
അദ്ധ്യായം ആറ്
ഇനി വചനത്തെക്കുറിച്ചു ചിന്തിക്കുന്നു. സംസ്കൃതത്തില്‍ ഏകവചനം, ദ്വിവചനം, ബഹുവചനം എന്നു മൂന്ന് വചനങ്ങളുണ്ട്. ഉദാഹരണം-രാമഃ, രാമൗ, രാമാഃ. ഒരര്‍ത്ഥത്തെ കാണിക്കുന്നത് ഏകവചനം, രണ്ടിനെക്കുറിക്കുന്നത് ദ്വിവചനം, മൂന്നു മുതല്‍ മേല്പ്പോട്ടുള്ള എല്ലാ സംഖ്യകളെയും കുറിക്കുന്നത് ബഹുവചനം. തമിഴില്‍ അന്, ആന്‍, മന്, മാന്‍ മുതലായവ പുല്ലിംഗപ്രത്യയങ്ങളും അള്, ആള്, ഇ മുതലായവ സ്ത്രീലിംഗപ്രത്യയങ്ങളും അര്, മാര്‍കള്‍ മുതലായവ സാമാന്യലിംഗപ്രത്യയങ്ങളും തു, അല്‍ മുതലായവ ഏകലിംഗപ്രത്യയങ്ങളും, കള്‍, വൈ മുതലായവ അനേകലിംഗപ്രത്യയങ്ങളും ആകുന്നു. മുറപ്രകാരം ഉദാഹരണം നോക്കുക.
കുഴൈയന്‍, കുഴൈയാന്, വടമന്‍, കോമാന്,
കുഴൈയള്, കുഴൈയാള്, പൊന്തി
കുഴൈയര്‍, കുഴൈയാര്‍, തേവിമാര്‍, തേവികള്‍
അതു, തോന്റല്‍, അതുകള്‍, അവൈ മുതലായവ.
തമിഴിലുള്ള ഉയര്‍തിണൈ, അ റിണൈ എന്ന രണ്ടു പിരിവുകള്‍ സംസ്കൃതത്തില്‍ ഇല്ലാത്തതിനു തമിഴില്‍ പിന്‍കാലത്തില്‍ യുക്ത്യനുസരണമായി ഏര്പ്പെടുത്തിയിരിക്കാമെന്നാണെങ്കില് അതു ശരിയാകയില്ല. എന്തെന്നാല്‍ പുല്ലിംഗം, സ്ത്രീലിംഗം രണ്ടുമല്ലാത്തത് എന്ന വിഭാഗമേ മതിയായിട്ടുള്ളതെന്നും യുക്തിക്കുചേര്ന്നതുമായിട്ടിരിക്കെ ഉയര്‍തിണൈ അ റിണൈ എന്ന വിഭാഗമെന്തിന്? മേലും ഉയിര്‍ത്തിണൈ അ റിണെ ഈ പിരിവ് ഏതിനെ തുടര്‍ന്ന് വന്നത്? അറിവിനെ അനുസരിച്ചാണെങ്കില്‍ തീരെ അറിവില്ലാത്ത മരം, മണ്ണ്, കല്ല് മുതലായവയും കുറെ അറിവുള്ളവയായ മൃഗാദികളും അ റിണൈ എന്ന ഒരു വകുപ്പായതെങ്ങനെ? അ റിണൈയില് ഏകലിംഗം, അനേകലിംഗം എന്നു രണ്ടുവിധമായി വിഭാഗിച്ചിരിക്കുന്നതുപോലെ ഉയര്തിണൈയിലും ഏകലിംഗം, അനേകലിംഗം എന്നു രണ്ടു പിരിവില്ലാത്തതെന്ത്? പുല്ലിംഗം, സ്ത്രീലിംഗം എന്ന പിരിവുകളില്‍ ഏകലിംഗം ഉള്പ്പെട്ടുപോയി എന്നാണെങ്കില്‍ അനേകലിംഗം പുല്ലിംഗം, സ്ത്രീലിംഗം ഇവയില്‍ ഉള്‍പ്പെടാതെ നില്ക്കുന്നതോ? ഏകലിംഗം, പുല്ലിംഗം, സ്ത്രീലിംഗം ഇവയില്‍ കാണുമെങ്കില്‍ അനേകലിംഗവും പുല്ലിംഗസ്ത്രീലിംഗങ്ങളില് കാണുകതന്നെ ചെയ്യും. ഉദാഹരണം-മൈന്താന്‍ എന്നു പറയുമ്പോള്‍ ‘അന്’ എന്ന പ്രത്യയം ചേര്‍ന്ന് ഒരാളിനെ കുറിക്കുന്നു. മൈന്തര്‍ എന്ന ശബ്ദം അര് എന്ന പ്രത്യയം ചേരുമ്പോള്‍ പലരെ കുറിക്കുന്നു. ഇങ്ങനെ രണ്ടുവിധമായ ശബ്ദങ്ങള്‍ ഓരോ മാതിരിയായി പുല്ലിംഗത്തെ കാട്ടുന്നതോടുകൂടി ഏകത്വം, ബഹുത്വം എന്ന അര്ഥങ്ങളേയും പ്രത്യേകമായി കാട്ടിക്കൊണ്ടിരിക്കെ ഒന്നു പുല്ലിംഗശബ്ദമെന്നും മറ്റൊന്ന് അനേകലിംഗശബ്ദമെന്നും വിഭാഗിച്ചിരിക്കുന്നതു യുക്തിക്ക് അല്പമെങ്കിലും യോജിക്കുന്നതല്ല. അനേകലിംഗം എന്നതിനെ പകുത്താന്‍ അതല്ലാത്തത് ഏകലിംഗമെന്നു സ്വയമേവ സിദ്ധിക്കുമെന്നാണെങ്കില് പുല്ലിംഗം, സ്ത്രീലിംഗം എന്നു വിഭാഗിച്ചാല്‍ രണ്ടുമല്ലാതെ മറ്റൊന്നു സിദ്ധിക്കും. ആകയാല്‍ അനേകലിംഗശബ്ദം പുല്ലിംഗസ്ത്രീലിംഗങ്ങള് അല്ലാത്തതായിപ്പോകുമല്ലോ. മേലും, അനേകലിംഗം മറ്റു രണ്ടു ലിംഗങ്ങളിലും ഉള്ളതാകയാല്‍ ഏതാണ് അനേകലിംഗശബ്ദമെന്നു ചോദ്യമുണ്ടായാല്‍ ഉത്തരം പറയുന്നതെങ്ങനെ? സ്ത്രീത്വവിവക്ഷയിലെ അനേകലിംഗമെന്നാകട്ടെ പുരുഷത്വവിവക്ഷയിലെ അനേകലിംഗമെന്നാകട്ടെ, ഉത്തരം പറയാമെന്നാല്‍ ഉയര്തിണൈയില് തന്നെ പുല്ലിംഗത്തിലുള്ള ഉയര്‍തിണൈ സ്ത്രീലിംഗത്തിലുള്ള ഉയര്‍തിണൈ എന്നു രണ്ടുവകയുണ്ട്. ഈ രണ്ടിലും ഏകാര്‍ത്ഥലിംഗം അനേകാര്‍ത്ഥലിംഗം എന്നു രണ്ടു വകയും ഉള്‍പ്പെടുത്തി നാലു വിഭാഗങ്ങള്‍ ഉണ്ടെന്ന് വന്നുകൂടും.
മേലും, മൈന്തര്‍, നങ്കൈയര് എന്നു പറയുന്നിടത്തു പുല്ലിംഗം, സ്ത്രീലിംഗമെന്നറിയാതെ അനേകലിംഗമെന്നു മാത്രം അറിഞ്ഞാല്‍ മതിയെന്നാണെങ്കില്‍ മൈന്തര്‍, നങ്കൈ ഇങ്ങനെ പറയുമ്പോള്‍ പുല്ലിംഗസ്ത്രീലിംഗങ്ങളെ അറിയാതെ ഏകലിംഗമെന്നു മാത്രം അറിഞ്ഞാല്‍ പോരാത്തതെന്ത്? ഇങ്ങനെ വരുമ്പോള്‍ ഉയര്‍തിണൈ എന്ന രണ്ടു വകയും ഏകാര്‍ത്ഥലിംഗം, അനേകാര്‍ത്ഥലിംഗം എന്നു വിഭാഗിച്ചാല്‍ വ്യാകരണാചാര്യന്മാര്ക്ക് എളുപ്പമായിരിക്കും.
മേലും, ഒന്ന്, പലത് എന്നവ സംഖ്യാവിഭക്തികളേയും ആണ്, പെണ് എന്നത് ജാതിവിഭക്തികളെയും കാട്ടുന്നവയാകയാല് ആ രണ്ടു വകയ്ക്കും ലിംഗമെന്ന ഒരു നാമം തന്നെ കൊടുത്തു ഒരു വകയായിട്ടു വ്യവസ്ഥാപിക്കുന്നതെങ്ങനെ?
സംസ്കൃതത്തില്‍ ഈ രണ്ടു വകയ്ക്കും ലിംഗം, വചനം എന്നു വേറെ സംജ്ഞകള്‍ കൊടുത്തു പ്രത്യേകമായിട്ടും ചേര്‍ത്തിരിക്കുന്നു. ആകയാല്‍ തമിഴിന്റെ ഇപ്രകാരമുള്ള ലിംഗവിഭാഗങ്ങള് സംസ്കൃതത്തിനോടു സംബന്ധമില്ലെന്നുള്ളതിനേയും പ്രാചീനത്വത്തേയും കാണിക്കുന്നു. തമിഴില്‍ മൃഗം, പക്ഷി മുതലായവയ്ക്ക് പുല്ലിംഗം, സ്ത്രീലിംഗം എന്ന വിഭാഗം ഇല്ലാതിരിക്കുന്നതും സംസ്കൃതത്തോടു തീരെ അടുപ്പമില്ലെന്നുള്ളതിനെ കാണിക്കുന്നു. കൂടാതെ തമിഴില്‍ മുന്‍കാണിച്ച പ്രകാരം അന്, ആന്‍, അള്, ആള് എന്ന പ്രത്യയങ്ങള്‍ സംസ്കൃതത്തിലുള്ള ഃ, ആഃ, ഈഃ ഈ പ്രത്യയങ്ങളോടു സംബന്ധമില്ലാതിരിക്കുന്നു. എന്തെന്നാല്‍ ഇ എന്ന പ്രത്യയം കുനി, കുഴൈക്കാതി, മണ്ണകത്തി, പുറത്തി മുതലായ ശബ്ദങ്ങളില്‍ കാണപ്പെടുന്നു എന്നും ഇതു സംസ്കൃതം തമിഴില്‍ കലര്‍ന്നതില്‍ പിന്നീട് വന്നുചേര്‍ന്നതായിരിക്കണം എന്നും ഉന്നേയമായിരിക്കുന്നു.
മേലും കൂനി മുതലായ ശബ്ദങ്ങള്‍ കുനള്, കുഴൈക്കാതള് എന്നവിധം അള്, ആള് പ്രത്യയങ്ങള്‍ വച്ചും കാണപ്പെടുന്നു. സംസ്കൃതത്തില്‍നിന്നും വന്ന മാനുഷി, ശങ്കരി, ദേവി, കുമാരി, കിന്നരി മുതലായ ശബ്ദങ്ങള്‍ ‘ഇ’ എന്ന പ്രത്യയത്തോടുകൂടി മാത്രം ഉപയോഗിക്കപ്പെടുന്നു. അതുകൊണ്ടാണ് മാനുഷി, ശങ്കരി, ദേവി മുതലായ സംസ്കൃത ശബ്ദങ്ങളിലുള്ള ‘ഈ’ എന്ന പ്രത്യയം തമിഴില്‍ ഹ്രസ്വമായതുതന്നെ. ആകയാല്‍ തമിഴില്‍ കാണപ്പെടുന്ന ‘ഇ’ എന്ന പ്രത്യയം ആദ്യകാലത്തുതന്നെ തമിഴില്‍ സ്വയമായി ഉള്ളതെന്നു പറയാന്‍ പാടില്ല. സംസ്കൃതത്തില്‍ വിശേഷണങ്ങള്‍ (പേരച്ചങ്ങള്) എല്ലാം വിശേഷ്യത്തിന്റെ ലിംഗവചനങ്ങളെ അനുസരിച്ചേ ഇരിക്കയുള്ളൂ. ഉദാഹരണം-സുന്ദരഃ പുരുഷഃ, സുന്ദരീ സ്ത്രീ, സുന്ദരം ഗൃഹം. ഇവിടെ സുന്ദര എന്ന പേരച്ചം പുരുഷന്, സ്ത്രീ, ഗൃഹം എന്ന വിശേഷ്യങ്ങളില് ലിംഗവചനങ്ങളെ ആശ്രയിച്ചുതന്നെ ഇരിക്കുന്നു.
തമിഴില്‍ പേരച്ചങ്ങള്ക്കു ലിംഗവചനങ്ങള്‍ ഇല്ല. ഉദാഹരണം-അഴകിയ മനുഷ്യന്, അഴകുള്ള പെണ്ണ്, അഴകുള്ള വീട് ഇങ്ങനെയാണ്. സംസ്കൃതത്തില്‍ ഏകവചനം, ദ്വിവചനം, ബഹുവചനം ഇങ്ങനെ മൂന്ന് വചനങ്ങള്‍ ഉണ്ട്. തമിഴില്‍ ഏകവചനം, ബഹുവചനം എന്നു രണ്ടുവചനങ്ങള് മാത്രമേ ഉള്ളു. സംസ്കൃതത്തിനു മുമ്പ് രണ്ടു വചനങ്ങള്‍ മാത്രം ഇരുന്നു. പില്ക്കാലത്തില് മൂന്ന് വചനങ്ങള്‍ ഏര്പ്പെട്ടിട്ടുള്ളതായിരിക്കണം എന്നു നിശ്ചയം. ദമ്പതിമാര്‍ ചേര്‍ന്ന് കര്‍മ്മാനുഷ്ഠാനങ്ങള്‍ ചെയ്യുന്നത് രണ്ടുപേരെയും കാത്തനുഗ്രഹിക്കുമെന്നുള്ള ഏര്‍പ്പാട് ഉണ്ടായതിന്റെ ശേഷം രണ്ടു പേരും കര്‍മ്മങ്ങളുടെ ആരംഭത്തിനു അടുത്ത മുമ്പുസമയത്ത് സങ്കല്പം ചെയ്യുന്നതിലും അവസാനകാലത്ത് മഹാന്മാരുടെ അടുത്തുനിന്നും ആശീര്‍വാദം സ്വീകരിക്കുന്നതിലും അതിവ്യാപ്തി, അവ്യാപ്തി എന്ന ദോഷങ്ങള്‍ കൂടാതെ അതിന്റെ ഫലങ്ങള്‍ മുഴുവനും രണ്ടുപേര്ക്കുമാത്രം ശരിയായി ഗ്രഹിക്കണമെന്നുള്ള സൗകര്യത്തിനുംവേണ്ടി ദ്വിവചനം ഉണ്ടായിട്ടുള്ളതാണെന്ന് ഊഹിച്ചറിയണം. അല്ലെങ്കില്‍ മൂന്നുമുതല്‍ എത്രയും കുറിക്കുന്നതിനു ബഹുവചനം മതിയെങ്കില്‍ രണ്ടിനെ കുറിക്കുന്നതിനു ബഹുവചനം എന്തുകൊണ്ട് മതിയാകയില്ല?
മേലും ആദികാലം മുതല്ക്കുതന്നെ മൂന്നുവചനങ്ങള്‍ ഏര്‍പ്പെട്ടിരുന്നപ്പോഴും പിന്നെയും പിന്നെയും കൂടെക്കൂടെ യോജിച്ചു മാറ്റങ്ങള്‍ ചെയ്തുവന്ന സംസ്കൃതികള്‍1 പില്ക്കാലങ്ങളില് മറ്റു ഭാഷകളെക്കണ്ട് ദ്വിവചനം ആവശ്യമില്ലെന്നു തള്ളിക്കളയുമായിരുന്നു.
തമിഴില്‍ മകിഴ്ചി, ഉയര്‍വ് മുതലായ അര്‍ത്ഥങ്ങളെ കുറിക്കുന്നതിന് ലിംഗവചനവ്യത്യാസങ്ങള് ഉണ്ട് (നന്നൂല്‍-പൊതുവിയല് 379. സൂ). ഉദാഹരണം -‘തന്പുതല്വനൈ എന്നമ്മൈ വന്താള്‍’എന്നു സന്തോഷിച്ചു പറയുന്നതില്‍ പുല്ലിംഗം സ്ത്രീലിംഗമായിപ്പോയി.2 എന്നാല്‍ ഈ സൂത്രത്തില്‍ പറയപ്പെട്ട ലിംഗവ്യത്യാസം എന്നത് അലങ്കാരമൂലമായി ഏര്പ്പെട്ടതത്രേ. വചനവ്യത്യാസം മാത്രം ഈ ഭാഷയ്ക്ക് ചേര്‍ന്നതായിരിക്കുന്നു. ഉദാഹരണം – ഒരുവനെ പുകഴ്ത്തി പറയുന്നതില്‍ ‘അവരു വന്താര്’ എന്ന ഏകവചനത്തെ ബഹുവചനമാക്കി പ്രയോഗിക്കുന്നു. ‘ഏനൈതുണൈയാരായിനും എന്നാന് നിനൈത്തുണൈയുന്തേരാന് പിറനില്‍ പുകല്’ എന്ന സ്ഥലത്തു കോപത്താല്‍ ബഹുവചനം ഏകവചനം ആയിപ്പോയി. സംസ്കൃതത്തില്‍ ഈവിധം വ്യത്യാസമില്ല. ബഹുമതിയെ കാട്ടുന്നതിന് ഈ കാലത്ത് സംസ്കൃതവിദ്വാന്മാര്‍ തമിഴ്ഭാഷ മുതലായ ഭാഷകളെ അനുസരിച്ചുവരുന്നെങ്കിലും മുന്‍കാലത്ത് അങ്ങനെയില്ല.
സംസ്കൃതത്തില്‍ ജാതിയെക്കാട്ടുന്നതിന് ബ്രാഹ്മണന് (ഉയര്ന്നവന്) ബ്രാഹ്മണര്‍ (ഉയര്‍ന്നവര്‍) എന്ന പ്രകാരം രണ്ടുവചനത്തേയും ഉപയോഗിച്ചുവരുന്നു. മേലും ഉത്തമപുരുഷവചനമായ അസ്മച്ഛബ്ദത്തെ (ഞാന്‍ എന്നതിനെ) ഏകവചനം, ദ്വിവചനം, ബഹുവചനം എന്ന മൂന്നര്ത്ഥങ്ങളിലും അഹം, ആവാം, വയം എന്നതിനുപകരമായി വയം എന്ന ബഹുവചനം സാധാരണമായി ഉപയോഗിക്കുന്നു. ഇത് അന്യനെയും താനായിട്ടു ഭാവിക്കുന്നതില്‍ ഏര്‍പ്പെട്ടതാണ്. ഇനി ആപഃ (വെള്ളങ്ങള്), ദാരാഃ (ഭാര്യമാര്‍), പ്രാണാഃ (പ്രാണവായുക്കള്‍), വര്ഷാഃ (വര്‍ഷങ്ങള്‍, ഋതു) മുതലായ ഈ ശബ്ദങ്ങള്‍ വ്യാകരണമൂലമായിട്ടല്ലാതെയും, കോസലാഃ, കുരവകാഃ, അംഗാഃ മുതലായ ദേശശബ്ദങ്ങള് വ്യാകരണമൂലമായിട്ടും ഏകവചനത്തെ കാണിക്കുന്നതിന് എല്ലായ്പ്പോഴും ബഹുവചനമായിട്ടുമാത്രം വഴങ്ങിവരുന്നു. തമിഴില്‍ ‘അര്’ എന്ന ബഹുവചനപ്രത്യയത്തോട് ‘കള്‍’ എന്ന ബഹുവചനപ്രത്യയം വച്ചും ബഹുവചനത്തെ കാണിപ്പാന്‍ ഏര്‍പ്പെടുത്തിവരുന്നു. സംസ്കൃതത്തില്‍ ഒരു വചനപ്രത്യയത്തിന്റെ മേല്‍ മറ്റൊരു വചനപ്രത്യയത്തെ വയ്ക്കുന്നില്ല.
സംസ്കൃതത്തില്‍ സ്ത്രീലിംഗപുല്ലിംഗങ്ങളില് ഏകവചനത്തെ കാട്ടുന്നതിന് തമിഴിലെപ്പോലെ ഭേദങ്ങളുണ്ടെങ്കിലും ബഹുവചനത്തെ കാണിക്കുന്നതിന് അഃ (ജസ്) എന്ന പ്രത്യയം മാത്രം (പുല്ലിംഗസര്‍വ്വനാമം ഒഴിച്ച്) ഉപയോഗപ്പെടുന്നു. പുല്ലിംഗം രാമാഃ (രാമ+അഃ=രാമാഃ), ഹരയഃ (ഹരയ്+അഃ=ഹരയഃ). സ്ത്രീലിംഗം സ്ത്രിയഃ (സ്ത്രിയ്+അഃ=സ്ത്രിയഃ), ഗൗര്യഃ (ഗൗര്യ്+അഃ=ഗൗര്യഃ). മറ്റുള്ളവയെ ക്രമേണ കണ്ടുകൊള്ളുക.
തമിഴില്‍ പുല്ലിംഗബഹുവചനത്തെ കാണിക്കുന്നതിന് അര്, ആര്, കള്‍, മര് മുതലായ പല പ്രത്യയങ്ങളും, സ്ത്രീലിംഗബഹുവചനത്തെ കാണിക്കുന്നതിന് അര്, ആര്, കള്‍, മാര്‍ മുതലായ പല പ്രത്യയങ്ങളുമുണ്ട്. ക്രമത്തില്‍ ഉദാഹരണം കുഴൈയര്‍, കുഴൈയാര്‍, ആണ്‍കള്‍, വടമര്‍ മുതലായവയും കോതൈയര്, കോതൈയാര്‍, പെണ്‍കള്‍, തേവിമാര്‍ മുതലായവയുമാകുന്നു. ഇനി സംസ്കൃതത്തില്‍ നപുംസകലിംഗത്തിലും (അലിപ്പാലിലും) (അ റിണൈ) ഇ എന്നതുമാത്രം ബഹുവചനപ്രത്യയമായിരിക്കുന്നു. ഉദാഹരണം-(ജ്ഞാനാനി) ജ്ഞാനാന്+ഇ=ജ്ഞാനാനി, (വാരീണി) വാരീണ്+ഇ=വാരീണി (മൃദൂനി) മൃദൂന്+ഇ=മൃദൂനി ഇത്യാദി. തമിഴില്‍ ‘അ റിണൈയില്’ ബഹുവചനത്തെ കാണിക്കുന്നതിന് വൈ, കള്‍, അവ് മുതലായ പല പ്രത്യയങ്ങളുണ്ട്. ഉദാഹരണം-അവൈ, മരങ്കള്‍, യാവന, അവ് മുതലായവ.
അടിക്കുറിപ്പുകള്‍
1. സംസ്കൃതക്കാര്‍ എന്നര്‍ത്ഥം
2. കോപം, നിന്ദ തുടങ്ങിയവയെ കുറിക്കുന്ന സന്ദര്‍ഭങ്ങളില്‍ ലിംഗവചനാദികള്‍ മാറിയാലും കുഴപ്പമില്ലെന്നു നന്നൂല്‍ 379-ാം സൂത്രത്തില്‍ പറഞ്ഞിട്ടുണ്ട്.
ChattampiSwami.com Paramabhattaraka Vidyadhiraja Sree Chattampi Swamikal