ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ വടക്കന്‍ പ്രദേശങ്ങളില്‍ സഞ്ചരിക്കുന്നകാലം. ഒരു ഗൃഹസ്ഥശിഷ്യന്‍റെ ഭവനത്തില്‍ അതിഥിയായി ഒരുദിവസം കഴിയാനിടയായി. പലരും അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതിനും സംഭാഷണം നടത്തുന്നതിനുമായി വന്നുംപോയുമിരുന്നു. സമയം ഏറെയായി. രാത്രി അദ്ദേഹം തന്‍റെ മുറിയില്‍ ഉറങ്ങാനായി കിടന്നു. വാതിലും ജനാലകളും അടയ്ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. അവിടെ ഭിത്തിയില്‍ വിലകൂടിയ ഒരു ക്ലോക്ക് ഉണ്ടായിരുന്നു. തുറന്നുകിടക്കുന്ന മുറിയില്‍ അത് സുരക്ഷിതമല്ലെന്ന് കരുതിയ ഗൃഹനാഥന്‍ അതെടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ ശ്രമിച്ചു. കാര്യം മനസ്സിലാക്കിയ സ്വാമി തിരുവടികള്‍ തടസ്സപ്പെടുത്തി. ആരും തൊടുകയില്ലെന്ന് ഉറപ്പുകൊടുത്തു. എന്നിട്ടും ഗൃഹനാഥന് ശങ്ക വിട്ടുമാറുകയില്ല. സ്വാമി തിരുവടികള്‍ ഉറങ്ങട്ടെയെന്നു കരുതി.
അര്‍ദ്ധരാത്രിസമയം. അയാള്‍ ശബ്ദമുണ്ടാക്കാതെ മുറിയില്‍ കടന്നു. ക്ലോക്കിനെ സ്പര്‍ശിച്ചു. അത്ഭുതമെന്നുപറയട്ടെ, കൈവിരലുകള്‍ അതില്‍നിന്നും വേര്‍പെടുത്താന്‍ കഴിയുന്നില്ല. കഴിയുന്നത്ര ശ്രമിച്ചുനോക്കി. ഭയചികിതനായി അയാള്‍ ഉച്ചത്തില്‍ നിലവിളിച്ചു. കേട്ടവര്‍ ഓടിയെത്തി. സ്വാമിതിരുവടികളും ഉണര്‍ന്നു.അദ്ദേഹം പറഞ്ഞു-
“ഭയക്കേണ്ട, ഞാന്‍ ഇവിടെയുള്ളപ്പോള്‍ അതിനെ ആര്‍ക്കും തൊടാന്‍ കഴിയുകയില്ല.”
കൈകള്‍ ക്ലോക്കില്‍ നിന്നും വേര്‍പെട്ടു. അപരാധബോധത്തോടെ അയാള്‍ ആ യോഗീവര്യന്‍റെ പാദങ്ങളില്‍ വീണു നമസ്കരിച്ചു.