പരമഭട്ടാരക ചട്ടമ്പിസ്വാമി തിരുവടികള്‍ക്ക് കുട്ടികളോടുണ്ടായിരുന്ന സ്നേഹം അനന്യസാധാരണമായിരുന്നു. അവരെ അല്പംപോലും വേദനിപ്പിക്കാതെ ഹൃദയപൂര്‍വ്വം ലാളിച്ചിരുന്നു. അദ്ദേഹം സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ കുഞ്ഞുങ്ങളെ കാണുകയാണെങ്കില്‍ ആദ്യം അവരോടായിരിക്കും സംഭാഷണത്തിലും വിനോദത്തിലും ഏര്‍പ്പെടുക. കുട്ടികളുടെ കൂട്ടത്തില്‍പെട്ടാല്‍ അദ്ദേഹവും ഒരു കുട്ടിയായി മാറുമായിരുന്നു. അവരെ ഏതെങ്കിലും വിധത്തില്‍ കളിപ്പിച്ച് രസിപ്പിക്കുക പതിവായിരുന്നു. ഇതിനു സാക്ഷ്യം വഹിക്കുന്ന പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ഒരിക്കല്‍ തിരുവനന്തപുരത്തുള്ള ഒരു ശിഷ്യന്‍റെ ഗൃഹത്തില്‍ അദ്ദേഹം പോയിയിരുന്നു. അവിടുത്തെ കുട്ടികളോട് സരസമായി സംസാരിച്ചുകൊണ്ടിരുന്ന കൂട്ടത്തില്‍ അടുത്തദിവസത്തെ പ്രഭാതപൂജയ്ക്ക് കുറെ പുഷ്പങ്ങള്‍ ശേഖരിച്ചുകൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക നിര്‍ദ്ദേശം കൂടി കൊടുത്തു. അവ നിലത്തുവീഴാത്ത പൂക്കളായിരിക്കണമത്രെ. കുട്ടികള്‍ സന്തോഷപൂര്‍വ്വം സമ്മതിച്ചു. മുറ്റത്തെചെടികളില്‍ ധാരാളം പൂക്കളുണ്ടാകാറുണ്ട്. അവര്‍ അതിരാവിലെ എഴുന്നേറ്റ് പൂക്കള്‍ ശേഖരിക്കാന്‍ പുറപ്പെട്ടു. ചെടികളുടെ ചുവട്ടിലെത്തിയ അവര്‍ ആകെ അന്ധാളിച്ചുപോയി. ചെടികളില്‍ ഒറ്റപ്പൂവും ഇല്ല. എല്ലാം നിലംപതിച്ചു ചിതറിക്കിടക്കുന്നു. പൂജാസമയം അടുക്കാറായി. സ്വാമികളോട് എന്ത് സമാധാനം പറയും. കുട്ടികള്‍ വിഷമിച്ചു. സംഭ്രമത്തോടെ അവര്‍ സ്വാമികളെ സമീപിച്ചു. സത്യസ്ഥിതി ബോധിപ്പിച്ചു. നേരിട്ടുകണ്ട് ബോദ്ധ്യപ്പെടുന്നതിന് അവര്‍ അദ്ദേഹത്തെ മുറ്റത്തേയ്ക്കു ക്ഷണിച്ചു. കുട്ടികളോടൊത്ത് സ്വാമി തിരുവടികള്‍ ചെടികളുടെ അടുത്തേയ്ക്ക് പോയി. എന്തൊരത്ഭുതം പൂക്കളെല്ലാം പുഞ്ചിരിപൊഴിച്ചുകൊണ്ട് ചെടികളില്‍തന്നെ നില്‍ക്കുന്നു. നിലത്ത് ഒറ്റപൂ പോലുമില്ല. കുട്ടികള്‍ എന്തുപറയണമെന്നറിയാതെ പകച്ചുനിന്നു. അപരാധബോധത്താല്‍ അവരുടെ മുഖം മ്ലാനമായി. സ്വാമി തിരുവടികള്‍ അവരെ സമാശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു:
“കുഞ്ഞുങ്ങളേ, വിഷമിക്കണ്ട. നിങ്ങള്‍ ആദ്യം കണ്ടതും ഇപ്പോള്‍ കാണുന്നതും ശരിതന്നെ എന്നാല്‍ ഒരുകാര്യം. കാണുന്നതെല്ലാം നിത്യസത്യമല്ലെന്നുകൂടി ഓര്‍ത്തുകൊള്ളണം.”
സ്വാമി തിരുവടികള്‍ വീട്ടില്‍ കയറിവന്നത് ഒരു സന്ധ്യക്കായിരുന്നു. കുട്ടികള്‍ മുറ്റത്ത് കളി നിര്‍ത്തിയിട്ടില്ല. “ ഞങ്ങളുടെ കൂടെ കുറച്ചുകളിക്കുന്നോ” എന്ന് കുട്ടികള്‍ ബാലസഹജമായ ബുദ്ധിയില്‍ സ്വാമികളോട് ചോദിക്കുകയുണ്ടായിപോലും.
“ഇപ്പോള്‍ നേരമായില്ലേ. നാളെയാകാം” എന്നാണ് അതിന് തിരുവടികള്‍ മറുപടി പറഞ്ഞത്. ആ പറഞ്ഞതനുസരിച്ച് പിറ്റേന്ന് കുട്ടികളുമായി ഒന്ന് കളിച്ച കളിയാണ് ഈ പുഷ്പലീല.
വീണിട്ടും വീഴാത്തപൂക്കള്‍!
സ്വാമി തിരുവടികളും പുണ്യസന്തതികളായ ആ കുഞ്ഞുങ്ങളും ഇന്ന് വീണ് മണ്ണടിഞ്ഞപൂക്കളാണ് ഒരര്‍ത്ഥത്തില്‍. എങ്കിലും ഈ സംഭവത്തിലൂടെ അവരെല്ലാം വീണിട്ടും വീഴാത്ത പൂക്കളായി തങ്ങിനില്‍ക്കുകയാണ്- നമ്മുടെ സ്മൃതിയാകുന്ന വല്ലിയില്‍.