അ ഇ ഉ (ണ്), വ്യാകരണസൂത്രങ്ങള്‍

ശ്രീ എന്‍ . ഗോപിനാഥന്‍നായരുടെ ‘രസകരങ്ങളായ സംഭവങ്ങള്‍ ‘ എന്ന പുസ്തകത്തില്‍ നിന്ന്.

ശ്രീ ചട്ടമ്പി സ്വാമി തിരുവടികള്‍ ഇരിങ്ങാലക്കുടയില്‍ ഒരു ഗൃഹസ്ഥശിഷ്യന്‍റെ വസതിയില്‍ വിശ്രമിക്കുന്ന കാലം. ഒരു ദിവസം പതിവുപോലെ കുറേപേര്‍ അവിടെ വന്നു. അവര്‍ സ്വാമികളെ അറിയിച്ചു:

”ഒരു വലിയ വൈയാകരണ ശാസ്ത്രികള്‍ വന്നിട്ടുണ്ട്.”

ശാസ്ത്രികള്‍ ഇന്ത്യയൊട്ടുക്ക് സഞ്ചരിച്ചിട്ടുണ്ട്. പണ്ഡിതന്മാരോട് ഏറ്റുമുട്ടി അവരെയെല്ലാം തോല്‍പിച്ചിട്ടുണ്ട്. തന്‍റെ പാണ്ഡ്യത്യം അങ്ങനെ പരസ്യപ്പെടുത്തിയിട്ടുമുണ്ട്… ‘മറ്റൊരു ഉദ്ദണ്ഡശാസ്ത്രികള്‍’.

അദ്ദേഹം സ്വാമി തിരുവടികളെപ്പറ്റി കേട്ടിരിക്കുന്നു. താമസിയാതെ ഇങ്ങോട്ട് കാണാന്‍ വരും. ഈ സംഗതിയെപ്പറ്റി ഒരു മുന്നറിയിപ്പുനല്കുക മാത്രമായിരുന്നു വന്നവരുടെ ഉദ്ദേശം.

സ്വാമിതിരുവടികള്‍ ഒരു കട്ടിലില്‍ കിടന്നു പുസ്തകം വായിക്കുകയാണ്. ശിഷ്യരോടൊത്തു ശാസ്ത്രികള്‍ പുറത്തുവന്നെത്തി. വിവരം അറിഞ്ഞ ഉടനെ സ്വാമികള്‍ എഴുന്നേറ്റു പുറത്തുവന്നു.

“ആരാണ്?”

“ഒരു ബ്രാഹ്മണന്‍!”

ഉടനെ സ്വാമി തിരുവടികള്‍ ഒരു പുല്‍പായ എടുത്തുകൊണ്ടുവന്ന് നിവര്‍ത്തിയിട്ടു.

“ഇരിക്കാം… എനിക്കുവയസ്സുകാലം. വാതക്കടച്ചിലിന്‍റെ ഉപദ്രവം ഉണ്ട്. കട്ടിലില്‍ ഇരിക്കാന്‍ അനുവദിക്കണം.”എന്നായി സ്വാമികള്‍.

സമ്മതം പ്രകാശിപ്പിച്ചുകൊണ്ട് ശാസ്ത്രികള്‍ പായിന്മേലിരുന്നു. സ്വാമികള്‍ കട്ടിലിലും

സ്വാമികള്‍ : എന്തിനാണാവോ ഇത്രടം ബുദ്ധിമുട്ടിയത്?

ശാസ്ത്രികള്‍ ‍: ഞാനൊരു വയ്യാകരണ ശാസ്ത്രികളാണ്. ഇന്ത്യയിലുടനീളം ചുറ്റി സഞ്ചരിച്ചു പണ്ഡിതന്മാരെ വാദത്തില്‍ തോല്പിച്ചു. ഇവിടെ ഒരു വിദ്വാന്‍ ഉണ്ടെന്നുകേട്ടു. അങ്ങനെ വന്നെന്നേയുള്ളൂ.

സ്വാമികള്‍ : എനിക്ക് അങ്ങനെ പറയത്തക്ക വിദ്വത്വമൊന്നുമില്ല. ഞാനിതുപോലുള്ള വല്ല ഒഴിഞ്ഞ മൂലയിലിരുന്ന്, വല്ലവരും വല്ലതും കൊണ്ടുതന്നാല്‍ ഹരഹര എന്നുജപിച്ച് അതുകൊണ്ട് ഉപജീവിച്ചു വരികയാണ്.

ശാസ്ത്രികള്‍ ‌: ആഹാ!. അപ്പോള്‍ എന്തെല്ലാം വായിച്ചിട്ടുണ്ട്?

സ്വാമികള്‍ : അങ്ങനെയൊന്നുമില്ല. “കളമൊഴിമാര്‍” തുടങ്ങി കുറെ തിരുവാതിരപ്പാട്ട് കൊച്ചിലേതന്നെ കാണാതെ പഠിച്ചിട്ടുണ്ട്…. പിന്നെ മണിപ്രവാളത്തിലെ കുറെ ശ്ലോകങ്ങളും. ക്ഷേത്രത്തില്‍ കൊട്ടിപ്പാടാനും പോയിട്ടുണ്ട്. അതിനാല്‍ അഷ്ടപതിയിലെ കുറെ പാട്ടുകളും അറിയാം. അതിന്‍റെ അര്‍ത്ഥമൊന്നും അറിഞ്ഞുകൂടാതാനും.

ശാസ്ത്രികള്‍ ‍: ഓഹോ! അങ്ങനെയൊന്നും പറയേണ്ട.

ഇത്രയും മുഖവുരയായി പരസ്പരം സംഭാഷണം ചെയ്തശേഷം ശാസ്ത്രികള്‍ വ്യാകരണവിഷയം [പാണിനി മഹര്‍ഷിയുടെ സംസ്കൃത ഭാഷാവ്യാകരണം] എടുത്തിട്ടു. ചില പാണിനി സൂത്രങ്ങളെപ്പറ്റിയാണ് ചര്‍ച്ച തുടങ്ങിയത്.

ശാസ്ത്രികള്‍ സൂത്രം ചൊല്ലികേള്‍പ്പിച്ചു കഴിയുമ്പോഴേയ്ക്കും അടുത്ത സൂത്രവും അതിന്‍റെ ഒരു പൊരുളും സ്വാമികള്‍ തുടര്‍ന്ന് ചൊല്ലിക്കഴിയും.

ഉടനെ ശാസ്ത്രികള്‍ പ്രകരണം മാറ്റി സൂത്രം ഉച്ചരിക്കാന്‍ തുടങ്ങും, അടുത്ത സൂത്രം സ്വാമി തിരുവടികളും. കുറച്ചു നേരം നീണ്ടുനിന്നു ഈ വാക്സമരം.

ശാസ്ത്രികള്‍ പഴുതൊന്നും കാണാതെ കുഴങ്ങി.

ശാസ്ത്രികള്‍ക്ക് രണ്ട് കാരണത്താല്‍ അഹങ്കാരം ഉണ്ടായിരുന്നു – ജാതി ബ്രാഹ്മണ്യം കൊണ്ടും, പാണ്ഡ്യത്യം കൊണ്ടും.

സ്വാമികള്‍ : നില്‍ക്കട്ടെ, എനിക്ക് ചെറിയ ഒരു സംശയം ഉണ്ട്. ചോദിച്ചോട്ടെ?

ശാസ്ത്രികള്‍ ‍: (ഗൗരവം കുറയ്ക്കാതെ) ഓഹോ! ചോദിക്കാം, ചോദിക്കാം.

സ്വാമികള്‍ : വ്യാകരണ സൂത്രങ്ങള്‍ ആദ്യമായി തുടങ്ങുന്നത് അ ഇ ഉ എന്നിങ്ങനെയാണല്ലോ. ‘അ’ മുതല്‍ തുടങ്ങുന്നതിന് വല്ല കാരണവും പറയാനുണ്ടോ?

ശാസ്ത്രികള്‍ : ഇതുകള്‍ അങ്ങനെ ഉരുവിടുകയല്ലാതെ ‘അ’ മുതല്‍ തുടങ്ങുവാന്‍ കാരണമെന്തെന്നും മറ്റും പഠിച്ചിട്ടില്ല. അതൊന്നും ആരും പറഞ്ഞുകേട്ടിട്ടുമില്ല.

സ്വാമികള്‍ : ഇതിനെക്കുറിച്ചൊന്നും ധരിച്ചിട്ടില്ലേ?

ശാസ്ത്രികള്‍ : ഇതുവരെ അതിനെ ഓര്‍ത്തിട്ടുപോലുമില്ല. അവിടുന്നു പറഞ്ഞുകേട്ടാല്‍ കൊള്ളാം.

സ്വാമികള്‍ : മനുഷ്യോല്‍പത്തിക്കും ഭാഷോത്പത്തിയ്ക്കും തമ്മില്‍ സാമ്യമുണ്ട്. ഗര്‍ഭപാത്രത്തില്‍ വച്ചുമാത്രമല്ല പ്രസവം വരെ പ്രജ പൂര്‍ണ്ണമൗനം പൂണ്ടിരിക്കുന്നു. ജനനവേളയിലാണ് ശിശു ഒന്നാമതായി മൗനഭഞ്ജനം ചെയ്യുന്നത്. അകാരോച്ചാരണം ആണല്ലോ ആദ്യത്തെ മൗനഭഞ്ജനം. അതിനാല്‍ ഭാഷയിലെ അക്ഷരമാല അകാരോച്ചാരണപൂര്‍വ്വമായിരിക്കുന്നതു കണ്ടുകൊള്‍ക. ഗര്‍ഭ ക്ലേശങ്ങളില്‍ നിന്നും വിമുക്തി ലഭിച്ചശേഷം സന്തോഷഭരിതമായ ഹൃദയത്തിന്‍റെ വ്യാപാരം സാമാന്യം ഒരു ചിരിരൂപത്തില്‍ പ്രസരിക്കുന്നതിന്‍റെ ഫലമായി ഇകാരോച്ചാരണം ഉണ്ടാകുന്നു. പിന്നീട് ശിശുക്കള്‍ക്ക് ബാഹ്യപ്രകൃതിയിലെ ശബ്ദാദികളില്‍നിന്നും ഉണ്ടാകുന്നത് ഭയമാണ്. അതുകൊണ്ട് ശിശു ഞെട്ടുകയും അതിന്‍റെ ശബ്ദനിര്‍ഗമനം ഉകാരോച്ചാരണമായിത്തീരുകയും ചെയ്യുന്നു.

ഇത്രയും കേട്ടപ്പോഴേയ്ക്കും ശാസ്ത്രികളുടെ കൈയ്യുകള്‍ താമരമൊട്ടുപോലെ കൂമ്പിത്തുടങ്ങി.

ശാസ്ത്രികള്‍ : ഇതെല്ലാം ഏതൊരു വ്യാകര ഗ്രന്ഥത്തിലാണു പറഞ്ഞിരിക്കുന്നത്? അശ്രുതപൂര്‍വ്വമായ ഈ യുക്തിവാദം എന്‍റെ ഹൃദയത്തിലും ശ്രോതത്തിലും അമൃതാഭിഷേകമായിരിക്കുന്നു. അങ്ങയെ ഞാന്‍ ആളറിയാതെ അനാദരിച്ചിട്ടുണ്ടെങ്കില്‍…

ഇത്രയും പറഞ്ഞ് ശാസ്ത്രികള്‍ സ്വാമികളെ താണു തൊഴുവാന്‍ ഭാവിച്ചു.

സ്വാമികള്‍ : ബ്രാഹ്മണരെ നമസ്കരിക്കുന്നത് എന്‍റെ കടമയാണ്. ഇതിനകം തന്നെ അതുചെയ്തുകഴിയേണ്ട ഞാന്‍ പ്രായാധിക്യം നിമിത്തം ചെയ്യാതിരുന്നത് ക്ഷന്ത്യവ്യമാണ്.

ശാസ്ത്രികള്‍ ‍: സ്വാമികള്‍ പറഞ്ഞ ഗ്രന്ഥം എവിടെകിട്ടും ?

സ്വാമികള്‍ : അങ്ങനെയൊരു ഗ്രന്ഥം അച്ചടിച്ചിട്ടില്ല. താളിയോലയില്‍ നിന്നാണ് ഞാന്‍ വായിച്ചിട്ടുള്ളത്.

ശാസ്ത്രികള്‍ ‍: ഈ ഗ്രന്ഥം അന്വേഷിച്ചു കണ്ടുപിടിച്ചുവായിച്ചിട്ടു ഇനിയൊരുകാര്യം.

അങ്ങനെ സ്വാമികളും ശാസ്ത്രികളും തമ്മിലുള്ള വാദം സമാപിച്ചു. സ്വാമികളുടെ അഗാധമായ പാണ്ഡ്യത്യത്തെ സംബന്ധിക്കുന്ന വേറേയും സംഭവങ്ങള്‍ ദൃസാക്ഷികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.