയ്യില്‍ വാങ്ങി. ആ തെറ്റ് ശരിയാക്കുക അപ്രായോഗികമല്ലെന്നും പ്രയോഗക്ഷമമാണെന്നും സ്വയം കാട്ടിക്കൊടുത്തു. പാണ്ടിക്കാരന്‍ ആശ്ചര്യസ്തബ്ദനായി ഉരിയാടി.
“പെരിയവാള്‍!”
ഇത്രയും പറഞ്ഞ് അയാള്‍ സ്വാമി തിരുവടികളില്‍ നമസ്കരിച്ചു ധന്യനായി മടങ്ങി.